എറണാകുളം ചാലക്കുടി നാഷണൽ ഹൈവേയ്‌ക്കരികിൽ തലയുയർത്തി നിൽക്കുന്ന ഒരു ഇരുനിലകെട്ടിടം. അതിനു പിന്നിൽ രണ്ടു വലിയ ഷെഡ്‌ഡുകൾ. മുന്നിലെ അടച്ചിട്ട വലിയ ഗേറ്റിൽ ചുവന്ന അക്ഷരങ്ങളിലെഴുതിയ ബോർഡ്.
അന്യർക്ക് പ്രവേശനം കർശനമായി നിരോധിച്ചിരിക്കുന്നു. ദാസിന്റെ കാർ ഗേറ്റിനരികിൽ വന്നു നിന്നു. ഹോൺ അടിച്ചു. മൂന്നാമത്തെ ഹോണിന് ഗേറ്റിനരികെയുളള ചെറിയ വാതിലിലൂടെ കാക്കിവേഷമിട്ട ഒരു വാച്ച്‌മാൻ തല കാട്ടി ചോദിച്ചു.
ആരെയാണ് കാണേണ്ടത് സർ?
മിസ്‌റ്റർ കൈമൾ. ഞാൻ വരുമെന്ന് നേരത്തേ പറഞ്ഞിരുന്നു.
അയാൾ സല്യൂട്ടടിച്ചു.
സർ ഒരു മിനിട്ട്. ഞാനൊന്നു ചോദിച്ചുകൊളളട്ടെ.
അയാൾ ഗേറ്റടച്ച് അകത്തേക്ക് പോയി. കാറിന്റെ പിൻസീറ്റിലിരുന്ന അമ്പിയുടെയും ബാബുവിന്റെയും ബാലചന്ദ്രന്റെയും നേരെ തിരിഞ്ഞ് ദാസ് പറഞ്ഞുഃ
ഇതെന്താ, ഇതിനകത്ത് ആറ്റംബോംബുണ്ടാക്കുകയാണോ?
ബാബു ചിരിച്ചു.
നായയുണ്ട് സൂക്ഷിക്കുക എന്നുകൂടി എഴുതാമായിരുന്നു ബോർഡിൽ.
ബാലചന്ദ്രൻ ആയിരുന്നു ഈ സന്ദർശനത്തിന് ഉത്തരവാദി. അതുകൊണ്ട് എല്ലാവരും ബാലചന്ദ്രനെ നോക്കി.
ബാലചന്ദ്രൻ ചിരിച്ചു.
ഇതു തുടങ്ങിയിട്ടേ ഉളളൂ. ഇനി അകത്തേക്ക് ചെല്ലുമ്പോൾ, കൈമളുചേട്ടനെ കാണുമ്പോൾ, കാണാൻ പോകുന്ന പൂരം ഞാനെന്തിനാ ഇപ്പഴേ പറയുന്നത്. ഒരു കാര്യം മാത്രമോർത്താൽ മതി. ചേട്ടൻ ഒരു ഒന്നാന്തരം മാർക്കറ്റിംഗ് വിദഗ്‌ധനാണ്. നമുക്ക് ഈ ഫാക്‌ടറി വാങ്ങാനുളള ഉദ്ദേശ്യം ഉണ്ടായേക്കാം എന്ന് പുളളിക്ക് തോന്നിയിട്ടുണ്ട്. തീർച്ച. അപ്പോൾ വിലകൂട്ടാനായി ചേട്ടൻ പലതും കാണിച്ചെന്നിരിക്കും. ഒന്നും പൂർണ്ണമായി വിശ്വസിക്കേണ്ട.
ബിസിനസ്സിൽ ആരേയും പൂർണ്ണമായി വിശ്വസിക്കരുത് എന്നാണല്ലോ തത്ത്വം.
അമ്പി ചോദിച്ചു.
എന്തിനാ കൈമൾ ഈ ഫാക്‌ടറി വിൽക്കുന്നത്?
ആ ചോദ്യത്തിന് ഉത്തരമെന്നപോലെ കൂറ്റൻ ഗേറ്റ് ഇരുവശത്തേക്കും തുറന്നുകൊണ്ട് വാച്ച്‌മാൻ ചിരിച്ചു. കാറ് വിശാലമായ പൂന്തോട്ടത്തിലേക്ക് കയറിയപ്പോൾ പിന്നിൽ ഗേറ്റടഞ്ഞു. അർധവൃത്തത്തിലുളള പൂന്തോട്ടത്തിനിരുവശവും ചരൽ വിരിച്ച പാത. പൂന്തോട്ടത്തിനു നടുവിൽ ഒരു ചെറിയ സിമന്റുകുളം. അതിൽ ആമ്പൽപ്പൂക്കളും മൽസ്യങ്ങളും. പുഷ്‌പപ്രദർശനത്തിലെ ഒന്നാംസമ്മാനം നേടിയ സ്‌റ്റാളിനുമുൻപിൽ നിരത്തിയിരിക്കുന്ന പൂച്ചട്ടികളിലെ വിവിധ വർണ്ണങ്ങളിലുളള റോസാപ്പൂക്കളെപ്പോലെ വൈവിധ്യമാർന്ന ദൃശ്യം. സൈഡിലുളള പുൽത്തകിടിക്കരികിൽ പഴുത്ത ചാമ്പയ്‌ക്കാകുലകൾ അണിഞ്ഞ രണ്ടു ചാമ്പ മരങ്ങൾ.
ബാബു ഉറക്കെ ആത്മഗതം ചെയ്‌തു.
ഇതെന്താ നമ്മൾ ബൊട്ടാണിക്കൽ ഗാർഡൻസിലോ മറ്റോ ചെന്നുപെട്ടോ!
ചുറ്റുപാടുമുളള പച്ചപ്പ് എ.പി.ദാസിനേയും വല്ലാതെ ആകർഷിച്ചു. അദ്ദേഹം എന്തോ കഥ പറയാൻ തുടങ്ങി; പക്ഷേ, പെട്ടെന്ന് നിർത്തി.
വാച്ച്‌മാൻ പറഞ്ഞു.
റിസപ്‌ഷനിലേക്ക് ചെല്ലു.
റിസപ്‌ഷൻ എന്ന ബോർഡുവച്ച വാതിലും അടഞ്ഞു കിടന്നിരുന്നു. അതു തളളിത്തുറന്ന് അകത്തേയ്‌ക്ക് പ്രവേശിച്ചു. സുന്ദരിയായ ഒരു പെൺകുട്ടി. വളരെ ധൃതിയിൽ സൈഡിലുളള കംപ്യൂട്ടറിന്റെ കീകളിൽ എന്തൊക്കെയോ അമർത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ തലയുയർത്താതെ പറഞ്ഞു.
വൺമിനിട്ട് പ്ലീസ്. പ്ലീസ് ബീ സീറ്റഡ്.
വിശാലമായ ഹാൾ. ചുവരിൽ പ്രകൃതിദൃശ്യങ്ങളുടെ രണ്ടു പെയിന്റിംഗുകൾ പെൺകുട്ടിയുടെ മേശപ്പുറത്ത് മൂന്നു നിറങ്ങളിലുളള ടെലിഫോണുകൾ.
രണ്ടു മിനിട്ട് നേരം കമ്പ്യൂട്ടറിൽ ശബ്‌ദമുണ്ടാക്കിക്കൊണ്ടിരുന്നതല്ലാതെ തങ്ങളെ ശ്രദ്ധിക്കാതിരുന്നപ്പോൾ ബാബു അമ്പിയുടെ ചെവിയിൽ പറഞ്ഞുഃ
നമുക്ക് ഇവളെ അങ്ങനെ വെറുതെ വിടാൻ പാടില്ല.
എന്നിട്ട് അർത്ഥപൂർവ്വം ബാലചന്ദ്രനെ നോക്കി. രണ്ടു മിനിട്ട് കൂടികഴിഞ്ഞു. റിസപ്‌ഷനിസ്‌റ്റ് പെട്ടെന്ന് തലയുയർത്തി അവരെ നോക്കി ചിരിച്ചു.
വാട്ട് കാൻ ഐ ഡു ഫോർ യു?
ബാബു എഴുന്നേറ്റ് മേശയുടെ അടുത്തേക്ക് ചെന്നു പറഞ്ഞുഃ
ഞങ്ങൾക്ക് കൈമൾ സാറിനെ കാണണം.
നിങ്ങൾക്ക് അപ്പോയ്‌ന്റ്‌മെന്റുണ്ടോ?
ബാബു ചിരിച്ചു.
ഇല്ല.
എന്നാൽ ഐ ആം സോറി. സാറിനെ കാണാൻ പറ്റുകയില്ല. ഹീ ഈസ് ബിസി ഇൻ എ മീറ്റിംഗ്.
ഒന്നു ചോദിച്ചുനോക്കൂ. അദ്ദേഹത്തിന് അൽപ്പസമയം കിട്ടുമോയെന്ന്.
റിസപ്‌ഷനിസ്‌റ്റ് അഞ്ചുനിമിഷം ബാബുവിനെ സൂക്ഷിച്ചുനോക്കി. എന്നിട്ട് പറഞ്ഞു.
ശരി; നിങ്ങളുടെ പേര്?
ബാബു പറഞ്ഞുഃ
എ.പി.ദാസ്.
അദ്ദേഹത്തെ കാണേണ്ട ആവശ്യം?
ബാബു സ്വരം താഴ്‌ത്തിഃ
അതു പറയണോ?
വേണം. അതാണിവിടത്തെ പ്രൊസീജിയർ.
അവളുടെ വിരലുകൾ ധൃതഗതിയിൽ കമ്പ്യൂട്ടറിന്റെ കീകളിൽ ചരിച്ചു. സ്‌ക്രീനിൽ വന്ന അക്ഷരങ്ങൾ ബാബു കണ്ടു.
മിസ്‌റ്റർ എ.പി. ദാസ് ടൈം 15.22 പർപ്പസ്
അവൾ മുഖമുയർത്തി. ബാബു മേശപ്പുറത്ത് കൈമുട്ടുകൾ കുത്തി സ്വരംതാഴ്‌ത്തി ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞുഃ
കഴുവേർട മോളേ, ഈ വേലയൊന്നും ഞങ്ങളോടിറക്കേണ്ട. നിനക്ക് ഈ ജോലി വേണോ? ഞങ്ങളീ ഫാക്‌ടറി മേടിക്കാൻ പോകുകയാ. ആ കൈമളിന്റെ മുറി ഏതാണെന്ന് കാണിച്ചു താ.
അവളുടെ മുഖം വിവർണ്ണമായി. വാക്കുകൾ പുറത്തേക്ക് വന്നില്ല. അവൾ എഴുന്നേറ്റു അടഞ്ഞുകിടന്നിരുന്ന മൂന്നു വാതിലുകളിൽ ഒന്നിലേക്ക് ചൂണ്ടിക്കാണിച്ചു.
ബാബു ചിരിച്ചു.
കൈമൾ പറഞ്ഞിരുന്നോ നിന്നോടിങ്ങനെയൊക്കെ കാണിക്കാൻ? അവൾ തലയാട്ടി.
ബാബു പറഞ്ഞുഃ
സാരമില്ല. ഞങ്ങൾ ഫാക്‌ടറി നടത്തുമ്പോഴും നീ ഇതുപോലെ അനുസരണശീലം കാണിച്ചാൽ മതി.
ബാബു തിരിഞ്ഞ് കൂട്ടുകാരോടു പറഞ്ഞു.
അപ്പോയ്‌മെന്റ് കിട്ടി. വരൂ.
കൈമൾ ബുദ്ധിമാനായിരുന്നു. കഴിഞ്ഞ പത്തുമിനിട്ടായി അദ്ദേഹം അക്ഷമനായി റിസപ്‌ഷനിസ്‌റ്റിന്റെ ഇന്റർകോമിലൂടെയുളള ശബ്‌ദം കാത്തിരിക്കുകയായിരുന്നു. പത്തുമിനിട്ടെങ്കിലും ഇരുത്തിയിട്ടേ അവരെ അകത്തേക്കു കൊണ്ടുവരാവു എന്ന് പ്രത്യേകം പറഞ്ഞിരുന്നതാണ്. പക്ഷേ, പെട്ടെന്ന് കതകുതുറന്ന് ബാലചന്ദ്രനും കൂട്ടരും അകത്തേക്ക് പ്രവേശിച്ചപ്പോൾ അരനിമിഷം ഒന്നു പതറിയെങ്കിലും അദ്ദേഹം സമനില വീണ്ടെടുത്തു. എഴുന്നേറ്റ് ഇരുകൈകളും വിടർത്തി പൊട്ടിച്ചിരിച്ചുകൊണ്ട് അവരെ സ്വാഗതം ചെയ്‌തു.
വെൽകം, വെൽകം.
ആറടിപൊക്കം. ഒത്ത തടി. തുടുത്ത കവിളുകൾ. കറുത്ത ചുരുണ്ട മുടി. ഡൈ ചെയ്‌തതാണെന്നു കണ്ടാലറിയാം. കഷ്‌ടിച്ച് കാലിഞ്ച് വളർന്ന താടി. കനത്ത മേൽമീശ. അവയ്‌ക്ക് ചാരനിറമാണ്. മേൽമീശയുടെ അറ്റം അൽപ്പം കൂർത്ത്, മേലോട്ടേക്ക് മെഴുകിട്ട് തിരുപ്പിടിപ്പിച്ച മാതിരി.
കൈമള്‌സാറിന്റെ വാക്കുകൾക്കുതന്നെ അധികാരത്തിന്റെയും ശക്തിയുടെയും സ്വരമായിരുന്നു. എതിരു പറയാൻ നാവുയരുകയില്ല.
കൈമള്‌സാറ് പറഞ്ഞുഃ
വരൂ, വരൂ, മിസ്‌റ്റർ ബാലചന്ദ്രൻ. ഐ നെവർ എക്‌സ്‌പെക്‌റ്റഡ് എ ബിഗ് ക്രൗഡ്. ഐ വാസ്…..
അദ്ദേഹം എതിരെ ഭിത്തിയിൽ മിന്നിക്കൊണ്ടിരുന്ന ഡിജിറ്റൽ ക്ലോക്കിലെ അക്ഷരങ്ങൾ നോക്കി.
ഞാൻ ത്രീ ഒ ക്ലോക്കിന് ഷാർപ്പ് പ്രതീക്ഷിച്ചിരുന്നു. നെവർ മൈൻഡ്. സാരമില്ല. ഫോർ ഫിഫ്‌റ്റീന് എനിക്കൊരു അപ്പോയ്‌മെന്റുണ്ട്. അതുവരെ വീ കാൻ ഡിസ്്ക്കസ്.
എന്നിട്ടു കണ്ണിറുക്കി.
ബോംബേന്ന് നമ്മുടെ ഗ്ലോബൽ ബിസിനസ് മാസികക്കാർ കുറെ നാളായി ഇൻർവ്യൂവിനു നടക്കുന്നു. ഐ ടോൾഡ് ദെം. ഞാൻ അടങ്ങിയൊതുങ്ങി, പേരിലും പ്രശസ്‌തിയിലും ഒട്ടും ആഗ്രഹമില്ലാതെ കഴിയുന്ന ഒരു പാവം ഇൻഡസ്‌ട്രിയലിസ്‌റ്റാണ്. വേണ്ട, വേണ്ട. പക്ഷേ അവർ സമ്മതിക്കേണ്ടേ? നമ്മുടെ കർക്കാരെയുടെ മകനാ ഇപ്പോഴതിന്റെ എഡിറ്റർ. മിനിയാന്ന് രാത്രിയിൽ പത്തു മണിക്ക് ഫോണിൽ വിളിച്ച് അരമണിക്കൂർ അങ്കിൾ, ഒന്നു സമ്മതിക്കൂ. കേരളായിൽ ഇൻഡസ്‌ട്രി സക്‌സസ്സ് ആയി നടത്തുന്ന അപൂർവ്വം ചിലരിൽ പ്രധാനിയല്ലേ അങ്കിൾ. അങ്കിളിന്റെ ഒരു ഇന്റർവ്യൂ ഞങ്ങളുടെ പത്രത്തിന് അന്തസ്സായിരിക്കും. ഞാനവസാനം സമ്മതിച്ചു. കർക്കാരെ എനിക്കു വേണ്ടപ്പെട്ടവനാ. ഗുഡ് ഫ്രണ്ട്. എന്തോവാണ് ജീവിതത്തിൽ ആകെക്കൂടി, അന്തിമമായി നോക്കിയാൽ…? ഫ്രണ്ട്‌ഷിപ്പില്ലാതെ. ങേ?
ബാബു പറഞ്ഞുഃ
അതേ ശരിയാ. കർക്കാരേയുടെ മകൻ രമേശാണോ അതോ രാകേശാണോ എഡിറ്റർ?
കൈമൾ പറഞ്ഞു.
രാകേശ്. അറിയുമോ?
അറിയുമോന്ന്. ഞങ്ങളൊരുമിച്ചായിരുന്നു ഒരു വർഷം. ഹീവാസ് സീനിയർ ടു മി. ഗുഡ്. ഏതായാലും നന്നായി. അവർ ഇവിടെ വരുന്നുണ്ടോ?
എന്നിട്ട് ബാബു അമ്പിയെ നോക്കി.
നിന്നോട് പറഞ്ഞില്ലേ, പണ്ട് പൂനായിൽവച്ച് പോലീസ് പിടിച്ച് ഒരു രാത്രി ലോക്കപ്പിൽ…
അമ്പിക്ക് ഒന്നും മനസ്സിലായില്ല. എങ്കിലും ബാബുവിന്റെ ഗൗരവത്തിലുളള നോട്ടത്തിനു മുന്നിൽ സമ്മതിച്ചു.
പൂനയിൽ… അതെ…. ആ പാർട്ടിയാണോ?
അവൻ തന്നെ
കൈമളുടെ പരുങ്ങൾ കണ്ടപ്പോൾ എ.പി. ദാസിന് സന്തോഷമായി. ദാസ് രംഗം കൂടുതൽ വഷളാകാതിരിക്കാനായി കൈ നീട്ടി പറഞ്ഞു.
ഐയാം, എ.പി.ദാസ്.
ബാലചന്ദ്രൻ ചിരിച്ചു.
ഞാൻ ഇൻട്രൊഡ്യൂസ് ചെയ്യാൻ മറന്നു. മി.എ.പി.ദാസ് റിട്ടയേഡ് ഫ്രം ബിർളാസ്. പിന്നെ ബാബു മാത്യു വർഗ്ഗീസ് ഫ്രം മാവേലിക്കര. നിയർ മാവേലിക്കര. ഹീ ഈസ് ആൻ എൻജിനീയർ.
കൈമൾ ഷേക്ക്‌ഹാൻഡ് ചെയ്‌തു.
ഇൻ?
ഇൻഡസ്‌ട്രിയൽ എഞ്ചിനീയറിംഗ്.
ഗുഡ്.
ഇത് അമ്പി. മിസ്‌റ്റർ മുത്തുമണി അയ്യർ. ചാർട്ടേഡ് അക്കൗണ്ടന്റാണ്. ഫ്രം പൂഞ്ഞാർ. നിയർ പാലാ.
ഗ്ലാഡ് ടു മീറ്റ് യു. ഞാൻ കൈമൾ. ശിവശങ്കരക്കൈമൾ. ഇൻഡസ്‌ട്രി സർക്കിളിൽ ഐയാം സിംപിൾ എസ്.എസ്.കെ.
പെട്ടെന്ന് ഇന്റർകോം ശബ്‌ദിച്ചു.
എക്‌സ്‌ക്യൂസ്‌മീ എന്നു പറഞ്ഞ് കൈമൾ റിസീവറെടുത്തു.
യെസ്?
അൽപ്പം നിശ്ശബ്‌ദത.
ശരി. കാണാം. എയിറ്റ് തേർട്ടി. ഓകെ. ഐ വിൽ വെയിറ്റ്.
എന്നിട്ട് റിസീവർ താഴെ വച്ച് അദ്ദേഹം ചിന്താമഗ്നനായി നെറ്റി തടവി.
എന്താ?
ഒന്നുമില്ല. ആ ഇൻഡസ്‌ട്രീസ് മിനിസ്‌റ്ററുടെ ഓഫീസിൽ നിന്നായിരുന്നു ഫോൺ. വൈകിട്ട് ഞാനിവിടെ കാണുമോ എന്ന്. എയിറ്റ് തേർട്ടിക്ക്. ഹീ വാൺട്‌സ് സംതിങ്ങ് ഫോർ ഹിം. തീർച്ചയാണ്. അല്ലെങ്കിൽ ഇവര് നമ്മളെ കാണാൻ വരുമോ?
ബാബു മുറിയിൽ നാലുപാടും കണ്ണോടിച്ചു. തടികൊണ്ടു തീർത്ത പഴയ തറവാടുപൂമുഖത്തിന്റെ ഡിസൈനാണ് ആഫീസ് ചേംബറിന്. ഭിത്തിയിൽ യാതൊന്നുമില്ല. തടിയിൽ പ്രകൃതി വരക്കുന്ന വരകളൊഴികെ. കൈമളുടെ കസേരയ്‌ക്ക് നേരെ എതിരെ ഭിത്തിയിൽ ഉയരത്തിലുളള ക്ലോക്ക് മാത്രമാണ് ഒരു അലങ്കാരം. ഒരു ഷാൻഡിലീയർ. ഒത്ത നടുവിൽ മേശപ്പുറത്ത് ഫയലുകളൊന്നുമില്ല. സൈഡ്‌ടേബിളിൽ ഒരു കംപ്യൂട്ടർ. ടെലിഫോണുകൾ. മുറിയുടെ ഒരു മൂലയ്‌ക്ക് ടി.വി. മറ്റേ കോണിൽ ഫ്രിഡ്‌ജ്. ബാബു അദ്ദേഹത്തിന്റെ തുടുത്ത കവിളുകളിലേക്ക് സൂക്ഷിച്ചു നോക്കി.
ആള് ബഡായി ആണെങ്കിലും കലാകാരനാണ്. വെളിയിലെ പൂന്തോട്ടവും ഈ മുറിയും.
കൈമളുടെ ശബ്‌ദം.
സത്യം പറഞ്ഞാൽ ഞാനൊരു ഫിക്‌സിലാണ്. ഈ മന്ത്രി ഇപ്പോൾ എന്നെ കാണാൻ വരുന്നത് എന്തിനാണെന്ന് എനിക്കറിയാം. ഹേഗിലെ യുണൈറ്റഡ് നേഷൻസിന്റെ കഴിഞ്ഞ സമ്മേളനത്തിലെ ഒരു പ്രമേയപ്രകാരം വ്യവസായവൽക്കരണം, ഡെവലപ്പിംഗ് കൺട്രീസിലെ പ്രകൃതിയെ ബാധിക്കാതിരിക്കാൻ റെക്കമന്റേഷൻസ് കൊടുക്കാനുളള ഒരു വർക്കിംഗ് ഗ്രൂപ്പുണ്ട്. അതിൽ ഒരു ഇന്ത്യക്കാരൻ മെമ്പറാകണം. ഞാനാകണമെന്ന് ഡൽഹിയിൽ നിന്ന് പ്രഷർ. എനിക്കാണെങ്കിൽ പോകാൻ പറ്റുകില്ല.
എന്തേ?
അനിയാ, പോയാൽ കുടുങ്ങും. നമ്മളെപ്പോലെ ഒരാളെ കിട്ടിയാൽ യു.എൻകാര് വിടുമോ? പിന്നെ ഈ ഫാക്‌ടറി. ഈ
അന്തരീക്ഷം.
സർ, ലോകത്തിന്റെ നന്മയ്‌ക്കു വേണ്ടിയല്ലേ; നമ്മുടെ സ്വാർത്ഥത്തേക്കാൾ…..
ബാബുവിന്റെ വാക്കുകളിൽ നിറഞ്ഞുനിന്നിരുന്ന ഗൗരവം കണ്ട് അമ്പി ചിരിയടക്കാൻ പാടുപെട്ടു.
ബാലചന്ദ്രൻ പറഞ്ഞു.
എന്റെ കൈമള്‌ചേട്ടാ! അതിനൊരു പ്രതിവിധിയുംകൊണ്ടാണ് ഞങ്ങൾ വന്നിരിക്കുന്നത്.
എന്താ?
ഞങ്ങളെ ഈ ഫാക്‌ടറിയൊന്നു കാണിക്കൂ. എന്നിട്ടു പറയാം പ്ലാനുകൾ.
കൈമൾ സംശയഭാവത്തിൽ അൽപ്പനേരം ഇരുന്നു.
ഞാൻ എന്റെ ഫാക്‌ടറി ആരെയും കാണിക്കാറില്ല. പക്ഷേ, നിങ്ങളെ… വേണോ?
വേണം.
ബട്ട് യു വിൽ ബി സർപ്രൈസ്‌ഡ്. ഫാക്‌ടറിയിൽ ഒന്നും കാണാനുണ്ടാകുകയില്ല.
എന്തേ?
ലെറ്റിറ്റ് ബി എ സസ്‌പെൻസ്. വരൂ.
Generated from archived content: privatelimited9.html Author: klm_novel