ഇരുപത്തിയൊന്ന്‌

ഗർഭസ്ഥശിശുക്കൾക്കു മാത്രമേ ഇന്ന്‌ നമ്മുടെ നാട്ടിൽ സംഘടന ഇല്ലാതുളളു. ഭൂമിയിൽ പിറന്നുവീണാൽ ആ നിമിഷംമുതൽ ജീവിക്കണമെങ്കിൽ സമരംചെയ്യണം എന്നാണ്‌ ഉദ്‌ബോധിപ്പിക്കുന്നത്‌. വെറും സമരമല്ല. കൂട്ടായ സമരം. സംഘടിക്കുവിൻ. ഒരേ ലക്ഷ്യമുളള എല്ലാവരും സംഘടിക്കുവിൻ, സംഘടിച്ച്‌ തങ്ങളുടെ വിഹിതത്തിലേറെ സമൂഹത്തിൽനിന്ന്‌ കരസ്ഥമാക്കുവിൻ. പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ വ്യവസായിക വിപ്ലവത്തിന്റെ അടിസ്ഥാനപരമായ വൈരുദ്ധ്യങ്ങൾ; അവ ഇന്നും പ്രസക്തമാണെന്ന മട്ടിലാണ്‌ നമ്മുടെ സമൂഹം പെരുമാറുന്നത്‌. മിടുക്കും കഴിവും ജന്മനാ നൽകിയിട്ടുളളവനെ അവയുടെ സ്വാഭാവികവളർച്ചയ്‌ക്ക്‌ അനുവദിക്കാതെ ഒരു വലിയ സംഘത്തിലെ ഒരു ചെറിയ അംഗമാക്കുക, ഒരു നമ്പർ, ഒരക്കം.

ഓമനയ്‌ക്കു തോന്നി, പ്രവീൺ ഇപ്പറയുന്നതെല്ലാം തന്നെ ലക്ഷ്യമാക്കിയാണെന്ന്‌. ഒന്നും മനസ്സിലായില്ല പറയുന്നത്‌ ശ്രദ്ധിച്ചാൽ മനസ്സിലായേക്കും. പക്ഷേ, മനസ്സിലാക്കണമെന്ന്‌ ആഗ്രഹം തോന്നിയിട്ടുവേണ്ടേ? ആ വാക്കുകൾ അനർഗളം പ്രവഹിക്കുന്നത്‌ കേട്ടിരിക്കാൻ നല്ല രസമാണ്‌. കേൾക്കുക മാത്രമല്ല, അർത്ഥം അന്വേഷിക്കേണ്ട ആവശ്യമില്ലാത്ത രീതിയിൽ, അവയുടെ ഈണം ഉറക്കത്തിൽപോലും അലോസരപ്പെടുത്തും. അലോസരപ്പെടുത്തുകയല്ല, ഒരൊഴുക്കിൽപെട്ട്‌ ഭാരം ഇല്ലാതെ അതിവേഗം പായുന്ന മട്ട്‌. പേടിതോന്നും. പക്ഷേ, എന്തോ, ആ ഒഴുക്ക്‌ അവസാനിക്കരുത്‌ എന്നും അതേസമയം ആഗ്രഹിക്കുകയും ചെയ്യും.

തുടക്കം സൗമിത്രഡേയുടെ ടെലിഫോൺവിളിയിൽ നിന്നായിരുന്നു. അപ്പോൾ ഓമന മാത്രമേ ഉണ്ടായിരുന്നുളളു, ഓഫീസിൽ.

അമ്പിയും ബാബുവും ബാലചന്ദ്രനുംകൂടി ഡേവിഡിനൊപ്പം പോയി. ഡേവിഡിന്റെ ഒരു സ്‌നേഹിതൻ ഒരു കൂറ്റൻ പതിനഞ്ചുനില കെട്ടിടം പണിയിക്കുന്നു. മഹാത്മാഗാന്ധി റോഡിൽനിന്ന്‌ കിഴക്കോട്ട്‌ പിരിഞ്ഞ കൈവഴികളിലൊന്നിന്റെയരികിലെ അരയേക്കർ സ്ഥലത്ത്‌. അണ്ടർഗ്രൗണ്ടിൽ കാർ പാർക്കിംഗ്‌. താഴത്തെനിലയിൽ കടകൾ. ഒന്നുമുതൽ നാലുവരെ നിലകളിൽ ഓഫീസുകൾ. അഞ്ചുമുതൽ പതിനഞ്ചുവരെ പാർപ്പിടങ്ങൾ. മൂന്നാമത്തെ നിലയിൽ ആയിരത്തി ഇരുന്നൂറ്‌ ചതുരശ്രയടി സ്ഥലമുളള ഹാൾ ഉണ്ട്‌. കമ്പനിയുടെ പുതിയ ഓഫീസിന്‌ പറ്റിയതാണ്‌. രണ്ടുമാസത്തിനകം റെഡിയാകും. ഡേവിഡിന്‌ താത്‌പര്യമുളള കേസായതുകൊണ്ട്‌ വലിയ തുകയൊന്നും ഡെപ്പോസിറ്റായി കൊടുക്കേണ്ടിവരില്ല. വാടകയും വളരെ റീസണബിൾ. എന്താ നോക്കണ്ടേ?

പ്രവീണിനെ കാത്ത്‌ അവർ കുറേനേരം ഇരുന്നു.

പക്ഷേ, ഫോൺ വന്നു.

അച്ഛൻ വീട്ടിലെത്തിയിട്ടുണ്ട്‌. അച്ഛനെ കോടതിയിൽ ഡ്രോപ്പ്‌ ചെയ്യണം. അപ്പോഴേക്ക്‌ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിൽ പോകാൻ സമയമാകും. അതുകൊണ്ട്‌ എനിക്കുവേണ്ടി കാത്തിരിക്കേണ്ട. എല്ലാവരുംകൂടി പോയിനോക്കൂ. നിങ്ങൾക്കിഷ്‌ടപ്പെട്ടെങ്കിൽ ടേംസ്‌ സംസാരിക്കാൻ ഞാൻകൂടി ഡേവിഡിനൊപ്പം പോകാം. ആ പാർട്ടിക്ക്‌ ഞാൻ വഴി അല്‌പം സഹായം പണ്ട്‌ കിട്ടിയിട്ടുളളതാണ്‌. ഒന്നോർമിപ്പിക്കാം.

സൗമിത്ര ആകെ പരിഭ്രമിച്ചിരുന്നു.

ബാബുസാറില്ലേ?

ഇല്ല.

സ്വാമിസാറോ?

ഇല്ല.

വേരെ ആരുമില്ലേ?

ഇപ്പോഴാരുമില്ല. എന്താ? വല്ലതും പറയണോ? ടെലിഫോണിൽ അല്‌പം നിശ്ശബ്‌ദത.

വേറെ ആരോ അടുത്തുനിൽപ്പുണ്ട്‌. സൗമിത്ര അയാളോട്‌ സംസാരിക്കുകയാണ്‌. ഒച്ച അല്‌പാല്‌പം റിസീവറിൽ കൂടി കേട്ടു. ലേശം അധികാരസ്വരത്തിലാണ്‌, ഏതെങ്കിലും സർക്കാരുദ്യോഗസ്ഥനായിരിക്കും.

ശബ്‌ദം അല്‌പം ഉറക്കെയായി.

അല്ല, എനിക്ക്‌ അങ്ങോട്ടുവന്നു കാണേണ്ട ഗതികേടൊന്നും വന്നിട്ടില്ല. ഈ നാട്ടുകാരുടെ വെറും ന്യായമായ അവകാശങ്ങളെക്കുറിച്ച്‌ നേരത്തെ ബോധ്യപ്പെടുത്താമല്ലോ എന്നുമാത്രം കരുതി, ഞാൻ പറയുന്നതാ. ഇവിടെ വന്ന്‌ ഒരു നല്ലകാര്യം തുടങ്ങുമ്പോൾ അത്‌ വേണ്ട രീതിയിലായിരിക്കണം. ആ രീതി അറിയാൻ പാടില്ലായിരുന്നു, എന്ന്‌ പിന്നീട്‌ പറയരുത്‌. അതുകൊണ്ടാണ്‌ ഞാൻ സംസാരിക്കാമെന്ന്‌ പറഞ്ഞത്‌.

സൗമിത്ര ടെലിഫോണിലൂടെ പറഞ്ഞു.

ഓമനേ! നമ്മുടെ ഫാക്‌ടറീലെ യൂണിയന്റെ നേതാവാണ്‌. ബാബുസാറിനോട്‌ സംസാരിക്കാൻ വന്നതാ. സാറ്‌ എപ്പോഴാ വരുന്നത്‌? ഇങ്ങോട്ടു വരാൻ പറയണം.

നമ്മുടെ ഫാക്‌ടറീലോ? യൂണിയനോ? അവിടെ ഒരു ജോലിക്കാരനെപ്പോലും എടുത്തിട്ടില്ലല്ലോ.

ഇതതല്ല. പണ്ട്‌ കൈമള്‌സാറ്‌ നടത്തിയിരുന്നപ്പോഴുളള യൂണിയന്റെ കാര്യമാ. അന്നത്തെ നേതാവാണ്‌.

മത്തായിസാറ്‌ എല്ലാവർക്കും പ്രിയങ്കരനായ നേതാവാണ്‌. സഖാവ്‌ മത്തായി എന്നായിരുന്നു കഴിഞ്ഞ നാൽപ്പത്തിയഞ്ചുവർഷമായി അദ്ദേഹം അറിയപ്പെട്ടിരുന്നത്‌. ഇപ്പോൾ, ചില ചെറുപ്പക്കാർ മത്തായിസാർ എന്നും വിളിക്കും. ഖദറേ ധരിക്കൂ. മാർക്‌സിയൻ ഗ്രന്ഥങ്ങൾ ധാരാളം വായിച്ചിട്ടുണ്ട്‌. മാർക്‌സിയൻ ചിന്താഗതിയുടെ അജയ്യതയെക്കുറിച്ച്‌ പൂർണവിശ്വാസമുണ്ട്‌. പാർട്ടി രണ്ടായി പിളരുന്നതിനുമുമ്പ്‌ അദ്ദേഹം പത്രപ്രവർത്തനത്തിലായിരുന്നു. അതിനുശേഷം തൊഴിലാളിരംഗത്ത്‌ പ്രവർത്തിച്ചു. പൂർണമായ അച്ചടക്കം, ലളിതമായ ജീവിതം, യാതൊരുതരത്തിലുളള അഴിമതിയിലും പെടാതെയുളള പ്രവർത്തനം ഇവ കാരണം ഇദ്ദേഹത്തെ എറണാകുളത്തിനു ചുറ്റും പുതുതായി ജന്മമെടുത്ത വ്യവസായശാലകളുടെ മാനേജ്‌മെന്റിന്‌ ഭയമായിരുന്നു. അദ്ദേഹത്തിനെ വശീകരിക്കാൻ ഒരു പ്രലോഭനത്തിനും സാധ്യമല്ല. തനിക്ക്‌ ഭൗതികമായ ആഗ്രഹങ്ങളില്ല. രണ്ടുജോടി മുണ്ടും ഷർട്ടും. കിടക്കാൻ ഒരു ബഞ്ച്‌. രാവിലെ മൂന്ന്‌ ഇഡ്‌ഢലി, രണ്ട്‌ ചായ, ഉച്ചയ്‌ക്ക്‌ രണ്ടുപിടി ചോറ്‌, വൈകിട്ട്‌ കഞ്ഞി. അവിവാഹിതൻ. മനുഷ്യൻ വിവാഹം കഴിക്കുന്നതുതന്നെ അത്രവലിയ ആവശ്യമുളള സംഗതിയായി മത്തായിസാർ കണക്കാക്കിയിട്ടില്ല.

അദ്ദേഹത്തിന്‌ അചഞ്ചലമായ ഈ ജീവിതരീതിപോലെതന്നെയാണ്‌ വിശ്വാസപ്രമാണങ്ങളും.

അദ്ദേഹത്തിന്റെ ഈ വിശ്വാസത്തെക്കുറിച്ച്‌ അനവധി കഥകളുണ്ട്‌.

എറണാകുളം-കോട്ടയം റെയിൽവേലൈൻ ഉദ്‌ഘാടനംചെയ്‌ത സമയം. അദ്ദേഹം അന്ന്‌ ഒരു ചെറിയ പത്രത്തിന്റെ ഉപപത്രാധിപരായിരുന്നു. ലോകത്തിലെന്തു സംഭവിച്ചാലും അത്‌ സാമ്രാജ്യത്വ മൂരാച്ചികളുടെ ഗൂഢപ്രവർത്തനങ്ങളുടെ ഫലമാണെന്ന്‌ പരക്കെ വിശ്വസിച്ചിരുന്ന കാലം. ചൈനയുടെ മധുരമനോഹരിതയെക്കുറിച്ച്‌ യുവാക്കൾ സ്വപ്‌നംകണ്ടിരുന്ന കാലം. മത്തായിസാർ, അന്നുവരെ ആരും, സ്വന്തം നേതാക്കൻമാർപോലും, വിഭാവനംചെയ്യാത്ത രഹസ്യം പത്രത്തിലെഴുതി.

കോട്ടയത്തേക്ക്‌ റെയിൽവേ നീട്ടിയതിന്റെ പിന്നിൽ അമേരിക്കൻ കുത്തക മുതലാളിയുടെയും സാമ്രാജ്യത്വത്തിന്റെയും കരാളകരങ്ങളാണ്‌ പ്രവർത്തിച്ചത്‌. നമ്മുടെ കേരളത്തിലെ മണ്ണിൽ അണുബോംബുണ്ടാക്കാനുളള രാസപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു എന്നു മനസ്സിലാക്കിയ ഈ ശക്തികൾ, ആ മണ്ണ്‌ കയറ്റുമതി ചെയ്യാൻവേണ്ടിയാണ്‌ ഈ റയിൽവേ ലൈൻ നീട്ടിയത്‌.

അന്ന്‌ ആരോ ചോദിച്ചു.

കടൽത്തീരത്തെ മണ്ണിലല്ലേ മോണോസൈറ്റ്‌ ഉളളത്‌. കോട്ടയത്തെവിടെയാണ്‌ കടൽത്തീരം?

അദ്ദേഹം അതിനും വിശദമായ മറുപടി എഴുതി.

ഇതൊരു തുടക്കമാണ്‌. കോട്ടയത്തുനിന്നും റയിൽവേലൈൻ കൊല്ലത്തേക്കു നീട്ടും. കൊല്ലം മേഖലയിലാണ്‌ ഇൽമനൈറ്റും, മോണോസൈറ്റുമുളള മണ്ണ്‌. അവ എന്തുകൊണ്ട്‌ എളുപ്പം, ആലപ്പുഴവഴി ഒരു റയിൽവേലൈൻ കൊണ്ടുവന്ന്‌ കയറ്റി അയച്ചുകൂടാ എന്ന്‌ നമ്മൾ ശങ്കിച്ചേക്കാം. അവിടെയാണ്‌ സാമ്രാജ്യത്വ മൂരാച്ചികളുടെ കുതന്ത്രം കുടിയിരിക്കുന്നത്‌. ആലപ്പുഴ, നമ്മുടെ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ വിപ്ലവവീര്യമുളള നാടാണ്‌. അതിലെക്കൂടി ഇത്രയധികം ആഗോളപ്രാധാന്യമുളള കയറ്റുമതിക്ക്‌ പ്രബുദ്ധരായ തൊഴിലാളിവർഗം അനുവദിക്കുകയില്ല എന്ന്‌ അവരുടെ ചാരസംഘം മുൻകൂർ കണ്ടു. അവരുടെ പിണിയാളുകളായ ഡൽഹി ഭരിക്കുന്നവരെക്കൊണ്ട്‌ റയിൽവെ കോട്ടയം വഴിയാക്കി.

ഈയിടെ പഴയ പത്രങ്ങൾ പ്രദർശിപ്പിച്ചിരുന്ന ഒരു എക്‌സിബിഷനിൽ മത്തായിസാറിന്റെ ഈ പ്രസിദ്ധ ലേഖനം അച്ചടിച്ച പത്രത്തിന്റെകോപ്പിയും ഉണ്ടായിരുന്നു. ആരോ അതെക്കുറിച്ച്‌ ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു.

അന്ന്‌ അതെഴുതിയിരുന്നത്‌ ‘പൂർണ’മായും ശരിയായിരുന്നു. ആലപ്പുഴ മേഖലയിലെ തൊഴിലാളികളുടെ സമരവീര്യം കുറഞ്ഞതിനുശേഷമേ, ആലപ്പുഴവഴി റെയിൽവേ വന്നുളളു എന്നത്‌ ശ്രദ്ധിക്കേണ്ട കാര്യമാണ്‌. ഞാൻ അന്നെഴുതിയതിന്റെ സത്യം ഇതുകൊണ്ടുതന്നെ തെളിയുന്നു.

അല്ല, ഇൽമനൈറ്റ്‌ മണ്ണ്‌ ഇപ്പോഴും കയറ്റുമതി?…

ആരോ ചോദിച്ചു.

കയറ്റുമതി ചെയ്യുന്നില്ല എന്നാരറിഞ്ഞു?

എന്ന്‌ മറുചോദ്യമായി അദ്ദേഹം മറുപടി നൽകി.

റഷ്യയിൽ കമ്യൂണിസ്‌റ്റ്‌ നേതൃത്വം ഭരണം കൈയൊഴിഞ്ഞപ്പോൾ അദ്ദേഹം അത്‌ വിശ്വസിക്കാൻ കൂട്ടാക്കിയില്ല. തന്റെ നേതാക്കൻമാർപോലും രഹസ്യമായി അമേരിക്കൻ ചേരിയിലേക്കു മാറി എന്നദ്ദേഹം സംശയിച്ചു. പക്ഷേ, റഷ്യ അനവധി ചെറിയ റിപ്പബ്ലിക്കുകളായി രൂപംപ്രാപിച്ചപ്പോൾ അദ്ദേഹം ദുഃഖിതനായി. ചൈനയിലെ നേതൃത്വത്തിനെക്കുറിച്ച്‌ അദ്ദേഹത്തിന്‌ അഭ്യൂഹം ഉണ്ടായിരുന്നു. ടിയാനൻമെൻ സ്‌ക്വയറിന്റെ വിദ്യാർത്ഥികളെ അമർച്ച ചെയ്‌തപ്പോൾ, അദ്ദേഹത്തിന്‌ വിഷമമുണ്ടായെങ്കിലും തത്ത്വശാസ്‌ത്രത്തിന്റെ വിജയത്തിന്‌ ഇത്തരം ചോരത്തുളളികൾ ചെറിയ വിലമാത്രമാണെന്ന്‌ കരുതി സമാധാനിപ്പിച്ചു. പക്ഷേ, കമ്യൂണിസ്‌റ്റ്‌ ഭരണകൂടത്തിന്റെ എല്ലാ ശക്തിയുമുപയോഗിച്ച്‌, എതിരഭിപ്രായങ്ങളുയരാനിടനൽകാതെ, വിദേശമൂലധനനിക്ഷേപങ്ങളും ഒരു മാർക്കറ്റ്‌ ഇക്കോണമിയും ഇന്ത്യയേക്കാൾ വാശിയോടെ, ചൈനയിൽ കൊണ്ടുവരുന്നതു കാണുമ്പോൾ അദ്ദേഹത്തിന്‌ ഭയം തോന്നറുണ്ട്‌. എങ്കിലും ആശ്വസിക്കും. ആ ആചാര്യൻമാർ തന്നെപ്പോലെത്തന്നെ മാർക്‌സിയൻ തത്ത്വശാസ്‌ത്രത്തിന്റെ അന്തിമവിജയത്തിൽ വിശ്വസിക്കുന്നവരാണ്‌. അന്തിമ കമ്യൂണിസ്‌റ്റ്‌ സാക്ഷാത്‌കാരത്തിലേക്കുളള രഹസ്യമായ വഴിയാകാം ഇത്‌.

അദ്ദേഹത്തിന്റെ ആത്മാർത്ഥതയിൽ ആർക്കും അവിശ്വാസമില്ലായിരുന്നു. ഒരിക്കൽ തെറ്റുപറ്റിയാൽ അത്‌ എന്തുകൊണ്ട്‌ തെറ്റായി എന്ന്‌ വിശദീകരിച്ച്‌ അദ്ദേഹം തെറ്റ്‌ തിരുത്തും.

പക്ഷേ, ഒരുസമയത്തും, താൻ അപ്പോൾ ചെയ്യുന്നത്‌ തെറ്റാണ്‌ എന്ന്‌ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ആർക്കും കഴിയുകയില്ല.

മത്തായിസാറിന്റെ പ്രശ്‌നം എങ്ങനെയാണ്‌ നേരിടേണ്ടത്‌ എന്നതിനെക്കുറിച്ച്‌ ദീർഘമായ ചർച്ച നടന്നു.

എ.പി.ദാസ്‌ പറഞ്ഞു.

നേതാവിന്‌ ആത്മാർത്ഥതയുണ്ട്‌. അനുയായികളോട്‌ കൂറുണ്ട്‌. പക്ഷേ, യാഥാർത്ഥ്യബോധമില്ല. അതാണ്‌ ഏറ്റവും വലിയ പ്രശ്‌നം.

ബാലചന്ദ്രന്‌ ഏറെ അനുഭവങ്ങളുണ്ടായിരുന്നു, ഇതിന്‌ ഉപോദ്‌ബലകമായി.

കേരളത്തിൽ വ്യവസായമേഖലകളിലെ പരാജയങ്ങൾക്ക്‌ ഏറ്റവും പ്രധാന കാരണങ്ങൾ സാറ്‌ പറഞ്ഞവതന്നെയാണ്‌. തൊഴിലാളിനേതാക്കന്മാരുടെ ആത്മാർത്ഥതയും, യാഥാർത്ഥ്യബോധമില്ലായ്‌മയും.

നേതാക്കന്മാർക്ക്‌ ആത്മാർത്ഥതയില്ലെങ്കിൽ അവരെ വശീകരിക്കാൻ എളുപ്പമാണ്‌. ആദ്യകാലങ്ങളിൽ നിസ്വാർത്ഥരായ നേതാക്കൻമാർ യാഥാർത്ഥ്യബോധമില്ലാത്തവരാണെങ്കിലോ! ഏറ്റവും വലിയ അപകടമാണ്‌. അതോടൊപ്പം കാലഹരണപ്പെട്ട തത്ത്വശാസ്‌ത്രങ്ങളുടെ അനിവാര്യതയിലും, മറ്റു ലക്ഷ്യങ്ങളുളള ഉന്നതനേതാക്കന്മാരുടെ അനുസരണയുളള അനുയായികളായിരിക്കേണ്ടതിന്റെ ആവശ്യകതയിലും പൂർണമായി വിശ്വസിക്കുന്നവരാണെങ്കിലോ.

ദാസ്‌ പറഞ്ഞു.

കേരളത്തിൽ ഒരു വ്യവസായിയും വരാത്തതിന്റെ പ്രധാന കാരണം ഇതുതന്നെയായിരിക്കും.

പക്ഷെ, അങ്കിൾ! ഇത്ര ആത്മാർത്ഥതയുളള ഈ നേതാക്കന്മാർ സമൂഹത്തിനെ ഏറ്റവും അധികം പിഴിയുന്ന ഉയർന്ന വരുമാനക്കാരെ കൂടുതൽ ആവശ്യങ്ങൾക്കുവേണ്ടി സമരം ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്താണ്‌?

ഈയിടെ നടന്ന ഒരു തൊഴിൽ സമരം പ്രവീൺ വിവരിച്ചു.

കേരളത്തിലെ ഏറ്റവും ഉയർന്നശമ്പളനിരക്ക്‌ നൽകുന്ന വ്യവസായസ്ഥാപനം. അവിടെയുളള ഏറ്റവും താഴ്‌ന്ന വരുമാനക്കാരൻ, കാന്റീനിൽ മേശ തുടയ്‌ക്കുന്ന പയ്യനാണ്‌. അയാൾക്ക്‌ ബോണസും മറ്റാനുകൂല്യങ്ങളും കൂട്ടിയാൽ മാസവരുമാനം ആറായിരം രൂപയിൽ അല്‌പം കൂടും. ഓവർ ടൈമും ബോണസും എല്ലാം ഉൾപ്പെടെ പതിനായിരം മുതൽ പതിനയ്യായിരംവരെയാണ്‌ സാധാരണ തൊഴിലാളിയുടെ വരുമാനം. അവിടെ പകുതിയോളം ജോലിക്കാർക്ക്‌ കാറുണ്ട്‌. മിക്കതും ടാക്‌സി ഓടുന്നു. ഏറ്റവുമധികം ഓഹരിക്കച്ചവടം, ഒരു മിനിസ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചായി അവിടെ നടക്കുന്നു.

അവിടത്തെ എഴുപതുശതമാനം ജോലിക്കാരുടെയും ഭാര്യമാർ, ഭർത്താക്കന്മാരേക്കാൾ വിദ്യാഭ്യാസയോഗ്യത നേടിയവരാണ്‌. ചുരുക്കം പറഞ്ഞാൽ, ഐ.എ.എസുകാർക്കോ, പ്രൈവറ്റ്‌ കമ്പനിയിലെ സാധാരണ എക്‌സിക്യൂട്ടീവിനോ കിട്ടുന്നതിനേക്കാൾ കൂടുതൽ വരുമാനം, സൗകര്യങ്ങൾ. അവിടെ ഈയിടെ സമരമുണ്ടായി. ഗോസ്ലോ ധർണ. നമ്മുടെ മത്തായിസാർ മുന്നിലുണ്ട്‌. സമരം ഒത്തുതീർപ്പിലായപ്പോൾ ഓരോ തൊഴിലാളിക്കും ആയിരത്തഞ്ഞൂറു രൂപവീതം മാസശമ്പളം കൂടുതൽ. എന്തിനാണീ, പാവപ്പെട്ടവർക്കുവേണ്ടി നിൽക്കുന്നു എന്ന്‌ പറയുന്ന ഇവർ, ഇത്തരം ഉപരിവർഗത്തിന്റെ സമരത്തിന്‌ നേതൃത്വം നൽകുന്നത്‌?

ദാസാണ്‌ അതിനുത്തരം പറഞ്ഞത്‌.

നേതാവിന്‌ ആത്മാർത്ഥതയുണ്ട്‌. ഇന്നത്തെ വ്യവസ്ഥിതിയെ മാറ്റി ഒരു തൊഴിലാളിവർഗ്ഗാധിഷ്‌ഠിതഭരണകൂടം വരണമെന്നാണ്‌ നേതാവിന്റെ ലക്ഷ്യം. അതിന്‌ ഇന്നത്തെ വ്യവസ്ഥിതിയെ ദുർബലപ്പെടുത്താവുന്ന ഏത്‌ സമരവും, അതിൽ താൽക്കാലികമായി കുറെയാളുകൾക്ക്‌ അനർഹമായ ഗുണം ലഭിച്ചാലും, ആവശ്യമാണ്‌. സമരങ്ങൾ സമൂഹത്തിന്റെ സുഗമമായ ചലനത്തിന്‌ കടിഞ്ഞാണിടും. ബഹളം വേണം. ഏകാന്തത നഷ്‌ടപ്പെടുക, തൊഴിലാളികളിൽത്തന്നെ ഒരേ ജോലിചെയ്യുന്ന ഒരുകൂട്ടർക്ക്‌ കിട്ടുന്നതിന്റെ മൂന്നിരട്ടി ശമ്പളം മറ്റൊരിടത്തു കിട്ടുക. അപ്പോൾ അസ്വസ്ഥത, അസംതൃപ്‌തി. അന്തിമമായ വിപ്ലവത്തിന്‌ ഇതൊക്കെ വേണമെന്ന്‌ ഇവർ ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ട്‌. എന്തുചെയ്യാം!

എന്തുചെയ്യാം!

എന്തു ചെയ്യണം.

നമുക്ക്‌ കൈമളുസാറിനെ ഒന്ന്‌ വിളിച്ചാലോ? ഈ മത്തായി പാർട്ടിയെ നേരത്തെ കൈകാര്യം ചെയ്‌തില്ലെങ്കിൽ ആകെ കുഴപ്പമാകും.

ആത്മാർത്ഥതയും വിവരക്കേടും ഒന്നിച്ചാൽ വല്ലാത്ത കോംബിനേഷനാണ്‌.

പ്രവീൺ മേനോനാണ്‌ അവസാനം ഒരു പരിപാടി ആസൂത്രണംചെയ്‌തത്‌.

ഏതായാലും നമുക്ക്‌ അയാളെ നേരിടാം. കൈമളുസാറ്‌ ഇവരെ ഒഴിവാക്കുകയായിരുന്നു. നമുക്കതു വേണ്ട. നേരിടാം. ഒഴിഞ്ഞുമാറുന്നത്‌ ഭീരുത്വമാണ്‌. നമുക്ക്‌ നമ്മുടെ പ്രസ്ഥാനം വിജയിപ്പിക്കാമോ എന്നു നോക്കണ്ടേ?

Generated from archived content: privatelimited21.html Author: klm_novel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English