ഗോണുവിന്റെ ചാവേറുകൾ ഒച്ചയനക്കങ്ങളില്ലാതെ മദ്ധ്യപൂർവ്വേഷ്യൻ തീരങ്ങളിൽ ഒളിച്ചെത്തിയ സന്ധ്യ. കൽഫാൻ ബിൻ സയ്‌ദ് വല്ലാതെ അസ്വസ്ഥനായി. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ നയ്‌മയോടു തട്ടിക്കയറി.
ഈ രാവിൽ, കാമുകിയായ നാദിയയുമൊന്നിച്ച് അനുഭൂതി പങ്കിടാൻ കൽഫാൻ ബിൻ സയ്‌ദ് അത്യധികം ആഗ്രഹിച്ചു. അതിന് നയ്മയുമായി വെറുതെ വഴക്കടിച്ച് ഒരു സീനുണ്ടാക്കി കടന്നുകളയാമെന്ന് കൽഫാൻ കണക്കുകൂട്ടി.
സുന്ദരിയായ നാദിയ, കാതങ്ങൾക്കപ്പുറം, സൊഹാർ എന്ന ഗ്രാമത്തിലെ അവളുടെ സ്വന്തം ഫാം ഹൗസിൽ സല്ലാപനിമിഷങ്ങളെ സമ്പുഷ്ടമാക്കുവാൻ ഖാവയും മുന്തിയതരം ഹുക്കയുമൊരുക്കി കാത്തിരുന്നു മുഷിയുന്നുണ്ടായിരുന്നു. കൽഫാനേക്കാളും നന്നായി നയ്മയ്‌ക്ക് അതറിയാമായിരുന്നു. അതുകൊണ്ടാണ് അവൾ ആദ്യം തന്നെ എതിർപ്പിന്റെ കള്ളത്തൊണ്ടയൊന്നനക്കിയത്.
അപ്പോഴേയ്‌ക്കും കൽഫാൻ കാൽമടമ്പും കവിയുന്ന വെളുത്ത നീളൻ കുപ്പായം തട്ടിക്കുടഞ്ഞ് താഴേയ്‌ക്കിറങ്ങി രക്ഷപ്പെട്ടു.
കൽഫാൻ ബിൻസയ്‌ദിന്റെ ഇത്തരം വിലകുറഞ്ഞ പ്രവർത്തികളോർത്ത് നയ്മയുടെ ചെമപ്പു ചുണ്ടഗ്രങ്ങൾ അപ്പോൾ പൊഴിച്ചിട്ട ചിരി വൃത്തികെട്ടതായിരുന്നു.
ഊദിന്റെ ഉന്മത്ത ഗന്ധപ്പുകച്ചുരുളുകൾ അടിവസ്ര്തത്തിന്റെ ആഴങ്ങളിലേക്കാവഹിച്ച നയ്മ ഒറ്റയ്‌ക്കായ സ്വാതന്ത്ര്യം ആഘോഷിക്കാൻ തീരുമാനിച്ചു. ആ ഒരുമ്പെടലിന് ഒരു വാശിതീർക്കലിന്റെ മോശമായ മറുപുറം കൂടിയുണ്ടായിരുന്നു.
വിശാലമായ പോർച്ചിൽ നിന്നും കൽഫാൻ ബിൻ സയ്‌ദ് പുതിയ ബെൻസുകാറിരപ്പിച്ച് മസ്‌ജിദ് റോഡും കടന്ന് ഹൈവേയിലെ സ്പീഡ്‌ട്രാക്കിൽ മറഞ്ഞു. ഒരാൾ, തന്റെ ഇടത്തരം സൂപ്പർമാർക്കറ്റിന്റെ സമൃദ്ധിയിലിരുന്ന് ഉൾപ്പുളകത്തോടെ ആ കാഴ്‌ച കണ്ടു. പിന്നെ തിടുക്കത്തിൽ നയ്മയുടെ ഓർഡർച്ചിറ്റ് പരിശോധിച്ച അയാൾ ടിൻ ഫുഡ്‌ഡുകളും പെപ്സിബോട്ടിലുകളും പെറുക്കിയടുക്കി എന്തിനോ അക്ഷമനായി. പതിവു തെറ്റാതെ മൊബൈൽ ഫോണിൽ നയ്മയുടെ മുഖം തെളിയുകയും, അവൾ കാതരയായി വിളിച്ചുകൊണ്ടേയിരിക്കുകയും ചെയ്തപ്പോൾ അയാൾ അന്നത്തെ കച്ചവടം മതിയാക്കി.
മുറിയൽ നയ്മ തനിച്ചായിരുന്നു. വീട്ടുവേലക്കാരിയായ ശ്രീലങ്കി അവധിക്കു നാട്ടിൽ പോയതു മുതൽ ഭക്ഷണം പാർസലായി എത്തിച്ചിരുന്നത് അയാളാണ്.
അത്താഴപ്പായ്‌ക്കറ്റുകൾ അലക്ഷ്യമായി സോഫമേലെറിഞ്ഞ് അയാൾ അന്വേഷിച്ചുഃ
“കൽഫാൻ പോയി, അല്ലേ?”
“പോട്ടെ, പോയിച്ചാവട്ടെ.”
ഏച്ചുകെട്ടിയ ദേഷ്യവുമായി അവൾ പരിഭവം അഭിനയിച്ചു. അയാൾ പക്ഷെ, ഉപദേശിയെപ്പോലെ സംസാരിച്ചു കസറി.
“അങ്ങിനെയൊന്നും പറയരുത്. നീ അവന്റെ ബീവിയാണ്”.
“കാണുന്ന പൂമരച്ചില്ലകളിലെല്ലാം ചെന്ന് ചേക്കേറും. ആ ബദു എന്റെ മാത്രം ഭർത്താവല്ലല്ലോ”
“എന്നാലും…”
“നിർത്ത്. കുറ്റപ്പെടുത്തി വിഷമിപ്പിക്കാതെ എന്നെയൊന്നു സ്നേഹിച്ചൂടെ”.
നയ്മയുടെ കണ്ണേറിൽ ഒരു പ്രാവശ്യം ചുവടിടറിയ അയാൾ, ഉള്ളിൽ തട്ടുംവിധം വാക്കുകളഴിച്ചിട്ടു.
“മനസ്സിൽ അതെപ്പോഴേ ഉണ്ടായിരുന്നു നയ്മ”
“ഉവ്വോ! എനിക്കറിയാം പെരുങ്കള്ളാ, നിന്റെ സ്നേഹം ആത്മാർത്ഥമായ ഒരു വികാരവും കൂടിയാണെന്ന്. വാ, വന്നു വേഗം കട്ടുതിന്ന്”.
ബെൽജിയം പരവതാനിയുടെ അപാരനീലിമയിൽ ശയിച്ചുകൊണ്ട് ലജ്ജയില്ലാതെ നയ്മ അയാളെ ക്ഷണിച്ചു.
ആർത്തി പിടിച്ച വിശപ്പോടെ, അവൾ അയാളെ അനുഭവിക്കാൻ തുടങ്ങുമ്പോഴായിരുന്നു കൊടുങ്കാറ്റ് ഊതിയുണർന്നതും, പേമാരി പെയ്യിച്ചതും.
കാലാവസ്ഥാ മുന്നറിയിപ്പുകൾ വകവയ്‌ക്കാതെ കൽഫാൻ കാറോടിച്ചു പോയത് മരണത്തിലേക്കോ, ജീവിതത്തിലേക്കോ എന്ന ചിന്തകളലട്ടാതെ അയാളും നയ്മയും ആശങ്കവെടിഞ്ഞ് ഇണ ചേർന്നു.
അറബികളുടെ അടങ്ങാത്ത ആസക്തികൾക്കുമേൽ ആഞ്ഞടിച്ച ചണ്ഡമാരുതനായിരുന്നു ഗോണു. മഴയായ്, കാറ്റായ്, വരാനിരിക്കുന്ന മഹാപ്രളയത്തിന്റെ അഭിജ്ഞാനമായ് ഗോണു സർവ്വനാശം വിതച്ചു. മണ്ണും ചെളിയും കോരിയെറിഞ്ഞ് ഊക്കോടെയെത്തിയ വെള്ളപ്പാച്ചിലിൽ താരതമ്യേന താഴ്‌ന്ന പ്രദേശമായ വാഡിക്കബീർ ഒഴുകിയൊലിച്ചുപോയത് പെട്ടെന്നാണ്.
കൽഫാനെ കാണാതായതിന്റെ എട്ടാം ദിവസം നയ്മ, മിലിട്ടറിയുടെ മോർച്ചറി കണ്ടു. മരവിച്ച തണുപ്പിൽ നിന്നിറങ്ങിവന്ന നയ്മ തേങ്ങി.
നിരത്തിയിട്ട മൃതശരീരങ്ങളുടെ കൂട്ടത്തിലോ, അവയവങ്ങൾ കീറിപ്പറിഞ്ഞവർക്കിടയിലോ കൽഫാൻ വന്നു പെട്ടിട്ടില്ല. അതിന്റെ നിരാശയും ഉത്‌കണ്‌ഠയും അവളിൽ അസഹനീയമായി.
നേരിയ ഒരടയാളമെങ്കിലും ഇട്ടേച്ചു പോകാമായിരുന്നില്ലേയെന്ന് നിർദ്ദയം നയ്മ പുലമ്പിയത് പർദ്ദയ്‌ക്കുള്ളിലെ വിയർത്താറിയ ചൂരിൽ വീർപ്പുമുട്ടിയൊടുങ്ങാനായിരുന്നില്ല.
കൽഫാൻ തിരിച്ചെത്തിയേക്കുമെന്നു പേടിച്ച് പാർപ്പിടത്തിലെ പതുപതുത്ത മെത്തയുടെ സുരക്ഷയിൽ നയ്മ കരഞ്ഞു കലങ്ങികിടന്നു.
നയ്മയുടെ മനഃസമാധാനത്തിനു വേണ്ടി, ദൈവമേ… ഒരു മാർഗ്ഗം തുറന്നേക്കണേയെന്നു പ്രാർത്ഥിച്ച് കൽഫാന്റെ മരണം ഉറപ്പാക്കാനുഴറിയ അയാൾ ഭ്രാന്തിന്റെ വക്കിലെത്തി.
പൊട്ടിപ്പൊളിഞ്ഞു ചളുങ്ങിച്ചതഞ്ഞ കളിപ്പാട്ടങ്ങൾ മാതിരി ചിന്നിച്ചിതറിക്കിടന്ന വാഹനങ്ങളുടെ സിമെട്രികളിൽ, മെറൂൺ നിറമുള്ള മെർസിഡസിന്റെ അവശിഷ്ടങ്ങൾ തേടിയലഞ്ഞ അയാളെ ആശ്വാസംപോലെ ഒരാശയം ഒടുവിൽ കീഴടക്കി.
അങ്ങിനെയാണ് അയാൾ ഡ്യൂപ്ലിക്കേറ്റ് നമ്പർ പ്ലേറ്റൊരെണ്ണം പണിയിപ്പിച്ചെടുത്തതും, ഹർഷോന്മാദത്തോടെ സ്‌റ്റെപ്പുകളോടിക്കയറി നയ്മയെ കാണിച്ച്, ആകെ കുഴപ്പത്തിലായതും.
നയ്മ ഞൊടിയിൽ കയർത്തു. അയാളുടെ കരണത്തടിക്കാൻ കയ്യോങ്ങി നിന്നു.
“കാഫിറേ… നുണക്കഥ ചമച്ച് കാശടിക്കാൻ നോക്കുന്നോ. അല്ലെങ്കിലും ഈ ഹിന്ദികൾ… നാറികൾ… നാശങ്ങൾ…”
പല്ലു ഞെരിച്ചും, കണ്ണുരുട്ടിയും പാടുപെട്ട് പൊട്ടിത്തെറിക്കുന്ന നയ്മയുടെ ചേഷ്ടകൾ ആസ്വദിച്ച് കൽഫാൻ തൊട്ടടുത്തിരുന്നു തിളയ്‌ക്കുന്നത് ദുഃസ്വപ്നമല്ലെന്ന് അയാൾ തിരിച്ചറിയാൻ വൈകി.
ആസുരമായ അട്ടഹാസത്തോടെ നടന്നടുക്കുന്ന കാട്ടറബിയുടെ കൈക്കരുത്തിലമരും മുമ്പേ ഗോണൂ…..
നീ ഒരിക്കൽക്കൂടി, ഒരിക്കൽക്കൂടി മാത്രം… തീവ്രമായിരുന്നു ആ ഉള്ളുരുക്കം.
ഇളകാതെ, ഇമയനക്കാതെ അയാൾ, ഇടിമുഴക്കങ്ങൾക്കു കാതോർത്തു നിൽക്കവേ കൽഫാൻ ബിൻ സയദിന്റെ ലേറ്റസ്‌റ്റ് ഹാന്റ് സെറ്റിൽ സൊഹാറിലെ നാദിയായുടെ തരള ശബ്ദം കരഞ്ഞു തളർന്നു. ആ വിലാപച്ചുഴിയിൽ കൽഫാൻ എവിടേയ്‌ക്കോ തെന്നിത്തെറിച്ചുപോയി.
പിന്നീട് വല്ലപ്പോഴുമുള്ള വേഴ്‌ചകളുടെ പകലറുതികളിൽ ചിലപ്പോഴൊക്ക അയാളും നയ്മയും കൽഫാൻ ബിൻ സയ്‌ദിന്റെ തിരോധാനത്തിലെ നിഗൂഢത ചികഞ്ഞു ചുമ്മാ തലപുകച്ചു ചിരിച്ചു.
(ഗോണു ഃ ഒമാൻ തീരത്ത് ആഞ്ഞടിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റ്)
Generated from archived content: story1_aug11_08.html Author: km_joshi