ശിവദാസൻ അസ്വസ്ഥനായിരുന്നു. എന്താണീ തൊഴിലാളിവർഗ്ഗത്തിന് സംഭവിക്കുന്നത്? എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിഞ്ഞുകൂടെങ്കിലും എന്തോ സംഭവിച്ചിട്ടുണ്ട്. തീർച്ച. പൊതുവെ ഒരു മാറ്റം. അടിസ്ഥാനപരമായതാണോ ഈ മാറ്റം എന്ന് തൊട്ടുകാണിക്കാൻ വയ്യ. പക്ഷേ, മാറ്റം സംഭവിച്ചിട്ടുണ്ട്. പെരുമാറ്റത്തിൽ, പ്രശ്‌നങ്ങളോടുളള സമീപനത്തിൽ, പ്രതികരണരീതിയിൽ, പണ്ടൊക്കെ പ്രകടിപ്പിക്കുന്ന ആവേശവും, വാശിയും തങ്ങളുടെ ശക്തി അജയ്യമാണെന്ന പൂർണമായ വിശ്വാസവും ഇപ്പോഴുമുണ്ട്. കുറവൊന്നും വന്നിട്ടില്ല. തന്നെ നേതാവായി അംഗീകരിച്ചു നല്‌കുന്ന മാന്യതയ്‌ക്കും ബഹുമാനത്തിനും വിശ്വാസത്തിനും ഭംഗമൊന്നും ഉണ്ടായിട്ടില്ല. എങ്കിലും ഒരു സംശയം. നേരിയ ഒരു കരടുപോലെ അത് അസ്വസ്ഥമാക്കുന്നു.
മൂന്നുമാസത്തിലേറെയായി സമരം നടക്കുന്ന തൊട്ടടുത്ത ഫാക്‌ടറിയിലെ തൊഴിലാളികൾക്കുവേണ്ടി ലേബർ ഓഫീസർ വിളിച്ചുകൂട്ടിയ ഉഭയകക്ഷി ചർച്ചയിൽനിന്ന് മാനേജ്‌മെന്റ് പ്രതിനിധി യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്നും പറഞ്ഞ് രംഗത്തു നിന്നു നിഷ്‌ക്രിയരായപ്പോൾ, തൊഴിലാളി യൂണിയന്റെ നേതാവെന്ന നിലയിൽ, തനിക്ക്, ഒന്നേ കരണീയമായിരുന്നുളളു. സമരം ശക്തിപ്പെടുത്തുക. തന്റെ തന്നെ അധീനതയിലുളള തൊട്ടടുത്ത ഫാക്‌ടറികളിലെ യൂണിയനുകളേയും സംഘടിതമായി ഈ പ്രശ്‌നത്തിൽ ഭാഗഭാഗുകളാക്കുക. ഒരു ടോക്കൺ സ്‌ട്രൈക്ക്. ഒരു ദിവസത്തേക്ക്.
പതിനഞ്ചുവർഷം മുൻപ് കളമശേരിയിൽ ബാലചന്ദ്രൻ തുടങ്ങിയ ഫാക്‌ടറിയിൽ തൊഴിലാളിയായി വന്നകാലത്ത്, ഒരൊറ്റ ആശയേ ഉണ്ടായിരുന്നുളളൂ. ഒരു ജോലി. സ്ഥിരമായ ഒരു ജോലി.
ജോലി ഉണ്ട്. ഇന്നും ഉണ്ട്.
പക്ഷേ, സ്ഥിരമായ….?
പ്രവീൺ മേനോൻ രണ്ടുദിവസത്തെ സമയം തന്നിട്ടുണ്ട്. അതിനുളളിൽ മറുപടി കൊടുക്കണം.
ആറുമാസം മുമ്പായിരുന്നെങ്കിൽ മറുപടി നല്‌കാൻ ഒട്ടും ആലോചിക്കുമായിരുന്നില്ല.
എന്താ മിസ്‌റ്റർ പ്രവീൺ പറയുന്നത്. ഞാൻ മാനേജ്‌മെന്റിന്റെ ഭാഗമാകുകയെന്നോ? നല്ല കളി. നിങ്ങളുടെ ഓഫറിനു നന്ദി. ഓഫർ ആത്മാർത്ഥമായുളളതാണോ എന്നുപോലും എനിക്കു വിശ്വാസമില്ല. പക്ഷേ, അങ്ങനെയാണെങ്കിൽത്തന്നെ ഒരുകാര്യം നിങ്ങൾ ആലോചിക്കണമായിരുന്നു. ഞാൻ ഒരു തത്ത്വശാസ്‌ത്രത്തെ, ഒരു സമൂഹത്തിന്റെ ചിന്തയെ പ്രതിനിധീകരിക്കുന്നു. എനിക്ക് എങ്ങനെ അതിൽനിന്ന് വ്യതിചലിക്കാൻ പറ്റും? നിങ്ങൾക്കെങ്ങനെ എന്നോടിതു പറയാൻ തോന്നി?
അത് ആറുമാസം മുമ്പ്.
പക്ഷേ, ഇന്നലെ വൈകിട്ട് പ്രവീൺ മേനോനോട് പറഞ്ഞത് മറ്റൊരു വിധത്തിലായിരുന്നു.
ഞാനാലോചിക്കട്ടെ.
പ്രവീൺ മേനോൻ തന്നെ പറഞ്ഞു.
നമ്മൾ തമ്മിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. ഞങ്ങൾ ഒരു ഫാക്‌ടറി തുടങ്ങുന്നു. സ്‌ട്രെയിറ്റ് ആൻഡ് സിംപിൾ. അതിൽ നിങ്ങൾക്ക് ഒരു ജോലി. സ്ഥിരം ജോലി. നല്ല ശമ്പളം. മറ്റു സൗകര്യങ്ങൾ. മാനേജ്‌മെന്റിലെ ഒരു അംഗം. താങ്കളുടെ പണി വളരെ ലളിതമാണ്. തൊഴിലാളികളുമായി എല്ലാത്തരം ഇടപാടുകളും താങ്കളായിരിക്കും ചെയ്യുക. വെൽഫയർ ഓഫീസറും മറ്റും സാധാരണ ഫാക്‌ടറികളിലെപ്പോലെ പ്രവർത്തിക്കുന്നുണ്ടാകും. അതുവേറെ. അതുകൂടാതെ ലേബർ റിലേഷൻസ്. അതിന്റെ എല്ലാവശങ്ങളും താങ്കളായിരിക്കും ഡീൽ ചെയ്യുക. ചുരുക്കത്തിൽ ഫാക്‌ടറിയിലെ ഒരു പ്രവർത്തനവും നമ്മുടെ തൊഴിലാളികളോ മറ്റു തൊഴിലാളികളോ മൂലം തടസ്സപ്പെടരുത്. ഒരുതരത്തിലുളള സമരവും ഉണ്ടാകരുത്. ഏത് ബോംബുകളും പൊട്ടുന്നതിനു മുമ്പ് ഫ്യൂസ് ആകണം. സാധിക്കുമോ?
പറഞ്ഞു.
ഞാനാലോചിക്കട്ടെ.
ശിവദാസൻ യൂണിയനാഫീസിലെ ഇടുങ്ങിയ മുറിയിലെ മേശക്കെതിരേയിരിക്കുന്ന ചെറുപ്പക്കാരുടെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കി. എവിടെയോ ചെറിയ വ്യത്യാസം. ഒരു അമ്പരപ്പ്.
ഇടത്തേയറ്റത്തിരുന്ന ജോണി ചോദിച്ചു. ജോണിയാണ് യൂണിയൻ സെക്രട്ടറി. ബി.കോം.കാരനാണ്. ജോണിയെ കാണുമ്പോൾ അയാളുടെ യൂണിയനോടുളള പ്രതിബദ്ധത കാണുമ്പോൾ, തന്റെ ആദ്യകാലമാണോർക്കുക.
അന്ന് ബാലചന്ദ്രന്റെ ഫാക്‌ടറിയിൽ ജോലിക്കുവന്ന് ആദ്യശമ്പളം അറുനൂറു രൂപ കൈയിൽ വാങ്ങിയപ്പോൾ ലോകം കീഴടക്കിയ പ്രതീതിയായിരുന്നു. അന്ന് വീട്ടിൽചെന്ന് പണം മുഴുവൻ അമ്മയെ ഏല്‌പിച്ചു. അമ്മ, ഇടയ്‌ക്കിടയ്‌ക്ക് ജോലിക്ക് പോകാറുണ്ടായിരുന്ന വീട്ടിലെ, ബാലചന്ദ്രൻസാറിന്റെ മാതാപിതാക്കൾക്കും കാരണവന്മാർക്കും നല്ലതുവരണേ എന്ന് പ്രാർത്ഥിച്ചു.
എത്ര പെട്ടെന്നായിരുന്നു മാറ്റം?
താനറിയാതെ, താൻ ഒരു വലിയ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുകയായിരുന്നു.
ആദ്യം ബാലചന്ദ്രന്റെ ഫാക്‌ടറിയിലെ തൊഴിലാളികളെ സംഘടിപ്പിക്കാൻ നേതൃത്വംട നല്‌കി. കളമശ്ശേരി മേഖലയിലെ തൊഴിലാളി യൂണിയനുകൾക്ക് രാഷ്‌ട്രീയച്ചായ്‌വുണ്ടായിരുന്നെങ്കിലും തൊഴിലാളി സമരങ്ങളിൽ മിക്കവരും സ്വതന്ത്രമായ നിലപാട് എടുത്തിരുന്നു. പൊതുമേഖലയിലെ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നേടാൻ പ്രായേണ എളുപ്പമായിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന്, അത് ഏതു മുന്നണിയുടെ അംഗമായാലും തൊഴിലാളികൾക്കനുകൂലമായ നിലപാടേ എടുത്തിരുന്നുളളു. പൊതുമേഖലയിലെ അതേ പ്രവൃത്തിരീതികൾക്കുവേണ്ടിയുളള സമരമായിരുന്നു, സ്വകാര്യമേഖലയിലെ പ്രധാന ആവശ്യം. പൊതുമേഖലയിലെ ട്രേഡ് യൂണിയൻ നേതാവ് ഉപദേശിച്ചത് ഓർക്കുന്നു.
ഇൻസന്റീവും ഓവർടൈമുമല്ല ആവശ്യം. അതൊക്കെ നമ്മുടെ അവകാശമാണ്. പക്ഷേ, എന്താണു ചെയ്യേണ്ടത്, എത്രയാണു ചെയ്യേണ്ടത്, എന്ന അടിസ്ഥാനപരമായ കാര്യങ്ങൾ ആരാണ് തീർച്ചപ്പെടുത്തേണ്ടത്? മുതലാളിയോ തൊഴിലാളിയോ?
രാഷ്‌ട്രീയ പാർട്ടികൾക്കും, വർക്ക് ഔട്ട്‌പുട്ട് കൂടുന്നതിനേക്കാൾ പ്രിയം കൂടുതൽ ജോലിക്കാരെ എടുക്കുന്നതിലായിരുന്നു. രണ്ടുതരത്തിലും തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുന്നത് നല്ലതാണ്. തൊഴിലില്ലായ്‌മ കുറയും. യൂണിയനിൽ അംഗത്വം കൂടുമ്പോൾ തൊഴിലാളിക്ക് സംഘടിതശക്തി വർധിക്കും.
എതിരേയിരുന്ന ജോണിയുടെ കണ്ണുകളിലും തന്റെ പഴയ ആവേശമുണ്ടായിരുന്നു.
പക്ഷേ, അയാൾ പറഞ്ഞു.
സാറ് പറയുന്നതുപോലെ എല്ലാവരും കേട്ടു എന്നുവരില്ല. കാര്യം ശരിയാണ്. തൊട്ടടുത്ത ഫാക്‌ടറിയിലെ സമരം ഇത്രയുംകാലമായി ഒരു ഒത്തു തീർപ്പിനും വഴികാണാതെ നീളുന്നു. പക്ഷേ….
ജോണീ, ഇന്ന് ലേബർ ഓഫീസറുടെ ചർച്ചയിൽ, അവരുടെ മാനേജ്‌മെന്റിന്റെ പ്രകടനം തീർച്ചയായും സാധാരണ തൊഴിലാളിവർഗത്തിന് അപമാനകരമായിരുന്നു. ജോണി, അതിന് താൻ ഉണ്ടായിരുന്നെങ്കിൽ, ഇപ്പോൾ ഈ സംശയം ചോദിക്കുകയില്ല.
പക്ഷേ, സേർ…. തൊഴിലാളികള്…
അനുസരിക്കില്ലെന്നോ? അത് നമ്മുടെ നേതൃത്വത്തിന്റെ കഴിവുകേടാണ്. അവരെ നയിക്കാൻ നമുക്കു പറ്റില്ലെങ്കിൽ, അവരെ തൊഴിലാളിവർഗത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവന്ന് പൊതുതാത്‌പര്യത്തിനുവേണ്ടി സമരംചെയ്യിക്കാൻ തയ്യാറാക്കിയില്ലെങ്കിൽ, അത് നമ്മുടെ, നമ്മെപ്പോലെയുളള നേതാക്കന്മാരുടെ കഴിവുകേടാണ്.
ജോണി ഒന്നും മിണ്ടിയില്ല.
തനിക്കുതന്നെ വിശ്വസിക്കാൻ കഴിയുന്നില്ല. വാക്കുകൾ അനർഗളമായി ഒഴുകി.
ആലുവ, കളമശ്ശേരി മേഖലയിലെ തൊഴിലാളിവർഗത്തിന്റെ ചരിത്രം ജോണിക്കറിഞ്ഞുകൂടാ. അതുകൊണ്ടാണ് ഈ സംശയം. ആലുവാ തുരുത്തിലും ചെങ്ങമനാട്ടുമുളള ഓട്ടുകമ്പനിത്തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി എഫ്.എ.സി.ടി. യിലെയും ഇന്ത്യൻ അലൂമിനിയം കമ്പനിയിലെയും ശ്രീചിത്തിരാ മില്ലിലേയും തൊഴിലാളികൾ സമരം ചെയ്‌ത കാലമുണ്ടായിരുന്നു. 1954-ൽ അശോകാ മില്ലിലെ തൊഴിലാളികളുടെ വെറും ബോണസ് സമരം വിജയിപ്പിക്കാൻ ഈ വ്യവസായമേഖല ഒന്നടങ്കം സ്‌തംഭിപ്പിച്ചു. വർഗബോധത്തിന്റെ നൂറായിരം ഉദാഹരണങ്ങൾ ഇനിയുമുണ്ട്. അറിയാമോ?ആലുവായിലെ ഒരു ബീഡി മുതലാളി ഒരു തൊഴിലാളിയെ പിരിച്ചുവിട്ടപ്പോൾ അയാളെ തിരിച്ചെടുക്കാൻ ഈ മേഖലയിൽ അനേകായിരം തൊഴിലാളികൾ ഒന്നിച്ച് സമരകാഹളമുയർത്തി.
പഴയകാലമല്ല, സാറെ, ഇന്ന്. ആരും നമ്മെ അന്ധമായി അനുസരിക്കുകയില്ല. അവർ ചുറ്റും നോക്കുന്നുണ്ട്. കാണുന്നുണ്ട്. ആദ്യമൊക്കെ അവർ എന്തും അനുസരിക്കുമായിരുന്നു. ഇപ്പോൾ….
മാവൂരിലെ ഗ്വാളിയർ റയൺസ് മാനേജ്‌മെന്റുമായി ഏഴെട്ടുവർഷം മുമ്പുണ്ടായ തർക്കമായിരുന്നു, കേരളത്തിലെ സംഘടിത തൊഴിലാളിവർഗത്തിന്റെ ഏറ്റവും പ്രധാന ടേണിംഗ് പോയിന്റ്. അന്നുവരെ അജയ്യമെന്നു കരുതിയിരുന്ന സംഘടിതശക്തി ഫാക്‌ടറി തുറന്നുകിട്ടാൻവേണ്ടി ബിർളാ ഗ്രൂപ്പ് പറഞ്ഞയിടത്തു നില്‌ക്കേണ്ടിവന്നു. ഇന്ത്യൻ വ്യവസായരംഗത്ത് ഇന്ത്യൻ പാരമ്പര്യവുമായി അത്ഭുതങ്ങൾ കാട്ടിക്കൊണ്ടിരുന്ന അതേ ഗ്രൂപ്പാണ് കേരളത്തിലെ വ്യവസായ മേഖലയെ ഗ്രസിച്ചിരുന്ന ഒരു പ്രത്യേക വീക്ഷണത്തെ ധൈര്യമായി നേരിട്ടതും വിജയിച്ചതും. അതും ചിലപ്പോൾ ചരിത്രത്തിന്റെ രീതിയായിരിക്കാം. ഫാക്‌ടറികൾ അടയുകയാണ്. ഒന്നിനുപിറകെ ഒന്നായി. അടഞ്ഞുപോയ ഫാക്‌ടറികൾ തുറക്കാൻ വേണ്ടിയാണു സമരങ്ങൾ. പ്രീമിയർ കേബിൾസും മദൂരാ കോട്‌സും തോഷിബാ… മുതൽ ചെറുവണ്ണൂർ സ്‌റ്റീൽ കോംപ്ലക്്സ്, കേരള സോപ്‌സ് ആൻഡ് ഓയിൽസ് തുടങ്ങി എത്രയെത്ര ഫാക്‌ടറികളാണ് അടഞ്ഞുകിടക്കുന്നത്. വർഷങ്ങളായി മാവൂർ ആവർത്തിക്കുകയാണ് എവിടെയും. വ്യവസായ കേരളത്തിന്റെ ഭൂപടത്തിൽ ശ്‌മശാനമൂകതയാണ് ഇന്ന്. ഈ മൂകത ഭേദിക്കുന്നത് അപൂർവമായി ഉയരുന്ന തേങ്ങലുകൾ മാത്രമാണ്. സംഘടിത തൊഴിലാളിശക്തി, എറണാകുളത്തും തിരുവനന്തപുരത്തും കോഴിക്കോട്ടും നഗരവീഥിയിൽ നടത്തുന്ന കൂറ്റൻ ജാഥകളിലും ബാനറുകളിലും ഒതുങ്ങി. 1980-കൾക്കുശേഷം വ്യവസായമേഖലയിൽ സേവ് ഫാക്‌ട് ആക്‌ഷൻ കൗൺസിലിന്റെ സമരം മാത്രമേ ഒരു തൊഴിലാളിസമരം എന്ന രീതിയിൽ വിജയിച്ചുളളു. അതിന് പിന്നിൽ ഒരു നാടിന്റെ മുഴുവൻ പിന്തുണയുണ്ടായിരുന്നു. ഇന്ന്, മറ്റു ഫാക്‌ടറികളിലെ സമരത്തിന് പിന്തുണ നല്‌കാൻ തൊഴിലാളിക്കു ഭയമാണ്. ശ്രീചിത്തിര മിൽസ് ലോക്കൗട്ട് ചെയ്‌തപ്പോൾ അതിനെതിരെ സമരം ചെയ്‌ത തൊഴിലാളികളെ സഹായിക്കാൻ ആരുമെത്തിയില്ല.
ജോണി പറഞ്ഞു.
സാർ, പഴയകാലമല്ല, ഇന്ന്.
വിപ്ലവത്തിന്റെ തലേദിവസം ഇരുപതുശതമാനം ബോണസ് പ്രഖ്യാപിക്കുകയാണെങ്കിൽ, അതുമതി തൊഴിലാളിക്ക്. അവന് വിപ്ലവം വേണ്ട. ഈ ചിന്താഗതിയോടൊപ്പം സാറിനെപ്പോലെയുളള ട്രേഡ് യൂണിയൻ നേതാക്കന്മാരെ പൂർണമായി വിശ്വസിക്കാൻ തൊഴിലാളിക്കു വയ്യാതായി. സാറിനെ വ്യക്തിപരമായി ആക്ഷേപിക്കുകയല്ല. തെറ്റിദ്ധരിക്കരുത്.
അടുത്ത ഫാക്‌ടറിയിലെ സമരത്തിന് പിന്തുണനല്‌കാൻ ആഹ്വാനം നടത്തി, വൈകുന്നേരം ഒരു പ്രകടനം, സമ്മേളനം, ജോണിയുടെ കീഴിലുളള യൂണിയനിലെ തൊഴിലാളികൾ ഇതിനപ്പുറം പോകാൻ തയ്യാറല്ല.
ജോണി വിശദീകരിച്ചു.
സാറിന് മറ്റൊന്നും തോന്നരുത്. തൊഴിലാളികൾക്ക് സ്വന്തം നിലനില്‌പാണു പ്രധാനം. ഈ ഫാക്‌ടറി പൂട്ടിയാൽ പിന്നെ അവരും പെരുവഴിയിലാകും. അവരെന്തിന് മറ്റുളളവർക്കുവേണ്ടി ത്യാഗം ചെയ്യണം? യൂണിയൻ ഉദ്യോഗസ്ഥർ യൂണിയൻ മുതലാളിമാരായി. അവർക്കാണ് സമരത്തിനാവശ്യം. തൊഴിലാളി ഇപ്പോൾ ചോദിക്കുന്നുണ്ട്. പലപ്പോഴും എനിക്കു മറുപടി പറയാൻ പറ്റുന്നില്ല.
പ്രവീൺ മേനോൻ, പുതിയ ഫാക്‌ടറിയുടെ മാനേജ്‌മെന്റിൽ പങ്കാളിയാകാൻ ക്ഷണിച്ചപ്പോൾ നല്‌കിയ വിശദീകരണം ഒരുകണക്കിൽ ശരിയാണ്. ഒരു ചലഞ്ച്. അതില്ലെങ്കിൽ എന്താണ് ജീവിതത്തിന് അർത്ഥം. തന്റെ ഇത്രയും വർഷത്തെ തൊഴിലാളി സമൂഹവുമായുളള അടുപ്പം ഒരു പ്രയോജനകരമായ രീതിയിൽ സമൂഹത്തിന് നന്മനല്‌കാൻ പറ്റുമെങ്കിൽ അത് ഒരു വലിയ കാര്യമല്ലേ?
തൊഴിലാളിവർഗത്തിന്റെ അടിസ്ഥാന ചിന്തകൾ തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, പ്രവർത്തനരീതികളിലും ആ മാറ്റം വരുത്തണം.
ഒരു തത്ത്വശാസ്‌ത്രം. പുതുതായി ഒരു തത്ത്വശാസ്‌ത്രം.
പ്രവീൺ മേനോന്റെ വാക്കുകൾ കൃത്യമായി ഓർക്കുന്നു.
സമൂഹത്തിനെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങൾ ചെയ്യുന്ന തൊഴിലാളിവർഗത്തിനേ ഇന്ന് സംഘടിതമായി വിലപേശാൻ പറ്റുന്നുളളു. വെളളം, വൈദ്യുതി, ട്രാൻസ്‌പോർട്ട്, ചുമടെടുപ്പ് തുടങ്ങിയ മേഖലകളിൽ. നമുക്കൊരു തുടക്കം… ആലോചിച്ചു നോക്കൂ.
ശിവദാസന് സ്വയം വിശ്വസിക്കാൻ പ്രയാസമായിരുന്നു.
എങ്കിലും അയാൾ പുതിയ കമ്പനിയുടെ മാനേജ്‌മെന്റിൽ ചേരുന്ന കാര്യം ഗാഢമായി ചിന്തിക്കാൻ തുടങ്ങി.
Generated from archived content: privatelimited31.html Author: klm_novel