പ്രൈവറ്റ്‌ ലിമിറ്റഡ്‌

പ്രവീൺമോനോൻ ബോട്ട്‌ സാവധാനം ഇടത്തോട്ട്‌ തിരിച്ചു. അർദ്ധവൃത്താകൃതിയിൽ ചിരിച്ചുല്ലസിക്കുന്ന വെളുത്ത ഒരു മാല അവരെ അനുഗമിച്ചു. സൂര്യന്റെ ശക്തിക്ക്‌ കുറവില്ല. പടിഞ്ഞാറൻ കാറ്റിന്‌ മാത്രം അൽപം തണുപ്പ്‌ ഏറി. ഓളങ്ങൾക്ക്‌ ലേശം കൂടി ഉയരം. അങ്ങ്‌ തെക്ക്‌ പടിഞ്ഞാറ്‌ താഴെയായി ആകാശത്തിന്‌ ഇരുണ്ടനിറം.

കിംലി ചോദിച്ചു.

എന്താ നമ്മൾ തിരിച്ചു പോകുകയാണോ?

പ്രവീൺ പറഞ്ഞു.

അതെ. ദാ, അവിടെ മേഘം ഇരുണ്ടുതുടങ്ങി. മൺസൂൺ കാറ്റ്‌. ചിലപ്പോൾ ഒരു കൊടുങ്കാറ്റ്‌ ഉണ്ടായേക്കാം.

കിംലി ചിരിച്ചു.

പേടിയാ?

നോ. എനിക്ക്‌ നിങ്ങളെ ഓർത്താണ്‌ പേടി.

എന്നെ ഓർത്തോ? എന്നെക്കുറിച്ച്‌ പേടിക്കേണ്ട. കമോൺ, ലെറ്റസ്‌ ഗോ എഹഡ്‌.

ബോട്ടിന്റെ മുന്നിൽ ഗൗരവത്തിലിരുന്ന കൈമൾസാറ്‌ ആകാശത്തിലേക്കും, പടിഞ്ഞാറേക്കരയിലേക്കും മാറിമാറിനോക്കി.

സാരമില്ല പ്രവീൺ, മഴക്കാറ്‌ അത്രയ്‌ക്കൊന്നുമില്ല. ലെറ്റസ്‌ ഗോ.

ബോട്ടിന്റെ ഗതി വീണ്ടും മാറി.

എല്ലാം നല്ല നിമിത്തങ്ങളാണ്‌.

ബോട്ടിൽ കയറുമ്പോൾ സൗമിത്ര പറഞ്ഞതോർമ്മയുണ്ട്‌.

മിനു, ടെലിഫോണിൽ വിളിച്ചിരുന്നു. ഇന്നലെ. അപ്പോൾ പ്രത്യേകം പറഞ്ഞു. ഈയാൾക്ക്‌ കടലും, കായലും എന്നുവച്ചാൽ ജീവനാണത്രെ. അങ്ങേര്‌ പണ്ട്‌ അവരുടെ നാഷണൽ ടീമിൽ വരെ എത്തിയതാണ്‌, നീന്തലിൽ.

ഗുഡ്‌.

കൈമൾ, പക്ഷെ ബോട്ടിന്റെ ഇരുവശത്തും ഘടിപ്പിച്ച നീന്തൽ സഹായികളിലും വെളളത്തിൽ വീണാൽ സ്വയം കാറ്റുനിറഞ്ഞ്‌ പൊന്തിക്കിടക്കുന്ന റബർ റാഫ്‌റ്റിലും പ്രത്യേകം ശ്രദ്ധിച്ചു.

തനിക്ക്‌ നീന്തൽ അറിഞ്ഞുകൂടാ. സത്യം പരസ്യമാക്കേണ്ട കാര്യമില്ലല്ലോ.

ബോട്ട്‌ അതിവേഗം പടിഞ്ഞാറെക്കര ലക്ഷ്യമാക്കി ഉയർന്നുവരുന്ന തിരമാലകളെ കീറിമുറിച്ച്‌ പാഞ്ഞു.

അന്ന്‌ മിനു, സൗമിത്രയെയും കൂട്ടി വ്യവസായത്തിന്‌ ഒരു വിദേശപാർട്ടണറെ വേണമെന്ന കാര്യം സതീഷിനോട്‌ പറയാൻ തുടങ്ങിയപ്പോൾ സതീഷ്‌ ആദ്യം പ്രതികരിച്ചതുതന്നെ നീന്തലുമായി ബന്ധപ്പെട്ടതായിരുന്നു. ബോട്ട്‌ കൊച്ചി അഴിമുഖം മുറിച്ചു കടക്കുമ്പോഴുളള ഓളത്തിൽ ചാഞ്ചാടി. അഴിമുഖത്തുകൂടി വന്ന്‌ ഉളളിലേക്കു പോയ കടലിന്റെ ഓളങ്ങൾ ബോട്ടിനെ വീണ്ടും കുലുക്കി. ഇരുകരകളിലും ചൈനീസ്‌ വലകളുടെ നിശ്ചലദൃശ്യം. ഝംകാറിന്റെ സൈറൻവിളി. ദൂരെ വെളളത്തിൽ എന്തോ കുത്തിമറയുന്നു.

ബാബു പറഞ്ഞു.

നോക്കൂ! ഡോൾഫിനുകൾ.

സതീഷ്‌ പറഞ്ഞു.

ഞാൻ വിചാരിക്കുകയായിരുന്നു. എന്തിനാണ്‌ നിങ്ങൾ മറ്റു വ്യവസായങ്ങൾക്കു പോകുന്നത്‌? ടൂറിസം ഇൻഡസ്‌ട്രി, ഈ പടിഞ്ഞാറൻ ഇന്ത്യയ്‌ക്ക്‌ ഏറ്റവും പറ്റിയ വ്യവസായം അതുതന്നെയാണ്‌. നോക്കൂ, എത്ര മനോഹരമായ ഉൾജലാശയങ്ങൾ. ദ്വീപുകൾ, പച്ചപ്പ്‌. സർഫിംഗിനും, ബോട്ടിംഗിനും ഇത്ര സൗകര്യം എവിടെ കിട്ടും? പിന്നെ, പഴയ ക്ഷേത്രങ്ങൾ, പളളികൾ, സിനിഗോഗുകൾ, മുസ്ലീംപളളികൾ, ഒരു ചരിത്രസാംസ്‌ക്കാരിക പശ്ചാത്തലവും. കാഷ്‌മീരിനില്ലാത്തതാണത്‌. സെന്റ്‌ തോമസ്‌ ആദ്യശതാബ്‌ദത്തിൽത്തന്നെ ഇവിടെ വന്നു. എ വെരി ഗ്രേറ്റ്‌ സെല്ലിംഗ്‌ പോയന്റ്‌. ആലോചിച്ചു നോക്കു.

സതീഷിന്റെ പ്ലാൻ അതിവിപുലമായ ഒന്നായിരുന്നു. മഹാരാഷ്‌ട്ര, കർണാടക, ഗോവ, കേരള സംസ്ഥാനങ്ങളിൽ പാറകളും ഗ്രാനൈറ്റും ഇരുമ്പയിരും മറ്റും ധാരാളമുളള സ്ഥലങ്ങൾ, അവ കടലിനെത്രയും അടുത്താണോ അത്രയും നല്ലത്‌. ഇന്ത്യൻ പാർട്‌ണർമാർ വഴിയോ, കമ്പനിയുണ്ടാക്കിയോ വാങ്ങുക. അവിടെ ഖനനം ചെയ്‌ത്‌ അസംസ്‌കൃതസാധനങ്ങൾ കയറ്റുമതി ചെയ്യുക. ഒപ്പം അവിടെ കൃത്രിമ ജലാശയങ്ങളും, വിനോദസഞ്ചാരികൾക്ക്‌ ആകർഷകമായ മറ്റു സംവിധാനങ്ങളും നിർമ്മിക്കുക. നിങ്ങൾക്ക്‌ പണച്ചെലവില്ല. എന്നാൽ യാതൊരുതരം പ്രശ്‌നവുമില്ലാതെ പണം ഉണ്ടാക്കാം. ഒരിക്കൽ പേരെടുത്താൽ പിന്നെ, ടൂറിസം എന്ന വ്യവസായത്തിന്‌ മറ്റു യാതൊരു വിധ പ്രത്യേക പ്രോത്സാഹനങ്ങളും വേണ്ട. അനവധി സർവീസ്‌ വ്യവസായങ്ങൾ താനെ പൊട്ടി വളർന്ന്‌ നാടിന്റെ മുഖഛായ ആകെ മാറ്റും. ഹോട്ടലുകൾ, വാഹനങ്ങൾ, റോഡ്‌, ആകർഷകമായ കൗതുക വസ്‌തുക്കളുണ്ടാക്കുന്ന കുടിൽ വ്യവസായങ്ങൾ, കലാപരിപാടികൾ, പുതിയ ബിസിനസ്‌ ബന്ധങ്ങൾ…

ബാബു പറഞ്ഞു.

ഞങ്ങളുടെ ഉദ്ദേശ്യം വെറും പണം ഉണ്ടാക്കുക എന്നത്‌ മാത്രമല്ല. ഇവിടെ, കേരളം ഒരു പ്രത്യേക സാഹചര്യമുളള സ്‌റ്റേറ്റാണ്‌, വിദേശത്തു ജോലിചെയ്യുന്ന കുടുംബാംഗങ്ങൾ ധാരാളമുളള വീടുകളാണിവിടെ. ഒരുതരം മണിയോർഡർ ഇക്കോണമിയിൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നാട്‌. അതോടൊപ്പം നിയമങ്ങളെക്കുറിച്ച്‌ ബോധവും സംഘടനാബലവുമുളള തൊഴിലാളികൾ. മറ്റൊരു സ്‌റ്റേറ്റിലും ഈ സവിശേഷതകളില്ല. അവിടെ ലേബർ നിയമങ്ങളുടെ വ്യാഖ്യാനം പലപ്പോഴും അന്തിമമായി മാനേജ്‌മെന്റിന്റെ തീരുമാനമാണ്‌. ഇവിടെ സമൂഹവും സർക്കാരും തൊഴിലാളികളുടെ കൂടെയുണ്ട്‌. ഈ സാഹചര്യത്തിൽ വ്യവസായികൾ മറ്റു സ്‌റ്റേറ്റുകളിലാണ്‌ പ്രവർത്തനം കേന്ദ്രീകരിക്കുന്നത്‌. തൊട്ടടുത്ത തമിഴ്‌നാട്‌ സ്‌റ്റേറ്റിലെ ഒരു ഫാക്‌ടറിയിലെ തൊഴിലാളിയെ പിരിച്ചുവിട്ടാൽ അവൻ കരഞ്ഞുകൊണ്ട്‌ അടുത്ത പണി തേടിപ്പോകും. ഇവിടെ കേരളത്തിൽ അവന്റെ പിന്നാലെ മറ്റു തൊഴിലാളികളുടെ സംഘടിതശക്തി അണിനിരക്കും. പ്രഗത്ഭരായ മാനേജ്‌മെന്റിന്‌ മാത്രമേ തൊഴിൽത്തർക്കമില്ലാതെ നന്നായി ഒരു വ്യവസായം ഇവിടെ കൊണ്ടുപോകാൻ പറ്റൂ. ഞങ്ങൾ അങ്ങിനെ ഒരു ചലഞ്ചിലാണ്‌. ഒരു ഉത്‌പാദനവ്യവസായം.

സതീഷ്‌ ഹിം ഗൊരാനി അത്ഭുതത്തോടെയും തെല്ല്‌ അവിശ്വാസത്തോടെയും തെല്ല്‌ അവിശ്വാസത്തോടെയും ബാബുവിനെ നോക്കിക്കൊണ്ടിരുന്നു. അയാൾ ബോട്ടുയാത്ര കഴിഞ്ഞ്‌ യാത്ര പറഞ്ഞ്‌ പിരിയുമ്പോഴും ഒന്നും പറഞ്ഞില്ല.

ദാസ്‌, സതീഷിന്‌ കേരളത്തിന്റെ പ്രത്യേകതയുടെ കാരണങ്ങൾ മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിച്ചു.

ക്രിസ്‌ത്യൻ മിഷണറിമാരാണ്‌ ആദ്യമായി കേരളത്തിൽ വിദ്യാഭ്യാസത്തിന്‌ പ്രാധാന്യം കൊടുത്ത്‌ സാമൂഹ്യസേവനം തുടങ്ങിയത്‌. ആദ്യത്തെ പ്രസ്സ്‌, ആദ്യത്തെ നിഘണ്ടു, ആദ്യത്തെ പുസ്‌തകം തുടങ്ങി കേരളത്തിലങ്ങോളമിങ്ങോളം, പ്രത്യേകിച്ചും തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളിൽ, സാധാരണ ജനങ്ങളിലേക്ക്‌ അക്ഷരത്തിന്റെ ശക്തി അവർ വ്യാപിപ്പിച്ചു. അതിനുശേഷം ശ്രീനാരായണഗുരു തുടങ്ങിയ സാമൂഹ്യപരിഷ്‌ക്കർത്താക്കൾ സമൂഹത്തിൽ താഴേക്കിടയിൽ നിന്ന ജനക്കൂട്ടത്തിനെ, ചരിത്രാതീതകാലം മുതൽ നിന്നിരുന്ന അന്തരീക്ഷത്തിൽനിന്നും ഉയർത്താൻ ശ്രമിച്ചു. ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും മറ്റും ഇത്തരം പ്രവർത്തനം സ്വസമുദായത്തിന്റെ ഉന്നമനത്തെക്കാളും, ഉയർന്ന സമുദായങ്ങളോടുളള രോഷത്തിനായിരുന്നു പ്രാധാന്യം നൽകിയിരുന്നത്‌. ബ്രാഹ്‌മണർക്കെതിരായി തമിഴ്‌നാട്ടിൽ നടന്ന സാമൂഹ്യപരിഷ്‌കരണത്തിന്റെ പ്രധാന ദിശ അബ്രാഹ്‌മണരുടെ ഉന്നമനം എന്നതിൽനിന്ന്‌ വ്യത്യസ്‌തമായി. കേരളത്തിൽ അതുണ്ടായില്ല. ഹിന്ദുമതത്തിലെ ജാതികൾ തമ്മിൽ അടുത്തു. ക്രിസ്‌ത്യാനികളും മുസ്ലീങ്ങളും ശക്തിയുളള ന്യൂനപക്ഷങ്ങളായിരുന്നതുകൊണ്ട്‌ പെട്ടെന്ന്‌ അവരും സമൂഹത്തിൽ ഉയർന്ന സ്ഥാനം നേടി. നാട്ടുരാജ്യത്തിലെ ഭരണാധികാരികളും, ഉത്തരേന്ത്യൻ രാജാക്കന്മാരെപ്പോലെയല്ലാതെ, ജനക്ഷേമത്തിന്‌ തങ്ങളുടെ പ്രവർത്തികളിൽ മുഖ്യസ്ഥാനം നൽകി. സോഷ്യലിസ്‌റ്റ്‌പ്രസ്ഥാനങ്ങളും കമ്യൂണിസ്‌റ്റുപ്രസ്ഥാനങ്ങളും സ്വാഭാവികമായും, സാക്ഷരരായ തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ വേരൂന്നി. ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടി നാൽപ്പതും, നാൽപ്പത്തഞ്ചും വർഷം കഴിഞ്ഞിട്ടും, മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികൾക്ക്‌ കേരളത്തിലെ ആദ്യകാലതൊഴിലാളിയുടെ സംഘടനാശക്തി കൈവന്നിട്ടില്ല. സ്വാഭാവികമായും, പുതിയ വ്യവസായം തുടങ്ങാനാഗ്രഹിക്കുന്നവർ, പ്രശ്‌നം കുറവുളള മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ പോകുന്നു. ഞങ്ങൾ ഇവിടെ ഒരു ചലഞ്ച്‌… സ്വയം ഏറ്റെടുത്ത ഒരു ചലഞ്ച്‌…നോക്കുകയാണ്‌.

രണ്ടു ദിവസത്തിനുശേഷം സതീഷും മിനുവും എറണാകുളത്തുനിന്നും പോയി.

പത്തുദിവസം കഴിഞ്ഞാണ്‌ സൗമിത്രയ്‌ക്ക്‌ ഒരു ഫാക്‌സ്‌ സന്ദേശം വന്നു. സോളിൽ നിന്നാണ്‌. മിനുവിന്റേത്‌.

നിന്റെ ചലഞ്ച്‌ നടത്തുന്ന ചെറുപ്പക്കാരൻ സ്‌നേഹിതനുമായി കൂട്ടുബിസിനസ്‌ ചർച്ചചെയ്യാൻ സോളിൽനിന്നും മിസ്‌റ്റർ കിംലി വരുന്നു. കമ്മീഷനും ഫീസും ഒന്നും വേണ്ട. പക്ഷെ, സതീഷിന്റെ ഓർഡർ, പുതിയ പ്രോജക്‌ട്‌ വർക്കൗട്ട്‌ ചെയ്‌താൽ അതിൽ രണ്ടരശതമാനം ഓഹരി നിനക്കായിരിക്കും.

കിംലി രണ്ടു ദിവസമായി ഒപ്പം കൂടിയിരിക്കുകയാണ്‌.

കൈമൾ കിംലിയുമായി ദിവസത്തിന്റെ സിംഹഭാഗവും ചിലവഴിച്ചു. ഫാക്‌ടറിയിൽ കൊണ്ടുപോയി. ചെടികളും പൂക്കളും കാട്ടി വർണിച്ചു. കേരളത്തിലെ അസംസ്‌കൃതവസ്‌തുക്കളെക്കുറിച്ചും, വൈദ്യുതി, വെളളം, വിദഗ്‌ധതൊഴിലാളികളുടെ എണ്ണം, മാർക്കറ്റ്‌ തുടങ്ങി പല അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചും വിശദമായി ചർച്ചചെയ്‌തു.

പക്ഷെ കിംലി ഒരു തീരുമാനം പറഞ്ഞില്ല.

വേമ്പനാട്ടുകായലിന്റെ കിഴക്കേതീരത്തുളള പത്തേക്കർസ്ഥലത്ത്‌ തോടുകളും, തെങ്ങിൻ തോപ്പുകളും, മാവും, പ്ലാവും, കമുകും, വാഴയും നിറഞ്ഞ പറമ്പുകൾക്കുമിടയിൽ കേരളീയശില്‌പമാതൃകയിലുളള പഴയ നാലുകെട്ടുകളും, കൊട്ടാരങ്ങളും പൊളിച്ച്‌ അതുകൊണ്ട്‌ ആധുനികരീതിയിൽ പണിത ടൂറിസ്‌റ്റ്‌ കോംപ്ലക്‌സിൽ രണ്ട്‌ ദിവസം ചർച്ചയ്‌ക്കെത്തിയതായിരുന്നു.

പെട്ടെന്നായിരുന്നു കാർമേഘങ്ങൾ ഉരുണ്ടുകൂടിയത്‌. ഓളങ്ങൾക്ക്‌ തിരമാലകളുടെ ശക്തി. ബോട്ടിന്റെ ഗതി പലപ്പോഴും കൈവിട്ടുപോകുന്നോ എന്ന്‌ പ്രവീണിന്‌ തോന്നി.

അയാൾ പറഞ്ഞു.

ലെറ്റസ്‌ ഗോ ബാക്ക്‌.

കിംലി ഒന്നും പറഞ്ഞില്ല.

രണ്ടു നിമിഷം. ബോട്ട്‌ തിരിക്കാൻ തുടങ്ങിയപ്പോഴേക്കും മഴ ചാറി. കനത്ത മഴത്തുളളികൾ.

കിംലി ചോദിച്ചു.

ആ വളളത്തിൽ കക്കവാരാൻ വന്നവർ…?

അവർക്ക്‌ ആദ്യത്തെ മേഘക്കീറ്‌ കാണുമ്പോഴേ അറിയാം. അവർ കരയിലെത്തിക്കാണും.

ഷുവർ?

ഷുവർ.

മഴ അതിശക്തിയായി പെയ്യാൻ തുടങ്ങി.

പ്രവീൺ പറഞ്ഞു. കരയ്‌ക്കെത്തുമ്പോഴേക്കും നമ്മൾ കുതിർന്ന്‌ തകരും. നമുക്ക്‌ ദാ, ആ ദ്വീപിലേക്ക്‌ പോകാം.

ജനവാസമില്ലാത്ത തുരുത്ത്‌, കായലിന്റെ ഇരുണ്ട പശ്ചാത്തലത്തിൽ. മഴയും നിന്നു. പ്രവീൺ ബോട്ട്‌ ഒരു തവണ ദ്വീപിനെ ചുറ്റി ഓടിച്ചു. ജെട്ടിയോ, അകത്തേക്ക്‌ കയറാൻ തോടോ കണ്ടില്ല. രണ്ടാമത്തെ ചുറ്റിനാണ്‌, ചെറിയ ഒരു കൈവഴി കാട്ടുപൊന്തകൾക്കിടയിൽ ഒളിച്ചുകിടക്കുന്നത്‌ കണ്ടത്‌.

ബോട്ട്‌ തോട്ടിലൂടെ അകത്തേക്കു കയറ്റുമ്പോൾ മണ്ണിലുറച്ചു.

അവർ മൂവരും തോട്ടിൽ ചാടി കരയ്‌ക്കുകയറി.

അൽപം മാറി ഒരു കുടിൽ കണ്ടു. കുടിലിൽ ആൾപ്പാർപ്പില്ലായിരുന്നു.

നനഞ്ഞൊലിക്കുന്ന കൂരയ്‌ക്കു താഴെ നിന്ന്‌ ഷർട്ടഴിച്ച്‌ തലതോർത്തിക്കൊണ്ടിരിക്കുമ്പോൾ കിംലി പറഞ്ഞു.

എനിക്ക്‌ ഇഷ്‌ടമായി. നമുക്ക്‌ ഒരുമിച്ച്‌ പരിപാടികൾ തുടങ്ങാം.

Generated from archived content: privatelimited30.html Author: klm_novel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here