മുപ്പത്തിരണ്ട്‌

അങ്കിളിന്‌, ഞാൻ ശിവദാസനെ നമ്മുടെ ഇന്നർസർക്കിളിലേക്കു കൊണ്ടുവന്നത്‌ ഇഷ്‌ടമായില്ല എന്ന്‌ എനിക്കറിയാം. ഞാൻ കാര്യങ്ങൾ വിശദീകരിക്കാം. എന്തുകൊണ്ട്‌ ഞാൻ അങ്ങനെ ഒരു തീരുമാനം എടുത്തു എന്നതിന്‌ എനിക്ക്‌ വ്യക്തമായ കാരണങ്ങൾ ഉണ്ട്‌. അങ്കിൾ ഒന്നു കേൾക്കൂ. പിന്നെ, ഇപ്പോഴും തീരുമാനം അന്തിമമല്ല. അങ്കിളിന്‌ എന്റെ കാരണങ്ങളേക്കാൾ മെച്ചമായ വാദഗതികളുണ്ടെങ്കിൽ ഞാൻ സമ്മതിക്കാം. ശിവദാസിനോട്‌ ‘നോ’ പറയാം.

എ.പി.ദാസ്‌ ഗ്ലാസിന്റെ പകുതിവരെ നിറഞ്ഞുനിന്ന സുതാര്യമായ സ്വർണത്തിളക്കത്തിൽനിന്ന്‌ ദൃഷ്‌ടികൾ വ്യതിചലിപ്പിച്ചില്ല. ഇരുട്ടിന്റെ ആദ്യത്തെ പുതപ്പ്‌ കിഴക്കെക്കായലിൽ പരന്നപ്പോൾ പ്രവീൺ മുറിക്കകത്തെ ലൈറ്റിട്ടു. ജനലിന്റെ കർട്ടനിലൂടെ അരിച്ചുവരുന്ന വെളിച്ചം മാത്രമേ വരാന്തയിൽ കടന്ന്‌ അവരെ ശല്യപ്പെടുത്തിയുളളു. കിഴക്ക്‌ വെല്ലിംഗ്‌ടൺ ഐലണ്ടിൽ മഞ്ഞമുത്തുകളുടെ മാലകൾ. കായലും കരയും തമ്മിലുളള വ്യത്യാസം ഇല്ലാതായി. കരിങ്കൽഭിത്തിയിൽ ഓളങ്ങൾ തട്ടുമ്പോഴുളള പിറുപിറുപ്പ്‌.

ദാസിനെ മനഃപൂർവം ക്ലബിലേക്ക്‌ വിടാതെ പ്രവീൺ മേനോൻ തന്റെ കൊച്ചിയിലുളള വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നതാണ്‌.

രാവിലെ അമ്പി പറഞ്ഞിരുന്നു.

ആ ട്രേഡ്‌ യൂണിയൻ ലീഡറുമായി പ്രവീൺ നടത്തിയ രഹസ്യഡീലിംഗ്‌സ്‌, ബാലചന്ദ്രൻ സാറിനും, അങ്കിളിനും അത്ര മനസ്സിലായിട്ടില്ല. ബാലചന്ദ്രൻ സാറിനും, അങ്കിളിനും അത്ര മനസ്സിലായിട്ടില്ല. ബാലചന്ദ്രൻസാറിനെ മനസ്സിലാക്കാം. പുളളിക്കാരൻ ജോലികൊടുത്ത പയ്യൻ. ആദ്യമായി തന്റെ ഫാക്‌ടറിയിൽ സമരം ഉണ്ടാക്കുന്നു. ഇപ്പോൾ ആള്‌ എത്ര വലിയ നേതാവായാലും, ബാലചന്ദ്രൻസാറിന്‌ അയാളെ തന്റെയൊപ്പം ഇരിക്കാൻ മാത്രം വളർന്നു എന്നംഗീകരിക്കാൻ വിഷമം കാണും. പക്ഷേ, ബിർളാ അങ്കിൾ! അദ്ദേഹത്തിന്‌ ഒരു തുറന്ന മനസ്സുണ്ട്‌. പ്രവീൺ ഒന്നു സംസാരിച്ച്‌ ലൈനിൽ കൊണ്ടുവരു.

കമ്പനിയുടെ രജിസ്‌ട്രേൻ കിട്ടി. ആദ്യത്തെ ഔപചാരികമായ പൊതുയോഗം പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയിലെ എല്ലാ അംഗങ്ങളുംകൂടി ചേർന്ന്‌ നടത്തി. എ.പി.ദാസ്‌ ചെയർമാനും, ബാബു മാനേജിംഗ്‌ ഡയറക്‌ടറുമായി. ഡയറക്‌ടർ ബോർഡിൽ അമ്പിയും, ബാലചന്ദ്രനും, പ്രവീൺ മേനോനും. കൈമൾ സാറിനെ ഏറെ നിർബന്ധിച്ചു. പക്ഷേ, സമ്മതിച്ചില്ല. ഞാനെപ്പോഴും രംഗത്തു പ്രവേശിക്കാൻ തയ്യാറാണല്ലോ. എന്റെ ഫാക്‌ടറിവളപ്പിലെ ചെടികൾക്ക്‌ ഞാനില്ലാതെയും ജീവിക്കാമല്ലോഃ ഇതായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഡേവി ഇൻഡസ്‌ട്രീസിന്‌, കിംലിയുടെ കൊറിയൻ കമ്പനിയുമായുളള പ്രവർത്തനത്തെ സംബന്ധിച്ച സാങ്കേതിക കാര്യങ്ങളിലേ ധാരണയുളളു. അതും ആശയപരമായി മാത്രം. എല്ലാം കടലാസിൽ വിശദമായി എഴുതി തയ്യാറാക്കി അയയ്‌ക്കുന്നതാണെന്ന്‌ സോളിൽനിന്ന്‌ ഫാക്‌സ്‌ വന്നു. അതോടൊപ്പം സാമ്പത്തികമായ പ്രശ്‌നങ്ങളെക്കുറിച്ചുളള വിശദവിവരങ്ങളും അയയ്‌ക്കും. ഇപ്പോൾ ഐഡിയാ, കമ്പനിയുടെ നാല്‌പതു ശതമാനം ഷെയർ കൊറിയൻ കമ്പനിക്ക്‌ നല്‌കണം. മൂന്നു വർഷത്തിനകം ഇൻഡസ്‌ട്രീസ്‌ പബ്ലിക്‌ ലിമിറ്റഡ്‌ ആക്കി മാറ്റണം. ആ സാഹചര്യത്തിൽ, കൊറിയൻ കമ്പനിക്കായിരിക്കണം, കൂടുതൽ മൂലധനം മുടക്കാനുളള ആദ്യത്തെ ഓപ്‌ഷൻ.

കൈമൾ പറഞ്ഞു.

അവരുടെ രീതിയിൽനിന്നു നോക്കിയാൽ, കൊറിയക്കാർ പറയുന്നത്‌ പൂർണമായും ശരിയാണ്‌. നമുക്ക്‌ തീർച്ചയായും വളരെ പ്രകടമായ ഒരു അപകടം ഇതിൽ പതിയിരിക്കുന്നത്‌ കാണുന്നില്ല എന്നു നടിക്കാൻ പാടില്ല. മൂന്നു വർഷങ്ങൾക്കുശേഷം ഫാക്‌ടറി നന്നായി വർക്കു ചെയ്യുകയാണെങ്കിൽ അവർ മുഴുവൻ കൺട്രോളും എടുക്കാൻ സാധ്യതയുണ്ട്‌. പക്ഷേ, മൂന്നുവർഷം. കംപ്യൂട്ടറും, സാങ്കേതിക ഉപകരണങ്ങളും നിർമിക്കുന്ന രംഗത്ത്‌ അനുദിനം പുതിയ കണ്ടുപിടുത്തങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്‌. പുതിയ പുതിയ പ്രോഡക്‌ട്‌സ്‌ മാർക്കറ്റിലിറക്കാനുളള സാങ്കേതിക ജ്ഞാനമില്ലെങ്കിൽ നമ്മൾ മത്സരത്തിൽ പിന്തളളപ്പെടും, തീർച്ച. അപ്പോൾ മൂന്നുവർഷംകൊണ്ട്‌ നമുക്ക്‌ രണ്ടുകൂട്ടർക്കും ധൈര്യമായി തീരുമാനത്തിലെത്താനുളള സമയമുണ്ട്‌. അന്യോന്യം ഇരുവർക്കും ആവശ്യം ഉണ്ട്‌ എന്നത്‌ മറക്കാനും ഒക്കുകയില്ലല്ലോ.

കമ്പനിക്ക്‌ ഒരു പുതിയ ആഫീസ്‌കെട്ടിടം വേണം. രജിസ്‌റ്റേഡ്‌ ആഫീസ്‌ ആ വിലാസത്തിലായിരിക്കണം. ടെലിഫോണും, ഫാക്‌സും എല്ലാ സൗകര്യങ്ങളുമുളള പ്രവീണിന്റെ ആഫീസിലെ ഒരുനില കമ്പനിക്കുവേണ്ടി എടുക്കാമെന്നു തീർച്ചപ്പെടുത്തി. ഇതിനിടയിൽ ഫാക്‌ടറിയിൽ അടിസ്ഥാനപരമായി ചെയ്യേണ്ട പല ജോലികളുമുണ്ടായിരുന്നു. ഫാക്‌ടറിയിൽ അടിസ്ഥാനപരമായി ചെയ്യേണ്ട പല ജോലികളുമുണ്ടായിരുന്നു. ഫാക്‌ടറിയുടെ ഉളളിൽ കുറെ മാറ്റങ്ങൾ വരുത്തണം. സിവിൾ വർക്‌സ്‌. പിന്നെ, ഫാക്‌ടറി ആകെക്കൂടി എയർകണ്ടീഷൻ ചെയ്യണം. അതിന്റെ പണികൾ. പരിസരവും ആകപ്പാടെയുളള രൂപവും വൃത്തിയാക്കണം. മെയിന്റനൻസ്‌ പണികൾ.

എല്ലാറ്റിന്റേയും മേൽനോട്ടം ഇക്കാര്യത്തിൽ പരിചയമുളള ബാലചന്ദ്രൻ ഏറ്റെടുത്തു.

ആദ്യത്തെ അപകടം ആദ്യത്തെ ലോറിനിറയെ സാധനങ്ങളുമായി ഫാക്‌ടറി ഗേറ്റിൽ എത്തിയപ്പോൾ തുടങ്ങി. ബാലചന്ദ്രന്‌ അറിയാമായിരുന്നു. കേരളത്തിലെ ഏതു വ്യവസായിയേയും ആദ്യം ഭയപ്പെടുത്തുന്ന രംഗം, തന്റെ ഒന്നാമത്തെ ലോറി ലോഡുമായി പ്രവർത്തനസ്ഥലത്തെത്തുമ്പോളാണെന്ന്‌. ബാലചന്ദ്രന്‌ ധാരാളം അനുഭവമുളളതാണ്‌. ഏറ്റവുമധികം സംഘടിതശക്തി പ്രദർശിപ്പിക്കപ്പെടുന്നതുമാണ്‌ കയറ്റിറക്കുമേഖല. ഇവിടെ വിലപേശലിനു പറ്റിയ ചുറ്റുപാടല്ല.

കേരളത്തിൽ സംഘടിത തൊഴിലാളിവർഗ്ഗത്തിന്റെ മസിൽശക്തി ഫാക്‌ടറികളിലല്ല. ഫാക്‌ടറിയിലെ യൂണിയനുകൾക്ക്‌ പലപ്പോഴും പരിമിതികളുണ്ടായിരുന്നു. സർക്കാർ-അർധസർക്കാർ നിയന്ത്രണത്തിലെ പൊതുമേഖലാവ്യവസായങ്ങളിലെ തൊഴിലാളികളെ സംഘടിതരാക്കുന്നതിൽ ഭരിക്കുന്ന സർക്കാരുകൾക്കും തങ്ങളുടെ പാർട്ടികൾ നേരിട്ട്‌ ഇടപെടുന്നതായിരുന്നു, ആവശ്യം. രാഷ്‌ട്രീയപ്പാർട്ടികളുടെ ശക്തി കാർഷികമേഖലയിലെ അസംഘടിതരേക്കാൾ എളുപ്പം പ്രദർശിപ്പിക്കാവുന്നത്‌ വ്യവസായികമേഖലയിലാണ്‌. ഫാക്‌ടറി ഉടമസ്ഥനും, തൊഴിലാളികളും തമ്മിൽ കാർഷികമേഖലയിലെപ്പോലെ ഒരു ഫ്യൂഡൽ ചങ്ങലപോലും ഇല്ലായിരുന്നല്ലോ.

പൊതുമേഖലയിലെ വ്യവസായങ്ങളിലെ ലാഭനഷ്‌ടങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ, കൂടുതൽ കൂടുതൽ മെച്ചപ്പെട്ട സേവനവ്യവസ്ഥകൾ രാഷ്‌ട്രീയപ്പാർട്ടികളുടെ തൊഴിലാളിസംഘടനകൾ സമരം ചെയ്യാതെ തന്നെ നേടിയെടുക്കാൻ തുടങ്ങി. സ്വകാര്യവ്യവസായികൾക്ക്‌ പ്രത്യേകിച്ചും, പുതുതായി വ്യവസായം ആരംഭിക്കുന്നവർക്ക്‌ നില്‌ക്കക്കളളിയില്ലാതാകുകയായിരുന്നു ഫലം. പക്ഷേ, കേരളത്തിലെ വ്യവസായ മേഖല ആകെക്കൂടിയുളള ജനസംഖ്യയുടെ അനുപാതത്തിൽ തീരെ തുച്ഛമാണ്‌.

കാർഷികമേഖലയിൽ സംഘടിതതൊഴിലാളിവർഗ്ഗത്തെ രാഷ്‌ട്രീയ പാർട്ടികൾക്കു നിർണായകമായി തങ്ങളുടെ കീഴിൽ കൊണ്ടുവരാനും സാധിച്ചില്ല. ഭൂനിയമവും, മലയിലെ കൈയേറ്റഭൂമി പതിച്ചുലഭിക്കലും കാരണം അനേകലക്ഷം പുതിയ കർഷകത്തൊഴിലാളികൾ, ഭൂവുടമകളായി. സ്വന്തതാത്‌പര്യത്തേക്കാൾ, തൊഴിലാളിതാത്‌പര്യത്തെ പ്രധാനമായി കാണാൻ സ്വാഭാവികമായും അവർക്ക്‌ കഴിഞ്ഞില്ല.

ഇവിടെയാണ്‌ കേരളത്തിലെ അതിശക്തമായ കയറ്റിറക്കുമേഖലയിലെ സംഘടിത തൊഴിലാളിവർഗ്ഗത്തിന്റെ നേരെ എല്ലാ രാഷ്‌ട്രീയപ്പാർട്ടികളും ഓടിയടുത്തത്‌. കൊച്ചിത്തുറമുഖത്തെ കയറ്റിറക്കു തൊഴിലാളികൾ മുതൽ, കേരളത്തിലെ ഏതു ചെറിയ ഗ്രാമത്തിലെ നാൽക്കവലയിലും സംഘടിതരായി നില്‌ക്കുന്ന തൊഴിലാളികൾവരെ ഇക്കൂട്ടത്തിൽപെട്ടു.

സേവനവ്യവസായത്തിനു അതിന്റേതായ പ്രത്യേകതയുണ്ട്‌. ഇവിടെ മുതലാളി ഒറ്റപ്പെട്ട വ്യക്തിയാണ്‌. ജീവിതത്തിൽ ചിലപ്പോൾ ഒറ്റ പ്രാവശ്യമേ അയാൾ മുതലാളിയാകൂ. തന്റെ വീട്ടുസാധനങ്ങൾ ലോറിയിൽ കൊണ്ടുവന്നിറക്കുക. അയാൾക്ക്‌ സംഘടിതമായി വിലപേശാനുളള അറിവില്ല. ശക്തിയില്ല. അയാൾ, ലോറിയിൽനിന്നു സാധനങ്ങൾ ഇറക്കാൻ റേറ്റ്‌ തീർച്ചപ്പെടുത്തുന്ന സംഘടിത തൊഴിലാളിയേക്കാൾ ദരിദ്രനുമായിരിക്കും. അവരോട്‌ എതിർക്കാൻ അയാൾക്കു പറ്റുകയില്ല. അയാളെ സഹായിക്കാൻ തീർച്ചയായും സർക്കാർ യന്ത്രത്തിനും ഒട്ടും താത്‌പര്യമില്ല. റേറ്റ്‌ നിശ്ചയിക്കപ്പെടുന്നു. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിൽ ഇതേ ജോലിക്ക്‌ നല്‌കേണ്ട തുകയേക്കാൾ എത്രയോ ഇരട്ടിയാണ്‌ എന്നോർത്ത്‌ അയാൾ ദുഃഖിച്ചിട്ട്‌ കാര്യമില്ല. ലോറിക്കാരന്‌ തിരികെ പോകണം. അയൽപക്കക്കാർ നോക്കി നില്‌ക്കുകയാണ്‌. അയാൾ സംഘടിതതൊഴിലാളിയുടെ മുന്നിൽ മുട്ടുമടക്കുന്നു.

ഒരു പ്രത്യേക കയറ്റിറക്കുതൊഴിൽസംസ്‌കാരം കേരളത്തിലെ സാമൂഹ്യജീവിതത്തിൽ മെല്ലെ വളർന്നു. വ്യവസായ മേഖലയിൽ ഇത്‌ ഭീകരമായി വലുതായി. രാഷ്‌ട്രീയപ്പാർട്ടികൾക്കു തങ്ങളുടെ ചൊൽപ്പടിയിൽ നിർത്താൻ പറ്റാത്തവിധം ഈ മേഖല വികസിച്ചു. അതിശക്തമായ ഈ യൂണിയനുകളുടെ വെൽഫെയർ ഫണ്ടുകൾ രാഷ്‌ട്രീയപ്പാർട്ടികളുടെ പ്രവർത്തനത്തിനും, ചിലപ്പോൾ സർക്കാരിനുപോലും സാമ്പത്തികസഹായം നല്‌കുന്ന നിലയിലെത്തി.

വ്യവസായമേഖലയിൽ ഒരു നിർണായകഘടകമായി മാറി, ഈ കയറ്റിറക്കുമേഖല. ഹാൻഡ്‌ലിംഗ്‌ ചെലവുകൾ എന്ന ലാഭനഷ്‌ടക്കണക്കുകളിലെ ഐറ്റത്തിനെതിരേ മറ്റ്‌ സംസ്ഥാനങ്ങളിലെ ഇതേതരം വ്യവസായങ്ങളുടെ കണക്കുകളിൽ കാണുന്നതിന്‌ എത്രയോ ഇരട്ടി ചെലവ്‌ ദൃശ്യമായി. തുകയെക്കാളും വ്യവസായിയെ ഭയപ്പെടുത്തിയത്‌, താൻ ആദ്യമായി നേരിട്ട സമ്മർദ്ദമാണ്‌. ആദ്യത്തെ അനുഭവം. മാനസികമായ സംഘർഷം. തന്റെ നിസ്സഹായാവസ്ഥ.

ബാലചന്ദ്രൻ ഫാക്‌ടറിയിലെത്തിയപ്പോഴേക്കും ലോറിയിൽനിന്നു സാധനങ്ങൾ ഇറക്കാനുളള പരിപാടികൾ പുരോഗമിച്ചുതുടങ്ങിയിരുന്നു.

ബാലചന്ദ്രൻ സൗമിത്രയോട്‌ ചോദിച്ചു.

റേറ്റ്‌ സംസാരിച്ചോ?

ഉവ്വ്‌.

എത്രയാ?

സൗമിത്ര തുക പറഞ്ഞു.

മൈ ഗോഡ്‌! ലോറിക്ക്‌ ആകെ വാടക ഇത്രയുമില്ലല്ലോ.

സൗമിത്ര നിശ്ശബ്‌ദയായി.

അന്നു വൈകിട്ട്‌ ബാബുവും, അമ്പിയും, പ്രവീൺ മേനോനും ഫാക്‌ടറിയിൽ വന്നപ്പോൾ ബാലചന്ദ്രൻ സംഭവം വിശദമായി വിവരിച്ചു.

ഏറ്റവും തമാശ, ഈ കൂലിയുടെ കൂടെ ഇരുപത്തഞ്ചു ശതമാനം കൂടി വേണമെന്ന ആവശ്യമായിരുന്നു.

എന്തിന്‌?

വെൽഫെയർ ഫണ്ടിനാണത്രെ.

ആരുടെ വെൽഫെയർ?

പ്രവീൺ മേനോൻ പറഞ്ഞുഃ

കുറെ വർഷങ്ങൾക്കുമുമ്പ്‌ പശ്ചിമബംഗാൾ മുഖ്യമന്ത്രി ഇവിടെ വന്നിരുന്നപ്പോൾ, ഒരു പത്രപ്രവർത്തകന്റെ ചോദ്യത്തിനുത്തരമായി പറഞ്ഞിരുന്നത്രെ, സർവീസ്‌ മേഖലകളിലെ സംഘടിത തൊഴിലാളിവർഗ്ഗം വ്യവസായിയുടെ തന്നെ ഒരു ഭാഗമായി പ്രവർത്തിക്കാൻ ബുദ്ധിയും, ദീർഘവീക്ഷണവും കാണിച്ചില്ലെങ്കിൽ അത്‌ വ്യവസായമേഖലയെ തകർക്കും എന്ന്‌. സ്വന്തം അനുഭവത്തിൽനിന്ന്‌ പറഞ്ഞതാണ്‌. ബംഗാളിൽ പുതിയ പുതിയ വ്യവസായങ്ങൾ വരുന്നതിന്റെ പിന്നിൽ രാഷ്‌ട്രീയപ്പാർട്ടികളുടെ പൂർണ്ണമായും അധീനതയിലാണ്‌ സർവീസ്‌ മേഖലകളിലെ തൊഴിലാളി സംഘടനകൾ പ്രവർത്തിക്കുന്നത്‌ എന്നത്‌ ഒരു പ്രധാന കാരണമാണ്‌, എന്നും അദ്ദേഹം പറഞ്ഞത്രേ.

നമുക്ക്‌ എന്തെങ്കിലും ചെയ്യണം. കുത്തകമുതലാളിയെ വരുതിക്കു നിർത്തുന്ന എം.ആർ.റ്റി.പി. ആക്‌ട്‌ ഈ കയറ്റിറക്കുമേഖലയിലും ബാധകമാകണം.

ഇത്‌ തമാശയായി എടുക്കാവുന്ന കാര്യമല്ല. ഇതൊരു തുടക്കം മാത്രമേ ആയുളളു.

അന്നു രാത്രി പ്രവീൺ മേനോൻ തീർച്ചപ്പെടുത്തി.

എന്തുകൊണ്ട്‌ ഒരു പക്വതയുളള തൊഴിലാളി നേതാവിനെക്കൂടി ഉൾപ്പെടുത്തി നമ്മുടെ പ്രവർത്തനരീതിയ്‌ക്ക്‌ ഒരു പുതിയ മുഖം കൊടുത്തുകൂടാ?

അങ്ങിനെയാണ്‌ ശിവദാസനുമായി പ്രവീൺ സംസാരിച്ചതും, തൊഴിലാളികളുമായുളള എല്ലാ ഇടപാടുകളിലും ന്യായയുക്തമായ രീതിയിൽ തീരുമാനമെടുക്കുന്ന മാനേജ്‌മെന്റിന്റെ തലവനാകാൻ നിർദ്ദേശിച്ചതും.

പ്രവീൺമേനോൻ പറഞ്ഞു.

ദാസ്‌ അങ്കിൾ! കേരളത്തിൽ വ്യവസായമേഖലയിലെ തൊഴിലാളിസംഘർഷങ്ങൾക്കു വേതനമല്ല, പ്രധാനകാരണം. കേരളത്തിലെ തൊഴിലാളിക്ക്‌ വേതനനിരക്ക്‌ കൂടുതലാണ്‌. പക്ഷേ, അവന്റെ വർക്ക്‌ ഔട്ട്‌പുട്ടും കൂടുതലാണ്‌. അതും അങ്കിളിനറിയാമല്ലോ. ഇവിടെ വേണ്ടത്‌, ഒരു വർക്ക്‌ കൾച്ചറാണ്‌. തൊഴിലാളിയും, മാനേജ്‌മെന്റും ഒന്നാകുന്ന ഒരു സംസ്‌കാരം.

ബിർളായുടെ….

അങ്കിൾ ബിർളായുടെ കാര്യം പറയേണ്ട. മാവൂർ റയൺസിന്‌ ശേഷം ബിർളയും മറ്റു ഫാക്‌ടറികളൊന്നും കേരളത്തിൽ തുടങ്ങിയില്ലല്ലോ. അദ്ദേഹത്തിന്റെ വർക്ക്‌ കൾച്ചറും എനിക്കു തോന്നുന്നില്ല, കേരളത്തിലെ വ്യവസായ മേഖലയ്‌ക്ക്‌ പറ്റുമെന്ന്‌.

എ.പി.ദാസിനും അറിയാമായിരുന്നു. ഇവിടെ വിജയിക്കണമെങ്കിൽ ബിർളായുടെ രീതിമാത്രം പോരാ, മറ്റെന്തോ കൂടി വേണം.

ശരി. യൂ ട്രൈ. നിങ്ങളുടെ ചെറുപ്പക്കാരുടെ ലോകമല്ലേ!

ഒരു ചലഞ്ച്‌.

ബെസ്‌റ്റ്‌ ഓഫ്‌ ലക്ക്‌.

Generated from archived content: privatelimited32.html Author: klm_novel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here