നിങ്ങൾക്ക് ഒരു വ്യവസായം തുടങ്ങുകയാണോ ആവശ്യം, അതോ പണമുണ്ടാക്കുകയാണോ?
എന്താ സംശയം? വ്യവസായം തുടങ്ങുകതന്നെ. അതും ഏതെങ്കിലും പുതിയ ഉൽപ്പന്നം ഉണ്ടാക്കുന്ന വ്യവസായം.
എന്നിട്ട്?
എന്നിട്ടെന്താ അതു വലുതാക്കും. കൂടുതൽ കൂടുതൽ ഉൽപ്പന്നങ്ങൾ, കൂടുതൽ ജോലിക്കാർ, അവരുടെ ഉയർന്നുയർന്നുവരുന്ന ജീവിതനിലവാരം, പിന്നെ നമ്മുടെ വ്യവസായത്തോടനുബന്ധിച്ച് ചെറിയ ചെറിയ ആശ്രിതവ്യവസായങ്ങൾ, മെച്ചപ്പെട്ട മാനേജ്‌മെന്റ് സംവിധാനം, ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലക്ക് ഗുണനിലവാരം ഏറിയ ഉൽപ്പന്നങ്ങൾ.
നല്ല സ്വപ്‌നം തന്നെയാണ്. പക്ഷേ, ഇതിൽ നിങ്ങൾക്കെന്തു ലാഭം കിട്ടും? ലാഭം തൽക്കാലം വെറും നാണയത്തോതിന്റെ കണക്കിലെടുക്കുകയാണെങ്കിൽ ഈ പരിപാടിക്ക് ഞങ്ങൾ ഇറങ്ങുകയില്ല. സംശയമില്ല. പക്ഷേ, ഇവിടെയതല്ല. ഒരു ചലഞ്ച്. ഒരു വാശി.
ആരോട്?
എനിക്കറിഞ്ഞുകൂടാ. ചിലപ്പോൾ കേരളത്തിലെ തന്നെ സിസ്‌റ്റത്തിനോടായിരിക്കും.
കിറുക്ക്.
ശരിയാണ് ഒരുതരം കിറുക്കുതന്നെ.
ലോഡ്‌ജിലെ ഓഫീസ് മുറിയിലിരുന്ന് ഗൗരവപൂർവ്വം സംസാരിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരനെ ഓമന ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാൾ സംഭാഷണത്തിനിടയ്‌ക്ക് രണ്ടു പ്രാവശ്യം ഇങ്ങോട്ടു നോക്കി ചിരിച്ചു. താൻ പറയുന്നതിന്റെ ഗഹനത കുട്ടിക്ക് മനസ്സിലാക്കുന്നുണ്ടോ എന്ന മട്ടിൽ. അമ്പിയും അയാളുടെ നോട്ടം ശ്രദ്ധിച്ചിരുന്നു.
പ്രവീൺമേനോൻ വീണ്ടും സിഗററ്റ് കത്തിച്ചു. ബെൻസൺ ആൻഡ് ഹെഡ്‌ജസ് പായ്‌ക്കറ്റ്. അവസാനത്തെ സിഗററ്റായിരുന്നു എന്നു തോന്നി. പായ്‌ക്കറ്റെടുത്ത് എങ്ങോട്ടാണ് ഇടേണ്ടത് എന്ന മട്ടിൽ പ്രവീൺ ചുറ്റും നോക്കി. അമ്പി കാലിപ്പായ്‌ക്കറ്റ് വാങ്ങി വേസ്‌റ്റ്‌പേപ്പർബാസ്‌കറ്റിലിട്ടു.
സോണാ ഇന്റർനാഷണൽ എന്റർപ്രൈസ്സിൽ ജോലിയായിരിക്കുമ്പോൾ അതിന്റെ പ്രൊപ്രൈറ്ററായിരുന്ന കുഞ്ഞുമോന്റെ പല സുഹൃത്തുക്കളും അവിടെ കൂടാറുണ്ടായിരുന്നു. അവരുടെ സംഭാഷണത്തിൽ നിന്നും പല നുറുങ്ങുകളും രസകരമായി ലഭിക്കും. അതിലൊന്നായിരുന്നു ഈ സിഗരറ്റ് പായ്‌ക്കറ്റുകളനുസരിച്ചുളള സാമൂഹ്യത്തട്ടുകളെക്കുറിച്ചുളള വിവരങ്ങൾ.
വിൽസ് പായ്‌ക്കറ്റ് കൂടെക്കൊണ്ടു നടക്കുന്ന വിഭാഗത്തിനിടയിൽ ബെൻസൺ ആൻഡ് ഹെഡ്‌ജസുകാരനെ പെട്ടെന്നുതന്നെ ഒരു വിജയം കൊയ്‌ത ചെറുപ്പക്കാരനായി ആൾക്കാർ കണക്കാക്കുന്നു.
കുഞ്ഞുമോൻ തമാശയിൽ പറയാറുണ്ട്. ജോസ് ജംഗ്‌ഷനിലെ പെട്ടിക്കടയിൽനിന്ന് നല്ല ഒറിജിനൽ സാധനം കിട്ടിയില്ലെങ്കിൽ കാലിപ്പായ്‌ക്കറ്റെങ്കിലും കരുതി വയ്‌ക്കും; പല പാർട്ടികളും.
കാറിന്റെ വലിപ്പം ബിസിനസ്സിന്റെ ബാലൻസ്‌ഷീറ്റ് ഇവയേക്കാളൊക്കെ പെട്ടെന്ന് ആൾക്കാരെ തട്ടുകളിൽ വിഭജിക്കാൻ വലിക്കുന്ന സിഗററ്റിന്റെ ബ്രാൻഡോ കുടിക്കുന്ന മദ്യത്തിന്റെ മേൻമയോ അറിയുന്നതാണ് എളുപ്പം.
പ്രവീൺമേനോൻ പറഞ്ഞുഃ
എന്റെ സ്വാമീ, നിങ്ങളെന്തൊക്കെ പറഞ്ഞാലും ഞാനത് വിശ്വസിക്കുകയില്ല. നമ്മുടെ സമ്പദ്‌ഘടനയുടെതന്നെ അടിസ്ഥാനം സ്വാർത്ഥതയും കൂടുതൽ പണത്തിനുവേണ്ടിയുളള ആഗ്രഹവുമാണ്. ആദർശവും ചലഞ്ചുമെല്ലാം പ്രസംഗത്തിൽ പറയാൻ കൊളളാം. പക്ഷേ, അവസാനനിഗമനത്തിൽ എല്ലാറ്റിനേയും നയിക്കുന്നത് മേൽപ്പറഞ്ഞ ഘടകങ്ങളല്ലേ?
പ്രവീൺമേനോൻ കൊച്ചിൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ചെറുപ്പക്കാരായ ബ്രോക്കർമാരിൽ ഒരു പ്രതിഭാസമായിരുന്നു. വടക്കെ മലബാറിലെ തളിപ്പറമ്പിനടുത്തുളള ഒരു മലയോരഗ്രാമത്തിൽ കുടിയേറിപ്പാർത്തിരുന്ന ഒരു കുടുംബം. പാലായ്‌ക്കടുത്ത് നിന്ന് അൻപതു വർഷം മുൻപ് ബന്ധം വിച്ഛേദിച്ച് എല്ലാം വിറ്റു പെറുക്കി വടക്കോട്ട് കന്നിമണ്ണ് തേടിപ്പോയ അനവധി കുടുംബങ്ങളിൽ ഒന്ന്. പ്രവീണിന്റെ മുത്തച്ഛൻ അഞ്ചേക്കറിൽ തുടങ്ങിയ കൃഷി മരിക്കുമ്പോഴേക്ക് അൻപതാക്കിയിരുന്നു-റബ്ബറും പഞ്ഞപ്പുല്ലും കുരുമുളകും. പ്രവീണിന്റെ അച്‌ഛൻ കൃഷിയുടെ മേൽനോട്ടം വഹിക്കാൻ മാനേജർമാരെ നിയമിച്ചു. നിയമബിരുദം നേടിയ അദ്ദേഹം തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി കോടതികളിൽ പ്രമുഖ അഭിഭാഷകനായി മാറി. ഇന്ന് അദ്ദേഹത്തിന് ഒരു മിനിട്ട് സാവകാശം കിട്ടാത്തത്ര സിവിൽ കേസുകൾ നാലുപാടും ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രവീൺ ഡിഗ്രിയെടുത്തതിനുശേഷം കൊച്ചിയിൽ എം.ബി.ഇ.യ്‌ക്ക് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.
തീരെ യാദൃച്‌ഛികമായിട്ടാണ് പ്രവീൺമേനോൻ സ്‌റ്റോക്ക്‌എക്‌സ്‌ചേഞ്ചിൽ ബ്രോക്കറായത്. രണ്ടു മെമ്പർഷിപ്പ് കാർഡുണ്ടായിരുന്ന ഒരു ബ്രോക്കർ. ഒന്ന് ഭാര്യയുടെ പേരിലും മറ്റൊന്ന് ഭാര്യയുടെ അനിയത്തിയുടെ പേരിലും. സിവിൽ വ്യവഹാരത്തിന്റെ ഒത്തുതീർപ്പിനാവശ്യമായ പണമുണ്ടാക്കാൻ വേണ്ടി ഒരു കാർഡ് വിൽക്കാൻ തീരുമാനിച്ചു. വ്യവഹാരത്തിന്റെ വക്കീൽ പ്രവീണിന്റെ പിതാവായിരുന്നു. അദ്ദേഹം ദീർഘവീക്ഷണത്തോടെ ആ കാർഡ് തന്റെ മകന്റെ പേരിൽ വാങ്ങി. പ്രവീണിന് ആദ്യകാലങ്ങളിൽ അത്ര രസകരമായ പരിപാടിയായി തോന്നിയിരുന്നില്ല ഈ ഷെയർ ബിസിനസ്സ്.
പക്ഷേ, അടിസ്ഥാനപരമായുളള പല സവിശേഷതകളും പ്രവീണിനെ ഈ മേഖലയിൽ അദ്വീതീയനാകാൻ സഹായിച്ചു. മുത്തച്ഛന്റെ കാർഷിക പാരമ്പര്യവും അപ്രാപ്യമേഖലകളെ പിടിച്ചടക്കാനുളള കർമ്മശേഷിയും അച്‌ഛന്റെ നിയമപാണ്‌ഡിത്യവും ദീർഘവീക്ഷണവും ബുദ്ധികൂർമതയും ബിസിനസ് മാനേജ്‌മെന്റിനെക്കുറിച്ച് യൂണിവേഴ്‌സിറ്റിയിൽ അധ്യാപകരിൽനിന്നും പുസ്‌തകങ്ങളിൽനിന്നും ലഭിച്ച അറിവുകളും, പ്രവീണിന്റെ പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകി. കുട്ടിക്കാലം മുതൽ തന്നെ സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടും അറിഞ്ഞിട്ടില്ലാതിരുന്നതുകൊണ്ട് പണം ഉണ്ടാക്കുക എന്നത് ജീവിതാവശ്യത്തിന്റെ ഒരു ഭാഗമായിട്ടല്ല പ്രവീണിനു തോന്നിയിരുന്നത്. തന്റെ വിജയത്തിന്റെ അളവുകോൽ അതാണ്- പണം. ഏറ്റവും ഉന്നതമായ വിജയം ഏറ്റവും കൂടുതൽ പണം ഉണ്ടാക്കുന്നവന്റെയാണ്. ഈ രീതിയിലുളള വിശ്വാസം അയാൾക്ക് ഓഹരിവിലകളുടെ കളികളിൽ ഒരു നിസ്സംഗതയോടെ തീരുമാനമെടുക്കാൻ സഹായിച്ചിരുന്നു.
ഹർഷദ്‌മേത്തയുമായി ബന്ധപ്പെട്ട ഓഹരിവിവാദക്കാലത്ത് അനവധി മിടുക്കൻമാരായ ബ്രോക്കർമാർ പോലും സാമ്പത്തികമായി തകർന്നപ്പോഴും പ്രവീൺമേനോൻ അചഞ്ചലനായി കൊച്ചി സ്‌റ്റോക്ക്‌എക്‌സ്‌ചേഞ്ചിൽ തന്റെ പ്രവർത്തനപരിപാടി നടത്തിക്കൊണ്ടിരുന്നു.
പ്രവീൺമേനോൻ പറഞ്ഞുഃ
ബെസ്‌റ്റ് വിദ്യ ഞാൻ പറയാം. നിങ്ങൾ ഇൻഡസ്‌ട്രി തുടങ്ങിക്കൊളളൂ. പക്ഷേ, അതിനു മൂലധനം ഇറക്കേണ്ടേ? അതിനു പണം വേണ്ടേ?
വേണം.
എന്താ നിങ്ങളുടെ പ്ലാൻ?
അമ്പി ചിരിച്ചു. ഞങ്ങൾ, ഞാൻ ടെലിഫോണിൽ പറഞ്ഞില്ലേ, അതുപോലെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങാം എന്നേ ഇപ്പോൾ തീർച്ചപ്പെടുത്തിയിട്ടുളളു. അഞ്ചോ ആറോ പേരെ ചേർത്ത്. എന്തു വ്യവസായമാണ് തുടങ്ങേണ്ടതെന്ന് ആയിട്ടില്ല. അപ്പോഴല്ലേ ഏകദേശം മൂലധനത്തിന്റെ തോത് ഊഹിക്കാൻ പറ്റൂ?
ഞാനൊരു വിദ്യ പറയാം. ഒരു പൈസപോലും കൈയിൽനിന്നു മുടക്കാതെ നിങ്ങൾക്ക് വ്യവസായം തുടങ്ങുന്നതിനു മുൻപ്‌തന്നെ കുറച്ച് പണമുണ്ടാക്കാം. ഏതായാലും ഈ ചലഞ്ചിനിടയ്‌ക്കും പണം വേണ്ട എന്നു പറയുകയില്ലല്ലോ.
അമ്പി ചിരിച്ചു.
താൻ ഞങ്ങളെ ജയിലിൽ കയറ്റുന്ന പരിപാടിയൊന്നുമല്ലല്ലോ.
അല്ലെടോ. പൂർണ്ണമായും നിയമാനുസൃതമായത്. ഇപ്പോൾ പത്രമെടുത്താൽ, എന്നും നാലും അഞ്ചും പരസ്യം കാണാറില്ലേ. കമ്പനികളുടെ പുതിയ ഓഹരികളുടെ ഇഷ്യു. താനെന്താ വിചാരിച്ചത് ഇതിനൊക്കെ ഇറങ്ങിത്തിരിക്കുന്നവർ നിങ്ങളെപ്പോലെ വെറും ചലഞ്ചിനു വ്യവസായം അല്ലെങ്കിൽ ബിസിനസ് തുടങ്ങുന്നവരാണെന്നാണോ? ഒരിക്കലുമല്ല. ആദ്യം അവർ ഈ പരിപാടിയിൽനിന്നുതന്നെ ലാഭമുണ്ടാക്കാൻ തുടങ്ങും. വ്യവസായവും ഉൽപ്പാദനവുമൊക്കെ മെല്ലെ പിന്നാലെ വന്നുകൊളളും. അത്രേയുളളൂ.
എന്നിട്ട് പ്രവീൺമേനോൻ ചുറ്റും നോക്കി. സിഗററ്റ് തീരാറായി. അറിയാതെ പ്രവീണിന്റെ കൈകൾ പോക്കറ്റിൽ തപ്പി.
സോറി. ഇവിടെ പിളേളരാരെങ്കിലുമുണ്ടോ? കാറിൽ സിഗററ്റിരുപ്പുണ്ടായിരുന്നു. ഡ്രൈവറോട് ഒന്നുകൊണ്ടുവരാൻ പറയണം.
ഓമന അമ്പിയെ നോക്കി മെല്ലെ എഴുന്നേറ്റു.
പ്രവീൺ ചാടിയെഴുന്നേറ്റു.
വേണ്ട വേണ്ട. യു ഡോൺട് ഗോ.
എന്നിട്ട് പുറത്തേക്കിറങ്ങി വാതിൽക്കൽ ചെന്നു പറഞ്ഞു.
വൺ മിനിട്ട്. ഞാനിതാ വരുന്നു.
പ്രവീൺ പുറത്തേക്കു പോയപ്പോൾ ഓമന അമ്പിയോടു ചോദിച്ചു.
ഇദ്ദേഹം സാറിന്റെ ഫ്രണ്ടാണോ?
എന്താ ഓമനയ്‌ക്കൊരു സംശയം?
ഇല്ല; വെറുതെ ചോദിച്ചതാണ്.
എറണാകുളത്തെ വളരെ മിടുക്കനായ ഒരു ഫൈനാൻഷ്യൽ അനാലിസ്‌റ്റാണ് ഇയാൾ. മനസ്സിലായോ?
ഓമന നിഷേധാർത്ഥത്തിൽ തലകുലുക്കി.
ഈ കമ്പനികളുടെയും ബിസിനസ്സിന്റെയുമൊക്കെ കണക്കുകൾ ശരിക്ക് അപഗ്രഥിച്ചാൽ ആ വ്യവസായത്തെക്കുറിച്ചുതന്നെ നമുക്ക് പലതും പഠിക്കാൻ പറ്റും. നമ്മൾ തുടങ്ങാൻ പോകുന്ന പദ്ധതികൾ തീർച്ചപ്പെടുത്തുന്നതിനു മുമ്പ് അത്തരം വ്യവസായങ്ങളുടെയും ബിസിനസ്സുകളുടെയുമൊക്കെ ചില സാമ്പത്തികറിപ്പോർട്ടുകൾ ഇയാളെക്കൊണ്ടു ഒന്ന് അനലൈസ് ചെയ്യിക്കാം.
നമ്മുടെ കമ്പനിയില് ഇദ്ദേഹം ചേരുന്നുണ്ടോ?
ഏയ്. ഇയാൾ ചേർന്നാൽ നമ്മളറിയാതെ നമ്മളേയും വ്യവസായത്തിനേയും ഫാക്‌ടറിയേയും ഒക്കെ വിറ്റ് നമുക്കും നഷ്‌ടം വരാത്ത വിധത്തിൽ അയാൾ ലാഭമുണ്ടാക്കും. അത്ര മിടുക്കനാ.
ആരാ മിടുക്കൻ എന്ന ചോദ്യവുമായി പ്രവീൺ അകത്തേക്ക് കയറി.
അമ്പി പറഞ്ഞുഃ
ഞാൻ പറയുകയായിരുന്നു നമുക്ക് നഷ്‌ടമില്ലാത്ത രീതിയിൽ നമ്മെ വിറ്റു ലാഭമുണ്ടാക്കാൻ കഴിയുളളയാളാ പ്രവീണെന്ന്.
പ്രവീൺ ചിരിച്ചു.
ഓമന പരിഭ്രമിക്കണ്ട. സ്വാമി എന്റെ പഴയ സ്‌നേഹിതനാണ്. വെറും അസൂയകൊണ്ട് പറയുന്നതാ. കാശുണ്ടാക്കാൻ മിടുക്കില്ലാത്തതുകൊണ്ട് ചലഞ്ച്, വാശി എന്നൊക്കെ പറയുന്നു എന്നേയുളളൂ.
പ്രവീൺ തുടർന്നു.
ഞാൻ വിശദീകരിക്കാംഃ ആദ്യമേ സ്വാമിയോ ബാബുവോ അല്ലെങ്കിൽ നിങ്ങളുടെ ബന്ധുക്കളാരെങ്കിലുമോ, ഇല്ലെങ്കിൽ ഓമനയോ, ആരെങ്കിലും കുറച്ച് ഏക്കർ സ്ഥലം വാങ്ങാനായി ഏതെങ്കിലും പാർട്ടിയുമായി കരാറുണ്ടാക്കുക. അല്ലെങ്കിൽ വേണ്ട, ഞാൻ എന്റെ സ്വന്തം വകയായുളള മലമൂട്ടിലെ എസ്‌റ്റേറ്റിൽനിന്ന് സ്വാമിക്ക് പത്തേക്കർ സ്ഥലം സെന്റിന് ഒരു പതിനായിരം രൂപവച്ച് തരാം എന്ന് ഒരു കരാറുണ്ടാക്കുന്നു. അപ്പോൾ ഒരു കോടിരൂപയുടെ കച്ചവടമായി. പക്ഷേ, കച്ചവടമൊന്നും നടത്തേണ്ട. ഒരു വർഷത്തിനകം ഇങ്ങനെ പണം തന്നു വാങ്ങിക്കൊളളാമെന്ന് ഒരെഗ്രിമെന്റ്. പതിനഞ്ച് രൂപയുടെ മുദ്രപ്പത്രത്തിൽ ഓമനയും ബാബുവും സാക്ഷികൾ. സ്വാമി എനിക്ക് ഇതിലേക്ക് അൻപതിനായിരം രൂപ അഡ്വാൻസായി തന്നതായി ഞാനൊരു രസീത് തരുന്നു. സ്വാമി പൈസയൊന്നും തരേണ്ട. അപ്പോൾ ജനങ്ങളെ കാണിക്കാനായി പത്തേക്കർ ഭൂമി നമുക്കുണ്ടാകുന്നു. ഇനി നല്ലയൊരു പേരിട്ട് കമ്പനി രജിസ്‌റ്റർ ചെയ്യുക. ആ കമ്പനിക്ക് പ്രൊമോട്ടറായ സ്വാമിയുടെ വിഹിതമായി ഒരേക്കർ സ്ഥലം ട്രാൻസ്‌ഫർ ചെയ്യുന്നതായും അതിന്റെ വിലയായി പത്തുലക്ഷം രൂപയും മറ്റു ചിലവുകൾ എന്ന പേരിൽ ഒരഞ്ചു ലക്ഷവും ഉൾപ്പെടുത്തി പതിനഞ്ചു ലക്ഷത്തിന്റെ ഷെയർ സ്വന്തം പേരിൽ എടുക്കുക. കമ്പനിയുടെ പ്രൊസ്‌പെക്‌റ്റസ് അത്യാകർഷകമായി വിദഗ്‌ധരായ കോപ്പിറൈറ്റേഴ്‌സിനെക്കൊണ്ട് എഴുതിക്കുക. അതു വായിച്ചാൽ ആൾക്കാർ സ്വന്തം ഭാര്യയെ പണയപ്പെടുത്തിയും ഈ കമ്പനിയുടെ ഓഹരികളിൽ പണം നിക്ഷേപിക്കണം. എന്നിട്ട് അക്കൂട്ടത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങൾക്കായി സ്വാമിയുടെ കൈവശമുളള ബാക്കി ഒൻപതേക്കറും കൂടി വാങ്ങി പരിപാടികൾക്ക് സ്വർഗ്ഗീയപരിവേഷം നൽകുമെന്നും കാച്ചുക. പത്തുരൂപയുടെ ഓഹരിക്ക് കുറച്ചെങ്കിലും പ്രീമിയം കാട്ടിയേ ഇഷ്യു നടത്താവു. ഓഹരി അലോട്ട്‌മെന്റ് കഴിഞ്ഞാലുടൻ കിട്ടിയ പണത്തിൽനിന്ന് സ്വാമിക്കും സ്വാമിവഴി എനിക്കും പണം തരിക. എല്ലാവർക്കും ലാഭം. എനിക്ക് എന്റെ പത്തേക്കർ മൊട്ടക്കുന്ന് ഏക്കറിന് പതിനായിരം രൂപ കിട്ടാത്തത് നൂറിരട്ടി വിലയ്‌ക്കു വിറ്റു. സ്വാമിക്ക് ഒരു കാശും മുടക്കാതെ പതിനഞ്ചു ലക്ഷത്തിന്റെ ഓഹരികളും. സ്വാമിക്കത് വേണമെങ്കിൽ വിറ്റു കാശാക്കാം. ഇങ്ങനെ ചെയ്യുന്നത് തെറ്റല്ല. എന്തെന്നാൽ നമ്മളിങ്ങനെ ചെയ്യുന്നതോ ചെയ്യാത്തതോ ഈ കമ്പനി നടത്താൻ പോകുന്ന വ്യവസായത്തിന്റെ വിജയത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല.
ദൈവം….?
ഇവിടെ ദൈവം പ്രശ്‌നമല്ല. ഇവിടെ ശരിതെറ്റുകൾപോലും കൃത്യമായി നമുക്ക് കണ്ടുപിടിക്കാൻ പറ്റില്ല. നമ്മുടെ ആവശ്യം പ്രോജക്‌ടിന്റെ വിജയമാണ്. വിജയം എന്നാൽ ലാഭകരമായ പ്രവർത്തനം. ഇതു വെറും പണത്തെ മാത്രം ആശ്രയിച്ചിട്ടുളള കാര്യമല്ല. ഇന്നത്തെ ചുറ്റുപാടിൽ പണം, അതായത് സ്വാമി പറഞ്ഞ മൂലധനത്തിന്, അൻപതുകൊല്ലം മുൻപുണ്ടായിരുന്ന വ്യവസായതത്ത്വശാസ്‌ത്രങ്ങകളിലെ അത്രയും പ്രാധാന്യം ഇന്നില്ല. ഏറ്റവും മെച്ചപ്പെട്ട മാനേജ്‌മെന്റ്, ശാസ്‌ത്ര-സാങ്കേതിക വിദ്യകളുടെ ആധുനികനേട്ടങ്ങൾ മുഴുവൻ ഉപയോഗിച്ചുകൊണ്ടുളള പ്രവർത്തനശൈലി, പ്ലാനിംഗ്-ഇവയുണ്ടെങ്കിൽ മൂലധനം, ലേബർ, ഭൂമി, സംഘടന എന്ന പഴയ ഉൽപ്പാനഘടകങ്ങളുടെ പ്രസക്തിക്ക് വളരെയധികം വ്യത്യാസം വരും. ഇന്ന് ഏറ്റവും പ്രധാനമായ ഉൽപ്പാദന ഘടകം ശരിക്കും ശാസ്‌ത്ര-സാങ്കേതികവിദ്യയും മാനേജ്‌മെന്റും മാത്രമാണ്.
താൻ പറയുന്നതിൽ കാര്യമുണ്ട്. പക്ഷേ, ഞാൻ ഇതേക്കുറിച്ച് കൂടുതലാലോചിക്കുമ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുളളത് അൽപ്പം കൂടി ഫിലോസഫിക്കലായിട്ടാണ്. നമ്മുടെയൊക്കെ ജീവിതത്തിന് ഒരു ലക്ഷ്യം ഐ മീൻ അർത്ഥപൂർണ്ണമായ ലക്ഷ്യം വേണ്ടേ? മനുഷ്യരുടെ ജീവിതം ക്ലേശരഹിതമാക്കാനുളള ഒരു ലോകമാണ് ശാസ്‌ത്ര-സാങ്കേതികവിദ്യകൾ തുറന്നുതന്നുകൊണ്ടിരിക്കുന്നത്. അവയെ പൂർണ്ണമായി ഉപയോഗിച്ച് അതു നമ്മളേക്കാൾ ജീവിതസൗകര്യം ലഭിക്കാൻ ഇടവന്നിട്ടില്ലാത്ത ആൾക്കാർക്കുകൂടി എത്തിക്കുക. അതിനു ചുമതലപ്പെട്ടവരല്ലേ നമ്മൾ? എനിക്ക് തോന്നുന്നത്, ഞങ്ങൾ ചെയ്യാനുദ്ദേശിക്കുന്നത് ശരിയാണെന്നാണ്. നമ്മുടെ നാട്, പ്രത്യേകിച്ചും കേരളം വോട്ടുബാങ്കുകളെമാത്രം ലക്ഷ്യമാക്കിയുളള നേതൃത്വം നയിക്കുന്നിടത്തോളമ കാലം പണ്ട് കവി പാടിയതുപോലെ കോരനു കുമ്പിളിൽത്തന്നെയാവും കഞ്ഞി. അതുകൊണ്ടാണ് പരാജയപ്പെട്ടാലും അതൊരു വിജയമായി മാത്രം കണക്കാക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുളളത്.
പ്രവീൺ പൊട്ടിച്ചിരിച്ചു.
അച്ചായനും പട്ടരും. ഞാൻ സമ്മതിച്ചുതന്നിരിക്കുന്നു! എനിക്ക് നിങ്ങളെപ്പോലെ ചിന്തിക്കാൻ ധൈര്യം പോലുമില്ലല്ലോ എന്ന ദുഃഖമുണ്ട്. റിയലി.
വാച്ച് നോക്കി പ്രവീൺ എഴുന്നേറ്റു.
വൈകിട്ട് ബാബുവിനെക്കൂട്ടി നമുക്കൊരിമിച്ച് ഡിന്നർ എന്റെയടുത്ത്. എങ്ങനെയൊക്കെയോ ആരുമറിയാത്ത, ഇന്ത്യയുടെ ഏതൊക്കെയോ കോണിൽക്കിടക്കുന്ന നൂറുകണക്കിനു കമ്പനികളുടെ പേരിന്റെ കളികളിൽ പണം വന്നു കുമിയുന്നുണ്ട്. നമുക്ക് ആലോചിക്കാം. അതിൽ കുറെയെങ്കിലും സ്വാമി പറഞ്ഞ ലക്ഷ്യത്തിനുവേണ്ടി ഉപയുക്തമാകുമോയെന്ന്.
അമ്പി എഴുന്നേറ്റു കൈകൊടുത്ത് പറഞ്ഞുഃ
തന്റെ കാശൊന്നും വേണ്ട. ഞങ്ങൾക്കു വേണ്ടത് തന്റെ തലയ്‌ക്കകത്തെ ആ ചെളിയുണ്ടല്ലോ അതിലൽപ്പമാണ്. മാനേജ്‌മെന്റിന്.
വൈകിട്ട് ഞാൻ വെയിറ്റ് ചെയ്യാം.
പ്രവീൺമേനോൻ മുറിയുടെ നാലുപാടും നോക്കി ചിരിച്ചു.
ഈ ഓഫീസൊന്നും പോര. ഒരു വലിയ പോഷ് സംവിധാനം വേണം.
എന്തിനാ? ഇതുമതി.
പോര. ഇപ്പോൾ എനിക്കുതന്നെ ഓമനയോട് എന്തെങ്കിലും രഹസ്യമായി പറയണമെങ്കിൽ സ്വാമി കേൾക്കില്ലേ?
ഓമനയുടെ നേരെ ചിരിച്ച്, ഞാൻ തമാശ പറഞ്ഞതല്ല കേട്ടോ എന്നു പറഞ്ഞു പ്രവീൺമേനോൻ പുറത്തേക്ക് പോയി.
അമ്പി പറഞ്ഞുഃ
അവൻ വട്ടു കേസാ കേട്ടോ.
ഓമന മറുപടിയൊന്നും പറഞ്ഞില്ല.
Generated from archived content: privatelimited6.html Author: klm_novel
Click this button or press Ctrl+G to toggle between Malayalam and English