മുപ്പത്തിയേഴ്‌

കഥ നിർണ്ണായകമായ അന്ത്യത്തിലേക്ക്‌ എത്തിയിരിക്കുകയാണ്‌.

കേരളത്തിൽ ഒരു ഉത്‌പാദന വ്യവസായം, പുതുതായി രംഗത്തിറങ്ങുന്ന ചെറുപ്പക്കാർക്ക്‌ നടത്താൻ കഴിയുമോ? അമ്പിയെപ്പോലെയും ബാബുവിനെപ്പോലെയും പഠിച്ച വിവരവും കർമശേഷിയും ആത്മാർത്ഥയും ഉളള അനവധി യുവാക്കൾ നമുക്കുണ്ട്‌. അവർക്ക്‌ വ്യവസായങ്ങൾ വിജയകരമായി നടത്താൻ ആഗ്രഹമുണ്ട്‌. നാട്ടിലെ കഷ്‌ടപ്പാടുകൾ സഹിച്ചും അവർ അഹോരാത്രം ഈ ലക്ഷ്യത്തിനുവേണ്ടി പരിശ്രമിക്കാൻ തയ്യാറുമാണ്‌.

പക്ഷേ, അവർ വിജയിക്കുമോ എന്ന്‌ തീർച്ചപ്പെടുത്തേണ്ടത്‌ നമ്മളാണ്‌. കേരളത്തിലെ പ്രബുദ്ധരായ സാക്ഷരതയുളള, ആധുനികതയേയും മാറ്റങ്ങളെയും ഉൾക്കൊളളാൻ ഒട്ടും മടികാണിക്കാത്ത നമ്മൾ.

അപ്പോൾ നമ്മളെ ആശ്രയിച്ചായിരിക്കും കഥയുടെ അന്ത്യം.

ഈ കഥ, അതുകൊണ്ട്‌ മൂന്നുവിധത്തിൽ സമാപിക്കാം. ഇതിൽ ഏതണ്‌ നമുക്ക്‌ ആവശ്യം എന്ന്‌ നമ്മൾ തീർച്ചപ്പെടുത്തണം. നാലാമതും ഒരു അന്ത്യമുണ്ട്‌. അത്‌ യൂട്ടോപ്പിയാപോലെ, ഒരു സമ്പൂർണ്ണവിപ്ലവത്തിനുശേഷം വരുന്ന സ്വർഗ്ഗരാജ്യത്തിലേ നടക്കാൻ സാധ്യതയുളളൂ എന്നതിനാൽ നമ്മൾ അതേക്കുറിച്ച്‌ ഗൗരവമായി പരിഗണിക്കേണ്ട.

വായനക്കാർ, താന്താങ്ങളുടെ അഭിരുചിക്കും ആഗ്രഹത്തിനും അനുസൃതമായ അന്ത്യം തെരഞ്ഞെടുക്കുക.

ഒന്ന്‌

ഡേവി ഇൻഡസ്‌ട്രീസിന്റെ വിശാലമായ ഫാക്‌ടറിയുടെ പ്രവർത്തനത്തിന്റെ ഉദ്‌ഘാടനത്തിന്‌ നേതാവ്‌ കൃത്യസമയത്തുതന്നെ എത്തിയിരുന്നു. ഫാക്‌ടറി അദ്ദേഹമാണ്‌ സ്വിച്ച്‌ഓൺ ചെയ്യുന്നതെന്ന വാക്കുകൾ ഭംഗിയായി കൊത്തിയ മാർബിൾഫലകം ഫാക്‌ടറിവളപ്പിലെ കൃത്രിമ തടാകത്തിന്റെ കരയിൽ ഒരാൾപ്പൊക്കത്തിൽ തലയുയർത്തിനിന്നു. ദക്ഷിണകൊറിയാ സർക്കാരിന്റെ എംബസിയിൽനിന്ന്‌ മൂന്നാം സെക്രട്ടറി തലേന്നു തന്നെ കൊച്ചിയിലെത്തിയിരുന്നു.

കിംലിയെയും കുമാറിനെയും ഒപ്പംനിർത്തി നേതാവും മൂന്നാം സെക്രട്ടറിയും ഫാക്‌ടറിയുടെ മുന്നിൽ പുഞ്ചിരിച്ചുനിന്ന പടം പ്രസ്‌ഫോട്ടോഗ്രാഫർമാരും ടെലിവിഷൻ ക്യാമറ ടീമും ഭംഗിയായി ക്യാമറയിൽ പകർത്തി. കുമാർ, കൈമൾസാറിനെയും എ.പി.ദാസിനെയും നേതാവിനു പരിചയപ്പെടുത്തി. നേതാവ്‌ പുഞ്ചിരിച്ചുകൊണ്ട്‌ അവരെ തൊഴുതു.

കൈമൾസാറ്‌, അല്‌പം അകലെനിന്നിരുന്ന ബാബുവിനെയും അമ്പിയെയും പ്രവീണിനെയും ബാലചന്ദ്രനെയും ചൂണ്ടി പറഞ്ഞു.

ഈ ചെറുപ്പക്കാരാണ്‌ ഈ പ്രോജക്‌ടിന്റെ സാരഥികൾ. അവരുടെ അക്ഷീണമായ പരിശ്രമത്തിന്റെ അന്തിമഫലമാണിതു സേർ.

നേതാവ്‌ തന്റെ പ്രസംഗത്തിൽ ഈ ചെറുപ്പക്കാരെ അവരുടെ പേരെടുത്തുപറഞ്ഞില്ലെങ്കിലും വിസ്‌മരിച്ചില്ല. സ്വാഗതപ്രസംഗം നടത്തിയ കുമാർ, പക്ഷേ, തന്റെ പ്രസംഗത്തിൽ അവരുടെ പേരുകൾ കൃത്യമായി സ്‌മരിച്ചു.

നേതാവ്‌ കുമാറിനെപ്പോലെയുളള എൻ.ആർ.ഈ.ചെറുപ്പക്കാർ കേരളത്തിൽവന്ന്‌ വ്യവസായമേഖലയുടെ മുഖച്ഛായതന്നെ മാറ്റേണ്ട ആവശ്യത്തെപ്പറ്റി ശക്തിയായി ഉദ്‌ബോധിപ്പിച്ചു. ഈ വ്യവസായ കോംപ്ലക്‌സ്‌ ഈ നാടിന്റെ പുരോഗതിയുടെ ആദ്യത്തെ കനത്ത അടിത്തറ ആണെന്നും ഇവ്വിധമുളള പ്രോജക്‌ടുകൾക്ക്‌ ധനസഹായം മാത്രമല്ല, സർക്കാർ തലത്തിൽനിന്ന്‌ പൂർണ്ണമായ സഹകരണവും എല്ലാ കാര്യങ്ങളിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കിംലിയെപ്പോലുളള വിദേശികളാണ്‌ ഇന്ത്യയ്‌ക്ക്‌ ഇന്ന്‌ ആവശ്യം. അവർ നമ്മുടെ അതിഥികൾ മാത്രമല്ല. നമ്മെ സ്വയം പര്യാപ്‌തമാക്കാൻ ശിക്ഷനൽകുന്ന ഗുരുക്കന്മാരാണെന്നും പറയുമ്പോൾ അദ്ദേഹം വികാരാധീനനായി. നാടിന്റെ പുരോഗതിക്കുവേണ്ടി ഇത്തരം വ്യവസായങ്ങൾ സ്വകാര്യമേഖലയിൽ തുടങ്ങാൻ തന്റെ ഏതുതരം സഹായവും എപ്പോഴും ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫാക്‌ടറി കൃത്യമായി പ്രൊഡക്‌ഷൻ തുടങ്ങി. സർക്കാർ ഡിപ്പാർട്ടുമെന്റുകൾ. ഈ വ്യവസായം തങ്ങളുടെ സ്വന്തം എന്നതുപോലെ ഏതുകാര്യവും നിമിഷങ്ങൾക്കകം സാധിച്ചുതരുന്നതുകണ്ട്‌ ബാബു അത്ഭുതപ്പെട്ടു. ബാങ്കുകൾ ഗാരണ്ടിയെക്കുറിച്ചന്വേഷിക്കാതെ ഓവർ ഡ്രാഫ്‌റ്റ്‌ പരിധികൾ ഉയർത്തി. ഉത്‌പന്നങ്ങൾ വിൽക്കാൻ മാർക്കറ്റ്‌ തേടേണ്ടിവന്നില്ല. ബാംഗ്ലൂരിലെ ഒരു പ്രശസ്‌തകമ്പനി, ഈ ഫാക്‌ടറിയുടെ എല്ലാ ഉത്‌പന്നങ്ങളും ഒന്നിച്ചു വാങ്ങി വിതരണംചെയ്യാനുളള ചുമതലയേറ്റു. വിലയും മാർക്കറ്റിലേക്കാൾ മെച്ചം. മിക്ക ഉത്‌പന്നങ്ങളും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ മൊത്തമായി ബാംഗ്ലൂരിലെ ഏജന്റുവഴി വാങ്ങാൻ ധിറുതികാട്ടി. ബാലചന്ദ്രൻ ഫാക്‌ടറിയിൽ ജോലിക്കാരുടെ കാര്യങ്ങൾ നോക്കുന്നതിൽ വ്യാപൃതനായിരുന്നു. ഒരു പ്രശ്‌നവുമില്ല. എത്ര സംഘർഷരഹിതമായ തൊഴിൽമേഖല! എ.പി.ദാസ്‌ പറഞ്ഞു. ബിർളാജിയുടെ ഫാക്‌ടറികളിൽപ്പോലും കാണുകില്ല, ഇത്ര നല്ല അന്തരീക്ഷം.

ഏതു ശുഭമായ അന്ത്യത്തിലും ഒരു കാട്‌ കാണുമല്ലോ. പ്രവീൺമേനോൻ, ഓമനയോട്‌ പറഞ്ഞുഃ ഈ ഗാംഗിൽനിന്നും നമുക്ക്‌ രക്ഷപ്പെടാം.

അവർമാത്രം ഫാക്‌ടറിയിൽനിന്ന്‌ വിട്ടുനിന്നു.

അവരുടെ വിവാഹം നടന്നു എന്നുളളത്‌ നമുക്ക്‌ ഊഹിക്കാവുന്നതേയുളളൂ.

പ്രവീൺ മേനോൻ ഇടയ്‌ക്കിടയ്‌ക്ക്‌ ഓമനയോടു പറയും.

ഈ നാട്ടിൽ ഏറ്റവും നല്ല ബിസിനസ്‌ രാഷ്‌ട്രീയമാണ്‌. കണ്ടില്ലേ!

പുതിയ പുതിയ കുമാർമാർ പ്രത്യക്ഷപ്പെട്ട്‌ അമ്പിമാരെയും ബാബുമാരെയും തങ്ങളുടെ വരുതിയിൽ കൊണ്ടുവന്ന്‌ കേരളത്തിലെ വ്യവസായമേഖലയെ തഴച്ചുവളർത്തി. കുമാർമാർ പ്രത്യക്ഷപ്പെടാത്ത രംഗങ്ങൾ മെല്ലെമെല്ലെ സ്വയം നശിച്ചു.

ഡേവി ഇൻഡസ്‌ട്രീസ്‌ കേരളത്തിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌ വ്യവസായശാലയുടെ ഉടമയായി. പുതിയ പുതിയ വിദേശക്കരാറുകൾ തേടി അമ്പിയും ബാബുവും ടോക്കിയോയിലേക്കും ന്യൂയോർക്കിലേക്കും ആംസ്‌റ്റർഡാമിലേക്കും പറന്നു.

രണ്ട്‌

ബാങ്ക്‌ മാനേജർ പറഞ്ഞുഃ

മൂന്നു മാസമായി നിങ്ങളുടെ, അല്ല ഫാക്‌ടറി പ്രൊഡക്‌ഷൻ തുടങ്ങിയിട്ട്‌. നിങ്ങളുടെ പ്രോജക്‌ട്‌ റിപ്പോർട്ട്‌ ദാ ഇപ്പോഴും എന്റെ മേശപ്പുറത്തുണ്ട്‌. ഞാൻ നിങ്ങളെ വിശ്വസിച്ച്‌, എന്റെ വ്യക്തിപരമായ റസ്‌പോൺസിബിലിറ്റിയിൽ തന്ന ഓ.ഡി. ലിമിറ്റാണ്‌ അറിയാമല്ലോ?

ബാബുവും ബാലചന്ദ്രനും അമ്പിയും അന്യോന്യം നോക്കി.

അതിന്‌ കൊളാറ്ററൽ തന്നിട്ടുണ്ടല്ലോ.

അതെ, അത്‌ സെക്യൂരിറ്റി. അത്‌… അതില്ലാതെ എനിക്ക്‌ റെക്കമൻഡ്‌ ചെയ്യാൻപോലും പറ്റുമോ? എന്റെ കഴുത്ത്‌…

സാറിന്റെ കഴുത്തൊന്നും പോകേണ്ട. ഞങ്ങൾക്കാകെ വേണ്ടത്‌ രണ്ടുലക്ഷത്തിന്റെ കൂടി ഓവർഡ്രാഫ്‌റ്റ്‌ ലിമിറ്റ്‌ ഉയർത്തുകയാണ്‌. എങ്കിൽ…

ബാങ്ക്‌ മാനേജർ ശാന്തത കൈവിടാതെ ചിരിച്ചു.

ഞാനന്നേ പറഞ്ഞില്ലേ ഈ പാക്കേജിംഗ്‌ കണ്ടെയ്‌നർ പ്രൊഡക്‌ഷൻ ഒരിക്കലും ശരിയാകുകില്ല. എവിടെയും ഒരല്‌പം റിസഷൻ വന്നാൽ ആദ്യം എന്താ ഉണ്ടാകുന്നത്‌? റീട്ടെയിൽ വ്യാപാരികളുടെ പക്കൽ സാധനങ്ങൾ സ്‌റ്റോക്കിലിരിക്കും. അതുകണ്ടാലുടൻ മൊത്തവ്യാപാരികൾ എന്താ ചെയ്യുക? പാക്കേജിംഗ്‌ കണ്ടെയ്‌നറുടെ ഓർഡറുകൾ ക്യാൻസലാക്കും. നിങ്ങളുടേത്‌ വളരെ വളരെ റിസ്‌കി വെൻച്വർ ആണ്‌.

സേർ, ഈ പ്രശ്‌നങ്ങൾക്ക്‌ അതല്ല സേർ, കാരണം. ഇടയ്‌ക്ക്‌ ഇലക്‌ട്രിസിറ്റി പ്രശ്‌നമുണ്ടായി. പിന്നെ ലേബർ, സാറിനറിയാമല്ലോ. ഇപ്പോഴാണ്‌ ഒരു വർക്ക്‌ ഷെഡ്യൂൾ ശരിക്കുണ്ടായത്‌. ഇനി എല്ലാം ശരിയായി നടന്നേക്കും.

നിങ്ങൾക്ക്‌ നടന്നേക്കും എന്ന്‌ കൈയൊഴിയാം. കഴുത്ത്‌ എന്റെയും.

അപ്പോൾ ലിമിറ്റ്‌ ഉയർത്തുന്ന കാര്യം?

അതൊഴികെ എന്തും പറയാം.

അതൊഴികെ ഞങ്ങൾക്ക്‌ വേറൊന്നും പറയാനില്ല.

അവർ മൂവരും ബാങ്കിനു പുറത്തു വന്നപ്പോൾ ശിവദാസൻ പുറത്തു കാത്തുനില്‌പുണ്ടായിരുന്നു.

എന്താ ശരിയായില്ലേ?

അമ്പി നിഷേധാർത്ഥത്തിൽ തലയാട്ടി.

എന്നാൽ നിങ്ങളാരും ഇനി ഫാക്‌ടറിയുടെ അകത്തേക്ക്‌ പോകേണ്ട. ചെന്നാൽ തിരിച്ചുപോരാൻ പറ്റുകില്ല.

താൻ?

അതിന്‌ ഞാനെന്തു ചെയ്യാനാ…? അവർക്ക്‌ കൃത്യമായി വേതനം ലഭിച്ചില്ലെങ്കിൽ…. അവർ പറയുന്നത്‌, അവരു നിർബന്ധിച്ചില്ലല്ലോ നിങ്ങൾ ഫാക്‌ടറി തുടങ്ങാൻ, എന്നാണ്‌.

ബാബു പറഞ്ഞുഃ

ശരിയാ.

അവർ ലോഡ്‌ജിലെ ഓഫീസിലെത്തിയപ്പോൾ ഓമന കമ്പ്യൂട്ടർ കീകളിൽ വിരലുകളോടിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രവീൺ മേനോനെ കണ്ടിട്ട്‌ ദിവസങ്ങളായി. ഇപ്പോൾ ഫോണും വരാറില്ല. മൂന്നാലുപ്രാവശ്യം അങ്ങോട്ടു വിളിച്ചു. ആള്‌ ഇല്ല എന്നാണ്‌ മറുപടി.

ഓമന പറഞ്ഞു.

ദാസ്‌ സാറ്‌ ക്ലബ്ബിൽ കാണും എന്നു പറഞ്ഞുഃ

ഇവിടെ വന്നിരുന്നോ?

ഇല്ല.

പ്രവീണിന്റെ കാര്യം ആരും ഓമനയോട്‌ ചോദിക്കാറില്ല. പ്രവീണിന്‌ സ്‌റ്റോക്‌ എക്‌സ്‌ചേഞ്ചിൽത്തന്നെ പിടിപ്പതു ജോലിയുണ്ട്‌.

പിന്നെ അയാളുടെ അച്ഛൻ ഈയിടെ വന്നിരുന്നപ്പോൾ മകന്‌ ഒരു കല്യാണാലോചനയും സൂചിപ്പിച്ചിരുന്നു. നാട്ടിൽത്തന്നെ അകന്ന ബന്ധത്തിലുളള കുട്ടിയാണ്‌.

പ്രവീൺ, ബാബുവിനോട്‌ പറഞ്ഞിരുന്നു.

ഐ തിംക്‌ ഇറ്റീസ്‌ ടൈം ടു സെറ്റിൽ. അല്ലേ?

ബാബുവിന്‌ ആ വിവരം ഓമനയോടു പറയാൻ ധൈര്യമില്ലായിരുന്നു.

ഓമന ചോദിച്ചുഃ

എന്തായി സേർ, ബാങ്കിൽ?

ഓമനയ്‌ക്കും ശമ്പളം കിട്ടിയിരുന്നില്ല.

ബാബുവും അമ്പിയും ഒരുമിച്ചു പറഞ്ഞു.

എല്ലാം ശരിയാകും.

ബാലചന്ദ്രൻ പറഞ്ഞു.

വരൂ. നമുക്ക്‌ ഒരു പാർട്ടിയെ ഒന്ന്‌ ട്രൈ ചെയ്യാം. എന്റെ പഴയ സ്‌നേഹിതനാണ്‌. ഇപ്പോൾ ചെറിയ ഫൈനാൻസിംഗും ഉണ്ട്‌. വരു. നമുക്ക്‌ ഒന്ന്‌ നോക്കാം.

മൂന്ന്‌

ഹെലികോപ്‌ടർ അകമലയിലെ വൃക്ഷത്തലപ്പുകൾക്കു മുകളിലൂടെ തിരിഞ്ഞും മറഞ്ഞും പറന്നു. ഡോണാ ഇന്റർനാഷണൽ എന്റർപ്രൈസസിന്റെ മാനേജിംഗ്‌ ഡയറക്‌ടർ കുഞ്ഞുമോൻ ഇപ്പോൾ സ്വന്തമായി ഒരു ഹൈബാൻഡ്‌ യൂ-മാറ്റിക്‌ ക്യാമറാ യൂണിറ്റും എഡിറ്റിംഗ്‌ ലാബോറട്ടറിയും തുടങ്ങിയിരുന്നു.

ബാബുവിനു വേണ്ടിയാണ്‌. അവനും അമ്പിയും കൂടി പുതിയ വ്യവസായം തുടങ്ങാൻ പോകുമ്പോൾ സഹായിക്കേണ്ടത്‌ ചുമതലയാണ്‌. അതുകൊണ്ട്‌ അകമലയുടെ പ്രകൃതിഭംഗി ഒപ്പിയെടുക്കാനുളള ശ്രമത്തിന്‌ ക്യാമറയുമായി കുഞ്ഞുമോൻ തന്നെ മുന്നോട്ടുവന്നു.

എത്ര ബ്യൂട്ടിഫുൾ! റിയലി ഗ്രേറ്റ്‌.

കുഞ്ഞുമോൻ അടുത്തിരുന്ന ബാബുവിനെ അഭിനന്ദിച്ചു. അമ്പിയും ഓമനയും ബാലചന്ദ്രനും കൊടൈക്കനാലിലുണ്ട്‌. ഓമനയെ കൂടെകൊണ്ടുവന്നിരുന്നെങ്കിൽ രസമായിരുന്നുവെന്ന്‌ കുഞ്ഞുമോൻ ഒരു നിമിഷം ഓർത്തു. പെട്ടെന്ന്‌ ഒരു മാനേജിംഗ്‌ ഡയറക്‌ടർ ഇവ്വിധം ചിന്തിക്കാൻ പാടില്ല എന്ന്‌ സ്വയം ശാസിക്കുകയും ചെയ്‌തു.

രണ്ടായിരത്തി അഞ്ഞൂറ്‌ ഏക്കർ കാടും മേടും വെളളച്ചാട്ടവും പാറക്കെട്ടും. ഇതിനിടയ്‌ക്ക്‌ ഹോളിഡേ ഹോംസ്‌. ട്രെക്കിംഗ്‌, മലകയറ്റം, ഗോൾഫ്‌ ലിംക്‌സ്‌. ഇതിനെല്ലാം പുറമേ കാലിവളർത്തൽ.

സ്‌കീം കേട്ടപ്പോഴേ കുഞ്ഞുമോൻ അമ്പിയുടെ കൈപിടിച്ചു കുലുക്കി.

റിയലി ഗ്രേറ്റ്‌! ഇന്ന്‌ കേരളത്തിൽ ഉളള ഇത്തരം ആയിരക്കണക്കിന്‌ സ്‌കീമുകളെ വെട്ടിക്കും. നോ ഡൗട്ട്‌.

ബോംബയിലെ ഏറ്റവും പ്രഗല്‌ഭരായ പരസ്യക്കമ്പനിയാണ്‌ ബ്രോഷർ തയ്യാറാക്കുന്നത്‌. അതിന്റെ കടലാസ്‌ മടക്കിയിരിക്കുന്നതു കണ്ടാൽത്തന്നെ ജനം വിരണ്ടുപോകും. തമിഴ്‌നാട്ടിൽ ഒരു എരുമയും (എരുമ വേണ്ടാത്തവർക്ക്‌ പശു) പത്തുസെന്റ്‌ സ്ഥലവും. അതിൽ ഫ്രാൻസിൽമാത്രം വളർത്തുന്ന ഒരുതരം മരവും (മരമാണ്‌ പ്രത്യേകത. അതിന്റെ തടിക്ക്‌ മാർബിളിന്റെ മിനുസവും, പൊങ്ങിന്റെ മാർദ്ദവവും ഉണ്ട്‌. ഇരുപതുകൊല്ലം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വിലപിടിച്ചമരം. വിൽക്കുന്നത്‌, രൂപയ്‌ക്കല്ല ഡോളറിന്‌.) പോരേ?

നിങ്ങൾ നിക്ഷേപിക്കുന്നത്‌ രൂപ, തിരികെ ലഭിക്കുന്നത്‌ ഡോളർ. രൂപയുടെ മൂല്യശോഷണം ബാധിക്കാത്ത ഏക സ്‌കീം എന്ന പരസ്യത്തിന്റെ ഐഡിയ അമ്പിയുടേതായിരുന്നു.

ഇപ്പോൾ വെറും ബ്രോഷർ കണ്ടുതന്നെ രജിസ്‌ട്രേഷന്‌ ആൾക്കാർ ക്യൂ ആണ്‌. ഇനി ഈ പ്രകൃതിഭംഗി ഒപ്പിയെടുത്ത വീഡിയോ കാസറ്റ്‌ ഓരോ കസ്‌റ്റമർക്കും ഫ്രീയായി നൽകുമ്പോൾ ആയിരത്തി അഞ്ഞൂറ്‌ ഏക്കർ പോരാതെ വരും.

സ്ഥലം വാങ്ങിയിട്ടില്ല. അതിർത്തിപോലും തിരിച്ചിട്ടില്ല. ഒരു വർഷത്തിനകം വാങ്ങുമെന്നു പറഞ്ഞ്‌ അല്‌പം അഡ്വാൻസ്‌ കൊടുത്തിട്ടുണ്ട്‌. ഏക്കറിന്‌ രണ്ടായിരം രൂപ വിലനല്‌കണം. സെന്റിന്‌ ആയിരംവച്ചാണ്‌ ബ്രോഷർ. നല്ല കമ്മീഷനിൽ ഏജന്റുമാർ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ പണം താനേ വരാൻ തുടങ്ങി.

പ്രവൺ മേനോൻ, ഇവിടെ ഇനിയും ഒരു ത്രില്ലില്ല എന്നു പറഞ്ഞ്‌, സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിലേക്ക്‌ തിരിച്ചുപോയപ്പോൾ ഓമനയാണ്‌ കുഞ്ഞുമോനെ വിളിച്ച്‌ വീഡിയോപ്പടം എടുക്കാൻ ആശയം കൊടുത്തത്‌.

അതു നന്നായി.

ബാബുവും അമ്പിയും അന്യോന്യം നോക്കി സമ്മതിച്ചു.

നമുക്ക്‌, ഈ നാട്ടിൽ പറ്റിയ വ്യവസായം ഇതാണ്‌.

ബാലചന്ദ്രൻ ചിരിച്ചു.

ഞാനത്‌ അന്നേ അനുഭവത്തിൽനിന്ന്‌ പറഞ്ഞില്ലേ?

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഈ മൂന്നു തരം അന്ത്യത്തിൽ ഏതെങ്കിലും ഒന്നുമാത്രം നമ്മൾ സ്വീകരിക്കുക.

ഇതല്ലാതെ നാലാമത്‌ ഒന്നുകൂടി വേണം. അതിന്‌ ബാബുമാരും അമ്പിമാരും മാത്രം വിചാരിച്ചാൽ പോരാ.

നമ്മളും ശ്രമിക്കണം.

Generated from archived content: privatelimited37.html Author: klm_novel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here