എട്ട്‌

എ.പി.ദാസിന്റെ കാറ്‌ കുഴിയിലേക്ക്‌ എടുത്തുചാടി ഒന്ന്‌ നിവർന്നപ്പോൾ അദ്ദേഹത്തിന്‌ ഐഡിയ കിട്ടി.

പിന്നീട്‌ ഇതേക്കുറിച്ച്‌ രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പ്‌ ദേവകിദാസിനോട്‌ അദ്ദേഹം വിവരിച്ചു.

മഹത്തായ പല ഐഡിയകളും തീരെ യാദൃച്ഛികമായ സംഭവങ്ങളിൽ നിന്നാണ്‌ ഉണ്ടാകുന്നത്‌. ദേവകി കേട്ടിട്ടില്ലേ? ഐസക്‌ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണത്‌. ആർക്കമഡീസ്‌ കുളിത്തൊട്ടിയിലെ വെളളത്തിൽ നിന്ന്‌ ഇറങ്ങി ഓടിയത്‌.

എ.പി.ദാസിന്റെ ഭാര്യ ദേവകിദാസ്‌ ഏറെക്കാലം ഭർത്താവിനൊപ്പം ഉത്തരേന്ത്യയിലും കൽക്കത്തയിലും മറ്റുമായിരുന്നു താമസിച്ചിരുന്നതെങ്കിലും അവർക്ക്‌ തന്റെ നാടൻ ഗ്രാമീണത്വത്തിൽ നിന്ന്‌ മോചനം നേടാൻ കഴിഞ്ഞിരുന്നില്ല. പ്രത്യേകിച്ച്‌ യാതൊരഭിപ്രായവും ഭർത്താവിന്റെ ചെയ്‌തികളെക്കുറിച്ച്‌ അവർക്കുണ്ടാകാറുമില്ലായിരുന്നു. കൽക്കത്തയിൽ നിന്ന്‌ റിട്ടയറായി വന്നിട്ട്‌ ഒരു വർഷം കഴിഞ്ഞു. മൂന്ന്‌ കുട്ടികളും കല്യാണം കഴിഞ്ഞ്‌ സ്വന്തം കുടുംബങ്ങളും പ്രാരാബ്‌ധങ്ങളുമായി വടക്കേ ഇന്ത്യയിലെ നഗരങ്ങളിലാണ്‌. എല്ലാം ബിർളയുടെ അധീനതയിലുളള കമ്പനികളിൽ. ഇടയ്‌ക്ക്‌ അവരെയൊക്കെ കാണണമെന്ന്‌ തോന്നാറുണ്ടായിരുന്നെങ്കിലും ലീവെടുത്ത്‌ നാട്ടിലേക്ക്‌ വരാൻ നിർബന്ധിക്കുന്ന മട്ടിൽ ഒന്നും എഴുതരുതെന്ന്‌ ഭർത്താവ്‌ കർശനമായി നിർദേശിച്ചിരുന്നു. ചെറുപ്പകാലമാണ്‌. പണിയെടുക്കേണ്ട സമയം. ഇപ്പോഴാണ്‌ നമ്മൾ നമ്മുടെ കഴിവുകൾ കാണിക്കേണ്ടത്‌. ബിർളാസാമ്രാജ്യത്തിൽ ഇക്കാലത്ത്‌ ഏതു നിലവരെയും ഉയർന്നെത്താൻ സാധിക്കും. അങ്ങിനെ പണിചെയ്‌ത്‌ സ്വന്തം ഭാവി കരുപ്പെടുത്തേണ്ട കാലത്ത്‌, അമ്മയെ കാണണം, അച്‌ഛനെ കാണണം എന്നു തുടങ്ങിയ വെറും സെന്റിമെന്റൽ ചിന്തകൾ!

ദേ, ഒരു കാര്യം പറയാം, ദേവകീ. നമുക്കവരെ കാണണമെന്നുണ്ടെങ്കിൽ നമുക്കു രണ്ടുപേർക്കുംകൂടി ഇടക്ക്‌ ഒരു ടൂർ നടത്താം.

ദേവകിദാസ്‌ അങ്ങിനെയൊരു അഖിലേന്ത്യാപര്യടനത്തിന്‌ മെല്ലെ ഭർത്താവിനെ ഏകദേശം സമ്മതിപ്പിച്ച്‌ കഴിഞ്ഞപ്പോഴാണ്‌ അപകടം സംഭവിച്ചത്‌.

പുതിയ ഒരു വ്യവസായം തുടങ്ങുക. മത്തായിച്ചന്റെ മകനും അതുപോലുളള ചെറുപ്പക്കാർക്കും കൊളളാം. പക്ഷേ, ഈ വയസുകാലത്ത്‌ തന്റെ ഭർത്താവ്‌ ആവേശപൂർവം ഇറങ്ങിത്തിരിക്കുന്നത്‌ കണ്ടപ്പോൾ ആദ്യം തമാശയാണ്‌ തോന്നിയത്‌. നാലഞ്ചുദിവസം കഴിയുമ്പോൾ താനേ ഈ ബഹളം നിന്നുകൊളളും എന്നു കരുതി.

കണക്കുകൂട്ടൽ തെറ്റി. എ.പി.ദാസ്‌ അനുദിനം ഈ പുതിയ സംരംഭത്തിൽ ഒരുമാതിരി വാശിയോടെ ഇറങ്ങുകയായിരുന്നു.

എതിരൊന്നും പറഞ്ഞില്ല. എല്ലാം കേട്ടു. ഡൽഹിയിലുളള മൂത്തമകന്‌ കത്തെഴുതിയപ്പോൾ ഒന്നു സൂചിപ്പിച്ചു. ഇപ്പോൾ അച്‌ഛന്‌ വിശ്രമമില്ല. ഇരിക്കാൻ നേരമില്ല. ജോലിയിലുണ്ടായിരുന്നപ്പോഴേത്തേക്കാൾ തിരക്കാണ്‌. കുറച്ച്‌ പിളേളരുടെ കൂടെ ഒരു വ്യവസായം തുടങ്ങാൻ പോകുകയാണ്‌.

അതുകൊണ്ട്‌ എ.പി.ദാസ്‌ രാത്രിയിൽ തന്റെ പുതിയ ഐഡിയയെക്കുറിച്ച്‌ സംസാരിക്കാൻ തുടങ്ങിയപ്പോൾ ദേവകിദാസ്‌ എല്ലാം മൂളിക്കേട്ടു.

എ.പി. ദാസ്‌ പറഞ്ഞു.

കാറ്‌ കുഴിയിലേക്കു ചാടിയപ്പോൾ എന്റെ നടുവും കാറിന്റെ ആക്‌സിലും ഒരുമിച്ച്‌ ഒടിഞ്ഞുവെന്നാണ്‌ ഞാൻ കരുതിയത്‌. അപ്പോൾ ഡ്രൈവർ പറയുകയാണ്‌ കഴിഞ്ഞ കൊല്ലത്തെവച്ച്‌ നോക്കുമ്പോൾ റോഡിലെ കുഴികളുടെ എണ്ണം കുറവായിരുന്നുവെന്ന്‌. ചില കുഴികൾക്ക്‌ ആഴം കൂടും. അത്രേയുളളുവെന്ന്‌. പെട്ടെന്നാണ്‌ എനിക്ക്‌ ദേവകീ, ഐഡിയ കിട്ടിയത്‌. നമ്മൾ തുടങ്ങാൻ പോകുന്ന വ്യവസായം റോഡുമായി ബന്ധപ്പെട്ട ഏതെങ്കിലുമായിരിക്കണം. അതും എറണാകുളത്തെ റോഡുകൾ. ഇവിടത്തെ മണ്ണ്‌ ചതുപ്പുനിലത്തിലെ എക്കലും ഇഷ്‌ടികക്ക്‌ ഉപയോഗിക്കാവുന്ന തരം കളിമണ്ണിന്റെ വകഭേദവും ചേർന്നുളളതാണ്‌. ഈ മണ്ണിലൂടെ വെളളം ചോർന്നു പോകാൻ വിഷമമാണ്‌. അതുകൊണ്ടാണ്‌ ഇവിടെ റോഡുകൾ എത്ര നന്നാക്കിയാലും ഒരു നല്ല മഴ പെയ്‌തു കഴിഞ്ഞാൽ ഈർപ്പം റോഡിന്റെ ഉപരിതലത്തിലെ ടാറിലേക്ക്‌ നിരന്തരമായി സമ്മർദ്ദം ചെലുത്തി കുഴികളുണ്ടാക്കുന്നത്‌. അതുകൊണ്ട്‌ റോഡിൽ പാകത്തക്കവിധം ഒരു പ്രത്യേകതരം ഇഷ്‌ടികകളുണ്ടാക്കുക. വെളളം അതിവേഗം ചോർന്നു പോകണം. ആ രീതിയിൽ ആയിരിക്കണം ഇഷ്‌ടികയുടെ ചേരുവ.

ശ്രീമതി. ദേവകിദാസ്‌ എതിരൊന്നും പറയാതെ മൂളിക്കൊണ്ടിരുന്നു. ദാസിന്‌ സന്തോഷം തോന്നി. ഉച്ചക്ക്‌ ഈ ഐഡിയ ബാബുവിന്റെയും അമ്പിയുടെയും മുന്നിൽ അവതരിച്ചപ്പോൾ അനുകൂലമായ പ്രതികരണമല്ല ഉണ്ടായത്‌. കഴിഞ്ഞ ഒരാഴ്‌ചയായി എന്നും പ്രധാന ചർച്ചാ വിഷയം ഏത്‌ വ്യവസായമാണ്‌ തുടങ്ങേണ്ടത്‌ എന്നായിരുന്നു.

ലോഡ്‌ജിലെ സജീവമായ ഓഫീസ്‌മുറി. ബാബുവിനേയും അമ്പിയേയും കൂടാതെ ഇടക്ക്‌ ബാലചന്ദ്രനും വരും. ഒരു ദിവസം ലോകം മുഴുവൻ തന്റെ കാല്‌ക്കീഴിലാണെന്ന്‌ പൂർണ്ണവിശ്വാസമുളള മട്ടിൽ സംസാരിച്ചുകൊണ്ടിരുന്ന പ്രവീൺമേനോൻ എന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു.

പ്രവീൺമേനോൻ തമാശയായിട്ടാണോ അതോ ഗൗരവമായിട്ടാണോ പറയുന്നതെന്ന്‌ നമുക്ക്‌ മനസ്സിലാകാത്ത വിധത്തിൽ ഒരു അർത്ഥമന്ദസ്‌മിതത്തോടെ മാത്രമേ വാക്കുകൾ പുറത്തുവിട്ടിരുന്നുളളൂ. തന്റെ അഭിപ്രായമാണ്‌. വേണമെങ്കിൽ സീരിയസായിട്ടെടുക്കാം. അതല്ലെങ്കിൽ തമാശയായി കരുതി തളളിക്കളയാം. ഇതായിരുന്നു ലൈൻ.

പ്രവീൺമേനോൻ അഭിപ്രായം പറഞ്ഞു.

ഇന്ന്‌ കേരളത്തിൽ ഏറ്റവും നന്നായി നടത്താൻ സാധിക്കുന്ന രണ്ട്‌ വ്യവസായങ്ങളേ ഉളളൂ ഒന്ന്‌ സ്‌കൂൾ, രണ്ട്‌ ആശുപത്രി; യാതൊരു തരം അർദ്ധസത്യങ്ങൾ നിറഞ്ഞ പരസ്യമോ കളളത്തരമോ കാട്ടാതെ നമ്മുടെ ഉപഭോക്താക്കൾ സ്വമനസ്സാലെ നാം പറയുന്ന വിലക്ക്‌ ഉൽപ്പന്നങ്ങൾ വാങ്ങാൻ സന്നദ്ധരായിട്ടുളള ഈ രണ്ട്‌ മേഖലകളേ ഉളളൂ.

അമ്പി ചിരിച്ചു. അമ്പിയോട്‌ നാട്ടിലെ സ്‌കൂൾടീച്ചർ കുറുപ്പ്‌സാർ നൽകിയ ഉപദേശവുമായിരുന്നു ഇത്‌.

അമ്പിക്ക്‌ ഗൾഫിൽ പോകാതെ നാട്ടിൽനിന്നുതന്നെ വ്യവസായം നടത്തി ജീവിക്കണമെന്നല്ലേ ആഗ്രഹം? അതിന്‌ ഏറ്റവും നല്ല വ്യവസായം സ്‌കൂൾ ആണ്‌. ഒരു ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ. ഏറ്റവും പുതിയ രീതിയിൽ സംവിധാനം ചെയ്‌ത, മൂന്നു വയസ്സു മുതൽതന്നെ കുട്ടികൾക്ക്‌ അഡ്‌മിഷൻ നൽകുന്ന സ്‌കൂൾ.

അമ്പിക്ക്‌ വിഷമം തോന്നി. കുറുപ്പ്‌സാർ ഇത്‌ പറയുകയോ! അമ്പി ചോദിച്ചുഃ

സാർ ഈ സ്‌കൂൾ എന്നു പറയുന്നത്‌ ഒരു വ്യവസായമാണോ?

അല്ലാതെ പിന്നെന്താ? വ്യവസായത്തിനു വേണ്ട എല്ല ഘടകങ്ങളും വിദ്യാഭ്യാസ സ്ഥാപനത്തിന്‌ ഇല്ലേ? ഉപഭോക്താവിന്‌ വേണ്ടതായ പ്രൊഡക്‌ട്‌. പലർക്കും പല രീതിയിലാണെന്നേയുളളൂ. ചിലർക്ക്‌ ഏറ്റവുമധികം മാർക്ക്‌. ചിലർക്ക്‌ നന്നായി ഇംഗ്ലീഷ്‌ സംസാരിക്കണം. ചിലർക്ക്‌ തങ്ങളെക്കാൾ നന്നായി കുട്ടികളെ പകൽസമയത്ത്‌ പരിചരിക്കാൻ സൗകര്യം. ഉൽപ്പാദകന്‌ പ്രോഡക്‌ടിന്‌ വിലയിടാം. മൽസരം ഉണ്ടാകും. പക്ഷേ ക്വാളിറ്റി, സ്‌കൂളിന്റെ അന്തസ്സ്‌, അതിന്റെ ആധുനികത എല്ലാം വിലയെ രണ്ടാംനിരയിലേക്ക്‌ തളളും.

അമ്പി കുറുപ്പ്‌സാറിനെ സമാധാനിപ്പിച്ചു.

എന്തായാലും സ്‌കൂൾ വ്യവസായം ഞങ്ങൾ തുടങ്ങുന്നില്ല തീർച്ച.

ഇപ്പോൾ പ്രവീൺമേനോനും അതുതന്നെയാണ്‌ പറയുന്നത്‌. എല്ലാവരും അത്‌ തമാശയായി അംഗീകരിച്ച്‌ തളളിക്കളഞ്ഞു. ഏത്‌ വ്യവസായമായാലും അതിന്‌ ആവശ്യമായ അടിസ്ഥാനഘടകങ്ങൾ വളരെ പ്രധാനമാണ്‌. ആദ്യമായി നോക്കേണ്ടത്‌ ഉൽപ്പന്നം വിറ്റഴിയാൻ സാധ്യതയുണ്ടോ എന്നതാണ്‌.

എ.പി. ദാസ്‌ തന്റെ അനുഭവങ്ങൾ പങ്കിട്ടു.

ബിർളാഗ്രൂപ്പ്‌ അനവധി പ്രൊഡക്‌ട്‌സ്‌ തീരെ സാമ്യമില്ലാത്ത മേഖലകളിൽ ഉൽപ്പാദിപ്പിക്കുന്നതിന്‌ ഒട്ടും മടി കാണിക്കാറില്ല. തുണി, സിമന്റ്‌, കെമിക്കൽ, എഞ്ചിനീയറിംഗ്‌, പേപ്പർ, ഷിപ്പിംഗ്‌, റയോൺ, അലൂമിനിയം, ചായ, വൈദ്യുതി ഏതൊക്കെ മേഖലകളിലാണെന്നോ അവർക്ക്‌ കൈയുളളത്‌! എല്ലായിടവും വിറ്റുപോകാൻ സാധ്യതയുളള അനവധി ഉൽപ്പന്നങ്ങൾ ഉളളതുകൊണ്ട്‌ എവിടെയെങ്കിലും ഭീമമായ തകർച്ചയുണ്ടായാലും അത്‌ മറ്റ്‌ വ്യവസായങ്ങളെ ബാധിക്കുകയില്ല. ഗ്രൂപ്പിന്‌ ആകെക്കൂടി നേട്ടവുമാകും. പക്ഷേ, ഇതിനു നേരെ എതിരാണ്‌ കഴിഞ്ഞ പത്തിരുപത്‌ വർഷംകൊണ്ട്‌ ഇന്ത്യൻ വ്യവസായ ഗ്രൂപ്പുകളിൽ ഏറ്റവും ഉയരത്തിലേക്ക്‌ കുതിച്ചുയർന്ന അംബാനിയുടേത്‌. അവർക്ക്‌ പെട്രോകെമിക്കൽസും പോളിസ്‌റ്റർ ഫിലമെന്റുനൂലുകളും മാത്രമാണ്‌ പ്രധാന ഉൽപ്പന്നം. പക്ഷേ, ഇത്‌ ഇന്ത്യൻ തുണി വ്യവസായത്തിന്‌ അത്യാവശ്യമായ അസംസ്‌കൃതസാധനമായതുകൊണ്ട്‌ വില നിശ്ചയിക്കുന്നതിനും ഉപഭോക്താവിനെ കണ്ടെത്തുന്നതിനും ഒരു വിഷമവുമുണ്ടാവില്ല.

നമ്മളീ ചെറിയ വ്യവസായം തുടങ്ങുന്നിടത്ത്‌ അങ്കിൾ ഈ വലിയ വ്യവസായപ്രമുഖരുടെ രീതി കൊണ്ടുവരണമെന്ന്‌ പറഞ്ഞാൽ അത്‌ നടക്കാത്ത കാര്യമാണ്‌.

ഇതുവരെ വളരെക്കുറച്ചു മാത്രം സംസാരിച്ചുകൊണ്ടിരുന്ന ബാലചന്ദ്രൻ പറഞ്ഞു.

ഇത്‌ കേരളമാണ്‌. എറണാകുളമാണ്‌. നമ്മൾ ഇറങ്ങി പ്രവർത്തിക്കുമ്പോൾ ഉണ്ടാകാൻ പോകുന്ന പ്രശ്‌നങ്ങൾ പലതും, എനിക്ക്‌ തോന്നുന്നില്ല, ബിർളയെക്കൊണ്ടോ അംബാനിയെക്കൊണ്ടോപോലും നേരെയാക്കാൻ പറ്റുമെന്ന്‌. ഞാൻ അനുഭവസ്ഥനായതുകൊണ്ട്‌ പറയുന്നതാണ്‌. കഴിയുന്നത്ര ഏറ്റവും കുറച്ച്‌ തൊഴിലാളികളേയും ഗവൺമെന്റ്‌ സൗകര്യങ്ങളേയും ഉപയോഗിക്കാവുന്ന തരം വ്യവസായമേ തുടങ്ങാവൂ. അല്ലെങ്കിൽ നമുക്ക്‌ ഈ രണ്ടു കൂട്ടരെയുംകൊണ്ട്‌ പ്രവർത്തിപ്പിക്കുന്ന പരിപാടിയിൽതന്നെ നമ്മുടെ മുഴുവൻ സമയവും ചിലവാക്കേണ്ടിവരും.

എന്താണ്‌ വേണ്ടത്‌? കേരളത്തിൽ ഏതു തരം പുതിയ കൺസ്യൂമർ ഉൽപന്നങ്ങൾക്കും ആദ്യം ഒരു മാർക്കറ്റുണ്ടാക്കാൻ വിഷമമില്ല.

അമ്പി പറഞ്ഞു.

പ്രഗൽഭരായ വിദേശകമ്പനികൾ സാധാരണയായി ഇന്ത്യയെപ്പോലെ വികസനത്തിന്‌ കുതിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ പണം മുടക്കാൻ വരുന്നതിനുമുൻപ്‌ ഒരു സർവ്വേ നടത്താറുണ്ട്‌. അതിലവർ പ്രധാനമായി തേടുന്നത്‌ മൂന്ന്‌ ഘടകങ്ങളാണ്‌. ഒന്ന്‌, ആ രാജ്യത്തെ ജനങ്ങൾക്ക്‌ ആശയവിനിമയത്തിന്‌ വ്യവസായം തുടങ്ങുന്നവരുമായി വിഷമമുണ്ടാകുമോ; അതായത്‌ വിദേശിയരെ വിദേശികളാണെന്ന ഒറ്റക്കാരണംകൊണ്ട്‌ അന്യരായി കണക്കാക്കുമോ? രണ്ടാമത്‌, പുതിയ ഉൽപ്പന്നങ്ങൾ മടികൂടാതെ സ്വീകരിക്കാൻ തയ്യാറെടുക്കുന്ന ഒരു ജനതയാണോ ആ രാജ്യത്തേത്‌? മൂന്നാത്‌, ആ രാജ്യത്തെ തൊഴിലാളികൾ അവരുടെ പ്രയത്‌നത്തിന്റെ തോത്‌വച്ച്‌ നോക്കുമ്പോൾ വേതനക്കാര്യത്തിൽ ആദായകരമായിരിക്കുമോ?

എ.പി. ദാസിന്‌ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

ഈ മൂന്നു കാര്യത്തിലും യാതൊരു സംശയവുമില്ലാതെ ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തേക്കാളും മെച്ചപ്പെട്ട നിലയിലാണ്‌ കേരളം അല്ലേ?

തൊഴിലാളികളുടെ കാര്യത്തിലും?

സംശയമുണ്ടോ? ഞങ്ങളുടെ, എന്നുവച്ചാൽ ബിർളയുടെ യു.പി.യിലും ബംഗാളിലും മറ്റുമുളള ഫാക്‌ടറികൾ വന്നു നോക്കണം. കാര്യക്ഷമതയുടെ മൂന്നിലൊന്നുപോലും വരില്ല അവിടെയെങ്ങും. ഇവിടെ വേതനം ചിലപ്പോൾ ഇരട്ടിയായിരിക്കും. എങ്കിലും മുമ്പുപറഞ്ഞപോലുളള സർവ്വേ നടത്തിയാൽ കേരളത്തിലെ തൊഴിൽ വേതനമായിരിക്കും വ്യവസായിക്ക്‌ ലാഭം.

എന്നിട്ടും എന്തേ ഇവിടെ ഈ വിദേശകമ്പനികൾ വരുന്നില്ല?

ആ കാരണം എന്തായാലും, നമുക്ക്‌ അതിനെ മറികടക്കാനുളള ഒരു ചലഞ്ച്‌ വേണമല്ലോ. ഇവിടെയും പലരും വ്യവസായങ്ങൾ നടത്തി ചെറിയ തോതിലാണെങ്കിലും വിജയിക്കുന്നുണ്ട്‌. അതുകൊണ്ട്‌ ചേട്ടൻ പറഞ്ഞപോലെ നമുക്ക്‌ ഒരു പ്രോഡക്‌ട്‌ കണ്ടുപിടിക്കണം. മാർക്കറ്റുളളത്‌, ഉത്‌പാദനത്തിന്‌ തൊഴിലാളികളുടെ എണ്ണം എത്രയും കുറവുളളത്‌, ഗവൺമെന്റ്‌ സൗകര്യങ്ങൾ എത്രയും കുറച്ച്‌ ഉപയോഗിക്കേണ്ടത്‌.

വെളളം, വൈദ്യുതി തുടങ്ങിയ കാര്യത്തിലൊക്കെ സർക്കാരിനെ ആശ്രയിക്കേണ്ടിവരും.

എന്തുകൊണ്ട്‌ നമുക്കൊരു ഇലക്‌ട്രോണിക്‌ വ്യവസായം തുടങ്ങിക്കൂടാ?

ഐഡിയ നല്ലതാണ്‌. പക്ഷേ, ഇലക്‌ട്രോണിക്ക്‌ വ്യവസായരംഗത്തിന്‌ അടിസ്ഥാനപരമായി ഉൽപന്നങ്ങൾ നമ്മളിവിടെ ഉണ്ടാക്കുന്നതുകൊണ്ട്‌ വലിയ പ്രയോജനമുണ്ടാകുകയില്ല. എന്തെന്നാൽ, വിദേശത്തു നിന്നും കുറഞ്ഞ വിലക്ക്‌ ധാരാളം ഉൽപ്പന്നങ്ങൾ ഇന്ത്യൻ മാർക്കറ്റിൽ നിറയാൻ ഇനി കാലമധികം വേണ്ട. പക്ഷേ, അതുപോലെ പ്രത്യേകമായ എന്തെങ്കിലും പുതിയ കണ്ടുപിടിത്തങ്ങൾ ഉപയോഗിക്കാമെന്നു വച്ചാൽ അതിന്‌ വളരെയധികം റിസർച്ച്‌ നടത്തി ഉൽപ്പന്നങ്ങൾ സൃഷ്‌ടിക്കുന്ന ജാപ്പനീസ്‌, അമേരിക്കൻ കമ്പനികളുമായി ജോയിന്റ്‌ വെൻച്വറായി മാത്രമേ നടത്താൻ പറ്റുകയുളളൂ.

ഒരു പ്രോസസിംഗ്‌ യൂണിറ്റ്‌?

എന്തിന്റെ പ്രോസസിംഗ്‌?

മൽസ്യം.

ശരിയാണ്‌. കേരളത്തിൽ ഒരു വ്യവസായമെന്ന രീതിയിൽ അൽപ്പമെങ്കിലും വിജയം നേടിയിട്ടുളളത്‌ ഫിഷ്‌ പ്രോസസിങ്ങ്‌ യൂണിറ്റുകളാണ്‌. എല്ലാം കയറ്റുമതിയുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട്‌, ടാക്‌സിന്റെ കൺസഷനുകളും ഇടയ്‌ക്കിടക്ക്‌ രൂപയുടെ മൂല്യം കുറക്കുന്നതുകൊണ്ടുളള ഗുണങ്ങളും ഇവർക്കു ലഭിച്ചിരുന്നു. പക്ഷേ, ഇനിയുളള കാലത്ത്‌ പ്രത്യേകിച്ചും രൂപയുടെ മൂല്യം കൂടി വരികയാണെങ്കിൽ ഇവ എത്രത്തോളം ലാഭകരമാകും എന്ന്‌ കണ്ടറിയണം. അല്ലെങ്കിൽ അതുപോലെ യന്ത്രവൽകൃതമായ മാറ്റങ്ങൾ പ്രോസസിംഗിൽ വരുത്തണം. പുതുതായി ഇറങ്ങുന്ന നമുക്ക്‌ അത്‌ അൽപ്പം റിസ്‌ക്കല്ലേ?

ഒരു തീരുമാനവും എത്താത്ത നാളുകൾ. പക്ഷേ, ഓരോ ചെറിയക്കാര്യവും കൂലംകഷമായി ചർച്ചചെയ്‌ത്‌ മാത്രമേ തീരുമാനിക്കാവൂ എന്ന്‌ എല്ലാവരും കൂടി ഒരു അലിഖിതനിയമം ഉണ്ടാക്കിയിരുന്നു.

അമ്പിയും ബാബുവും കൂടി ഇരുപത്തഞ്ചോളം പ്രോജക്‌ട്‌ റിപ്പോർട്ടുകൾ വിവിധ ഉൽപ്പന്നങ്ങളുടേതായി പലയിടത്തുനിന്നും സംഘടിപ്പിച്ച്‌ വായിച്ചു. ഓരോന്നിന്റെയും ഗുണങ്ങളും ദോഷങ്ങളും ബാലചന്ദ്രനുമായും ദാസുമായും സംസാരിക്കും. എല്ലാറ്റിനും പ്രശ്‌നങ്ങളാണ്‌ എപ്പോഴും മുന്നിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത്‌.

പ്രവീൺമേനോൻ ഇടക്കൊരു ദിവസമേ ഇവരുടെ ചർച്ചകളിൽ പങ്കെടുത്തിരുന്നുളളൂ എങ്കിലും അന്ന്‌ അയാൾ പറഞ്ഞ ഒരു കാര്യം എല്ലാവരും ഇടക്കിടക്ക്‌ ഓർമ്മിക്കുന്നുണ്ടായിരുന്നു.

പ്രവീൺ പറഞ്ഞു.

നിങ്ങളെല്ലാവരുംകൂടി വ്യവസായത്തിന്റെ എല്ലാ കാര്യങ്ങളും നോക്കുക. ജോലിക്കാരുമായുളള പ്രശ്‌നങ്ങളുണ്ടാകാതെ ഞാൻ നോക്കിക്കൊളളാം.

എങ്ങനെ?

അത്‌ എനിക്ക്‌ വിട്ടുതന്നേക്കൂ. ഒരു ചലഞ്ച്‌. നിങ്ങളെപ്പോലെ.

എ.പി.ദാസിന്‌ സംശയമായിരുന്നു. ഇവന്റെ ഭാവം എന്താണ്‌. പക്ഷേ, അദ്ദേഹം അത്‌ മനസ്സിലൊതുക്കി.

Generated from archived content: privatelimited8.html Author: klm_novel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here