നാല്‌

എന്റെ ദുരന്തത്തിന്റെ തുടക്കം എന്റെതന്നെ മഠയത്തരത്തിൽനിന്നായിരുന്നു. ഒരു കണക്കിനാലോചിച്ചാൽ അതൊരു മഠയത്തരമാണോ? അല്ല. ഞാനൊരു ഫാക്‌ടറി തുടങ്ങി. ഒരിടത്തരം ഫാക്‌ടറി. കഷ്‌ടിച്ച്‌ നാൽപതു ജോലിക്കാർ. മെഷീനുകൾ അനവധി ആവശ്യമില്ലാത്തതരം പ്രൊഡക്‌ഷൻ യൂണിറ്റ്‌. എനിക്കാവേശമായിരുന്നു. എന്റെയൊപ്പം മെറ്റലർജിയിൽ ബിരുദമെടുത്ത ബോംബെക്കാരൻ സിന്ധിസ്‌നേഹിതൻ അദ്വാനി ബാംഗ്ലൂരിനടുത്തു വന്ന്‌ ഒരു ഫാക്‌ടറി തുടങ്ങി. ഞങ്ങളുടെ ഇരുവരുടെയും സ്വപ്‌നം ഒന്നായിരുന്നു. അദ്വാനി പറയും ഞങ്ങൾക്ക്‌, സിന്ധികൾക്ക്‌, ഇന്ത്യയിലൊരു സംസ്ഥാനം സ്വന്തമായി ഇല്ലാത്തതുകൊണ്ട്‌ എല്ലായിടവും തുല്യമാണ്‌. നിനക്ക്‌ നിന്റെ നാടുണ്ട്‌ കേരളം. ഇതാ എന്റെ ഫാക്‌ടറിയുടെ പ്രോജക്‌ട്‌ റിപ്പോർട്ടും ബ്ലൂപ്രിന്റും. നീ കേരളത്തിൽ ഫാക്‌ടറി തുടങ്ങ്‌. നിനക്കും നാടില്ലായിരുന്നെങ്കിൽ നമുക്കൊരുമിച്ച്‌ എവിടെയെങ്കിലും പ്രവർത്തനം ആരംഭിക്കാമായിരുന്നു.

ബാലചന്ദ്രൻ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. മണിയുടെ അകന്ന ബന്ധത്തിലുളള ഒരു എഞ്ചിനീയറാണ്‌ ബാലചന്ദ്രൻ. പതിനഞ്ചു വർഷം മുമ്പ്‌ കളമശ്ശേരിയിൽ ഒരു സാമാന്യം വലിയ ഷെഡ്‌ഡിൽ നടത്തിക്കൊണ്ടിരുന്ന സ്വന്തം ഫാക്‌ടിയിൽനിന്നും രായ്‌ക്കുരാമാനം ഓടിരക്ഷപ്പെട്ടതിനുശേഷം രണ്ടുമൂന്നു വർഷം വിദേശവാസത്തിലായിരുന്നു. പിന്നെ നാട്ടിൽ വന്നു. കുറച്ചുകാലം വെറുതെയിരുന്നു. ഇപ്പോൾ കൊച്ചി സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിലെ ഒരു ബ്രോക്കറുടെ കൂടെ സബ്‌ ബ്രോക്കറായി പണി ചെയ്യുന്നു.

രണ്ടുദിവസം മുൻപാണ്‌ മണി ബാബുവിനോട്‌ പറഞ്ഞത്‌. എന്റെ അമ്മാവനുണ്ട്‌. ബനാറസ്‌ യൂണിവേഴ്‌സിറ്റിയിൽനിന്നും എഞ്ചിനീയറിംഗ്‌ പാസായ ആളാണ്‌. ഇവിടെ കുറച്ചുനാൾ ഫാക്‌ടറി നടത്തിയിരുന്നു.

എന്നിട്ട്‌ പൊട്ടി അല്ലേ?

അമ്പി വായിച്ചുകൊണ്ടിരുന്ന റിപ്പോർട്ടിൽനിന്നും മുഖമുയർത്തി ബാബുവിനെ നോക്കി ചിരിച്ചു.

പുളളിക്കാരനോട്‌ സംസാരിച്ചാൽ പുളളി ആദ്യമേ പറയും നിങ്ങള്‌ വേറെ വല്ല പണിയും നോക്കിക്കൊളളാൻ. കേട്ടുകേട്ട്‌ മടുത്തു അല്ലേ?

എന്ത്‌?

അല്ല, ഇവിടെ വ്യവസായം തുടങ്ങിയാൽ അതു നശിക്കുകയേ ഉളളൂ എന്ന്‌.

പക്ഷേ ഒറ്റയാളും സഹായം തരില്ല എന്നു പറയുന്നില്ലല്ലോ.

ബാബു എഴുന്നേറ്റ്‌ ജനലിനരികിൽ പോയി നിന്നു. എന്താണ്‌ ചെയ്യാൻ പോകുന്നത്‌, ഏതു വ്യവസായമാണ്‌ തെരഞ്ഞെടുക്കേണ്ടത്‌, പ്രാധാന്യം മെഷീനറിക്ക്‌ വേണോ അതോ മനുഷ്യശേഷിക്കു വേണോ, ഉപഭോക്താവിന്‌ നേരിട്ടു നൽകാവുന്നതാണോ അതോ മറ്റു വിപണനരീതികളെ അവലംബിക്കേണ്ടതാണോ എന്നൊന്നും തീർച്ചപ്പെടുത്തിയിട്ടില്ല. പക്ഷേ, അതിനു മുമ്പുതന്നെ എല്ലാവരും തന്ന താക്കീത്‌ ഒന്നുതന്നെയാണ്‌.

നിങ്ങൾ ആലോചിച്ചോ? എല്ലാം ശരിക്ക്‌ നോക്കിക്കണ്ടതിനുശേഷമാണോ എടുത്തുചാടുന്നത്‌?

ബാബു ഉറക്കെ ചോദിച്ചു.

മണിയുടെ അമ്മാവൻ ഇപ്പോഴെന്തുചെയ്യുന്നു?

സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിലാണ്‌.

അമ്പി പറഞ്ഞു.

ബാബു, എന്നാൽ ചിലപ്പോൾ അദ്ദേഹം വ്യവസായത്തിൽ പരാജിതനായിട്ടല്ലായിരിക്കും സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിലെത്തിയത്‌. ലോകത്തിലെ ഏറ്റവും വലിയ ധനികർ ആരാണെന്നറിയാമോ? പരമ്പരാഗതമായി സ്വത്ത്‌ ലഭിച്ച രാജാക്കൻമാരും പ്രഭുക്കൻമാരും കഴിഞ്ഞാൽ ഏറ്റവും മുന്നിൽ ആരാണെന്നോ? എഞ്ചിനീയർമാരോ, വ്യവസായപ്രമുഖരോ അല്ല, കമ്പനികളുടെ ഓഹരികളിൽ കച്ചവടം നടത്തുന്ന കൂറ്റൻ സ്രാവുകളുണ്ട്‌; അവരാണ്‌. സ്രാവുകൾ-പ്രിഡേറ്റേഴ്‌സ്‌ എന്നാണ്‌ അവരെ വിളിക്കുക. സാമ്പത്തികലോകത്ത്‌ അവർ നടത്തുന്ന കളികൾ മിനിട്ടുകൾകൊണ്ട്‌ ശതകോടികൾ സൃഷ്‌ടിക്കുകയും ഇല്ലാതാക്കുകയും ചെയ്യും.

ചിലപ്പോൾ, മണിയുടെ അമ്മാവൻ, എന്താ പേര്‌?

ബാലചന്ദ്രൻ.

അതെ. മണിയൊരു കാര്യം ചെയ്യൂ. ഏതായാലും നമുക്കദ്ദേഹവുമായൊന്നു സംസാരിച്ചുകളയാം. എന്തെങ്കിലും ഉപദേശം കിട്ടാതിരിക്കില്ല. ഏറിവന്നാൽ നിങ്ങള്‌ വ്യവസായം തുടങ്ങരുത്‌ എന്നല്ലേ ആയിരിക്കുകയുളളൂ. ആ ഉപദേശം നമുക്ക്‌ പുത്തരിയല്ലല്ലോ.

ബാലചന്ദ്രൻ അവർ പ്രതീക്ഷിച്ചതിലും വൃദ്ധനായിരുന്നു. പക്ഷേ, സംഭാഷണത്തിൽ സരസനും.

ബാലചന്ദ്രൻ തുടർന്നു.

ആ അദ്വാനി ഇപ്പഴ്‌ അഞ്ചു ഫാക്‌ടറികള്‌ സ്ഥാപിച്ചു. ബാംഗ്ലൂരിലെ തുടക്കത്തിൽനിന്ന്‌. ഒന്ന്‌ ഹൈദരാബാദില്‌. വേറൊന്ന്‌ കൽക്കട്ടയ്‌ക്കടുത്ത്‌. അതുകഴിഞ്ഞ്‌ ബാറോഡയിൽ. പിന്നെ ഒരു വർഷം മുൻപ്‌ ഹരിയാനയിലും. എന്റെ വീടിന്റെ വാതിൽക്കൽ ഇന്നലെ സെയിൽസ്‌ ടാക്‌സ്‌ അരിയേഴ്‌സിന്റെ റവന്യൂ റിക്കവറിവിധി നടത്തുന്ന ആൾക്കാർ നോട്ടീസ്‌ പതിച്ചിട്ടുപോയി.

സത്യം?

ഞാനെന്തിനാ കളളം പറയുന്നത്‌. പക്ഷേ, ഞാൻ ഈ ദുരന്തങ്ങൾക്കൊന്നും ആരേയും കുറ്റം പറയുകയില്ല. ഞാൻതന്നെയാണ്‌ കുറ്റക്കാരൻ. എനിക്ക്‌ ദീർഘവീക്ഷണമില്ലാതായിപ്പോയി. ധൈര്യമില്ലാതായിപ്പോയി. നിങ്ങൾക്ക്‌ അതുണ്ടാകണം. നിങ്ങൾ വിജയിക്കണം. ഞാൻ തോറ്റ നിമിഷങ്ങളൊന്നും നിങ്ങൾ നേരിടാതിരിക്കാൻ എന്റെ അനുഭവങ്ങൾ ഞാൻ നിങ്ങൾക്ക്‌ പറഞ്ഞുതരാം. തെറ്റുകളും അപകടങ്ങളും ഏതു കാര്യങ്ങളിലുമുണ്ടാകാം. പക്ഷേ, അവയെ അതിജീവിക്കാൻ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ നിങ്ങൾക്ക്‌ വാശിയും ധൈര്യവും ഉണ്ടാകണം.

മണി ചായവരുത്തി. ചായ മൊത്തിക്കൊണ്ട്‌ ബാലചന്ദ്രൻ തന്റെ അനുഭവങ്ങൾ വിവരിച്ചു. അമ്പിയും ബാബുവും കാതു കൂർപ്പിച്ച്‌ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

ഒന്നും ചെയ്യാതെ വെറുതെയിരുന്നപ്പോൾ എന്റെ കൂട്ടുകാരൻ അദ്വാനി എന്നെ അയാളുടെ ഒരു ഫാക്‌ടറിയുടെ ജനറൽ മാനേജരായിരിക്കാൻ ക്ഷണിച്ചു. എനിക്ക്‌ ഏറ്റവും സങ്കടം തോന്നിയ നിമിഷമായിരുന്നു അത്‌. എന്റെ വ്യവസായ സംരംഭത്തിലെ പരാജയത്തിന്റെ ഏറ്റവും വലിയ മുഹൂർത്തം എന്നു പറയാം. ഞാൻ അന്നാണ്‌ ആദ്യമായി സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ടതും. ഇനി ഞാനെന്റെ കഥ പറയാം.

ബാലചന്ദ്രൻ നിർത്താതെ കഥ പറഞ്ഞുഃ

ഞാനും അദ്വാനിയും ഏകദേശം ഒരേ സമയത്താണ്‌ ഫാക്‌ടറി തുടങ്ങാനുളള കടലാസുകൾ തയ്യാറാക്കിയത്‌. അദ്വാനി ബാംഗ്ലൂരിനടുത്തുളള ഒരു ഉപനഗരത്തിലെ ഇൻഡസ്‌ട്രിയൽ എസ്‌റ്റേറ്റിലും ഞാൻ ഇവിടെ കളമശ്ശേരിയിലെ ഏകദേശം അതേ വലിപ്പമുളള ഒരു ഇൻഡസ്‌ട്രിയൽ പ്ലോട്ടിലും. എന്റേതും പുതുതായി ആരംഭിച്ച ഒരു ഇൻഡസ്‌ട്രിയൽ എസ്‌റ്റേറ്റിന്റെ ഭാഗം തന്നെയായിരുന്നു. അദ്വാനി അവിടെ അപേക്ഷകൊടുത്തതിന്റെ മൂന്നു മാസം കഴിഞ്ഞപ്പോൾ ഉൽപ്പാദനം തുടങ്ങി. എനിക്ക്‌ കൃത്യം രണ്ടു കൊല്ലമെടുത്തു. നൂറായിരം നൂലാമാലകൾ ഒരു വ്യവസായം തുടങ്ങുന്നതിനു മുന്നിൽ എത്ര പെട്ടെന്നാണ്‌ പ്രത്യക്ഷപ്പെടുന്നതെന്ന്‌ നമുക്കത്ഭുതം തോന്നും! എത്രയെത്ര ഓഫീസുകളാണ്‌ ഞാൻ കയറിയിറങ്ങിയത്‌! കണക്കില്ല. സർക്കാരിന്‌ എത്രയധികം ഡിപ്പാർട്ടുമെന്റുകളുണ്ടെന്നും ഇവർക്കെല്ലാം എന്റെമേൽ അധികാരം പുലർത്താനുളള നിയമങ്ങളുണ്ടെന്നും ഞാനദ്‌ഭുതത്തോടെ മനസ്സിലാക്കി. ഒരു തമാശകേൾക്കണോ? എല്ലാം, ശരിയായപ്പോൾ ഫാക്‌ടറിഷെഡ്‌ഡ്‌ പണിയാൻ തുടക്കം കുറിക്കാനിരുന്ന മുഹൂർത്തത്തിൽ, ഒരു നോട്ടീസ്‌. നിങ്ങളുടെ ഫാക്‌ടറി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ അടിയിൽ സ്വർണ്ണമോ രത്‌നമോ ഇല്ല എന്ന്‌ ഒരു സർട്ടിഫിക്കറ്റ്‌ വേണം.

അതില്ലാതെ പണിതുടങ്ങുന്നത്‌ ശിക്ഷാർഹമാണ്‌. പിന്നെ അതിന്റെ പുറകേ രണ്ടു ദിവസം നടന്നു. ഒരു കാര്യം എനിക്ക്‌ ഫാക്‌ടറിയിൽ ഉത്‌പാദനം തുടങ്ങിയപ്പോഴേക്കും മനസ്സിലായി. കൈക്കൂലി ഒരു കൃത്യമായ സിസ്‌റ്റമായിരിക്കുന്ന ഡിപ്പാർട്ടുമെന്റുകളിൽനിന്നും മാത്രമേ കാര്യക്ഷമമായ സഹകരണം ലഭിക്കൂ. കൈക്കൂലിയുടെ തുക കൃത്യമായി പറയാൻ അത്തരം ഡിപ്പാർട്ടുമെന്റുകളിൽ ജോലിക്കാർക്കു മടിയില്ല. പറഞ്ഞ സമയത്ത്‌ ജോലി കൃത്യമായി ചെയ്‌തുതീർക്കുകയും ചെയ്യും. കൈക്കൂലി വേണമെന്ന ആഗ്രഹവും അതേ സമയം അതുപറയാൻ മടിയുമുളള ഡിപ്പാർട്ടുമെന്റുകളിൽ നിന്നാണ്‌ ഏറ്റവുമധികം ഉപദ്രവമുണ്ടാകുക.

ബാബു പറഞ്ഞുഃ

ഇന്ന്‌ കാലം വളരെ മാറി. പണ്ടത്തെപ്പോലെയല്ല. വൻ വിൻഡോസിസ്‌റ്റത്തിൽ എല്ലാ ഫോർമാലിറ്റികളും ചെയ്‌തു ശരിയാക്കിത്തരാൻ സംവിധാനമുണ്ട്‌.

ബാലചന്ദ്രൻ സമ്മതിച്ചു.

ശരിയായിരിക്കാം. പക്ഷേ, അക്കാലത്ത്‌ ഞാൻ പെട്ടപാട്‌ ദൈവത്തിനുമാത്രമെ അറിയൂ. ഏറ്റവും തമാശ ഞാൻ ഒറ്റ ദിവസംകൊണ്ടു തന്നെ ഒരു മുതലാളിയായി അംഗീകരിക്കപ്പെട്ടു എന്നതാണ്‌. മുതലാളി എന്നാൽ പാവപ്പെട്ടവന്റെ ചോരവലിച്ചുകുടിച്ച്‌ ചീർക്കുന്ന ഒരു വ്യക്തി. മുതലാളിയും തൊഴിലാളിയും തമ്മിലുളള സംഘർഷം അനിവാര്യമാണ്‌ എന്നു പഠിക്കുകയും പഠിപ്പിക്കുകയും ചെയ്‌ത ഒരു രാഷ്‌ട്രീയനേതൃത്വം. എന്റെ ഫാക്‌ടറിയിൽ, തുടങ്ങുമ്പോൾ ഇരുപത്തിയെട്ട്‌ ജോലിക്കാരേ ഉണ്ടായിരുന്നുളളൂ. എല്ലാം എനിക്ക്‌ നേരിട്ടു പരിചയമുളളവർ. പ്രവൃത്തിനൈപുണ്യം ആവശ്യമുളള മൂന്നു ജോലിക്കാരും ശേഷം അവിദഗ്‌ധരും. ഫാക്‌ടറിയിലെ ആദ്യത്തെ ഉത്‌പാദനം പൂർത്തിയാകുന്നതിനു മുമ്പുതന്നെ ഒരു ട്രേഡ്‌യൂണിയൻ ഔപചാരികമായി രൂപീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ഒരു ലെയ്‌ത്ത്‌ മെഷീനും, ടർണിങ്ങ്‌ മെഷീനും അതുപോലെ ചെറിയതരം യന്ത്രങ്ങളും മാത്രമുപയോഗിച്ച്‌ ടിൻകൊണ്ടും മറ്റും പ്രത്യേകതരം കണ്ടെയ്‌നറുകൾ ഉണ്ടാക്കുകയായിരുന്നു ഫാക്‌ടറിയിൽ. എനിക്ക്‌ ഒരബദ്ധം പറ്റി. ആദ്യത്തെ ഓർഡർ കിട്ടിയ സന്തോഷത്തിൽ ഞാൻ ബാങ്കിൽനിന്ന്‌, ഓവർഡ്രാഫ്‌റ്റ്‌ പരിധി കഴിഞ്ഞിട്ടും ബാങ്കുമാനേജരോടഭ്യർത്ഥിച്ച്‌, കുറച്ചുരൂപ കടമെടുത്തു. മറ്റൊന്നിനുമല്ല. എല്ലാ തൊഴിലാളികൾക്കും നൂറ്റിയൊന്നുരൂപ വീതം പാരിതോഷികമായി ഓരോ പായ്‌ക്കറ്റ്‌ മധുരപലഹാരത്തോടൊപ്പം വിതരണം ചെയ്‌ത്‌, രണ്ടു കൊല്ലത്തെ ടെൻഷൻ തീർന്നു എല്ലാം സുഗമമായിപ്പോകും എന്ന എന്റെ സന്തോഷം ഞാനവരുമായി പങ്കിടുകയായിരുന്നു. അതിന്റെ രണ്ടു ദിവസത്തിനുശേഷം ആദ്യത്തെ കൺസെൻമെന്റ്‌ അയയ്‌ക്കണം. എല്ലാം റെഡിയായിരുന്നു. പക്ഷേ, ഞാൻ മധുരപലഹാരം വിതരണം ചെയ്‌തതിന്റെ അടുത്ത ദിവസം രാവിലെ ഓഫീസിൽ ചെന്നപ്പോൾ ഒരു പുതിയ യൂണിയന്റെ ലെറ്റർഹെഡ്‌ഡിൽ മുപ്പത്തിയാറ്‌ ആവശ്യങ്ങൾ അടങ്ങുന്ന ഒരു ഡിമാന്റ്‌നോട്ടീസ്‌. നാട്ടിൽ എന്റെ തറവാട്ടിൽ സ്ഥിരമായി ജോലിക്കു വരുന്ന ഒരു വല്യമ്മയുടെ എസ്‌.എസ്‌.എൽ.സി.പാസായ മകന്‌ എന്റെ അമ്മയുടെ നിർബന്ധം കാരണം ഞാൻ ജോലികൊടുത്തിരുന്നു. അയാളായിരുന്നു പുതിയ യൂണിയന്റെ നേതാവ്‌. ഞാനയാളെ വിളിച്ചു. അയാൾക്ക്‌ ഒന്നേ പറയാനുണ്ടായിരുന്നുളളൂ. മുതലാളിയുമായി ഈ ഡിമാന്റുകൾ ചർച്ചചെയ്യാൻ യൂണിയൻ തയ്യാറാണ്‌. അതിന്‌ യൂണിയൻ പ്രസിഡന്റിനെ വിളിക്കണം. പ്രസിഡന്റ്‌ ഒരു രാഷ്‌ട്രീയപ്പാർട്ടിയുടെ തൊഴിലാളിസംഘടനാ വിഭാഗത്തിന്റെ ലീഡറാണ്‌. ഞാൻ സമ്മതിച്ചു. അടുത്തയാഴ്‌ചത്തേക്ക്‌ സമയവും നിശ്ചയിച്ചു. അന്നുച്ചക്ക്‌ മൂന്നു മണിയായപ്പോൾ നേരത്തേ ഉണ്ടായിരുന്ന യൂണിയന്റെ ലെറ്റർ ഹെഡ്‌ഡിൽ എനിക്കൊരു കത്ത്‌. അതിൽ നാൽപ്പത്തിയഞ്ചു ഡിമാന്റുകളാണ്‌ ഉളളത്‌. അതിന്റെ നേതാവ്‌ വേറൊരു രാഷ്‌ട്രീയപ്പാർട്ടിയുടെ തൊഴിലാളിസംഘടനയിലെ പ്രധാനിയാണ്‌. അവർക്ക്‌ ഒരു വാശി കൂടി. ഞാൻ പ്രാതിനിധ്യ സ്വഭാവമില്ലാത്ത വേറൊരു യൂണിയനുമായി ചർച്ചയ്‌ക്ക്‌ സമ്മതിച്ചത്‌ തെറ്റാണ്‌. അതുപാടില്ല. ഞാൻ പറഞ്ഞുഃ ഞാൻ നിങ്ങളുമായും ചർച്ചചെയ്യാൻ തയ്യാറാണ്‌. പക്ഷേ, അവർക്കത്‌ സമ്മതമായില്ല. അവർ പറഞ്ഞു, പുതിയ യൂണിയനുമായി ചർച്ച പാടില്ല. പഴയ യൂണിയനുമായി ചർച്ച വേണം. ചർച്ച തീർന്ന്‌ ഒരു തീരുമാനം എല്ലാ ഡിമാന്റുകളിലും ഉണ്ടായതിനുശേഷം മാത്രമേ കൺസൈൻമെന്റ്‌ ഫാക്‌ടറിവളപ്പിനു പുറത്തേക്കു കൊണ്ടുപോകാൻ സമ്മതിക്കുകയുളളൂ.

എന്നിട്ട്‌ എന്താ? സമരം; സത്യാഗ്രഹം; ബഹളം; ഞാൻ സി.സി.യിൽ എടുത്ത പഴയ അംബാസഡർ കാറിന്റെ ഗ്ലാസ്‌ തല്ലിപ്പൊട്ടിക്കൽ. ഇടയ്‌ക്ക്‌ എനിക്കും വാശിയായി എന്നു കൂട്ടിക്കൊളളൂ. ഞാനും മനുഷ്യനല്ലേ! യൂണിയൻനേതാക്കൻമാരായ രാഷ്‌ട്രീയപ്രവർത്തകർ സ്വകാര്യ സംഭാഷണത്തിൽ എന്നോട്‌ സഹതാപം പ്രകടിപ്പിച്ചിരുന്നു. പൊതുവെ അവർ വ്യക്തിപരമായി അഴിമതിക്കാരും ആയിരുന്നില്ല. പക്ഷേ, അവർക്ക്‌ അവരുടെ നില ഭദ്രമാക്കാൻ, തങ്ങളുടെ യൂണിയന്റെ കീഴിൽ കൂടുതലാളുകളെ കൊണ്ടുവരാൻ മുതലാളിയുമായുളള നിരന്തരമായ സംഘട്ടനം ഒരാവശ്യമായിരുന്നു. ഭരിക്കുന്ന സർക്കാർ ഏതു പാർട്ടിയുടേതായാലും, ഫാക്‌ടറി പൂട്ടിക്കിടന്നാൽ അത്‌ ഏറ്റെടുപ്പിക്കാമെന്ന്‌ തൊഴിലാളിയൂണിയനുകൾക്ക്‌ ഒരു ധൈര്യമുണ്ടായിരുന്നു. ഒന്നരവർഷംകൂടി ഞാൻ ഫാക്‌ടറി നടത്തി.

എന്നിട്ട്‌?

അവസാനം യാതൊരു നിവൃത്തിയുമില്ലാതെ വന്നപ്പോൾ അതിരഹസ്യമായി ഫാക്‌ടറി തമിഴ്‌നാട്ടിലെ ഒരു വ്യവസായ പ്രമുഖന്‌ വിറ്റു. അയാൾ മിടുക്കനായിരുന്നു. കൺസൈൻമെന്റുകളുടെ കൂട്ടത്തിൽ മെഷീനറിപോലും തമിഴ്‌നാട്ടിലേക്കു കടത്തി. ഈറോഡിനടുത്ത്‌ അയാൾ ഇതേ ഫാക്‌ടറി തുടങ്ങി. എനിക്ക്‌ നേരത്തേ ലഭിച്ചിരുന്ന ഓർഡറുകൾ അയാൾക്ക്‌ സഹായകമായി. ഇന്നയാൾ ആ ഫാക്‌ടറി വിപുലീകരിച്ചുവെന്നു മാത്രമല്ല അത്തരം രണ്ടെണ്ണം, ഓരോന്നു കോയമ്പത്തൂരും നാഗർകോവിലിലും, വിജയകരമായി നടത്തുന്നു. ഞാൻ ഫാക്‌ടറി കൈമാറിയത്‌ പതിനഞ്ചുവർഷം മുൻപായിരുന്നു. അന്ന്‌ ഏതോ ചില കടലാസ്‌ ചില സർക്കാരോഫീസുകളിലെ റിക്കാർഡുകളിൽ ചേർത്തില്ലപോലും. അതുകാരണം ഇപ്പോഴും റവന്യൂ റിക്കവറികേസുകൾ എന്റെ പിന്നാലെ തേടിയെത്തുന്നുണ്ട്‌.

ബാബുവും അമ്പിയും ചിന്താമഗ്നരായി.

എവിടെയാണ്‌ തെറ്റു പറ്റിയത്‌?

ബാബു പറഞ്ഞുഃ

ചേട്ടാ, എനിക്കു തോന്നുന്നത്‌ ഇവിടെ നമ്മൾ സമൂഹത്തിന്റെ സമീപനത്തെത്തന്നെ മാറ്റണം എന്നാണ്‌. നമ്മുടെ കേരളത്തിലെ സമൂഹത്തിന്‌, ആർക്കായാലും, ഏതു രാഷ്‌ട്രീയപ്പാർട്ടിക്കായാലും, ഉദ്യോഗസ്ഥർക്കയാലും എന്തിന്‌ അയൽപക്കക്കാർക്കും സ്വന്തം കുടുംബത്തിനുമായാൽപ്പോലും ഒരു കാര്യം തീർച്ചയാണ്‌; വ്യവസായം നടത്തുന്നവൻ മുതലാളിയാണ്‌. അവൻ ചൂഷകനാണ്‌.

അമ്പി ചിരിച്ചു.

ഞങ്ങളുടെ നാട്ടില്‌ ആദ്യമായിട്ട്‌ ഒരു നെല്ലുകുത്തുമില്ല്‌ തുടങ്ങിയ ഒരു പാവത്തിന്റെ കഥയുണ്ട്‌. കഥയല്ല; സത്യമാണ്‌. അയാളും ഒരു ജോലിക്കാരനും മാത്രമേയുളളൂ മില്ലിൽ. അയാളെ ഞങ്ങളുടെ നാട്ടുകാരെല്ലാം മുതലാളി എന്നാണ്‌ വിളിക്കുന്നത്‌. ഒരിക്കൽ അയാളെന്നോടു പറഞ്ഞുഃ കോട്ടയത്തുനിന്ന്‌ എഞ്ചിന്റെ ഭാഗങ്ങള്‌ ബസിന്റെ മുകളിൽ വച്ചുകൊണ്ടുവന്ന്‌ ഇറക്കാൻനേരം കൂലിക്കാരൻ അഞ്ചുരൂപ ചോദിക്കേണ്ടിടത്ത്‌ പത്തു തന്നാലേ സാധനം ഇറക്കൂ എന്ന്‌ തീർത്തു പറഞ്ഞു.

മുതലാളിക്ക്‌ ബസ്സിന്റെ മുകളിൽ കയറി സാധനമിറക്കുന്നത്‌ അന്തസ്സിനു കുറവും അല്ലേ?

അല്ല. ഈ പാവം ബസ്സിന്റെ മുകളിൽ കയറാൻ തുനിഞ്ഞു. പക്ഷേ, അത്‌ തൊഴിലാളിയുടെ അവകാശത്തിൽ മുതലാളി കൈകടത്തുകയല്ലേ? അയാളെ ബസ്സിൽ കയറാൻ സമ്മതിച്ചില്ല.

ബാലചന്ദ്രൻ പറഞ്ഞുഃ

പക്ഷേ, ഇന്ന്‌ ഏറെ വ്യത്യാസം വന്നിട്ടുണ്ട്‌. തൃശ്ശൂർ മുതൽ എറണാകുളം വരെ നോക്കൂ; എത്രയെത്ര വ്യവസായങ്ങളാണ്‌, വലുതും ചെറുതും, പൂട്ടിക്കിടക്കുന്നത്‌! തമിഴ്‌നാടും കർണ്ണാടകവും മഹാരാഷ്‌ട്രയും വ്യവസായവൽക്കരിക്കപ്പെടുമ്പോൾ നമ്മുടെ തൊഴിലാളികൾ മാത്രം അടച്ചുപൂട്ടിയ തൊഴിൽശാലകളുടെ ഗേറ്റിനു മുമ്പിൽ കൊടിയും കുത്തി കാത്തിരിക്കുന്നു. ഇപ്പോൾ എല്ലാവർക്കും യഥാർത്ഥ്യബോധം ഉണ്ടായിത്തുടങ്ങി. ചുവരുണ്ടെങ്കിലേ ചിത്രം വരക്കാനൊക്കൂ.

അവർ ഒരു കാര്യം തീർച്ചപ്പെടുത്തി.

ബാലചന്ദ്രന്റെ അനുഭവസമ്പത്ത്‌ തീർച്ചയായും ഈ സംരംഭത്തിൽ പൂർണ്ണമായും വിനിയോഗിക്കണം.

ബാബു പറഞ്ഞുഃ

അമ്പി എനിക്കൊരു ഐഡിയ.

എന്താ?

നമുക്ക്‌ ഇതൊരു പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയാക്കാം. ചേട്ടനേയും ചേട്ടനെപ്പോലെ അനുഭവസമ്പത്തുളളവരേയും നമുക്ക്‌, അവർക്കു സമ്മതമാണെങ്കിൽ, ഇതിൽ ചേർക്കാം. മിനിമം ഷെയറുകൾ അവരെടുത്താൽ മതി. പക്ഷേ, കമ്പനി അവരുടേതുകൂടി എന്നു തോന്നണമെങ്കിൽ അവർ നമ്മുടെകൂടെ കമ്പനിക്കുളളിൽത്തന്നെയുണ്ടായിരിക്കണം. ഇപ്പഴ്‌ നമ്മുടെ ബിർളാ അങ്കിള്‌,

ബിർളാ അങ്കിളോ? – ബാലചന്ദ്രൻ ചോദിച്ചു.

അതേ. ബിർളാ-ഗ്രൂപ്പിൽനിന്ന്‌ റിട്ടയറായ മിസ്‌റ്റർ എ.പി.ദാസ്‌ എന്റെ അപ്പച്ചന്റെ സ്‌നേഹിതനാണ്‌. ഗാന്ധിയൻ. പക്ഷേ, വൈകിട്ട്‌ അല്‌പം സ്‌മാൾ അടിക്കുമെന്നേയുളളൂ. നല്ല കോൺടാക്‌ടാണ്‌. ഞാൻ അങ്കളിനെ അടുപ്പിക്കാം.

അമ്പി പറഞ്ഞുഃ

നല്ല ഐഡിയ.

ബാലചന്ദ്രൻ ഗൗരവത്തിൽ പറഞ്ഞുഃ

ഞാനും നിങ്ങളുടെ കൂടെച്ചേരാം. എനിക്കും ഒരു വാശിയുണ്ട്‌ ഈ സമൂഹത്തോട്‌. എന്നെത്തോല്‌പിച്ച ഈ സമൂഹത്തെ എനിക്ക്‌ ചെറുത്തു വിജയിക്കണം. എനിക്ക്‌ പ്രായമായി. ഇനിയൊരു പുതിയ സംരംഭം സ്വയം തുടങ്ങാമെന്ന്‌ എനിക്കു ധൈര്യമില്ല. പക്ഷേ, നിങ്ങളുടെകൂടെ…. ഇറ്റ്‌ ഈസ്‌ ഡിഫറന്റ്‌.

അങ്ങനെ ബാബുവും അമ്പിയുംകൂടി ഒരു വ്യവസായം എറണാകുളത്തു സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനി തുടങ്ങാൻ തീർച്ചപ്പെടുത്തി.

Generated from archived content: privatelimited4.html Author: klm_novel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here