നഗരാസുരന്മാർ

ഇന്നു ഡ്യൂട്ടി നിശ്ചയിച്ചതു മുരുകനാണ്‌. സ്ഥലം കെ.എസ്‌.ആർ.ടി.സി ബസ്‌സ്‌റ്റേഷൻ. സയമം 8.30 പി.എം. രാവേറാൻ കാത്തിരുന്ന ഞങ്ങൾ അറിയാതെ ഉറങ്ങിപ്പോയി. നക്ഷത്രങ്ങളെ പോലെ പകൽ മയക്കം ശീലിച്ചതിന്റെ പിഴ. ഉച്ചയ്‌ക്കൊരുപാടുണ്ടതിന്റെയും. അതിന്റെ പേരിൽ പരസ്‌പരം കലഹിച്ചു സമയം കളഞ്ഞില്ല. വിശപ്പടക്കാനുളള വക ഇപ്പോഴും അന്യനൊരുത്തന്റെ പോക്കറ്റിൽ തന്നെയാണെന്ന ചിന്ത അലട്ടി.

ഇലക്‌ടിക്‌ വിളക്കുകളുടെ വർണ്ണപകിട്ടിൽ ബസ്‌സ്‌റ്റാന്റു റൊമ്പനല്ല അഴുകായിരുക്ക്‌.. ആളനക്കളൊഴിഞ്ഞിട്ടില്ല. ലോക്കൽ സർവ്വീസുകൾ പാതിയും ഓട്ടം നിറുത്തി. ഫാസ്‌റ്റും, സൂപ്പറും വന്നു തങ്ങി പോകുന്നുണ്ട്‌.

ഡിപ്പോയുടെ ചുറ്റുമതിലിനപ്പുറം പൂട്ടിക്കെട്ടിയ പെട്ടിക്കടകളാണധികം. മുനിസിപ്പാലിറ്റി, വഴിവാണിഭങ്ങൾ നിരോധിച്ചപ്പോൾ പാവപ്പെട്ട പെട്ടിക്കടക്കാരും പെട്ടു. മുക്കാലും ജീർണ്ണിച്ച കടകൾക്കുപുറകിൽ ഇത്തിരി പുറമ്പോക്കുണ്ട്‌. രാത്രിയിലെ കയ്യേറ്റക്കാർക്ക്‌ കലാപ്രകടനങ്ങളരങ്ങേറ്റാൻ പറ്റിയ ഒരിടം. അവിടെ അണിയറയൊരുക്കത്തിന്റെ തീണ്ടലും തൊടീലും. ശ്രുതിചേരാത്ത സീൽക്കാരങ്ങൾ. ഒളിച്ചൊതുക്കി വയ്‌ക്കാനാവാത്ത ഇക്കിളിപേച്ചുകൾ. മടിക്കുത്തഴിയുന്ന കാർണിവൽ കാഴ്‌ചകളിലേക്ക്‌ ഞാനും മുരുകനും കണ്ണുകൾ കൂർപ്പിച്ചു. ലൈവിന്‌ വേണ്ടത്ര തെളിമ പോരാഞ്ഞ്‌ ഒളിഞ്ഞുനോക്കാൻ ചെന്നത്‌ അബദ്ധമായി.

“പ്‌ഫ പുലയാടി മക്കളെ…

പുക്കൂറ്റികത്രീന നീട്ടിതുപ്പി. അവളുടെ മുടിഞ്ഞ തെറിക്ക്‌ അവിഞ്ഞ നാറ്റം. സ്‌റ്റാന്റിലെ സിമന്റുബഞ്ചിൽ കയറി ചടഞ്ഞിരുന്നു. ഓരോന്നാലോചിച്ചും മനോരാജ്യങ്ങളിൽ മുഴുകിയും മുരുകനെ ഉത്തേജിപ്പിക്കാനൊരുപായം കിട്ടി.

”കത്രീനാ കൈഫിന്റെ മറ്റേപടം പുഷ്‌പയിൽ കളിക്കുന്നുണ്ടെടാ. ഹൺഡ്രഡ്‌ റുപ്പീസ്‌ കെടച്ചാൽ സെക്കന്റ്‌ ഷോയും കാണാം പെഗ്‌സുമടിക്കാം.“

”അത്രേം തൊകയ്‌ക്ക്‌ പൂക്കുറ്റികത്രീനയെ മുഴുവനോടെ മുണുങ്ങാൻ കിട്ടിയാലോ ഭയ്യാ.“

”അരക്കുപ്പി ആനമയക്കീം ചേർന്നാൽ അടിപൊളിയായി മുരുഹാ.“

ആഗ്രഹങ്ങൾ പലപ്പോഴും എത്തിപ്പിടിക്കാൻ കഴിയാത്ത ഉപഗ്രഹങ്ങളാണ്‌. അത്യാർത്തിക്കാരനായ മുരുകന്‌ എന്തിനെയും നേരിടാനുളള ചങ്കുറപ്പുണ്ടായത്‌ ഭാഗ്യം.

കനപ്പെട്ട കുപ്പായകീശയോ, ഒരു ഫോറിൻ പേഴ്‌സോ ഇനിയും വിരലറ്റങ്ങളിൽ കൊണ്ടുകീറിയില്ല. വഴിപാടിടാൻ കാലണ തടയാത്ത നശിച്ച ദിവസം. ഇന്നിനി അഴുക്കിലിറങ്ങി തടിവെടക്കാക്കണ്ടായെന്ന്‌ മുരുകനെ ഉപദേശിച്ചു. അവൻ മിടുക്കൻ. അവസരങ്ങൾ മുതലെടുക്കാൻ തീരുമാനിച്ച്‌ മെനക്കെട്ടിരുന്നു.

വിളക്കൂതിക്കെടുത്താൻ വേണ്ടി മാത്രം ഒരുശിരൻ കാറ്റുവീശിയത്‌ കലക്കി. അപ്രഖ്യാപിത പവ്വർകട്ടിന്റെ വിരൽത്തുമ്പിലേറി രാത്രിയിലെമ്പാടും ഇരുട്ടിറങ്ങി. ആകാശക്കോണിൽ ഒറ്റയ്‌ക്കുനിന്ന ശോഷിച്ച നിലാവും പർദ്ദയിട്ടു. തമസ്സിന്റെ അപാരതയിലേക്ക്‌ മുരുകനും മുങ്ങി.

മുരുകന്റെമേൽ എനിക്കൊരാധിപത്യമുണ്ട്‌. വരത്തനെന്നാക്ഷേപിച്ച്‌ പണ്ടേ അവന്‌ ഞാനൊരൊന്നാന്തരം മൂക്കുകയറിട്ടത്‌ വെറുതെയല്ല.

പൊട്ടകുപ്പികളും തുരുമ്പുപാട്ടപ്പണ്ടാരങ്ങളും പെറുക്കിപ്പിഴച്ച ഒരു ഭൂതകാലമുണ്ടായിരുന്നു. അന്ന്‌ ഭദ്രാവതിക്കാരെ വസൂലാക്കിയ വഴിയിൽ വലിഞ്ഞുകയറിവന്നവനാണ്‌ മുരുകൻ. തന്തയും തളളയുമില്ലാത്ത തനി തെണ്ടി.

ചേറിൽ മുളച്ചു പുളച്ചവനെങ്കിലും എനിക്ക്‌ പേരിന്‌ ഒരപ്പനുണ്ടായിരുന്നു. കൂലിത്തല്ലും കൂട്ടിക്കൊടുപ്പുമായി നടന്ന ഒരാൾ. ആ അപ്പൻ ഒടുങ്ങാനായിട്ട്‌ ആരാന്റെ പിച്ചാത്തിക്കു പണിയുണ്ടാക്കി. ചാകുമ്പോഴും അപ്പൻ അമ്മയെക്കുറിച്ച്‌ ഒന്നും സംസാരിച്ചില്ല. അമ്മയെന്ന സ്‌നേഹമെന്താണെന്ന്‌ പറഞ്ഞുതന്നില്ല.

ഇപ്പോഴെന്തോ പ്രാചീനമായ ചില രാക്കനവുകൾ നിഷ്‌​‍്‌ക്കരുണം വേട്ടയാടി വിഷണ്ണനാക്കുന്നു. കരിയറിന്റെ ചരിത്രത്തിൽ ഞാനെന്ന പോക്കറ്റിക്കാരന്റെ വലിയ തോൽവി ആസന്നമായെന്ന തോന്നൽ നിരന്തരം പൊറുതിമുട്ടിക്കുന്നു.

സി.എഫ്‌. ലാംബുകൾ പിന്നെയും പ്രകാശിച്ചു. പരിസരം പ്രഭാവലയത്തിലായി. ആനവണ്ടികൾക്കിടയിൽ മുരുകൻ അവതരിച്ചു. കറുത്തുമെലിഞ്ഞ അവന്റെ വിരൽസ്പർശത്താൽ മോക്ഷം നേടിയ മണിപ്പേഴ്‌സുകൾ ഓരോന്നും മുരുകൻ പുറത്തെടുത്തു.

”എടാ മുരുകാ… നീയാർ? മഹാവീരനാ? മധുരൈ വീണ്ടെടുത്ത സുന്ദരപാണ്ഡ്യനാ?“

രണ്ടു സിനിമാപ്പേരു വിളിച്ചപ്പോഴേയ്‌ക്കും അവൻ കുറെ പൊങ്ങി.

”സെന്റിമെൻസ്‌ കള ഭയ്യാ. ഒന്നുഷാറാവ്‌.“

”ചെറുങ്ങനെ പൂശാൻ കാശൊണ്ടോടാ?“

”ഒണ്ട്‌ ഭയ്യാ, പത്തു പൂക്കുറ്റികളെ മൊത്തം തിന്നാം. എന്താ, ഓ…. ക്കെയല്ലേ…?“

ശരിക്കും വിഷമിപ്പിച്ചു കളഞ്ഞു മുരുകൻ. അവൻ നീട്ടിയ നീട്ട്‌! അതേ അച്ചിൽ അഞ്ചരക്കട്ടയ്‌ക്ക്‌ ഞാനും ഒരലക്കലക്കി.

”ഓക്കേ… ടാ, ഓ…..ക്കേ…“

സ്വതേ ഉച്ചഭാഷിണി വേണ്ടാത്ത എന്റെയൊച്ച, പരിധിവിട്ടു. ശബ്‌ദനിയന്ത്രണത്തിന്റെ നിയമങ്ങൾ കൂടുതൽ തെറ്റിച്ചത്‌ മുരുകനാണ്‌. അവന്റെ അട്ടഹാസത്തിലെ ശിവാജി ഗണേശൻ പ്രയോഗം അസ്സലായി. ആയിരം വാട്ടിന്റെ അസൂയാർഹമായ ആ ഇടിവെട്ടു ചിരിയുടെ ധൂർത്തിൽ എന്റെ നിറം മങ്ങി. എന്നാലും പെരുങ്കളളാ… നീ എന്നെ ചെറുതാക്കി. വെറും നിസ്സാരനാക്കി.

”ഭയ്യ എന്തെങ്കിലും പറഞ്ഞോ?“

”ഇല്ല!“

”എങ്കിൽ വൈകണ്ട. വാങ്കയ്യ, വാഹ്‌.“ സന്തോഷപൂർവ്വം അന്നത്തെ ആഘോഷത്തിലേക്ക്‌ മുരുകൻ നയിച്ചു.

കടത്തിണ്ണയിലിരുന്ന്‌ കസ്‌റ്റമേഴ്‌സിനെ കണ്ണേറിടുന്ന കത്രീന, കൊച്ചിന്‌ മുലയൂട്ടുന്നുണ്ടായിരുന്നു. അവളുടെ അളവറ്റ മാറിടസമൃദ്ധിയുടെ സുരക്ഷയിൽ കടിച്ചുതൂങ്ങിയ കുട്ടിയെ മുരുകൻ ബലമായി അടർത്തിയെടുത്തു. കിളുന്നുചുണ്ടിന്റെ സ്വർണ്ണമാളത്തിലേക്ക്‌ നിർദ്ദയം പഴയ പാവാടവളളിത്തുമ്പ്‌ തിരുകിവയ്‌ക്കുമ്പോൾ വൃഥാ മനസ്സുനൊന്തു. അനന്തരം കത്രീന അനുഷ്‌ഠാനം പോലെ ഒരുമ്പെട്ടു നിന്നു.

”തൊടങ്ങിക്കോ ഭയ്യാ. എനിക്കു പതുക്കെ മതി.“

എന്തും മെല്ലെ ആസ്വദിക്കാനുളള അവന്റെവസാന ജന്മസിദ്ധമാണ്‌. ചാർസോബീസിന്റെ ഭ്രാന്തൻ ലഹരി ചവച്ചിറക്കി രജനിസ്‌റ്റൈലിൽ അവൻ അപ്പോൾ ഡബ്ബാക്കൂത്തനുകരിച്ചത്‌ എനിക്കിഷ്‌ടപ്പെട്ടില്ല. ഈ കോഞ്ഞാട്ടക്കളിയോട്‌ എനിക്ക്‌ കലിപ്പാണ്‌.

പിക്‌പിക്‌ബാറിന്റെ നെടുങ്കൻ നിഴൽപെയ്‌ത പീടികക്കോലായിൽ ഭാവരഹിതയായി കത്രീന മലർന്നു. അനാവൃതമായ അവളുടെ കൊഴുത്തുരുണ്ട മുലകൾക്ക്‌ അറേബ്യൻ പഗോഡകളുടെ ഔന്നത്യം. നെഞ്ഞകത്തെങ്ങോ കടിഞ്ഞാണറുത്ത പന്തയക്കുതിരയുടെ ചിനപ്പും, കിതപ്പും. പശിയടങ്ങാത്ത അപരിഷ്‌കൃതന്റെ ആക്രാന്തം ചുരമാന്തി… ചുരമാന്തി… ഒറ്റക്കുതി.

”ഹെന്റമ്മച്ചീ, കൊല്ലല്ലേടാ…. കുരുത്തംകെട്ടവനേ.“

ഉറഞ്ഞുലഞ്ഞും കുതറിക്കുടഞ്ഞും അവൾ അമറിക്കേൾപ്പിച്ചതൊക്കെ സെക്‌സ്‌വർക്കേഴ്‌സിന്റെ പതിവു പടയണിപ്പാട്ടിന്റെ തനിയാവർത്തനങ്ങളായിരുന്നില്ല. മദംമൂത്തു ചെകിടനായിപ്പോയ ഞാൻ ജീവന്റെ നിലവിളി അറിഞ്ഞില്ല. ഉപരോധത്തിന്റെ പരാജയപ്പെട്ട പരിശ്രമങ്ങളാണെന്ന്‌ എനിക്കുരുത്തിരിഞ്ഞുമില്ല. അവളുടെ ശ്വാസംമുട്ടുളള പിടച്ചിലുകൾ അവഗണിച്ചു. അവസാനം ആയാസകരമായ ഒരു നീണ്ട ഹർഡിൽ കടന്നുകിട്ടിയ അനുഭൂതിയുടെ മെച്ചം ബാക്കിയായി.

ഊറ്റിയെടുത്തതൊന്നും മധുരമുന്തിരിച്ചാറല്ല. മറ്റെന്തൊക്കെയോ ആണ്‌. അല്ലെങ്കിൽ കത്രീന കുഴഞ്ഞൊടിഞ്ഞിങ്ങനെ…

ഭയം കാൽമടമ്പിലൂടെ മുടന്തി മേൽപോട്ടിഴഞ്ഞു. താഴെ തളംകെട്ടിയ ചെന്നിണച്ചാന്തിൽ തെന്നിത്തെറിച്ച എന്നെ കടവുൾപോലെ വന്ന മുരുകൻ കാത്തു.

”ഹെട മുരുകാ, കത്രീന കെടക്കണ കെടപ്പുകണ്ടാ.“

”ശ്‌ശ്‌ മിണ്ടിപ്പോകരുത്‌.“

താക്കീതിന്റെ ചുവയുളള പരുക്കൻ ശബ്‌ദം മുൻപൊന്നും കേട്ടതല്ല. പക്ഷെ, അത്‌ മുരുകൻ തന്നെയായിരുന്നു. മണ്ണുപുരണ്ട തുണിസഞ്ചി പൊക്കിപ്പിടിച്ച്‌ അവൻ പല്ലിളിച്ചു.

”കത്രീനയുടെ ചില്ല്വാനക്കിഴി.“

”വേണ്ടാ, എടാ പന്നപ്പാണ്ടീ, വൃത്തികെട്ട കളിവേണ്ട.“

ബഹളം വയ്‌ക്കുന്ന എന്റെ അണ്ണാക്കിനകത്തേയ്‌ക്ക്‌ മുരുകൻ കയറ്റിത്തളളിയ പഴന്തുണിക്കഷണത്തിന്‌ കത്രീനയുടെ അടിവസ്‌ത്രത്തിന്റെ മുഷിഞ്ഞ ചൂരുണ്ടായിരുന്നു.

ധൃതിയിൽ ഇരുൾക്കയത്തിലേക്കു കൂപ്പുകുത്താൻ എനിക്കായിരുന്നു വെപ്രാളം. പെട്ടെന്നുയർന്ന നായ്‌ക്കുരകൾക്കിടയിൽ ഒരു കുഞ്ഞിക്കരച്ചിലുടക്കി. വിങ്ങിപ്പൊട്ടിപ്പടരുന്ന ആ സങ്കടം ഉളളിൽ കൊളുത്തിവലിക്കുകയാണ്‌.

Generated from archived content: story1_sept17_08.html Author: km_joshi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here