പ്രൈവറ്റ്‌ ലിമിറ്റഡ്‌ -മൂന്ന്‌

നഗരത്തിലെ ഒരു ഇടത്തരം ഹോട്ടലിലെ മുറിയിൽവച്ചായിരുന്നു ഇന്റർവ്യൂ. ബാബുവും അമ്പിയുംകൂടി ആദ്യംതന്നെ തീർച്ചപ്പെടുത്തി. അനാവശ്യമായ യാതൊരു ചെലവുകളും പാടില്ല. ഒരു ഓഫീസ്‌പോലും എടുക്കുന്നത്‌ വളരെ അത്യാവശ്യംവരുന്ന ഘട്ടത്തിൽ മാത്രം മതി. ഇൻഡസ്‌ട്രിയൽ എസ്‌റ്റേറ്റിൽ സ്ഥലം കിട്ടുകയാണെങ്കിൽ വെറേ ഓഫീസിന്‌ സ്ഥലം നോക്കുകയും വേണ്ട.

കമ്പനിക്ക്‌ പേരിട്ടിട്ടില്ല. അതും പതുക്കെ മതി. തൽക്കാലം അപേക്ഷകൾ കൊടുക്കുന്നതെല്ലാം അവരുടെ സ്വന്തംപേരിൽ ലോഡ്‌ജിലെ അഡ്രസ്സിൽ മതി. പക്ഷേ, ഒരു ക്ലർക്ക്‌. ടൈപ്പിങ്ങും മറ്റും അറിയാവുന്നത്‌. അല്‌പംസ്വൽപ്പം അക്കൗണ്ട്‌സിനെക്കുറിച്ചും വിവരമുണ്ടെങ്കിൽ അത്രയും നല്ലത്‌. അങ്ങിനെയൊരാൾ ഉണ്ടായാൽ പല കാര്യങ്ങൾക്കും എളുപ്പമുണ്ട്‌. ഒരു ക്ലർക്കിനെ എടുക്കുക. ലോഡ്‌ജിലെ രണ്ടു മുറികളിൽ ഒന്നിലേക്ക്‌ രണ്ടുപേരും കൂടിച്ചേർന്ന്‌ കിടപ്പുമുറിയാക്കുക. മറ്റേ മുറി ഓഫീസിനായി ഉപയോഗിക്കുക. അപ്പോൾ ആകെ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ ചാർജ്‌ വരുന്നത്‌ ഒരു ക്ലാർക്കിന്റെ ശമ്പളവും സ്‌റ്റേഷനറിയും മാത്രമാണ്‌. അത്രയും മതി. ഇരുന്നിട്ട്‌ കാലു നീട്ടാം.

പത്രത്തിൽ ക്ലാസ്സിഫൈഡ്‌ കോളത്തിൽ ഒരു ചെറിയ പരസ്യം കൊടുത്തു. വാക്ക്‌ ഇൻ ഇന്റർവ്യൂ. ടൈപ്പിങ്ങും അക്കൗണ്ട്‌സും വശമുളള ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ. ശമ്പളം നേരിൽ സംസാരിച്ച്‌ വ്യവസ്ഥപ്പെടുത്താവുന്നതാണ്‌.

അഡ്രസ്സ്‌ ഹോട്ടലിലേതാണ്‌ കൊടുത്തിരുന്നത്‌. ലോഡ്‌ജിന്റെ പേരായാൽ അത്ര ഇഫക്‌റ്റ്‌ ഇല്ല. ഹോട്ടൽ കുറച്ചുകൂടി മുന്തിയതാണ്‌. ഭേദപ്പെട്ട അപേക്ഷകർ വരും. ഒരു ദിവസത്തെ ഹോട്ടൽവാടക നഷ്‌ടമാകുകയില്ലെന്ന്‌ അമ്പി ബാബുവിനെ സമാധാനിപ്പിച്ചു.

കേരളത്തിൽ തൊഴിൽ തേടിനടക്കുന്ന യുവാക്കൻമാരും യുവതികളും ലക്ഷക്കണക്കിനാണെന്ന്‌ ഇടക്കിടക്ക്‌ പത്രവാർത്തകളിൽ കാണാറുളളതുകൊണ്ട്‌ അൽപ്പം ഭയന്നിരുന്നു. വളരെ വലിയ ആൾക്കൂട്ടം ഇന്റർവ്യൂവിന്‌ വന്നാൽ പ്രശ്‌നമാകും.

ഒൻപതുമണിമുതലായിരുന്നു സമയം. പത്തുമണിയായപ്പോഴാണ്‌ ആദ്യത്തെ ആൾ വന്നത്‌. ഒരു റിട്ടയേഡ്‌ ഉദ്യോഗസ്ഥൻ. ബാബുവിന്‌ നിരാശ തോന്നി. പക്ഷേ, ഇന്റർവ്യൂ നടത്തി. ബാബുവും അമ്പിയും ജീവിതത്തിലാദ്യമായി ഇന്റർവ്യൂ നടത്തുകയായിരുന്നു. എന്താണ്‌ ചോദിക്കേണ്ടതെന്നറിയാതെ അവർ അല്‌പം കുഴങ്ങി. പക്ഷേ, അഞ്ചുമിനിട്ടിനകം ഉദ്യോഗാർത്ഥിയായ വന്ന വൃദ്ധൻ തന്നെ പ്രശ്‌നം പരിഹരിച്ചു.

അയാൾ ചോദ്യംചോദിക്കാൻ തുടങ്ങി.

നിങ്ങളുടെ പേരെന്ത്‌? നാടേത്‌? എന്തു ബിസിനസ്സ്‌ തുടങ്ങാൻ പോകുന്നു? എവിടെയാണ്‌ ഓഫീസ്‌?

ഒരു പുതിയ വ്യവസായ യൂണിറ്റ്‌ ആരംഭിക്കാൻ പോകുന്നു എന്നുകേട്ടപ്പോൾ വൃദ്ധൻ ഉപദേശിക്കുന്ന മട്ടിൽ അവരോടു പറഞ്ഞു.

നിങ്ങൾ ഇരുവരും നല്ല കുടുംബത്തിലെ വിവരവും മിടുക്കും ഉളള ചെറുപ്പക്കാരാണല്ലോ. എനിക്ക്‌ തൽക്കാലം കുറച്ചുനാൾ നിങ്ങളുടെ കൈയ്യിൽനിന്നും മാസംതോറും രൂപ കൈപ്പറ്റാം. എനിക്ക്‌ നല്ല കാര്യമാണ്‌. പക്ഷേ, നിങ്ങൾക്ക്‌ മറ്റൊന്നും തോന്നരുത്‌. നിങ്ങളുടെ അച്‌ഛന്റെ പ്രായമുളളതുകൊണ്ട്‌ ചോദിക്കുകയാണ്‌. നിങ്ങൾ എല്ലാം ആലോചിച്ചിട്ടുതന്നെയാണോ ഒരു വ്യവസായം തുടങ്ങാൻ പ്ലാനിടുന്നത്‌? നിങ്ങൾ ഒന്നുകൂടി ചിന്തിക്കൂ.

വൃദ്ധൻ പോയി.

ഇടക്കിടക്ക്‌ ഓരോരുത്തർ വന്നുകൊണ്ടിരുന്നു. നാലുമണിയായി. ഒരു മാതിരിയെങ്കിലും കൊളളാവുന്ന ഒരു ആളെ, ഉദ്ദേശിച്ച ശമ്പളത്തിൽ കിട്ടാൻ യാതൊരു സാധ്യതയുമില്ലെന്ന്‌ ഇരുവർക്കും ബോധ്യംവന്നു. പരസ്യം കൊടുക്കാനുളള ചെലവും ഹോട്ടൽ മുറിയുടെ വാടകയും, പ്രിലിമിനറി എക്‌സ്‌പെൻസസ്‌ എന്ന അക്കൗണ്ട്‌ ഹെഡിലെ നഷ്‌ടമായി അമ്പി എഴുതി.

തുടക്കംതന്നെ നഷ്‌ടം. ബാബു പാക്കറ്റിലെ അവസാനത്തെ സിഗററ്റും കത്തിച്ചു.

അമ്പി പറഞ്ഞു. നമുക്ക്‌ അല്ലെങ്കിൽ ക്ലാർക്ക്‌ എന്തിനാ? നമുക്കുതന്നെ ചെയ്‌തുകൂടേ?

എന്നാൽപിന്നെ ഈ പരിപാടിക്ക്‌ എന്തിനാ തുടങ്ങിയത്‌?

ഇരുവരും അന്യോന്യം ഗൗരവത്തിൽ നോക്കിക്കൊണ്ടിരുന്നു. പത്തു നിമിഷം. പെട്ടെന്ന്‌ ബാബു ചിരിച്ചു.

എടാ, നമ്മൾ ഇപ്പോളേ ഈ ചെറിയ കാര്യത്തിന്‌ ടെൻഷനടിച്ചാൽ പിന്നെങ്ങനാടാ മുമ്പോട്ടുപോകുന്നത്‌. സോ…

വാചകം മുഴുമിച്ചില്ല, കോളിങ്ങ്‌ബെൽ ശബ്‌ദിച്ചു. അമ്പി ഉറക്കെ പറഞ്ഞു.

യെസ്‌, കമിൻ.

കതകു പാതിതുറന്ന്‌ ഒരു യുവതി ലേശം പരിഭ്രമത്തോടെ അവരെ ഇരുവരേയും നോക്കിചോദിച്ചു.

മേ ഐ കമിൻ സർ?

ഇരുനിറം. വട്ടമുഖം. ലേശം തടിച്ച പ്രകൃതം. ഇടക്കിടക്ക്‌ തെന്നുന്ന ദൃഷ്‌ടികൾ. സാൽവാറും കമ്മീസുമാണ്‌ വേഷം. ഇരുപത്തിനാല്‌ ഇരുപത്തഞ്ച്‌ വയസ്‌ പ്രായംതോന്നിക്കും. അമ്പി പറഞ്ഞു.

യെസ്‌ കമിൻ ആൻഡ്‌ പ്ലീസ്‌ സിറ്റ്‌ഡൗൻ.

യുവതി ചുറ്റും നോക്കി ലേശം അത്ഭുതത്തോടെ അവരിരുവരേയും മാറിമാറി വീക്ഷിച്ചു.

ഞാൻ ഓഫീസിൽനിന്ന്‌ ഇവിടെത്തുമ്പോഴേക്കും ഇന്റർവ്യൂയെല്ലാം കഴിഞ്ഞുകാണുമെന്ന്‌ പേടിയായിരുന്നു. ഇന്റവ്യൂ കഴിഞ്ഞോ സാറേ?

ബാബു പറഞ്ഞുഃ ഇല്ല.

യുവതി സമാധാനമായ മട്ടിൽ കസേരയിലേക്ക്‌ ചാരിയിരുന്നു. തോളിൽനിന്നും ബാഗെടുത്ത്‌ മടിയിൽവച്ച്‌ അതിൽനിന്നും ഒരു കടലാസ്സെടുത്തു നീട്ടി. ഒരു നിമിഷം സംശയിച്ചു. ആർക്കാണ്‌ കൊടുക്കേണ്ടതെന്ന്‌. പിന്നീട്‌ ഏകദേശം രണ്ടുപേരുടേയും മധ്യത്തിലേക്കായി അവൾ കടലാസ്സ്‌ മേശപ്പുറത്തുവച്ചു.

എന്റെ ബയോഡാറ്റ.

ബാബു ആപ്ലിക്കേഷനെടുത്ത്‌ സശ്രദ്ധം വായിച്ചു. എന്നിട്ട്‌ അമ്പിയുടെ കൈയിൽകൊടുത്തു. അമ്പി വായിക്കാൻ തുടങ്ങിയപ്പോൾ ബാബു ചോദിച്ചു.

പേര്‌….. ?

ഓമന നായർ. എന്നെ വീട്ടിൽ മണി എന്നാണ്‌ വിളിക്കുന്നത്‌.

ബാബു പൊട്ടിച്ചിരിച്ചു. അമ്പിയുടെ നേരെ കൈചൂണ്ടി പറഞ്ഞു. ഇദ്ദേഹവും മണിയാണ്‌. മിസ്‌റ്റർ മുത്തുമണി അയ്യർ. ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌. ഞാൻ മാത്യു വർഗ്ഗീസ്‌. എൻജിനീയറാണ്‌.

മണിയുടെ മുഖത്ത്‌ അല്‌പം പരിഭ്രമം. അമ്പി ചോദിച്ചുഃ നിങ്ങൾ ഇപ്പോഴത്തെ ജോലിയിൽനിന്നും വിട്ടുപോരാനാഗ്രഹിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

അത്‌ സർ……

പറഞ്ഞോളൂ.

അത്‌, സത്യത്തിൽ അവിടെ എനിക്ക്‌ പണിയൊന്നും ചെയ്യാനില്ല. എനിക്കാണെങ്കിൽ വെറുതെയിരിക്കുന്നത്‌ ഒട്ടും ഇഷ്‌ടമല്ല. എനിക്ക്‌ ടൈപ്പിംഗറിയാം, ഷോർട്ട്‌ഹാൻഡറിയാം, കുറച്ച്‌ കമ്പ്യൂട്ടർ ഓപ്പറേഷനുമറിയാം. പക്ഷേ, എനിക്കവിടെ ഇതൊന്നും ചെയ്യാനുളള സൗകര്യമില്ല.

അല്ലാതെ ശമ്പളം കുറവായിട്ട്‌…

അതല്ല സർ, ശമ്പളം കൃത്യമായിട്ട്‌ കിട്ടുന്നുണ്ട്‌. പക്ഷേ ഒരു പണിയുമില്ലാതെ….

ബാബു ചോദിച്ചു.

ഇത്ര വലിയൊരു കമ്പനിയിൽ…… എന്താ പേര്‌?

ഡോണാ ഇന്റർനാഷണൽ എന്റർപ്രൈസ്‌.

അവിടെ പണിയില്ലെന്നോ? ഇതാരാണ്‌ നടത്തുന്നത്‌?

ഒരെഞ്ചിനീയറാണ്‌ സർ.

എന്താ ഫാക്‌ടറിയാണോ, ബിസിനസ്സാണോ?

വീഡിയോ കടയാണ്‌ സർ.

വീഡിയോ കടയോ?

അതെ സർ. വീഡിയോ ലൈബ്രറി.

അമ്പിയും ബാബുവും അന്യോന്യം നോക്കി. പെട്ടെന്ന്‌ അവർ പൊട്ടിച്ചിരിച്ചു. മണിയും പൊട്ടിച്ചിരിയിൽ പങ്കുചേർന്നു.

ആരാ ഈ എഞ്ചിനീയർ!

മണി പേരു പറഞ്ഞു.

ഒരു നിമിഷം പെട്ടെന്ന്‌ ബാബുവിന്‌ ഒരു സംശയം. ബാബുവിനൊപ്പം പ്രീയൂണിവേഴ്‌സിറ്റിക്കു പഠിച്ചിരുന്ന ഒരു ചെറുപ്പക്കാരൻ. അയാൾ എഞ്ചിനീയറിംഗിന്‌ കർണ്ണാടകയിലെ ഏതോ കോളേജിൽ ചേർന്നിരുന്നുവെന്നറിയാം. പ്രീഡിഗ്രി ക്ലാസിൽ അടുത്ത സുഹൃത്തായിരുന്നു. സൗഹൃദത്തിന്റെ ബാക്കി ഓട്ടോഗ്രാഫ്‌ താളുകളിൽ ഇപ്പോഴും വിശ്രമിക്കുന്നുണ്ട്‌.

ബാബു ചോദിച്ചു.

അയാളുടെ നാടേതാ?

കാഞ്ഞിരപ്പിളളി.

ബാബു അമ്പിയെ നോക്കി പറഞ്ഞുഃ അമ്പി, ഇതവൻതന്നാ. പക്ഷേ അവൻ ഇലക്‌ട്രോണിക്ക്‌ എഞ്ചിനീയറിംഗ്‌ പാസായി എന്നാണല്ലോ ഞാൻ കേട്ടിരുന്നത്‌. അവനിവിടെ….

ബാബു മണിയോട്‌ ചോദിച്ചുഃ നിങ്ങളുടെ ഓഫീസ്‌ എവിടെയാണ്‌?

അത്‌ സർ, എം.ജി.റോഡിൽ സ്‌റ്റേഡിയത്തിനടുത്താണ്‌.

ഇന്റർവ്യു തീർന്ന്‌ മണി പോകുമ്പോൾ അവൾ ബാബുവിനോട്‌ അഭ്യർത്ഥിച്ചു.

സാറ്‌ സ്‌നേഹിതനോട്‌ ഞാൻ ഈ ഇന്റർവ്യൂവിന്‌ വന്ന കാര്യം പറയരുതേ.

എന്താ?

ഒന്നുമില്ല. പക്ഷേ, ആ സാറ്‌ വിചാരിച്ചിരിക്കുന്നത്‌ സാറ്‌ ഒരു നല്ല എംപ്ലോയി ആണെന്നാണ്‌. സാറ്‌ എല്ലാവരോടും നല്ല എംപ്ലോയിറിലേഷൻസിനെക്കുറിച്ച്‌ എപ്പോഴും വർത്തമാനം പറയും. ഞാൻ പണിയില്ലാത്തതുകൊണ്ടാണ്‌ ജോലിവിടുന്നതെന്നു പറഞ്ഞാൽ സാറിന്‌ മനസ്സിലാകുകയില്ല. സാറിന്‌ വിഷമം തോന്നും.

ബാബു ചിരി അമർത്തുന്നതിനിടയിൽ മണിയെ സമാധാനിപ്പിച്ചുഃ സാരമില്ല. ഞാൻ പറയുകയില്ല.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

കറിയാച്ചന്‌ ജീവിതത്തിൽ രണ്ടാഗ്രഹങ്ങളേ ഉണ്ടായിരുന്നുളളൂ. രണ്ടും തന്റെ മക്കളുമായി ബന്ധപ്പെട്ടതാണ്‌. എല്ലാംകൂടി നോക്കിയാൽ ഇരുനൂറ്റി എഴുപതേക്കർ റബർ എസ്‌റ്റേറ്റ്‌. പിന്നെ പാലക്കാട്ട്‌ പട്ടയം കിട്ടാനിടയുളള ഇരുനൂറ്റിപ്പത്തേക്കർ ഒന്നാന്തരം തടിയുളള വനവും കാഞ്ഞിരപ്പിളളി ടൗണിനടുത്ത്‌ ഒരു കുന്നിൻചരുവില്‌ ഫലഭൂയിഷ്‌ഠമായ നാലേക്കർ മണ്ണും അതിലൊരു പഴയ ബംഗ്ലാവും. ഇത്രേയുളളൂ സ്വത്തായിട്ട്‌. കറിയാച്ചൻ ജീവിതം തുടങ്ങിയത്‌ ഒരു കളളുകടയിലെ ജോലിക്കാരനായിട്ടാണ്‌. അന്ന്‌ വയസ്സ്‌ പതിനെട്ട്‌. ഇന്ന്‌ വയസ്സ്‌ അൻപത്തി ആറ്‌. ഈ ഇടയ്‌ക്കുളള മുപ്പത്തിയെട്ടു വർഷങ്ങളിൽ എന്തൊക്കെ കണ്ടു. എന്തൊക്കെ സഹിച്ചു. മിക്കതും വെളിയിൽ പറയാൻ കൊളളാത്തതാണ്‌. അതുകൊണ്ട്‌ കറിയാച്ചൻ അവയൊന്നും വെളിയിൽ പറയാറുമില്ല.

കറിയാച്ചന്‌ ഇഷ്‌ടംപോലെ രൂപയായി. ബിഷപ്പിന്റെ പഴയ ഫോറിൻ കാറ്‌ വിറ്റപ്പോൾ അത്‌ കറിയാച്ചൻതന്നെ മേടിച്ചു. അടുത്തുളള സ്‌കൂളിന്‌ ഒരു വലിയ ഹാൾ പണിയിപ്പിച്ചുകൊടുത്തു. രണ്ട്‌ പളളികൾ പുതുക്കിപ്പണിയാൻ മുഴുവൻ സഹായവും ചെയ്‌തു. മദ്യപാനം അതിരഹസ്യമായേ നടത്തിയിരുന്നുളളൂ. വ്യഭിചാരം പൂർണ്ണമായും നിർത്തി. പത്തു കൽപ്പനകളിൽ മിക്കതും അനുസരിച്ചു. എന്നിട്ടും കറിയാച്ചന്‌ വിഷമം. സമൂഹത്തിൽ ആരും തന്നെ ഒരു മാന്യനായി അംഗീകരിക്കുന്നില്ല.

അനവധി ദിവസങ്ങളിലെ ഉറക്കം കളഞ്ഞുളള ചിന്തയ്‌ക്കുശേഷം കറിയാച്ചൻ തീരുമാനമെടുത്തു.

അവയായിരുന്നു ഈ രണ്ട്‌ ആഗ്രഹങ്ങൾ. പത്തുവർഷം മുമ്പാണ്‌ ആഗ്രഹം സാധ്യമാക്കാനുളള പരിപാടികൾ ആസൂത്രണം ചെയ്‌തത്‌. ഒന്നാമത്തെ ആഗ്രഹം മൂത്ത മകളെ ഒരു ഐ.പി.എസ്സുകാരനെക്കൊണ്ട്‌ കല്യാണം കഴിപ്പിക്കുക എന്നതായിരുന്നു. തീരുമാനം എളുപ്പമാണ്‌. പക്ഷേ, കാര്യത്തോടടുക്കുമ്പോഴല്ലേ അതിന്റെ ഗൗരവം മനസ്സിലാകുകയുളളൂ.

ഒന്നാമത്‌ ഐ.പി.എസ്സുകാരൻ വേണം. ഓരോ വർഷവും ഐ.പി.എസ്സിൽ ജയിക്കുന്ന മലയാളികളുടെ എണ്ണം കുറഞ്ഞു വരികയാണ്‌. പാസ്സാകുന്നതിൽതന്നെ ക്രിസ്‌ത്യാനികളുവേണം. അതിലും കത്തോലിക്കർ. ആകെക്കൂടിവരുമ്പോൾ ഒരു വർഷം ഒന്നോ രണ്ടോ പ്രതിശ്രുതവരൻമാർ ഉണ്ടായാൽ ഭാഗ്യം.

മൂന്നു വർഷം കാത്തു. ഇന്റർവ്യൂ ലെവലിൽത്തന്നെ ചെക്കൻമാരെ റാഞ്ചി മനസ്സമ്മതം നേടുന്ന സമൂഹമാണ്‌. റിസൾട്ടുവന്ന്‌ കാഞ്ഞിരപ്പളളിയിൽനിന്ന്‌ അഡ്രസ്സ്‌ തേടിപിടിച്ച്‌ എത്തുമ്പോഴേക്കും പയ്യന്റെ കല്യാണം മിക്കവാറും കഴിഞ്ഞിരിക്കും. കഴിഞ്ഞില്ലെങ്കിൽ എൻഗേജ്‌മെന്റ്‌ തീർച്ച.

മകൾക്ക്‌ പ്രായമേറിവന്നു. അവസാനം ഒരു ഓൾ ഇന്ത്യാ സർവീസുകാരനെ കിട്ടി. ഐ.പി.എസ്സില്ലെങ്കിൽ സാരമില്ല. അതേ പരീക്ഷ പാസ്സായ പാർട്ടിയാണല്ലോ.

ഒന്നാമത്തെ ആഗ്രഹം പൂർണമായും സാധിച്ചില്ലെങ്കിലും കറിയാച്ചന്‌ രണ്ടാമത്തെ ആഗ്രഹം സാധിച്ചതിൽ ദൈവത്തോട്‌ അനൽപ്പമായ കടപ്പാട്‌ തോന്നി. രണ്ടാമത്തെ ആഗ്രഹം മകൻ കുഞ്ഞുമോൻ എഞ്ചിനീയറാകണമെന്നായിരുന്നു. എഞ്ചിനീയർ മകനും ഐ.പി.എസ്‌. മരുമകനും! പാലായിലും കാഞ്ഞിരപ്പിളളിയിലും മാത്രമല്ല കോട്ടയം, എറണാകുളം ജില്ല മുഴുവൻ കറിയാച്ചനെ കണ്ടാൽ ഭാഗ്യവാൻ എന്നു പറഞ്ഞ്‌ അസൂയപ്പെടണം.

കുഞ്ഞുമോൻ നാലുവർഷംകൊണ്ട്‌ തീരേണ്ട കോഴ്‌സ്‌ എട്ടുവർഷംകൊണ്ടാണ്‌ പൂർത്തിയാക്കിയത്‌. കർണ്ണാടകത്തിലെ ഒരു എൻജിനീയറിംഗ്‌ കോളേജിൽ അന്ന്‌ രണ്ടരലക്ഷം കൊടുത്തിട്ടാണ്‌ സീറ്റു വാങ്ങിയത്‌. ഓട്ടയുളള പാത്രത്തിലെ വെളളം പോലെയായിരുന്നു പണച്ചിലവ്‌. ആദ്യമൊക്കെ കറിയാച്ചൻ കണക്കെഴുതിവെക്കുമായിരുന്നു. പിന്നെ അത്‌ നിർത്തി. എന്തിനു വെറുതെ വിഷമിക്കണം. ഏതായാലും കുഞ്ഞുമോൻ ചോദിക്കുന്ന കാശ്‌ അയച്ചുകൊടുക്കാതിരിക്കാൻ പറ്റുകയില്ല.

ലക്ഷങ്ങളും സംവത്സങ്ങളും ഒന്നിച്ച്‌ മുന്നോട്ട്‌ പോയി. കുഞ്ഞുമോൻ എഞ്ചിനീയറിംഗ്‌ ബിരുദമെടുത്തു. കറിയാച്ചൻ അഭിമാനപൂർവ്വം തലയുയർത്തി നടന്നു. ഇലക്‌ട്രോണിക്‌സ്‌ എഞ്ചിനീയറുടെ പിതാവ്‌!

കർണ്ണാടകത്തിലെ നഗരങ്ങളിലെ സ്വാതന്ത്ര്യം അനുഭവിച്ച കുഞ്ഞുമോന്‌ കാഞ്ഞിരപ്പിളളി പരിസരം ഇഷ്‌ടപ്പെട്ടില്ല.

കുഞ്ഞുമോൻ ഒരു ദിവസം അപ്പച്ചനോട്‌ പറഞ്ഞു.

അപ്പച്ചാ ഞാൻ എറണാകുളത്ത്‌ വല്ല ജോലിക്കും ശ്രമിക്കാൻ പോകുകയാണ്‌. അല്ലാതെ ഇവിടെ ഈ റബറും നോക്കിയിരിക്കാനാണെങ്കിൽ ഞാൻ എഞ്ചിനീയറിംഗ്‌ ജയിക്കണമായിരുന്നോ?

കറിയാച്ചന്‌ സന്തോഷമായി. എഞ്ചിനീയർ. വലിയ ഉദ്യോഗസ്ഥൻ, അതും എറണാകുളത്ത്‌. കറിയാച്ചൻ സമ്മതിച്ചു.

എഞ്ചിനീയർമാരെ ആവശ്യപ്പെട്ടുകൊണ്ടുളള പരസ്യങ്ങൾ ധാരാളം പത്രത്തിൽ കാണാം. തന്റെ വിഷയമായ ഇലക്‌ട്രോണിക്‌ എഞ്ചിനീയറിംഗ്‌ പാസ്സായവരെ ആവശ്യമുളള എല്ലാ ജോലികൾക്കും കുഞ്ഞുമോൻ ആപ്ലിക്കേഷനയച്ചു.

ആദ്യത്തെ ഇന്റർവ്യൂ. എറണാകുളത്തെ പ്രശസ്‌തമായ ഒരു കമ്പനി. കുഞ്ഞുമോൻ ആയിടെ തനിക്ക്‌ അപ്പച്ചൻ സമ്മാനിച്ച മാരുതി കാറിൽ കൃതിസമയത്തുതന്നെ ഇന്റർവ്യൂവിനെത്തി. നല്ല ഓഫീസ്‌, ഒന്നാന്തരം ഇന്റീരിയർ ഡെക്കറേഷൻ. കുഞ്ഞുമോന്‌ ഇഷ്‌ടപ്പെട്ടു.

ഇരുപത്തഞ്ച്‌ ഉദ്യോഗാർത്ഥികൾ. ഒരു വേക്കൻസി. കുഞ്ഞുമോന്റെ നമ്പർ പതിനെട്ടാമതായിരുന്നു. സമയമുണ്ട്‌. എറണാകുളത്ത്‌ നിന്നും തന്റെയൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെക്കിട്ടി. ഒന്നു മിനുങ്ങി തിരിച്ചുചെന്നപ്പോഴേക്കും കുഞ്ഞുമോന്റെ ഊഴം എത്തിയിരുന്നു.

കുഞ്ഞുമോൻ റിസപ്‌ഷനിസ്‌റ്റിനോട്‌ ചോദിച്ചു.

ഈ ജോലിക്ക്‌ എത്രയാ ശമ്പളം?

അവർ പറഞ്ഞുഃ

ആറു മാസം ട്രെയിനിംഗ്‌. അപ്പോൾ ആയിരത്തിയെണ്ണൂറു രൂപ മാസം കിട്ടും. അതുകഴിഞ്ഞ്‌ കൺഫർമേഷനായാൽ രണ്ടായിരവും അലവൻസും.

എല്ലാംകൂടി?

മൂവായിരത്തിനടുത്ത്‌ എന്തായാലും കിട്ടും.

കുഞ്ഞുമോന്‌ ഉറക്കെച്ചിരിക്കാനാണ്‌ തോന്നിയത്‌.

ഒരു മാസമടച്ചു പണിയെടുത്താൽ മൂവായിരം ഉലുവ. ഒരു ദിവസം നേരെ ചൊവ്വേ എറണാകുളത്തു കറങ്ങണമെങ്കിൽ ഇതു മതിയാകുകയില്ല.

കുഞ്ഞുമോൻ ഇന്റർവ്യൂ അറ്റൻഡു ചെയ്‌തില്ല. നേരെ വീട്ടിൽ വന്ന്‌ അപ്പച്ചനോട്‌ പറഞ്ഞു.

അപ്പച്ചാ ഞാൻ ഒരുത്തന്റെ കീഴിലും വർക്കു ചെയ്യാൻ പോകുന്നില്ല. എനിക്ക്‌ സ്വന്തമായി ബിസിനസ്സ്‌ നടത്തണം. ഇക്കാലത്ത്‌ ബിസിനസ്സുകൊണ്ടേ രക്ഷയുളളു.

കറിയാച്ചന്‌ മകന്റെ കഴിവിൽ പൂർണ്ണവിശ്വാസമായിരുന്നെങ്കിലും അൽപ്പം സംശയം പ്രകടിപ്പിച്ചു.

കുഞ്ഞുമോനേ, ബിസിനസ്സെന്നൊക്കെ പറഞ്ഞാല്‌ കൊറേ കാശ്‌ എറക്കേണ്ടി വരില്ലേ?

പിന്നല്ലാതെ. ഞാൻ എറണാകുളത്ത്‌ ഒന്നുകിൽ ഒരു വ്യവസായം അല്ലെങ്കിൽ ഒരു ബിസിനസ്സ്‌ തുടങ്ങാൻ തീർച്ചപ്പെടുത്തി. അപ്പനൊരു കാര്യം ചെയ്യ്‌. എന്റെ ഷെയറ്‌ വിറ്റ്‌ ആ കാശിങ്ങ്‌ താ. ഞാൻ കാണിച്ചുതരാം. അഞ്ചുകൊല്ലത്തിനകം ഞാനാരാകുമെന്ന്‌. കേരളത്തിലെ ഏറ്റവും വലിയ വ്യവസായി. കോടീശ്വരൻ.

കറിയാച്ചന്റെ പത്തി താണു. നിനക്ക്‌ ബിസിനസ്സ്‌ തുടങ്ങണമെങ്കില്‌ അതിന്‌ സ്വത്തൊന്നും വിക്കാനും മാത്രം നിന്റെ അപ്പൻ പാപ്പരായിട്ടൊന്നുമില്ല. നിനക്ക്‌ എത്ര രൂപ വേണം?

കുഞ്ഞുമോന്‌ ഇക്കാര്യത്തിൽ യാതൊരു കണക്കുക്കൂട്ടലും ഉണ്ടായിരുന്നില്ല. എറണാകുളം വലിയ നഗരമാണ്‌. അവിടെ തന്റെ അന്തസ്സിലും മാന്യതയ്‌ക്കുമൊത്ത്‌ ആരുടേയും മുന്നിൽ തലകുനിക്കേണ്ടിവരാത്ത ഒരു ബിസിനസ്സ്‌.

കുഞ്ഞുമോൻ പറഞ്ഞു.

അപ്പൻ ഒരു അഞ്ചുലക്ഷം രൂപ ഇപ്പോൾ താ. പിന്നെ പോരായെങ്കിൽ പറയാം.

മനസ്സില്ലാമനസ്സോടെയാണെങ്കിലും കറിയാച്ചൻ തന്റെ ഇലക്‌ട്രോണിക്ക്‌ ഇഞ്ചിനീയറിംഗ്‌ ബിരുദധാരിയായ മകന്‌ എറണാകുളത്ത്‌ വ്യവസായം സ്ഥാപിക്കാൻ അഞ്ചു ലക്ഷം രൂപ കൊടുത്തു.

കുഞ്ഞുമോൻ അതിൽ മൂന്നു ലക്ഷം രൂപ പകിടി കൊടുത്ത്‌ എറണാകുളത്ത്‌ മഹാത്മാഗാന്ധി റോഡിൽ ഏറ്റവും കണ്ണായ സ്ഥലത്ത്‌ ഒരു വലിയ രണ്ടുമുറിയുളള ആഫീസ്‌ വാടകക്കെടുത്തു. ഒരു ലക്ഷം രൂപ മുടക്കി മുറിക്കകത്ത്‌ എയർകണ്ടീഷൻ ഉൾപ്പെടെ അതിസുന്ദരമായ ഡെക്കറേഷൻ ചെയ്‌തു.

മണി എന്നു വിളിക്കുന്ന ഓമന നായർ എന്ന മിടുക്കിയായ പെൺകുട്ടിയെ അസിസ്‌റ്റന്റായി അപ്പോയ്‌ന്റ്‌ ചെയ്‌തു. പിന്നെ ഒരു പ്യൂണും, ഒരു മെയിൽ അസിസ്‌റ്റന്റും. ഉത്‌ഘാടനം അപ്പച്ചനേയും ഒരു സിനിമാനടിയേയും കൊണ്ടാണ്‌ ചെയ്യിച്ചത്‌. പരസ്യച്ചിലവ്‌ കൊടുത്ത്‌ പത്രത്തിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു.

അങ്ങിനെയാണ്‌ ഡോണാ ഇന്റർനാഷണൽ എന്റർപ്രൈസ്‌ എന്ന മഹത്തായ ബിസിനസ്സ്‌ സ്ഥാപനം എറണാകുളത്ത്‌ പ്രവർത്തനമാരംഭിച്ചത്‌.

തുടക്കത്തിൽ വീഡിയോകാസറ്റുകൾ വാടകയ്‌ക്കു കൊടുക്കുക മാത്രമായിരുന്നു ബിസിനസ്സ്‌.

ബാബു ഡോണാ ഇന്റർനാഷണൽ എന്റർപ്രൈസിന്റെ ഓഫീസിലെത്തി പഴയ സുഹൃത്തായ കുഞ്ഞുമോന്റെ വിവരണങ്ങളെല്ലാം കേട്ടപ്പോൾ ചിരിയടക്കാൻ ഏറെ പാടുപെട്ടു. ഇലക്‌ട്രോണിക്‌ എൻജിനീയർക്ക്‌ പറ്റിയ വ്യവസായം. വീഡിയോലൈബ്രറി.

കുഞ്ഞുമോൻ വളരെ ഗൗരവത്തോടെ പറഞ്ഞു.

ഞങ്ങൾ ഒരു വർഷമല്ലേയായുളളൂ തുടങ്ങിയിട്ട്‌. ബിസിനസ്സ്‌ പുതിയ മേഖലകളിലേക്ക്‌ വിപുലീകരിക്കണമെന്നുണ്ട്‌. എല്ലാം ദൈവാനുഗ്രഹമുണ്ടെങ്കിൽ നടക്കും. ‘ഈ കേബിൾ ടി.വി. ക്കാരില്ലായിരുന്നെങ്കിൽ…’

ഭയഭക്തി ബഹുമാനത്തോടെ മുറിയുടെ മൂലയ്‌ക്ക്‌ ഭംഗിയായി അലങ്കരിച്ചു വച്ചിരുന്ന വേളാങ്കണ്ണി മാതാവിന്റെ പടത്തിലേക്ക്‌ നോക്കി നമിച്ചിട്ട്‌ കുഞ്ഞുമോൻ പറഞ്ഞു. എല്ലാം മാതാവിന്റെ അനുഗ്രഹം.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

അടുത്ത ദിവസം മണി ഡോണാ ഇന്റർനാഷണൽ എന്റർപ്രൈസിൽ നിന്നും രാജി വച്ചു. വളരെ അധികം ഖേദത്തോടെയാണെങ്കിലും കുഞ്ഞുമോൻ മണിയെ പിരിഞ്ഞുപോകാൻ അനുവദിച്ചു.

എന്നിട്ട്‌ കുഞ്ഞുമോൻ സ്വയം പറഞ്ഞു. ബിസിനസ്സിലെ പ്രധാന തത്ത്വം നോ ബഡി ഈസ്‌ ഇൻഡിസ്‌പെൻസിബിൾ എന്നതാണ്‌. വ്യക്തിയല്ല പ്രധാനം സിസ്‌റ്റമാണ്‌.

Generated from archived content: privatelimited3.html Author: klm_novel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here