ആദ്യത്തെ അഭിപ്രായവ്യത്യാസം ഗുരുതരമായിരുന്നു.
അഞ്ചാറുപേർ, സ്വന്തമായി അഭിപ്രായവും ബുദ്ധിയും പ്രവർത്തനശേഷിയുമുളളവർ, ഒന്നിച്ചുകൂടി എന്ത് പ്രവർത്തനത്തിനൊരുങ്ങിയാലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. ചെറിയ ചെറിയ കാര്യങ്ങളെക്കുറിച്ച് ദൈനംദിന പരിപാടികളിൽ വ്യത്യസ്‌തമായ സമീപനം കാണും. ആർക്കും.
പ്രൈവറ്റ് ലിമിറ്റഡ് എന്ന ആശയം പൊട്ടിമുളച്ച് വളരാൻ തുടങ്ങിയപ്പോൾത്തന്നെ ഇതിന്റെ ആദ്യത്തെ ഉപജ്ഞാതാക്കളായ ബാബുവും, അമ്പിയും സ്വയം ഒരു തീരുമാനമെടുത്തിരുന്നു. എന്തുവന്നാലും, ഏതു കാര്യത്തിലും ഭിന്നാഭിപ്രായങ്ങളുണ്ടാകാം, അത് മനസ്സിൽ വയ്‌ക്കരുത്. തുറന്ന് ചർച്ചചെയ്യണം. എന്നിട്ട് ഒന്നിച്ച് തീരുമാനമെടുക്കണം. ഏകാഭിപ്രായം ഉരുത്തിരിയുന്നില്ലെങ്കിൽ, ഭൂരിപക്ഷാഭിപ്രായത്തിന് പോകരുത്. ഭൂരിപക്ഷമല്ല പ്രധാനം. അതതുകാര്യത്തിൽ വിദഗ്‌ധരായവർ ആരോ അവരുടെ അന്തിമ തീരുമാനത്തിന് വിടണം. ഇരുപത്തിനാലുമണിക്കൂർ സാവകാശം നൽകണം. എന്നിട്ട് എന്ത് തീരുമാനമാണോ എടുക്കുന്നത് അത് കമ്പനിയുടെ തീരുമാനമായിരിക്കും.
പ്രൈവറ്റ് ലിമിറ്റഡിൽ അംഗങ്ങൾ കൂടിക്കൊണ്ടിരുന്നപ്പോഴും ഈ പ്രധാന തത്ത്വങ്ങൾ എല്ലാവരും അംഗീകരിച്ചിരുന്നു. അമ്പി ഫൈനാൻസ്, ബാബു ഫാക്‌ടറിയും കമ്പനിയും തുടങ്ങാനുളള എല്ലാ പരിപാടികളും, ബാലചന്ദ്രൻ ഫാക്‌ടറി കെട്ടിടം, മെഷിനറി തുടങ്ങിയവ, എ.പി.ദാസ് പബ്ലിക് റിലേഷൻസും, പ്രവീണ മേനോൻ റിക്രൂട്ട്‌മെന്റും മറ്റു സ്ഥാപനങ്ങളുമായുളള ബന്ധവും.
എല്ലാം ഭംഗിയായി പുരോഗമിക്കുകയായിരുന്നു.
റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടതാണ് ലേബർ റിലേഷൻസ്. അതേ സമയം ഫാക്‌ടറിയുടെ പ്രവർത്തനം തുടങ്ങണമെങ്കിൽപോലും തൊഴിലാളികളുമായുളള ബന്ധം പ്രശ്‌നരഹിതമായിരിക്കണം. അതുകൊണ്ട് തൊഴിലാളികളുമായുളള ഡീലിംഗ്‌സിന്റെ രീതിയെക്കുറിച്ച് അന്തിമാഭിപ്രായം രേഖപ്പെടുത്താൻ പ്രവീൺ മേനോനും ബാലചന്ദ്രനും അവകാശമുണ്ട്. ട്രേഡ് യൂണിയൻ ലീഡർ ശിവദാസനുമായി ചർച്ച നടത്തിയതും അദ്ദേഹത്തെ കമ്പനി മാനേജ്‌മെന്റിൽ ഉൾപ്പെടുത്താമെന്ന് തീർച്ചപ്പെടുത്തിയതും ബാലചന്ദ്രന് ഇഷ്‌ടപ്പെട്ടിരുന്നില്ല. എന്നാലും പ്രവീൺ മേനോൻ തന്റെ തീരുമാനത്തിന്റെ പിന്നിലുളള കാരണം വിശദീകരിച്ചപ്പോൾ, ബാലചന്ദ്രൻ വ്യക്തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങൾ കണക്കാക്കിയില്ല. താൻ, ജോലിയില്ലാതെ പട്ടിണികിടന്ന പയ്യനെ വിളിച്ചുകൊണ്ടുവന്നു പണികൊടുത്തതും, അവൻ തന്റെ ഫാക്‌ടറി പൂട്ടിക്കാൻ കാരണക്കാരിൽ പ്രധാനിയായതും ജീവനുളള കാലം മറക്കാനൊക്കില്ല. എങ്കിലും അവൻ ഒരു ശക്തിയാണ് എന്ന സത്യമുണ്ട്. സത്യത്തെ നിഷേധിച്ചിട്ട് കാര്യമില്ല. ബാലചന്ദ്രൻ സമ്മതിച്ചു. പ്രവീൺ തന്റെ ഇഷ്‌ടംപോലെ ചെയ്‌തുകൊളളൂ.
പക്ഷേ, ഇപ്പോഴുണ്ടായ അഭിപ്രായവ്യത്യാസം, ഫോർമുലയിൽ ഒതുക്കി തീർക്കാൻ പറ്റാത്തത്ര വലുതായി.
കമ്പനിക്ക് പുതിയ ഓഫീസ് വേണം.
ആദ്യം ഒരാശയമുണ്ടായിരുന്നു. പ്രവീൺ മേനോന്റെ ഓഫീസിലെ ഹാളിന്റെ പകുതി. സാമാന്യം വലിയ ഓഫീസ് കെട്ടിടമാണ് പ്രവീണിന്റേത്. ലോഡ്‌ജിലെ മുറിയും വിടേണ്ട. പിന്നെ ഫാക്‌ടറിയിലും കുറെയേറെ ഓഫീസ് പ്രവർത്തനങ്ങൾ നടത്താമല്ലോ.
ബാബുവിനും, അമ്പിക്കും ഈ ഓഫീസ് വളരെ വലുതാക്കുന്നതിനോട് ആദ്യമേതന്നെ എതിർപ്പായിരുന്നു. ഇരുന്നിട്ട് കാലുനീട്ടാം… മാത്രവുമല്ല ഉത്‌പന്നത്തിന്റെ നിർമാണവുമായി നേരിട്ടു ബന്ധമില്ലാത്ത ഇൻഡയറക്‌ട് ചെലവുകൾ ഏറ്റവും കുറയ്‌ക്കണം. ഓഫീസല്ല പ്രധാനം. ഫാക്‌ടറിയാണ്. ഉത്‌പന്നമാണ്.
കൈമൾ സാർ മാത്രം ഉപദേശരൂപേണ പറഞ്ഞിരുന്നു.
ഈ ആശയം പഴയതായിരുന്നു. ഒരു ഫ്യൂഡൽ വ്യവസ്ഥയിൽ, ആളിന്റെയോ, സ്ഥാപനത്തിന്റേയോ വില, അയാളുടെ പശ്ചാത്തലം, പാരമ്പര്യം തുടങ്ങിയ പലതിനേയും ആശ്രയിച്ചായിരുന്നു. അയാളുമായി സമ്പർക്കത്തിന് വരുന്നവർക്കറിയാം അയാളുടെ ആസ്‌തി, കഴിവ്, കഴിവുകേട് എല്ലാം. ഇന്ന് പക്ഷേ, അങ്ങനെയല്ല. ഫീൽഡിൽ വരുന്നവർ എല്ലാം പുതിയ മുഖങ്ങളാണ്. മറ്റുളളവരുടെ പശ്ചാത്തലം തേടാൻ ആർക്കും സമയമില്ല. നാം മുന്നിൽ കാണുന്നതു വിശ്വസിക്കേണ്ടി വരുന്നു. അപ്പോൾ ഏറ്റവും നല്ല ഷോ ഏതൊരു ബിസിനസ്സിന്റെയും വിജയരഹസ്യമാണ്.
കൈമൾസാറിന്റെ ഫാക്‌ടറിയിൽ ഒരു ഉത്‌പാദനവും നടത്താത്തപ്പോഴും ഓഫീസും കോൺഫറൻസ് ഹാളും റേസ്‌റ്റ് ഹൗസും എയർകണ്ടീഷൻഡ് തണുപ്പിൽ കുളിച്ചിരുന്നു. ഫാക്‌ടറി വളപ്പിലെ പൂന്തോട്ടത്തിലെ വിരിഞ്ഞു നിൽക്കുന്ന പൂക്കളിൽനിന്നുതിർന്ന മണം ആഗതരെ ആദ്യനിമിഷത്തിൽതന്നെ ആകർഷിച്ചിരുന്നു. അന്തസ്, മാന്യത, പാർട്ടി കൊളളാവുന്നവനാണ് എന്ന തോന്നൽ എല്ലാം ഒരക്ഷരം പറയാതെ ഉണ്ടാക്കാം. ഒരിക്കലും ഓഫീസിൽ വരുന്ന ഒരാളും ഏറ്റവും മുന്തിയ പഴച്ചാറിന്റെ മധുരവും തണുപ്പും ആസ്വാദിക്കാതെ പരിസരം വിട്ടിട്ടില്ല.
പക്ഷേ, ബാബുവിനും അമ്പിക്കും സമ്മതമില്ലായിരുന്നു. വേസ്‌റ്റ്, എത്രയധികം പണമാണ് ബ്ലോക്ക് ചെയ്യുന്നത്.
എ.പി.ദാസ് പറഞ്ഞു.
ബിർളായുടെ രീതിയാണെനിക്കിഷ്‌ടം. ചെലവാക്കേണ്ടിടത്ത് നിർലോഭം ചെലവാക്കും. പക്ഷേ, അനാവശ്യമായ ആർഭാടം കാട്ടാതിരിക്കുക. ഡയറക്‌ടും ഇൻഡയറക്‌ടും ചെലവുകൾക്ക് ഒരു അനുപാതം മനസ്സിൽ കണ്ടിട്ടുണ്ട്. അതിനപ്പുറം പോകരുത്.
പ്രവീൺ മേനോന് പറയാനുണ്ടായിരുന്നത് മറിച്ചായിരുന്നു.
നഗരത്തിന്റെ രൂപം തന്നെ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ആറുമാസം മുമ്പ് നമ്മൾ ഈ കമ്പനി തുടങ്ങാൻ തീർച്ചപ്പെടുത്തിയപ്പോഴുളള നഗരമല്ല ഇന്നത്തേത്. അപ്പാർട്ടുമെന്റുകളും അംബരചുംബികളായ ഓഫീസ് കെട്ടിടങ്ങളും നഗരത്തിലെ ആകാശത്തിന് പുതിയ രൂപം നൽകിയിരിക്കുകയാണ്. ഇവിടെ ഏറ്റവും പ്രധാനം നമ്മുടെ മുഖത്തിന്റെ മേക്കപ്പാണ്.
നഗരത്തിലെ ഏറ്റവും പ്രധാന നിരത്തായ മഹാത്മാഗാന്ധി റോഡിന്റെ സൈഡിലുളള പുതിയ പത്തുനില ഓഫീസ് കോംപ്ലക്‌സ്. കേരളത്തിലേക്കൊഴുകുന്ന മണിയോർഡർ ഇക്കോണമിയിലെ ഭൂരിഭാഗവും ഭൂമിയിലും കെട്ടിടങ്ങളിലുമാണ് ചെന്നവസാനിക്കുന്നത്. അവയിൽ ഒരു കൂറ്റൻ കെട്ടിടം. വമ്പൻ വിദേശകമ്പനികൾ വരികയാണ്. അവർക്ക് ഓഫീസുകൾ, സൗകര്യങ്ങൾ.
പ്രവീൺ മേനോൻ പറഞ്ഞു.
സ്‌റ്റോക് എക്‌സ്‌ചേഞ്ചിലെ ഊഹക്കച്ചവടത്തിൽ മുന്നിൽനിന്നവരും ലൈൻ ബിസിനസ്സ് വഴി എന്നെപ്പോലെ പണമുണ്ടാക്കിയവരും ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് റിയൽ എസ്‌റ്റേറ്റിലാണ്. നഗരത്തിൽ കൂറ്റൻ കെട്ടിടങ്ങളുടെ നിർമാണത്തിലും.
പ്രവീൺ മേനോൻ ഓഫീസിന് സ്ഥലം കണ്ടുപിടിച്ചു. സ്‌നേഹിതനായ ആർക്കിടെക്‌ട് ഓഫീസ് സംവിധാനം കടലാസിൽ വരച്ച് തയ്യാറാക്കി.
എം.ജി. റോഡിലെ പത്തുനില ഓഫീസ് കെട്ടിടത്തിലെ ഏഴാംനില. ആറായിരത്തി അഞ്ഞൂറ് ചതുരശ്രയടി ഓഫീസ്. ഓഫീസിലെ ഓരോ ഇഞ്ചും നമ്മുടെ കമ്പനിയുടെ പ്രത്യേകത പ്രതിഫലിപ്പിക്കണം. ഒരു ജോലി സ്ഥലത്തിന് അതിന്റേതായ ഒരു വ്യക്തിത്വമുണ്ടായിരിക്കണം. നമ്മുടെ ഉദ്ദേശ്യം, ലക്ഷ്യം, പ്രവർത്തനശൈലി, ഇവയെല്ലാം പ്രതിഫലിപ്പിക്കണം. ഓഫീസ് ഫർണീച്ചറുകളിൽ, ചുമരിന്റെ കളർ ഷേഡിൽ, അലങ്കാരവസ്‌തുക്കളിൽ, തൂക്കിയിടുന്ന പെയിന്റിംഗുകളിൽ, ലൈറ്റിംഗിൽ, എന്തിന് ഓഫീസിലെ സ്‌റ്റാഫിന്റെ വേഷത്തിലും സംസാരഭാഷയിലും കൂടി. ഓഫീസിൽ എല്ലാവർക്കും ഒരേ തരം സഫാരിവേഷം അല്ലെങ്കിൽ പാന്റ്‌സും ഷർട്ടും ടൈയും. സ്‌ത്രീകൾക്ക് ഒരേതരം സൽവാർ കമ്മീസ്. കമ്പനിയുടെ വ്യക്തിത്വം കാട്ടുന്നത് ഈ രൂപത്തിലൂടെയായിരിക്കണം.
കേൾക്കാൻ കൊളളാം. പറയൂ.
കേൾക്കാൻ മാത്രമല്ല പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനും പറ്റും.
പ്രവീൺ മേനോൻ വിശദീകരിച്ചു.
അമേരിക്കൻ മാനേജ്‌മെന്റ് സംസ്‌കാരത്തിന്റെ അടിസ്ഥാനം എന്താണ്? അറിയാമോ?
പറയൂ.
ഒരു ഓഫീസ്, ഫാക്‌ടറി, വർക്ക്‌ഫോഴ്‌സ്, തൊഴിൽചെയ്യുന്നവരുടെ കൂട്ടായ്‌മ. ഇതൊരു ടീമാണ്. ഫുട്‌ബോളിലേയും ക്രിക്കറ്റിലേയും പോലെതന്നെ. തൊഴിൽ ചെയ്യുന്നവർ വിവിധ ടീമംഗങ്ങളെപ്പോലെ കഴിവിലും ബുദ്ധിയിലും കായികപ്രശ്‌നങ്ങളിലും ഗാർഹികപ്രശ്‌നങ്ങളിലും തികച്ചും വ്യത്യസ്‌തരായിരിക്കും. സ്വാഭാവികമായും ഓരോ പ്രശ്‌നങ്ങളേയും അവർ നേരിടുന്ന രീതിയും വ്യത്യസ്‌തമായിരിക്കും. പക്ഷേ, നമുക്ക് ഒന്ന് അറിയാം. എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്. ഗോളടിക്കുക. തിരിച്ച് ഗോൾ വഴങ്ങാതിരിക്കുക. റൺസ് സ്‌കോർ ചെയ്യുക. വിക്കറ്റ് നഷ്‌ടപ്പെടുത്താതിരിക്കുക. എതിർടീമിന്റെ വിക്കറ്റ് വീഴ്‌ത്തുക. എങ്ങനെയാണിതു സാധിക്കുക? ഓഫീസിൽ പ്രത്യേകിച്ചും. ഗോളോവിക്കറ്റോ നേരിട്ട് കാണാനില്ലാത്ത സാഹചര്യത്തിൽ. അപ്പോൾ അവർക്ക് ഒരു അന്തരീക്ഷം സൃഷ്‌ടിച്ചുകൊടുക്കുക. ഓഫീസ് സമയത്തെങ്കിലും, അവരുടെ ദിവസങ്ങളിലെ ഏറ്റവും പ്രൊഡക്‌ടീവും പ്രദർശനയോഗ്യവുമായ മണിക്കൂറുകളിലെങ്കിലും അവർക്ക് തങ്ങളുടെ ടീം വർക്കിനെപ്പറ്റി ബോധമുണ്ടാകത്തക്ക ചുറ്റുപാട് ഉണ്ടുക്കുക. ഒരു സൈന്യത്തിന് എഫിഷ്യന്റായി യുദ്ധം ചെയ്യണമെങ്കിൽ എന്താ വേണ്ടത്. ഡിസിപ്ലിൻ, വേഷത്തിൽ, ആഹാരത്തിൽ, പെരുമാറ്റത്തിൽ, സ്വരത്തിൽ, എത്ര നല്ല ആയുധമുളളവരാണെങ്കിലും ഡിസിപ്ലിൻ ഇല്ലെങ്കിൽ അവയുടെ പ്രയോജനം സൈന്യത്തിന് ഉണ്ടാകുകയില്ല. ഇനിയുളള കാലത്ത് വ്യാപാരവും വ്യവസായവും എല്ലാം ഒരുതരം യുദ്ധം തന്നെയാണ്. വിദേശികൾ ധാരാളമായി വന്നുതുടങ്ങുമ്പോൾ യുദ്ധത്തിന് അന്തർദേശീയത്വം വരും. അവിടെ സൈന്യം നമ്മുടെ ജോലിക്കാരാണ്. തൊഴിലാളികളാണ്. യുദ്ധം ജയിക്കേണ്ടത് കമ്പനിയുടെ മാത്രം ആവശ്യമല്ല. ജോലിക്കാരുടെയും കൂടിയാണ്. ജോലിക്കാർക്ക് അവരുടെ പൊതുജീവിതനിലവാരം ഉയർത്തുക. നമുക്ക്, കമ്പനിക്ക് ലാഭം, നമ്മുടെ ശ്രേയസ് ഉയർത്തുക. അത് ഏറ്റവും പ്രധാനമാണ്. അതുകൊണ്ട് ഒരത്യാധുനിക സംവിധാനമുളള പോഷ് ഓഫീസ്.
കണക്ക് നോക്കാതെ തന്നെ അമ്പി പറഞ്ഞു.
ഇത് ശരിയാകുകയില്ല. ഇത്രയും പണം ലോക്ക് ചെയ്യുക എന്നുവച്ചാൽ…… ഓഫീസിലെ ജോലിക്കാർക്കും ഡ്രസ്സോ? ഇതെന്താ ഫാഷൻ പരേഡിനുളള പുറപ്പാടാണോ?
സ്വാമിക്ക് മനസ്സിലായില്ല. ഇത് തുടക്കമാണ്. വിവിധതലങ്ങളിലുളള, പല പശ്ചാത്തലത്തിൽനിന്നുമുളള അനവധി പേർ നമ്മുടെ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കാൻ തയ്യാറായി വരുമല്ലോ. ജോലിക്കാർ. അവർക്കൊക്കെ നമ്മോടുളള ബന്ധം, ശമ്പളത്തുകയുടേത് മാത്രമാണ് എന്ന പരമാർത്ഥം വിസ്‌മരിക്കരുത്. അവരറിയാതെ നമ്മൾ അവരിൽ ഒരു ബോധം വളർത്തണം. ഇവിടെ അവർ ഒരു വലിയ സൈന്യത്തിന്റെ ഭാഗമാണ്. അവരില്ലെങ്കിലും സൈന്യം മുന്നേറും, പക്ഷേ, അവർ ഇതിൽ ചേരുമ്പോൾ സൈന്യം കുറേക്കൂടി എഫിഷ്യന്റ് ആകും. അങ്ങിനെയൊരു ഐക്യബോധം സൃഷ്‌ടിക്കാൻ ഏറ്റവും ഉതകുന്നതാണ് വേഷം. യൂണിഫോറം. ഒരേ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ആൾക്കാർ, വിവിധ തലങ്ങളിൽ ജോലി ചെയ്യുന്നവരാണെങ്കിലും അവർക്ക് തങ്ങളൊന്നാണെന്ന തോന്നൽ വരാൻ ഒരേ തരത്തിലുളള വേഷം സഹായിക്കും. ഇന്ത്യയിലെപോലെ ജാതിവ്യവസ്ഥയും ചിഹ്നങ്ങളും അതിന്റേതായുളള ആചാരങ്ങളും രക്തത്തിലലിഞ്ഞുചേർന്നിരിക്കുന്ന സമൂഹത്തിൽ ആൾക്കാർ തമ്മിലുളള വ്യത്യാസം ഇല്ലാതാക്കാൻ ഏറ്റവും നല്ലത് ഒരേ രീതിയിലുളള വസ്‌ത്രധാരണരീതിയാണ്. അതുപോലെ ഭക്ഷണവും. നമുക്ക് ഒരു സൂപ്പർ ഭക്ഷണശാല വേണം. നമ്മുടെ ഓഫീസ് ജോലിക്കാർ പകൽസമയം ഓഫീസിലെത്തിയാൽ തിരിച്ചുപോകുന്നത് വരെ ഭക്ഷണസമയത്ത് ഒന്നിച്ച് ഒരേതരം ഭക്ഷണം പങ്കിടണം.
എല്ലാം സ്വപ്‌നങ്ങൾ.
സ്വപ്‌നങ്ങളല്ല, വെറും യാഥാർത്ഥ്യമാക്കാവുന്നത്. നമുക്ക് മാനേജുമെന്റിനും ജോലിക്കാർക്കും പ്രത്യേക ഭക്ഷണശാല പാടില്ല. അതുപോലെ നമ്മളും ജോലിസമയത്ത് യൂണിഫോറം ധരിക്കണം. ഫാക്‌ടറിയിലും ഓഫീസിലും ഒരേതരം യൂണിഫോറം വേണമെന്നില്ല. ഒന്നായാൽ നല്ലത്. ഇല്ലെങ്കിൽ ഏറിയാൽ രണ്ടുതരം, അതുവേണം.
ആശയം എല്ലാവർക്കും ഇഷ്‌ടപ്പെട്ടില്ലെങ്കിലും അതിനുളള മുതൽമുടക്കിനെക്കുറിച്ച് നോക്കിയപ്പോൾ പ്രവീൺ മേനോനൊഴികെ എല്ലാവരും ഒറ്റക്കെട്ടായി.
പ്രവീൺ പറഞ്ഞു.
നമ്മുടെ കമ്പനിയുടെ അടിസ്ഥാനരീതി, ഭൂരിപക്ഷത്തിന്റെ അഭിപ്രായമനുസരിച്ച് ചെയ്യുക എന്നതല്ല, അതുകൊണ്ട്, ഞാനെന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു.
പണം?
അത് ഞാൻ ഫൈനാൻസ് ചെയ്യാം.
മുഴുവൻ?
അതെ. വാടകയുടെ രൂപത്തിൽ. ഞാൻ പ്രൊഡക്‌ഷൻ തുടങ്ങി രണ്ടു വർഷം കഴിഞ്ഞ് തവണകളായി പിടിച്ചുകൊളളാം. എന്താ?
ആരും ഒന്നും മിണ്ടിയില്ല.
Generated from archived content: privatelimited34.html Author: klm_novel