ഹാർബർ ബ്രിഡ്‌ജ്‌

അന്നെന്തു ധാർഷ്‌ട്യങ്ങളായിരുന്നു, നിനക്കെ-

ന്തെന്തു മോഹന സ്വപ്‌നങ്ങളായിരുന്നു

കുഞ്ഞിളം കാറ്റേറ്റുറങ്ങുവാൻ, നിന്റെ

ഗോപുരശിഖരങ്ങളിൽ രാപ്പാർക്കുവാൻ വന്ന

വാനമ്പാടിയെ വെറുതെ കരയിച്ചുവിട്ടു നീ

കായലിന്നാഴങ്ങളിൽ മുങ്ങാങ്കുഴിയിട്ടു-

മീൻപിടിക്കും കൊറ്റികൾ,

കളളക്കൊതി പെരുത്ത കടൽകാക്കകൾ, ലോക-

സഞ്ചാരികളാമെരണ്ടകൾ

ചിറകൊന്നു കോതി-

യുണക്കുവാനണയുമ്പൊഴൊക്കെയും

കണ്ണടച്ചെന്തൊരു കഠിന

തപസ്സായിരുന്നു നീ

പളളുരുത്തിയിലെ പഴമക്കാരുടെ ഓർമ്മച്ചെപ്പുകൾ

കിലുങ്ങിയത്‌ പലവട്ടം ഞാൻ കേട്ടിരുന്നു

പടക്കപ്പലിൻ പാമരം തകരാതിരിക്കുവാൻ

നട്ടെല്ലുവളച്ചും, നെഞ്ഞിൻകൂടുയർത്തിയും

നീ കാട്ടും സാങ്കേതിക കസർത്തുകളെപ്പറ്റിയും

ബ്രിസ്‌റ്റോസായിപ്പിന്നനുരാഗവായ്‌പിനെപ്പറ്റിയും

പശ്ചിമകൊച്ചിക്കാരുടെ ഗൂഢമായൊരഹങ്കാരമായി നീ

നീണ്ടുനിവർന്നുകിടന്നു കൊണ്ടാ-

കൊച്ചുദ്വീപായ വില്ലിങ്ങ്‌ടനെ കൊച്ചാക്കി

ചിരിച്ചു തിമിർത്തപ്പോഴും, കാലം-

നിന്നിലെ ചായവും ചമയവും മായ്‌ക്കുമെന്നോർത്തില്ല

നിന്നെ കടന്നുചെന്നെത്തേണ്ടും തുറമുഖ

പ്രാന്തങ്ങളിൽ, ടാങ്കർ ബെർത്തിൽ,

നേവൽബേസിൽ, കപ്പൽനിർമ്മാണശാലയിൽ,

റെയിൽവേ സ്‌റ്റേഷനുകളിൽ,

വിമാനത്താവളത്തിൽ,

മദ്യവും മാനവും മയക്കുമരുന്നും ക്രയവിക്രയം ചെയ്യുന്ന

മഹാനഗരത്തിൽ…..

കൃത്യമായൊരിടത്തുമെത്തിച്ചേരുവാനാവാതെ,

നീയൊരുക്കിയ ഗതാഗതക്കുരുക്കിൽ പെട്ടുഴന്നവർ

വലിച്ചെറിയും ശാപവാക്കുകളേറ്റു തളർന്ന നിന്നെ-

ത്തഴഞ്ഞധികാരികൾ, ആർത്തിപ്പണ്ടാരങ്ങൾ,

പണിതു, പതിവായി പണം പിരിച്ചു പിടുങ്ങുവാനൊരു

സമാന്തര ബിയോട്ടിപ്പാലം

പക്ഷേ, നിനക്കില്ല ശാപമോക്ഷം, നിനക്കില്ല-

സ്വഛന്ദമൃത്യു, പിന്നെയെന്തിനായ്‌ നീ-

യൊരുത്തരായനം കാത്തിങ്ങനെ ശയിക്കുന്നു.

Generated from archived content: poem1_apr7_08.html Author: km_joshi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here