ഇരുപത്തിമൂന്ന്‌

എന്റെ ബിർളാ അങ്കിൾ, ഇന്ന്‌ ഞാനവനെ തട്ടും. ഇന്നിനിയും അവൻ പഴയ പരിപാടി തുടങ്ങിയാൽ ഞാനവനെ…

ചുറ്റും നോക്കി. ഓമന തലതാഴ്‌ത്തി എന്തോ ടൈപ്പ്‌ ചെയ്യുകയാണ്‌. പക്ഷെ, ശ്രദ്ധ, ഈ സംഭാഷണത്തിലാണെന്നറിയാം.

ഓമനയിരിക്കുന്നു. ഇല്ലെങ്കിൽ ഞാൻ പറയാമായിരുന്നു. ഇന്ന്‌ ലാസ്‌റ്റ്‌ഡേയാണ്‌. ഇന്നും അവൻ പഴയ പരിപാടി ആവർത്തിച്ചാൽ…

ബാബു, ശാന്തനാകൂ. ബിസിനസ്‌, വ്യവസായം, മാനേജ്‌മെന്റ്‌ എന്നൊക്കെ പറയുന്നത്‌ മുൻകോപികൾക്കുളളതല്ല. ക്ഷമ, ക്ഷമവേണം.

എ.പി.ദാസ്‌ എഴുന്നേറ്റ്‌ മുറിയുടെ മൂലയ്‌ക്ക്‌ വച്ചിരുന്ന സ്‌റ്റീൽ പാത്രത്തിൽനിന്നും ഗ്ലാസ്‌ നിറയെ രക്തവർണ്ണമുളള കരിങ്ങാലി വെളളം എടുത്തു. ഓമന എഴുന്നേറ്റു ചെല്ലാൻ തുടങ്ങിയതാണ്‌. ദാസ്‌ വേണ്ട എന്ന്‌ ആംഗ്യം കാണിച്ചു.

ദാസ്‌ ബാബുവിനെ നോക്കി പറഞ്ഞു.

നിങ്ങൾക്കൊക്കെ ധൃതിയുണ്ട്‌. സ്‌പീഡാണ്‌. നിങ്ങളുമായി ഇന്ററാക്‌ട്‌ ചെയ്യുന്ന ആൾക്കാരൊക്കെ നിങ്ങളെപ്പോലെ സ്‌പീഡിൽ കാര്യങ്ങൾ നടത്തണം എന്നാണ്‌ നിങ്ങുടെ ആഗ്രഹം. എന്തിന്‌? നിങ്ങൾക്ക്‌ അങ്ങിനെ പ്രതീക്ഷിക്കാൻതന്നെ അവകാശമില്ല. ഉണ്ടോ?

ബാബു എന്തോ പറയാൻ തുടങ്ങി. പക്ഷെ എ.പി.ദാസ്‌ കൈയുയർത്തി തടഞ്ഞു.

ക്ഷമ, ക്ഷമ. ബാബു ഇരിക്ക്‌. ഞാനൊരു കഥ പറയാം. കഥയല്ല, സത്യമാണ്‌.

ബാബു അക്ഷമനായി വാച്ചിലേക്കും, ഓമനയുടെ മുഖത്തേക്കും മാറിമാറി നോക്കി.

ദാസ്‌ പറഞ്ഞു.

ഒരു കുഴപ്പവുമില്ല. ഇരിക്കൂ. ഓമനയും ഇങ്ങടുത്തുവരൂ. ഞാൻ പറയാം.

ബാബു പറഞ്ഞു.

ആ ബാങ്ക്‌ മാനേജർ ശീലൻ…

ശീലനോ? അയാളുടെ പേര്‌! ഇങ്ങനെ പേരുണ്ടോ? ശീലൻ എന്ന്‌..?

അല്ല അങ്കിൾ, പേര്‌, പി.കെ.സത്യശീലൻ എന്നാണ്‌. അയാൾ സത്യം പറഞ്ഞ്‌ കേട്ടിട്ടില്ലാത്തതുകൊണ്ട്‌ പേര്‌ ഞാൻ മാറ്റിയതാ, പി.കെ.എസ്‌.ശീലൻ.

കണ്ടോ, അതാണ്‌ ക്ഷമയുടെ വേറൊരു രൂപം. സത്യശീലനെ അംഗീകരിക്കാൻ ബാബു സ്വയം ഒരു മാർഗ്ഗം കണ്ടുപിടിച്ചു. ശീലനാക്കി മാറ്റി.

പക്ഷെ ഞാനിന്നവനെ… പോട്ടെ അങ്കിൾ എളുപ്പം കഥ പറയൂ. ഞാൻ മൂന്നുമണിക്ക്‌ ചെല്ലാമെന്ന്‌ പറഞ്ഞിട്ടുണ്ട്‌.

എ.പി. ദാസ്‌ വെളളം രണ്ടിറക്കു കുടിച്ച്‌ കഥ പറയാൻ തുടങ്ങി.

ബജാജ്‌ കുടുംബതിനെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ? പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത്‌ വാർദ്ധയിലെ ഒരു മാർവാടി ബിസിനസ്സുകാരൻ, സേട്ട്‌ ഇച്ച്‌ രാജ്‌ ഇന്നത്തെ പഴയ ജയ്‌പൂർ രാജ്യത്തെ തങ്ങളുടെ തറവാടിരുന്ന ഗ്രാമത്തിലേക്കു പോയി. അവിടേയ്‌ക്കുളള യാത്രയിൽ കാശി കബാസ്‌ എന്ന ചെറിയ സ്ഥലത്ത്‌ ഒരു അമ്പലനടയിൽവച്ച്‌ അസാമാന്യ ബുദ്ധി പ്രകടിപ്പിച്ച ഒരു ബാലനെ കണ്ടു. സേഠിനും പത്‌നിക്കും ഈ യാത്രയുടെ ലക്ഷ്യം, തങ്ങളുടെ അനന്തരാവകാശിയായ മകൻ പെട്ടെന്ന്‌ മരണമടഞ്ഞതിനെത്തുടർന്ന്‌ പകരം ഒരു കുട്ടിയെ ദത്തെടുക്കുക എന്നതായിരുന്നു.

ബാബു അക്ഷമനായി. അങ്കിൾ! എളുപ്പം…എനിക്ക്‌, ശീലൻ..

നീ നേരെയാകുകില്ല, ബാബു. സിറിയൻ ക്രിസ്‌ത്യാനിക്ക്‌ മാർവാടിയായി മാറാൻ ഇനിയും ക്ഷമയേറിയ അനവധി തലമുറകൾ കഴിയണം.

ഞങ്ങൾക്ക്‌ അത്രയ്‌ക്കു മതി. അങ്കിൾ കഥ പറയ്‌.

പറയാം. ആ ബാലനായിരുന്നു ജമ്‌നാലാൽ ബജാജ്‌. സ്‌കൂട്ടർ, ത്രിവീലർ, സ്‌റ്റീൽ, പഞ്ചസാര, സിമന്റ്‌, എൻജിനീയറിംഗ്‌ സർവീസ്‌, ഇലക്‌ട്രിക്കൽസ്‌, ആയുർവേദമരുന്ന്‌. എന്തൊക്കെ മേഖലകളിലാണെന്നോ, ബജാജ്‌ ഗ്രൂപ്പ്‌ ഇന്ന്‌ പ്രവർത്തിക്കുന്നത്‌.

ഈ ബജാജ്‌ സ്‌കൂട്ടറിന്റെ…

അതെ, ഓമനേ! മഹാത്മാഗാന്ധിക്ക്‌ ഏറ്റവും അടുപ്പമുളള വ്യവസായിയായിരുന്നു ജമ്‌നാലാൽ. 1942 ൽ ജമ്‌നാലാൽ മരിച്ചപ്പോൾ ഗാന്ധിജി, ജമ്‌നാലാലിന്റെ സുഹൃത്തുക്കളായ ബിസിനസുകാരെ ക്ഷണിച്ച്‌ പറഞ്ഞു. എന്റെ എല്ലാ പ്രവർത്തനത്തിലും ശരീരവും, മനസ്സും, ധനവും കൊണ്ട്‌ പൂർണ്ണമായ സഹകരണം തന്നയാളാണ്‌ ജമ്‌നാലാൽ. ഞങ്ങൾക്കിരുവർക്കും രാഷ്‌ട്രീയം എന്നതിനോട്‌ ഒട്ടും ആകർഷണം ഇല്ലായിരുന്നു. ഞാൻ രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നതുകാരണം അദ്ദേഹം അതിൽ ഇറങ്ങി. എന്റെ രാഷ്‌ട്രീയം ക്രിയാത്മകമായ പ്രവർത്തനമായിരുന്നു. സാധാരണ, പാവപ്പെട്ട ഭാരതീയഗ്രാമീണന്റെ ഉന്നമനം. ജമ്‌നാലാലിന്റെയും ലക്ഷ്യം അതുതന്നെയായിരുന്നു.

ജമ്‌നാലാലിന്റെ മകൻ, രാമകൃഷ്‌ണ ബജാജിനെ 1941ൽ, ഗാന്ധിജി തന്നെയാണ്‌ സിവിൽ ഡിസ്‌ഒബീഡിയൻസ്‌ മൂവ്‌മെന്റിൽ ആദ്യത്തെ വിദ്യാർത്ഥിയായി സത്യാഗ്രഹം നടത്താൻ വാർദ്ധയിലെ വേദിയിലേയ്‌ക്ക്‌ തെരഞ്ഞെടുത്തത്‌. കോടീശ്വരനായ, ബിസിനസ്‌ സാമ്രാജ്യാധിപതിയുടെ മൂത്ത മകൻ. 17 വയസ്സ്‌. രാമകൃഷ്‌ണനെ അറസ്‌റ്റ്‌ ചെയ്‌ത്‌ നാഗ്‌പൂർ ജയിലിലെത്തിച്ചപ്പോൾ അവിടെ ജയിലിൽ കൂട്ടിന്‌ അച്‌ഛൻ ജമ്‌നാലാലും, വിനോബാഭാവെയും ഉണ്ടായിരുന്നു.

ഓമനയുടെ ദൃഷ്‌ടികൾ മെല്ലെ ബാബുവിലേയ്‌ക്ക്‌ മാറുന്നത്‌ കണ്ട ദാസ്‌ ചിരിച്ചു.

ആരാ വിനോബാഭാവേ എന്നായിരിക്കും. സാരമില്ല. മഹാത്മാഗാന്ധിയെക്കുറിച്ച്‌ ആറ്റൻബറോ ഗാന്ധിസിനിമയെടുത്തില്ലായിരുന്നെങ്കിൽ ചിലപ്പോൾ മഹാത്മജിയും ആരാണെന്ന്‌ ചോദിച്ചേനെ.

എനിക്കറിയാം. ഭൂദാനം. ഞാൻ ബാബുസാറിന്‌ പോകാൻ സമയമായോ എന്ന്‌ നോക്കുകയായിരുന്നു.

സാരമില്ല. ശീലാവതി…

ശീലാവതിയല്ല, ശീലൻ..

അതെ, ശീലൻ എന്തായാലും ഇന്ന്‌ ലോൺ സാംക്‌ഷനായി ചെക്ക്‌ തരാൻ പോകുകയല്ലേ….

ബാബു ചിരിച്ചു.

ക്ഷമയെക്കുറിച്ചുളള കഥ പറയുന്നത്‌ കേൾക്കാനുളള ക്ഷമ എനിക്ക്‌ കുറഞ്ഞു തുടങ്ങി.

എടോ, കഥ കേൾക്കുന്നതിലൂടെയേ വിവരം ഉണ്ടാകുകയുളളു. അതാണ്‌ ഭാരതീയ പാരമ്പര്യം. മനസ്സിലായോ? ഞാൻ എളുപ്പം പറയാം. എന്റെ കഥയുടെ പോയിന്റ്‌, മെയിൻ കാരക്‌ടർ വേറെയുണ്ട്‌. ജമ്‌നാലാലിന്റെ മരുമകൻ, മകളുടെ ഭർത്താവ്‌, രാമേശ്വര പ്രസാദ്‌ നെവാടിയാ, അയാളുടെ ഒരു ബിസിനസ്‌ രീതിയാണ്‌ ഞാൻ പറഞ്ഞു വരുന്നത്‌. ക്ഷമ. ശാന്തമായി കാര്യങ്ങളെ നേരിടുക.

ശരി, അങ്കിൾ, ഞാൻ ഇനി ഇടയ്‌ക്ക്‌ മിണ്ടുകില്ല. എങ്കിലും അയാളുടെ, ആ ശീലന്റെ പെരുമാറ്റം കാണുമ്പോൾ, ഗാന്ധിജിയുടെ കാര്യം എനിക്കറിഞ്ഞുകൂടാ, മറ്റാരായാലും ഈ ജമ്‌നാലാൽ ആയാലും….

ജമ്‌നാലാൽ അല്ല, രാമേശ്വർ പ്രസാദ്‌ നെവാടിയാ. 1930 കളിൽ ഉത്തരേന്ത്യയിലെ പഞ്ചസാരമില്ലുകൾക്ക്‌, ഇറക്കുമതി ചെയ്‌തിരുന്ന പഞ്ചസാരയുടെ വില കുറഞ്ഞതിനെത്തുടർന്ന്‌ വലിയ പ്രതിസന്ധി നേരിട്ടു. ബ്രിട്ടീഷ്‌ ഗവൺമെന്റിന്‌ അവസാനം ഒരു നിയമം കൊണ്ടുവരേണ്ടി വന്നു. ഇന്ത്യൻ നിർമ്മിതമായ പഞ്ചസാരയ്‌ക്ക്‌ സംരക്ഷണതാരിഫ്‌. മാർവാടികളല്ലേ! ഒരു വർഷത്തിനകം ഒരുമാതിരിപ്പെട്ട ബിസിനസ്‌ കുടുംബങ്ങളെല്ലാം ഷുഗർമിൽ പരിപാടിയിലേയ്‌ക്ക്‌ ഓടിക്കൂടി. 31 പഞ്ചസാര ഫാക്‌ടറികളായിരുന്നു, താരിഫിന്‌ മുമ്പ്‌ ഇന്ത്യയിലാകെ. അത്‌ പെട്ടെന്ന്‌ 130 ആയി ഉയർന്നു. നമ്മുടെ ജമ്‌നാലാലും, ഫാക്‌ടറി തുടങ്ങി. ഉത്തർപ്രദേശിലെ തെരായ്‌ പ്രദേശത്ത്‌ ഗോലാഗോകർണ്ണനാഥ്‌ എന്ന ഗ്രാമത്തിൽ. ഫാക്‌ടറിയുടെ ചുമതല മരുമകൻ രാമേശ്വർ പ്രസാദ്‌ നെവാടിയായെ ഏൽപിച്ചു.

അമേരിക്കയും, മറ്റു വ്യവസായ രാഷ്‌ട്രങ്ങളും ഇത്‌ കണ്ടുപിടിച്ച്‌ ബിസിനസ്‌ വളർത്താനും, മത്സരം ഒഴിവാക്കി വിലയിൽ കൺട്രോൾ കൊണ്ടുവരാനും പ്രാവർത്തികമാക്കുന്ന ടേക്ക്‌ ഓവർ തന്ത്രം ഇന്ത്യൻ ബിസിനസ്സുകാർ, മാർവാടി വൈശ്യന്മാർ, പണ്ടുതന്നെ ഇതിലും കാര്യക്ഷമതയോടെ പ്രവർത്തിപഥത്തിൽ കൊണ്ടുവന്നിരുന്നു ബിസിനസ്‌കാര്യങ്ങൾ. വിവാഹം എപ്പോഴും ഒരു ടേക്കോവർ ലക്ഷ്യത്തോടെയായിരുന്നു. നെവാടിയാ കുടുംബത്തിലെ കോട്ടൺസ്‌പിന്നിംഗ്‌ ഫാക്‌ടറികൾ ഒരു അഡ്‌ജസ്‌റ്റ്‌മെന്റോടെ ബജാജിന്റെ മേൽനോട്ടത്തിൻ കീഴിലെത്തുന്നു. ബജാജിന്റെ പഞ്ചസാര ഫാക്‌ടറി തിരിച്ച്‌ നെവാടിയായ്‌ക്ക്‌.

എന്നിട്ട്‌? അങ്കിൾ കഥയിൽനിന്ന്‌….

ധൃതിപ്പെടാതെ ഞാൻ കഥയുടെ മർമ്മത്തിലേക്ക്‌ വരികയാണ്‌. ഇത്രയധികം പഞ്ചസാരമില്ലുകൾ തുറന്നപ്പോൾ അവയ്‌ക്ക്‌ കരിമ്പ്‌ കിട്ടാൻ വിഷമമായിത്തുടങ്ങി. കരിമ്പുകർഷകർ, കരിമ്പുവിളയിൽ ഭൂരിഭാഗവും നേരിട്ട്‌ ശർക്കരയുണ്ടാക്കാൻ ഉപയോഗിച്ചുകൊണ്ടിരുന്നു. കാരണം, മില്ലുകൾ നൽകുന്ന വില ദല്ലാളന്മാർ വഴി കൃഷിക്കാരന്റെയടുത്തെത്തുമ്പോഴേയ്‌ക്കും അയാൾക്ക്‌ ശർക്കരയുണ്ടാക്കി വിൽക്കുന്നതായിരിക്കും ലാഭം. പണം കിട്ടാൻ കുറച്ചു താമസിക്കും. എങ്കിലും നഷ്‌ടമില്ലല്ലോ. രാമേശ്വർപ്രസാദ്‌ തന്നെപ്പോലെ ബഹളം വച്ചില്ല. കാത്തിരുന്നു. ക്ഷമയോടെ ‘ആർ.പി.’സിസ്‌റ്റം എന്ന്‌ ഇന്നും അറിയപ്പെടുന്ന രാമേശ്വർപ്രസാദിന്റെ പ്ലാൻ വെറും സിംപിൾ, മെല്ലെ അദ്ദേഹം രൂപപ്പെടുത്തി. ഒന്ന്‌, ഓരോ മില്ലിനും അവർ വാങ്ങുന്ന കരിമ്പുനിലങ്ങൾ നേരത്തേ തിട്ടപ്പെടുത്തി. കർഷകന്‌ ദല്ലാളിനെ ഒഴിവാക്കി നേരിട്ട്‌ വില നൽകും. അതിന്‌ ഒരു താങ്ങുവില നിശ്ചയിച്ചു. ശർക്കരയേക്കാൾ അല്‌പം മെച്ചപ്പെട്ട വില. പിന്നെ വിളവെടുപ്പു കാലത്ത്‌ യാതൊരു മുന്നറിയിപ്പും കൂടാതെ കരിമ്പ്‌ നിറച്ച കാളവണ്ടികളുടെ മൈലുകൾ നീണ്ട നിര, പഞ്ചസാരമില്ലുകളുടെ വാതിൽക്കൽ കാത്തു കിടക്കുന്ന പതിവ്‌ മാറ്റിച്ചു. ഓരോ കൃഷിക്കാരനും ഡെലിവറി തീയതി കൃത്യപ്പെടുത്തി. മില്ലുകാർ കരിമ്പിൻപാടത്ത്‌ ചെന്ന്‌ നിരീക്ഷിച്ച്‌ വിലയും എന്നാണ്‌ വിളവെടുപ്പ്‌ നടത്തേണ്ടതെന്നും കൃഷിക്കാരനുമായി ചർച്ചചെയ്‌തു നിശ്ചയിക്കും. ക്ഷമ, കാത്തിരിപ്പ്‌. ബഹളം കാട്ടാതെ എല്ലാം കൈകാര്യം ചെയ്‌തപ്പോൾ ‘ഗോലസിസ്‌റ്റം’ ‘ആർ.പി.’ സിസ്‌റ്റം എന്നെല്ലാം അന്നറിയപ്പെട്ട രീതികൾ കണ്ടുപിടിക്കാനും പ്രാവർത്തികമാക്കാനും പഞ്ചസാരമേഖലയിൽ വിപ്ലവം സൃഷ്‌ടിക്കാനും കഴിഞ്ഞു.

തീർന്നോ?

ഉവ്വ്‌

ഞങ്ങള്‌ മാർവാഡികളല്ല. പക്ഷെ സുറിയാനി ക്രിസ്‌ത്യാനികളും മോശമല്ല. കണ്ടോ? ഞാൻ പോയിട്ടുവരട്ടെ.

പ്രശ്‌നം ബാങ്കുലോണായിരുന്നു.

ബാങ്കുകൾ വ്യവസായികളെ കാത്തിരിക്കുകയാണ്‌. സി.ഡി.റേഷ്യോ, ബാങ്ക്‌ നിക്ഷേപവും ബാങ്ക്‌ നൽകുന്ന കടവും തമ്മിലുളള അനുപാതം, ഏറ്റവും പരിതാപകരമായിരിക്കുന്നത്‌ സാക്ഷരതയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളത്തിലാണ്‌. എന്താ കാരണം?

നല്ല ബാങ്ക്‌ മാനേജർമാർക്ക്‌ ധൈര്യം നൽകുന്ന പദ്ധതികൾ, ടെക്‌നിക്കലായി വിജയിക്കുമെന്ന്‌ പ്രത്യക്ഷത്തിൽ മനസ്സിലാകുന്ന പ്രൊജക്‌ടുകൾ കൊണ്ടുവരുന്നില്ല. നമ്മള്‌ വളരെ പിന്നോക്കത്തിലാണ്‌ അമ്പി.

ആദ്യം ബാങ്ക്‌ലോണിന്‌ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ സാധാരണയായി അമ്പിയും ബാബുവും കൂടി കേട്ടുകൊണ്ടിരുന്ന പല്ലവിയാണ്‌. അന്ന്‌ പക്ഷെ പ്രോജക്‌ടുണ്ടാക്കിയില്ല. എന്താണ്‌ ഉത്‌പന്നം എന്ന്‌ തീർച്ചപ്പെടുത്തിയിരുന്നില്ല.

ഉത്‌പന്നത്തെക്കുറിച്ച്‌ ഒരു ധാരണയിലെത്തിയപ്പോൾ, അമ്പിയും ബാബുവും കൂടി പരിചയക്കാരനായ ബാങ്ക്‌മാനേജരെ കണ്ടു. ബാങ്ക്‌മാനേജർ ഷെട്ടിയുടെ സ്ഥലംമാറ്റക്കാര്യം ഏകദേശം ശരിയായി വന്നിട്ടുണ്ട്‌. അതുകൊണ്ട്‌ ഒരു കാര്യം ചെയ്യൂ. കേസ്‌ ഇവിടെ പ്രോസസ്സ്‌ ചെയ്‌ത്‌ മുകളിലോട്ട്‌ പോകുന്നതിനിടയ്‌ക്ക്‌ ട്രാൻസ്‌ഫർ വന്നാൽ, നേരത്തെതന്നെ റീജണൽ മാനേജരെ ഒന്ന്‌ സോപ്പിട്ടു വച്ചുകൊളളൂ. നല്ല മനുഷ്യനാണ്‌. ഈശ്വരവിശ്വാസി. ഇപ്പോൾതന്നെ ഒന്ന്‌ കാണുന്നതാണ്‌ നല്ലത്‌.

റീജിയണൽ മാനേജരെ ബാബു തനിച്ച്‌ പോയാണ്‌ കണ്ടത്‌.

റിട്ടയർ ചെയ്യാൻ കഷ്‌ടിച്ച്‌ ഒരു വർഷം ബാക്കിയുളള അദ്ദേഹം ആകെ തിരക്കിലായിരുന്നു. സോണൽ മാനേജർ വരുന്നു. ഗുരുവായൂര്‌ തൊഴണം. ഗുരുവായൂര്‌ ഇന്ത്യയിലെ മിക്ക പ്രധാന ബാങ്കുകൾക്കും ശാഖകളുണ്ട്‌. പക്ഷെ എന്തോ, ഈ ബാങ്കിന്‌ മാത്രം ശാഖയില്ല. തൃശൂര്‌ ശാഖയുണ്ട്‌. പക്ഷെ അവിടുത്തെ മാനേജർ, സമർത്ഥനല്ല. അങ്ങിനെ ഗുരുവായൂർ പ്രശ്‌നങ്ങളിൽ മുഴുകിയിരിക്കുമ്പോഴാണ്‌ ബാബു ചെന്നത്‌.

ഒന്നാമത്‌ ക്രിസ്‌ത്യാനി.

രണ്ടാമത്‌ നാട്‌ ട്രാവൻകൂർ.

ഗുരുവായൂർ പ്രശ്‌നത്തിൽ ബാബുവിന്‌ ഒന്നും ചെയ്യാൻ പറ്റില്ല എന്ന്‌ റീജണൽ മാനേജർക്ക്‌ ആദ്യനിമിഷങ്ങളിൽത്തന്നെ മനസ്സിലായി.

സോണൽ മാനേജർ കണിശക്കാരനാണ്‌. ബാബു ചെല്ലുന്നതിന്‌ അല്‌പം മുമ്പ്‌ അദ്ദേഹവുമായി സംസാരിച്ചപ്പോൾ കൃത്യമായി ചോദിച്ചിരുന്നു.

മോർണിംഗിൽ വർഷിപ്പിന്‌ ആറരയ്‌ക്കും ഏഴിനും ഇടയ്‌ക്ക്‌ സൗകര്യം. യു ഫൈൻഡ്‌ ഔട്ട്‌ ആൻഡ്‌ ലെറ്റ്‌ മീ നോ.

ഭാര്യപുത്രീസമേതനായിട്ടാണ്‌ വരവ്‌.

തൃശൂർ ബ്രാഞ്ചിൽ ഇൻസ്‌പെക്‌ഷൻ.

കൊച്ചിൻ ടു തൃശൂർ റൂട്ട്‌ അല്‌പം വളച്ചുവച്ച്‌ ഗുരുവായൂരാക്കാം. ടി.എ. റൂൾസിൽ ഒരു വകുപ്പുണ്ട്‌. ഇൻസ്‌പെക്‌ഷൻ സ്ഥലത്ത്‌ അന്തസ്സിന്‌ യോജിച്ച വാസസ്ഥലം ലഭിച്ചില്ലെങ്കിൽ, അൽപ്പം ദൂരെയാണെങ്കിലും വന്നെത്താവുന്ന ദൂരത്ത്‌ മറ്റു പട്ടണങ്ങളിൽ താമസിക്കാം. അതുകൊണ്ട്‌ ഗുരുവായൂർ ഹാൾട്ട്‌, റഗൂലറൈസ്‌ ചെയ്യാം.

ഗുരുവായൂർ പുതിയ ബ്രാഞ്ച്‌ തുടങ്ങുന്നതിന്‌ വേണ്ടി ഒരു അന്വേഷണം എന്ന്‌ പറയാമായിരുന്നു. അത്‌ ആ സമയത്ത്‌ മറന്നു.

മറ്റു ബാങ്കുകളെക്കാണുമ്പോൾ അസൂയ തോന്നും. വേണമെങ്കിൽ സ്വന്തമായി ഗസ്‌റ്റ്‌ ഹൗസ്‌ വരെ നിർമിക്കാം. അപ്പോൾപിന്നെ ഇടയ്‌ക്കിടയ്‌ക്ക്‌ നമുക്കും ക്ഷേത്രദർശനം സുഖമായി നടത്താം.

ബാബുവിന്‌ റീജിയണൽ മാനേജരോട്‌ സഹതാപം തോന്നി. പക്ഷെ എന്തു ചെയ്യാനാണ്‌! പരുമലപ്പളളിയിലായിരുന്നുവെങ്കിൽ! നാവിലുയർന്നു വന്നത്‌ ബാബു കടിച്ചമർത്തി.

റീജിയണൽ മാനേജർ ചോദിച്ചു. ഷെട്ടിയെക്കണ്ടില്ലേ?

കണ്ടു.

എന്തു പറഞ്ഞു?

സാറിനോട്‌ പറയാൻ പറഞ്ഞു.

ങ്‌ഹും! ഒരു ഇനിഷ്യേറ്റീവ്‌ ഇല്ലാത്ത മനുഷ്യൻ!

അല്‌പനേരം ആലോചിച്ചിട്ടു പറഞ്ഞു.

ഞങ്ങൾ കളമശേരിയിൽ ഒരു പുതിയ ബ്രാഞ്ചു തുടങ്ങിയിട്ടുണ്ട്‌.

അറിയാം.

ഒൺലി ഫോർ പീപ്പിൾ ലൈക്ക്‌ യു. വ്യവസായങ്ങളെ ലക്ഷ്യമാക്കിയാണ്‌. ഒരു കാര്യം ചെയ്യു. യു ഗോ ടു കളമശ്ശേരി. ആ ബ്രാഞ്ച്‌ പുതിയതാണ്‌. മാനേജർ സ്‌മാർട്ട്‌ഫെലോ! അയാൾക്ക്‌ സന്തോഷമായിരിക്കും. നിങ്ങളെപ്പോലുളള ചെറുപ്പക്കാരെ സഹായിക്കാൻ.

നന്ദി പറഞ്ഞ്‌ എഴുന്നേറ്റപ്പോൾ അദ്ദേഹം പറഞ്ഞു.

വൺ മോമന്റ്‌. എല്ലാം ശരിക്ക്‌ നോക്കി പ്രോസ്‌ ആൻഡ്‌ കോൺസ്‌ കൃത്യമായി അനലൈസ്‌ ചെയ്‌ത്‌ ഒരു കംപ്ലീറ്റ്‌ പിക്‌ചറായിരിക്കണം സ്‌കീമിലെ റിപ്പോർട്ടിൽ.

ഉവ്വ്‌. അറിയാം.

ബ്രാഞ്ച്‌ മാനേജർ പി.കെ. സത്യശീലനും, ഒരു അക്കൗണ്ടന്റും മൂന്ന്‌ ക്ലാർക്കുമാരും അടങ്ങിയ ചെറിയ ബാങ്ക്‌. എല്ലാം ഭരിക്കുന്നത്‌ താനാണെന്ന മട്ടിൽ ഗൗരവത്തിൽ മൂലയിൽ സ്‌റ്റൂളിൽ ഇരിക്കുന്ന പ്യൂൺ.

ആദ്യദിവസം പന്ത്രണ്ടു മണിക്കാണ്‌ ചെന്നത്‌.

കസ്‌റ്റമർസ്‌ ആരുമില്ല.

പക്ഷെ നിശബ്‌ദത കനം കെട്ടിനിന്ന ആ അന്തരീക്ഷത്തിൽ ബാബുവിനെ ആരും ശ്രദ്ധിച്ചില്ല.

പി.കെ.സത്യശീലൻ ഗൗരവത്തിന്‌ മെല്ലെ അയവു നൽകി ബാബുവിനെ അകത്തേക്കു ക്ഷണിച്ചപ്പോഴേയ്‌ക്കും ബാബുവിന്‌ എന്തോ ആകപ്പാടെ അസ്വസ്ഥത തോന്നി.

ഇന്ന്‌ മൂന്നാം ദിവസമാണ്‌.

ആദ്യത്തെ ദിവസം പരിചയപ്പെട്ടു.

രണ്ടാമത്തെ ദിവസം നീണ്ട ചർച്ച നടത്തി. പൊതുവെ രാഷ്‌ട്രീയ സാമൂഹ്യ മണ്‌ഡലങ്ങളിലെ അപചയത്തെക്കുറിച്ച്‌ പറഞ്ഞു. ഡിസ്‌ട്രിക്‌ട്‌ കളക്‌ടർക്കും, തനിക്കും ഏകദേശം ഒരേ ശമ്പളമാണെന്ന്‌ സത്യശീലൻ രഹസ്യമായി ബാബുവിനെ ധരിപ്പിച്ചു.

മൂന്നാമത്തെ സന്ദർശനത്തിനായി, ബാബു ദാസിന്റെ കഥ പറയലിൽ നിന്ന്‌ രക്ഷപ്പെട്ട്‌ ബൈക്കോടിച്ച്‌ കളമശ്ശേരിയിലെത്തിയപ്പോഴേയ്‌ക്കും മണി മൂന്നേമുക്കാൽ കഴിഞ്ഞിരുന്നു.

ബാബുവിനെ കണ്ടയുടൻ സത്യശീലൻ എഴുന്നേറ്റു.

വരൂ. ഞാനെത്രനേരമായി വെയ്‌റ്റ്‌ ചെയ്യുകയാണ്‌. പോകാം. നാലുമണിക്ക്‌ ഫുട്‌ബോൾ മാച്ച്‌ തുടങ്ങു. മിസ്‌റ്റർ ബാബുവിന്‌ വണ്ടിയുണ്ടല്ലോ എന്ന്‌ വച്ച്‌ ഞാൻ കാത്തിരിക്കുകയായിരുന്നു.

Generated from archived content: privatelimited23.html Author: klm_novel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here