അപ്പൻ തുറമുഖത്തുനിന്നും പിരിഞ്ഞുപോന്നപ്പോൾ യൂണിയൻകാർ സമ്മാനിച്ചതാണ് വെള്ളിനിറമുള്ള കുഞ്ഞു നങ്കൂരം. അപ്പൻ അത് നിധിപോലെ സൂക്ഷിച്ചു ജൂതത്തെരുവിൽ കരകൗശല വസ്‌തുക്കൾ വിൽക്കുന്ന റൊസാരിയോ സായ്‌വിന് കൊടുത്താൽ കുറച്ചു രൂപ കിട്ടിയേനെയെന്ന് അപ്പനോട് പറഞ്ഞത് അബന്ധമായി. പ്‌ഫ കുരുത്തം കെട്ടവനെ“ സർവ്വശേഷിയുമെടുത്ത് അപ്പൻ ഒരാട്ടാട്ടി. എന്നിട്ട് കട്ടിലിൽ കുത്തിയിരുന്ന് ചുമച്ചു. ശ്വാസംമുട്ടിന്റെ അസഹ്യതയിൽ ദുർബ്ബലമായ ഒരു മൂളലോടെ കിടക്കയിലേയ്‌ക്കു തന്നെ ചാഞ്ഞു. കിഴവനച്ചാലിൽ നങ്കൂരമിട്ട ഏതോ വാണിഭക്കപ്പലിന്റെ ചൂളംവിളി വർത്തകപ്രതാപത്തിന്റെ പൂർവ്വ സ്‌മൃതികളിലേക്കു അപ്പനെ വലിച്ചിഴച്ചിരിക്കണം.
അടുക്കളയിലെ പുകപടലങ്ങളിൽ നിന്നിറങ്ങിവന്ന അമ്മ ഓർമ്മിപ്പിച്ചു.
”സേട്ടൂനോട് ഇത്തിരി കാശ് ചോദിക്കണേ മോനേ.“
സേട്ടിനോട് കലിയിളകുന്നതും പാൻ മസാലയുടെ ചുവപ്പുകലർന്ന തൂപ്പൽ തെറിപ്പിച്ച് അയാൾ ഒച്ചവയ്‌ക്കുന്നതും വിരസമായ ഒരു അനിമേഷൻ ചി്രത്രത്തിന്റെ ആവർത്തനം പോലെ ഇന്നും കാണാനിടയായേക്കും. ഇല്ല ഇനി അങ്ങോട്ടില്ല. ഇല്ലാത്ത കണക്കുകളെഴുതിക്കൂട്ടി കിട്ടുന്ന നക്കാപ്പിച്ച വേണ്ട. മിക്കവാറും ഇങ്ങനെയൊക്കെ ഉള്ളിലുറപ്പിക്കുമെങ്കിലും പിന്നെയും സേട്ടിനെ ആശ്രയിക്കേണ്ടിവരുന്ന ഗതികേട്.
പാലസ് റോഡിന് ചൂടുപിടിച്ചുതുടങ്ങി. തട്ടുകടകൾ സജീവം തെരുവോരങ്ങളിൽ പച്ചക്കറികളും പൂക്കളും വിൽക്കുന്ന തമിഴത്തികളുടെ ബഹളം. സമ്മിശ്ര ഗന്ധങ്ങളിഴയുന്ന ബസ്സാറിന്റെ ഇടുങ്ങിയ ഗലികളിലൂടെ ഘ്രാണിച്ചും അല്ലാതെയും വേഗം നടന്നു.
ഓഫീസ് വരാന്തയിൽ മിനി കാത്തുനിന്നു മുഷിയുന്നു. നിഗൂഢതയുടെ നിലവറപ്പൂട്ടുകൾ തുറക്കാനുള്ള താക്കോൽക്കൂട്ടം അവൾക്കെറിഞ്ഞ് കൊടുത്തിട്ട് ഒരു സിഗററ്റെടുത്ത് തീ കൊളുത്തി ഊതി വിട്ട പുകവലയങ്ങൾമുഴുവൻ സുഗന്ധ വ്യജ്ഞനങ്ങളുടെ കമ്പോളം ചുറ്റിവരുന്ന തീരക്കാറ്റിൽ ഛിന്നഭിന്നമായി.
ഓഫീസുണർന്നു. മിനിയുടെ നീണ്ടുമെലിഞ്ഞ കരാംഗുലികൾ കീ ബോർഡിലെ വെളുത്ത ആംഗലാക്ഷരങ്ങളെ ചുംബിച്ചു തുടങ്ങിയിരുന്നു.
”മിനി, നിന്റെ വിരലുകൾ വേദനിക്കുന്നുണ്ടോ“?
”ഉണ്ടെങ്കിലോ“
”നീ മാറ്. ഞാനിരിക്കാം“
”വേണ്ട, സഹായിക്കണ്ട“
കമ്പ്യൂട്ടറിന്റെ തിളങ്ങുന്ന മേനിയിൽ സവിശേഷമായ സ്‌നേഹ ചിഹ്‌നങ്ങളോടെ അവൾ ചുറ്റിപ്പിടിച്ചു. കഴിഞ്ഞയാഴ്‌ചയാണ് സേട്ടു ഇത് വാങ്ങിയത്. പഴയ ടൈപ്പ്‌റൈറ്റിംഗ് മെഷീൻ ഇരുമ്പുവിലയ്‌ക്ക് ഭദ്രാവതിക്കാർക്ക് വിറ്റു.
നാൾവഴി പുസ്‌തകത്തിൽ കുടുങ്ങിയ ഇരട്ടവാലൻ പുഴുവായി നശിക്കാൻ തീരുമാനിച്ച ഞാൻ അനുഷ്‌ഠാനം പോലെ മനസ്സിനെ ഇൻകം ആന്റ് എക്‌സ്‌പെന്റിച്ചറുകളിൽ വിന്യസിപ്പിച്ചു. അക്കങ്ങളിൽ അകം കനത്തു.
”ചെവി കേട്ടൂടെ“ മിനി കയർത്തു
”ഉവ്വ്“
”പിന്നെന്തേ ഒന്നും മിണ്ടാത്തത്“
”അതിന് മിനി വല്ലതും പറഞ്ഞോ“
”സേട്ടുജി ഫോൺ ചെയ്‌തു. ഇന്നു വരില്ലെന്ന്“
”അപ്പോൾ അഡ്വൻസ് ആരോടു ചോദിക്കും?“
”മുഴുവൻ ശമ്പളം ഇയാളെന്നാണ് ഒരുമിച്ചു വാങ്ങുക?“
മിനിയുടെ ചോദ്യം അസ്സലായി. കാരണം അതെനിക്കു കൊണ്ടു.
പാവം മിനി. ഒരു ശരാശരി നസ്രാണി യുവാവിന്റെ പ്രാരാബ്‌ധങ്ങളിലേക്ക് അവൾക്കെങ്ങനെ കൂസ്സലില്ലാതെ കടന്നിരിക്കാൻ തോന്നി. ചെട്ടിച്ചി പെണ്ണേയെന്ന് പ്രേമപൂരസ്സരം വിളിക്കാനൊരുങ്ങുമ്പോഴേക്കും കലഹിച്ചു തുടങ്ങാറുള്ള മിനി ഇന്ന് തികച്ചു ഗൗരവത്തിലായിരുന്നു. രാവിലെ അമ്മയുമായി ഇടഞ്ഞിട്ടുണ്ടാവും. പുത്തൻ കമ്പ്യൂട്ടറിന്റെ സുരക്ഷയിൽ നിശബ്‌ദം ഒതുങ്ങിക്കൂടുകയായിരുന്നു മിനി.
പലചരക്കു കടയിലെ മാസപറ്റു തീർത്തിട്ടില്ല. വിൻസിക്ക് പരീക്ഷാഫിസൊടുക്കണം. പാതിവഴിക്ക് പഠിത്തം നിർത്തിയ മേബിളിനും ആവശ്യങ്ങളുണ്ട്. അവളുടെ തയ്യൽ മെഷീൻ കേടായത് നന്നാക്കണം. നസ്രേത്തിൽ കെട്ടിച്ചുവിട്ട ചേച്ചി ഞായറാഴ്‌ച വരും. ഒരു മിക്‌സി വാങ്ങാനുള്ള പണം ഒപ്പിച്ചുകൊടുക്കണം. പ്രശ്‌നോത്തരിയിൽ ഒരുപാടുണ്ട്. സ്വൈരതയിൽ കലമ്പിക്കയറുന്ന ഇത്തരം ചിന്തകളുടെ പീഢനം അസഹനീയമാണ്.
നിദ്രയുടെ രാവിനെ ഉലച്ചുകൊണ്ട് ആദ്യത്തെ കരച്ചിലുയർന്നത് കുഞ്ഞിത്താബിയുടെ കുടിയിൽ നിന്നാവുമെന്ന് അമ്മ ഊഹം പറഞ്ഞു. നനഞ്ഞ മാലപ്പടക്കത്തിന് തീ പടർന്നപോലെ പൊട്ടിയും ഞെട്ടിയും കോളനിയിൽ അലമുറകൾ കൊഴുത്തു.
”ആരെങ്കിലും ചാരായം കുടിച്ചു ചത്തിട്ടുണ്ടാവും“.
അമ്മ എത്ര ലാഘവത്തോടെ പറയുന്നു. നടുക്കുന്ന പഴയരോർമ്മയിൽ മനസ്സു നൊന്തു വിഭ്രാത്മകമായ വിഭാവനകളിൽ കുറെ തീക്ഷ്‌ണങ്ങൾ തെളിഞ്ഞു നിന്നു.
”ഒന്നുപോയി നോക്കിയാലോ അമ്മേ“.
”വേണ്ട ഈ രാത്രിയിൽ, അതും കോളനിയിൽ.“
”കോളനിയായാലെന്ത്. അവരും നമ്മുടെ അയർക്കാരല്ലേ?“
കയ്യിൽ കിട്ടിയ ഷർട്ടെടുത്തിട്ട് ഇരുളിലേക്കിറങ്ങി. പോളകെട്ടി മലീമസമായ കറുത്ത തോടിനുകുറുകെ ആടിയുലയുന്ന പലകപ്പാലം കോളനിക്കാരുടെ സ്വന്തം ഹാർബർബ്രിഡ്‌ജ് ഈസ്‌റ്റിന്ത്യാകമ്പനി സ്‌ഥാപിച്ചതാണിതെന്ന് വങ്കത്തം പറയാറുള്ള മാത്തപ്പൻ പിന്നെ അജി, സുജി, പ്രിയൻ, സന്തോഷ്……ആശങ്ക ഭരിക്കുന്ന നിരവധിമുഖങ്ങൾ അവിടെ അരണ്ട വെളിച്ചത്തിൽ ചിന്നിച്ചിതറി നിന്നു. നിഴൽ പരപ്പിൽ പാഞ്ഞു നടന്ന ഷാഹുൽ വന്ന് എന്റെ കാതിൽ പറഞ്ഞു. ”കോളറ“.
കോളനിയിലെ കുഷ്‌ഠം ബാധിച്ച കൊച്ചു കൊച്ചു മഹലുകളിൽ മാലിന്യങ്ങൾ താളംകെട്ടികിടന്നു. വാടിത്തളർന്ന ഒച്ചയനക്കങ്ങൾക്കുമീതെ ആംബുലൻസ് നിരന്തരം തേങ്ങി. ക്രിമികീടങ്ങളുടെ കാർണിവൽ പറമ്പിലേക്ക് ഒടുവിലെത്തിയവർ ആരോഗ്യവകുപ്പിന്റെ മരുന്നുതളിക്കാരാണ്.
മരണം ചേക്കേറുന്ന ചിറകടി. മഹാദുരന്തത്തിന്റെ സംജ്ഞകൾ – ഇല്ല, ഒന്നും സംഭവിച്ചില്ല. ശുഷ്‌കമായ കാറ്റിൽ വിയർത്തടങ്ങിയ ആ രാത്രിക്ക് ഉറക്കം മാത്രം നഷ്‌പ്പെട്ടു.
പലചരക്കു കടക്കാരൻ ദേവസിച്ചേട്ടൻ പറ്റുകാശിന് ആളെ അയച്ചിരുന്നു. നസ്രത്തിൽ നിന്നും ചേച്ചി പൊടിക്കുഞ്ഞുമായി വീട്ടിൽ വന്ന് നിൽപ്പാണ്. വിൻസിയുടെ ഫീസ് ഇനി ഫൈനില്ലാതെ എടുക്കില്ല. കേടായ തയ്യൽമെഷീൻ മേബിൾ ഒരു മൂലയിലേക്കുമാറ്റി.
ജീവിതയാഥാർത്ഥ്യങ്ങളുടെ കണ്ണുകെട്ടിക്കളി അപാരം. വാസനാവൈഭവം കൊണ്ടുമാത്രം പിടിച്ചുനിൽക്കാനാവുന്നു. പരാതികളും പരിഭവങ്ങളുമില്ലാതെ മിനി കൂടെക്കൂടെ പ്രതിജ്ഞപുതുക്കുന്നുണ്ട്. കാത്തിരിക്കാം, എത്ര വേണമെങ്കിലും കാത്തിരിക്കാമെന്ന്.
കമാലക്കടവിൽ ഷാഹുലിനെ കണ്ടില്ല. ചീനവലകളുടെ ചലനതാളങ്ങളിൽ കണ്ണിടഞ്ഞു. വലക്കണ്ണികളിൽ പിടയുന്ന വെള്ളിമീനുകളുടെ നിസ്സഹായത. നരച്ച ചക്രവാളത്തിന്റെ ഒരറ്റം ചുവന്നു തുടങ്ങി. ഒരു പക്ഷെ ഷാഹുൽ കാര്യം മറന്നിട്ടുണ്ടാവും.
”ഹേയ് പൂയ്………“
മത്സ്യലേലക്കാരന്റെ അലർച്ച അഴിമുഖം നടുക്കി. ലേലക്കാരന് ഷാഹുലിന്റെ ശബ്‌ദം. നിറഞ്ഞമീൻകുട്ടകൾക്കിടയിൽ വിയർപ്പിൽ കുളിച്ച് അവൻ പിന്നെയും ക്രയവിക്രയങ്ങളിൽ മുഴുകി കടലിൽ ചാകരക്കോളുകണ്ടാൽ കൽവത്തി പള്ളിക്കൂടത്തിൽ ഹാജർ കുറയുന്ന ഒരു കാളമുണ്ടായിരുന്നു. അന്നേ ഷാഹുലിന്റെ മുഷിഞ്ഞ കീശയിൽ ചില്ലറ കിളുങ്ങിയിരുന്നു. അതേ ജന്മവാസനയാണ് അവനെ ഇന്നും അല്ലിലില്ലാത്തവനാക്കുന്നത്.
ഹോട്ടൽ സീഗളിന്റെ മട്ടുപ്പാവിലേക്കാണ് ഷാഹുൽ എന്നെ നയിച്ചത്. വിസ്‌കിയും വറുത്ത അണ്ടിപരിപ്പും ഓർഡർ ചെയ്‌ത് അവൻ എന്നെ നോക്കി. നന്നേ തണുക്കാത്ത ഓർഡർ ചെയ്‌ത് അവൻ എന്നെ നോക്കി. നന്നേ തണുക്കാത്ത ഒരോറഞ്ച് ജ്യൂസാണ് ഞാൻ ആവശ്യപ്പെട്ടത്.
വിസ്‌കി നുണഞ്ഞും അണ്ടിപരിപ്പ് കൊറിച്ചും ഷാഹുൽ ആവിഷ്‌ക്കരിക്കാനുള്ള പദ്ധതികള വിവരിച്ചു.
കാദർബായ് ബോട്ടെത്തിച്ചുതരും. നീ എന്റൊപ്പം നിന്നാൽ മാത്രം മതി. പുറങ്കടലിൽ നമ്മളെ പ്രതീക്ഷിച്ച് കപ്പലുണ്ടാവും.
”കള്ളകടത്ത് അല്ലേ.“
ഊതിയുണർത്തുന്ന ഉഷ്‌ണക്കാറ്റിൽ ഷാഹുൽ നിശബ്‌ദനും ഉന്മത്തനുമായിരുന്നു.
”ഞാനൊഴിവാണ് ഷാഹുൽ.“
സീഗളിന്റെ പടവുകളിറങ്ങിപ്പോരുമ്പോൾ ഷാഹുൽ വെയ്‌റ്ററോട് തട്ടിക്കയറുന്ന കോലാഹലം കേട്ടു.
ചേച്ചി ഭർതൃഗൃഹത്തിലേക്ക് മടങ്ങിപ്പോയിരുന്നു. അത്താഴം വിളമ്പിത്തരുമ്പോഴാണ് അമ്മ ഒരു രഹസ്യം പറഞ്ഞത്. ”അപ്പൻ ആ നങ്ങകൂരം വിറ്റു….“ വിശപ്പുകെട്ടുപോയി. ഒരു വറ്റു പോലും വാരാതെ എഴുന്നേറ്റു.
സഹോദരിമാർക്കോ അപ്പനോ ഈയിടെയായി എന്നോട് വിനിമയം ചെയ്യാൻ ആശയങ്ങളില്ല. അമ്മയാണ് പിന്നെയും മിണ്ടുന്നത്. ധാതുഗന്ധങ്ങൾ കുമ്‌ഞ്ഞ് വീർപ്പുമുട്ടുന്നു. നങ്കൂരം പൊട്ടിയ ഏതോ പായകപ്പൽ തുറമുഖത്തെ പിശറൻകാറ്റിൽ തീപടിച്ചലയുകാണ്. തിരത്തെ പാണ്ടികശാലകളെയും കമ്പിനികെട്ടിടങ്ങളെയും അഗ്നിനിലയങ്ങളാക്കി വീണ്ടും ഒരു ലങ്കാദഹനം പേടിച്ച് മിഴികള തുറന്നപ്പോൾ പാതിരയുടെ ഇരുട്ട് കണ്ണുകളിൽ കുത്തി.
റോസാരിയോ സായ്‌വ് കട തുറക്കുന്നതേയുള്ളു. മിനി നിർബന്ധിച്ചേൽപ്പിച്ചതും, ഹസ്സനിക്കയോടുകടമ വാങ്ങിയതും ചേർത്ത് കുറച്ചു രൂപ സായ്വിനു കൊടുത്തു.
”സായ്‌വ് ക്ഷമിക്കണം“.
അയാൾക്കു ചിരിപൊട്ടി.
”സാരമില്ലെടോ.“
അന്തഃക്ഷോഭങ്ങളില്ലാതെ അയാൾ അതെടുത്തുതന്നു. വെള്ളനിറമുള്ള കുഞ്ഞുനങ്കൂരം. അതുവരെ നിർവ്വികാരനായി നിന്ന ഞാൻ അനൽപമായ ആഹ്‌ളാദത്തിന്റെ ധാർഷ്‌ട്യത്തിലേക്ക് കൂപ്പുകുത്തിയത് പെട്ടെന്നാണ്. വൻകരകൾ തോറും ഒറ്റക്കുസഞ്ചരിക്കുന്ന സാഹസികനായ നാവികനാവാൻ ഞാൻ ആഗ്രഹിച്ചു.
സ്വാതന്ത്ര്യത്തിന്റെ അറുപത്തിരണ്ടാം പിറന്നാൾ പ്രമാണിച്ച് അടുത്തിടെ നാഷണൽ ചാനലിൽ കാണിച്ച കപ്പലോട്ടിയ തമിഴനിലെ രംഗവിസ്‌മയങ്ങളിൽ മയങ്ങിയും, ഉൾപ്രേരണയുണ്ടെങ്കിലും തന്നിഷ്‌ടത്തിന് എവിടേക്കും ഓടിപ്പോവാനാവാത്തവിധം അദൃശ്യമായൊരു നങ്കൂരത്താൽ ബന്ധിതനായതിൽ ഖേദിച്ചുംവിടെത്തി. എത്രയുമെളുപ്പം ഈ നങ്കുരം അപ്പന്റെ വാണിഭക്കപ്പലുകൾ മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിലേക്ക് ഒളിച്ചുകടന്നിട്ടുണ്ടാവുമോയെന്ന് ഞാൻ ഭയന്നു.
ഗതകാലങ്ങളിൽ നിന്നടർന്നൊഴുകിയ ഐലസാവിളികളുടെ ആരോഹണവരോഹണങ്ങളിൽ മതിമറന്നാണ് ഞാൻ അപ്പനെ സമീപിച്ചത്.
Generated from archived content: story1_jan8_09.html Author: km_joshi