വൈ ഡോൺടു യു ഗോ ബിഗ്? സംതിംഗ് റിയലി ബിഗ്?
ബാങ്ക് മാനേജർ പ്രസാദിന്റെ വാക്കുകൾ അവരുടെ പ്ലാനുകളെ ആകെ തകിടം മറിച്ചു.
ഇന്ത്യ പഴയ ഇന്ത്യയല്ല, ഇന്ത്യയ്‌ക്ക് മാത്രമല്ല, ലോകത്തിലെ ഒരു രാജ്യത്തിനും ശാസ്‌ത്രം കൈപ്പിടിയിൽ കൊണ്ടുതന്നിരിക്കുന്ന സുഖസൗകര്യങ്ങളിൽനിന്ന് ജനങ്ങളെ അകറ്റി നിർത്താൻ പറ്റുകയില്ല. അപ്പോൾ നമ്മുടെ അതിർത്തികൾ ഭൂമിശാസ്‌ത്രപരമായി മാത്രമല്ല. ചിന്തകളിലും, സ്വപ്‌നങ്ങളിലും പോലും ഇല്ലാതാകും. ചൈനയിലും ഇന്ത്യയിലും പാക്കിസ്ഥാനിലും എല്ലാം ആ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. അപ്പോൾ, നിങ്ങൾ ഇത്രയും പ്രതിഭയുളളവർ, വൈഡോൺട് യു തിങ്ക് ബിഗ്? എന്തിനാണ് ഒരു സ്‌മാൾ സ്‌കെയിൽ വ്യവസായത്തിന്റെ അല്ലെങ്കിൽ ഒരു മീഡിയം സ്‌കെയിലിന്റെ പിന്നാലെ നിങ്ങളുടെ സമയവും ബുദ്ധിയും അറിവും കളയുന്നത്? യു തിങ്ക് ബിഗ്.
പ്രസാദ്, വാടകയ്‌ക്കെടുക്കാൻ തീർച്ചപ്പെടുത്തിയ കൈമളുസാറിന്റെ ഫാക്‌ടറിക്കെട്ടിടവും ചുറ്റുപാടും കണ്ടിട്ട് അത്ഭുതപ്പെട്ടു.
ഇത്രയധികം സൗകര്യം. ഒരു കാപ്‌റ്റീവ് ജനറേഷൻ പ്ലാന്റ്. ഇലക്‌ട്രിസിറ്റിയ്‌ക്ക്, വെളളത്തിന് കുറവുവരില്ല. അടുത്ത് പുഴയുണ്ടല്ലോ. തൊട്ടു പടിഞ്ഞാറ് കായലും. അന്തരീക്ഷമലിനീകരണം ഏറ്റവും കുറഞ്ഞ പ്രോഡക്‌ട് തിരഞ്ഞെടുക്കൂ. സാങ്കേതികവിദ്യയ്‌ക്ക് എത്രയോ വിദേശ കമ്പനികളുണ്ട്, ഇന്ത്യയിൽ വരാൻ തയ്യാറായി. പണം അതൊരു പ്രോബ്ലമല്ല. വലുതായിരിക്കുമ്പോൾ!
പ്രസാദ് പോയതിനുശേഷവും എല്ലാവരുടേയും സംഭാഷണത്തിൽ ബാക്കി നിന്നിരുന്നത്, ഇത്ര ലളിതമായ സംഗതി എന്തുകൊണ്ട് നമ്മൾ നേരത്തെ ഓർത്തില്ല എന്ന ദുഃഖമായിരുന്നു.
എ.പി ദാസ് പറഞ്ഞുഃ
ഒന്നോർത്താൽ പ്രസാദ് പറഞ്ഞത് ശരിയല്ലേ? ഒരു ബ്രില്യന്റ് എൻജിനീയർ ബാബു, ചാർട്ടേഡ് അക്കൗണ്ടന്റ് അമ്പി, വ്യവസായം നാട്ടിൽ, ഇവിടെ നടത്തി പരിചയമുളള സാങ്കേതിക വിദഗ്‌ധൻ ബാലചന്ദ്രൻ, സാമ്പത്തികരംഗത്തെ സ്‌റ്റാർ പ്രവീൺ, പിന്നെ ബിർളാകമ്പനികളിൽ ഏറ്റവും മുകളിലല്ലെങ്കിലും വേണ്ടത്ര പരിചയം നേടിയിട്ടുളള ഞാൻ, നമ്മളൊക്കെക്കൂടി ഒത്തു ചേരുമ്പോൾ, വലുതായിട്ടല്ലേ ചിന്തിക്കേണ്ടത്? സൗമിത്ര എന്ത് പറയുന്നു?
ഫാക്‌ടറി കെട്ടിടത്തിലെ കോൺഫറൻസ് ഹാളിൽ വച്ചായിരുന്നു ചർച്ച. കൈമൾ സാർ എത്താമെന്ന് പറഞ്ഞിരുന്നു. വന്നില്ല. പ്രസാദ് ഫാക്‌ടറിയും പരിസരവും നടന്നുകാണാൻ തുടങ്ങിയപ്പോൾ മുതൽ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. ഒരു ആവേശംപോലെ. സൗമിത്ര, പ്രസാദിനെ ഓരോ മുക്കും മൂലയും കാട്ടിക്കൊടുക്കാൻ ഒപ്പം നടന്നു. പ്രസാദ് പറഞ്ഞതെല്ലാം അവൾ പിന്നീട് ഓർത്ത് കുറിച്ചുവയ്‌ക്കാൻ ശ്രമിച്ചു.
സൗമിത്ര പറഞ്ഞു. പ്രസാദ് സാറ് പറഞ്ഞത് ശരിയാണ്. നമ്മള്….
സൗമിത്ര എന്തോ ഓർത്ത് അറിയാതെ പുഞ്ചിരിച്ചു.
ബാബു ചോദിച്ചു.
എന്താ?
ഒന്നുമില്ല. കൈമള്‌സാറ് പറയാറുളളതോർത്ത് ചിരിച്ചു പോയതാണ്.
എന്താത്?
സാറ് പറയും. പഞ്ചായത്തിലെ ഈ നാലുംകൂടുന്ന കവലയിലെ ചെറിയ രാഷ്‌ട്രീയക്കാരനെ നേരിടുന്നതും മുഖ്യമന്ത്രിയെ നേരിടുന്നതും ഒരേ പ്രയത്‌നമാണ്. അതുപോലെ പതിനായിരം രൂപ കടം വാങ്ങാനുളള ശ്രമവും പത്തുലക്ഷം വാങ്ങാനുളള ശ്രമവും ഒരേ പോലെയാണെന്നാണ്.
അതായത്, വലുപ്പം കൂടുന്നതനുസരിച്ച് നമ്മുടെ പ്രശ്‌നങ്ങൾ കൂടുന്നില്ല എന്ന് അല്ലേ?
അതെ.
അപ്പോൾ പ്രശ്‌നങ്ങളെ നേരിടണമെങ്കിൽ അതിനുളള പ്രയത്‌നം വളരെ വലിയ കാര്യത്തിനു വേണ്ടി പോരേ? അല്ലേ?
അതെ.
പക്ഷേ ഗുജറാത്തല്ല കേരളം എന്ന് എല്ലാവർക്കും ബോധമുണ്ടായിരുന്നു. പ്രസാദ് യാദൃച്ഛികമായി പറഞ്ഞ കഥ അവർ ഓർത്തു.
ഏകദേശം നൂറുവർഷം മുമ്പാണ്. അഹമ്മദാബാദിന് അമ്പതുമൈലകലെയുളള നാദിയാദ് എന്ന പട്ടണത്തിന്റെ പ്രാന്തത്തിലുളള ഒരു ക്ഷേത്രം. എല്ലാ പൗർണമിക്കും അവിടെ ഉത്സവമുണ്ട്. രണ്ടു കൂട്ടർ തമ്മിലാണ് ആ ദിവസം മത്സരം. പുരോഹിതന്മാരുടെ ഏജന്റുമാരും വഴിവാണിഭക്കാരും. ഭഗവദ്‌ദർശനത്തിന് വരുന്ന ആൾക്കൂട്ടത്തെ ആത്മീയമായി വഴികാട്ടുന്ന ഒരു കൂട്ടർ, ഭൗതികമായി വഴികാട്ടുന്ന മറ്റേ കൂട്ടർ. രണ്ടു പേരുടേയും ഉദ്ദേശ്യം ഏറ്റവും കൂടുതൽ ഉത്‌പന്നം നൽകി ഏറ്റവും കൂടുതൽ പണം ഉണ്ടാക്കുക. അന്നവിടെ, അക്കൂട്ടത്തിൽ തുണിത്തരങ്ങൾ നിലത്ത് നിരത്തി വിൽക്കാൻ നിന്നിരുന്ന ഒരു പന്ത്രണ്ടു വയസ്സുകാരനുണ്ടായിരുന്നു. ഗാഗൽ ഭായി മഫത്‌ലാൽ. അച്ഛൻ ഒരു സാധാരണ നെയ്‌ത്തു തൊഴിലാളി. സ്‌കൂൾ പഠിത്തം ഇല്ല. ആറാംവയസ്സിൽ വിവാഹം. ജാതിയിലാണെങ്കിൽ കൃഷിപ്പണിക്കാരിൽത്തന്നെ താഴ്‌ന്ന നിലയിലുളള കാമ്പി എന്ന ഉപവിഭാഗം. യാതൊരുതരത്തിലും ഉയർച്ചയ്‌ക്ക് സാധ്യതയില്ലാത്ത ചുറ്റുപാട്. ആ പയ്യനാണ്, ഇന്ന് തുണി, പെട്രോകെമിക്കൽസ്, കാസ്‌റ്റിക് സോഡ തുടങ്ങി അനവധി ഉത്‌പന്നങ്ങൾ നിർമ്മിക്കുന്ന അനേകം ഫാക്‌ടറികളുടേയും ഒരു വലിയ വ്യവസായസാമ്രാജ്യത്തിന്റേയും അടിസ്ഥാനമിട്ടത്. അന്ന്, വ്യവസായ ബിസിനസ്സ് രംഗങ്ങളിൽ, സാമ്പത്തികമായ കൺട്രോൾ വച്ചിരുന്നത് മാനേജിംഗ് ഏജൻസി സിസ്‌റ്റം വഴിയായിരുന്നു. ഫാക്‌ടറികൾ ഉത്‌പാദനം നടത്തും. മൊത്തവ്യാപാരം വ്യാപാരകമ്പനികൾ നടത്തും. പക്ഷേ ഇവയിലൊക്കെ കൺട്രോൾ വയ്‌ക്കുന്ന ഒരു അദൃശ്യമായ ഹസ്‌തം, മാനേജിംഗ് ഏജൻസി. ഫാക്‌ടറിക്ക് അസംസ്‌കൃതവസ്‌തുക്കൾ നൽകുന്നതും, ഉത്‌പന്നങ്ങൾ നൽകുന്നതും എല്ലാം ഇതേ മാനേജിംഗ് ഏജൻസിയുടെ അധീനതയിലുളള കമ്പനികൾ വഴിയായിരിക്കും. അതുകൊണ്ട് ഫാക്‌ടറി നഷ്‌ടത്തിൽ ഓടിയാലും കമ്പനിയുടമയ്‌ക്ക് മറ്റുതരത്തിലുളള കമ്മീഷൻ കാരണം നഷ്‌ടം വരികയില്ല. പിന്നെ, ഫാക്‌ടറിയിലും വില്‌പനയിലുമുളള ദൈനംദിനപ്രശ്‌നങ്ങൾ അലട്ടുകയുമില്ല. ഇന്ത്യയിൽ വ്യവസായങ്ങൾ സ്ഥാപിക്കാൻ തുടങ്ങിയപ്പോൾതന്നെ എല്ലാറ്റിനേയും നിയന്ത്രിക്കുകയും, അതേ സമയം തങ്ങൾക്കു നഷ്‌ടം വരാതിരിക്കുകയും ചെയ്യാൻ വേണ്ടി ബ്രിട്ടീഷുകാർ വളർത്തിയെടുത്ത സിസ്‌റ്റമാണിത്. മഫത്‌ലാലും ഇതേ വിദ്യ ഉപയോഗിച്ച് വ്യവസായങ്ങൾ വളർത്തി. അദ്ദേഹം, ഫാക്‌ടറികൾ സ്ഥാപിക്കുകയല്ല ചെയ്‌തത്. മറിച്ച്, നഷ്‌ടം സഹിക്കവയ്യാതെ, തകർന്ന മില്ലുകൾ ഏറ്റവും ചുരുങ്ങിയ വിലയ്‌ക്ക് വാങ്ങുക. എന്നിട്ട് അതിനെ സാങ്കേതികവിദഗ്‌ധരെ ഏൽപ്പിക്കുക. ഈ വിധത്തിൽ മഫത്‌ലാൽ കുടുംബം ഇന്ത്യൻ വ്യവസായരംഗത്ത് അഭൂതപൂർവ്വമായ വിജയം നേടി.
പ്രധാന കാരണം, പൗർണ്ണമിചന്ദ്രനെ നോക്കി കോറത്തുണിയുടെ ഗുണഗണങ്ങൾ വർണ്ണിച്ച് വിലപേശിക്കൊണ്ടിരുന്ന ബാലന്റെ മോഹങ്ങൾ ചെന്നെത്തിയത് ചന്ദ്രനിലായിരുന്നു. അനന്തമായ ആകാശം. അതിൽ പറന്നെത്താൻ പറ്റാത്തത്ര അകലത്തിൽ ചന്ദ്രബിംബം.
പക്ഷേ, ഇത് ഗുജറാത്തല്ല. കാലം പഴയതല്ല.
വൈ നോട്ട്? മാനേജിംഗ് ഏജൻസിയേക്കാൾ എത്രയോ സ്വതന്ത്രമായ സിസ്‌റ്റം ഇന്നുണ്ട്. പിന്നെ; കേരളം! നിങ്ങൾ ഒരു ചലഞ്ച് ആയി വന്നിരിക്കുകയല്ലേ? ദെൻ? തിങ്ക് ബിഗ്.
പ്രവീണാണ് പറഞ്ഞത്.
നമ്മൾ ഏറെക്കാലമായി പ്ലാനിട്ട് പാകപ്പെടുത്തിയ ഒരു ആശയം പെട്ടെന്ന് മാറ്റണം എന്ന് വരുമ്പോൾ നമുക്ക് ഒരു മാനസികമായ റസിസ്‌റ്റൻസ് ഉണ്ടാകും. അത് സ്വാഭാവികമാണ്. പക്ഷേ, ഒന്നാലോചിച്ചാൽ പ്രസാദ് പറഞ്ഞത് ശരിയല്ലേ? നമുക്ക് എന്തുകൊണ്ട് വളരെ വലിയ വിശാലമായ ക്യാൻവാസിൽ ചിന്തിച്ചു കൂടാ?
അമ്പിക്കും ബാബുവിനും ഭയം തോന്നി. പ്രവീൺമേനോന് ബിഗ് എന്നുവച്ചാൽ, ഒരു പരിധിയില്ല.
സ്‌കൈ ഈസ് ദി ലിമിറ്റ്. പ്രവീൺ പറയാറുണ്ട്.
സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ അതിധീരമായി ഊഹക്കച്ചവടം നടത്താൻ ഒരിക്കലും പ്രവീണിന് വൈഷമ്യം ഉണ്ടായിട്ടില്ല. ബോംബെയിലെപ്പോലെയല്ലെങ്കിലും കൊച്ചിയിൽ ഒരു റെക്കോർഡ് തന്നെ സൃഷ്‌ടിച്ചിരുന്നു പ്രവീൺ. റിലയൻസിന്റെ ഇരുന്നൂറ്റിയമ്പതുരൂപയ്‌ക്കടുത്ത് വിലയുളള അഞ്ചുലക്ഷവും ആറുലക്ഷവും ഓഹരികളായിരുന്നു ദിവസേന യാതൊരു മടിയുമില്ലാതെ, പ്രവീൺ വിപണനം നടത്തിയിരുന്നത്.
പ്രവീണിന് എന്തും പറയാം!
പക്ഷേ, നമുക്ക്…?
ബാലചന്ദ്രൻ പറഞ്ഞു.
പ്രസാദിന്റെ ഐഡിയയാണ് ഭേദം. ഒരു കാര്യം നമ്മൾ ശരിക്കും അനുഭവിക്കുന്നില്ലേ? ഒരു രംഗത്തുനിന്നും സർക്കാരിൽനിന്നോ, ബാങ്കിൽനിന്നോ, തൊഴിലാളി നേതൃത്വത്തിൽനിന്നോ നമുക്ക് പ്രത്യേക പരിഗണന ലഭിക്കുകയില്ല. എല്ലാവർക്കും അവരുടെ കാര്യത്തിന് തടസ്സം വരരുത്. നമ്മെ സഹായിക്കണമെന്ന് ആഗ്രഹം കാണും. പക്ഷേ, ആവേശമില്ല. അപ്പോൾ നമ്മൾ, ഏതായാലും തുനിഞ്ഞിറങ്ങിയ നിലയ്‌ക്ക് വലിയ രീതിയിൽ പോയാലെന്താ?
ഫൈനാൻസിംഗ്?
ഒരു വലിയ കമ്പനിയും മറ്റു യാതൊരു നിവർത്തിയില്ലെങ്കിലേ, ബാങ്ക് ഫൈനാൻസിന് പോകൂ പ്രൈമറി മാർക്കറ്റാണ് ഏറ്റവും നല്ലത്. പലിശയില്ല. സെക്യൂരിറ്റി വേണ്ട. വ്യവസായം നന്നായി പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ നിക്ഷേപകർക്കും നല്ലത്. പിന്നെ വലിയ രീതിയിലാകുമ്പോൾ തൊഴിലാളികളോടുളള സമീപനത്തിലും നമുക്ക് പല പുതിയ രീതികളും കൊണ്ടു വരാൻ പറ്റിയേക്കും. റിസർച്ച്, ക്വാളിറ്റി കൺട്രോൾ ഇവയ്‌ക്കു വേണ്ടിയും പണം ചിലവാക്കാൻ പറ്റും. ചെറിയ രീതിയിലായാൽ നമുക്ക് പരീക്ഷണം നടത്താൻപോലും പലപ്പോഴും സാധിച്ചെന്ന് വരികയില്ല.
എല്ലാം കേട്ടിട്ടും പ്രത്യേകം അഭിപ്രായം ഒന്നും ഇടയ്‌ക്കുകയറി പറയാതിരിക്കുന്നത് എ.പി. ദാസിനെ സംബന്ധിച്ചിടത്തോളം അസാധാരണമായിരുന്നു.
അങ്കിൽ എന്താ ഒന്നും പറയാത്തത്?
എ.പി.ദാസ് ചുറ്റും നോക്കി. അല്‌പനിമിഷം നിശബ്‌ദനായി ഇരുന്നു. പിന്നീട് തലയുയർത്തി.
ഞാനാലോചിക്കുകയായിരുന്നു. തിങ്ക് ബിഗ്. നല്ലതുതന്നെ. പക്ഷേ, ദാ, നമ്മളിരിക്കുന്ന ഈ ഹാളും, ഫാക്‌ടറിയും, പരിസരവും നോക്കൂ. കൈമള് സാറ്, ഒരു വിഷനറിയായി, വലുതായി ചിന്തിച്ചതിന്റെ ഫലമല്ലേയിത്? എന്നിട്ട്? സ്വപ്‌നങ്ങൾ നല്ലതാണ്. ആവശ്യവുമാണ്. അവ ഇല്ലെങ്കിൽ നമുക്ക് യാതൊരു പുരോഗതിമുണ്ടാകുകയില്ല. പക്ഷേ സ്വപ്‌നങ്ങൾ വെറും വായുവിൽ പടുത്തുയർത്തിയതാകരുത്. ഉറച്ചു നിലത്തുനിന്നുകൊണ്ടായിരിക്കണം ആകാശത്തേക്കു നോക്കുന്നത്. പിരമിഡിന്റെ കൂർത്ത മുനയിൽ നിൽക്കരുത്. കാല് ഇരുവശവും ഉറപ്പിക്കാൻ സൗകര്യമുളളിടംവരെയേ പോകാവൂ.
അങ്കിൾ പറയുന്നത്…
ഞാനൊരു കഥ പറയാം. കഥയല്ല. സത്യം. നടന്ന കഥ. നിങ്ങളെപ്പോലെ, നമ്മളെപ്പോലെ ഒരു വിഷനറിയുടെ കഥ. വലുതായി ചിന്തിച്ച ഒരു എമ്മേക്കാരൻ. ഏകദേശം പ്രോഡക്‌ട് മിക്‌സും നിങ്ങളുടേതുപോലെയായിരുന്നു.
പറയൂ.
ബിസിനസ്സ് പാരമ്പര്യമില്ലാത്ത ഒരു ചെറുപ്പക്കാരൻ. ബുദ്ധിയും കർമ്മശേഷിയും, നല്ല പെരുമാറ്റവും. ഒരു കോളേജ് ലക്‌ചറോ, ബാങ്ക് ആഫീസറോ ആകേണ്ടതിനു പകരം, ഒരു സ്വപ്‌നവുമായി വ്യവസായരംഗത്തു വന്നു. തീവ്രമായ മത്സരമുളള ഒരു ഉത്‌പന്നം. വലിയ വലിയ കമ്പനികളും പരസ്യവും. ചെറുപ്പക്കാരൻ ചെറിയ തോതിൽ രണ്ടു ജോലിക്കാരേയും വച്ച് ഒരു വാടകമുറിയിൽ ഫാക്‌ടറി സ്ഥാപിച്ചു. രണ്ട് തൊഴിലാളി, ഒരു മുതലാളി. മുതലാളിതന്നെയാണ് വില്‌പനക്കാരനും. അയാൾ ഉത്‌പന്നങ്ങളിൽ സ്വന്തമായ പരീക്ഷണങ്ങൾ നടത്തി. ക്വാളിറ്റി, വളരെ മെല്ലെ, മാർക്കറ്റിൽ അംഗീകരിക്കപ്പെട്ടു. നാലുകൊല്ലം. ഇവിടെ കൊച്ചിയിൽ തന്നെയാണ്. അഞ്ഞൂറോളം തൊഴിലാളികളുളള സാമാന്യം വലിയ ഫാക്‌ടറിയായി മാറി. അയാൾ കോളേജിൽ ഇടതുപക്ഷ വിദ്യാർത്ഥി യൂണിയൻ നേതാവായിരിന്നു. അയാൾ തന്നെ മുൻകൈയെടുത്ത് യൂണിയനുണ്ടാക്കി, സ്വന്തം ഫാക്‌ടറിയിൽ. ആദ്യമാദ്യം വലിയ പ്രശ്‌നമുണ്ടായിരുന്നില്ല. ലോഡ്‌ജിൽ നൂറു രൂപ വാടകയ്്ക്ക് താമസിച്ചിരുന്ന മുതലാളി മാരുതി കാറ്, അതിറങ്ങിയ കാലത്ത്, വാങ്ങിയതാണോ കാരണമെന്നറിഞ്ഞുകൂടാ. പെട്ടെന്നായിരുന്നു മാറ്റം. ഏറ്റവും തമാശ, തൊഴിലാളിസമരങ്ങൾക്ക് വെറും നിസ്സാരമായ കാരണങ്ങൾ മതിയായിരുന്നു, എന്നതാണ്. നേതാക്കന്മാർ, പണ്ട് അയാളുടെയൊപ്പം കോളേജ് യൂണിയനിൽ പ്രവർത്തിച്ചിരുന്നവരാണ്. നല്ല മനുഷ്യർ. അയാൾക്ക് അവരുടെ സമീപനവുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. സമരങ്ങൾ, ശമ്പളത്തേയോ, മറ്റ് സാമ്പത്തികാനുകൂല്യങ്ങളെയോ കുറിച്ചായിരുന്നില്ല. ഔട്ട് പുട്ട് കൂട്ടാൻ പാടില്ല. ഓവർടൈം ആവശ്യമില്ല. കൂടുതൽ പ്രൊഡക്‌ഷൻ വേണമെങ്കിൽ കൂടുതൽ ജോലിക്കാരെ നിയമിക്കൂ. അയാൾക്ക് സാവധാനമാണ് കാര്യങ്ങൾ മനസ്സിലായത്. ഇതേ രീതിയിലുളള പണിചെയ്യുന്ന പൊതുമേഖലാഫാക്‌ടറികളിൽ ഔട്ട്‌പുട്ട് തീരെ കുറവാണ്. അവിടെയും കൂലി ഇത്രയും കിട്ടും. അപ്പോൾ ഇവിടെ പ്രൊഡക്ഷൻ കൂട്ടാൻ എന്തുകൊണ്ട് കൂടുതൽ ജോലിക്കാരെ നിയമിച്ചു കൂടാ. പ്രശ്‌നങ്ങൾ. ഒരിക്കലും തീരാത്ത ചർച്ചകൾ. സമരം.
പിന്നെ?
ആ ചെറുപ്പക്കാരൻ ഫാക്‌ടറി പൂട്ടി. പ്രൊഡക്‌ഷൻ വികേന്ദ്രീകരിച്ചു. ചെറിയ ചെറിയ യൂണിറ്റുകൾ തമിഴ്‌നാട്ടിലും കർണ്ണാടകയിലും സ്ഥാപിച്ചു. ഹെഡ് ഓഫീസ് ഇവിടെ. ക്വാളിറ്റി കൺട്രോൾ നടത്താൻ മാത്രം ഉദ്യോഗസ്ഥർ. ഇന്ന് അയാൾ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, ഇവിടെയല്ല എന്ന് മാത്രം.
അയാളുടെ പഴയ ജോലിക്കാർ?
അവർക്ക് നിയമപ്രകാരമുളള എല്ലാ ആനുകൂല്യങ്ങളും നൽകിയാണ് പിരിച്ചു വിട്ടത്.
നേതാക്കന്മാർ?
അവർ ഇപ്പോഴും സുഹൃത്തുക്കളാണ്. ജാഥ നടത്താൻ പഴയ റേറ്റിൽത്തന്നെ പിരിവിനു വരും. നൽകും.
പ്രവീൺ പറഞ്ഞു.
അങ്കിൾ പറഞ്ഞത് ശരിയാണ്. പക്ഷേ, നമ്മെപ്പോലെയുളളവർപോലും ഭയന്ന് മാറിയാൽ, ഇന്നത്തെ മാറിയ പരിതസ്ഥിതികളുടെ ഗുണം നാട്ടുകാരെ മനസ്സിലാക്കിക്കൊടുക്കുവാൻ, ഐ മീൻ, സ്വന്തം ചെയ്‌തികളിലൂടെ മറ്റാർക്ക് കഴിയും?
അപ്പോഴാണ് അവർ ഒരു വലിയ വ്യവസായം തന്നെ കൊച്ചി മേഖലയിൽ തുടങ്ങണം എന്ന ആശയത്തോട് മാനസികമായി താദാത്മ്യം പ്രാപിച്ചത്.
Generated from archived content: privatelimited26.html Author: klm_novel