ഷാപ്പിലെ മറിയ

കാലിച്ചന്തയിലെത്തുന്ന കച്ചവടക്കാർക്ക്‌ കുടിച്ചു മതിമറക്കാൻ വട്ടക്കാട്ടുപടിക്കവലയിൽ ഓരേയൊരു ഷാപ്പേയുള്ളു. അവിടത്തെ ഓട്ടുപുളിയിട്ടമീൻകൊളമ്പിന്റെ കൊതിപ്പിക്കുന്ന മണമടിച്ചാൽ മതി പെരുങ്കളം പുഞ്ചയിലും പരിസരപ്രദേശത്തും തമ്പടിക്കാറുള്ള നായാടിക്കൂട്ടങ്ങൾ വരെ ഷാപ്പിലേക്കിരമ്പിക്കയറും. പിന്നെ കള്ളിനും കപ്പയ്‌ക്കും ജോറ്‌ചെലവാണ്‌. ഈ പാചകപ്പെരുമയ്‌ക്ക്‌ പെരുമ്പാവൂർക്കരയിലെ മുഴുക്കുടിയന്മാർ മുഴുവൻ മറിയച്ചേടത്തിയോടു കടപ്പെട്ടിരിക്കുന്നു. കൈപുണ്യമുള്ള മറിയച്ചേടത്തിയെ അടുക്കളഭരണമേൽപ്പിച്ച വക്കച്ചൻമേസ്‌തരിയുടെ കുബുദ്ധിയിൽ വേറെയും ചില ദുരുദ്ദേശങ്ങൾ ഒളിഞ്ഞിരിപ്പില്ലേയെന്ന്‌ മറിയച്ചേടത്തി സംശയിക്കാതെയിരന്നില്ല.

ഷാപ്പിന്റെ മേൽനോട്ടക്കാരനായ വക്കച്ചൻ മേസ്‌തിരിക്ക്‌ വൈകുന്നേരമായപ്പോൾ വല്ലാത്തൊരു വ്യാക്കൂള്‌. ചട്ടേം മുണ്ടും മാറ്റിയുടുത്ത്‌, നേരം കരിക്കലാകുന്നതിനു മുൻപേ വീടുപറ്റാനൊരുങ്ങിയിറങ്ങി മറിയച്ചേടത്തിയോടായി വക്കച്ചൻ മൊഴിഞ്ഞു.

“സ്‌പെഷലായിട്ടൊരു കൂരിയറിയൊണ്ടാക്ക്‌ മറിയേ, എരിവും പുളിയും ഒട്ടും കൊറയരുത്‌.

മറിയച്ചേടത്തിയുടെ ദേഷ്യവും സങ്കടവും ഉരുൾപൊട്ടി.

ഈ കാലമാടന്‌ മേൽഗതി കൊടുക്കരുതേ എന്റെ സന്ധ്യപുണ്യാളാ”

തന്റെ പ്രയാസങ്ങളെല്ലാം പടച്ചതമ്പുരാനെ അറിയിച്ചശേഷം പാതിമനസ്സോടെ മറിയച്ചേടത്തി ഏട്ടക്കൂരികളുടെ കൂടു കുടഞ്ഞിട്ടു.

കൂരിക്കൂട്ടാൻ അടുപ്പിൽ നിന്നും വാങ്ങിവച്ചപ്പോഴേയ്‌ക്കും മണി ആറര. കൂലിമേടിക്കണ മുഹൂർത്തത്തിൽ വക്കച്ചൻ മേസ്‌തരി മുങ്ങി. അന്തിക്കള്ളിന്റെ പറ്റുപടിക്കാർ പനമ്പുമറയ്‌ക്കപ്പുറം. പാട്ടുകൾ പലകുറിപാടിത്തകർക്കുന്നുണ്ടായിരുന്നു. അവരുടെ താളത്തിന്‌ തട്ടിയും മുട്ടിയും തഞ്ചത്തിൽ നിൽക്കുന്ന എടുത്തൊരുപ്പുകാരന്റെ കള്ളലക്ഷണം കണ്ട്‌ കലിപ്പോടെ മറിയച്ചേടത്തി ചോദിച്ചു.

“വക്കച്ചനെങ്ങോട്ടു പോയെടാ ചെർക്കാ?”

“മുള്ളാനൊങ്ങാനും പോയതായിരിക്കും.” പയ്യന്റെ മുട്ടാപ്പോക്ക്‌ മറുപടികേട്ട്‌ മറിയച്ചേടത്തി ചൊടിച്ചു.

“അയ്യാടെ മൂത്രക്കൊഴലു പൊട്ടിപ്പോയോ?”

“ആവോ, ആർക്കറിയാ” “പൊറത്തെങ്ങാനും വായിൽ നോക്കി നിൽക്കുന്നുണ്ടോന്ന്‌ ചെന്ന്‌ നോക്കെടാ.”

“ചേടത്തി ചെല്ല്‌”

“ അതിന്‌ നെന്റെ വക്കാലത്തെങ്ങാനും വേണ്ടെടാ വകതിരുകെട്ടവനെ.”

പല്ലിനും നാവിനുമിടയിൽ മുളച്ച പാഷാണപദങ്ങൾ പറിച്ചെടുത്ത്‌ തലങ്ങും വിലങ്ങും മറിയച്ചേടത്തി പെരുമാറി. കലിയടങ്ങാഞ്ഞ്‌ ക്ലാവുകയറിയ അന്തിമുറ്റത്തേക്ക്‌ ആഞ്ഞുതുപ്പിയത്‌ വക്കച്ചന്റെ ദൂർമേദസ്സുതിങ്ങിയ ദേഹത്ത്‌ വീഴാഞ്ഞതു ഭാഗ്യം. മോഷ്‌ടാവിന്റെ ചേഷ്‌ഠകളനുകരിച്ച്‌ പാത്തും പതുങ്ങിയും വന്നവക്കച്ചന്റെ പദ്ധതി പാടേ പൊളിഞ്ഞു. ആ നിരാശ അയാളുടെ മുഖത്തു നിന്നും അസ്സലായി വായിച്ചെടുത്ത മറിയച്ചേടത്തി കരണത്തടിക്കും പോലെ ചോദിച്ചു.

“തനിക്കെന്നാണ്‌ പഞ്ചാരേടെ സൂക്കേട്‌ തൊടങ്ങ്യത്‌”.

“പഞ്ചാരേ? പതുക്കെപ്പറയടി. വല്ലവരും കേൾക്കും.”

“കേൾക്കട്ടെ വക്കച്ചാ. കൂടെക്കൂടെയൊള്ള ഈ ശങ്ക ഷുഗറിന്റെ ലക്ഷണമാണ്‌ കെട്ടാ.”

വക്കച്ചൻ കൗണ്ടറിനു പുറകിലിട്ട ചൂടിക്കട്ടിലിൽ ചൂളിച്ചുരുങ്ങി. ഇതിൽപ്പരം മാനക്കേടിനിവരാനില്ല. വഴിയേപോയ വയ്യാവേലിയെടുത്തു പിടലിക്കു വച്ചതു പോലെയായി.

പണപ്പെട്ടിയിൽ നിന്നും മുഷിഞ്ഞ നോട്ടുകൾ തെരഞ്ഞ്പെറുക്കുന്ന വക്കച്ചന്റെ ചിരി വക്രിച്ചു.

പണിക്കാശ്‌ വാങ്ങി മടിക്കുത്തിൽ തിരുകി മറിയച്ചേടത്തി ധൃതിയിൽ നടന്നു. വഴിമധ്യേ ഇരുൾ ഭൂമിയിലേക്കിടിഞ്ഞു വീണു. പ്രപഞ്ചത്തെ എത്രപെട്ടെന്നാണ്‌ അന്ധകാരം വിഴുങ്ങിയത്‌. വൈദൃശശാലപ്പടിയിൽ അലിയാരുടെ ജൗളിക്കട മാത്രം മെർക്കുറിയുടെ വെൺമയിൽകുളിച്ചു മൊഞ്ചത്തിയായി. പാറക്കണ്ടം ഹരിജൻ കോളനി അവസാനിക്കുന്നിടത്ത്‌ പാതയുടെ നിറം മങ്ങി. തെരുവു വിളക്കുകളിൽ പലതും ചത്തുകെട്ടുപോയിരിക്കുന്നു. കുളിരുകൊണ്ടു വന്ന കാറ്റിന്‌ ഉന്മത്തഗന്ധം. സാത്താന്റെ പരീക്ഷണങ്ങളോർക്കെ മറിയച്ചേടത്തി വിഹ്വലയായി. തിരിഞ്ഞു നോക്കിയപ്പോഴുണ്ട്‌. ഒരു പ്രാകൃതൻ തൊട്ടുപുറകിൽ ഞൊണ്ടുന്നു. മറിയച്ചേടത്തിയുടെ നല്ലപ്രാണൻ നടുങ്ങി. ഉള്ളിലൊരുകാളൽ. ഉച്ചയ്‌ക്കുണ്ട ചോറും കൊഴുവാച്ചാറും അടിവയറ്റിൽ നിന്നും അണ്ണാക്കിലേക്കു തികട്ടി. മുടിയും താടിയും നീട്ടിയ മുടന്തൻ പ്രേതം പോലെ പിന്തുടരുകയാണ്‌. ദൂരെ, ഇരുട്ടിന്റെ മഹാമേരുകണക്കെ ഇരിങ്ങോൾക്കാവും യക്ഷിപ്പനകളും. മറിയച്ചേടത്തി ഇടതടവില്ലാകത കോട്ടുവായിട്ടു. ആമാശയത്തിനകത്ത്‌ വായു വല്ലാണ്ട്‌ കോപിച്ചിരിക്കുന്നു. നിൽക്കാനും നിരങ്ങാനും കഴിയാത്ത അവസ്‌ഥയിൽ ചേടത്തി ശരിക്കും അയാളെ ഒളികണ്ണാലൊപ്പി.

കർത്താവെ! ഇയാൾക്ക്‌ അതിരാന്റെ അതേ ഛായ. ചട്ടില്ലെങ്കിൽ സാക്ഷാൽ അതിരാൻ തന്നെ. എന്നാലും അതിരാനിത്രചടച്ചുപോകുമോ? വെയിലത്തു വാടിയ മാങ്ങാത്തൊലിപോലെയുണ്ട്‌. ഈട്ടിത്തടിയുടെ കനമുള്ള ശരീരമായിരുന്നു. ഇരുനാഴിയരിയുടെ ആഹാരം ഇരുന്നയിരിപ്പിൽ വെട്ടിവിഴുങ്ങും. മേമ്പൊടിക്ക്‌ മൂന്നു മുട്ടവാട്ടിയതും മുട്ടനനാടിന്റെ സൂപ്പും. മലമറിക്കണമാതിരി തൊഴിലായിരുന്നല്ലോ ശീലം. ക്വന്റർച്ചാക്ക്‌ ഒറ്റയ്‌ക്ക്‌ ചുമന്നോളും.

ആദ്യരാത്രിയിൽ ആക്രന്തത്തോടെ കുടിച്ചുതിന്നാനൊരുമ്പെട്ട അതിരാന്റെ കാതിൽ കാതരയായി താൻ മന്ത്രിച്ചത്‌ ഇരുമ്പതിരാനേയെന്നാണ്‌. എന്നിട്ടോ? വിയർത്തൊടുങ്ങിയ ആ രാവിന്റെ ഉറക്കം മാത്രം നഷ്‌ടപ്പെട്ടു. പെണ്ണൊരുത്തിക്ക്‌ അന്തിക്കൂട്ടിനു കൊള്ളാത്ത ഈ അഭ്യാസക്കാരന്‌ പൗരുഷത്തിന്റെ പുറം പകിട്ടേയുള്ളുവെന്ന്‌ മനസ്സിലായി.

മറിയച്ചേടത്തിയുടെ മനസ്സിൽ ഇടിവെട്ടി. മാഞ്ഞും തെളിഞ്ഞും മോഹിപ്പിക്കുന്ന കുംഭനിലാവിൽ മിഴിനട്ട്‌ ചേടത്തി നെടുവീർപ്പിട്ടു. ഈശ്‌ശ്ശോ! താനെന്തൊക്കെയാണ്‌ ചിന്തിച്ചുകൂട്ടുന്നത്‌. കാടുകയറുന്ന വിഭ്രാന്തികളെ പ്രാഞ്ചിപ്പിടിച്ചു പൂട്ടിയിടുകയായിരുന്ന ചേടത്തിക്ക്‌ ഉഷ്‌ണം പൊടിച്ചു.

ഈ പ്രായത്തിലും മറിയച്ചേടത്തി കിടിലൻ ചരക്കാണ്‌. അറേബ്യൻ പഗോഡകളെ നാണിപ്പിക്കുന്ന കൊഴുത്തുരുണ്ട മാറിടങ്ങളും, മുഴുത്ത പിൻഭാഗസമൃദ്ധിയുമുള്ള ഉഗ്രൻ ഉരുപ്പടി. എത്രകണ്ടാലും കണ്ണെടുക്കാൻ തോന്നുകയേയില്ല. സ്‌ഥലത്തെ ദിവ്യൻമാരുടെ നിദ്രകളെ നിരന്തരം വേട്ടയാടുന്ന ആ രൂപസൗന്ദര്യം അത്രയ്‌ക്കും അപാരമാണ്‌. ആകയാൽ ചേടത്തിയുടെ സഞ്ചാരവഴികളിൽ എന്തിനും പോന്ന മൂന്ന്‌ ആൺമക്കളുടെ കണ്ണുകൾ എപ്പോഴും കാവലുണ്ടായിരുന്നു. അവരെ പേടിച്ച്‌ അകന്നു നിൽക്കുന്ന ആരാധകരുടെ മാനസ്സികമായ അലട്ടൽ കാണുമ്പോൾ വാസ്‌തവത്തിൽ ചേട്ടത്തിക്കും ചങ്കലക്കും.

എന്നാൽ ഇയാൾ വ്യത്യസ്‌തനാണ്‌ കണ്ടവർ പലരും ആ രംഗം ആസ്വദിച്ചു. എവിടെന്നു വന്നെടാ ഈ പൂവാലൻപുലി എന്ന്‌ പരസ്‌പരം തിരക്കിയും തമ്മിൽ തർക്കിച്ചും അസൂയപ്പെട്ടു.

മറിയച്ചേടത്തി നടത്തയുടെ ഗതിവേഗം വർദ്ധിപ്പിച്ചു. താടിവേഷക്കാരൻ മുട്ടിയുരസാൻ പാകത്തിൽ ചുവടുകളെറിഞ്ഞു. ശിക്കാറിങ്ങനെ പുരോഗമിക്കവെ ചേടത്തിയുടെ കടിഞ്ഞൂൽ പൊടിപ്പ്‌ കടന്നുവന്നു. അജ്ഞാതന്റെ മുഷിഞ്ഞു നാറുന്ന കുപ്പായക്കഴുത്തിൽ അവൻ വിരൽ കോർത്തു.

“എങ്ങാട്ടാണ്‌?”

“മറിയേട വീട്ടിലേക്ക്‌”

“യേത്‌ മറിയ?”

അയാൾക്കു വീർപ്പുമുട്ടി. ചെറിയ ആൾക്കൂട്ടത്തിൽ അയാൾ തനിച്ചായി. നിസ്സഹായന്റെ വേദനയറിഞ്ഞ മറിയച്ചേടത്തിക്കു നൊന്തു. കൈത്തരിപ്പു തീർക്കാൻ ജീവനുള്ള ഒരു നോക്കുകുത്തിയെ കളഞ്ഞുകിട്ടിയ സന്തോഷമായിരുന്നു സർപ്പസന്തതികൾക്ക്‌. അവർ അയാളെ തട്ടിയുരുട്ടി പരുവമാക്കും മുമ്പേ മറിയച്ചേടത്തി ഒരു മറിമായം കാണിച്ചു. അതെ, ഈ മനുഷ്യൻ തന്റെ അതിരാൻ തന്നെ. തന്റെ ചോരത്തിളപ്പിന്റെ ചൂടും ചൂരും നുകർന്നവൻ. പിന്നെയെപ്പൊഴോ മറവിരോഗത്തിന്റെ കൊടും ശൈത്യം പേറി നാടും വീടും ഉപേക്ഷിച്ചു പോയവൻ.

“മക്കളേ, തല്ലല്ലേടാ. ഇതു നിങ്ങടെ അപ്പനാണെടാ..”

മറിയച്ചേടത്തിയുടെ മാസ്‌മരശബ്‌ദം അന്തരീക്ഷത്തെയുലച്ചു. മോഹവലയത്തിന്റെ കെട്ടുകൾ പൊട്ടിച്ച്‌ ഉടൻ അയാൾ പുറത്തുകടന്നു. മറിയത്തിന്റെ വലിഞ്ഞുമുറുകുന്ന മുഖപേശികളിലെ ജ്വാല അയാളുടെ ജീർണ്ണിച്ച ഓർമ്മകളിൽ കത്തി. വയ്യ, ഇനിയും ഇവളോടു ജീവിച്ചു തോൽക്കാൻ വയ്യ.

മറിയച്ചേടത്തിയും മക്കളും അന്തംവിട്ടു നോക്കി നിൽക്കേ അയാൾ ഉച്ചത്തിൽ അലറി.

“മറിയേ നീ എന്റെ കെട്ടിയവളല്ലാ ഈ മുട്ടാളന്മാർ എന്റെ മക്കളുമല്ല.”

കരയിലെറിഞ്ഞിട്ട കടൽമീൻപോലെ മറിയച്ചേടത്തിയുടെ മനസ്സുതപിച്ചതും, തുടിച്ചതും, പിടഞ്ഞതും അതിരാന്റെ ആർത്തനാദത്തിന്റെ അലയൊലികൾ കേട്ടിട്ടാണ്‌. ആ പഴഞ്ചൻ ലോഹമനുഷ്യന്റെ നെഞ്ഞിൽ കൂടിളക്കുന്ന സ്വന്തം മക്കളെ മറിയ അപ്പോൾ ശപിച്ചില്ല.

അനുകമ്പവെടിഞ്ഞ മറിയച്ചേടത്തി ചുട്ടുപൊള്ളിക്കുംവിധം ചുറ്റിലും നോക്കി. മരയോന്തുകളെ പോലെ ചോരകുടിക്കുന്ന കുറെ കൊഞ്ഞാണൻന്മാർ.

“പ്‌ഫ, ആണുങ്ങളാണുപോലും. ശവങ്ങൾ…..”

കാഴ്‌ചക്കാരുടെ അമ്പരപ്പ്‌ വിട്ടുമാറും മുമ്പേ നാട്ടുവഴികൾ ചവിട്ടിമെതിച്ച്‌ മറിയച്ചേടത്തി നടന്നു, ഒറ്റയ്‌ക്ക്‌

Generated from archived content: story1_feb2_09.html Author: km_joshi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English