കാലവർഷപ്പെരുമഴ കോരിക്കെട്ടിപ്പെയ്‌ത ഒരു രാത്രിയിലായിരുന്നു ഞങ്ങളുടെ അപ്പനെ കാണാതായത്.
“അലയാഴിയുടെ അപാരതയിലേക്കാവും അപ്പൻ നടന്നു പോയിട്ടുണ്ടാവുക. കടലും കായലുമൊക്കെ അപ്പന്റെ കളിത്തട്ടുകളായിരുന്നല്ലോ?”
“എന്തൊക്കെയാണ് ജോ പറയുന്നത്. എനിക്കൊരു സമാധാനവുമില്ല.” കരഞ്ഞുകൊണ്ടായിരുന്നു മാർഗറീത്ത അത്രയും പറഞ്ഞത്. പിന്നെ കണ്ണീരൊപ്പി അവൾ പോയി. ഞാൻ ഒറ്റയ്‌ക്കായി. പക്ഷേ അയൽക്കാർ പലരും വന്നു. കാസ്‌പറുകപ്പിത്താൻ മടങ്ങിയെത്തുമെന്നും പണ്ടു അയാൾ ഇങ്ങനെയായിരുന്നുവെന്നും അവർ ആശ്വസിപ്പിച്ചു.
അപ്പന്റെ ചെറുപ്പം ഇന്നും നിരൂപിക്കാൻ ബുദ്ധിമുട്ടാണ്. സോഫിയാമ്മ കൂടെക്കൂടെ പറഞ്ഞു മനസ്സിൽ പതിപ്പിച്ച ഒരു രൂപമുണ്ട്. അത് പക്ഷേ ഞങ്ങളുടെ സങ്കൽപസീമകൾക്കുമപ്പുറത്തായിരുന്നു.
ഞാനും മാർഗറീത്തയും അപ്പനെ നേരാംവണ്ണം കാണുമ്പോൾ അപ്പൻ മെലിഞ്ഞുവളഞ്ഞ ഒരാളായിരുന്നു. ഈ മനുഷ്യനാണോ കാസ്‌പറുകപ്പിത്താനെന്ന് ഞങ്ങളതിശയിച്ചു. മങ്ങിയ സ്‌മരണയിൽ അപ്പനെ തിരിച്ചറിഞ്ഞപ്പോഴാവട്ടെ ഇടുങ്ങിയ കണ്ണുകൾ ആഴത്തിൽ നിന്നും ഉറ്റുനോക്കുന്നുണ്ടായിരുന്നു.
പഴമക്കാരൻ റോസാരിയോ സായ്‌വാണ് അപ്പനെ കൂട്ടിക്കൊണ്ടുവന്നതും വർത്തമാനങ്ങൾ ചോദിച്ചിരുത്തിയതും.
“എന്തെടാ കാസ്‌പറേ, എന്തുപറ്റി നെനക്ക്”?
“വിധി ചുറ്റിച്ചുകളഞ്ഞു സായ്‌വേ.”
അപ്പൻ അത്രമാത്രം പറഞ്ഞു നിർത്തി. പിന്നെ കട്ടിലിൽ ചെന്നു കിടന്നു. സോഫിയാമ്മയെ ഓർത്തു സങ്കടപ്പെട്ടു. മാർഗറീത്തയും ഒപ്പം കരഞ്ഞു. ഈ വയ്യാത്തക്കാലത്ത് എന്തിനാണ് കാസ്‌പറുക്കകപ്പിത്താൻ ഞങ്ങളെ തേടിവന്നത്. ഞാൻ ഖിന്നനായി.
അഴിമുഖത്തിലൂടെ ഒഴുകിയകന്നു പോകുന്ന വാണിഭക്കപ്പലുകളുടെ കുപ്പിണികൾ സോഫിയാമ്മയെ ഒരുപാടു ദുഃഖിപ്പിച്ചിട്ടുണ്ട്. അപ്പനന്ന് പായ്‌ക്കപ്പലുകളുടെ കാമുകനായിരുന്നല്ലോ.
കടലിനഭിമുഖമായിരുന്നു ഞങ്ങളുടെ വസതി. ജനലുകൾ തുറന്നിട്ടാൽ നനുത്ത പടിഞ്ഞാറൻ കാറ്റുവിലസും. സന്ധ്യ തുടുത്താൽ തിരപ്പാട്ടിന്റെ രാഗതാള സമൃദ്ധിയും. മാർഗറീത്തയ്‌ക്ക് അതിഷ്‌ടമാണ്. രാത്രിയിൽ പുറങ്കടലിൽ നങ്കൂരമിട്ടു കിടക്കുന്ന യാനപാത്രങ്ങളിലെ പ്രകാശപ്പൊലിമ നോക്കി അവൾ ഇറയത്തിരിക്കും. ചീനവലകളുടെ ചലനതാളങ്ങളും തിരത്തലപ്പുകളുടെ കുട്ടിക്കസർത്തുകളും കഴിഞ്ഞ കാലങ്ങളുടെ ചിറ്റോളമുണർത്തും.
“ഓർക്കുന്നോ ജോ നമ്മുടെ ബാല്യം.”
“ഉവ്വ് മാർഗറീത്ത.”
“എത്ര നല്ല നാളുകളായിരുന്നു അത്.”
അവളുടെ അപ്പോഴത്തെ വ്യാകുലത എന്നെ വിഷണ്ണനാക്കി.
പുത്തൻ പുരയ്‌ക്കലെ ജെയ്‌മിയുടെ അനുജത്തി മേബിളും മാർഗറീത്തയും ഒരേ പ്രായക്കാരാണ്. മേബിളിന് കുട്ടികൾ രണ്ടായിയെന്ന് മാർഗറീത്ത ഒരിക്കൽ പറഞ്ഞത് എന്റെ നെഞ്ചിൽ കൊണ്ടു. എന്നിട്ടും അലസനായി നിശാക്ലബ്ബുകളിൽ പാടിനടക്കുന്ന എന്നെ അയൽക്കാർ കുറ്റപ്പെടുത്തിയതിന് മാർഗറീത്ത അവരുമായി വഴക്കടിച്ചു.
“എന്തിനാ മോളേ നീ………..”
“അവർക്കങ്ങനെയൊക്കെ പറയാം. ഒരു ദിവസം ജോ പാടിയില്ലെങ്കിൽ പട്ടിണിയാകുന്നതവരല്ലല്ലോ.”
“എങ്കിലും ആരോടും പിണങ്ങരുത്. നമ്മൾ ആരുമില്ലാത്തവരാണ്.”
അവൾ വിഷാദിച്ചു. ആവർത്തിക്കയില്ലെന്ന് ആണയിട്ടു. പിന്നെ ചിരിവരുത്തി അടുത്തനാൾ പാടുവാനുള്ള പാട്ടുകൾ ഏതൊക്കെയാവണമെന്ന് പറഞ്ഞു തന്നു.
തിമിരം പോലെ പടർന്നു നിറയുന്ന ചുവപ്പു ലഹരിയിൽ മുങ്ങിത്താഴുന്ന മദ്യപൻമാർ. അവർക്ക് എന്റെ ഈരടികളിലെ നൊമ്പരം മനസിലാവില്ല. ഗിത്താറിന്റെ തന്ത്രികളിൽ അറിയാതെ വീണുപോകുന്ന അപസ്വരങ്ങളും വ്യക്തമാവില്ല.
ശ്ലഥബിംബങ്ങളായി മിന്നിമറയുന്ന ഭൂതകാലരംഗങ്ങളിൽ സോഫിയാമ്മ പിന്നെയും വേദനയായി. വെള്ളിനിലാവിൽ നീലാകാശത്തിലെ മിന്നാമിനുങ്ങുകളുടെ കൗതുകം കണ്ടു കിടന്നരാവുകൾ. സോഫിയാമ്മ പാട്ടുകൾ പാടും. നക്ഷത്രക്കുഞ്ഞുങ്ങളുടെയും നിലാവമ്മയുടെയും പാട്ട്.
പനിക്കിടക്കയിലും അബോധത്തിന്റെ ആഴങ്ങളിലും കാസ്‌പറുകപ്പിത്താനെ കിനാവുകണ്ട സോഫിയാമ്മ ആകാശത്തിലേക്കു തുറന്ന ജാലകത്തിലൂടെ അനന്തനീലിമയിലേക്കു കണ്ണുകളയച്ച് ആരുടെയോ ആഗമനം പ്രതീക്ഷിച്ചു. വീശിയടിച്ച കാറ്റിൽ അകന്നുപോകുന്ന ഉരുക്കളിലെ തെയ്‌ത്തെന്നാരം കേട്ടു. ഞാനന്വേഷിക്കുന്നുണ്ട്. അറിയാത്തീരങ്ങൾ തേടിയലയുന്ന നിങ്ങടപ്പനെ അന്വേഷിച്ചു കണ്ടുപിടിക്കുന്നുണ്ട്. എന്നുരുവിട്ടുകൊണ്ടാണ് സോഫിയാമ്മ മിഴികളടച്ചത്.
പള്ളിമണിയുടെ തേക്കങ്ങളൊഴുകിപ്പടർന്ന ഒരു സായന്തനത്തിലായിരുന്നു അപ്പൻ അഴിമുഖത്തുദിച്ചതും സ്വൈരക്കേടിന്റെ ദിനങ്ങളാരംഭിച്ചതും.
രാ മയക്കത്തിൽ കാസ്‌പറുകപ്പിത്താൻ ചാരനിറം പൂണ്ട പടക്കപ്പലുകളുടെ പടയണിത്തോറ്റങ്ങൾ കേട്ടു പേടിച്ചു. പാതിനിദ്രയിൽ കിടക്കയിൽ കുത്തിയിരുന്ന് ചെവിയോർക്കുന്ന കപ്പിത്താനോട് മാർഗറീത്ത ചോദിക്കും. എന്താണപ്പാ ഉറങ്ങാത്തതെന്ന്.
“ചുഴലിക്കാറ്റിന്റെ ചെത്തമല്ലേ മോളെ കേൾക്കണത്.”
“അല്ലപ്പാ, വാഴക്കയ്യുകൾ കാറ്റിലിളകുന്നതാണ്.”
“ഉവ്വോ! ഞാൻ വിചാരിച്ചു………….”
അപ്പൻ വീണ്ടും കരിമ്പടക്കെട്ടിനുള്ളിൽ ചുരുണ്ടുകൂടും. അന്ത്യയാമത്തിൽ പിന്നെയും ഞെട്ടിയുണർന്നു ബഹളമാണ്.
കൊടുങ്കാറ്റും പേമാരിയും സ്വപ്‌നം കണ്ട് അപ്പൻ പലപ്പോഴും തളർന്നു. കൂർക്കംവലിയുടെ നേർത്ത ചൂളം കേൾക്കുമ്പോളറിയാം അപ്പന്റെ അറബിക്കടൽ ശാന്തമായെന്ന്. എങ്കിലും ഇഴയുന്ന ഓരോ നിമിഷവും മാർഗറീത്ത ഭയന്നു. ഇനിയും ഏതെല്ലാം ഭ്രാന്തൻ വെളിപാടുകളുമായാണ് കാസ്‌പറുകപ്പിത്താൻ പൊടുന്നനെ പൊട്ടിത്തെറിക്കുന്നതെന്നാർക്കറിയാം.
നേരം വെളുത്താലും സ്വസ്‌ഥതകെടുത്തുന്ന പകലുകളാണ്. പുറങ്കടലിലേക്കു പുറപ്പെടാനൊരുങ്ങുന്ന വലക്കാർക്ക് അപ്പൻ അപശകുനമാണ്. അവർ പരിഹസിക്കും. അപ്പൻ അസഭ്യങ്ങൾ വലിച്ചെറിയും. ഇത്തവണ കപ്പിത്താനെ സഹിക്കാൻ വലക്കാർക്ക് മനസ്സുണ്ടായില്ല. അപ്പൻ കരണം പുകഞ്ഞ് പൂഴിത്തിരയിൽ വീണു.
“ജോ, ഒന്നോടിവരണേ.”
ഇറയത്തിരുന്ന മാർഗറീത്ത നിലവിളിച്ചു. ഞാനും മാർഗറീത്തയും അപ്പനെ താങ്ങിയെഴുന്നേൽപ്പിച്ചു. വരാന്തമേൽ പുൽപ്പായവിരിച്ച് അപ്പനെ കിടത്തി. പരവശനായിരുന്നു അപ്പൻ. മാർഗറീത്ത കടുപ്പത്തിൽ ചായ അനത്തിക്കൊണ്ടുവന്നു. അപ്പൻ അതപ്പാടെ തട്ടിത്തൂവിക്കളഞ്ഞു.
“കാലണക്കു വാറ്റിയതുവല്ലതും വാങ്ങിത്താടാ.”
അപ്പന്റെ അലർച്ചയുടെ മുഴക്കത്തിൽ ഞങ്ങൾ മുങ്ങിത്താണുപോയി.
ഒരു നാൾ മാർഗറീത്തയ്‌ക്ക് ദൈവവിളിയുണ്ടായി. ഗോൽഗോഥയുടെ ഉന്നതങ്ങളിലിരുന്ന അവൻ അവളെ വശീകരിച്ചു. മഠത്തിൽ ചേരണമെന്ന് അവൾ ശാഠ്യം പിടിക്കുകയായിരുന്നു.
“മാർഗറീത്താ, കാര്യമായലോചിച്ചാണോ നീ…….”
“ഞാൻ തീരുമാനിച്ചു കഴിഞ്ഞു.”
“എന്നെ തനിച്ചാക്കാൻ അല്ലേ?”
“എതിർക്കരുതേ ജോ”.
“ക്ലിന്റിനോടു ഞാനെന്തു സമാധാനം പറയും.”
“ജോ വാക്കൊന്നുമുറപ്പിച്ചിട്ടില്ലല്ലോ.”
“അവൻ മോഹിച്ചുപോയതാണ്.”
“മോഹം ആത്മാർത്ഥതയില്ലാത്ത മോഹം.” അവൾ ഉള്ളിൽതട്ടി സംസാരിച്ചു.
“എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ, മോളെ.”
“ജോ പാവമാണ്. ജോയ്‌ക്ക് ഈ ലോകത്തെകുറിച്ച് ഒന്നുമറിയില്ല.”
അവൾ പൊട്ടിക്കരയാൻ തുടങ്ങിയിരുന്നു. സ്വാസ്‌ഥ്യം നഷ്‌ടപ്പെട്ട ഞാൻ സമുദ്രതീരത്തും പള്ളിപ്പറമ്പിലും ഉഴറിനടന്നു. ആരും കാണാതെ അധികാരിവളപ്പിലെ കുരിശുപുരയിൽ പോയി മുട്ടിപ്പായി പ്രാർത്ഥിച്ചു.
അന്ന് ക്ലബ്ബിലെത്താൻ വൈകി. ബ്യൂഗിളിന്റെ ചിന്നംവിളി കേൾക്കാം. ക്ലിന്റ് ഡ്രംസിൽ കൊടുങ്കാറ്റു വിതയ്‌ക്കുന്നു. ഉന്മാത്തമായ ആ രാത്രിയിൽ പ്രജ്ഞകെട്ട ഓരോരുത്തരുടെയും ഹൃദയത്തിലേക്ക് എന്റെ ആത്മധാരകൾ എറിഞ്ഞുകൊടുത്തു. പാട്ടിനറുതിയിൽ ചെവിഞ്ഞരമ്പുകൾ തകർക്കുന്ന അട്ടഹാസം.
ചെമന്നു കലങ്ങിയ കണ്ണുരുട്ടി കാസ്‌പറുകപ്പിത്താൻ കൊടിമരം പോലെ വളരുന്നു. ചിറിയിലൂടെ ചോർന്നൊലിച്ച മദ്യത്തുള്ളികൾ നൊട്ടിനുണഞ്ഞ് അപ്പൻ ശബ്‌ദം കഠിനമാക്കി. നിറഞ്ഞപ്രക്ഷുബ്‌ധതയിൽ കാവൽക്കാർ പാഞ്ഞുവന്ന് അപ്പനെ പിടിച്ചു പുറന്തള്ളുകയും ക്ലിന്റ് അർത്ഥവത്തായി എന്നെ നോക്കി ചിരിക്കുകയും ഞാൻ ലജ്ജിച്ചു ശിരസുകുനിച്ച് ആരോടോ വാശിതീർക്കാൻ മതിമറന്നു പാടിത്തുടങ്ങിയപ്പോൾ അപ്പന്റെ അട്ടഹാസത്തിന്റെ ധ്വനി എന്നെ അടക്കി.
അടുത്ത ദിവസം മാർഗറീത്തയെ കൂട്ടിക്കൊണ്ടുപോകുവാൻ തിരുസഭയുടെ അധികാരികളെത്തി. മാർഗറീത്ത അപ്പനെ അന്വേഷിച്ചു. അപ്പനപ്പോൾ സ്വപ്‌നത്തകർച്ചയിൽ നൊന്ത് ബോധമറ്റ് കിടക്കുകയായിരുന്നു.
“ജോ, ഞാൻ പൊയ്‌ക്കോട്ടെ.” അവളുടെ അധരങ്ങൾ ശലഭച്ചിറകുപോലെ വിറച്ചിരുന്നു.
എന്റെ മാർഗറീത്ത. അവളെ ഒരുപറ്റം വെള്ളരിപ്രാവുകൾ കൊത്തിക്കൊണ്ടുപോയി. കർത്താവിന്റെ മണവാട്ടിയാക്കാൻ. അങ്ങനെയെങ്കിലും എന്റെ കൂടപ്പിറപ്പിന് ആത്മസായൂജ്യം കൊടുത്തനുഗ്രഹിപ്പാൻ ഞാൻ ദൈവത്തോട് ഉള്ളുരുക്കി.
തീവ്രവേദനയുമായി ഇരുട്ടിലെ ഏകാന്തതയിൽ ശയിച്ചു. അപ്പനപ്പുറത്ത് ഹാലിളക്കം തുടങ്ങിയിരുന്നു. എന്തൊക്കെയോ ഉടഞ്ഞുനുറുങ്ങുന്ന കോലാഹലങ്ങൾ. സഹികെട്ട ഞാൻ വാതിൽ തുറന്നു ചെന്നു.
“അപ്പാ! ”
“പെഴച്ചവനെ ആരെടാ നിന്റപ്പൻ.”
മനസു കലങ്ങി കപ്പിത്താൻ പിന്നെയും പുലമ്പി.
“നീ തന്തയില്ലാത്തവനാ. നിന്റെ തന്ത ആരാണെന്ന് ചത്തുപോയ സോഫിക്കും നല്ല നിശ്ചയം കാണൂല്ല.”
നടുങ്ങിയില്ല. പക്ഷേ പക പത്തിപൊക്കി. വാക്കുകൾ ഇനിയുമെന്നെ കുത്തികീറും മുമ്പേ കപ്പിത്താന്റെ ചിരിയുടെ മുഴക്കങ്ങൾ അവസാനിപ്പിക്കണം. കാട്ടാളക്കരുത്തുമായി മുന്നോട്ടടുത്തു.
“കാസ്‌പറേ തന്റെ കപ്പലു ഞാനിന്നു മുക്കും.”
“ഇല്ല, ഞാൻ സമ്മതിക്കില്ല.”
കപ്പിത്താനുറഞ്ഞു. കൈയിൽ കഠാരയുടെ തിളക്കം. അത് ആഞ്ഞൊന്നു വീശാനാവാതെ അയാൾ വിഷമിച്ചു. എന്നാൽ എന്റെ നീണ്ടു കൂർത്ത വിരലുകൾ തൊണ്ടക്കുഴിയിലേക്ക് കൂപ്പുകുത്താൻ ചെല്ലുന്നത് പകപ്പോടെ അയാളറിയുന്നുണ്ടായിരുന്നു. പെട്ടെന്ന് എവിടെയോ ഒരു ഞരമ്പു പിടഞ്ഞുപൊട്ടി. ഞാൻ കാതോർത്തു. കാറ്റൂതുകയാണ്. മഴ തകർക്കുകയാണ്. പക്ഷെ, കപ്പിത്താന്റെ അലർച്ച, അതിന്റെ അനവരത എന്നെ സ്‌തബധനാക്കുകയായിരുന്നു.
Generated from archived content: story1_july6_09.html Author: km_joshi
Click this button or press Ctrl+G to toggle between Malayalam and English