മുപ്പത്തിയാറ്‌

തീരെ അപ്രതീക്ഷിതമായ ആഘാതമായിരുന്നതുകൊണ്ട്‌ എല്ലാവരും ഞെട്ടി.

നൂറായിരം കാര്യങ്ങൾ ഒരുക്കേണ്ട കല്ല്യാണച്ചടങ്ങ്‌. അനവധി ആഴ്‌ചകളിലെ നിരന്തരമായ പരിശ്രമം. പണച്ചെലവ്‌, പ്ലാനിംഗ്‌, ഓർഗനൈസേഷൻ, എല്ലാം ഏകോപിപ്പിച്ച്‌ ഭംഗിയായി അന്തിമ ദിനത്തോടടുത്തപ്പോൾ പൊടുന്നനെ വാർത്ത. കല്യാണം നടക്കുകയില്ല. വരന്‌ സമ്മതമല്ല. കല്യാണച്ചടങ്ങ്‌ മറ്റൊരു തീയതിക്ക്‌ മാറ്റിവച്ചതല്ല. കാൻസൽഡ്‌, വരന്‌ ഇതിലും ആകർഷകമായ ഒരു ബന്ധം കിട്ടിയിരിക്കുന്നു.

അന്തസ്സില്ലാത്തവൻ.

അടിയന്തരമായി മീറ്റിംഗ്‌ കൂടി. എ.പി.ദാസ്‌ അധ്യക്ഷൻ. ബാബു, അമ്പി, പ്രവീൺ, ബാലചന്ദ്രൻ, കൈമൾസാറിനെയും ശിവദാസനെയും കൂടി ചർച്ചയിൽ പങ്കെടുക്കുവാൻ ക്ഷണിച്ചു. ഓമനയും സുമിത്രയും എല്ലാം കേൾക്കാൻ ഒപ്പം കൂടി.

ശിവദാസനെ പ്രവീണാണ്‌ കൊണ്ടുവന്നത്‌. പ്രത്യേകകാരണമൊന്നും വിശദീകരിച്ചില്ല. ബാലചന്ദ്രനെ താണുതൊഴുത്‌ ശിവദാസൻ ഭവ്യമായി തന്റെ സീറ്റിലിരുന്നു.

സുമിത്രയ്‌ക്കായിരുന്നു ഏറ്റവും സങ്കടം. കിംലിയുമായി അടുത്തതിനു കാരണം സതീഷ്‌ ഹിംഗൊരാനിയും തന്റെ സുഹൃത്ത്‌ മിനുവുമാണല്ലോ. അന്ന്‌ മിനുവിനെ യാദൃച്ഛികമായി കണ്ടില്ലായിരുന്നെങ്കിൽ, ഇന്നീ പ്രശ്‌നങ്ങൾ ഉണ്ടാകുകയില്ലായിരുന്നു.

എ.പി. ദാസ്‌ പറഞ്ഞു.

കഴിഞ്ഞതു കഴിഞ്ഞു. തീരെ പ്രതീക്ഷിക്കാത്ത രീതിയിലുളള തിരിച്ചടി ഉണ്ടാകുമ്പോൾ അതിനെ അതിജീവിക്കാൻ കഴിയുക എന്നതാണ്‌ നമ്മുടെ ശക്തിയുടെ തെളിവ്‌. ഇപ്പോൾ നമ്മൾ ഈ കാര്യത്തിലെതന്നെ നല്ലവശം കാണാൻ നോക്കുക. അതാണു വേണ്ടത്‌. എന്നിട്ട്‌ നമുക്കെവിടെയാണ്‌ തെറ്റുപറ്റിയതെന്നു കണ്ടുപിടിച്ച്‌ അത്‌ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു എം.ഒ.യു. ഉണ്ടാക്കി ഒപ്പിടാതെ നമ്മൾ തുടങ്ങിയതാണ്‌ തെറ്റ്‌.

മെമ്മോറാണ്‌ഡം ഓഫ്‌ അണ്ടർസ്‌റ്റാൻഡിംഗ്‌ ഉണ്ടാക്കി ഒപ്പിട്ടു. എന്നുവച്ച്‌? മെമ്മോറാണ്‌ഡം അനുസരിച്ചു പ്രവർത്തിക്കാൻ ഗാരണ്ടി? ഗാരണ്ടി ക്ലോസ്‌ മെമ്മൊറാണ്‌ഡത്തിൽ ഉണ്ടാക്കിയതുകൊണ്ട്‌ കാര്യമായില്ല. അതു പാലിക്കാൻ അന്തർദേശീയ കമ്പനികളുമായിട്ടാകുമ്പോൾ എങ്ങനെ നിർബന്ധിക്കാൻ പറ്റും? ഇവിടത്തെ കോടതികളിൽ പോകാനോ? വിദേശികളെ എന്തു ചെയ്യാൻ സാധിക്കും? ഡീബാർ ചെയ്യിക്കാൻ കഴിഞ്ഞേക്കും. എന്നുവച്ച്‌? ഇന്ത്യയിൽത്തന്നെ അടുത്ത സംരംഭം അവർ വേറൊരു പേരിൽ തുടങ്ങും.

അതു ശരിയാണ്‌. മാത്രവുമല്ല, ഇക്കാലത്ത്‌ പേറ്റന്റ്‌ അവകാശങ്ങൾ മുറുകെപ്പിടിച്ചാലും ടെക്‌നോളജിയുടെ വികാസം ആർക്കും സ്വകാര്യസ്വത്താക്കി വയ്‌ക്കാൻ കഴിയുകയില്ല. പുതിയ പുതിയ സംരംഭങ്ങൾ രംഗത്തുവരും. മത്സരം ഏറും.

നമുക്ക്‌ നമ്മുടേതായ രീതിയിൽ?

ആ കാലമെല്ലാം കഴിഞ്ഞുപോയി. പണ്ടൊക്കെ അസംസ്‌കൃത പ്രകൃതി വിഭവങ്ങൾ കൈവശമുണ്ടായിരുന്നവരായിരുന്നു ധനവാന്മാർ. ഇനിയുളള കാലത്ത്‌ പ്രകൃതിവിഭവങ്ങളുടെ സ്ഥാനത്ത്‌ സിന്തെറ്റിക്‌ വസ്‌തുക്കൾ വരും. ടിന്നും അലുമിനിയവും പ്ലാസ്‌റ്റിക്കിനു വഴിമാറും. അപ്പോൾ ആർക്കും സ്വന്തമായി മറ്റാരുടെയും സഹായമില്ലാതെ വ്യവസായങ്ങൾ നടത്തി മാർക്കറ്റിലെ മത്സരത്തിൽ വിജയിക്കാൻ സാധിക്കുകയില്ല. ഒരു രാജ്യത്തിനും.

കൈമൾസാർ എല്ലാം കേട്ട്‌ നിശ്ശബ്‌ദനായി ഇരിക്കുകയായിരുന്നു. അദ്ദേഹം ഒന്നു ചുമച്ചു. ആൾക്കാരുടെ ശ്രദ്ധ തന്നിലേക്കായപ്പോൾ അദ്ദേഹം പറഞ്ഞു.

വാദപ്രതിവാദം നിർത്തി നമുക്ക്‌ എന്താണിനി ചെയ്യേണ്ടത്‌ എന്നു നോക്കാം. എനിക്ക്‌ നേരത്തെ പോയിട്ട്‌ ഒരു പരിപാടിയുണ്ട്‌. ലഞ്ചിന്‌ ക്ലബ്ബിൽ ഒരു സ്‌നേഹിതൻ ക്ഷണിച്ചിട്ടുണ്ട്‌. വെറും ലഞ്ചായിരുന്നെങ്കിൽ ഞാൻ വേണ്ട എന്നു പറഞ്ഞേനെം. ഇത്‌ അയാളുടെ പേരക്കുട്ടിയുടെ പിറന്നാളിന്റെ പേരിലാണ്‌. പിറന്നാളോ, കുട്ടി ഉണ്ടായ സന്തോഷമോ, സംതിംഗ്‌. ഇന്നലെ രാത്രി ക്ഷണിച്ചതാണ്‌. ക്ലബ്ബിൽവച്ച്‌. പോകാതിരിക്കാൻ പറ്റുകയില്ല. അതുകൊണ്ട്‌ ലെറ്റസ്‌കം ടു ദി പോയന്റ്‌. സം പോസിറ്റീവ്‌ ഡിസിഷൻ.

ശരിയാ, എന്താ വേണ്ടത്‌?

സതീഷ്‌ വഴി വേറെ വിദേശകമ്പനികളെ നോക്കണോ?

എ.പി.ദാസ്‌ സുമിത്രയെ നോക്കി. ബാബു പറഞ്ഞു.

അതിലും കുഴപ്പമില്ല. നമ്മളേതായാലും ഒരു വിദേശകമ്പനിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ വേണ്ട അനവധി കാര്യങ്ങൾ ചെയ്‌തുകഴിഞ്ഞു. ഇപ്പോൾ ഒരാൾ കാലുമാറി എന്നുവച്ച്‌, ഈ ആശയം തെറ്റാണെന്നു പറയാൻ പറ്റുകയില്ലല്ലോ. നമുക്ക്‌ തെറ്റുപറ്റിയത്‌ വിശ്വസ്‌തനായ ഒരു പാർട്ടിയെ കിട്ടിയില്ല എന്നതിലാണ്‌.

യു. ആർ കറക്‌റ്റ്‌. പക്ഷേ ഇനിയും വിശ്വസ്‌തനെത്തന്നെയാണ്‌ കിട്ടുന്നത്‌ എന്നെങ്ങിനെ പറയും?

ബാബു പറഞ്ഞു.

ഇതിലൊക്കെ വലിയ ഒരു എലിമന്റ്‌ ഭാഗ്യമാണ്‌. നമുക്കിനിയും ശ്രമിക്കാം. ലോ ഓഫ്‌ ആവറേജസ്‌, ചിലപ്പോൾ നമ്മെ സഹയിക്കും.

പക്ഷേ, അത്‌…

മറ്റെന്താ വഴി? ഇതുവരെ ഈ കൂട്ടുയത്‌നത്തിനുവേണ്ടി ചെയ്‌തതെല്ലാം പാഴാക്കണമെന്നോ?

എന്താണ്‌ സംഭവിച്ചത്‌ എന്നന്വേഷിക്കേണ്ടേ? കിംലി നമ്മൾക്ക്‌ തന്ന വാക്ക്‌ പാലിക്കാതിരിക്കാൻ എന്തെങ്കിലും കാരണം വേണമല്ലോ. അതല്ല, ഇതെല്ലാം ചെറിയ എന്തെങ്കിലും തെറ്റിദ്ധാരണയുടെ പേരിലാണെങ്കിൽ, അതു തിരുത്തേണ്ട ചുമതല നമുക്കില്ലേ?

എ.പി.ദാസ്‌ പറഞ്ഞു.

എന്റെ അഭിപ്രായത്തിൽ, കൂട്ടുബിസിനസിൽ അന്യോന്യ വിശ്വാസത്തേക്കാളും പ്രാധാന്യം ഇരു പാർട്ടികളുടേയും താത്‌പര്യങ്ങൾ പാലിക്കാനൊക്കുമോ എന്നതാണ്‌. കേരളത്തിൽ, ഇന്ത്യയിൽ, കിംലിക്ക്‌ ബിസിനസ്‌ താത്‌പര്യം സംരക്ഷിക്കാൻ സാധിക്കും എന്ന്‌ ഉണ്ടായിരുന്നെങ്കിൽ, അയാൾ ഇവ്വിധം ഒരു രീതിയിൽ പെരുമാറുമായിരുന്നില്ല. ചിലപ്പോൾ താങ്കളോ, കേരളത്തിലെ വ്യവസായികാന്തരീക്ഷമോ ആയിരിക്കുകയില്ല കാരണം. ഈയിടെ ശ്രദ്ധിച്ചോ, മെക്‌സിക്കോയിൽ അമേരിക്കൻ കൂട്ടുബിസിനസുകാർക്ക്‌, അവിടത്തെ പെട്ടെന്നുണ്ടായ സാമ്പത്തികത്തകർച്ചമൂലം ഏറ്റ കൈപൊളളൽ. അന്തർദേശീയ ബിസിനസുകാർ പണ്ടത്തേതിലും സൂക്ഷിച്ചാണ്‌ പെരുമാറുന്നത്‌. ഇന്ത്യയെപ്പോലെ, വലിയൊരു വ്യവസായകമ്മിയും വർദ്ധിച്ചുകൊണ്ടിരിക്കുന്ന പൊതുകടവും ഉയർന്ന തൊഴിലില്ലായ്‌മയും ഉളള അർദ്ധവികസിത രാജ്യങ്ങളിൽ ഇപ്പോൾ വിദേശകമ്പനികൾ വരാൻ പണ്ടത്തെ മട്ടിലുളള ആവേശം കാട്ടുന്നില്ല. കിംലിയും ചിലപ്പോൾ അതുകൊണ്ടായിരിക്കും, നിശ്ശബ്‌ദനായത്‌. എന്തായാലും, നമ്മൾ ഇനി അതന്വേഷിച്ചു പിറകെ പോകേണ്ട എന്നാണ്‌ എന്റെ അഭിപ്രായം. ഇനി ഏതായാലും ഏച്ചുകെട്ടലായിരിക്കും ബന്ധം. അത്‌ മുഴച്ചിരിക്കാനേ ഇടയുളളൂ.

ബാലചന്ദ്രൻ, ചർച്ചകളിലൊന്നും പങ്കെടുക്കാതെ എല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇടയ്‌ക്കിടയ്‌ക്ക്‌ ശിവദാസനെ നോക്കും. ശിവദാസനും ബാലചന്ദ്രന്റെ നോട്ടം ശ്രദ്ധിച്ചിരുന്നു.

ബാലചന്ദ്രൻ പെട്ടെന്ന്‌ പറഞ്ഞു.

പണ്ടു ഞാൻ, ബനാറസിൽനിന്നും മെറ്റലർജിയിൽ ബിരുദം കഴിഞ്ഞ്‌ നാട്ടിൽ വന്നപ്പോൾ ഉടൻ ഒരു ചെറിയ ഫാക്‌ടറി തുടങ്ങി. കളമശ്ശേരിയിൽ. ബാബുവിനോടും അമ്പിയോടും വിവരം പറഞ്ഞിട്ടുണ്ട്‌. ഒരു ലെയ്‌ത്ത്‌ മെഷീനും ടർണിംഗ്‌ മെഷീനും അതുപോലെ ചെറിയതരം യന്ത്രങ്ങളും മാത്രമുപയോഗിച്ച്‌ പത്തുമുപ്പതു ജോലിക്കാരെ വച്ച്‌ ടിൻകൊണ്ടുളള പ്രത്യേകതരം കണ്ടെയ്‌നറുകൾ ഉണ്ടാക്കുക. ഇതായിരുന്നു ഫാക്‌ടറി. എന്റെ പിടിപ്പുകേടുകൊണ്ടുകൂടിയാണ്‌, ഫാക്‌ടറി തുടങ്ങിയപ്പോൾതന്നെ തൊഴിലാളിസമരവും തുടങ്ങി. ഞാൻ ഫാക്‌ടറി പൂട്ടി. ഞാൻ പൂട്ടി എന്നു പറയുന്നതിലും നല്ലത്‌ താനെ പൂട്ടിപ്പോയി എന്നു പറയുന്നതാണ്‌. എന്റെ ഒരു അഭിപ്രായം നമുക്ക്‌ അത്തരം ഒരു ഫാക്‌ടറി തുടങ്ങിയാലോ?

പ്രവീൺ ചിരിച്ചു.

ഒരു വാശി അല്ലേ?

ബാബു ശിവദാസനെ നോക്കി.

ശിവദാസൻ പറഞ്ഞു.

ബാലചന്ദ്രൻസാറ്‌ പറഞ്ഞുവരുന്നത്‌ നല്ല കാര്യമാണ്‌. സാറിന്റെ ഫാക്‌ടറി അടച്ചുപൂട്ടാൻ കാരണക്കാരിൽ ഒരുവൻ ഞാൻ കൂടിയാണ്‌. എനിക്ക്‌, തൊഴിലില്ലാതെ അലയുമ്പോൾ, വിളിച്ചു പണിതന്നത്‌ സാറാണ്‌. സാറിന്റെ ഫാക്‌ടറിയിൽ യൂണിയന്റെ നേതൃത്വം എടുത്ത്‌, കുറെയൊക്കെ സാറിനെ ദ്രോഹിച്ചതും ഞാനാണ്‌. പക്ഷേ സാറെ, അന്നത്തെ തൊഴിലാളിയല്ല ഇന്നത്തേത്‌. വലിയവലിയ ഫാക്‌ടറികൾ, സ്വകാര്യമേഖലയിലേയും, പൊതുമേഖലയിലേയും നഷ്‌ടം കാരണവും തൊഴിൽക്കുഴപ്പംകാരണവും ഇവിടെ പൂട്ടിക്കഴിഞ്ഞു. ഫാക്‌ടും റോഡ്‌ട്രാൻസ്‌പോർട്ട്‌ കോർപറേഷനും, അതുപോലെയുളള സ്ഥാപനങ്ങൾപോലും നഷ്‌ടത്തിൽ തുടർച്ചയായി പ്രവർത്തിച്ചാൽ, പൂട്ടേണ്ടിവരും എന്ന ബോധം തൊഴിലാളിക്കും വന്നു കഴിഞ്ഞിട്ടുണ്ട്‌. അതുകൊണ്ട്‌ ബാലചന്ദ്രൻസാറിനുണ്ടായ അനുഭവം ഇനിയും ആവർത്തിക്കുമോ എന്ന്‌ എനിക്ക്‌ സംശയമാണ്‌. സാറിന്‌ ധൈര്യമായി, ഇന്നായിരുന്നെങ്കിൽ ഫാക്‌ടറി പ്രവർത്തിപ്പിക്കാമായിരുന്നു. പക്ഷേ, ഇപ്പോൾ സാറ്‌ പറയുന്ന പരിപാടി, അതെത്രത്തോളം ലാഭകരമായിരിക്കുമെന്നു നോക്കിയിട്ടു മതി, എന്തെങ്കിലും ആ വഴിക്ക്‌ ചിന്തിക്കുന്നത്‌ എന്നാണെന്റെ അഭിപ്രായം.

പ്രവീൺമേനോൻ ഇടയ്‌ക്കുകയറി പറഞ്ഞു.

ശരി. പറഞ്ഞുകൊളളൂ. ഞാൻ മിസ്‌റ്റർ ശിവദാസനെ ഇന്നിവിടെ ക്ഷണിച്ചുകൊണ്ടുവന്നതിന്‌ ഒരു കാരണംകൂടിയാണ്‌. ഒരു റൂമർ. അത്‌ ശരിയാകാനാണ്‌ സാധ്യത. ഞാനും, സ്വാമിയുംകൂടി ആദ്യം സംശയം തോന്നിയപ്പോൾ ടോക്കിയോയിലേക്ക്‌ വിളിച്ചില്ലേ? അപ്പോഴേ എനിക്ക്‌ കിംലിയുടെ മൗനത്തിനു പിന്നിൽ മറ്റാരോ ഉണ്ടെന്ന്‌ ഒരു സംശയം തോന്നിയിരുന്നു. ഇനി ശിവദാസൻ പറയു.

ശിവദാസൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ ബാലചന്ദ്രൻ അയാളുടെ നേരെനോക്കാതെ ഇരിക്കുകയായിരുന്നു. ഇപ്പോൾ തലയുയർത്തി. വാക്കുകൾ ശ്രദ്ധയോടെ കേട്ടു.

ഞാൻ കേട്ടതു പറയാം. ഇന്നലെ തിരുവനന്തപുരത്ത്‌ ലേബർ മിനിസ്‌റ്റർ വിളിച്ച ഒരു കോൺഫറൻസിൽ സംബന്ധിക്കാൻ പോയപ്പോൾ കേട്ടതാണ്‌. ഒരു പ്രസിദ്ധ കൊറിയൻ കമ്പനിയുടെ ഏറ്റവും പുതിയ പ്രോജക്‌ട്‌ കേരളത്തിൽ തുടങ്ങാൻ പോകുന്നുവെന്ന്‌. ഞാൻ നമ്മുടെ പ്രൊജക്‌റ്റ്‌ ആയിരിക്കുമെന്നു കരുതി. അതല്ല കേരളത്തിലെ കൂട്ടുകമ്പനിക്കാർ ഏതോ എൻ.ആർ.ഇ. ബിസിനസുകാരാണത്രേ. മലയാളികൾ. സിംഗപ്പൂരിൽനിന്ന്‌.

പ്രവീൺ പറഞ്ഞുഃ

മിസ്‌റ്റർ ശിവദാസൻ ഇതു പറഞ്ഞപ്പോൾ ഞാൻ ഇന്നലെ രാത്രിയും ഇന്നു രാവിലെയും എന്റെ സോഴ്‌സിലൂടെ വിവരങ്ങൾ തേടി. സത്യമാണ്‌. കമ്പനി ഏതാണെന്നറിഞ്ഞുകൂടാ പക്ഷേ പ്രോജക്‌ടും, പ്രോഡക്‌ടും നമ്മുടേതുതന്നെ.

അങ്ങനെയാണെങ്കിൽ ഈ കൂട്ടുസംരംഭത്തെക്കുറിച്ച്‌ നാം വേവലാതിപ്പെടേണ്ട. കിംലിക്ക്‌ നമ്മളേക്കാൾ നല്ല ടേംസ്‌ നൽകിയ പാർട്ടണറെ കിട്ടിക്കാണും.

അപ്പോൾ ബാലചന്ദ്രൻസാറിന്റെ കണ്ടെയ്‌നർ നിർമിക്കുന്ന ചെറിയ ഫാക്‌ടറി മതിയെന്നോ?

അവിടെയും കുഴപ്പംവരും. സാറെ, ടിന്നും അലുമിനിയവും പ്ലാസ്‌റ്റിന്റെ മത്സരത്തിനു മുന്നിൽ ഔട്ടാകും. അതുമല്ല. സാറിന്റെ ഫാക്‌ടറിപോലെ അനവധി എണ്ണം കോയമ്പത്തൂർ മേഖലയിലുണ്ട്‌. അവിടെ ലേബർ ചീപ്പാണ്‌. അവർക്ക്‌ ഉത്‌പന്നങ്ങൾ വിലകുറച്ച്‌ ഇവിടെ മാർക്കറ്റിലിറക്കാം.

അപ്പോൾ പിന്നെ എന്തുചെയ്യും?

ഒരു തീരുമാനവുമെടുക്കാതെ നിരാശരായി എല്ലാവരും പിരിഞ്ഞെങ്കിലും അന്നു വൈകിട്ടു തന്നെ അവർക്ക്‌ വീണ്ടും കൂടേണ്ടിവന്നു.

കാരണം കൈമൾ സാറിന്റെ ടെലിഫോണായിരുന്നു.

ക്ലബ്ബിൽ ലഞ്ചിനു ചെന്നപ്പോൾ, ആതിഥേയനോടൊപ്പം ഒരു ചെറുപ്പക്കാരൻ മാത്രം. പാർട്ടിയും, കുട്ടിയുടെ പിറന്നാൾ ആഘോഷവും വൈകിട്ടത്തേക്കു മാറ്റിയത്രേ. പ്രധാനം ചെറുപ്പക്കാരനെ പരിചയപ്പെടുകയായിരുന്നു.

കസവുമുണ്ടും സിൽക്ക്‌ ജുബ്ബയും ധരിച്ച സുമുഖനായ മുപ്പത്തഞ്ചുകാരൻ. പേര്‌ ആതിഥേയനായ സുഹൃത്ത്‌ പറഞ്ഞു.

മിസ്‌റ്റർ കുമാർ, സിംഗപ്പൂരിലാണ്‌. യു.എസ്‌.പൗരനാണ്‌. ഒരു മൾട്ടിനാഷണലിന്റെ സൗത്ത്‌ ഈസ്‌റ്റ്‌ ഏഷ്യാ മേധാവിയാണ്‌. നാട്ടിൽ ഒരു ഫാക്‌ടറി, വ്യവസായശ്യംഖല തുടങ്ങാൻ പോകുകയാണ്‌.

കൈമൾക്ക്‌ കുമാറിനെ ആദ്യവീക്ഷണത്തിൽതന്നെ അളക്കാൻ സാധിച്ചു.

ഭംഗിയായ പെരുമാറ്റം, വിനീതമായ, കുലീനത ദ്യോതിപ്പിക്കുന്ന പുഞ്ചിരി, അമേരിക്കൻ ആക്‌സന്റ്‌ ഒട്ടുമില്ലാത്ത പച്ചമധ്യതിരുവിതാംകൂർ മലയാളശൈലി. രണ്ടാമത്തെ പെഗ്ഗ്‌ തീരാറായപ്പോഴാണ്‌ ആതിഥേയൻ പറഞ്ഞത്‌. ഞാൻ കുമാറിനോട്‌ നിർദ്ദേശിക്കുകയായിരുന്നു. കൈമള്‌ സാറിന്റെ ഫാക്‌ടറിയും പരിസരവും പുതിയ വ്യവസായം തുടങ്ങാൻ നല്ല ഇൻഫ്രാസ്‌ട്രക്‌ചർ ആയിരിക്കുമെന്ന്‌.

കൈമൾ അടുത്ത്‌ എന്താണ്‌ വരാൻ പോകുന്നത്‌ എന്നു കാത്തു. സാറിന്റെ ഫാക്‌ടറി മിസ്‌റ്റർ കുമാറിന്‌ ലീസിനു കൊടുക്കൂ. അവിടം ഒരു വിശാലമായ വ്യവസായ കോംപ്ലക്സിന്‌ ആസ്ഥാനമാകും. ലീസിന്‌ അല്ലെങ്കിൽ ഔട്ട്‌റ്റെറ്റ്‌ വിൽപ്പന ആയാലും തരക്കേടില്ല.

കുമാർ പറഞ്ഞു.

വിലയുടെ കാര്യം നെഗോഷ്യേറ്റ്‌ ചെയ്യാവുന്നതേയുളളു. രൂപയിലോ, ഡോളറിലോ എങ്ങനെ വേണമെങ്കിലും വേണ്ടില്ല. അറേഞ്ച്‌ ചെയ്യാം.

കൈമൾക്ക്‌ പെട്ടെന്ന്‌ മനസ്സിലായി. ഇത്‌ ഏതോ വലിയ നീക്കങ്ങളിലെ ചെറിയ കരുവിന്റെ ചലനം മാത്രമാണ്‌. ഇതിന്റെ പിന്നിൽ എന്തുണ്ട്‌ എന്നറിയണം.

പറഞ്ഞു.

ഞാൻ കൂടിചേർന്ന്‌ ഒരു പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനി അവിടെ ഒരു കൊറിയൻ കമ്പനിയുമായി ചേർന്ന്‌ കൂട്ടുസംരംഭം തുടങ്ങാൻ പോകുകയാണ്‌.

കുമാർ പറഞ്ഞു.

അറിയാം. ആ കമ്പനിക്ക്‌ ഇതുവരെ ഫൈനാൻഷ്യൽ അറേഞ്ച്‌മെന്റ്‌ ആയിട്ടില്ലല്ലോ. ഒരു കാര്യം ചെയ്യാം. നിങ്ങളുടെ കമ്പനിതന്നെ എല്ലാം നടത്തുക. അതിന്റെ പൂർണ്ണമായ ഫൈനാൻസിംഗ്‌ ഞാൻ ചെയ്യുന്നു. എനിക്കൊരു കൺട്രോളും വേണ്ട. സ്ഥാപനം എന്റെയായിരിക്കും. അല്ലെങ്കിൽ എന്റെ നോമിനിയുടേത്‌. എന്താ? പത്തുവർഷത്തേക്ക്‌ ഞങ്ങൾ മാനേജ്‌മെന്റിൽ ഇടപെടുകയേ ഇല്ല. എന്താ?

ഞങ്ങളോട്‌ ഇത്ര സ്‌നേഹം തോന്നാൻ എന്താണ്‌ കാരണം?

നിങ്ങളുടെ കൊറിയക്കാരൻ കിംലി ഇവിടെ വ്യവസായസംരംഭത്തിന്‌ നിങ്ങളുമായി വാക്കുതന്നിട്ടുണ്ടെന്ന്‌ പറഞ്ഞു. ഞങ്ങൾക്ക്‌, എനിക്ക്‌, ഈ കൂട്ടുസംരംഭം നടത്തിയേ പറ്റൂ.

എന്തിന്‌?

ആതിഥേയനാണ്‌ മറുപടി പറഞ്ഞത്‌.

അതിനു വേറെ കാരണങ്ങൾ കാണും. നമ്മൾ എന്തിനാണതൊക്കെ അന്വേഷിക്കുന്നത്‌?

കൈമൾ ചിരിച്ചു.

പക്ഷെ, കിംലി ഞങ്ങളോടൊപ്പം ചേരുന്നില്ല എന്നാണ്‌ ലേറ്റസ്‌റ്റ്‌ ന്യൂസ്‌.

കുമാർ പറഞ്ഞു.

അല്ല. ഇന്നു രാവിലെ ഞങ്ങൾ സംസാരിച്ചു.

കൈമൾ അല്‌പനേരം കഴിഞ്ഞ്‌ ചോദിച്ചു.

ഇടയ്‌ക്ക്‌, കുമാർ ഞങ്ങൾ എന്നു പറഞ്ഞല്ലോ. ആ ഞങ്ങൾ ആരോക്കെയാണ്‌?

അത്‌ സാറ്‌ ഊഹിച്ചാൽമതി. പക്ഷേ ഈ ഇന്ത്യൻ വൻകരയിൽ, പ്രത്യേകിച്ച്‌ ഗുജറാത്ത്‌ മുതൽ കേരളംവരെയുളള പശ്ചിമതീരത്ത്‌, ഞങ്ങൾ അറിയാതെ ഒരു വിദേശിയും വ്യവസായം തുടങ്ങാൻ വരില്ല. ഒരു നാട്ടുകാരനും കൂട്ടുയത്‌നം തുടങ്ങാനും പറ്റില്ല. സാറ്‌ ആലോചിച്ച്‌ നാളെ മറുപടി തന്നാൽ മതി.

അന്നു രാത്രിയിൽ പ്രൈവറ്റ്‌ ലിമിറ്റഡിലെ ആർക്കും ഉറങ്ങാൻ സാധിച്ചില്ല.

വ്യവസായം നടത്തുകയെന്ന പ്രാഥമിക സ്വാതന്ത്ര്യം പോലും പൗരനു നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. എല്ലാവരുടെയും ചിന്ത ആ ബിന്ദുവിലായിരുന്നു.

Generated from archived content: privatelimited36.html Author: klm_novel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here