ഇരുപത്തിയേഴ്‌

കൈമള്‌സാറിനെ അടിയന്തരമായി വിളിച്ചുവരുത്തി.

വന്നയുടൻ അദ്ദേഹം അന്വേഷിച്ചത്‌ ഫാക്‌ടറിവളപ്പിലെ ചെടികളെക്കുറിച്ചായിരുന്നു.

സൗമിത്ര പറഞ്ഞു.

എല്ലാം നോക്കുന്നുണ്ട്‌, സേർ. പിന്നെ, എപ്പോഴിവിടെ വന്നാലും ദാസ്‌ സാർ ഉപദേശം തരാറുണ്ട്‌, എല്ലാറ്റിനെയുംക്കുറിച്ച്‌. ചെടികളെയും പൂക്കളെയും അദ്ദേഹത്തിന്‌ വലിയ കാര്യമാണ്‌.

ഇരുനൂറ്‌ ഏക്കർ സ്ഥലം ഞാൻ കണ്ടുവച്ചിട്ടുണ്ട്‌. എല്ലാം ശരിയായാൽ അവിടെ മുഴുവൻ മുല്ല വളർത്തും. മുല്ലപ്പൂക്കളുടെ എസ്സൻസെടുത്ത്‌, ഫോറിനിൽനിന്നു വരുന്ന സുഗന്ധദ്രവ്യങ്ങളുടെ അടിസ്ഥാനഘടകമാക്കാനുളള ടെക്‌നോളജി പ്രായോഗികമാക്കും. എല്ലാ മുല്ലപ്പൂകർഷകരും പൂക്കൾ നേരേ മാർക്കറ്റിലേക്കു കൊണ്ടുപോകുകയാണ്‌. എന്തിന്‌? എന്റെ ഐഡിയാ വർക്കുചെയ്‌തുകിട്ടിയാൽ ഞാനൊരു മുല്ലപ്പൂവിപ്ലവം, സുഗന്ധവിപ്ലവം കൊണ്ടുവരും ഇവിടെ.

ഒന്നുകിൽ ഫാക്‌ടറിക്കുചുറ്റും പൂക്കൾ, അല്ലെങ്കിൽ പൂക്കൾക്കുചുറ്റും ഫാക്‌ടറി. ഏതായാലും കൈമള്‌സാറിന്‌ പൂക്കളെയും വ്യവസായത്തെയും അകറ്റിനിർത്താൻ പറ്റുകയില്ല, അല്ലേ?

തിങ്ക്‌ ബിഗ്‌, നിങ്ങൾ പറഞ്ഞതാണ്‌ ശരി. ഇനിയുളള കാലത്ത്‌ രാജ്യങ്ങൾതമ്മിൽ വ്യാപാരബന്ധങ്ങൾക്കുളള വിലക്കുകൾ ഇല്ലാതായിക്കഴിയുമ്പോൾ പിന്നെയെന്താ, ഒരു ആഗോളനിലവാരത്തിലേ വ്യവസായങ്ങൾക്ക്‌ വളരാൻ സാധിക്കൂ. ടെക്‌നോളജിക്കു മാത്രമല്ല, മൂലധനവും മാനേജ്‌മെന്റ്‌ വൈദഗ്‌ധ്യവും വിദഗ്‌ധരായ തൊഴിലാളികളുംപോലും യാതൊരു കടമ്പകളുമില്ലാതെ ഒഴുകാൻ തുടങ്ങും. വാസ്‌തവത്തിൽ പണ്ട്‌ അന്യോന്യം സമ്പർക്കം കുറഞ്ഞിരുന്ന കാലത്തും പുതിയ പുതിയ വ്യവസായങ്ങൾ ഏതൊരു ദേശത്തും സ്ഥാപിച്ചിട്ടുളളതിനുപിന്നിൽ നൂതന ചക്രവാളങ്ങൾ തേടിപ്പോയ സാഹസികരുടെ ആവേശമാണുണ്ടായിരുന്നത്‌.

കേരളത്തെ സംബന്ധിച്ചിടത്തോളം കൈമൾസാറു പറഞ്ഞത്‌ പൂർണ്ണമായും ശരിയായിരുന്നു.

കേരളത്തിൽ ഇന്നത്തെ രൂപകല്‌പനയിൽ ഒരു ഫാക്‌ടറി സ്ഥാപിക്കപ്പെട്ടത്‌ 1881-ലാണ്‌. കൊല്ലത്ത്‌, ഒരു അമേരിക്കക്കാരൻ തുടങ്ങിയതാണത്‌. രണ്ടുവർഷത്തിനകം, അന്നു തിരുവിതാംകൂറിന്റെ കീഴിലായിരുന്ന കുളച്ചലിൽ, നീലം ഉണ്ടാക്കുന്ന ഒരു ഫാക്‌ടറി, അവിടെ സ്ഥിരതാമസമായിരുന്ന ഒരു ഡച്ചുകുടുംബം തുടങ്ങുകയും ചെയ്‌തു. ബ്രിട്ടീഷുകാർ അക്കാലത്തിനുമുമ്പുതന്നെ ചായത്തോട്ടങ്ങളുമായി ബന്ധപ്പെട്ട്‌ തിരുവിതാംകൂറിൽ സ്ഥിരതാമസമാക്കിയിരുന്നെങ്കിലും, വ്യവസായം എന്ന രീതിയിൽ തുടക്കം കുറിച്ചത്‌ മറ്റു രാജ്യക്കാരായിരുന്നു. അമേരിക്കക്കാരുടെ പുതിയ മേച്ചിൽസ്ഥലങ്ങളും നവംനവങ്ങളായ രീതികളും കണ്ടുപിടിക്കാനുളള സ്വഭാവവിശേഷതയും, ഡച്ചുകാരുടെ, മാർത്താണ്ഡവർമ മഹാരാജാവിന്റെ കാലംമുതൽ ഡിലനായി വലിയകപ്പിത്താൻ എന്ന്‌ പ്രസിദ്ധനായ ഡച്ച്‌ സൈന്യാധിപൻ തുടങ്ങിയ തിരുവിതാംകൂറുമായുളള സൗഹൃദവുമാകാം കാരണം, ഫാക്‌ടറികൾ ഇവരാണ്‌ തുടങ്ങിവച്ചത്‌. അതിനുമുമ്പും കേരളത്തിൽ വ്യവസായങ്ങളുണ്ടായിരുന്നു. 1776 മുതൽ പതിമൂന്നുവർഷം കേരളത്തിൽ സഞ്ചരിച്ച്‌ ജീവിച്ച ബർത്തുലോമിയുടെ കുറിപ്പുകളിൽ കൊല്ലത്ത്‌ ധാരാളം നെയ്‌ത്തുതറകളും, വസ്‌ത്രങ്ങൾ ഉണ്ടാക്കാനുളള സജ്ജീകരണവും മാത്രമല്ല, അയണി, വേങ്ങ, തേക്ക്‌, ഈട്ടി എന്നിവകൊണ്ടുളള പലതരം ഉരുപ്പടികളും നിർമ്മിക്കുന്ന ഭവനങ്ങളും ഉണ്ടായിരുന്നു എന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. പക്ഷേ, ഒരു ഫാക്‌ടറി എന്ന മട്ടിൽ വ്യവസായത്തിനു രൂപം നൽകിയത്‌ വിദേശികളായിരുന്നു. 1930-കൾക്കുശേഷം, തിരുവിതാംകൂറിൽ ഒരു ഫാക്‌ടറിസംസ്‌കാരം ഉടലെടുക്കാൻ തുടങ്ങിയപ്പോൾ, അതിനു സ്വകാര്യമേഖലയിൽ മുൻകൈയെടുത്തുവന്നത്‌ മറ്റു സംസ്ഥാനക്കാരായിരുന്നു. കടപ്പുറത്ത്‌ സുലഭമായ സിലിക്കാമണലിൽനിന്ന്‌ ഗ്ലാസ്‌ നിർമിക്കാൻ തയ്യാറായിവന്ന ഒഗാലെ കുടുംബം, ട്രാവൻകൂർ ഒഗാലെ ഗ്ലാസ്‌ മാനുഫാക്‌ചറിംഗ്‌ ഫാക്‌ടറി തുടങ്ങി. സാസ്സൻ ഗ്രൂപ്പ്‌ സാസ്സൻ ടെക്‌സ്‌റ്റയിൽസ്‌ തുടങ്ങി. കാനഡാക്കാരുടെ ‘ആൽക്കൻ’ ഗ്രൂപ്പ്‌ ഇന്ത്യൻ അലുമിനിയം കമ്പനിയും ഈ കാലത്ത്‌ തുടങ്ങാൻ സഹായിച്ചു. അതിവേഗം വികസിക്കാമായിരുന്ന ഒരു ഫാക്‌ടറിസംസ്‌കാരം പലേ കാരണങ്ങളാൽ മുരടിക്കുകയാണുണ്ടായത്‌. കേരളം ഒരു സംസ്ഥാനമായി തീർന്നതിനുശേഷം, പല ശ്രമങ്ങളും ഭാഗികമായി നടന്നെങ്കിലും ഒന്നും വളരെ മെച്ചമായ പ്രകടനം കാഴ്‌ചവച്ചില്ല.

ബാബുവിനും അമ്പിക്കും അതേക്കുറിച്ച്‌ വ്യക്തമായ കാഴ്‌ചപ്പാടുണ്ടായിരുന്നു.

അല്‌പം പ്രതികൂലമായ പരിതസ്ഥിതികൾ കാണുമ്പോൾ, സ്വന്തം മുതലും കഴിയുന്ന ലാഭവും വ്യവസായത്തിൽനിന്ന്‌ പിൻവലിച്ച്‌, പ്രവർത്തനത്തെ ശ്വാസംമുട്ടിക്കുന്ന ഒരു പ്രവണത മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്ന വ്യവസായികൾ ഇവിടെ കാട്ടി. അതിന്റെ പ്രധാന കാരണം, തൊഴിലാളികൾക്കെതിരായ ഒരു സമീപനം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുകയില്ല എന്ന അവരുടെ വിശ്വാസമാണ്‌. തൊഴിലാളികളെ രക്ഷിക്കാൻ സർക്കാർ ഏതായാലും പണമിറക്കും. അപ്പോൾ ഏറ്റവും നല്ലത്‌ പ്രശ്‌നങ്ങളെ നേരിട്ടു തോല്‌പിക്കുന്നതിനേക്കാൾ, രംഗത്തുനിന്നു പിന്മാറുകയാണ്‌.

അതുകൊണ്ട്‌, വലിയ ഫാക്‌ടറികൾ, ഇവിടെ വിജയിക്കുകയില്ല എന്നു തീർത്തുപറയുന്നത്‌ തെറ്റാണ്‌.

തിങ്ക്‌ ബിഗ്‌.

എന്തുകൊണ്ടായിക്കൂടാ?

ഒരു ഫോറിൻ കൊളാബറേഷൻ.

സാങ്കേതികവിദ്യ വിദേശത്തുനിന്ന്‌.

ഉത്‌പന്നങ്ങൾ ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും വിപണി ഉളളതായിരിക്കണം.

തൊഴിലാളികൾ?

അവരെക്കൂടി മാനേജ്‌മെന്റിൽ ഉൾപ്പെടുത്തണം.

ബോർഡ്‌ ഓഫ്‌ ഇൻഡസ്‌ട്രിയൽ ആൻഡ്‌ ഫൈനാൻഷ്യൻ റീകൺസ്‌ട്രക്‌ഷൻ, ബി.ഐ.എഫ്‌.ആർ. എന്ന കേന്ദ്രസർക്കാർ അഥോറിട്ടി കേരളത്തിലെതന്നെ അനവധി വ്യവസായശാലകളെ പീഡിതവ്യവസായമായി പ്രഖ്യാപിച്ചിട്ടുണ്ട്‌. വലിയ വലിയ ഫാക്‌ടറികൾ. ഉത്‌പന്നത്തിന്റെ ഗുണമേന്മയോ, മാർക്കറ്റോ, മൂലധനമോ, തൊഴിലാളിപ്രശ്‌നമോ ഒന്നുമല്ല കാരണം. മാനേജ്‌മെന്റിന്റെ കഴിവുകേട്‌ എന്നും പറയാനൊക്കുകയില്ല. എന്നിട്ടും ഫാക്‌ടറികൾ നഷ്‌ടത്തിലാകുന്നു. പൂട്ടേണ്ടിവരുന്നു. നമ്മൾ സൂക്ഷിക്കണം. വിദേശത്തിലെ കമ്പനികളുടെ സഹായം മാത്രം അടിസ്ഥാനമാക്കി നമ്മൾ എടുത്തു ചാടരുത്‌. ഇങ്ങനെ ബി.ഐ.എഫ്‌.ആർ പൂട്ടിയിട്ട ഫാക്‌ടറികളിൽ പലതും വിദേശകമ്പനികളുടെ ടെക്‌നിക്കിൽ സഹായം ഉളളവയാണ്‌.

ബാലചന്ദ്രന്‌ ഭയമുണ്ട്‌.

അതെ. ഭയമുണ്ട്‌. എനിക്ക്‌ പേടി വിട്ടുമാറിയിട്ടില്ല. എങ്ങനെ മാറും? രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ ഇപ്പോഴും പണ്ട്‌ ഫാക്‌ടറി നടത്തിയിരുന്നതിന്റെ ശേഷിപ്പായിട്ട്‌ എന്തെങ്കിലും ഇണ്ടാസ്‌ വരും. രജിസ്‌റ്റേർഡ്‌ കത്ത്‌, അല്ലെങ്കിൽ നോട്ടീസ്‌. വീട്ടുവാതിലിൽ റവന്യൂ റിക്കവറിക്കടലാസ്‌ ഒട്ടിച്ചത്‌ പഴയ വീട്ടിലാണ്‌. ആരും താമസമില്ല. എങ്കിലും ഇടയ്‌ക്ക്‌ ഓർമപ്പെടുത്താൻ.

ബാലചന്ദ്രൻ ചിരിച്ചു.

ഇപ്പോൾ എല്ലാം ലൈനിലായി, എങ്കിലും പേടി വിട്ടുമാറിയിട്ടില്ല. സ്വന്തം ഫാക്‌ടറിയിലെ, താൻതന്നെ തെരഞ്ഞെടുത്തു നിയമിച്ച്‌ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ ഒന്നിച്ചു പ്രവർത്തിച്ച തൊഴിലാളികളെ പേടിച്ച്‌ ഇവിടെ ഹോട്ടലിലെ ഏറ്റവും മുകളിലത്തെ നിലയിലെ മുറിയിൽ കതകടച്ച്‌ അജ്ഞാതവാസം നടത്തിയതിന്റെ വിമ്മിഷ്‌ടം….

കൈമള്‌ പറഞ്ഞു.

പ്രോബ്ലത്തിന്‌ സൊല്യൂഷൻ ഉണ്ട്‌. ഇപ്പോൾ ബി.ഐ.എഫ്‌.ആറും മറ്റു നിയമങ്ങളും എല്ലാം ഇല്ലേ? തൊഴിലാളിക്ക്‌ തൊഴിൽ നഷ്‌ടപ്പെട്ടു. അതു തിരിച്ചുകൊടുക്കണം എന്നുമാത്രമുളള ഉദ്ദേശ്യത്തിന്‌ പ്രാധാന്യം നല്‌കിയാണ്‌ ഇത്തരം സ്ഥാപനങ്ങളും നിയമങ്ങളും സർക്കാരും പ്രവർത്തിക്കുന്നത്‌. അതാവശ്യവുമാണ്‌. അതിലെനിക്കെതിർപ്പില്ല. പക്ഷേ….

കൈമൾക്ക്‌ ഒരു കാര്യം പറയാൻ തുടങ്ങിയാൽ എപ്പോഴും പ്രഭാഷണംപോലെയായി മാറും. ആശയങ്ങൾ അനുസ്യൂതം ഒഴുകിവരും. എനിക്കങ്ങനെയാണ്‌, അദ്ദേഹം പറയാറുണ്ട്‌. മുല്ലപ്പൂവിനു മണമുണ്ട്‌. നമുക്കു നേരത്തെ അറിയാം. പാതിവിടർന്ന മുല്ലപ്പൂക്കൾ നിറഞ്ഞ മുല്ലവളളികൾക്കരികെ നിന്നാൽ നമുക്കു നല്ല മണം. പക്ഷേ, അതു നമുക്ക്‌ കാലേക്കൂട്ടി അറിയാം. എങ്കിലും ആ മുല്ലവളളികൾക്കരികെ ചെമ്പകം പുഷ്‌പിച്ചിട്ടുണ്ടെങ്കിലോ? റോസാപ്പൂക്കൾ ഉണ്ടെങ്കിലോ? ഒന്നും വേണ്ട, മകരമാസത്തിലെ പ്രഭാതത്തിലെ മഞ്ഞിലെ മണമായിരിക്കുമോ, ചിങ്ങപ്പുലരിയിൽ കുടമുല്ലയ്‌ക്ക്‌ അല്ല. എന്നതുപോലെയാണ്‌, എനിക്ക്‌ ആശയങ്ങളും. ഞാൻപോലും പ്രതീക്ഷിക്കാത്ത രീതിയിലാണ്‌ എനിക്ക്‌ വെളിപാടുകൾ എന്നാണ്‌ അദ്ദേഹം പൊടുന്നനെ വരുന്ന ആശയങ്ങളെ വിളിക്കുന്നത്‌, വെളിപാടുകളായി വരുന്നത്‌.

കൈമൾ പറഞ്ഞു.

തൊഴിലാളികൾക്കു സഹായം നല്‌കാനുളള നിയമങ്ങളുണ്ട്‌. സംവിധാനമുണ്ട്‌. അവ നടത്തിക്കാൻ ട്രേഡ്‌ യൂണിയനുകളുണ്ട്‌. ഒരു വലിയ അളവുവരെ പൊതുജനാഭിപ്രായവും അവർക്കനുകൂലമാണ്‌. അതു നല്ലതുതന്നെ. പക്ഷേ, അതുപോലെ മാനേജ്‌മെന്റിനെയും സഹായിക്കുന്ന സംവിധാനം വേണ്ടേ?

കേരളത്തിലെപ്പോലെ, വ്യവസായം നടത്താൻ അറച്ചു നിൽക്കുന്ന അനവധി മിടുക്കരായ ചെറുപ്പക്കാരെ സഹായിക്കാൻ?

കൈമൾസാറിന്റെ ആശയം ഓരോ നിമിഷത്തിലും വളർന്നു വികസിച്ച്‌ നൂതനമായ നിറവും മണവും പേറി ആകർഷണീയത വർധിപ്പിച്ചു.

പതിനയ്യായിരം കോടി രൂപയാണ്‌ കേരളത്തിലെ ബാങ്കുകളിൽ ശരാശരി നിക്ഷേപം. അതിൽ ഒരുരൂപയ്‌ക്ക്‌ നാല്‌പത്തിരണ്ടു പൈസപോലും കേരളത്തിൽ ഉപയോഗിക്കാനായി ബാങ്കുകൾ നല്‌കുന്നില്ല. ബാങ്കിന്‌ ധൈര്യമായി കടം അനുവദിക്കാൻ പറ്റിയ പ്രോജക്‌ടുകൾ കിട്ടുന്നില്ലത്രേ. ശരിയായിരിക്കാം. എന്തുകൊണ്ടാണത്‌? കേരളത്തിലെ അമ്പതുലക്ഷം വരുന്ന തൊഴിൽരഹിതരിൽ ഒരു നല്ലവിഭാഗം വ്യവസായങ്ങൾ നടത്താൻ കഴിവുളളവരാണ്‌. അടിസ്ഥാനവിദ്യാഭ്യാസവും പണിയെടുക്കാനുളള ശക്തിയുമുളളവരാണ്‌. പിന്നെയെന്താണ്‌? അവർക്കു ധൈര്യമില്ല. ബാങ്കുകൾക്കു ധൈര്യമില്ല. സർക്കാരിനും ധൈര്യമില്ല. കേരളത്തിലെ പൊതുമേഖലയിൽ നൂറിലേറെ വ്യവസായമേഖലകളുണ്ട്‌. അവയുടെ ആണ്ടുതോറുമുളള നഷ്‌ടം, കേരളത്തിന്റെ ആകെ ബജറ്റിന്റെ പത്തിലൊന്നാണ്‌. ആ ഫാക്‌ടറികളിലെ, തൊഴിലാളികൾക്കുവേണ്ടി, കേരളത്തിലെ ജനത തങ്ങൾക്കു കിട്ടേണ്ട സൗകര്യങ്ങളുടെ പത്തിലൊന്നു നല്‌കുകയാണ്‌. തൊഴിലില്ലാത്തവർ, തൊഴിലുളളവരെ സബ്‌സിഡൈസ്‌ ചെയ്യുന്നു. ഒന്നാലോചിച്ചുനോക്കൂ, അതുപോലെതന്നെ സ്വകാര്യമേഖലയിലും ഫാക്‌ടറി അടച്ചുപൂട്ടൽ നിത്യസംഭവമാണ്‌. അപ്പോൾ, പുതിയ വ്യവസായം തുടങ്ങാൻ ചെറുപ്പക്കാർ ഭയപ്പെടുന്നെങ്കിൽ അത്ഭുതപ്പെടാനില്ല. ആ ഭയം ചെറുപ്പക്കാരിൽ നിന്നുമാറ്റാൻ, നമ്മുടെ ബാലചന്ദ്രനെപ്പോലുളളവർക്കുണ്ടായ അനുഭവം ആവർത്തിക്കാതിരിക്കാൻ, ഒറ്റ മാർഗമേയുളളൂ.

എന്താ?

ഇൻഷ്വറൻസ്‌.

ഇൻഷ്വറൻസോ?

അതെ. മാനേജ്‌മെന്റ്‌ ഇൻഷ്വറൻസ്‌.

അദ്ദേഹം വിശദീകരിച്ചു.

രണ്ടുതരത്തിലാകാം ഇൻഷ്വറൻസ്‌. ഇൻഷ്വറൻസിന്റെ അടിസ്ഥാന തത്ത്വം എന്താണ്‌? അപ്രതീക്ഷിതമായ അപകടങ്ങളിൽനിന്ന്‌ ഒരു രക്ഷ അല്ലേ? ഇവിടെ കേരളത്തിലെ വ്യവസായികളാകാൻ വരുന്നവരിൽ ഭൂരിപക്ഷവും പാരമ്പര്യമായി ഒരു വ്യവസായസംസ്‌കാരം ഉളളവരല്ല. അല്‌പം തിയറി, അല്‌പം പ്രായോഗികജ്ഞാനം. പലപ്പോഴും അപകടത്തിൽ ചാടിയതിനുശേഷമായിരിക്കും രക്ഷപ്പെടാനുളള മാർഗം ആരായുന്നത്‌. അപ്പോഴേക്കും മിക്കവാറും ചെളിയിൽ താഴ്‌ന്നുകഴിഞ്ഞിരിക്കും. ഒരാൾ പരാജയപ്പെടുന്നതുകാണുമ്പോൾ, നൂറുപേരായിരിക്കും കാൽനനയ്‌ക്കാൻ അറയ്‌ക്കുന്നത്‌. മുങ്ങാൻ തുടങ്ങുന്നയാളെ രക്ഷിക്കാൻ നിന്തൽ വിദഗ്‌ധർ ഇറങ്ങുന്നെന്നറിഞ്ഞാൽ മതി, കരയ്‌ക്കു ശങ്കിച്ചു നിൽക്കുന്ന പലരും വെളളത്തിലേക്ക്‌ ധൈര്യമായി ചാടും. ഒരു ഇൻഷ്വറൻസ്‌. സർക്കാർ അനവധി സഹായങ്ങൾ വ്യവസായസംരംഭങ്ങൾക്ക്‌ നല്‌കുന്നുണ്ട്‌. അവയിൽ ഒരു ഭാഗം, ചെറിയ ഒന്ന്‌ ഇൻഷ്വറൻസ്‌ പ്രീമിയമാക്കി, ഇൻഷ്വറൻസ്‌ കമ്പനിക്കു നല്‌കുക. അതുപോലെ വ്യവസായിയും ലാഭമുണ്ടാക്കുകയാണെങ്കിൽ അതിലൊരു വീതം ഇൻഷ്വറൻസ്‌ പ്രീമിയമായി നൽകുക. സെയിൽസ്‌ ടാക്‌സ്‌, എക്‌സൈസ്‌ ഡ്യൂട്ടി, ഇൻകം ടാക്‌സ്‌ തുടങ്ങിയ കരങ്ങൾ വ്യവസായി നല്‌കേണ്ടിവരുമ്പോൾ അതിലെ ആദ്യത്തെ വിഹിതം ഇൻഷ്വറൻസ്‌ പ്രീമിയമായി കൊടുക്കാൻ സംവിധാനം വേണം. വ്യവസായിക്കു പ്രശ്‌നങ്ങൾ നേരിടുമ്പോൾ, ഇൻഷ്വറൻസ്‌ കമ്പനി അയാളെ സഹായിക്കാൻ മുന്നോട്ടുവരണം. സാമ്പത്തികമായി മാത്രമല്ല. ഇൻഷ്വറൻസ്‌ കമ്പനി എല്ലാത്തരം വിദഗ്‌ധരുടെയും ഒരു സെൽ സ്വായത്തമാക്കണം. സാങ്കേതികമായോ തൊഴിൽപരമായോ സാമ്പത്തികമായോ വിപണനവുമായി ബന്ധപ്പെട്ടതോ ആയ എല്ലാ പ്രശ്‌നങ്ങളും വ്യവസായിയുടെ അജ്ഞതകൊണ്ടോ കഴിവുകേടുകൊണ്ടോ തീർക്കാൻ പറ്റാതെ വരുമ്പോൾ, ഇൻഷ്വറൻസ്‌ കമ്പനി മുന്നോട്ടുവരണം. അങ്ങനെ ഒരു സംവിധാനം ഉണ്ടായിരുന്നാൽത്തന്നെ, ആൾക്കാർ ധൈര്യമായി വ്യവസായം തുടങ്ങാൻ തയ്യാറാകും.

വൻതോതിലുളള ഫാക്‌ടറിയെക്കുറിച്ചുളള ചർച്ചകൾ വഴിമുട്ടിനിന്നത്‌ രണ്ടു കാരണങ്ങളാലാണ്‌.

ഒന്ന്‌, പണം. ഒരു പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനി രൂപീകരിച്ച്‌ ഓഹരി നടത്തിയാൽ പണം ശേഖരിക്കാൻ പറ്റിയേക്കും. കേരളത്തിലെതന്നെ ഇവ്വിധം ഓഹരി ഇഷ്യൂകൾ നടത്തിയ കമ്പനികൾക്കൊന്നും ഇഷ്യു ഓവർ സബ്‌സ്‌ക്രൈബ്‌ ചെയ്യാതിരുന്നിട്ടില്ല. അൻപതിരട്ടിപോലും അപേക്ഷകൾ വന്ന കേസുകൾ ഉണ്ടായിട്ടുണ്ട്‌. ഇത്‌ പുതിയ കമ്പനിയാണെങ്കിലും നല്ല ഒരു പ്രോജക്‌ട്‌ കാട്ടാനുണ്ടെങ്കിൽ, സാങ്കേതികജ്ഞാനമുളള വിദേശകമ്പനികളുടെ സഹായം ഉറപ്പായിക്കിട്ടാമെന്നുണ്ടെങ്കിൽ പണം കേരളത്തിൽനിന്നുതന്നെ സമാഹരിക്കാം. അനേകായിരംകോടി ഇപ്പോൾത്തന്നെ ബാങ്കുകളിൽ കേരളത്തിൽ ഉപയോഗിക്കാൻ പാകത്തിൽ കിടപ്പുണ്ട്‌.

പക്ഷേ, അതിലും പ്രധാനം വലിയ ഫാക്‌ടറികളുടെ നടത്തിപ്പിലുളള പ്രായോഗികവൈഷമ്യങ്ങളാണ്‌.

വർഷങ്ങളായി പൂട്ടിക്കിടക്കുന്ന കേരളത്തിലെ സ്വകാര്യമേഖലയിലെ ഒരു പ്രധാന ഫാക്‌ടറി മുപ്പതുവർഷംമുമ്പ്‌ ഒരു ജർമൻ കമ്പനിയുടെ സാങ്കേതികവൈദഗ്‌ധ്യം മുതലെടുത്തു സ്ഥാപിച്ചതാണ്‌. ഉത്‌പന്നങ്ങൾ ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ടവയായിരുന്നു. വിദഗ്‌ധരായ തൊഴിലാളികൾ, വില്‌പനസൗകര്യം എല്ലാം ഉണ്ടായിരുന്നു. എന്നിട്ടും മെല്ലെ മെല്ലെ ആ ഫാക്‌ടറി ചെറിയ ചെറിയ, ഉടനുടൻ തീർക്കാമായിരുന്ന പ്രശ്‌നങ്ങൾ ഒത്തുകൂടി വലിയ തോതിൽ ഫാക്‌ടറിപ്രവർത്തനത്തെ ബാധിക്കുന്ന നിലവന്നു. അവസാനം ഫാക്‌ടറി ലോക്കൗട്ട്‌ ആയി. വർഷങ്ങൾ കഴിഞ്ഞു. ബി.ഐ.എഫ്‌.ആർ. പുതിയ പദ്ധതികളും പണം മുടക്കാൻ സന്നദ്ധതയുളള വ്യവസായികളുമായി വന്നു. പക്ഷേ, പുതിയ എന്തോ എവിടെയോ കുഴപ്പം. ഒരടിപോലും മുന്നോട്ടു നീങ്ങാത്ത അവസ്ഥ.

ഒന്നിനുമൊന്നും തീരുമാനമില്ലാതെ മണിക്കൂറുകൾ ദിവസങ്ങളായി. ദിവസങ്ങൾ ആഴ്‌ചകളായി.

എന്താണ്‌ ചെയ്യേണ്ടത്‌ എന്ന്‌ എല്ലാവരും വിഷമിച്ചിരിക്കുമ്പോളാണ്‌ പ്രവീൺമേനോൻ അവസാനത്തെ പ്ലാനുമായി വന്നത്‌.

നമുക്കുടൻ ഫാക്‌ടറി തുടങ്ങാം.

Generated from archived content: privatelimited27.html Author: klm_novel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English