അഞ്ചുപേരും ഉണ്ടായിരുന്നു. ബാബു, അമ്പി, ദാസ് അങ്കിൾ, ബാലചന്ദ്രൻ, പ്രവീൺ.
മത്തായിസാറിന്റെയൊപ്പം ഒരു ചെറുപ്പക്കാരനും.
വേണമെങ്കിൽ നോട്ട് എഴുതിയെടുക്കാമെന്ന മട്ടിൽ പാഡും പെൻസിലുമായി സൗമിത്ര ശങ്കിച്ചു നിന്നു.
ദാസ് പറഞ്ഞു.
വേണ്ട സൗമിത്ര പോയി ചായ കൊടുത്തയയ്‌ക്കൂ എല്ലാവർക്കും.
മത്തായിസാർ പറഞ്ഞു.
എനിക്കുവേണ്ട.
എന്താ ചായ കുടിക്കുകയില്ലേ?
അതല്ല. എനിക്ക് പണ്ടേയുളെളാരു പ്രിൻസിപ്പിൾ ആണ്, മുതലാളിമാരുമായി ചർച്ചകൾ നടത്തുമ്പോൾ അവരുടെ കൈയിൽനിന്നും ഒന്നും, പച്ചവെളളംപോലും വാങ്ങിക്കഴിക്കുകയില്ല.
ബാബു ചിരിച്ചു.
അതു നല്ലതാണ്. പക്ഷെ ഇവിടെ ഞങ്ങൾ മുതലാളിമാരല്ല. ദാ, ഇയാളെപ്പോലെ ഞങ്ങളും ജോലി കിട്ടാതെ നടക്കുന്ന ചെറുപ്പക്കാരാണ്. മറ്റു നിവർത്തിയില്ലാത്തതുകൊണ്ട് സ്വന്തമായി വ്യവസായം തുടങ്ങാമെന്ന് കരുതി. അത് ആയിട്ടുവേണ്ടേ, മുതലാളിയാകാൻ.
സൗമിത്ര ചിരിച്ചുകൊണ്ട് മുറിക്കു പുറത്തേക്കുപോയി. ചേംബറിന്റെ കതകടഞ്ഞു.
ഫാക്‌ടറി ബിൽഡിംഗിലെ കോൺഫറൻസ് ഹാളിൽ വച്ചായിരുന്നു ചർച്ച.
മത്തായിസാറ്, ഒട്ടും ആവേശവും ഉദ്വേഗവും കാട്ടാതെ തന്റെ നിലപാട് വിശദീകരിച്ചു.
ഈ നാട്ടിലെ, ഈ ചെറിയ ഗ്രാമത്തിലെ ഏറ്റവും പ്രധാന വ്യവസായശാലയായിരുന്നു ഇത്. പലപ്പോഴായി, പലരീതിയിൽ, സ്ഥിരമായും അല്ലാതെയും ഫാക്‌ടറിക്കുവേണ്ടിയുളള സ്ഥലം നന്നാക്കുകയും കെട്ടിടം കെട്ടുക യും ചെയ്‌തതുമുതൽ, ഇന്നുവരെ ആയിരത്തോളം തൊഴിലാളികൾ ഇവിടെ പണിയെടുത്തിട്ടുണ്ട്. ചിലർ ദിവസക്കൂലിക്ക് കൺട്രാക്‌ടർ വഴിയായിരിക്കും. ചിലർ രണ്ടാഴ്‌ചയ്‌ക്കോ രണ്ടുമാസത്തിനോ പണി ചെയ്‌തവരായിരിക്കും. എന്തായാലും അവരുടെയെല്ലാം അധ്വാനത്തിന്റെ ആകെത്തുകയാണ് ഈ ഫാക്‌ടറി. ഇവരിൽ തൊണ്ണൂറ്റിയൊമ്പതു ശതമാനവും ഈ നാട്ടുകാരാണ്. മിസ്‌റ്റർ കൈമൾ പട്ടാളക്കാരനാണ്. പട്ടാളക്കാരുടെ എല്ലാമിടുക്കും ഉണ്ട്. പക്ഷേ, അദ്ദേഹംപോലും ഇവിടെ ജോലിക്ക് ആൾക്കാരെ റിക്രൂട്ട് ചെയ്‌തപ്പോൾ മേൽനോട്ടത്തിന് കൊണ്ടുവന്ന ടെക്‌നീഷ്യൻസ് ഒഴികെ മറ്റെല്ലാവരേയും ഈ നാട്ടിൽനിന്നുതന്നെയാണ് ജോലിക്കുവച്ചത്. അതുകൊണ്ട് ഇവിടെ നിങ്ങൾ എല്ലാവരുംകൂടി ഏറ്റെടുത്ത് ഈ ഫാക്‌ടറി പുനരുജ്ജീവിപ്പിക്കുകയാണെങ്കിൽ, മുമ്പ് ഇവിടെ ജോലി ചെയ്‌തിരുന്ന തൊഴിലാളികളെത്തന്നെ ജോലിക്കെടുക്കണം.
അമ്പിയും ബാലചന്ദ്രനും ദാസിനെ നോക്കി. ദാസ് നിർന്നിമേഷനായി പുഞ്ചിരിച്ചുകൊണ്ടിരിക്കുകയാണ്. ബാബു അസ്വസ്ഥനാകുന്നത് പ്രവീൺ ശ്രദ്ധിച്ചു. ബാബു ചോദിച്ചു.
ഞങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നത്, ഞങ്ങൾ ഉത്‌പാദിപ്പിക്കുന്ന പ്രൊഡക്‌ട്‌സ് എല്ലാം വേറെയാണ്. ഇതിൽ പഴയ തൊഴിലാളികളെക്കൊണ്ട് ഒന്നും ചെയ്യിക്കാൻ പറ്റുകയില്ല. ട്രെയിനിംഗ് ലഭിച്ച സാങ്കേതിക വിദഗ്‌ധ ജോലിക്കാരെയാണ് പുതിയ ഫാക്‌ടറിക്കാവശ്യം.
അതിനെന്താ, ഇവരെ ട്രെയിനിംഗിന് അയച്ചുകൊളളൂ. വിദഗ്‌ദ്ധമായി പരിശീലനം നടത്തിക്കൊളളൂ.
ഇതെന്താ ഇത്? ഞങ്ങൾ ട്രെയിനിംഗ് ഇൻസ്‌റ്റിറ്റ്യൂട്ട് നടത്തണമെന്നോ? നല്ല കളി.
ഇവിടെ ഫാക്‌ടറി പ്രവർത്തിക്കണമെങ്കിൽ ഇനി നിങ്ങളുടെയും ക്ലിയറൻസ് വേണോ?
നിങ്ങൾ ചൂടാകരുത്.
അല്ല, താനാരാ? ഇവിടെ വിഷമിച്ച് ഓരോന്ന് തല്ലിക്കൂട്ടി വരുമ്പോൾ കയറിവന്ന് ഓർഡറിടുന്നോ? ആരാ ഫാക്‌ടറീൽ പണിചെയ്യേണ്ടതെന്ന് താനാണോ തീർച്ചപ്പെടുത്തേണ്ടത്?
മത്തായിസാറിന്റെ ഒപ്പമുണ്ടായിരുന്ന ചെറുപ്പക്കാരൻ എഴുന്നേറ്റു.
വാ, സാറെ. ഇവര് നേരെയാകുയില്ല. ഇവരിവിടെ ഫാക്‌ടറി നടത്തുന്നത് എങ്ങിനെയാണെന്ന് കാണാം!
ദാസ് കൈപൊക്കി ശാന്തമായിരിക്കാൻ പറഞ്ഞു.
ധൃതിപ്പെടാതെ! നമ്മൾ ഇങ്ങിനെ ഒന്നിനൊന്നുപറഞ്ഞ് തല്ലിപ്പിരിയാനായിരുന്നെങ്കിൽ ഇവിടെ ഇങ്ങനെ സംസാരിക്കണമായിരുന്നോ?
മത്തായിസാറ് എഴുന്നേറ്റില്ല. സ്‌നേഹിതന്റെ തോളിൽപിടിച്ച് ഇരുത്തി.
നമുക്ക് മാന്യമായി, അന്തസ്സായി, ഇവർക്ക് അന്ത്യശാസനം കൊടുക്കാം. അതുമതി. വർഗ്ഗബോധമുളള തൊഴിലാളിവർഗ്ഗത്തെ ഇവർ നേരിട്ടിട്ടില്ല. സഖാവ് ഇരിക്ക്.
ചെറുപ്പക്കാരൻ ബാബുവിനെ ക്രൂദ്ധനായി ഒന്നുനോക്കി അടുത്തിരുന്നു.
സഖാവിന് പറയാനുളളതെന്താണെന്ന് പറഞ്ഞിട്ട് നമുക്കുപോകാം. എനിക്ക് വേറെ പണിയുണ്ട്.
ദാസ് കൈയുയർത്തി. എല്ലാവരും ശാന്തമായിരിക്കാൻ അപേക്ഷിച്ചു.
എനിക്കൊരു കാര്യം പറയാനുണ്ട്. മത്തായിസാറിന് പറയാനുളളതു പറഞ്ഞു ദാ, ഈ കടലാസിൽ എഴുതിയിട്ടുമുണ്ട്. ഇവിടെ ജോലിക്കെടുക്കുന്ന തൊഴിലാളികളെല്ലാം പണ്ടിവിടെ നിന്ന് പിരിഞ്ഞുപോയവരായിരിക്കണം. അവർക്കെല്ലാം ജോലി കൊടുത്തിട്ടേ പുതുതായി പുറത്തുനിന്ന് ആൾക്കാരെ കൊണ്ടുവരാവൂ. അങ്ങിനെ പുതുതായി വരുന്നവരിലും ആദ്യ പരിഗണന ഈ നാട്ടുകാർക്കായിരിക്കണം. അല്ലേ?
അതെ. അത് വെറും നീതിമാത്രമാണ്.
പക്ഷെ, മത്തായിസാറെ, പഴയ ഫാക്‌ടറിയിൽനിന്ന് എല്ലാ ജോലിക്കാരും നിയമാനുസൃതമായ മുഴുവൻ ആനുകൂല്യങ്ങളും വാങ്ങി പിരിഞ്ഞുപോയവരാണല്ലോ. മാത്രവുമല്ല, ഈ പുതിയ വ്യവസായസംരംഭം നടത്തുന്നവർക്ക് പഴയ ഫാക്‌ടറിയുമായി യാതൊരുവിധ ബന്ധവുമില്ലതാനും.
ഇപ്പോൾ മത്തായിസാറ് ചിരിച്ചു. താൻ പ്രതീക്ഷിച്ചിരുന്നപോലെ തന്നെ മുതലാളിമാർ വന്നാലേ രക്ഷയുളളു. പക്ഷേ എന്തുചെയ്യാം. ഈ ജനങ്ങൾ!
മത്തായിസാറ് കൂട്ടുകാരനെ നോക്കി പുഞ്ചിരിച്ചു.
യൂറോപ്പിലും ഇതുതന്നെയായിരുന്നു, നിങ്ങളെപ്പോലെയുളള കാപ്പിറ്റലിസ്‌റ്റുകളുടെ തന്ത്രം. ആ കൈമൾ, ആള് മലയാളിയാണെങ്കിലും മനസ്സ് ഒന്നാംതരം യൂറോപ്യൻ മുതലാളിയുടേതാണ്. പട്ടാളച്ചിട്ടയും ഗമയും ഒക്കെ പുറത്തുകാട്ടി, ഉളളിലെ ബൂർഷ്വാ ചിന്താഗതിക്ക് ഒരുതരം കളർ കൊടുക്കുകയായിരുന്നു അയാൾ. ഓരോ കാരണം പറഞ്ഞ് ഓരോ തൊഴിലാളിയെയും പിരിച്ചുവിട്ടപ്പോൾ, ഞങ്ങൾക്ക് മനസ്സിലാകാത്തതല്ല. എവിടെവരെ പോകുമെന്നറിയാനായിരുന്നു ഞങ്ങൾ നിശ്ശബ്‌ദരായി കാത്തിരുന്നത്. ഈ തന്ത്രങ്ങൾ എക്കാലവും സംഘടിത തൊഴിലാളിവർഗത്തിനെതിരേ കുത്തക മുതലാളികൾ പയറ്റിയിട്ടുളളതാണ്. സർക്കാർ ഇന്നത്തെ ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയിൽ ഇന്നും മുതലാളിമാരുടെ പിണിയാളുകളല്ലേ? ആ സർക്കാരുണ്ടാക്കിയ നിയമങ്ങൾ അനുസരിച്ച് തൊഴിലാളിക്ക് ആനുകൂല്യം നല്‌കിക്കാണും. അത് നിങ്ങളുടെ നിയമപരമായി ശരിയായിരിക്കാം. പക്ഷേ, തൊഴിലാളിക്കും പീഡിത ജനവിഭാഗത്തിനും കുറച്ച് രൂപയുടെ ആനുകൂല്യമല്ല ആവശ്യം. അവർക്ക് വേണ്ടത് ജോലിയാണ്.
ഏതെങ്കിലും ബൂർഷ്വാ നിയമങ്ങൾ കാട്ടി അവരെ ഭയപ്പെടുത്താമെന്നും അടക്കിനിർത്താമെന്നും കരുതണ്ട. ആ നിയമങ്ങൾ ഞങ്ങൾ അംഗീകരിക്കുന്നില്ല. നിങ്ങൾ ഈ ഫാക്‌ടറിക്കെട്ടിടത്തിലോ, നാട്ടിലെവിടെയെങ്കിലുമോ വ്യവസായം തുടങ്ങിയാൽ ഇവിടെ പണ്ട് പണിയെടുത്ത തൊഴിലാളികൾക്ക് ജോലി കൊടുക്കാതിരിക്കുന്ന പ്രശ്‌നമേയില്ല. നിയമങ്ങളുടെ മറയ്‌ക്കു പിന്നിലിരുന്ന് അനീതി കാട്ടാൻ ഈ നാട്ടുകാർ സമ്മതിക്കുകയില്ല.
അപ്പോൾ?
ഞങ്ങളൊരു ലിസ്‌റ്റുതരും. അതിൽ ആയിരത്തോളം പേരുണ്ട്. നിങ്ങൾ അവരിൽനിന്ന് ഏറ്റവും അനുയോജ്യരായവരെ എടുത്തുകൊളളു.
അല്ല… അതിൽ… എന്നാൽ സാറ് തന്നെ ആരെ നിയമിക്കേണ്ടതെന്ന് പറഞ്ഞാൽ മതിയല്ലോ.
എന്താ കളിയാക്കുകയാണോ?
അല്ല, കാര്യമായി പറഞ്ഞതാണ്.
ബാബു എഴുന്നേറ്റു.
സത്യത്തിൽ വിഷമം തോന്നുന്നു. ഇപ്പോൾ കേരളത്തിൽ ഒരു വിപ്ലവം വേണ്ടത്, നിങ്ങളെപ്പോലുളളവർക്കെതിരെയാണ്. ഇത്തിക്കണ്ണികളെപ്പോലെ പഴയ ചില തത്ത്വശാസ്‌ത്രവും കാണാപ്പാഠം ഉരുവിട്ട്, മറ്റ് എല്ലാ സംസ്ഥാനങ്ങളും വ്യവസായികമായി പുരോഗമിക്കുമ്പോൾ, ഇവിടെ മാത്രം എന്തിനും കൊടിയുയർത്താൻ പ്രേരിപ്പിക്കുന്ന ഗാംഗ്. രാഷ്‌ട്രീയവും തൊഴിലാളിസേവനവും തൊഴിലാക്കി നടക്കുന്ന നിങ്ങളെപ്പോലുളളവരാണ് കേരളത്തെ വ്യാവസായികരംഗത്ത് ഏറ്റവും പിന്നിലാക്കിയത്. ഇവിടത്തെ ചെറുപ്പക്കാരും മിടുക്കന്മാരും എന്തിന് പ്രഗത്ഭരായ വ്യവസായികൾപോലും നിങ്ങൾ കാരണം കേരളത്തിൽ ബിസിനസ് ചെയ്യുകയില്ല. ശ്ശെ!
മത്തായിസാറും എഴുന്നേറ്റു. അദ്ദേഹത്തിന്റെ ചുണ്ടുകൾ ദേഷ്യം കൊണ്ട് വിറച്ചു.
ഞാൻ, ഞാൻ പോകുകയാണ്. നിങ്ങൾ, എന്നെ തൊഴിലാളിവർഗ്ഗത്തിന്റെ പ്രതിനിധിയെ അപമാനിച്ചു. ഇതിന് ഇവിടുത്തെ പ്രബുദ്ധരായ തൊഴിലാളിവർഗ്ഗം നിങ്ങളോടു പകരം ചോദിക്കും.
ദാസ്, ബാബുവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
പക്ഷേ, അമ്പിയാണ് സംസാരിച്ചത്.
മത്തായിസാർ, ഒരു നിമിഷം… സാറ് പറഞ്ഞത് ഞങ്ങൾ സമ്മതിക്കാം. പക്ഷേ, ഒരു കുഴപ്പം. ഞങ്ങൾക്ക് ഈ ഫാക്‌ടറി സാറ് പറഞ്ഞരീതിയിൽ നടത്താൻ പറ്റുകയില്ല. അതുകൊണ്ട് സാറിന്റെ ആ പ്രബുദ്ധരായ തൊഴിലാളിവർഗ്ഗത്തിലെ തൊഴിലില്ലാത്തവരുടെ ലിസ്‌റ്റിൽ ഞങ്ങൾ ദാ ഈ അഞ്ചുപേരുടെ പേർ കൂടി ചേർത്തുകൊളളൂ. പേര് പറഞ്ഞുതരാം.
മത്തായിസാർ തിരിഞ്ഞുനിന്നു.
ഒരു ട്രേയിൽ ചായനിറച്ച ഫ്ലാസ്‌ക്കും ആറ് സ്‌റ്റീൽ ഗ്ലാസുകളുമായി സൗമിത്ര കതകു തുറന്നു അകത്തേക്കുവന്നു.
ആരും ഒന്നും മിണ്ടിയില്ല.
സൗമിത്ര ചായ ഒഴിച്ചു.
അമ്പി ആദ്യത്തെ ഗ്ലാസ് എടുത്ത് മത്തായിസാറിന്റെ നേരെ നീട്ടി പറഞ്ഞു.
സാറ് കുടിക്കൂ. ഇപ്പോൾ നമ്മളെല്ലാം അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിലാണ്. ഇത് മുതലാളിയുടെ ചായയല്ല. ഞങ്ങൾ നേരത്തേ തീർച്ചപ്പെടുത്തിയിരുന്നു. സാറ് പറയുന്ന രീതിയിൽ അവിദഗ്‌ദ്ധതൊഴിലാളികളെ ജോലിക്കെടുത്തുകൊണ്ടാണെങ്കിൽ ഞങ്ങൾക്ക് ഫാക്‌ടറി പ്രവർത്തിപ്പിക്കാൻ പറ്റുകയില്ലെന്ന്. ഈ പ്രോജക്‌ട് തന്നെ വേണ്ട എന്നുവച്ച് ഞങ്ങൾ ജോലി തേടാൻ പോകുകയാണ്.
എനിക്കും ബാബുവിനും ഗൾഫിൽ എന്തെങ്കിലും പണികിട്ടും. ചാർട്ടേഡ് അക്കൗണ്ടന്റിനും എൻജിനീയർക്കും അവിടെ രക്ഷപ്പെടാം. ബാലചന്ദ്രൻ സാറ്, കോയമ്പത്തൂര് ഒരു യൂണിറ്റ് തുടങ്ങും. ദാസ് സാറും കൂടിച്ചേരും. പ്രവീണിന് ഇപ്പോൾത്തന്നെ പണിയുണ്ട്. അതുകൊണ്ട് ഇപ്പോൾ ഞങ്ങൾ ഈ ഫാക്‌ടറി മത്തായിസാറ് പറയുന്ന രീതിയിലാണെങ്കിൽ വേണ്ട എന്നുവയ്‌ക്കുകയാണ്. അതുകൊണ്ട് ദാ, ഈ ചായ കുടിക്കൂ.
മത്തായിസാർ അമ്പി നീട്ടിയ ചായഗ്ലാസിലേക്കും എല്ലാവരുടെയും മുഖത്തേക്കും മാറിമാറി നോക്കി.
ബാലചന്ദ്രൻ പറഞ്ഞു.
മിസ്‌റ്റർ അയ്യർ പറഞ്ഞതു ശരിയാണ്. ഞങ്ങളാരും ഇതുവരെ കാര്യമായി പണമൊന്നും മുടക്കിയിട്ടില്ല, ഈ പ്രോജക്‌ടിൽ. അറിയാമല്ലോ. വേണ്ട, എന്നുവയ്‌ക്കുകയാണെളുപ്പം. ഞങ്ങൾ അങ്ങനെ ഒരു തീരുമാനം നേരത്തേ എടുത്തുകഴിഞ്ഞു, നിങ്ങൾ ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ.
മത്തായിസാർ ചായ വാങ്ങിയില്ല.
പക്ഷേ, കസേരയിൽ വന്നിരുന്നു. തലയ്‌ക്ക് കൈകൊടുത്ത് ചിന്താമഗ്നനായി തളർന്നമട്ടിൽ ഓരോരുത്തരെയും മാറിമാറി നോക്കി.
എന്നിട്ട് സൗമിത്രയുടെ നേരെ തിരിഞ്ഞു പറഞ്ഞു.
കുട്ടി. എനിക്ക് മധുരം ഇല്ലാത്ത ഒരു ചായ തരൂ.
പത്തുനിമിഷം.
മത്തായിസാർ തലയുയർത്തി.
എന്തായാലും എനിക്കെന്റെ നിലപാടിൽനിന്ന് മാറാനൊക്കുകയില്ല. നിങ്ങൾ ഒരു കാര്യം ചെയ്യു. ഏറ്റവും താഴ്‌ന്ന അൺസ്‌കിൽഡ് ജോലിക്ക് എന്റെ ലിസ്‌റ്റിൽനിന്ന് ആരെയെങ്കിലും എടുത്താൽ…
കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരൻ പറഞ്ഞു.
ആരെയെങ്കിലും പോരാ. എല്ലാ അൺസ്‌കിൽഡ് ജോലിക്കും.
പ്രവീൺമേനോൻ ചർച്ചയിൽ ആദ്യമായി പങ്കുകൊണ്ടു.
പക്ഷേ, ഒരു കുഴപ്പമുണ്ടല്ലോ.
എന്താ?
പ്രവീൺമേനോൻ ദാസിനോട് പറഞ്ഞു.
സാറ് ആ ഇന്റർകോമിൽ വെളിയിൽ കാത്തിരിക്കുന്ന മിസ്‌റ്റർ ശിവദാസനെ ഒന്നുവരാൻ പറയൂ.
പെട്ടെന്നായിരുന്നു മത്തായിസാറിന്റെ പ്രതികരണം.
ങേ! ശിവദാസനോ?
അതെ. വലതിന്റെ നേതാവ്. അയാൾക്കും ലിസ്‌റ്റുണ്ട്. ഏകദേശം ആയിരം.
ദാസ് ഇന്റർകോം അമർത്താൻ തുടങ്ങിയപ്പോൾ മത്തായിസാർ പറഞ്ഞു.
വേണ്ട, വിളിക്കേണ്ട.
പിന്നെ?
ഞങ്ങൾ ഒന്ന് ചർച്ചചെയ്യട്ടെ.
പ്രവീൺമേനോൻ പറഞ്ഞു.
ഇതുപോലെ, ഈ ഫാക്‌ടറി തുടങ്ങാതിരിക്കാനായി ആത്മാർത്ഥമായി ശ്രമിക്കുന്ന ഇനിയും പത്തു യൂണിയൻ നേതാക്കന്മാര് കുറഞ്ഞത് റെഡിയായിട്ടുണ്ട്. പിന്നെ നേരിട്ട് രാഷ്‌ട്രീയം. വലതും ഇടതും ജാതിപ്പാർട്ടികളുമൊക്കെയായി ഒരു ഇരുപതെണ്ണം. പോരേ! വ്യവസായത്തിന്റെ ശവത്തിൽ മാംസംപോലുമല്ല, എല്ലിൻകഷണംപോലും ബാക്കിവയ്‌ക്കുകയില്ല നിങ്ങളെല്ലാവരും കൂടി.
മത്തായിസാർ എഴുന്നേറ്റു. ഒപ്പം ചെറുപ്പക്കാരനും.
കതകുതുറന്ന് ചായയുമായി വന്ന സൗമിത്രയെ അവർ ശ്രദ്ധിച്ചില്ല.
അവർ ഒന്നും പറഞ്ഞില്ല.
കതകടഞ്ഞപ്പോൾ ദാസ് പറഞ്ഞു. അവൻ വിഷമല്ല. നല്ലവനാ. പക്ഷേ, എന്തുചെയ്യാനാ? ബുദ്ധി പണയംകൊടുത്തുപോയി.
Generated from archived content: privatelimited22.html Author: klm_novel