ഇരുപത്തിയെട്ട്‌

പ്രവീൺമേനോന്‌ ഐഡിയ കിട്ടിയത്‌ ഒരു പത്രവാർത്തയിൽ നിന്നാണ്‌. തിരുവനന്തപുരത്ത്‌ ഒരു സെമിനാറിൽ മന്ത്രി ഉദ്‌ഘാടനം ചെയ്യുന്ന ചിത്രം. അതിനു താഴെ, ചെറിയ ഒരു വാർത്ത.

തിരുവനന്തപുരത്ത്‌ ഇടയ്‌ക്കിടയ്‌ക്ക്‌ സെമിനാറുകൾ നടക്കാറുണ്ട്‌. സർക്കാർ നേരിട്ട്‌ നടത്തുന്നതോ, സർക്കാരിന്റെ ഗ്രാന്റ്‌ ഉപയോഗിച്ച്‌ സർക്കാർ ഏജൻസികളോ, സ്വകാര്യസ്ഥാപനങ്ങളോ സംഘടനകളോ നടത്തുന്നതോ. എല്ലാറ്റിന്റെയും ലക്ഷ്യം ഒന്നാണ്‌. ഉന്നതവും പാവനവുമായ ലക്ഷ്യം. കേരളത്തിന്റെ വ്യവസായവത്‌കരണം. അതിൽ പങ്കെടുക്കുന്ന വിദഗ്‌ധരും പൊതുവെ ഒരേ ചിന്താഗതിക്കാരായിരിക്കും. ആരാണ്‌, സെമിനാർ നടത്തുന്നതിന്റെ പിന്നിൽ എന്ന്‌ അറിഞ്ഞാൽ സെമിനാറിൽ പങ്കെടുക്കുന്ന ചിന്തകർ ആരായിരിക്കുമെന്നും, അവരുടെ അഭിപ്രായം എന്തായിരിക്കുമെന്നും കാലേക്കൂട്ടി ഏകദേശം കൃത്യമായി പ്രവചിക്കാൻ സാധിക്കും. ചിന്താഗതിയിൽ സാമൂഹ്യമാറ്റങ്ങളുടെ വേഗതയ്‌ക്കൊപ്പം ഓടിയെത്താൻ പറ്റാത്ത മനസ്സുകൾ. സെമിനാറുകളുടെ അന്തിമഫലം മിക്കപ്പോഴും വെറും സൗഹൃദം ഉറപ്പിക്കലിൽ മാത്രമായി ചുരുങ്ങുകയാണ്‌ പതിവ്‌.

സാധാരണയായി ഇത്തരം സെമിനാറുകളിൽ വിദേശമലയാളികളെയും ക്ഷണിക്കാറുണ്ട്‌. ധാരാളം വിദേശനാണയം, പ്രത്യേകിച്ചും ഡോളർ, കൈവശമുളളത്‌ തങ്ങൾ നാട്ടിൽ വ്യവസായസംരംഭങ്ങളിൽ നിക്ഷേപിക്കാൻ തയ്യാറാണെന്ന്‌ വിശ്വസിക്കുന്നവർ. നിക്ഷേപിക്കാത്തതിന്റെ ഒറ്റ കാരണം നാട്ടിലെ വ്യവസായികാന്തരീക്ഷം മെച്ചപ്പെടാത്തതുകൊണ്ടുമാത്രമാണെന്ന്‌ ശക്തിയുക്തം വാദിക്കാൻ തയ്യാറുളളവർ. പണം മുടക്കി പണിമുടക്ക്‌ വാങ്ങാണോ, തുടങ്ങിയ ആകർഷകമായ വാചകങ്ങളിലൂടെ, തങ്ങളുടെ സാമൂഹ്യപ്രതിബദ്ധതയ്‌ക്കും, കേരളത്തോടുളള സ്‌നേഹത്തിനും അന്ത്യം കണ്ടെത്തുന്നവർ. സെമിനാറുകളിലെ വാദഗതികൾ പലപ്പോഴും കസ്‌റ്റംസ്‌ ക്ലിയറൻസിലെ പ്രശ്‌നങ്ങൾക്കപ്പുറം പോകാറില്ല. നാട്ടിലെ വിദഗ്‌ധരുടെ സ്വരത്തിനു ക്ഷമാപണം യാചിക്കുന്ന താളമാകാറാണ്‌ ഇവിടെ പതിവ്‌. ആരും യാഥാർത്ഥ്യത്തിന്റെയും, കാലാനുസൃതമായ മാറ്റത്തിന്റെയും, വിശ്വരൂപത്തിനു നേരെ കണ്ണുതുറന്നുനോക്കാൻ തയ്യാറാകുന്നില്ല. സെമിനാറുകൾ അടുത്ത സെമിനാറുകൾക്ക്‌ തുടക്കം കുറിച്ച്‌ അവസാനിക്കും.

ഇത്തരം ഒരു സെമിനാറിന്റെയായിരുന്നു വാർത്ത.

അമേരിക്കൻ പൗരത്വമുളള ഒരു മലയാളിശാസ്‌ത്രജ്ഞന്റെ പ്രസംഗത്തിൽനിന്ന്‌ ഒരു വാചകം ന്യൂസിൽ കയറിക്കൂടിയിരുന്നു. യു.എസ്‌.എ.യിൽ ഇന്ന്‌ കംപ്യൂട്ടർ ടെക്‌നോളജിയുമായി ബന്ധപ്പെട്ട്‌ റിസർച്ച്‌ നടത്തുകയും ജോലി ചെയ്യുകയും ചെയ്യുന്ന സാങ്കേതികവിദഗ്‌ധരിൽ ഒരു നല്ല ശതമാനം മലയാളികളാണത്രെ. ഇന്ത്യാക്കാർ ഈ തുറയിൽ പൊതുവെ മുന്നിലാണ്‌. പക്ഷെ, ആ ഇന്ത്യക്കാരിൽത്തന്നെ ഏറ്റവും വലിയ വിഭാഗം ഏകദേശം പകുതിയോളം, മലയാളികൾ.

കംപ്യൂട്ടറിന്റെയും അതുമായി ബന്ധപ്പെട്ട ആധുനിക ഉപകരണങ്ങളുടേയും മാർക്കറ്റ്‌ അനുദിനം വർദ്ധിച്ചുവരികയാണ്‌. ഇന്ത്യയിൽ മാത്രമല്ല, അവികസിത രാഷ്‌ട്രങ്ങളിലും കംപ്യൂട്ടർവത്‌കരണം എല്ലാ ഭരണാധികാരികളുടേയും നയത്തിന്റെ ഒരു ഭാഗമാണ്‌. അമേരിക്കയും ജപ്പാനും കമ്പനികൾ സാങ്കേതികവൈദഗ്‌ധ്യം നൽകാൻ തയ്യാറായിരിക്കുകയും ചെയ്യും.

പക്ഷെ, ഒന്ന്‌ നമ്മൾ ശ്രദ്ധിക്കണം. അത്‌ സിംപിൾ കോമൺസെൻസാണ്‌.

സ്‌കീമിന്റെ രൂപരേഖ ബാബുവും അമ്പിയുമായി ചർച്ചചെയ്യാൻ തയ്യാറായി വന്നപ്പോൾ ആഫീസിൽ ആകെയുളളത്‌ ബാലചന്ദ്രനും ഓമനയും മാത്രം. ഓമനയ്‌ക്ക്‌ മടുത്തുതുടങ്ങിയിരുന്നു. എല്ലാ ദിവസങ്ങളും ആവേശത്തോടെയാണ്‌ തുടങ്ങുക. ഇന്നു എന്തെങ്കിലും തീരുമാനം ഉണ്ടാകുമെന്നു തീർച്ച. പക്ഷെ വൈകിട്ടാകുമ്പോഴേക്ക്‌ ഒന്നുകിൽ ചർച്ചകൾ, അല്ലെങ്കിൽ ഓരോരുത്തർക്കും തങ്ങൾക്ക്‌ അന്നു നേരിടേണ്ടിവന്ന പ്രശ്‌നങ്ങളെക്കുറിച്ചുളള പരിവേദനങ്ങൾ. ഓമനയുടെ പഴയ ജോലിയിലായിരുന്നെങ്കിൽ, എത്ര വ്യത്യാസമായിരുന്നു! ഡോണാ ഇന്റർ നാഷണൽ. വീഡിയോക്കടയായിരുന്നെങ്കിലും, കുഞ്ഞുമോൻ എന്ന ഇലക്‌ട്രോണിക്‌ എൻജിനീയർക്ക്‌ തനേതോ മഹത്തായ വ്യവസായസ്ഥാപനം നടത്തുന്ന പരിവേഷമായിരുന്നു. എപ്പോഴും മില്യണുകളെക്കുറിച്ച്‌ സംസാരം, സുഹൃത്തുക്കൾ, കാപ്പി, ജ്യൂസ്‌, കാസറ്റുകളുടെ കളർപ്പരസ്യങ്ങൾ. എല്ലാ നിമിഷങ്ങളും സജീവമായിരുന്നു. എന്തെല്ലാമോ സംഭവിക്കുന്ന മട്ട്‌.

ഇവിടെ മണിക്കൂറുകൾ പലപ്പോഴും ഏകാകിനിയായി കഴിച്ചുകൂട്ടണം.

അഞ്ചാറുദിവസം മുമ്പാണ്‌. ഒരു ഉച്ചയ്‌ക്ക്‌. ആഫീസിൽ വേറെ ആരുമില്ല. ഒരു ദിവാസ്വപ്‌നത്തിന്റെ പകുതിയിലായിരുന്നു. റബർ സോളുളള ഷൂവിന്റെ ശബ്‌ദം കേട്ടില്ല.

വാതിൽക്കൽ നിന്ന്‌ ചോദ്യം കേട്ടു ഞെട്ടി.

ഉറങ്ങുകയാണോ?

പ്രവീൺമേനോനായിരുന്നു.

അല്ല. സോറി, കണ്ടില്ല.

എന്താലോചിക്കുകയായിരുന്നു? പണിയൊന്നുമില്ല, അല്ലേ?

ആലോചിച്ചുകൊണ്ടിരുന്നത്‌- പ്രവീണിനെക്കുറിച്ചായിരുന്നു തുടക്കം. ഇടയ്‌ക്ക്‌ മനസ്സ്‌ തെന്നിത്തെന്നി ഏതോ വിദൂരമായ അപരിചിതമേഖലകളിൽ, ഭാരമില്ലാതെ കറങ്ങുകയായിരുന്നു. എവിടെയാണ്‌?

പക്ഷെ, പറഞ്ഞു.

പണിയൊന്നുമില്ല, എന്നുവച്ചാൽ കാര്യമായിട്ട്‌.

പ്രവീൺ മേശയുടെയടുത്ത്‌ കിടന്ന കസേര വലിച്ചുനീക്കി ഓമനയ്‌ക്കെതിരെ ഇരുന്നു. അവൾക്ക്‌, പെട്ടെന്ന്‌, ഭയം തോന്നി. ഭയം എന്തിനെക്കുറിച്ചായിരുന്നുവെന്ന്‌ അവൾക്കറിഞ്ഞുകൂടാ. എന്തോ, പേടി! നെഞ്ചിനുളളിൽ പെട്ടെന്ന്‌ കനം.

ഓമന മുഖം താഴ്‌ത്തി.

മുറിയിൽ ആരുമില്ല. പ്രവീൺ ഇനി പറയാൻപോകുന്ന വാക്കുകൾ പൂർണ്ണമായി ഉൾക്കൊളളാൻ ഇരു ചെവികളും ജാഗരൂകമായി.

പ്രവീൺ പറഞ്ഞു.

അത്‌, ഓമനയ്‌ക്കറിഞ്ഞുകൂടാ, മറ്റു വല്ലവരുമായിരുന്നെങ്കിൽ, ഇതിനിടയ്‌ക്ക്‌ ഫാക്‌ടറി സ്ഥാപിച്ച്‌, മെഷിനറി കൊണ്ടുവന്ന്‌, സർക്കാരിന്റെയും, ബാങ്കിന്റെയും ലോണും, മറ്റാനുകൂല്യങ്ങളും വാങ്ങി, സ്വന്തമായി കാറും, പറമ്പും സംഘടിപ്പിച്ച്‌ ഫാക്‌ടറി പൂട്ടിയിടാൻ പരിപാടി തുടങ്ങിയേനേം. അങ്ങനെയാണെങ്കിൽ ആഫീസിൽ പിടിപ്പതു പണികാണും. ഓമനയ്‌ക്കറിയാമോ?

ഓമന ഒന്നും മിണ്ടിയില്ല. അവൾ മുഖമുയർത്തി. പ്രവീണിന്റെ കണ്ണുകളിൽ ആവേശമാണ്‌.

ബാബുവിനോടും, അമ്പിയോടും സംസാരിക്കുന്ന അതേ ആവേശത്തോടെയാണ്‌ പറയുന്നത്‌.

അവൾ, എങ്ങുനിന്നോ ഉയർന്ന നേരിയ വേദന, കടിച്ചമർത്തി പുഞ്ചിരിച്ചു.

അറിഞ്ഞുകൂടാ, എന്ന്‌ തലയാട്ടി.

പാർക്കിൻസൻ നിയമം. നോർത്ത്‌ കോട്ട്‌ പാർക്കിൻസൻ എന്ന പ്രൊഫസർ ചുവപ്പുനാടകളെക്കുറിച്ച്‌ രസകരമായ ചില നിയമങ്ങൾ കണ്ടു പിടിച്ചിട്ടുണ്ട്‌. കേട്ടിട്ടുണ്ടോ?

ഇല്ല.

അദ്ദേഹം പറയും, ജോലിയും, ജോലി ചെയ്യാനുളള ആൾക്കാരുടെ എണ്ണവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന്‌. നമ്മളിപ്പോൾ എല്ലാവരും പൂർണ്ണമായും നമ്മുടെ ഫാക്‌ടറി തുടങ്ങേണ്ടതിനെക്കുറിച്ച്‌-വളരെ പ്രധാനമായ ജോലികളിലേർപ്പെട്ടിരിക്കുകയാണ്‌. പക്ഷെ, ഇവിടെ പേപ്പർ വർക്ക്‌ വളരെ നിസാരമാണ്‌. ആഫീസിൽ ബഹളമില്ല. ഓമനയ്‌ക്ക്‌ കണ്ണടച്ചിരുന്ന്‌ സ്വപ്‌നം കാണാം. പക്ഷെ, ഇതിനു പകരം അമ്പിയും ബാബുവും ബിർളാ അങ്കിളും ബാലചന്ദ്രൻസാറും എല്ലാവരും കൂടി ഇവിടെ കൂടിയിരുന്ന്‌ ഫാക്‌ടറി സ്ഥാപിക്കാൻവേണ്ടി എഴുത്തുകുത്തുകൾ തുടങ്ങിയെന്നിരിക്കട്ടെ, മീറ്റിംഗുകൾ, മറുപടികൾ, കമ്പികൾ, ചർച്ചകൾ. പുതിയ പുതിയ ഫയലുകൾ. കത്തുകൾ ടൈപ്പ്‌ ചെയ്യാൻ ഇനിയും ആൾ വേണം. ആഫീസ്‌ സ്‌റ്റാഫിന്റെ എണ്ണം കൂടും. അലമാരകൾ. പിന്നെ, സ്‌റ്റാഫിനെ നിയന്ത്രിക്കാൻ സൂപ്പർവൈസർമാർ, എന്തിന്‌! ഒരു പണിയും നടന്നില്ലെങ്കിലും, ആഫീസ്‌ സജീവമാകും. ആഫീസ്‌ ഫയലുകൾ സ്വയം വളരും. അപ്പോൾ… ഹാവ്‌ യു എവർ തോട്ട്‌ എബൗട്ട്‌ മാര്യേജ്‌?

ഞെട്ടിപ്പോയി.

ങേ? അല്ല, പാർക്കിൻസൻ പറയും, ഒരു ജോലി പൂർത്തിയാക്കാൻ കൂടുതൽ സമയം നൽകിയാൽ അത്ര തന്നെ ആവശ്യമില്ലാത്ത അനുബന്ധങ്ങൾ ജോലിക്കു വന്നുചേരും. ഇത്‌ അദ്ദേഹത്തിന്റെ വേറൊരു നിയമമാണ്‌. എന്നെ സംബന്ധിച്ചിടത്തോളം, ഈ നിയമം നൂറു ശതമാനം ശരിയാണ്‌ എന്നു തോന്നുന്നു. കല്യാണം കഴിക്കുന്നത്‌ നാലഞ്ചുകൊല്ലം കഴിഞ്ഞു മതി എന്ന്‌ തീർച്ചയാക്കി. അതിന്‌ ടൈം കൃത്യമായി കൊടുത്തിരിക്കുകയാണ്‌ ഞാൻ. പക്ഷെ, എന്താ? പാർക്കിൻസൻ പറഞ്ഞതുപോലെ, കൂടുതൽ സമയം കൊടുക്കുമ്പോൾ അനുബന്ധം കൂടുകയാണ്‌. വാട്ട്‌ ഡു യു തിംക്‌?

ഞാനെന്ത്‌ പറയാനാണ്‌?

അല്ല. ഓമനയ്‌ക്ക്‌ എന്റെ അതേ അനുഭവമാണോ? പാർക്കിൻസൻസ്‌ ലാ…?

എനിക്കൊന്നും മനസ്സിലാകുന്നില്ല.

പറഞ്ഞുതരാം. ഇപ്പോൾ എന്റെ കാര്യത്തിൽ, വിവാഹത്തിനു കൂടുതൽ ടൈം ഗ്യാപ്പ്‌ കൊടുത്തപ്പോൾ എനിക്ക്‌ ഏകാന്തത കൂടുന്നു. അപ്പോൾ അത്‌ ഫീൽ ചെയ്യാൻ ഞാൻ പുതിയ പുതിയ അനുബന്ധങ്ങൾ തേടുകയാണ്‌. വെറും രസത്തിനു വേണ്ടിയുളള ഊഹക്കച്ചവടം, സ്‌റ്റോക്‌ എക്‌സചേഞ്ചിലെ ഇലക്‌ഷനിൽ ഇടപെടൽ, അമിതമായ മദ്യപാനം, ഇതുപോലെ പുതിയ സംരംഭങ്ങളിൽ എടുത്തുചാടാനുളള ആഗ്രഹം. ഐയാം ഫില്ലിംഗ്‌ അപ്‌ മൈ ടൈം. ഓമനയും അതുപോലെയാണോ?

ഇതു നിർത്താൻ എളുപ്പമായ ഒരു മാർഗ്ഗമുണ്ടല്ലോ എന്ന്‌ പറയണമെന്നുണ്ടായിരുന്നു. ആശയത്തിന്‌ വാക്കുകളുടെ രൂപം ലഭിച്ചില്ല.

അതിനു മുൻപ്‌ ബാബു ധൃതിയിൽ ഓടിക്കയറിവന്നു. ചരട്‌ മുറിഞ്ഞു.

ങ്‌ആ, താനെപ്പം വന്നു എന്നു മാത്രം ചോദിച്ചുകൊണ്ട്‌, ഒരു ഫയൽ തിരയാൻ തുടങ്ങി.

പ്രവീൺ ചിരിച്ചു.

ഞാൻ കുറച്ചു നേരമായി വന്നിട്ട്‌. അല്‌പം ഫിലോസഫി സീരിയസായി സംസാരിക്കാൻ തുടങ്ങുകയായിരുന്നു.

സംസാരിച്ചുകൊളളൂ. ഇടയ്‌ക്ക്‌, ഓമന, ദാ ഈ കടലാസിന്റെ ഒരു ഫോട്ടോകോപ്പി എടുപ്പിക്കണം. ക്വിക്ക്‌.

ഓമന അന്നത്തേതിനു ശേഷം ഇപ്പോഴാണ്‌ പ്രവീണിനെ കണ്ടത്‌. അന്ന്‌ ബാബു വന്നില്ലായിരുന്നെങ്കിൽ, പ്രവീൺ എന്തെല്ലാം കൂടി പറഞ്ഞേനേം എന്ന്‌ പലവട്ടം ആലോചിച്ചു നോക്കി. ഒരെത്തും പിടിയും കിട്ടിയില്ല.

പക്ഷെ, അന്നുമുതൽ, ആഫീസിലെത്തിയാൽ ആരെങ്കിലും അകത്തേക്കുകയറി വരുന്നതായി സംശയം തോന്നിയാൽ, അതു പ്രവീണായിരിക്കും എന്ന്‌ ആഗ്രഹിക്കാൻ തുടങ്ങി. പക്ഷെ പ്രവീണല്ല എന്നു മനസ്സിലാകുമ്പോൾ ഒരു ആശ്വാസവും. ഇപ്പോൾ ബാലചന്ദ്രനും കൂടെയുണ്ടായിരുന്നു.

കംപ്യൂട്ടറും, ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും യാതൊരു സംശയവുമില്ലാതെ നമ്മുടെ ജീവിതത്തിലെ പ്രധാന ഉപയോഗവസ്‌തുവായി മാറും എന്നതിന്‌ ഒട്ടും സംശയമില്ല. കേരളത്തിലെപ്പോലെ പുതിയ ഉത്‌പന്നങ്ങളോട്‌ പ്രതിപത്തിയുളള ജനതയ്‌ക്കാകട്ടെ, ആവേശമായിരിക്കും ഇതു സ്വന്തമാക്കാൻ. അപ്പോൾ നമ്മൾ ഒരു ഫാക്‌ടറി തുടങ്ങുക. അത്യാധുനിക സാങ്കേതികവിദ്യ ആവശ്യമുളളതുകൊണ്ട്‌ പരസഹായം വേണം.

അതിന്‌ നമുക്ക്‌ അത്തരം സഹായം കിട്ടണമല്ലോ.

കിട്ടും.

ആശയം വിശദീകരിച്ചു കഴിഞ്ഞപ്പോൾ വളരെ സരളമായിത്തോന്നി.

സാങ്കേതികവൈദഗ്‌ധ്യം വിലയ്‌ക്കു കിട്ടും. പക്ഷെ അതു നൽകിയവർക്ക്‌ ഇവിടത്തെ സംരംഭത്തിൽ സാമ്പത്തികമായി നേരിട്ട്‌ മുതൽ മുടക്ക്‌ വേണം. എങ്കിലേ, അന്തർദ്ദേശീയകമ്പനികളുമായുളള മത്സരത്തിൽ കിടപിടിച്ചു നിൽക്കാൻ തക്കവിധം, പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കണ്ടുപിടിത്തങ്ങളുടെ ഉത്‌പന്നങ്ങളുടെ രംഗത്ത്‌ പുതിയ കണ്ടുപിടിത്തങ്ങൾ ഉപയോഗിക്കാൻ പറ്റിയില്ലെങ്കിൽ കമ്പനി പെട്ടെന്ന്‌ ഷട്ടറിടേണ്ടിവരും. അതുകൊണ്ട്‌ ആദ്യമായി തീർച്ചയാക്കുക.

ഉത്‌പന്നം കംപ്യൂട്ടറോ, അതുപോലെയുളള ആധുനിക സാങ്കേതിക ഉപകരണങ്ങളോ നിർമ്മിക്കുക. പരിസ്ഥിതിപ്രശ്‌നമോ, റാ മെറ്റീരിയൽ പ്രശ്‌നമോ ഇല്ല. മാർക്കറ്റ്‌ അനുദിനം വളർന്നുകൊണ്ടിരിക്കുന്നു.

വിദേശകമ്പനിയുമായി ചേർന്നു നടത്തുക. അവരെ മൂലധനത്തിന്റെ ഭാഗഭാക്കുകളാക്കുക.

സാമ്പത്തികം വലിയ പ്രശ്‌നമല്ല. നല്ല പ്രോജക്‌ടുകൾക്ക്‌ ധനസഹായം നൽകാൻ ബാങ്കുകളും, മറ്റു ധനകാര്യസ്ഥാപനങ്ങളും തയ്യാറാകും.

കൈമള്‌സാറിന്റെ ഫാക്‌ടറിക്കെട്ടിടവും സൗകര്യവും ധാരാളം മതിയാകും.

മാനേജ്‌മെന്റും ലേബറും.

തൽക്കാലം പ്രൈവറ്റ്‌ ലിമിറ്റഡ്‌. ഫാക്‌ടറി പ്രവർത്തനം തുടങ്ങുമ്പോഴേക്ക്‌ ഒരു ഷെയർ ഇഷ്യൂ നടത്തി കമ്പനിയെ പബ്ലിക്‌ ലിമിറ്റഡ്‌ ആക്കുക. അതിൽ വിദേശകമ്പനിക്ക്‌ ഒഴികെയുളള ഓഹരികളിൽ പകുതി ജോലിക്കാർക്ക്‌, പകുതി പബ്ലിക്കിനും.

തൊഴിലാളികൾ.

പ്രവീൺമേനോന്‌ ഒരു പരിഹാരം നിർദ്ദേശിക്കാനുണ്ടായിരുന്നു. തൊഴിലാളിയും, മുതലാളിയും തമ്മിലുളള വ്യത്യാസം ഇല്ലാതാകുന്ന ഒരു സാമ്പത്തിക മാനേജ്‌മെന്റ്‌ രീതി.

അമേരിക്കയിൽ മാത്രമല്ല, ഇന്ത്യയിലും ഇപ്പോൾ കമ്പനികൾ സ്വന്തം ജോലിക്കാർക്കു വേണ്ടി ഓഹരി ഇഷ്യൂ സമയത്ത്‌ ഒരു നല്ല ശതമാനം മാറ്റിവയ്‌ക്കാറുണ്ട്‌. വേതനത്തിന്റെ ഒരു ഭാഗം ഓഹരികൾക്ക്‌ മാറ്റിവയ്‌ക്കുക എന്ന ഒരു സമ്പ്രദായം നടപ്പിലാക്കിയാൽ, താനേ, ഒന്നോ രണ്ടോ വർഷംകൊണ്ട്‌, തൊഴിലാളികൾ കമ്പനിയുടെ ഓഹരി ഉടമകളായി മാറും.

പ്രവീൺ പറഞ്ഞു.

നമുക്ക്‌ അമേരിക്കയിലും യൂറോപ്പിലും പണിചെയ്യുന്ന മിടുക്കന്മാരായ നമ്മുടെ സ്‌നേഹിതരെ ഇവിടേക്കാകർഷിക്കാം. അവർക്ക്‌ ഈ ഓഹരിയുടമാസമ്പ്രദായം എളുപ്പം ഉൾക്കൊളളാനും കഴിയും.

മറ്റുളള സാധാരണ ജോലിക്കാരോ?

കേരളത്തിലെ ഏറ്റവും പ്രധാന പ്രശ്‌നം നമ്മൾ കണ്ടില്ലെന്ന്‌ നടിക്കാൻ പറ്റുമോ?

എല്ലാം കേട്ടുകൊണ്ടിരുന്ന എ.പി.ദാസ്‌ പറഞ്ഞു.

എന്തുകൊണ്ട്‌ ഒരു ഗാന്ധിയൻ ചിന്ത പ്രായോഗികമാക്കിക്കൂടാ?

എന്താ അത്‌?

നമ്മുടെ ഉത്‌പന്നം എന്തായാലും അത്‌ കൺവയറിൽ ഒരു ജോലി മാത്രം ഒരു തൊഴിലാളി ചെയ്‌തു തീർക്കാവുന്ന രീതി കളഞ്ഞ്‌, നാലോ അഞ്ചോ പേർ മാത്രം ചേർന്ന്‌ ഒരു സംഘം ഉത്‌പന്നം മുഴുവനായി ഉണ്ടാക്കുന്ന രീതിയാക്കണം. എന്നിട്ട്‌ ഈ നാലോ അഞ്ചോ പേരുടെ യൂണിറ്റുകൾ നമ്മുടെ ഫാക്‌ടറിയുടെ ആക്‌സിലിയറി യൂണിറ്റുകളാക്കുക. അത്‌ കോ ഓപ്പറേറ്റിവ്‌സോ, കുടുംബങ്ങളോ, സ്ഥാപനങ്ങളോ ആകാം. അവർക്കും നമ്മുടെ കമ്പനിയിൽ ഓഹരികൾ നൽകണം. ഓഹരിയുളളവർക്കേ പണിയുളളൂ എന്ന നില കർശനമായി വയ്‌ക്കുക. നമ്മുടെ ഫാക്‌ടറിയിലെ സാങ്കേതികവിദഗ്‌ധർ ക്വാളിറ്റി നോക്കുക മാത്രമല്ല, നേരിട്ട്‌ നേതൃത്വം നൽകുകയും വേണം. പ്രശ്‌നങ്ങളുണ്ടാകാം. പക്ഷെ അതു സംസാരിക്കാനും പരിഹരിക്കാനും എളുപ്പമാണ്‌. കുടുംബത്തിനുളളിൽ സാധാരണ ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങൾപോലെ തൊഴിൽക്കുഴപ്പങ്ങളും ഒരു ചെറിയ ആഭ്യന്തരപ്രശ്‌നമായി എളുപ്പം പരിഹാരം കണ്ടെത്താവുന്ന നില വരും. മാനേജ്‌മെന്റും തൊഴിലാളിയും ഒന്നാകുക.

അതായിരുന്നു തുടക്കം. ഒരു സ്വപ്‌നം സാവധാനം മൂർത്തമായ രൂപം കൈക്കൊണ്ടു.

Generated from archived content: privatelimited28.html Author: klm_novel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here