ദിവസത്തിന് ഇരുപത്തിനാലു മണിക്കൂർ പോരാ.
അല്ലെങ്കിൽ ഈ ഉറക്കം എന്ന ആവശ്യം മനുഷ്യനു വേണ്ടായിരുന്നു. ദിവസത്തിന്റെ നല്ലൊരു ശതമാനം സമയമാണ് ഉറക്കം അപഹരിക്കുന്നത്. റിയലി വേസ്‌റ്റ് ഓഫ് പ്രഷ്യസ് ടൈം അല്ലേ?
രാത്രി രണ്ടുമണിക്കായിരിക്കും പ്രവീൺ മേനോന്റെ കമന്റ്. തട്ടുകടയിൽനിന്നു പായ്‌ക്ക് ചെയ്‌തെടുത്ത ദോശയും ഓംലറ്റും ഫ്ലാസ്‌കിൽ ചായയും. ലോഡ്‌ജിലെ മുറിയിലാണ് കംപ്യൂട്ടർ. അമ്പി കംപ്യൂട്ടറിനുമുന്നിൽ ഉറക്കത്തെ ശപിച്ചുകൊണ്ടു കോട്ടുവായിടുന്നതിനിടയിലും കീബോർഡിൽ അലസമായി വിരലുകൾ ഓടിക്കുന്നുണ്ടാകും. പ്രവീൺ മേനോൻ കൊണ്ടുവന്ന ദോശപ്പൊതി തുറക്കാതെ ഓംലറ്റ് കഷണങ്ങൾ തിന്നുന്നതിനിടയിൽ അമ്പി പറയും.
എനിക്കീ അനാലിസിസ് ഇന്നു തന്നെ തീർത്തിട്ട് ഉറങ്ങണമെന്നുണ്ടായിരുന്നു. പക്ഷേ, എവിടെയോ മിസ്‌റ്റേക്ക്. ടൈം എന്തായി?
ടു ടെൻ.
ദൈവമേ! മൂന്നുമണിക്കൂറായി. പതിനൊന്നിന് തുടങ്ങിയതാണ്. വെറും വേസ്‌റ്റ് ഓഫ് ടൈം.
ബേസിക്‌ഡേറ്റായിൽ വന്ന പിശകായിരിക്കും.
രണ്ടാഴ്‌ചയായി എല്ലാവരും തിരക്കിന്റെ തിരക്കിലാണ്. കമ്പനിയുടെ ഓഫീസ് സംവിധാനം ചെയ്യുന്ന ബഹളത്തിൽ പ്രവീൺ മേനോൻ സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ പോകുന്നതു പോലും പേരിനു മാത്രമായി.
റിക്രൂട്ടുമെന്റിന്റെ മുഴുവൻ ചുമതലയും ഏറ്റെടുത്ത്, അതിന്റെ തിരക്കിൽ രാവിലെ എട്ടരമണിക്ക് എ.പി.ദാസ് ഓഫീസിൽ വരും. ഓഫീസ് നാലു സ്ഥലത്തായിട്ടാണ് പ്രവർത്തിക്കുന്നത്. ലോഡ്‌ജിലെ ആദ്യത്തെ ഓഫീസിൽ അമ്പിയും കംപ്യൂട്ടറും. ഒമ്പതുമുതൽ അഞ്ചുവരെ ഓമനയും. പ്രവീൺ മേനോന്റെ ഓഫീസ് മുറിയിലാണ് റിക്രൂട്ട്‌മെന്റ്. എ.പി.ദാസിന്റെ പ്രവർത്തനരംഗം. പ്രവീണിന്റെ രണ്ട് ഓഫീസ് ക്ലർക്കുമാരിൽ ഒരാളെ ദാസ് കമ്പനിക്കാര്യങ്ങൾക്കുളള സെക്രട്ടറിയാക്കി മാറ്റി. പ്രവീണിന് സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ പുതിയ സംവിധാനമനുസരിച്ചുളള കംപ്യൂട്ടർ ടെർമിനൽ കിട്ടി. ഇനി ബോംബെയെയും, ഇന്ത്യയിലെ എല്ലാ സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളെയും ബന്ധിപ്പിച്ചുകൊണ്ടുളള കംപ്യൂട്ടർ ശ്യംഖല വരും. അപ്പോൾ പൂർണ്ണമായും എല്ലാ ജോലികളും ഈ ഓഫീസിലിരുന്ന് കംപ്യൂട്ടർ വഴി ചെയ്യാം. എക്‌സ്‌ചേഞ്ചിൽ പോകുകയേ വേണ്ട. അതിന്റെ തുടക്കമാണിത് എന്ന് എ.പി.ദാസിനെ സമാധാനിപ്പിച്ചു. അങ്കിൾ, എന്റെ ഓഫീസ് മുഴുവൻ ഇഷ്‌ടംപോലെ ഉപയോഗിച്ചുകൊളളൂ. ഇനിയുളള കാലത്ത് ബിസിനസ് ലോകത്ത് ഏറ്റവും പ്രശ്‌നം വരാൻ പോകുന്നത് ടെക്‌നോളജിക്കോ, പണത്തിനോ, മനുഷ്യശക്തിക്കോ, ബുദ്ധിക്കോ ഒന്നുമല്ല. സ്‌പേസ്, സ്ഥലം ഇരിക്കാനുളളയിടം. അതിനാണ്. ഒരു കംപ്യൂട്ടറും, ഒരു കസേരയും. കുറെ വർഷം കഴിയട്ടെ. വലിയ വിശാലമായ ഓഫീസിന്റെ എല്ലാ പ്രവർത്തനങ്ങളും നടത്താൻ അഞ്ചടിനീളം, അഞ്ചടിവീതി മതി.
ബാലചന്ദ്രൻ മോട്ടർസൈക്കിളെടുത്ത് രാവിലെ ഏഴുമണിക്ക് ഫാക്‌ടറിയിലെത്തും. ഫാക്‌ടറിയിലെ എല്ലാക്കാര്യങ്ങളും ബാലചന്ദ്രന്റെ ചുമതലയാണ്. സഹായിക്കാൻ സുമിത്രയും. തിരികെ പോരുമ്പോൾ രാത്രി പത്തുമണി കഴിയും.
ബാബുവിന് സമയമില്ല. പകലില്ല. രാത്രിയില്ല. എപ്പോഴും ചലനമാണ്. സർക്കാരോഫീസുകൾ, ബാങ്ക്, കോൺട്രാക്‌ടർമാർ തുടങ്ങി എപ്പോഴും ഒരേ സമയം മൂന്നോനാലോ ആളുകളുമായി സംസാരിക്കാനുളള പരിപാടി കാണും ഡയറിയിൽ.
ബാബുവിന് ദിവസവും അനവധി ആൾക്കാരെ പല കാര്യങ്ങൾക്കായി സന്ദർശിക്കണം. മിക്കവരെയും ജീവിതത്തിലാദ്യമായി കാണുകയായിരിക്കും. എങ്ങിനെയുളളവരാണിവർ, നമുക്കെങ്ങിനെ വിശ്വസിക്കാം. എപ്പോഴും പ്രശ്‌നമാണ്.
ഇതേക്കുറിച്ച് ഒരിക്കൽ യാദൃച്ഛികമായി കൈമൾസാറിനോട് സൂചിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.
ഏറ്റവും തിരക്കുളള നിങ്ങൾക്ക് വിശ്വസിക്കാൻ ഒട്ടും സംശയിക്കേണ്ടാത്ത ആ ആൾ ആരായിരിക്കുമെന്നോ! കൃത്യനിഷ്‌ഠ പാലിക്കുന്നയാൾ, തനിക്ക് തിരക്കുണ്ടെന്നു ഭാവിക്കുകപോലും ചെയ്യാത്ത ആൾ. അയാളെ പൂർണ്ണമായി വിശ്വസിക്കുക. തന്റെ ജോലിക്കൂടുതലിനെക്കുറിച്ചും, തിരക്കിനെക്കുറിച്ചും ഭംഗിയായി വിശ്വസനീയമായി വിസ്‌തരിച്ച് പറഞ്ഞ്, തനിക്കു സമയക്ലിപ്തതപാലിക്കാൻ പറ്റാത്തതിനെക്കുറിച്ച് വേവലാതിപ്പെടുന്നവരെ വിശ്വസിക്കരുത്. ലീവ് ദെം എലോൺ.
മൂന്നാമത്തെ ഓഫീസ് പുതിയ പത്തുനിലക്കെട്ടിടത്തിന്റെ ഏഴാംനിലയിലെ ഭാവി കോർപറേറ്റ് ഓഫീസാണ്. പ്രവീണിനാണിതിന്റെ മുഴുവൻ ചുമതലയും. ആർക്കിടെക്‌ടും കോൺട്രാക്‌ടറും അവരുടെ പണിക്കാരും. പ്രവീണിന് ഓരോ ദിവസവും ഓരോ പുതിയ ആശയങ്ങൾ പറയാനുണ്ടാകും, ആർക്കിടെക്‌ട് പാതി തമാശയായും പാതി ഗൗരവമായും പറയാറുണ്ടായിരുന്നു.
തനിക്ക് സ്വപ്‌നത്തിലാണ് പുതിയ ഐഡിയ വരുന്നത്. സ്വപ്‌നത്തിന്റെ നിറവും അഴകും പകൽസമയത്ത് സൃഷ്‌ടിക്കുക എന്നുവച്ചാൽ അത് പ്രാക്‌ടിക്കലല്ല.
മണി രണ്ടുകഴിഞ്ഞു. ഉറക്കം വരുന്നില്ല. ഉറങ്ങാൻ കിടന്നാലും ക്ഷീണം മാത്രം. കൺപോളകൾ അടയുകയില്ല. എല്ലായ്‌പോഴും മുന്നിൽ അക്കങ്ങൾ കാണും.
പ്രവീൺ, തെർമോഫ്ലാസ്‌കിന്റെ അടപ്പിൽ ഒഴിച്ചുകൊടുത്ത ചായ മൊത്തുന്നതിനിടയിൽ, അമ്പി നിശ്ശബ്‌ദനായി. പ്രവീൺ സിഗററ്റ് കത്തിച്ചു.
തരു, എനിക്കും.
അമ്പി സിഗററ്റുവലി നിർത്തിയതായിരുന്നു. ഒരു വലിയ ചടങ്ങുപോലെ എല്ലാവരും, ബാബുവും ബാലചന്ദ്രനും നവവത്സരത്തിന് സിഗററ്റുവലി നിർത്തി. ബാബു രണ്ടു ദിവസം കഴിഞ്ഞ് തുടങ്ങി. ബാലചന്ദ്രൻ ഒരാഴ്‌ച പിടിച്ചുനിന്നു.
ഓമന പറഞ്ഞു. അമ്പിസാറ് മാത്രമേയുളളൂ ഇനി ശപഥത്തിൽനിന്നു മാറാൻ. എന്താ സാറെ? സാറുമാത്രം ഇങ്ങിനെ?
അമ്പിക്ക് പലപ്പോഴും ആഗ്രഹം തോന്നിയിരുന്നു. എങ്കിലും വാശി. മറ്റുളളവരെപ്പോലെ ലോലമനസ്‌കനല്ല താൻ, ഒരു വലിയ അന്തർദേശീയ സ്ഥാപനമാകാൻ പോകുന്ന കമ്പനിയുടെ ഫൈനാൻസ് മുഴുവൻ നിയന്ത്രിക്കേണ്ടയാളാണ്, സിഗററ്റു വലിപോലെ നിസ്സാരമായ ഒരു കാര്യത്തെ സ്വന്തം വരുതിയിൽ കൊണ്ടുവരാൻ പറ്റുകയില്ലേ?
പ്രവീൺമേനോൻ മാത്രം സിഗററ്റുവലി ഉപേക്ഷിക്കുന്ന പ്രതിജ്ഞ ചെയ്‌തില്ല. അതുകൊണ്ട് ഓരോരുത്തരായി വീണ്ടും സിഗരറ്റു കത്തിക്കാൻ തുടങ്ങിയത് കൗതുകത്തോടെയാണ് പ്രവീൺ വീക്ഷിച്ചത്.
സ്വാമിയുടെ റസല്യൂഷൻ?
അമ്പി അതു കേട്ടതായി നടിച്ചില്ല. സിഗററ്റ് കത്തിച്ചു.
എന്നിട്ടു പറഞ്ഞുഃ
എനിക്കു ഒരു ഫീലിംഗ്. ഗട്ട് ഫീലിംഗ്.
എന്താ?
കിംലി ഉഴപ്പുമെന്ന്?
വൈ?
എനിക്കറിഞ്ഞുകൂടാ, പക്ഷേ, എന്തോ, എന്റെ മനസ്സു പറയുന്നു. സംതിംഗ് ഈസ് റോട്ടൺ എന്ന്. എന്തോ എവിടെയോ ചീഞ്ഞുനാറുന്നു.
സോളിലോ, കൊച്ചിയിലോ?
തിരുവനന്തപുരത്തോ, ഡൽഹിയിലോ?
പ്രവീൺമേനോൻ പെട്ടെന്ന് മറുപടിയൊന്നും പറഞ്ഞില്ല.
അമ്പി പറഞ്ഞു.
വരു. നമുക്ക് ഓഫീസ് പൂട്ടി ഒന്നു കറങ്ങാം. ഒന്ന് ക്ലിയറായി ആലോചിക്കണം. ഈ മുറിക്കകത്ത് കംപ്യൂട്ടറും മേശയും കസേരയും ചിന്തകൾ ഫ്രീയാകാൻ സമ്മതിക്കുന്നില്ല.
രാത്രിയുടെ മൂന്നാംയാമത്തിലെ എം.ജി. റോഡിനു കറുത്ത ജലമൊഴുകുന്ന വീതിയുളള കനാലിന്റെ മാസ്‌മരികതയായിരുന്നു. മഞ്ഞവെളിച്ചത്തിന്റെ അലകൾക്കിടയിൽ വൃക്ഷങ്ങളുടേയും കെട്ടിടങ്ങളുടേയും നിഴലുകൾ ഓളങ്ങൾ സൃഷ്‌ടിച്ചു. അപൂർവമായി അതിവേഗം പായുന്ന ഓട്ടോറിക്ഷകളും കാറുകളും. പുതിയ ഓഫീസ് ബിൽഡിംഗിന്റെ പത്തുനിലകളിലും ഇരുട്ട്.
ജംഗ്‌ഷനിൽമാത്രം രണ്ടുമൂന്നു തട്ടുകൾ. അവിടെ എന്തിനോ വേണ്ടിയെന്നവണ്ണം കാത്തിരിക്കുന്ന ചില മനുഷ്യർ. സിനിമാ തിയേറ്ററുകളുടെ കമ്പിഗേറ്റുകൾ അടഞ്ഞുകിടന്നിരുന്നു. ഒരു മരത്തിന്റെ താഴെ നിന്നും വലിയ പോസ്‌റ്റർ വലിച്ചുയർത്തുന്ന രണ്ടു ജോലിക്കാർ. അവരുടെ ഉന്തുവണ്ടിയിൽ ഇനിയും അനവധി പോസ്‌റ്ററുകളുണ്ട്-ഏതു സിനിമയുടേതാണെന്നു കണ്ടില്ല. ഒരു പോലീസ് പട്രോൾ ജീപ്പ് മെല്ലെ എതിർവശത്തുകൂടി നീങ്ങി.
അമ്പി പറഞ്ഞു.
ഒരാഴ്‌ചയായി സോളിൽനിന്നു നമ്മുടെ ഫാക്‌സിനൊന്നും മറുപടിയില്ല. ഞാൻ ഫോൺ ചെയ്‌തു. കിംലി നോട്ട് അവൈലബിൾ എന്നാണിന്നലെ പറഞ്ഞത്. കൊറിയാക്കാരൻ മുമ്പ് ഒരിക്കലും ഇങ്ങിനെയായിരുന്നില്ല. എന്ത് ഫാക്‌സ് അയച്ചാലും ഉടൻ മറുപടി വരും.
ചിലപ്പോൾ അയാൾ സോളിലില്ലായിരിക്കാം. ഓർ, വെറെ…?
തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഇന്ത്യൻ സാമ്പത്തിക വ്യാവസായിക മേഖലകളിൽ സ്വാതന്ത്ര്യാനന്തരമുണ്ടായ ഏറ്റവും പ്രധാനപ്പെട്ട നയപരമായ മാറ്റങ്ങൾ സംഭവിച്ചത്. ലൈസൻസിംഗും താരിഫുകളുംകൊണ്ട് സർക്കാരിന്റെ പൂർണനിയന്ത്രണത്തിൽ വച്ചിരുന്ന പൊതുമേഖലയും, സ്വകാര്യമേഖലയും ഉദാരവത്‌കരണനയത്തിന്റെ ഭാഗമായി അന്തർദേശീയ മത്സരത്തിനെ നേരിടാൻ തയ്യാറാകേണ്ടിവന്നു. ബഹുരാഷ്‌ട്ര ഭീമൻകമ്പനികൾ തൊണ്ണൂറുകോടിയോളം ജനങ്ങൾ വരുന്ന വലിയ ഇന്ത്യൻ മാർക്കറ്റിനെ ആർത്തിയോടെ നോക്കി. റഷ്യയുടെ പതനവും, ചൈനയുടെ സ്വകാര്യമേഖലയോടു കാട്ടുന്ന വാശിയേറിയ സ്‌നേഹപ്രകടനവും, ബഹുരാഷ്‌ട്രകമ്പനികൾക്ക് ഒരു കൂറ്റൻ പുതുമേഖല തുറന്നുകിട്ടാൻ സഹായിച്ചു. ടെക്‌നോളജിയുടെ ദൈനംദിനമുളള പുരോഗമനവും, ശാസ്‌ത്രത്തിന്റെ അത്യാധുനിക കണ്ടുപിടിത്തങ്ങളും, ജീവിതകാലത്തുതന്നെ കാലഹരണപ്പെട്ട ടെക്‌നോളജി ചെലവഴിക്കാൻ ഈ കൂറ്റൻ അവികസിത രാഷ്‌ട്രങ്ങളുടെ മാർക്കറ്റ് അവർക്ക് ഏറ്റവും ആവശ്യമായിരുന്നു. ഇന്ത്യയെക്കുറിച്ച്, പക്ഷേ, ഭയം എപ്പോഴും ഈ വിദേശക്കമ്പനികൾക്കുണ്ടായിരുന്നു. ഇന്ത്യയുടെ രാഷ്‌ട്രീയ സുസ്ഥിരതയെക്കുറിച്ച് വിശ്വാസമുണ്ടായിരുന്നെങ്കിലും, സർക്കാരിന്റെ നയമാറ്റങ്ങൾ പലപ്പോഴും അവർക്ക് മുൻകൂട്ടി കാണാൻ വയ്യാത്ത നിലയായിരുന്നു. അതുകൊണ്ട് ഭരണത്തിലിരിക്കുന്നതും, ഇരിക്കാൻ സാധ്യതയുമുളള ശക്തികളെ കൂട്ടുപിടിക്കുകയാണ്, വെറും സ്വകാര്യവ്യക്തികളേയോ, കമ്പനികളെയോ പാർട്‌നറാക്കുന്നതിലും നല്ലതെന്നു അവർ കണ്ടു. ഈ ശക്തികളുടെ കൈവശമാണെങ്കിൽ, ഇലക്‌ഷനുവേണ്ടിയും, അല്ലാതെയും കൈവന്ന ധനം ഉപയോഗമാർഗ്ഗമില്ലാതെ കുമിഞ്ഞുകൂടാൻ തുടങ്ങി. ഇലക്‌ഷന്റെ ചെലവുകൾ നിയന്ത്രിച്ചപ്പോഴും ഇലക്‌ഷനെ ലക്ഷ്യമാക്കിയുളള ധനസമ്പാദനം കുറഞ്ഞില്ല. അതുകൊണ്ട് മുമ്പൊരിക്കലുമുണ്ടാകാത്ത രീതിയിൽ രാഷ്‌ട്രീയ ശക്തികളുടെ കൈവശം പണം കുമിഞ്ഞുകൂടി. അവയിൽ നല്ലൊരു ഭാഗം പുതിയ ഉദാരവത്‌കരണനയത്തിലൂടെ ഇന്ത്യയിൽ കാലുറപ്പിക്കാൻ ശ്രമിക്കുന്ന വിദേശ വ്യവസായികളുമായി കൂട്ടുസംരംഭത്തിന് തയ്യാറായി.
സാധാരണ കമ്പനികളുടെ വിദേശ കൂട്ടുകെട്ടിന് പിന്നിൽ രാഷ്‌ട്രീയ ശക്തികളില്ലെങ്കിൽ അവ പലപ്പോഴും ചാപിളളയാകും. ഇത് ഭാരതമാകെ മാത്രമല്ല, എല്ലാ അവികസിതരാജ്യങ്ങളിലും ഉണ്ടായ പ്രവണതയായിരുന്നു.
പ്രവീൺമേനോന് സംശയമായി.
സ്വാമീ! സ്വാമിയുടെ ഗട്ട് ഫീലിംഗ്?
എനിക്കു സംശയം. നമ്മുടെ പ്രോജക്‌ടിനെക്കുറിച്ചറിഞ്ഞ്, വേറെയാരോ കിംലിയുമായി ബന്ധപ്പെട്ടുകാണും. നമ്മളേക്കാൾ സ്വാധീനവും ശക്തിയുമുളളവർ.
വെണ്ടുരത്തിപ്പാലം കയറി വെല്ലിംഗ്‌ടൺ ദ്വീപിലെത്തിയ കാറ്, പ്രവീൺ യൂ ടേണെടുത്ത് തിരിച്ചു വിട്ടു.
എം.ജി.റോഡിലെ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഐ.എസ്.ഡി കോൾ ഓഫീസിലൊന്നിനു മുന്നിൽ കാറ് നിർത്തി.
സ്വാമി ചോദിച്ചു.
എന്താ?
പ്രവീൺ പോക്കറ്റ് കാൽക്കുലേറ്റർ കം ടെലിഫോൺ ഇൻഡക്‌സിൽ വിരലുകളോടിച്ചു.
ഞാൻ സതീഷിനെ വിളിക്കാൻ പോകുകയാണ്. എന്റെ കൈയിൽ ടോക്കിയോ നമ്പറുണ്ട്.
ഇപ്പോൾ…?
അതെ. ഇവിടെ മൂന്നുമണി. അവിടെ ആറരയായി. സതീഷ് രാവിലെ എഴുന്നേറ്റ് ജിമ്മിൽ പോകുന്നയാളാണ്. ലെറ്റ് മീ ട്രൈ.
ആദ്യത്തെ ഡയലിംഗിൽതന്നെ കണക്‌ഷൻ കിട്ടി.
സതീഷ് ഹിംഗൊരാനി ഉണർന്നിരുന്നില്ല. അഞ്ചെട്ടു പ്രാവശ്യം റിംഗടിച്ചപ്പോൾ സതീഷ് ഫോണെടുത്തു.
പ്രവീൺ സ്വയം പരിചയപ്പെടുത്തി.
ഓർക്കുന്നു.
തീർച്ചയായും.
എന്നിട്ട് സതീഷ് പറഞ്ഞു.
ഞാൻ നിങ്ങളുടെ കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
എന്തിന്?
കിംലിയുടെ പ്രോജക്‌ടിന് നിങ്ങളുടെ നാട്ടിൽനിന്നുതന്നെ ബെറ്റർ ഓഫർ വന്നിട്ടുണ്ട്. അയാൾ അത് പരിശോധിക്കുകയാണ്.
അപ്പോൾ നമ്മുടെ…
എന്ത്?
നമ്മുടെ വാക്ക്.
ഇന്റർനാഷണൽ ബിസിനസിൽ ആകെ വിലയുളളത്, വാക്കിനല്ല, ഡോളറിനാണ്. കിംലിക്ക് ഒരു പൈസയും ചെലവാക്കാതെ നിങ്ങളുടെ നാട്ടിൽ വ്യവസായം തുടങ്ങാനുളള ഓഫർ ലഭിച്ചിട്ടുണ്ട്.
മനസ്സിലായില്ല.
കിംലി മുടക്കുന്ന മൂലധനത്തിന് പതിനഞ്ചു ശതമാനം ഗാരണ്ടിയുളള റിട്ടേൺ സർക്കാർ നല്‌കും. അതായത് വ്യവസായം വിജയിച്ചാലും ഇല്ലെങ്കിലും ലാഭം പതിനഞ്ചു ശതമാനം കിട്ടും. ഇന്റർനാഷണൽ മാർക്കറ്റിൽ 5-6 ശതമാനമാണ് നിരക്ക്. അപ്പോഴാണ് നഷ്‌ടം വന്നാലും 15 ശതമാനം. പിന്നെ, മുടക്കേണ്ട മൂലധനം ഇന്ത്യൻ ഷെയർ മാർക്കറ്റിൽനിന്നു സംഭരിക്കാം. എന്തായാലും അതിനും സഹായം കിട്ടും. അമ്പത് ശതമാനം നിങ്ങളുടെ നാട്ടിലെ കമ്പനിയുടേത്. എന്താ?
ആരാണീ നാട്ടിലെ ആൾക്കാർ?
അത് നിങ്ങൾ കണ്ടുപിടിക്കൂ. ഞാനൊരു കമ്മീഷൻ ഏജന്റു മാത്രമാണ്. നിങ്ങളെ വേണമെങ്കിൽ പുതിയ പാർട്ടികളുമായി അടുപ്പിക്കാം.
കിംലി?
മറന്നേക്കൂ.
പ്രവീൺമേനോൻ ഫോൺ താഴെ വച്ച് സ്വാമിയെ നോക്കി.
സ്വാമീ! ഇവിടെ വ്യവസായം തുടങ്ങണമെങ്കിൽ, വീ ഹാവ് ടു ഫൈറ്റ് ദി സിസ്‌റ്റം. ലെറ്റസ് ഡു ഇറ്റ്.
Generated from archived content: privatelimited35.html Author: klm_novel