പ്രൈവറ്റ്‌ ലിമിറ്റഡ്‌

നിങ്ങൾക്ക്‌ ധൈര്യമുണ്ടോ?

ഉണ്ട്‌.

എന്തെങ്കിലും ചെറിയ പ്രശ്‌നങ്ങൾ ഉണ്ടായാലുടൻ എല്ലാം വലിച്ചിട്ടെറിഞ്ഞ്‌ വ്യവസായരംഗത്തുനിന്നും ഭയപ്പെട്ട്‌ ഓടുമോ?

ബാലചന്ദ്രൻ, അമ്പിയുടെ കാൽമുട്ടിൽ മെല്ലെ സ്പർശിച്ചു. ആഫീസർ മാരാർസാറ്‌, തന്നെ ഉദ്ദേശിച്ചായിരിക്കും പറഞ്ഞത്‌. പുതുതായി ആരംഭിച്ച മേഖലാവ്യവസായ ഉപദേശകൻ എന്ന ലാവണത്തോടുകൂടി, ഒരു ആഫീസർ മധ്യകേരളത്തിലെ വ്യവസായ സംരംഭകർക്ക്‌ മാർഗ്ഗനിർദ്ദേശം നൽകാൻ വേണ്ടി മാത്രമായി എറണാകുളത്ത്‌ ചാർജെടുത്തു എന്നറിഞ്ഞപ്പോൾ അദ്ദേഹത്തെ കാണാൻ പോയി. വ്യവസായം തുടങ്ങാൻ ഉദ്ദേശിക്കുന്നവർ ഒരു ഫോറം പൂരിപ്പിച്ച്‌ പോസ്‌റ്റിൽ അയയ്‌ക്കുക. ഫോറം, ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിൽ പ്രത്യേകപരിശീലനം നേടിയ വിദഗ്‌ദ്ധർ തിരുവനന്തപുരത്തു തയ്യാറാക്കിയതാണ്‌. അതിൽ വ്യവസായ ബിസിനസ്‌ രംഗത്തെ പരിചയം എന്ന കോളത്തിൽ ബാലചന്ദ്രൻ പണ്ട്‌ താൻ കളമശ്ശേരിയിൽ നടത്തി പരാജയമടഞ്ഞ വ്യവസായത്തെക്കുറിച്ച്‌ സൂചിപ്പിച്ചിരുന്നു. ഫോറങ്ങൾ കിട്ടി അതിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ അപേക്ഷകനും സമയം നിശ്ചയിക്കും, വിശദമായ ചർച്ചയ്‌ക്ക്‌.

ബാലചന്ദ്രനും അമ്പിയും അങ്ങനെ വിശദമായ ചർച്ചയ്‌ക്ക്‌ തയ്യാറായി എത്തിയതായിരുന്നു.

ഒരു പുരാതനത്വം ഇപ്പോഴും ഭിത്തിയിലും ജനൽപ്പടിയിലും ദൃശ്യമായിരുന്ന ആഫീസ്‌. പക്ഷേ ഏറ്റവും ആധുനികരീതിയിലുളള ഫർണീച്ചർ, സൈഡ്‌ ടേബിളിൽ ഒരു കമ്പ്യൂട്ടർ, മേശപ്പുറത്ത്‌ വിവിധ വർണ്ണങ്ങളിലുളള ടെലിഫോണുകൾ, ഇന്റർകോം. പിന്നിൽ കസേരയിൽ ഗൗരവത്തിൽ ചാരിയിരിക്കുന്ന, ആഫീസർ, മിസ്‌റ്റർ മാരാർ. അദ്ദേഹം മേശപുറത്തു തുറന്നു വച്ചിരുന്ന ഫയലിൽ വീണ്ടും നോക്കി.

ഫൈനാൻസ്‌ നിങ്ങൾ സ്വയം ശരിയാക്കിക്കൊളളുമെന്നാണല്ലോ എഴുതിയിരിക്കുന്നത്‌?

അതെ.

നിങ്ങൾക്ക്‌ നല്ല ഒരു ടീമുണ്ട്‌. ഞാൻ സമ്മതിച്ചു. എൻജിനീയർ, ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌, വ്യവസായമേഖലയിൽ ജോലിയിലിരുന്നവർ-പക്ഷേ നിങ്ങളെല്ലാവരും എന്നും ഒന്നിച്ചു നിൽക്കും, ഒന്നിച്ചു പ്രവർത്തിക്കും എന്നതിന്‌ എന്താണു ഗാരണ്ടി?

ഒരു ഗാരണ്ടിയുമില്ല. പക്ഷേ ഞങ്ങൾക്കു തമ്മിൽ ഒരു ബന്ധമുണ്ട്‌, ഒരു വിഷൻ. ഇവിടെ, നമ്മുടെ നാട്ടിൽ ഒരു വ്യവസായസംരംഭം വിജയകരമായി പ്രവർത്തിപ്പിക്കണം. ആ സ്വപ്‌നം മുന്നിലുളളപ്പോൾ പെട്ടെന്ന്‌ തമ്മിൽത്തല്ലാനിടയില്ല.

ഗുഡ്‌.

അദ്ദേഹം അരമണിക്കൂർ നിർത്താതെ സംസാരിച്ചു. ഇടയ്‌ക്കിടയ്‌ക്ക്‌ ഫയലിൽ കണ്ണോടിച്ചു. കംപ്യൂട്ടർ ഒരു ആകർഷകവസ്‌തുവായി പ്രദർശിപ്പിച്ചിരുന്നതുപോലെയേ തോന്നിയുളളൂ. ഫയലിലുളള വിവരങ്ങളെല്ലാം കംപ്യൂട്ടറിൽ കാണേണ്ടതാണ്‌. എന്തോ! അദ്ദേഹം ഒരിക്കൽപ്പോലും കംപ്യൂട്ടറിൽ ശ്രദ്ധിച്ചില്ല.

മുമ്പൊരിക്കൽ എ.പി.ദാസ്‌ പറഞ്ഞത്‌ അമ്പി ഓർത്തു.

എത്ര ടെക്‌നോളജിക്കൽ കണ്ടുപിടിത്തങ്ങൾ നമ്മുടെ കൈവശമെത്തിയാലും കുട്ടിക്കാലത്തു പരിചയിച്ചതിൽനിന്ന്‌ നമുക്ക്‌ മാറാൻ പ്രയാസമാണ്‌.

അദ്ദേഹം ഉദാഹരണം കാട്ടിയിരുന്നു.

കൈവിരൽ മടക്കി അങ്കഗണിതത്തിലെ സങ്കലനം പഠിച്ചതാണ്‌. അക്കങ്ങൾ തമ്മിൽ കൂട്ടണമെങ്കിൽ വിരൽ മടക്കണം. ഗുണനമാണെങ്കിൽ ഗുണനപ്പട്ടിക പണ്ട്‌ മനഃപാഠമാക്കിയതിൽനിന്ന്‌ താനെ മനസ്സിൽ വരും. അതിനിടയ്‌ക്കാണ്‌ കാൽക്കുലേറ്റർ രംഗപ്രവേശം ചെയ്‌തത്‌. കാൽക്കുലേറ്ററുകൾക്കു മുമ്പുതന്നെ ഒരു ചെറിയ മേശപ്പുറം നിറഞ്ഞു നിൽക്കുന്ന വലിയ കാൽക്കുലേറ്റിംഗ്‌ മെഷീനും, അതു പ്രവർത്തിപ്പിക്കാൻ പ്രത്യേക പരിശീലനം നേടിയ കണക്കുവിദഗ്‌ദ്ധരും ഉണ്ടായിരുന്നു ആഫീസിൽ. കമ്പനി രജിസ്‌ട്രാർക്കു സമർപ്പിക്കേണ്ട വാർഷികക്കണക്കുകളോടൊപ്പം തയ്യാറാകുന്ന ഷെഡ്യൂളുകളും, ലെഡ്‌ജറുകളും കൂട്ടിയെടുക്കാൻ മാത്രമാണ്‌ ഈ കാൽക്കുലേറ്ററിന്റെ സഹായം തേടിയിരുന്നത്‌. പുതിയ കാൽക്കുലേറ്ററുകൾ, പോക്കറ്റിൽ സൂക്ഷിക്കാവുന്നത്‌, പഴ്‌സിൽ വയ്‌ക്കാവുന്നത്‌, സർവ്വ സാധാരണയായി. ആഫീസിൽ എല്ലാ ക്ലർക്കുമാർക്കും ജാപ്പനീസ്‌ കാൽക്കുലേറ്റർ നൽകി. പക്ഷേ ആരും അത്‌ ഉപയോഗിച്ചില്ല. അഥവാ ഈ യന്ത്രത്തിന്റെ നൂതനത്വംകൊണ്ട്‌ ഉപയോഗിച്ചാൽതന്നെ, അതിൽ കൂട്ടുമ്പോഴോ, ഗുണിക്കുമ്പോഴോ കിട്ടിയ അവസാന ഉത്തരം ശരിയാണോ എന്നു പരിശോധിക്കുവാൻ കൈവിരൽകൊണ്ട്‌ കൂട്ടും. മനസ്സുകൊണ്ട്‌ ഗുണിക്കും. കംപ്യൂട്ടറും അതുപോലെയാണ്‌. തലമുറകളേക്കാൾ അതിവേഗമല്ലേ, പരമ്പരാഗതമായ രീതികളെ മാറ്റിമറിക്കുന്ന ടെക്‌നിക്കൽ കണ്ടുപിടിത്തങ്ങൾ ജീവിതത്തിൽ സർവ്വസാധാരണമാകുന്നത്‌. അതുകൊണ്ട്‌ പഴയ തലമുറയ്‌ക്ക്‌ അതുമായി പൊരുത്തപ്പെടാൻ സാധിക്കാത്തതിൽ വ്യാകുലപ്പെടേണ്ട.

കംപ്യൂട്ടറുണ്ടെങ്കിലും, മാരാർസാറിന്‌ കടലാസിൽ എഴുതിവച്ചിട്ടുളള വിവരങ്ങൾ കടലാസിൽ തെളിഞ്ഞുകണ്ടാലേ വിശ്വാസമാകുകയുളളൂ.

മാരാർസാറ്‌ ഉപദേശിച്ചു. എപ്പോഴും മാർക്കറ്റാണ്‌ പ്രധാനം. നിങ്ങൾ ഒരു ഉത്‌പന്നം ഉണ്ടാക്കാനായി വ്യവസായം തുടങ്ങുമ്പോൾ പ്രധാനമായി ഓർക്കേണ്ടത്‌ നിങ്ങൾക്ക്‌ ആ ഉത്‌പന്നം വിപണിയിൽ വിറ്റഴിക്കാൻ സാധിക്കുമോ എന്നതാണ്‌. ഗുണമേന്മയുളള ഉത്‌പന്നങ്ങൾ ആകർഷണീയമായ പരസ്യത്തോടെ വലിയ വലിയ കമ്പനികൾ മാർക്കറ്റിൽ അനുദിനം കൊണ്ടുവന്നുകൊണ്ടിരിക്കും. യൂ ഹാവ്‌ ടു ബി വെരി കെയർഫുൾ.

ഞങ്ങൾ ഇലക്‌ട്രിക്കൽ ഉത്‌പന്നങ്ങളാണ്‌ ഇപ്പോൾ ഉദ്ദേശിച്ചിട്ടുളളത്‌. അതിനാകുമ്പോൾ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണല്ലോ.

മാരാർസാറ്‌ അത്‌ ശ്രദ്ധിച്ചില്ല. കേട്ടുകാണും. പക്ഷേ അദ്ദേഹം തന്റെ അനുസ്യൂതമായ ചിന്തയുടെ ഒഴുക്കിലായിരുന്നു. പറഞ്ഞു.

ഉത്‌പന്നം തെരഞ്ഞെടുക്കുമ്പോൾ മൂന്നു കാര്യങ്ങൾ നോക്കണം. ഒന്നാമത്‌, അത്‌ എല്ലാവരും സ്വീകരിക്കുന്നതാകണം. മനസ്സിലായോ? വാങ്ങണമെന്നില്ല. സ്വീകാര്യമായിരിക്കണം.

മനസ്സിലായില്ല.

ദാ, നോക്കു വെളളം. ദാഹിക്കുമ്പോൾ നാം വെളളം കുടിക്കുന്നു. ദാഹം തീരും. മൺകുടത്തിൽ വച്ചിരുന്ന വെളളമാണെങ്കിൽ ശരീരമാകെ കുളിർമ്മയും കിട്ടും. പക്ഷേ വെളളത്തിനു പകരം കരിക്ക്‌ കുടിച്ചാലോ? കരിക്ക്‌ ദാഹം ശമിപ്പിക്കും. ഒപ്പം ക്ഷീണവും മാറ്റും. പിന്നെ ഒരു ഉന്മേഷം ഉണ്ടാകും. ഇല്ലേ? അപ്പോൾ ആൾക്കാർ വെളളത്തിനു പകരം കരിക്കിൻ വെളളം സ്വീകരിച്ചുകൊളളും. അപ്പോൾ അവിടെയാണ്‌ നമ്മുടെ രണ്ടാമത്തെയും മൂന്നാമത്തെയും കാര്യങ്ങൾ വരുന്നത്‌. അവ കരിക്കിൻ വെളളം ലഭിക്കുന്നതുപോലെ കൈയെത്തുന്നിടത്ത്‌ ലഭ്യമായിരിക്കണം. പിന്നെ, അതിന്റെ വില വെറും വെളളം കുടിക്കുന്നവനെ കരിക്കു കുടിക്കാരനാക്കിമാറ്റാൻ തക്കപോലെ ആകർഷകമായിരിക്കണം. സ്വീകാര്യം, ലഭ്യത, വില-ഈ മൂന്നു കാര്യങ്ങളിലും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾ വിജയിക്കും.

ഉവ്വ്‌ സാർ! പൗവർ സെക്‌ടറിൽ ആണ്‌ ഞങ്ങൾ ഒരു ഐഡിയ ഇട്ടിരിക്കുന്നത്‌.

വെരി ഗുഡ്‌. സംശയമില്ല. ഇലക്‌ട്രിസിറ്റിയാണ്‌ ഒരിക്കലും നമുക്ക്‌ ആവശ്യത്തിനനുസരിച്ച്‌ ഭാവിയിൽ കിട്ടാതിരിക്കാൻ സാധ്യതയുളള വസ്‌തു. എല്ലാ സുഖസൗകര്യങ്ങളുടേയും അടിസ്ഥാനം ഇനിയും സംശയമില്ല, വൈദ്യുതിയാണ്‌. നമ്മൾ ഓരോരുത്തരും ഉപയോഗിക്കുന്ന വൈദ്യുതിയുടെ പത്തിരട്ടിയാണ്‌ കൊറിയാക്കാരൻ ഉപയോഗിക്കുന്നത്‌. അമേരിക്കയിൽ മുപ്പതിരട്ടിയും. അതേ സമയം നമ്മുടെ, ഇന്ത്യയുടെ ആകെ വൈദ്യുതിയുത്‌പാദനം പത്തുവർഷത്തിനകം ഇരട്ടിക്കണം, ഇതേ തോതിൽ നമ്മൾ മുന്നോട്ടു പോകണമെങ്കിൽ. അത്‌ ഏതായാലും ഉണ്ടാകാൻ പോകുന്നില്ല. അപ്പോഴെന്താ, വോൾട്ടേജ്‌ ക്ഷാമം, പവർകട്ട്‌, വൈദ്യുതി ഉപകരണങ്ങൾക്ക്‌ കേട്‌, എല്ലാവരും അപ്പോൾ അവയെ നേരിടാനുളള ഉത്‌പന്നങ്ങൾ! ഗുഡ്‌ ഐഡിയ!

മാരാർസാറിന്‌ കണക്കുകൾ കാണാപ്പാഠമാണ്‌. ബാലചന്ദ്രന്‌ ബോറടിച്ചു തുടങ്ങി. ഇതുവരെ പ്രായോഗികമായി ഉപകാരപ്രദമായ ഒരു ഉപദേശവും ലഭിച്ചില്ല.

മാരാർസാറ്‌ ചായ വരുത്തി.

അദ്ദേഹം പറഞ്ഞു.

ഞാൻ സർക്കാരുദ്യോഗസ്ഥനാണ്‌. അതുകൊണ്ട്‌ കുറ്റം പറയാൻ പാടില്ല. എങ്കിലും ചുറ്റും നടക്കുന്നത്‌ കാണാതിരിക്കാൻ, കേൾക്കാതിരിക്കാൻ എനിക്കു കഴിയുമോ? ഈ രാഷ്‌ട്രീയക്കാർ, സത്യം പറഞ്ഞാൽ അവരു കാരണമാണ്‌, ഈ നമ്മുടെ കേരളത്തിൽ… ബൈ ദ വേ, നിങ്ങൾക്ക്‌ രാഷ്‌ട്രീയമായി ഇടതിനോടോ വലതിനോടോ ചായ്‌വ്‌?

ഞങ്ങൾക്ക്‌ അങ്ങനെ രാഷ്‌ട്രീയമൊന്നുമില്ല.

അതെ. അതാ നല്ലത്‌. ഞങ്ങളും നിങ്ങളും, സർക്കാരുദ്യോഗസ്ഥരും വ്യവസായികളും ഒരുപോലെയാണ്‌. നമുക്കു രണ്ടു കൂട്ടരും വേണം. വേണമെന്നല്ല. വേണ്ട എന്നുവയ്‌ക്കാനൊക്കില്ലല്ലോ? രണ്ടു കൂട്ടരും മാറിമാറി ഭരിച്ചുകൊണ്ടിരിക്കും. ഞങ്ങൾ ഭരിക്കുന്നവരെ അനുസരിക്കും. പക്ഷേ മറ്റവരെ പിണക്കുകയില്ല. നിങ്ങളും അതുപോലെതന്നെ. രണ്ടു കൂട്ടർക്കും പിരിവിനു വരുമ്പോൾ പണംകൊടുക്കാത്ത ഏതെങ്കിലും വ്യവസായിയുണ്ടോ കേരളത്തിൽ? അപ്പോഴെന്താ, പറഞ്ഞുവന്നത്‌, നമുക്ക്‌ രാഷ്‌ട്രീയം വേണ്ട.

അതേ.

ഇപ്പോൾത്തന്നെ, ഞാൻ നിങ്ങൾക്ക്‌ ഫാക്‌ടറി തുടങ്ങാൻ ഒന്നാംതരം ഒരു സ്ഥലം കണ്ടുവച്ചിട്ടുണ്ട്‌. നിങ്ങളുടെ അപേക്ഷ വന്നപ്പോഴേ ഞാൻ തീർച്ചപ്പെടുത്തി, നമ്മുടെ ആലുവായ്‌ക്കിപ്പുറത്തുളള ഇൻഡസ്‌ട്രിയൽ എസ്‌റ്റേറ്റിൽ കളമശ്ശേരി ഏരിയായിൽ നല്ല ഒരു ഫാക്‌ടറി ഇപ്പോൾ കാലിയായിട്ടുണ്ട്‌. മുമ്പ്‌ ഒരു പാർട്ടി നടത്തിയിരുന്നതാ. രണ്ടുമൂന്നു വർഷംമുമ്പ്‌ പൂട്ടി. മെഷീനറിയെല്ലാം ഈയിടെ ബാങ്ക്‌ ലേലം ചെയ്‌തു. ഇപ്പോൾ എല്ലാം മാറ്റി നല്ല ക്ലീൻ. വെളളത്തിന്‌ വെളളം, ഇലക്‌ട്രിസിറ്റി, റോഡ്‌, മറ്റ്‌ ഇൻഫ്രാസ്‌ട്രക്‌ച്ചർ എല്ലാമുണ്ട്‌. നിങ്ങൾക്കാകുമ്പോൾ ചില കൺസഷനുകളും ശരിയാക്കാം. പക്ഷേ ഒരു കാര്യം. ആരും വിവരം അറിയരുത്‌. രഹസ്യം ആയിരിക്കണം. ഇപ്പോൾ ഭരിക്കുന്ന പാർട്ടിയുടെ പ്രധാന ഗ്രൂപ്പിലെ നേതാവിന്‌ ചുളുവിൽ സ്വന്തക്കാരന്‌ കൊടുപ്പിക്കണം. ഞാൻ നേരിട്ട്‌ “നോ” പറഞ്ഞില്ല. പറഞ്ഞാൽ ആ കസേരയിൽ ഇപ്പോൾ ഞാൻ കാണില്ലായിരുന്നു. പക്ഷേ ഞാൻ ഒന്ന്‌ സൂചിപ്പിച്ചു. നല്ല ഒരു ബിസിനസ്‌ പാർട്ടിവന്നിട്ടുണ്ട്‌. അവർക്കിതു കൊടുക്കണമെന്ന്‌ എതിർഗ്രൂപ്പിന്റെ നേതാവ്‌ പറഞ്ഞിട്ടുണ്ടെന്ന്‌. ഈ രണ്ടു നേതാക്കളും തമ്മിൽ അന്യോന്യം മിണ്ടുകില്ല. അതുകൊണ്ട്‌ ആദ്യത്തെ നേതാവ്‌ ഇന്നലെ എന്നോട്‌ പറഞ്ഞു. നമ്മുടെയാൾക്കു കിട്ടിയില്ലെങ്കിലും മറ്റേയാൾക്ക്‌ കൊടുക്കരുതെന്ന്‌. ഞാൻ സമ്മതിച്ചു. ഇതാ, നിങ്ങളുടെ ഭാഗ്യം. നല്ലാം ഒന്നാംതരം ഏരിയാ. ചുറ്റും വ്യവസായങ്ങൾ തന്നെ. ഒരു ഇൻഡസ്‌ട്രിയൽ ക്ലൈമറ്റ്‌.

സേർ, ഞങ്ങൾക്ക്‌ ഫാക്‌ടറിക്ക്‌ സ്ഥലം വേണ്ട. ഞങ്ങളൊരു ഫാക്‌ടറി പണിയൊന്നും ഇല്ലാത്തത്‌, വാടകയ്‌ക്ക്‌ എടുത്തു. പിന്നെ സാറ്‌ പറഞ്ഞ ഷെഡ്‌..?

ബാലചന്ദ്രൻ ഇൻഡസ്‌ട്രിയൽ എസ്‌റ്റേറ്റിലെ ഷെഡിന്റെ നമ്പർ പറഞ്ഞു.

മാരാർസാർ അത്ഭുതപ്പെട്ടു.

അതെ, അതുതന്നെ. നിങ്ങൾക്കെങ്ങനെ അറിയാം.

പണ്ട്‌, ആ ഇൻഡസ്‌ട്രിയൽ എസ്‌റ്റേറ്റ്‌ തുടങ്ങിയ കാലത്ത്‌ ആ ഷെഡിലെ ആദ്യത്തെ വ്യവസായി ഞാനായിരുന്നു.

മാരാർസാർ അത്ഭുതത്തോടെ നോക്കി. തണുത്ത ചായയുടെ ബാക്കി മൊത്തി.

ബാലചന്ദ്രൻ തുടർന്നു. എനിക്കുശേഷം, രണ്ടാമത്തെയാളാണിതു നടത്തിയിരുന്നത്‌. ബാലചന്ദ്രനും അമ്പിയും എഴുന്നേറ്റു.

മാരാർസാർ ഒരുനിമിഷം ശങ്കിച്ചിട്ട്‌ പറഞ്ഞു.

ഇനിയെന്നാ വരുന്നത്‌? ഐ ആം ആൾവൈസ്‌ അവയിലബിൾ. ഇന്ന്‌ നമ്മുടെ നാട്ടിൽ വ്യവസായികൾക്ക്‌ വേണ്ടത്‌ എന്താണ്‌? ഒരു വ്യവസായ സംസ്‌കാരം. ഇൻഡസ്‌ട്രിയൽ കൾച്ചർ. കമേഴ്‌സിയൽ കൾച്ചർ. അതില്ല. അതുണ്ടാകണം. അതുണ്ടാക്കണം. നിങ്ങളെപ്പോലെയുളള ചെറുപ്പക്കാർക്ക്‌….

ബാലചന്ദ്രൻ ചിരിയിൽ മറുപടി ഒതുക്കി.

മാരാർസാർ പറഞ്ഞു.

വൺ മിനിട്ട്‌. ഒരു പ്രധാന സ്‌കീമിന്റെ കാര്യം പറയാൻ വിട്ടുപോയി. ഞങ്ങൾ ഇടയ്‌ക്കിടയ്‌ക്ക്‌ വ്യവസായികൾക്കായി പരിശീലനകോഴ്‌സ്‌ തുടങ്ങുന്നുണ്ട്‌. പല മേഖലകളിലെയും വിദഗ്‌ദ്ധർ ക്ലാസ്സെടുക്കും. നിങ്ങളുടെ പേരും മേൽവിലാസവും ഞാൻ രജിസ്‌റ്റർ ചെയ്യാം. ഏതെങ്കിലും കോഴ്‌സ്‌ തുടങ്ങുമ്പോൾ അറിയിക്കാം. നിങ്ങളെപ്പോലെയുളളവർ സഹകരിച്ചാലേ ഈ കോഴ്‌സുകൾകൊണ്ട്‌ നാടിന്‌ എന്തെങ്കിലും പ്രയോജനമുണ്ടാകൂ. എന്താ?

അമ്പി പറഞ്ഞു.

താങ്ക്‌സ്‌, ചേരാം സമയമുളളതുപോലെ.

ബാലചന്ദ്രന്‌ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. സർ, വ്യവസായം തുടങ്ങുന്നവരെല്ലാം സാറ്‌ പറയുന്ന വ്യവസായ സംസ്‌കാരം ഉളളവരല്ല. കുറച്ച്‌ പഠിച്ചു. ആവേശമുണ്ട്‌. പണിചെയ്യാൻ ശക്തിയുണ്ട്‌. കുറച്ച്‌ ബുദ്ധിയുണ്ട്‌. അല്‌പം പണവുമുണ്ട്‌. ഇങ്ങനെയുളളവരാണ്‌ കേരളത്തിൽ വ്യവസായം തുടങ്ങാൻ ഉളളവരിൽ ഭൂരിഭാഗവും. അപൂർവം ചിലരേയുളളൂ അച്ഛനോ, അപ്പൂപ്പനോ വളർത്തികൊണ്ടു വന്ന വ്യവസായം തുടർന്നു നടത്താനുളള ഭാഗ്യം ലഭിക്കുന്നത്‌.

മാരാർസാറ്‌ തലയാട്ടി.

യൂ ആർ കറക്‌ട്‌.

പക്ഷേ വ്യവസായം തുടങ്ങി കഴിയുമ്പോഴാണ്‌ അവർ പ്രതീക്ഷിച്ചിരിക്കാത്ത അനവധി പ്രശ്‌നങ്ങളുണ്ടാകുന്നത്‌. അമേരിക്കയിലെ മാനേജ്‌മെന്റ്‌ കൾച്ചറിൽ വ്യവസായം നടത്തേണ്ടത്‌ പഠിച്ചുവന്ന മാനേജ്‌മെന്റ്‌ വിദഗ്‌ധരാണ്‌ ഇവിടെയുളള പ്രശ്‌നങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നത്‌. സ്ഥലം, കെട്ടിടം, ഗതാഗതസൗകര്യം, വാർത്താവിനിമയസൗകര്യം, വൈദ്യുതി, വെളളം, റാ മെറ്റീരിയൽ, മാർക്കറ്റ്‌, ഇവയിലെല്ലാം നിങ്ങൾ സഹായിച്ചേക്കും. പക്ഷേ, ശരിക്കും ഒരു വ്യവസായിയുടെ മുന്നോട്ടുളള പോക്ക്‌ അവന്റെ തൊഴിലാളികളുമായുളള ബന്ധം അനുസരിച്ചായിരിക്കും. ഒരു വ്യവസായസംസ്‌കാരത്തെക്കുറിച്ച്‌ പറഞ്ഞല്ലോ. അതുപോലെ ഒരു തൊഴിൽസംസ്‌കാരവും വേണ്ടേ? അതിന്‌, സാറിന്റെ ഏത്‌ സഹായമാണ്‌ ലഭിക്കുന്നത്‌. വാസ്‌തവത്തിൽ, കേരളത്തിലെ വ്യവസായികൾക്ക്‌ ഏറ്റവും ആവശ്യം ആ മേഖലയിലുളള സഹായമാണ്‌.

മാരാർസാർ സരളമായ പ്രതിവിധി എന്ന മട്ടിൽ പറഞ്ഞു.

അതിന്‌ പ്രത്യേക ഡിപ്പാർട്ട്‌മെന്റുണ്ട്‌. തൊഴിൽ വകുപ്പ്‌-ലേബർ മന്ത്രി മുതൽ…

സർ അത്‌ തൊഴിൽകുഴപ്പം മൂർദ്ധന്യമാകുമ്പോൾ മാത്രം വരുന്ന ഒരു മീഡിയേറ്ററാണ്‌. അവർ പ്രശ്‌നത്തിന്‌ പരിഹാരം കാണാൻ ശ്രമിക്കുന്നത്‌ രണ്ടുകൂട്ടരും തമ്മിൽ, മുതലാളിയും തൊഴിലാളിയും തമ്മിൽ ഒത്തുതീർപ്പ്‌ ഫോർമുലകൾ ഉണ്ടാക്കാനാണ്‌. പ്രശ്‌നത്തിന്റെ കാതൽ അന്വേഷിച്ച്‌ ഒരു തൊഴിൽസംസ്‌കാരം വളർത്താനല്ല.

അയാം സോറി. മറ്റൊരു ഡിപ്പാർട്ട്‌മെന്റിന്റെ കഴിവുകേടിനെക്കുറിച്ച്‌ ഞാൻ കമന്റ്‌ ചെയ്യുന്നത്‌ ശരിയല്ല. അവർക്ക്‌ അവരുടേതായ പരാധീനതകൾ കാണും. ഇല്ലേ? മാത്രവുമല്ല, നമ്മുടെ ഒട്ടുമുക്കാൽ വ്യവസായികളും, ഞാൻ മുമ്പേ പറഞ്ഞില്ലേ, ഒരു വ്യവസായസംസ്‌കാരം വളർത്തിയെടുക്കാത്തവരാകുമ്പോൾ, അവർ തങ്ങളുടെ പരാജയത്തിന്‌ തൊഴിലാളികളെ കുറ്റം പറയും. അത്‌ തെറ്റല്ലേ?

ആ നിമിഷം അമ്പി തീർച്ചപ്പെടുത്തി; കഴിയുന്നതും സർക്കാർ ഉദ്യോഗസ്ഥന്മാരുമായി ഇടപാട്‌ പാടില്ല. ഒന്നും മിണ്ടാതെ ഇറങ്ങിപ്പോരാൻ തുടങ്ങിയതാണ്‌. തിരിഞ്ഞുനിന്ന്‌ ചോദിച്ചു.

സാറ്‌, എന്നെങ്കിലും കേരളത്തിൽ എവിടെയെങ്കിലും വല്ല വ്യവസായവും തുടങ്ങിയിട്ടുണ്ടോ? സാറിന്‌ ഇത്രയധികം അറിവും കഴിവും ഉളളപ്പോൾ സാറ്‌..

അദ്ദേഹം എഴുന്നേറ്റു.

ഞാൻ.. ഞാൻ തുടങ്ങിയോ എന്ന്‌ ചോദിച്ചാൽ ഇല്ല എന്നേ പറയുകയുളളൂ. ഞങ്ങൾക്ക്‌, സർക്കാർ ഉദ്യോഗസ്ഥന്മാർക്ക്‌ അത്‌ പാടില്ലല്ലോ. പക്ഷേ എന്റെ മകളുടെ ഭർത്താവ്‌ ഒരെണ്ണം തുടങ്ങി. ആദ്യം മുതൽ ഞാൻ അതുമായി ബന്ധപ്പെട്ടിരുന്നു.

എവിടെ?

ഇവിടെയടുത്തുതന്നെ

പേര്‌?

മാരാരുസാറ്‌ ഫാക്‌ടറിയുടെ പേരു പറഞ്ഞു.

ബാലചന്ദ്രൻ അത്ഭുതത്തോടെ മാരാർസാറിനെ നോക്കി.

അത്‌ നാലുകൊല്ലമായി പൂട്ടികിടക്കുകയാണല്ലോ? ഇപ്പോൾ കോയമ്പത്തൂരിൽ ആണോ…

അല്ല. സേലത്തിനടുത്താണ്‌. അവിടെ മൂന്നു കൊല്ലമായി യാതൊരു കുഴപ്പവുമില്ലാതെ പ്രവർത്തിക്കുന്നു.

അഞ്ചു നിമിഷം അവർ അന്യോന്യം നോക്കി. പെട്ടെന്ന്‌ മാരാർ ചിരിച്ചു.

ഈ കസേരയിലിരുന്നുകൊണ്ട്‌ പറയാൻ പാടില്ല. എങ്കിലും അറിഞ്ഞുകൊണ്ട്‌ ഞാൻ നിങ്ങളെ ദ്രോഹിക്കരുതല്ലോ. എന്തേ? എന്റെ ആത്മാർത്ഥമായ ഉപദേശം, നിങ്ങൾ പാലക്കാട്‌ ചുരത്തിനപ്പുറത്ത്‌ എവിടെയെങ്കിലും വ്യവസായം തുടങ്ങിയാൽ മതി എന്നാണ്‌.

Generated from archived content: privatelimited24.html Author: klm_novel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here