തട്ടിൻപുറത്ത് പൊടിപിടിച്ചു കിടന്ന കാലൻകുടയെടുത്ത് നിവർത്തിയപ്പോൾ അയാൾ ഒന്നു തുമ്മി. ഒന്നു രണ്ടു
തവണ ചുമച്ചു. നേരിയ നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ താഴെയിറങ്ങി. മുഖവും കൈകാലുകളും കഴുകി.
കട്ടിലിൽ നീണ്ടു നിവർന്നുകിടന്നു. അല്പമൊരാശ്വാസം തോന്നിയപ്പോൾ എഴുന്നേറ്റിരുന്നു. മുറ്റത്ത്
വെയിലേൽക്കാൻ നിവർത്തിവച്ച കാലൻകുട പൊടുന്നനെ ഉയർന്നുപൊങ്ങി ബലിഷ്‌ഠമായ കരങ്ങളിലമരുന്നതുപോലെ
അയാൾക്ക് തോന്നി. ഓർമ്മകൾ പടി കടന്നുവരുന്നു…
കുടയും ചൂടി നടന്നുവരുന്നത് അച്ഛനല്ലേ? ഒരു ദീർഘയാത്ര കഴിഞ്ഞ് വരികയാണ്. പരിക്ഷീണമാണ് ആ
മുഖം. നേരത്തേ അച്ഛന്റെ കത്തുണ്ടായിരുന്നുഃ ഞാനങ്ങോട്ട് വരുന്നു. ഒന്നുരണ്ടു ദിവസം നിന്നോടൊപ്പം കഴിയണം.
നീയെങ്കിലും ഒരു കരയെത്തിയത് കാണാൻ എനിക്കായല്ലോ. ഇനി നീയൊരു വിവാഹം കൂടി കഴിയ്‌ക്കണം. ചില
ആലോചനകളൊക്കെ വന്നിട്ടുണ്ട്. ഒക്കെ നേരിൽ പറയാം. കത്തിലെ വരികൾ നീണ്ടുപോകുന്നു. “മോനേ…വല്ലാത്ത
ക്ഷീണം. ഇത്രയും യാത്ര ചെയ്തതുകൊണ്ടായിരിക്കാം…ഇത്തിരി ചൂട് വെളളമിങ്ങെടുത്തേ ഞാനൊന്ന്
കിടക്കട്ടെ…ആ കുടയൊന്നെടുത്ത് അകത്തുവച്ചേക്ക്, ഈശ്വരാ…വേദന കൂടുകയാണല്ലോ…എന്റെ ശാരദയും
മക്കളും…! മോനേ…മോ…നേ…”
“അച്ഛാ…!”
അയാൾ വല്ലാതെ കിതച്ചു…ഇപ്പോഴെന്തേ ഇങ്ങനെയൊക്കെ ഓർക്കാൻ…പതിനാലുകൊല്ലം മുമ്പ് ഓഫീസിനടുത്തുളള
വാടകവീട്ടിൽ തന്നെക്കാണാൻ വന്ന് ഈ കൈകളിൽ കിടന്ന് അന്ത്യശ്വാസം വലിക്കുമ്പോൾ ‘എടുത്ത് അകത്തുവച്ചേക്ക്
മോനേ’ എന്നു പറഞ്ഞ് അച്ഛൻ ചൂണ്ടിക്കാട്ടിയ കാലൻകുടയാണ് മുന്നിലിരിക്കുന്നത്. കുടയുടെ കമ്പിയ്‌ക്കും
പിടിയ്‌ക്കുമിതുവരെ കേടുപാടുകൾ വന്നിട്ടില്ല. ശീല പലതവണ മാറ്റേണ്ടിവന്നു. ഇനിയും മാറ്റേണ്ടിവരും.
ഒരുപാടു ദ്വാരങ്ങൾ വീണിട്ടുണ്ട്. ഈ നഗരത്തിലൊരിടത്തും കുട നന്നാക്കുന്നവരില്ല. ഉണ്ടെങ്കിൽ തന്നെ ഈ പഴയ
കാലൻകുട നന്നാക്കാനവർക്കറിയുകയുമില്ല.
“പ്രമീളേ…അയാൾ ഉറക്കെ വിളിച്ചു. ”ദാ…വരുന്നു. അയ്യോ ഇതാര്…“പ്രമീളയുടെ ശബ്ദത്തിൽ
പരിഹാസമിഴഞ്ഞു. ”ഇതെന്ത് കോലം…നിങ്ങള് വീണ്ടും തട്ടിൻപുറത്ത് കയറിയല്ലേ? മുടിയിലപ്പടി
അഴുക്കാണല്ലോ…നിങ്ങൾക്കിതെന്തിന്റെ കേടാ…ഈ കാലൻ കുടയെടുത്ത് കളയാറായില്ലേ…ഓരോരോ
പ്‌രാന്തുകള്…“
”അതേടീ….എനിക്ക് പ്‌രാന്ത് തന്നെയാ നിനക്കെന്തറിയാം…അല്ലെങ്കിൽ നിന്നെപ്പറഞ്ഞിട്ടെന്ത് കാര്യം..എന്നെ വളർത്തി
വലുതാക്കിയ ആ പാവം മനുഷ്യനെ നീ കണ്ടിട്ടുപോലുമില്ലല്ലോ…ദാ..ഇത് കണ്ടോ ഈ കുടയുടെ പിടിയിൽ
ഇപ്പോഴും അച്ഛന്റെ മണമുണ്ട്…“
”ഞാനൊന്നും പറഞ്ഞില്ലേ..നിങ്ങളുടെ പഴംപുരാണം കേട്ടുകേട്ട് കാതു രണ്ടും മരവിച്ചിരിക്കയാ…ആട്ടെ…എന്തിനാ
എന്നെ വിളിച്ചത്…“
”എടീ പ്രമീളേ എവിടെടീ നമ്മുടെ പൊന്നുമക്കള്?…“
”അവര് പഠിക്കുവാ…“
”ഓ…എന്തോന്ന് പഠിത്തം…പരീക്ഷയ്‌ക്കിനിയും സമയമുണ്ടല്ലോ…“
”അച്ഛൻ ഞങ്ങളെ വിളിച്ചോ?“
”അച്ഛന്റെ പൊന്നുമക്കള് വന്നല്ലോ…സാന്ദ്രമോളും സമീര മോളും എന്തു പറയുന്നു. ആലോചിച്ച് മറുപടി
പറയാനുളള സമയപരിധി കഴിഞ്ഞു. എന്തു തീരുമാനിച്ചു രണ്ടാളും…“
”ഇക്കാര്യത്തിൽ ഞങ്ങള് അമ്മയുടെ ഭാഗത്താ…ഈ സിറ്റിയിൽ എല്ലാ സൗകര്യങ്ങളുമുളള ഈ സ്ഥലവും വീടും വിറ്റ്
ഒരു റിമോട്ട് പ്ലെയ്‌സിൽ പോയി സെറ്റിൽ ചെയ്യുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല.“ സാന്ദ്രയും സമീരയും
ഒരേ സ്വരത്തിൽ പറഞ്ഞു. പ്രമിള വിജയഭാവത്തിൽ നിന്നു എന്നിട്ടു പറഞ്ഞു.. ”കേട്ടില്ലേ മക്കളുടെ തീരുമാനം
ഏതായാലും ഇവരുടെ പഠിത്തവും വിവാഹവും കഴിയട്ടെ…അതുകഴിഞ്ഞ് അത്രയ്‌ക്ക് നിർബന്ധമാണെങ്കിൽ ആ
നാട്ടുംപുറത്തേയ്‌ക്ക് തന്നെ പോകാം അല്ലാതെന്താ പറയുക…“
”ഓ…അതുശരി…അയാൾ പിറുപിറുത്തു…അമ്മയും മക്കളും എല്ലാം തീരുമാനിച്ചുകഴിഞ്ഞു…മക്കള് പോയി
പഠിക്ക്…ജീവിതത്തിലൊരുപാട് പഠിക്കാനുളളതാ…“പെട്ടെന്ന് അയാൾ ചില കണക്കുകൂട്ടലുകളിൽ
വ്യാപൃതനായി. മൂത്തവളെ കെട്ടിച്ച് അയയ്‌ക്കാൻ എന്റെ പെൻഷനും ഗ്രാറ്റുവിറ്റയും, പി. എഫും ഇൻഷുറൻസും
മതി. പ്രമീളയും കുറച്ച് ലോണെടുക്കട്ടെ…ഇളയവളെ മാക്‌സിമം പഠിപ്പിക്കാം. അവളുടെ
കാര്യമാകുമ്പോഴേയ്‌ക്ക് ഈ വീടും സ്ഥലവും വിൽക്കാം. നല്ല വില കിട്ടും. കിട്ടുന്നതിൽ പകുതി കൊണ്ട്
അവളുടെ കാര്യം നടത്താം. ബാക്കിയുളളതുകൊണ്ട് നാട്ടിലൊരു അരയേക്കർ സ്ഥലവും വാങ്ങാം. പ്രമീള
പെൻഷനാകുമ്പോൾ അവിടൊരു കൂരയും പണിയാം. അല്പസ്വല്പം കൃഷിയും കാര്യങ്ങളുമായി അവിടങ്ങനെ
കഴിയാം. അയാൾ ഓർക്കുകയായിരുന്നു. ഇതുപോലെ ഒരുകാലത്ത് അച്ഛനും സ്വപ്‌നം കണ്ടിരുന്നതല്ലേ.
ജോലിയിൽ നിന്ന് പിരിഞ്ഞപ്പോൾ നഗരത്തിൽ നിന്ന് നാട്ടുമ്പുറത്തേയ്‌ക്ക് തിരിച്ചു പോവുകയായിരുന്നല്ലോ. പക്ഷെ
ഒരു തുണ്ട് ഭൂമിയോ തലചായ്‌ക്കാനൊരു കൂരയോ സ്വന്തമായി അവകാശപ്പെടാനില്ലാതെ പ്രാരാബ്ധങ്ങളിൽ
നീറിയൊടുങ്ങാനായിരുന്നുവല്ലോ ആ പാവം മനുഷ്യന്റെ വിധി. അധ്വാനം കൊണ്ടു നേടിയതെല്ലാം
കൈവിട്ടുപോകുന്ന അവസ്ഥയിൽ ആരാണ് തകർന്നുപോകാത്തത്.
നഗരത്തിലെ കുടുസ്സുമുറികളിൽ നിന്നും, മുറം പോലുളള മുറ്റത്ത് നിന്നും ഗ്രാമത്തിലേയ്‌ക്ക് പൊറുതി
മാറിയപ്പോൾ എന്തുമാത്രം സന്തോഷിച്ചു. ഓല മേഞ്ഞതെങ്കിലും ചാണകം മെഴുകിയതെങ്കിലും എന്തു നല്ല
വീടായിരുന്നു. വിശാലമായ മുറ്റവും പറമ്പും. കപ്പയും ചേനയും കാച്ചിലും കിഴങ്ങും പച്ച
മരുന്നുകളും…പശുവും ആടും കോഴിയും…മാവും പ്ലാവും…ആഞ്ഞിലിയും…പനയും തെങ്ങും. എത്ര
പെട്ടെന്നാണ് എല്ലാം കൈവിട്ടുപോയത്. വീടിന്റെ ഐശ്വര്യമായിരുന്ന വരിയ്‌ക്ക പ്ലാവിന്റെ കാതലിൽ
കണ്ണുവെച്ച് അന്ത്രുവെന്നൊരു പുതുപ്പണക്കാരന്റെ വരവ്….പിന്നെ ഓരോന്നോരാന്നായ്…കൂര കൂടി
നഷ്‌ടപ്പെട്ടപ്പോൾ…സത്താറിന്റെ കാളവണ്ടിയിൽ ചട്ടിയും കലവും തടിക്കട്ടിലും….ടാക്‌സി കാറിൽ
കൂടുമാറ്റത്തിന് വിധിയ്‌ക്കപ്പെട്ട ഒരു കുടുംബവും. അമ്മയുടെ കുറ്റപ്പെടുത്തലുകൾ കൂടിയപ്പോൾ അച്ഛൻ പറഞ്ഞു.
മക്കൾ വളരുകയാണ്. അവരുടെ ആവശ്യങ്ങളും കൂടിവരികയാണ്. എനിയ്‌ക്കിപ്പോൾ ശമ്പളമില്ല. വെറും പെൻഷൻ
മാത്രമേയുളളൂ. കിടപ്പാടം വിൽക്കാതെ മറ്റെന്ത് ചെയ്യും ഞാൻ…
അയാൾ മുറിയിൽ നിന്ന് പുറത്തിറങ്ങി കാർ പോർച്ചിൽ ചെന്നുനിന്നു. അടുത്തിടെ സർക്കാർ ലോണിൽ വാങ്ങിയ
വെളുത്ത അംബാസിഡർ കാറിൽ ചാരി നിന്നപ്പോൾ പ്രമീളയും മക്കളും ‘മാരുതി’യ്‌ക്കും ‘സാൻട്രോ’യ്‌ക്കും
വേണ്ടി വാദിച്ചതാണെന്നോർത്തു. വെളുത്ത അംബാസിഡർ തന്നെ വേണമെന്ന തന്റെ വാശിയ്‌ക്കുമുന്നിൽ അവർ
തോൽക്കുകയായിരുന്നു. കഴിഞ്ഞ കാല കൂടുമാറ്റങ്ങളുടെ ഓർമ്മയും അതിനോടുളള വൈകാരികാഭിമുഖ്യവും
അവരുണ്ടോ അറിയുന്നു. ”കാറുണ്ടായിട്ടും കാര്യമില്ലല്ലോ“…പ്രമീളയുടെ സ്ഥിരം പരാതിയാണ്….”ഈ
മനുഷ്യന് കാൽനടയാണല്ലോ പ്രിയം“. നഗരത്തിൽ വളർന്ന പ്രമീളയ്‌ക്കിതൊന്നും മനസ്സിലാകില്ല.
അവൾക്കെപ്പോഴും ഓർമ്മിക്കാനുളളത് ഒന്നു മാത്രം. നമുക്ക് രണ്ടുപെൺകുട്ടികളാ…
ഇന്നലെ രാത്രിയിലും പ്രമീളയുമായി ഒരുപാടുനേരം കലഹിച്ചു. തന്റെ ഗ്രാമജീവിതാഭിനിവേശം
വരുത്തിവയ്‌ക്കുന്ന കലഹങ്ങളാണ്. ഞാനീ നഗരത്തിൽ വന്നുപെട്ടു പോയതാണ്. നഗരസുഖങ്ങളുടെ ഈ പട്ടുമെത്തയിൽ
കിടക്കുമ്പോഴും എന്റെ മനസ്സ് അങ്ങകലെയാണ്. ഞാനുറങ്ങുന്നത് എന്റെ ഗ്രാമത്തിലാണ്. ജീവിതത്തിന്റെ
ഉയർച്ചതാഴ്‌ചകളിൽ അച്ഛനോടൊപ്പം നടന്ന നാട്ടുവഴികൾ. ഗോപാലപിളളയുടെ ചായക്കടയും ചെല്ലപ്പൻ ചേട്ടന്റെ
ബാർബർഷോപ്പും. ആനയും കുതിരയും കഥകളിയും വിൽപ്പാട്ടുമുളള ക്ഷേത്രോത്സങ്ങൾ. വെടിക്കെട്ടും
ബാന്റുമേളവുമുളള പളളിപ്പെരുന്നാളുകൾ.
”നിങ്ങളിതെങ്ങോട്ടാ…“ പ്രമീളയുടെ ശബ്ദത്തിൽ സ്‌നേഹമോ പരിഹാസമോ….വ്യക്തമല്ല. ”നീയിതു
കണ്ടോ…ഈ കുടയുടെ ശീല അപ്പാടെ തുള വീണിരിക്കുവാ…ഇതൊന്ന് മാറ്റണം. ഇവിടെ ഒരുത്തന്മാർക്കും ഇത്
ശരിയാക്കാനാവില്ല.. നാട്ടിൽ പോണം. അവിടെ എന്റെ ഒരു പഴയ സ്നേഹിതനുണ്ട്…ഒരു ഇബ്രായി…കുട
നന്നാക്കാൻ അവനെ കഴിഞ്ഞിട്ടേയുളളൂ..“
”ഇന്ന് തന്നെ പോകണോ…നാളെയും അവധിയാണല്ലോ…നാളെ പോയാൽ പോരേ…എന്നെയും പിളളാരെയും
തനിച്ചാക്കിയിട്ട്…കുട നന്നാക്കാൻ നാട്ടില് പോണോ…!“
”പ്രമീളേ നീയിങ്ങനെ എല്ലാത്തിനും എതിര് പറയരുത്…മൂന്ന് മൂന്നര മണിക്കൂർ യാത്രയല്ലേയുളളൂ… എത്ര
വൈകിയാലും ഇന്നുതന്നെ ഞാനിങ്ങെത്തും…അകത്ത് എന്തോ വീഴുന്ന ശബ്ദം കേട്ടല്ലോ…അയാൾ ചെവിയോർത്തു.
“ശരിയാ.. ഞാനും കേട്ടു.” പ്രമീളയും സമ്മതിച്ചു. “പോയി നോക്ക്…വേഗം.”
“നിങ്ങടെ അച്ഛന്റെ ഫോട്ടോ മതിലീന്ന് വീണുപൊട്ടിയതാ. തട്ടിൻപുറത്ത് നിന്ന് പൂച്ചക്കുട്ടികള്
ചാടിയതായിരിക്കും. ചില്ല് മുഴുവൻ പൊട്ടിപ്പൊളിഞ്ഞുപോയി….”
“എൻ്റീശ്വരാ…എന്റെ അച്ഛന്റെ ഫോട്ടോ…!! നിന്നോട് പലതവണ പറഞ്ഞിട്ടില്ലേ…ഇവിടെ പൂച്ചക്കുട്ടികളെ
വളർത്തരുതെന്ന്….”
“അയ്യോ…ഇത് ഞാൻ വളർത്തുന്നതല്ല. നിങ്ങടെ പുന്നാരമക്കള് കൊണ്ടുവന്നതാ. ഇതിനിപ്പം ഇത്ര
ചൂടാവാനെന്തിരിക്കുന്നു… ഫോട്ടോയ്‌ക്ക് കുഴപ്പമൊന്നുമില്ലല്ലോ. എവിടെയെങ്കിലും കൊടുത്ത് ഒന്ന് ഫ്രെയിം
ചെയ്‌താൽ പോരേ…. ഏതായാലും നിങ്ങള് കുട നന്നാക്കാൻ വേണ്ടി നാട്ടിൽ പോവുകയല്ലേ….ഇതും കൂടി
കൊണ്ടുപോ….”
“ശരിയാ. അയാൾ തല കുലുക്കി.. ആ കേശവൻകുട്ടിയുടെ മരുമകന്റെ കടയിൽ കൊടുക്കാം. അയാള് നന്നായി
ഫ്രെയിം ചെയ്‌തു തരും. നീയാ കുടയിങ്ങെടുക്ക്…. ഈ ഫോട്ടോ പൊതിഞ്ഞ്, കവറിലിട്ടു താ…മക്കളെ
ഞാനിറങ്ങുന്നു…എത്ര ലേറ്റായാലും ഇന്നുതന്നെ ഞാനിങ്ങെത്തും.”
കാലൻകുട കക്ഷത്തിലൊതുക്കി പ്ലാസ്‌റ്റിക് കവറിൽ ഫോട്ടോയും തൂക്കിപ്പിടിച്ച് ഗേറ്റ് കടന്നുപോകുന്ന അച്ഛനെ
നോക്കി സാന്ദ്രയും സമീരയും കുറെനേരം നിന്നു. പിന്നെ അമ്മയോടു ചോദിച്ചു. “അമ്മേ….അച്ഛനെന്താ
ഈയിടെയായി ഇങ്ങനെയൊക്കെ….”
“ആർക്കറിയാം” പ്രമീള അസഹ്യതയോടെ പുലമ്പി..
നിർത്താതെയുളള കോളിംഗ് ബെല്ല് കേട്ട് കതകു തുറക്കുമ്പോൾ….കക്ഷത്തിലൊതുക്കിയ കാലൻകുടയും കവറിലെ
ഫോട്ടോയുമായി….“അയ്യോ എന്ത് പറ്റി”…പ്രമീള ഭയചകിതയായി..
“ശരീരം തളരുന്നു…വല്ലാത്ത നെഞ്ചുവേദന…..ഇത്തിരി ചൂടുവെളളം….ദാ ഈ കുടയും ഫോട്ടോയും
എടുത്ത് കാറിൽ വച്ചേക്ക്….” അയാൾ ഡോർ തുറന്ന് കാറിന്റെ പിൻസീറ്റിൽ കിടന്നു. ഓടിയെത്തിയ ആരോ
കാർ സ്‌റ്റാർട്ടാക്കി.. ആശുപത്രിയിലേക്ക് കുതിക്കവെ അസഹ്യതയോടെ എന്നാൽ ശാന്തമായി അയാൾ പറഞ്ഞു.
“എനിയ്‌ക്കുറക്കം വരുന്നു. മൂവാണ്ടൻ മാവിന്റെ ചോട്ടിൽ അതിന്റെ തണലിൽ, അതിന്റെ തണുപ്പിൽ എനിക്ക്
ഉറങ്ങണം. എനിക്കെന്റെ ഗ്രാമത്തിലുറങ്ങണം….”
Generated from archived content: nagarikan.html Author: klpaul