മുപ്പത്തിമൂന്ന്‌

എവിടം വരെയായി നമ്മുടെ പെർട്ട്‌?

മിക്ക ദിവസവും രാവിലെ ബാബു ചോദിക്കുന്ന ആദ്യത്തെ ചോദ്യമാണ്‌. ഓമന മറുപടി പറയും.

ശരിയായി വരുന്നു സേർ.

നമുക്ക്‌ പ്രൊഡക്‌ഷൻ തുടങ്ങുന്നതിന്‌ മുമ്പ്‌ ശരിയായിക്കിട്ടുമോ?

ഓമന മറുപടിയൊന്നും നൽകിയില്ല. ബാബുവിന്റെ ചോദ്യത്തിൽ കളിയാക്കലിന്റെ നേരിയ ലാഞ്ചനപോലുമില്ല. എങ്കിലും ഓമനയ്‌ക്ക്‌ ഒരു സംശയം. കളിയാക്കുകയാണോ? തിരിച്ചു ചോദിക്കാൻ വയ്യ. നല്ല ഉദ്ദേശ്യത്തോടുകൂടിയാണ്‌ അന്വേഷണമെങ്കിൽ, ഇങ്ങനെ തിരിച്ചുചോദിക്കുന്നത്‌ തെറ്റിദ്ധാരണയ്‌ക്ക്‌ ഇടനൽകും. മാത്രവുമല്ല പെർട്ട്‌ ശരിയാക്കേണ്ടത്‌ ഈ ഫാക്‌ടറിയുടെ ആവശ്യവുമാണ്‌. എങ്കിലും പ്രവീൺ മേനോനാണ്‌ ഈ ആശയം കൊണ്ടുവന്നത്‌. ഓമന തന്നെ ഈ പണിചെയ്യണ്ട എന്ന്‌ നിർദ്ദേശിച്ചത്‌, ഇടയ്‌ക്കിടയ്‌ക്ക്‌ പ്രോഗ്രസ്‌ ചെക്ക്‌ ചെയ്യുന്നത്‌-എല്ലാം കാണുമ്പോൾ, ബാബുവിന്റെ ചോദ്യത്തിന്‌, അല്‌പം കൂടി മറ്റെന്തെങ്കിലും വ്യാഖ്യാനം നൽകാമോ?

എങ്കിൽത്തന്നെയെന്ത്‌!

ഓമന ഫയലിലെ അനേകം ഷീറ്റുകൾ പുറത്തെടുത്ത്‌ മേശപ്പുറത്തു നിരത്തി ഗ്രാഫ്‌ ഉണ്ടാക്കാൻ ശ്രമിച്ചു.

പെർട്ട്‌ പി.ഇ.ആർ.ടി.

പ്രോഗ്രാം ഇവാല്യുവേഷൻ ആൻഡ്‌ റിവ്യൂ ടെക്‌നിക്‌.

ഏതൊരു പുതിയ സംരംഭവും വിജയിച്ചു എന്ന്‌ കരുതണമെങ്കിൽ മൂന്ന്‌ കാര്യങ്ങളിൽ അത്‌ പ്രതീക്ഷയ്‌ക്കൊപ്പം എത്തിയിരിക്കണം. ഒന്ന്‌ പ്രോജക്‌ടിന്റെ ചിലവ്‌. പത്തുലക്ഷമോ, പത്തുകോടിയോ എത്രയായാലും എത്ര ചിലവ്‌ വന്നാലെന്ത്‌. പ്രോജക്‌ട്‌ കൃത്യമായി ഉത്‌പാദനം തുടങ്ങുന്നത്‌ എന്ന്‌ കണക്കാക്കിയാൽ ആ ബജറ്റിനുളളിൽ ലക്ഷ്യം നേടുക. കഴിയുമെങ്കിൽ ചിലവ്‌ കുറയ്‌ക്കുക. അതാണ്‌ ആദ്യത്തേത്‌. സാമ്പത്തികമായ കൃത്യത. രണ്ടാമത്തേത്‌ സമയ ക്ലിപ്‌തം. ആറുമാസത്തിനകമോ ആറുവർഷത്തിനകമോ പ്രോജക്‌ട്‌ പൂർത്തിയാക്കണമെന്ന്‌ മുൻകൂട്ടിക്കണ്ടാൽ കൃത്യം ആ സമയത്തിനകം പണി പൂർത്തിയാക്കണം. ഓരോ ദിവസത്തെ വൈകലും ചിലവ്‌ വർദ്ധിപ്പിക്കുകമാത്രമല്ല, അത്രയും ദിവസത്തെ ഉത്‌പാദനഷ്‌ടം, മാർക്കറ്റിൽ സ്ഥാനം പിടിക്കാനുളള താമസം, ഇവയെല്ലാം പ്രൊജക്‌ടിനെ തളർത്തും. കാലതാമസം പലപ്പോഴും ചിലവ്‌ വർദ്ധിപ്പിക്കുന്നത്‌ ഊഹിക്കാൻ പോലും വയ്യാത്തവിധം അതിവേഗത്തിലാണ്‌. വിദേശനാണ്യം ആവശ്യമുളള പ്രോജക്‌ടുകളാണെങ്കിൽ, ഇതിനിടയ്‌ക്ക്‌ രൂപയുടെ മൂല്യശോഷണവും ഒറ്റയടിക്ക്‌ ചെലവ്‌ വർദ്ധിപ്പിക്കും. അതുകൊണ്ട്‌, കൃത്യസമയത്ത്‌ പണി തീർക്കുക. കഴിയുമെങ്കിൽ ടാർജറ്റിനു മുമ്പ്‌ തന്നെ പണിപൂർത്തിയാക്കുക ഏതൊരു ബുദ്ധിമാനായ വ്യവസായിയുടേയും ലക്ഷ്യമായിരിക്കും. മൂന്നാമത്‌, പണിനടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ ഉത്‌പന്നം, ബൈപ്രോഡക്‌ടുകൾ, അസംസ്‌കൃതസാധനങ്ങൾ, തുടങ്ങി വ്യവസായത്തിന്റെ എല്ലാ ബാഹ്യമായ വസ്‌തുക്കളിലും, ഒരു കണ്ണുവയ്‌ക്കുക; മാർക്കറ്റിലേയും മറ്റു രാജ്യങ്ങളിലേയും പൊതുവേയുളള മാറ്റങ്ങൾക്കനുസൃതമായി പ്രോജക്‌ടിന്റെ സംവിധാനത്തിലും ഭേദഗതികൾ വരുത്താനുളള ഒരു ഇൻ-ബിൽറ്റ്‌ സിസ്‌റ്റം പ്രവർത്തിക്കുക, ഉത്‌പന്നത്തിന്റെ ഗുണനിലവാരത്തേയും കൃത്യമായ ലഭ്യതയേയും എല്ലാം മുന്നിൽ കണ്ടുകൊണ്ട്‌ മാറ്റങ്ങൾ വരുത്താൻ തയ്യാറാവുക. ഈ കാര്യങ്ങളിലെല്ലാം കണ്ണുണ്ടെങ്കിൽ പ്രോജക്‌ടിന്റെ വിജയമായി. അതിന്‌ കണ്ടുപിടിച്ച മാനേജ്‌മെന്റ്‌ ടെക്‌നിക്കാണ്‌ പെർട്ട്‌.

പ്രവീൺ മേനോൻ പെർട്ടിനെക്കുറിച്ച്‌ ഓമനയെ പറഞ്ഞുമനസ്സിലാക്കുമ്പോൾ ഓഫീസിൽ അമ്പി മാത്രമേ ഉണ്ടായിരുന്നുളളു. അമ്പി ബാങ്കിൽ നിന്ന്‌ എന്നേക്ക്‌ എത്ര രൂപ വേണ്ടിവരും ആദ്യത്തെ ചെലവുകൾക്ക്‌ എന്ന്‌ കണക്കുകളുണ്ടാക്കി ആകെ കുഴഞ്ഞിരിക്കുകയായിരുന്നു. കാൽക്കുലേറ്ററിലെ അക്കങ്ങൾ ദ്രുതഗതിയിൽ മിന്നിമറഞ്ഞു. പ്രവീൺ ഓമനയുടെ അടുത്തിരുന്ന്‌ പറയുന്നത്‌ അമ്പി ശ്രദ്ധിച്ചില്ല.

പ്രവീൺ പറഞ്ഞു.

ഈ പെർട്ട്‌ അടിസ്ഥാനപരമായി ഗർഭധാരണം പോലെയാണ്‌. പ്രകൃതി ഏറ്റവും അത്യാധുനിക മാനേജ്‌മെന്റ്‌ ടെക്‌നിക്കിനെപ്പോലും അതിശയിപ്പിക്കുന്നവിധമാണ്‌ ഈ നൂറ്റിഎൺപതു ദിവസംകൊണ്ട്‌ ഭ്രൂണങ്ങളെ ശിശുവാക്കി വളർത്തിയെടുക്കുന്നത്‌. കോടാനുകോടി ശിശുക്കൾ ഓരോ വർഷവും ജനിക്കുന്നു. എത്ര വിഭിന്നമായ പശ്ചാത്തലമായാലും അമ്മയുടെ ആഹാരരീതി, ശരീരഘടന, ഗർഭിണിയായിരിക്കുമ്പോൾ ഉണ്ടാകുന്ന ശാരീരിക മാനസിക അനുഭവങ്ങൾ, വെളിയിലുളള അന്തരീക്ഷം എല്ലാം വ്യത്യസ്‌തമായിരിക്കും എങ്കിലും കുട്ടി പിറക്കുന്നത്‌ കൃത്യം ഇരുനൂറ്റി എമ്പതാം ദിവസം. ചിലപ്പോൾ മൂന്നോ നാലോ ദിവസം അങ്ങോട്ടോ, ഇങ്ങോട്ടോ; അത്രമാത്രം. ഈ ദിവസങ്ങൾക്കിടയിൽ എത്രതരം പ്രവർത്തനങ്ങളാണ്‌ ഗർഭപാത്രത്തിൽ നടക്കുന്നത്‌. അവയെല്ലാം എത്ര കൃത്യമായി ശുഷ്‌ക്കാന്തിയോടെ മുൻകൂട്ടിനിശ്ചയിച്ചമട്ടിൽ വേണ്ട നിമിഷത്തിൽത്തന്നെ സംഭവിക്കുന്നു! ഏതെങ്കിലും എവിടെയെങ്കിലും തെറ്റിയാൽ, അന്തിമമായ ഉത്‌പന്നം, കുട്ടി ഉണ്ടാകുകയില്ല. പെർട്ടും അതു തന്നെയാണ്‌. ഒഫ്‌കോഴ്‌സ്‌, പ്രകൃതിയുമായി നോക്കുമ്പോൾ വളരെ ദുർബലമായ ഒരു അനുകരണം. അത്രേയുളളു.

ഓമന, പ്രവീൺമേനോൻ ഗർഭധാരണത്തെക്കുറിച്ച്‌ ഇത്രയധികം ഡോക്‌ടറുടെ ശൈലിയിൽ പ്രസംഗിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുകയായിരുന്നു. ഒന്നും കേട്ടില്ല, മനസ്സിലായതുമില്ല.

പെർട്ടിന്റെ ടെക്‌നിക്‌ ഉപയോഗിച്ച്‌ ഒരു പദ്ധതി തയ്യാറാക്കുന്നതിനെക്കുറിച്ച്‌ കേട്ടപ്പോൾ എ.പി.ദാസ്‌ ചിരിച്ച്‌ തമാശയായി എടുത്തു.

ഈ മാനേജ്‌മെന്റും ടെക്‌നിക്കും മറ്റും വലിയ ബുദ്ധിമാന്മാരാണെന്ന്‌ കാണിക്കാൻ വേണ്ടി അമേരിക്കയിലെ മാനേജ്‌മെന്റ്‌ വിദഗ്‌ധർ കണ്ടുപിടിച്ച തന്ത്രങ്ങളാണ്‌. കൈ നനയാതെ മീൻ പിടിക്കാൻ ശ്രമിക്കുന്നവരാണിത്തരക്കാർ. കരയിലിരുന്ന്‌, മീൻപിടിക്കുന്ന രീതിയെക്കുറിച്ച്‌ കുറെയേറെ സിദ്ധാന്തങ്ങളും വിവരിച്ച്‌, ഗമ കാണിക്കും. വ്യവസായം തുടങ്ങണമെങ്കിൽ അരയും തലയും മുറുക്കി ഇറങ്ങണം. ഈ മാനേജ്‌മെന്റ്‌ വിദഗ്‌ധർ രംഗപ്രവേശം ചെയ്യുന്നതിനുമുമ്പും വ്യവസായങ്ങൾ ഇവിടെ സ്ഥാപിച്ചിരുന്നു. കൃത്യസമയത്ത്‌ ബജറ്റിലൊതുങ്ങി ബിർളാജി വ്യവസായങ്ങൾ ഉണ്ടാക്കിയത്‌ മാനേജ്‌മെന്റ്‌ പഠിച്ചിട്ടല്ല. പിന്നെ നിങ്ങൾക്കൊരു രസം. എല്ലാം കഴിഞ്ഞ്‌ കാര്യങ്ങൾ ഭംഗിയായി കലാശിക്കുമ്പോൾ, ഞങ്ങൾ ദാ ഇങ്ങനെ പറഞ്ഞതുകൊണ്ടാണെന്ന്‌ കാട്ടി ഖ്യാതിയടിക്കാം. അത്രതന്നെ.

ഓരോരുത്തർക്കും അവരവരുടെ ജോലി കൃത്യമായി വിഭജിച്ചുകൊടുത്തിരുന്നു. ഫൈനാൻസ്‌ പ്രശ്‌നങ്ങൾ അമ്പിക്ക്‌, ഫാക്‌ടറിയെ സജ്ജമാക്കാനുളള സിവിൽവർക്ക്‌സ്‌ ബാലചന്ദ്രന്‌. റിക്രൂട്ട്‌മെന്റും തൊഴിലാളികളും പ്രവീണിന്‌. യന്ത്രങ്ങൾ, വിദേശബന്ധം, ഉത്‌പന്നങ്ങളുടെ മാർക്കറ്റിംഗ്‌ എല്ലാം ബാബുവിന്‌. എല്ലാവരോടും പ്രവീൺ നിർദ്ദേശിച്ചു. നിങ്ങളുടെ ചുമതല കാര്യക്ഷമമായി നിർവ്വഹിക്കുന്നതിന്‌ ആവശ്യമായ എല്ലാ പ്രവർത്തികളുടേയും കാലദൈർഘ്യം, ഓരോ പ്രവർത്തിക്കും വേണ്ടി വരുന്ന പണം, അത്‌ പ്രവർത്തി തുടങ്ങി എത്രാം ദിവസം എത്ര വേണം. ഓരോ പ്രവർത്തിയും മറ്റുളളതുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു മുതലായ എല്ലാം ഏറ്റവും വിശദമായി തയ്യാറാക്കി ഓമനയെ ഏൽപ്പിക്കണം.

എ.പി.ദാസ്‌ എല്ലാം വിശദമായി കേട്ടു. അദ്ദേഹം ചെയർമാനാണ്‌. ചെയർമാന്‌ പ്രത്യേകം ജോലി ഇല്ല. പ്രവീൺ പറഞ്ഞു. അങ്കിളാണ്‌ പെർട്ടിന്റെ പുരോഗതി നോക്കേണ്ടത്‌. അങ്കിളിന്റെ ചുമതല വാസ്‌തവത്തിൽ നിസ്സാരമെന്നു തോന്നും. പക്ഷേ, ഈ ഫാക്‌ടറി കൃത്യദിവസം, ബജറ്റനുസരിച്ച്‌ പ്രവർത്തനം തുടങ്ങണമെങ്കിൽ അങ്കിൾ വിചാരിച്ചാലേ പറ്റൂ. എല്ലാവരുടേയും പ്രവർത്തനങ്ങൾ തമ്മിൽ ബന്ധിപ്പിക്കാൻ അങ്കിളിനേ കഴിയൂ.

ദാസിന്‌ ഈ യത്‌നം ഒരു തമാശയായേ തോന്നിയുളളു.

ഇത്‌ ഇന്ത്യയാണ്‌. തനിക്കറിയാമോ, എൻജിനീയർമാർ വർക്ക്‌ഷോപ്പിൽ പ്രവർത്തിക്കുന്നതിനേക്കാൾ ഇഷ്‌ടപ്പെടുന്നത്‌ ഓവറോൾ ഊരി ഉടയാത്ത പാൻസും പശപിടിച്ച കോളറുളള ഷർട്ടുമിട്ട്‌ ടൈയും കെട്ടി എയർകണ്ടീഷൻഡ്‌ ഓഫീസിലിരുന്ന്‌ കംപ്യൂട്ടർ പ്രവർത്തിപ്പിച്ച്‌ മാനേജ്‌മെന്റ്‌ നടത്തുന്നതിനാണ്‌. അതുകൊണ്ട്‌ മിക്ക എഞ്ചീനിയർമാരും, ഏറ്റവും മിടുക്കൻ വരെ, എം.ബി.എ.യും എടുത്ത്‌ ഫാക്‌ടറിക്ക്‌ പകരം ബോർഡ്‌ മുറിയിലേയ്‌ക്ക്‌ പ്രവർത്തനരംഗം മാറ്റുന്നു. ഇന്ത്യയിലിന്നും വൈറ്റ്‌കോളർ സംസ്‌കാരത്തിനാണ്‌ പ്രാധാന്യം. ഫാക്‌ടറിക്കുളളിൽ പ്രവർത്തിക്കുന്ന വർക്ക്‌ഷോപ്പ്‌ മാനേജർക്കു പോലും ഓഫീസിലെ ക്ലാർക്കിന്റെ അന്തസ്സില്ല എന്നാണ്‌ തോന്നൽ.

അങ്കിൾ! അങ്കിളിന്‌ തെറ്റുപറ്റി. ഇന്ത്യയിൽ ആദ്യം പെർട്ട്‌ രീതിയിൽ ഒരു പ്രോജക്‌ട്‌ വിജയകരമായി പ്രവർത്തിപ്പിച്ചത്‌ റഷ്യക്കാരാണ്‌. ഭിലായ്‌ സ്‌റ്റീൽ പ്രോജക്‌ടിന്‌ സ്ഥലം തെരഞ്ഞെടുക്കുകമുതൽ രണ്ടുകൊല്ലം മൂന്നു മാസം കൊണ്ട്‌ ബ്ലാസ്‌റ്റ്‌ ഫർണസ്‌ പൂർത്തിയാക്കി ഉത്‌പാദനം തുടങ്ങണമെന്ന പ്ലാൻ കൃത്യമായി നിർവ്വഹിച്ചതിന്റെ പിന്നിൽ പെർട്ടിന്റെ സഹായമായിരുന്നു പ്രധാനം. പെർട്ടിൽ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളുടേയും വിശദവിവരം കാണും അങ്കിൾ. അതില്ലെങ്കിൽ കാര്യം നടക്കുകയില്ല. ഭിലായി സ്‌റ്റീൽ പ്ലാന്റിന്റെ നിർമ്മാണത്തിൽ പെർട്ടിലെ ഒരു ഐറ്റം കേൾക്കണോ? ഭിലായിയിൽ കൺസ്‌ട്രക്‌ഷനുമായി ബന്ധപ്പെട്ട്‌ അയ്യായിരത്തിൽ ഏറെ റഷ്യക്കാർ വരും. എൻജിനീയർമാരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ. അവർക്ക്‌ പാൽ, വെണ്ണ, മുട്ട, കോഴി എല്ലാം അത്യാവശ്യമാണ്‌. ശരിയായ ഭക്ഷണം അവർ പരിചയിച്ച രീതിയിൽ ലഭിച്ചില്ലെങ്കിൽ, അവർക്ക്‌ അസുഖങ്ങൾ ഉണ്ടാകാം. അത്‌ ജോലിയെ ബാധിക്കും. പണിയിൽ കാലതാമസം വരും. ചിലവ്‌ വർധിക്കും. അതുകൊണ്ട്‌ പെർട്ടിലെ ഒരു പ്രധാന ഐറ്റമായിരുന്നു, റഷ്യക്കാർ എത്തുന്ന തീയതിയോടെ ഒരു കോഴിവളർത്തൽ കേന്ദ്രവും ഗോശാലയും സ്ഥാപിക്കുക എന്നത്‌. പഞ്ചാബിൽ നിന്ന്‌ അറുപതു എഴുമകളെ കൊണ്ടു വന്ന്‌ ഗോശാല സജ്ജമാക്കി. കോഴിവളർത്തലിന്‌ പ്രത്യേകമായി ഒരു ജോയിന്റ്‌ ഡയറക്‌ടറെ മൃഗസംരക്ഷരണവകുപ്പിൽനിന്ന്‌ കൊണ്ടുവന്ന്‌ പൂർണ്ണ ചുമതല നൽകി. ഇതൊരു കാര്യം. പ്രത്യക്ഷമായി പ്രോജക്‌ടുമായി ബന്ധമില്ല. പക്ഷേ, പ്രോജക്‌ടിന്റെ അന്തിമമായ പരിസമാപ്‌തിക്ക്‌ ഈ ഘടകങ്ങളും കണ്ടിരിക്കണം.

എടോ, അത്‌ റഷ്യക്കാര്‌! അന്നത്തെ റഷ്യക്കാരെന്നു പറഞ്ഞാൽ…

അല്ല അങ്കിൾ. ഇന്ന്‌ ഇന്ത്യയിലെ എല്ലാ മേജർ പ്രോജക്‌ടുകൾക്കും പെർട്ട്‌ ഉപയോഗിക്കുന്നുണ്ട്‌. നമുക്കും, നോക്കിക്കോളൂ എല്ലാ പ്രവർത്തികളെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിച്ചാൽ, നമുക്ക്‌ പണം ലാഭിക്കാം. കൃത്യമായി ഫാക്‌ടറി കമ്മീഷൻ ചെയ്യാം. ഉത്‌പാദനം തുടങ്ങാം. ഇപ്പോൾ എന്നേക്ക്‌ പ്രവർത്തനം ആരംഭിക്കാം എന്ന്‌ ഊഹമല്ലേയുളളൂ.

എടോ ഇവിടെ തൊഴിലാളികള്‌ എപ്പോഴാ സമരം തുടങ്ങുന്നതെന്ന്‌ പെർട്ടിൽ കണ്ടുപിടിക്കാൻ പറ്റുമോ?

പ്രവീണിന്‌ അതിന്‌ ഉത്തരമില്ലായിരുന്നു.

ദാസ്‌ പറഞ്ഞു.

ഞാൻ നിങ്ങളെ നിരുത്സാഹപ്പെടുത്താൻ പറഞ്ഞതല്ല. പക്ഷേ, എല്ലാം കാണണമെന്ന്‌ ഓർമ്മിപ്പിക്കുകയായിരുന്നു. ബിർളായും മറ്റും ഒന്നോർത്താൽ ശരിക്കും വ്യാപാരികൾ മാത്രമാണ്‌. ഇത്‌പന്നം വാങ്ങി വിൽക്കുന്നതിനു പകരം, അവ സ്വയം നിർമ്മിച്ച്‌ വിൽക്കുന്നു എന്ന വ്യത്യാസമേയുളളൂ. അവർക്ക്‌ ഉത്‌പന്നത്തിന്‌ അധികച്ചിലവായാലും പേടിയില്ല. ആ ചിലവ്‌ ഉപഭോക്താവിന്‌ ട്രാൻസ്‌ഫർ ചെയ്യാൻ പറ്റുമെങ്കിൽ വില നിലനിർത്തുക. കൂട്ടുക എന്നതാണ്‌ ഉത്‌പാദനം വർധിപ്പിക്കുന്നതിനേക്കാൾ അവർക്ക്‌ പ്രധാനം. മാർക്കറ്റിൽ ഉത്‌പന്നം ഇറക്കാതെ ഡിമാൻഡ്‌ വർധിപ്പിച്ച്‌ വില കൂട്ടാൻവേണ്ടി, മനഃപൂർവ്വം തൊഴിൽ സമരങ്ങൾ സംഘടിപ്പിക്കുന്നതും ഇന്ന്‌ വ്യാപാരികളായ വ്യവസായികളുടെ രീതിയാണ്‌. അവർക്ക്‌ ഉത്‌പാദനമല്ല പ്രധാനം. വിൽക്കുമ്പോൾ കിട്ടുന്ന ആദായമാണ്‌. അവർക്ക്‌ പെർട്ട്‌ അത്ര ആവശ്യമില്ല.

ഓമനയ്‌ക്ക്‌ അത്ഭുതമായിരുന്നു. ഒരു സാധാരണ ഫാക്‌ടറി തുടങ്ങാൻ ഇത്രയേറെ പ്രവർത്തികളോ!

ബാബു എഴുതിയ ഒരു ഐറ്റം പരിശോധിച്ചു.

മൂന്ന്‌ എൻജിനീയർമാർ വേണ്ടിവരും പ്രൊഡക്ഷൻ തുടങ്ങുമ്പോഴേക്കും. അതിൽ ഒരാൾ പ്രൊഡക്ഷൻ തുടങ്ങുന്നതിന്‌ രണ്ടുമാസം മുൻപും, മറ്റു രണ്ടുപേർ ഒരു മാസം മുമ്പും ജോലിയിൽ കയറിയിരിക്കണം.

ജോലിക്ക്‌ പരസ്യം കൊടുക്കണം.

പരസ്യം തയ്യാറാക്കി പരസ്യക്കമ്പനിയെ ഏൽപ്പിക്കാൻ- രണ്ടു ദിവസം. പരസ്യകമ്പനിക്ക്‌ പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്താൻ പത്തു ദിവസം.

ഈ പ്രവർത്തിയുടെ അനാലിസിസ്‌. പരസ്യകമ്പനിയോട്‌ ഉടൻതന്നെ വിളിച്ചുപറഞ്ഞ്‌, പത്രത്തിൽ കോളം ബുക്കുചെയ്‌താൽ പരസ്യം തയ്യാറാക്കാനുളള രണ്ടു ദിവസം, പ്രസിദ്ധപ്പെടുത്താൻ എടുക്കുന്ന പത്തുദിവസത്തിന്റെ ആദ്യത്തെ രണ്ടുദിവസമായി മാറ്റാം. അതായത്‌, പന്ത്രണ്ടുദിവസത്തെ പണി പത്തുദിവസത്തിൽ നിർത്താം.

അതിന്റെ സാമ്പത്തികം.

പരസ്യകമ്പനികൾ നാൽപ്പത്തിയഞ്ചും അറുപതും ദിവസത്തെ ക്രെഡിറ്റ്‌ തരും. അപ്പോൾ ബിൽ അത്രയും ദിവസം കഴിഞ്ഞ്‌ നൽകിയാൽ മതി. ബാങ്കിലെ ഓവർഗ്രാഫ്‌റ്റ്‌ സൗകര്യം കാരണം ചെക്ക്‌ ക്ലിയറാകാൻ വരുന്ന തീയതി മുതൽ പലിശ നൽകിയാൽ മതി. പക്ഷേ, ഒരു പരസ്യകമ്പനി, രൊക്കം പണം നൽകിയാൽ, ബില്ലിൽനിന്ന്‌ ഏഴര ശതമാനം ഡിസ്‌ക്കൗണ്ട്‌ തരാൻ തയ്യാറാണ്‌. അങ്ങിനെയാണെങ്കിൽ, അറുപത്‌ അറുപത്തിയഞ്ച്‌ ദിവസത്തെ പലിശയേക്കാൾ ലാഭമല്ലേ, ഏഴര ശതമാനം ലാഭം?

ബാബു പറഞ്ഞു.

ഇവിടെ ഓമന ഒരു ചോദ്യചിഹ്‌നം ഇട്ടുവയ്‌​‍്‌ക്കു. അമ്പി തീർച്ചപ്പെടുത്തട്ടെ. ക്രഡിറ്റ്‌ എന്നുമുതൽ വേണം എന്നുളളത്‌.

ഓരോരുത്തരുടേയും ചെയ്യേണ്ട കാര്യങ്ങൾ ഇങ്ങനെ വിശദമായി കടലാസിലാക്കാൻ തുടങ്ങിയിട്ട്‌ ദിവസങ്ങളായി. ഒരു അന്ത്യവും കാണുന്നില്ല.

പ്രവീൺ മേനോൻ നല്‌കിയ വലിയ ഗ്രാഫ്‌ പേപ്പറിൽ പെൻസിൽ കൊണ്ട്‌ അനവധി വരകൾ തിരിച്ചും മറിച്ചും ഇട്ടു. മായിച്ചു, പുതിയത്‌ വരച്ചു.

ഓമനയ്‌ക്ക്‌ അനുദിനം വാശിയേറിവരികയായിരുന്നു. ഇവരെല്ലാം തങ്ങളുടെ പ്രവർത്തികൾ എന്തെല്ലാമാണെന്ന്‌ കൃത്യമായി തന്നാൽ മതിയായിരുന്നു. രണ്ടുദിവസം കൊണ്ട്‌ ചാർട്ടുണ്ടാക്കാൻ പറ്റും. ഫാക്‌ടറി, കൃത്യമായി ഇത്രരൂപാ ചിലവ്‌ ചെയ്‌ത്‌, ഇന്ന ദിവസം ആദ്യത്തെ ഉത്‌പന്നം പുറത്തിറക്കും എന്ന്‌.

പ്രവീണിനെ കാണിച്ചുകൊടുക്കണം. എന്താണ്‌ തനിക്ക്‌ ചെയ്യാൻ സാധിക്കുന്നത്‌ എന്ന്‌.

Generated from archived content: privatelimited33.html Author: klm_novel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here