ഓണച്ചിന്തുകൾ

ചിങ്ങം ഒന്ന്‌ അത്തം

മഴ മുഴുവൻ കർക്കിടകത്തിൽ പെയ്തൊഴിഞ്ഞു. പ്രഭാതങ്ങൾ വിടരുന്നത്‌ തോവാളപ്പൂക്കളെക്കൊണ്ടു നിറയുന്ന തെരുവോരക്കാഴ്‌ചകളോടെയാണ്‌. ആസ്‌റ്റർ, റോസ്‌, കാർനേഷൻ ഇത്തരം മുന്തിയ ജനുസ്സുകൾ ഉയർന്ന ശ്രേണിയിലുള്ളവർക്കായി സംവരണം ചെയ്തിരിക്കുന്നു. ജമന്തി, ചെണ്ടുമല്ലി, വാടാമല്ലി, അരളി, തുളസി എന്നിങ്ങനെ സാധാരണക്കാരായ പുഷ്പങ്ങളുടെ ചെറുകുന്നുകൾക്കുപരി വിലകൾ ക്രമത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. 120, 100, 90, 70……

കുട്ടികളേ, ഓണക്കാലത്ത്‌ പൂക്കളെ തൊടരുതേ.. കൈ പൊള്ളും.

ചിങ്ങം രണ്ട്‌ ചിത്തിര

വിളവെടുപ്പിന്റെ ഉത്സവം ഗംഭീരമാക്കാൻ മാർവാടികൾക്കൊപ്പം മറുനാടൻ കള്ളന്മാരും ചേക്കേറിയിട്ടുണ്ടെന്ന്‌ കിഞ്ചനവർത്തമാനം.

റിബേറ്റിന്റെ നോട്ടീസ്‌ വിതരണത്തിലേർപ്പെട്ട മാവേലിയും വാമനനും എന്നെ വെറുതെ വേദനിപ്പിച്ചുകൊണ്ടിരുന്നു.

ചിങ്ങം മൂന്ന്‌ ചോതി

ഇന്നൊരു പത്രപരസ്യം കണ്ടു. റസ്‌റ്റോറന്റുകളിൽ ഓണസദ്യവിളമ്പാൻ തടിയും കുടവയറുമുള്ള മാവേലിമാരെ കരാറടിസ്ഥാനത്തിൽ ഉടൻ ആവശ്യമുണ്ടെന്ന്‌. ഈ അവസരങ്ങളിൽ വാമനൻമാർ മാത്രം അവഗണിക്കപ്പെടുന്നതെന്തേ? യൂണിയന്‌ ആൾബലമില്ലാത്തതിനാൽ ഇടപെടാൻ ബുദ്ധിമുട്ടാണ്‌.

ചിങ്ങം നാല്‌ വിശാഖം

പനിബാധിച്ചവന്റെ അണ്ണാക്കിലേക്ക്‌ കർക്കിടകക്കഞ്ഞി കോരി നിറയ്‌ക്കാൻ കഴിയാഞ്ഞതിലെ ജാള്യം കുത്തകമുതലാളിമാർ ഓണക്കിറ്റാക്കി നികത്താൻ പരിശ്രമിക്കുന്നുണ്ട്‌. ഏതായാലും വിപണിയുടെ വൈവിധ്യം പൊടിപ്പൻ.

ആക്രിക്കച്ചവടക്കാരൻ തുരുമ്പബ്ദു പോലും പുത്തൻ ഓണ ഓഫറുകൾ പ്രഖ്യാപിച്ചു.

ചിങ്ങം അഞ്ച്‌ അനിഴം

ക്രയവിക്രയങ്ങളിൽ നൂതന ആശയങ്ങളുടെ കടന്നുകയറ്റം. അർദ്ധരാത്രിയിലും കടകമ്പോളങ്ങൾ ഉറക്കമിളച്ചു കാത്തിരിക്കുന്നത്‌ ഏതുതരം ഉപഭോക്താക്കളെയുദ്ദേശിച്ചാണെന്ന്‌ മനസ്സിലാവണില്ലല്ലോ മാവേലിത്തമ്പുരാനേ…

ചിങ്ങം ആറ്‌ അനിഴം തന്നെ

എന്റെ മക്കൾ, റോഹനും ശ്രീക്കുട്ടിയും വല്ലാതെ ശാഠ്യം പിടിച്ചത്‌ മുക്കുറ്റിയും തുമ്പക്കുടവും കിട്ടാനാണ്‌. ഞാനിത്‌ ഏതു ദുനിയാവിൽച്ചെന്നന്വേഷിക്കണം മാവേലീ…

ചിങ്ങം ഏഴ്‌ തൃക്കേട്ട

ഇന്ന്‌ നാലോ അഞ്ചോ പിരിവുകാർ വന്നു. എല്ലാവരും ഓണാഘോഷകമ്മറ്റിക്കാരും സംഘാടകരുമാണ്‌. ശ്രീമതി മിനിക്കുട്ടിക്ക്‌ എന്തൊരു ദേഷ്യം.

ബജറ്റിൽ താങ്ങാനാവാത്ത അധികച്ചിലവുകളുണ്ടാകുമ്പോൾ വീട്ടമ്മമാർ പ്രതിഷേധിച്ചെന്നിരിക്കും. പിന്നല്ലാതെ….

ചിങ്ങം എട്ട്‌ മൂലം

ഒരു കോടി കൊടുത്തുകൊണ്ട്‌ ഓണച്ചന്ത ഉൽഘാടനം ചെയ്യാൻ ബഹു. മന്ത്രിയെത്തുന്നു.

ഫ്ലക്സ്‌ ബോർഡിലെ ഒരു കോടി കഴിഞ്ഞുള്ള ബ്രാക്കറ്റിൽ ഒരു കോടിമുണ്ടെന്ന്‌ പയർമണി വലുപ്പത്തിൽ കോറിയിട്ടത്‌ രാഷ്ര്ടീയ ഗൂഢാലോചനയിലെ ഗ്രൂപ്പു പുലിക്കളി. വേടനെയും വേട്ടമൃഗത്തെയും മാഫിയകൾ നിശ്ചയിച്ചേക്കും.

ചിങ്ങം ഒൻപത്‌ പൂരാടം

സൂപ്പർമാർക്കറ്റുകളുടെ മത്സരങ്ങൾ പൊതുവെ ആരോഗ്യപരം. 400 രൂപയുടെ പർച്ചേസിന്‌ 2 കിലോഗ്രാം അരി ഫ്രീ. പത്തു കിലോ അരിയുടെ സൗജന്യം ലഭിക്കാൻ ഞാനെന്തൊക്കെ വാങ്ങിക്കൂട്ടണമെന്റെ മാവേലി.

ചിങ്ങം പത്ത്‌ ഉത്രാടം

പതിവുള്ള ഉത്രാടപ്പാച്ചിലൊന്നും കാണുന്നില്ല. മിനിക്കുട്ടി ചാനലുകളുമായി സല്ലപിക്കുന്നു. മക്കൾ ഓർക്കുട്ടിലേക്കിറങ്ങിപ്പോയിട്ട്‌ ഒത്തിരി നേരമായി. ബിവറേജ്‌ കോർപ്പറേഷന്റെ ഓണസമ്മാനമായ “തന്ത്രി”യുടെ കഴുത്തൊടിച്ച്‌ ഞാനും ഉത്രാടപ്പൂനിലാവിന്റെ മുഗ്‌ദസൗന്ദര്യം നുകരാൻ ചെന്നു.

ചിങ്ങം പതിനൊന്ന്‌ തിരുവോണം

ആർപ്പുവിളിയും കുരവയും കേട്ടില്ല. ഉണരുമ്പോൾ പത്തുമണി. പത്തു നാഴികയുടെ തിരുവോണമാഘോഷിക്കാൻ ഇനി ഏതെങ്കിലും ഹോട്ടലിൽ പോയാൽപ്പോരെ? മിനിക്കുട്ടിക്ക്‌ സമ്മതം. പക്ഷെ നാല്‌ ഊണിനു രണ്ടു ചിക്കൻമസാലക്കിറ്റെങ്കിലും ഫ്രീ കിട്ടണം. ഉവ്വ്‌, അങ്ങിനെ തന്നെയാവാം. ഓണം ഒരു വിളവെടുപ്പുത്സവം മാത്രമല്ല. വെളിപാടിന്റെയുമാണ്‌.

Generated from archived content: essay2_aug21_07.html Author: km_joshi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here