ബിർളാ വിചാരിച്ചിട്ട് നടക്കാത്ത കാര്യമാണ്. ഞാൻ ബാബുവിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയല്ല. പക്ഷേ സത്യം സത്യമായി കാണണമല്ലോ. മാവൂര് ഒരു റയോൺസ്. കുമാരപുരത്ത് ഒരു നൂല്. തീർന്നു. അപ്പോൾ, തുടങ്ങാൻ ശ്രമിക്കാഞ്ഞിട്ടല്ല. പക്ഷേ, എന്താ?
എ.പി.ദാസ് ഒന്നു നിർത്തി മുന്നിലിരിക്കുന്ന ഗ്ലാസ് സിപ്പ് ചെയ്‌തു. വരാന്തയിലൂടെ അടുത്ത മുറിയിലേക്ക് പോകുകയായിരുന്ന മധ്യവയസ്‌കൻ കൈയുയർത്തി വീശി അഭിവാദനം ചെയ്‌തു.
ഗുഡ് ഈവനിംഗ്, ബിർളാച്ചേട്ടൻ, എന്താ ഇന്നു കൂടുന്നില്ലേ?
ദാസ് ചിരിച്ചതേയുളളൂ. മറുപടി ഒന്നും പറഞ്ഞില്ല. ബാബുവിന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ട അത്ഭുതഭാവം കണ്ടായിരിക്കണം ദാസ് വിശദീകരിച്ചു.
എന്നെ, ഇവരൊക്കെ ബിർളാച്ചേട്ടാ എന്നാണ് വിളിക്കുന്നത്. ഞാൻ ബിർളായിൽനിന്ന് റിട്ടയറായി വന്നിട്ട് ഒരു വർഷമായി. ബിർളയാര്; ഞാനാര്? അദ്ദേഹം എവിടെക്കിടക്കുന്നു; ഞാനെവിടെ കിടക്കുന്നു? ഞാൻ സത്യം പറഞ്ഞാൽ ജി.ഡി.യോടു പോയിട്ട് ആദിത്യനോടുപോലും നേരിട്ട് സംസാരിച്ചിട്ടില്ല. അതിന്റെ ആവശ്യവുമുണ്ടായിട്ടില്ല എന്നുവച്ചോളൂ. അപ്പഴ് എന്നെക്കേറി ബിർളാച്ചേട്ടാ എന്നുവിളിക്കുന്നത് കേൾക്കുമ്പഴ് ആദ്യമൊക്കെ ഒരു വല്ലായ്‌മയായിരുന്നു. പിന്നെയത് ഒരു രസമായി.
ബാബുവിന്റെ ദൃഷ്‌ടികൾ കിഴക്കേ ആകാശത്തിൽ തലയുയർത്തിനില്‌ക്കുന്ന ബഹുനില കെട്ടിടങ്ങളുടെ ജനാലകളിലായിരുന്നു. അയാൾ, ദാസിനെ നോക്കി ചിരിച്ചു.
അപ്പച്ചൻ പറയുമായിരുന്നു അങ്കിള് ഈ വ്യവസായത്തിന്റെ കാര്യത്തിലുമൊക്കെ ഏറ്റവും അറിവുളളയാളാണെന്ന്. അങ്കിളിനെ ബിർളാച്ചേട്ടൻ എന്നാണ് എല്ലാവരും വിളിക്കാറുളളതെന്നും അപ്പച്ചൻ പറഞ്ഞിട്ടുണ്ട്.
ഉയരത്തിലുളള മതിലിനപ്പുറത്ത് തലപൊക്കിനില്‌ക്കുന്ന കൂറ്റൻ എട്ടുനില കെട്ടിടത്തിലെ മുകളിലത്തെ നിലയിൽ ലൈറ്റു തെളിഞ്ഞു. അപ്പാർട്ടുമെന്റുകളാണ്. ഏറ്റവും താഴെ കടകൾ. അതിനുമുകളിൽ ഓഫീസുകൾ. ഏറ്റവും മുകളിൽ പാർപ്പിടങ്ങൾ. മുകളിൽനിന്ന് താഴേക്ക്, കെട്ടിടത്തിന്റെ കോണിൽ വലിയ അക്ഷരങ്ങളിൽ ടവേഴ്‌സിന്റെ പേരുണ്ട്. ആഞ്ഞടിച്ച കാലവർഷക്കാറ്റിൽ പെട്ടെന്ന് അഞ്ചു മിനിറ്റു നേരം തകർത്തുപെയ്‌ത മഴയുടെ ബാക്കി, അക്ഷരങ്ങളുടെ ഭംഗി തെളിച്ചുകാട്ടുന്നു. ആധുനികമായ പ്രകാശസംവിധാനമാണ് ആ കൂറ്റൻ കെട്ടിടത്തിന്. ആ കെട്ടിടം ഈ നനഞ്ഞ ഇരുട്ടിൽ നഗരത്തിന് ഒരു വല്ലാത്ത മാസ്‌മരശോഭ നല്‌കുന്നു. ബാബു അക്ഷരങ്ങൾ കൂട്ടിച്ചേർത്തു വായിച്ചു. ഒരു പ്രശസ്‌തമായ പണമിടപാടു കമ്പനിയുടെ കുടുംബത്തിന്റേതാണ് ടവേഴ്‌സ്.
ദാസ് പറഞ്ഞു.
ഞാൻ മുപ്പത്തിനാലു വർഷം ബിർളയിലുണ്ടായിരുന്നു. ഒരു മലയാളിക്കും കയറിപ്പറ്റാൻ കഴിയാത്തത്ര അവരുടെ ബിസിനസിന്റെ ഉളളറകളിലേക്ക് എന്നെ അവര് കൊണ്ടുപോയി. ഞാൻ കൽക്കട്ടയിൽനിന്നു പോരുമ്പോൾ ഒന്നു ചെക്കുചെയ്‌തു നോക്കി. എന്റെ കൈവശം എന്റെ ഭാര്യയും മൂന്നു മക്കളും അവരുടെ മക്കളുമൊഴികെ ബാക്കിയുണ്ടായിരുന്നത് എല്ലാം ബിർളായുടേതായിരുന്നു. ഒന്നാലോചിക്കുമ്പോൾ ബാബുവിന്റെ അപ്പച്ചനോടാണ് ഞാൻ നന്ദിപറയേണ്ടത്.
അഞ്ചുനിമിഷത്തെ മൗനത്തിനുശേഷം വികാരം അമർത്തിയകറ്റിയമട്ടിൽ ദാസ് ചോദിച്ചു.
അപ്പോ മത്തായിച്ചനും എന്നെ ബിർളാദാസ് എന്നാണോ വിളിക്കാറ്?
ബാബു ചിരിച്ചു.
അങ്ങിനെയല്ല. അപ്പച്ചൻ പറഞ്ഞിരുന്നു അങ്കിളിനെക്കുറിച്ച്. മുമ്പും ഇടയ്‌ക്കിടയ്‌ക്ക് പറയാറുണ്ട്. പക്ഷേ, ഇപ്പഴാ പറഞ്ഞത് അങ്കിളിനെ അറിയണമെന്നുണ്ടെങ്കില് ഈ ക്ലബിൽ വന്ന് പേരു ചോദിച്ചാൽ പറ്റുകേല; ബിർളാച്ചേട്ടൻ എന്നുചോദിച്ചാലേ അറിയുകയുളെളന്ന്.
അതുശരി.
ദാസ് ഒരു സിപ്പുകൂടി കഴിച്ചു. മേശയിൽ രണ്ടു തവണ കൊട്ടി. ആരും ശ്രദ്ധിച്ചില്ല. അവർ ഇരുന്ന മുറിയിൽ മറ്റു മേശകളെല്ലാം കാലിയായിരുന്നു.
അപ്പോൾ ഞാൻ പറഞ്ഞുവന്നത് ഇന്ത്യയില് ഒരു വ്യവസായം തുടങ്ങുകയാണെങ്കിൽ അത് ബിർളായേക്കാൾ നന്നായിട്ട് പ്രാവർത്തികമാക്കാൻ മറ്റൊരു ഗ്രൂപ്പിനും സാധിച്ചിട്ടില്ല. അവര് തൊഴിലാളികളേയും തൊഴിലാളി നേതാക്കന്മാരേയും ഡീൽ ചെയ്യുന്നത് അവരുടേതായ പ്രത്യേക രീതിയിലാണ്. ഒരുദാഹരണം പറയാം. വടക്കേ ഇന്ത്യയിലെ ഒരു സാമാന്യം വലിയ പട്ടണത്തിൽ ബിർളയ്‌ക്ക് മൂന്നു ഫാക്‌ടറികളുണ്ട്. എല്ലാത്തിലുംകൂടി പതിനായിരത്തോളം തൊഴിലാളികൾ. ആ സ്ഥലത്തിനുതന്നെ പേര് ബിർളാനഗർ എന്നാണ്. അവിടെ ഫാക്‌ടറികൾ തുടങ്ങി പ്രവർത്തനമാരംഭിച്ചിട്ട് കുറഞ്ഞത് അൻപതുവർഷമെങ്കിലുമായിക്കാണും. എന്റെ ബാബു, ഒരൊറ്റദിവസംപോലും തൊഴിൽത്തർക്കംമൂലം അവിടുത്തെ ഫാക്‌ടറിയിൽ പണിനടക്കാതിരുന്നിട്ടില്ല. കാരണമെന്താ? അതാണ് ബിർളായുടെ ഗുട്ടൻസ്.
അകത്തെ ഹാളിൽനിന്നും പെട്ടെന്ന് ഒരു പൊട്ടിച്ചിരി. ആരോ മേശപ്പുറത്ത് കൈ ആഞ്ഞടിക്കുന്നു. ഇനിയും അവിടെനിന്ന് ഉയരുന്ന വാക്കുകൾ എല്ലാവർക്കുമറിയാം. ആരും അതു ശ്രദ്ധിക്കാറില്ല. ബെയറർ വൺമോർ-ചേട്ടന്റെ ഡീൽ. അല്ല എന്റെയാണൊ? അതെ ചേട്ടന്റെ തന്നാ.
ദാസ് ഉറക്കെ ആത്മഗതം ചെയ്‌തു.
അവനെ കാണുന്നില്ലല്ലോ.
ബാബു ചോദിച്ചു.
ആരെയാ?
ബെയററെ. ഐ തിങ്ക് ഐ വിൽ ഹാവ് ടു ടേക് അപ് ദിസ് മാറ്റർ വിത് ദി മാനേജ്‌മെന്റ്.
ബാബു പറഞ്ഞു.
ഞാൻ പോയി നോക്കിയിട്ടുവരാം.
ദാസ് വിലക്കി.
വേണ്ട. വരുമ്പോൾ വരട്ടെ.
ദാസ് തുടർന്നു.
കഴിഞ്ഞ നാല്‌പതു വർഷമായിട്ട് അവിടെനിന്ന് ഒരു അസംബ്ലിസ്ഥാനാർത്ഥി ജയിക്കുന്നത് എപ്പോഴും ഇടതുപക്ഷക്കാരനായിരുന്നു. കമ്യൂണിസ്‌റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥി. ഒന്നോർക്കണം, കേരളത്തിൽ കമ്യൂണിസ്‌റ്റ് പാർട്ടി അധികാരത്തിൽ വന്ന ആയിരത്തിത്തൊളളായിരത്തി അമ്പതുകളുടെ അവസാനം അവിടേയും കമ്യൂണിസ്‌റ്റ് പാർട്ടി ജയിച്ചു. ആ നാടേതാണെന്നോ? ആ സംസ്ഥാനത്തെ അസംബ്ലിയില് മുന്നൂറോളം എം.എൽ.എ.മാരുണ്ടായിരുന്നതില് കഴിഞ്ഞ നാല്‌പതു കൊല്ലമായിട്ട് മൂന്നുസീറ്റിൽ കൂടുതൽ കമ്യൂണിസ്‌റ്റ് പാർട്ടിക്കു കിട്ടിയിരുന്നില്ല. അതിൽ എന്നും ജയിച്ചു വരുന്ന ഒരു പാർട്ടീസ്ഥാനാർത്ഥിയേ ഉണ്ടായിരുന്നുളളൂ. ബിർളയുടെ വ്യവസായ നഗരത്തിലെ എം.എൽ.എ.! കോൺഗ്രസും, ജനസംഘവും എന്നല്ല എല്ലാ പാർട്ടിക്കാരും ശ്രമിച്ചുനോക്കി. പക്ഷേ, ബിർളാജി സമ്മതിച്ചില്ല. തൊഴിലാളികളുടെ കാര്യം പറയാൻ ഒരു കമ്യൂണിസ്‌റ്റുകാരൻ വേണം അസംബ്ലിയില്. ഇതായിരുന്നു നയം. ഇലക്‌ഷന്റെ ചെലവുപോലും രഹസ്യമായിട്ട് ബിർളാജിതന്നെയാണ് കൊടുക്കാൻ ഏർപ്പാടു ചെയ്‌തിരുന്നത്. അങ്ങനെയുളള ബിർളാജിപോലും ഇവിടെ തോറ്റു. കേരളത്തില്.
വരാന്തയിലൂടെ ഒരു വലിയ ട്രേയും താങ്ങിപ്പിടിച്ച് വെളള യൂണിഫോറമിട്ട വൃദ്ധനായ ബെയറർ മെല്ലെ കാലടികൾ വച്ച് വരുന്നുണ്ടായിരുന്നു. ബാബു പ്രതീക്ഷിച്ചു. ഇപ്പോൾ അങ്കിൾ ബെയററെ വിളിച്ച് ചാടിക്കും എന്ന്. പക്ഷേ, ഒന്നുമുണ്ടായില്ല. ദാസിന്റെ നേരെ നോക്കി ബെയറർ പുഞ്ചിരിച്ചു. അപ്പോൾ, ദാസ് ഒരു വിരൽ പൊക്കി ആംഗ്യം കാട്ടി. ബെയറർ തലയാട്ടി നടന്നുപോയി.
ബാബുവിന് കാപ്പിവേണോ ഒരു കപ്പു കൂടി?
ബാബു പറഞ്ഞു.
വേണ്ട.
ഏകദേശം ഒരുമണിക്കൂർ മുൻപ് ഇവിടെ വന്നപ്പോൾ ദാസങ്കിൽ ഷെയ്‌ക്ക് ഹാൻഡ് ചെയ്‌ത് രണ്ടാമത്തെ നിലയിലെ ഈ മുറിയിലേക്കു കൂട്ടുക്കൊണ്ടുവന്നു പറഞ്ഞു.
മത്തായിച്ചന്റെ എഴുത്തുണ്ടായിരുന്നു. ബാബുവിന് എന്തോ ചില വ്യവസായം തുടങ്ങാനുളള ഐഡിയ എന്നൊക്കെ. എനിക്ക് വളരെ സന്തോഷമുളള കാര്യമാണ്. വരൂ, ഇവിടെ സൗകര്യമായിരുന്ന് വർത്തമാനം പറയാം.
ഇരുന്നയുടൻ ദാസ് ബെയററെ വിളിച്ചു. എന്നിട്ട് ബാബുവിനോടു ചോദിച്ചു.
ബാബു അല്‌പം കഴിക്കുന്നോ?
ഇല്ല. ഞാൻ കുടിക്കാറില്ല.
ദാസ് ചിരിച്ചു.
ഞാൻ നിർബന്ധിക്കുന്നില്ല. നിങ്ങളുടെ പ്രായത്തിൽ കുടിക്കാത്ത ചെറുപ്പക്കാര് ഈ പട്ടണത്തിലുണ്ടെന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കുകയില്ല. പക്ഷേ, ബാബു മദ്യം തൊടാത്തവനാണെന്നു പറഞ്ഞാൽ…
എന്നല്ല അങ്കിൽ, എനിക്ക് ഇഷ്‌ടമില്ല. അതുകൊണ്ടാണ്.
ആസ് യു പ്ലീസ്. എന്നാൽ, ഒരു കാപ്പിയാകാം. എന്താ?
അതും വേണ്ട എന്നു പറഞ്ഞാൽ അതു ശരിയല്ല. അതുകൊണ്ട് കാപ്പി കുടിക്കാം.
മേശപ്പുറത്തിരുന്ന കാലിയായ കപ്പിൽ എങ്ങുനിന്നോ പറന്നുവന്ന ഒരു ഈച്ച സ്ഥലംപിടിച്ചിരുന്നു. ഇടയ്‌ക്കിടയ്‌ക്ക് ചിറകിട്ടനക്കിക്കൊണ്ട് ഇരുന്നതല്ലാതെ ഈച്ച പറക്കാൻ ശ്രമിച്ചില്ല. ദാസ് പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട ഇരുന്നൂറു കമ്പനികളിൽ മുപ്പതിലേറെ സ്വന്തമായിട്ടുളള ഗ്രൂപ്പാണ് ബിർളയുടേത്. അവർക്ക് ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും വ്യവസായശാലകളുണ്ട്. ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, തായ്‌ലൻഡ്, നൈജീരിയ, കെനിയ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഫാക്‌ടറികളുണ്ട്. ജനാധിപത്യമോ പട്ടാളഭരണമോ രാജഭരണമോ കമ്യൂണിസമോ എന്തായാലും ബിർളാ അതിനൊത്ത് രീതികൾ മാറ്റി എല്ലായിടവും വിജയിച്ചിരുന്നു. നമ്മുടെ ബംഗാളിൽത്തന്നെ എത്രകാലമായി ഇടതുപക്ഷപാർട്ടികളല്ലേ ഭരിക്കുന്നത്. നമ്മുടെ ഇവിടുത്തേക്കാൾ വൈദ്യുതിപ്രശ്‌നവും മറ്റു പ്രശ്‌നങ്ങളും ഉളള സംസ്ഥാനമാണ്. എന്നിട്ടും ബിർള അവിടെ ഫാക്‌ടറികൾ നടത്തുന്നു. ബിർളയുടെ ആസ്ഥാനംതന്നെ കൽക്കത്തയാണ്. ഈ പറഞ്ഞ എല്ലായിടത്തും ഒരു ഫാക്‌ടറി തുടങ്ങിക്കഴിഞ്ഞാൽ അടുത്തകൊല്ലം രണ്ടെണ്ണംകൂടി വരും. പിന്നത്തെ കൊല്ലം നാല്. ജ്യോമെട്രിക്കൽ പ്രോഗ്രഷനിലാണ് വികസനം. അനുഭവസമ്പത്ത്, പണം, രാഷ്‌ട്രീയസ്വാധീനം, എല്ലാം കൈവശമുണ്ട്. അത് ഉപയോഗിക്കാനുമറിയാം. അവർ എല്ലായിടത്തും വിജയിക്കുന്നുമുണ്ട്. അവരുപോലും സുല്ലിട്ട നാടാണ് നമ്മുടേത്. ബാബു എല്ലാം ആലോചിച്ചുതന്നെയാണോ ഈ തീരുമാനമെടുത്തത്? എന്റെ ഉപദേശം, ഉപദേശമല്ല അഭിപ്രായം, ഇൻഡസ്‌ട്രി തുടങ്ങിയേ പറ്റൂ എന്ന് ഒരു ഒബ്‌സഷനാണെങ്കിൽ ബാബു കോയമ്പത്തൂരോ ബാംഗ്ലൂരോ പോകൂ. നോ. നോട്ട് ഇൻ കേരള. നെവർ.
ബാബുവിന് ബോറടി തോന്നി. വെറുതെ ഒരു സായാഹ്നം വ്യർത്ഥമാകുന്നു.
ദാസ് ഇപ്പോൾ പാടിയ പല്ലവി വെറും ആവർത്തനംമാത്രമാണ്. ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ.
ദാസിനെ കാണാം എന്നു തീർച്ചപ്പെടുത്തിയപ്പോൾ ഒരാഗ്രഹമുണ്ടായിരുന്നു. ഒരു വലിയ വ്യവസായഗ്രൂപ്പിലെ പ്രവർത്തനരീതികളെക്കുറിച്ച് അല്‌പം വിവരം ലഭിക്കുമെന്ന്. ഈ അന്തരീക്ഷവും ഇവിടക്കൂടിയിരിക്കുന്ന വ്യക്തികളും എറണാകുളത്തെ വ്യവസായമേഖലയുടെ തലപ്പത്തിരിക്കുന്ന ബുദ്ധിശക്തിയുടെ പരിച്ഛേദമായിരിക്കും.
എറണാകുളം നഗരമധ്യത്തിൽ പഴയ രാജകീയപ്രൗഢിയുടെ ആഢ്യത്വം ഇന്നും കാത്തുസൂക്ഷിക്കുന്ന ക്ലബ്. കൊച്ചിയിൽ വെളളക്കാർക്കും അവരോട് ഏറ്റവും അടുപ്പമുളളവർക്കും മാത്രം പ്രവേശിക്കാവുന്ന ക്ലബ് സ്ഥാപിതമായപ്പോൾ നാട്ടുകാരിലെ പ്രമാണികളെ പലരേയും അവിടെ അംഗങ്ങളാക്കാൻ പറ്റുകയില്ലെന്ന് ഭംഗ്യന്തരേണ അറിയിച്ചു. ആ വാശിയിൽ മദിരാശിയിലെ പ്രധാന വെളളക്കാരുടെ ക്ലബുകളൊന്നിന്റെ മാതൃകയിൽ ആരംഭിച്ചതാണിത്. ടെന്നീസ് കോർട്ടും, ഷട്ടിൽ കോക്കു കളിക്കുന്ന ഇൻഡോർ കോർട്ടും രാത്രി എട്ടുമണിയാകുമ്പോഴേക്ക് നിശ്ശബ്‌ദമാകും. പക്ഷേ, രണ്ടാമത്തെ നിലയിലെ ഹാൾ അർദ്ധരാത്രിവരെ സജീവമായിരിക്കും. അടുത്ത മുറിയിൽ നല്ലയൊരു ബാർ. ഓർഡർ കൊടുത്താൽ എത്രയും നല്ല ഏതുതരം ഭക്ഷണവും ലഭിക്കുന്ന ഒരു കിച്ചൺ, കുടുംബമായി വരുന്നവർക്ക് സ്വൈര്യമായിരുന്ന് ഭക്ഷണം കഴിക്കാൻ ഒരു ഡൈനിംഗ് റൂം, ഇവയൊക്കെ അർധരാത്രിവരെ പ്രവർത്തിക്കും. റമ്മി. വീര്യമുളള ആദ്യയാമങ്ങൾ. പരമ്പരാഗത ബിസിനസ് കുടുംബങ്ങളിലെ നായകൻമാർ, റിട്ടയേഡ് ഉദ്യോഗസ്ഥർ, എന്തു കാര്യത്തിലും ആധികാരികമായ ഉപദേശം നല്‌കാൻ തയ്യാറുളള മനസ്സുമായി, നഗരത്തിൽ സ്ഥിരതാമസമാക്കിയ പഴയ വിദേശ മലയാളികൾ. അവർ മറ്റുളളവരിൽനിന്ന് വ്യത്യസ്‌തരും സമർത്ഥരുമാണെന്ന് പൂർണമായ ബോധ്യമുളളവർ.
എ.പി.ദാസ് പുതുമുഖമാണെങ്കിലും ഇക്കൂട്ടർക്കിടയിൽ നന്നായി തിളങ്ങി. ദാസ് ഭംഗിയായി സംസാരിക്കും. അനവധി കഥകൾ പൊടിപ്പും തൊങ്ങലുംവച്ച് വിസ്‌തരിക്കും. ഇന്ത്യൻ ദേശീയസമരവും ഇന്ത്യൻ വ്യവസായത്തിന്റെ ബ്രിട്ടീഷുകാരിൽനിന്നുളള മോചനവും ഒന്നിച്ചു നടത്താൻ പരിശ്രമിച്ച ബിർളാ കുടുംബത്തിന്റെയും പ്രത്യേകിച്ച് ജി.ഡി. എന്നുവിളിക്കുന്ന ഘനശ്യാംദാസ് ബിർളാജിയുടെയും കഥകൾ.
ദാസും ബാബുവിന്റെ പിതാവ് മത്തായിയും സതീർത്ഥ്യരായിരുന്നു. മാവേലിക്കരയ്‌ക്കും മാന്നാറിനുമിടയ്‌ക്കുളള വിരിപ്പുപാടങ്ങളും അവയെ കീറിമുറിച്ചു പോകുന്ന, പാദം നനയാൻ മാത്രം നീരൊഴുക്ക് ഉണ്ടാകാറുളള തോടുകളും അവയുടെ അതിരുകളിലെ കൈതക്കാടുകളും നൂർന്നിറങ്ങുന്ന ഓലപ്പാമ്പുകളും പാടത്തിനരികത്തുളള ചേറ് നിറഞ്ഞ കുളത്തിലെ ആമ്പൽപ്പൂക്കളും സൂര്യനെനോക്കി തപസുചെയ്യുന്ന ആമകളും എല്ലാം ദാസിന്റെ ഉത്തരേന്ത്യൻ ജീവിതത്തിൽ എന്നും ഓമനിക്കുന്ന ഓർമകളായിരുന്നു. ആ ഓർമകളിൽ എപ്പോഴും കൂടെയുണ്ടായിരുന്നത് ഒരു മുഖം മാത്രം. മത്തായി. എസ്.എസ്.എൽ.സി.പരീക്ഷയ്‌ക്ക് ഇരുവർക്കും ഏകദേശം ഒരേ മാർക്കായിരുന്നു. അന്ന് ഇരുവരും ടി.ടി.സി.ക്ക് അപേക്ഷിച്ചു. മത്തായിക്കു കിട്ടി. ദാസിന് വെയിറ്റിംഗ് ലിസ്‌റ്റിലായിരുന്നു.
അപ്പോഴാണ് അവരുടെ ഇരുവരുടേയും ജീവിതത്തെ ആകെ മാറ്റി മറിച്ച ഒരു സംഭവമുണ്ടായത്. മത്തായിയുടെ പിതാവിന്റെ സഹോദരൻ സ്‌റ്റേറ്റ് കോൺഗ്രസിന്റെ ഒരു എളിയ പ്രവർത്തകനായിരുന്നു. തികഞ്ഞ ഗാന്ധിയൻ. ഖദറേ ധരിക്കൂ. എവിടെപ്പോയാലും ദിവസവും അരമണിക്കൂർ നൂൽനൂൽക്കും. മത്തായിക്ക് അദ്ദേഹവുമായി അത്ര അടുപ്പമില്ലായിരുന്നു. മിക്കവാറും വാർദ്ധയിലെ ആശ്രമത്തിലെ ഒരന്തേവാസിയായി കഴിയുകയായിരുന്നു ഈ ബന്ധു. അമ്മൂമ്മയുടെ മരണം. മക്കളെല്ലാം ഒത്തുകൂടി. വാർദ്ധയിൽ നിന്ന് ഇദ്ദേഹവും വന്നിരുന്നു. യാദൃച്‌ഛികമായി മത്തായിയുടെ പിതാവ് സഹോദരനോട് മകന്റെ ഭാവിയെക്കുറിച്ച് വിവരിച്ചു. അദ്ദേഹം പറഞ്ഞു. ഇക്കാലത്ത് ജോലികിട്ടാനൊക്കെ വളരെ വിഷമമല്ലേ! പക്ഷേ, നമ്മുടെ കൊച്ചന് വേണമെങ്കിൽ ഞാൻ എന്റെ പരിചയക്കാരോട് ആരോടെങ്കിലും സഹായിക്കാൻ പറയാം. ഈ ഗാന്ധിഭക്തനെക്കൊണ്ട് ഒരു കാര്യവും നടക്കില്ലെന്ന് കുടുംബത്തിൽ എല്ലാവർക്കും തീർച്ചയായിരുന്നു. അതുകൊണ്ട് വെറുതെ സമ്മതംമൂളി.
ഒരു മാസം കഴിഞ്ഞപ്പോൾ ഒരു കത്തുവന്നു. ഉത്തരേന്ത്യയിലെ ഒരു നഗരത്തിലെ ബിർളയുടെ വക ഒരു കമ്പനിയിൽ റിപ്പോർട്ടു ചെയ്യുക. ശമ്പളം നൂറ്റിപ്പത്തുരൂപ. മത്തായിയുടെ ടി.ടി.സി പഠിത്തം പുരോഗമിക്കുകയായിരുന്നു. മത്തായിക്ക് നാട് വിടണമെന്നില്ല. അന്ന് ചെറിയൊരു പ്രേമവും, അല്‌പം തീവ്രതയോടെ, നടന്നുകൊണ്ടിരിക്കുകയായിരുന്നു. മത്തായി തന്റെ ആത്മസുഹൃത്തായ ദാസിനോടു പറഞ്ഞു. താനൊരു കാര്യം ചെയ്യ്. ഈ കത്തുംകൊണ്ട് അവിടെ പോകുക. എനിക്ക് ഈ ജോലിയിൽ വരാൻ മറ്റു കാരണങ്ങൾകൊണ്ടു പറ്റില്ലെന്നും എഴുതിത്തരാം. താനൊന്നു ശ്രമിക്ക്. പറ്റില്ലെങ്കിൽ വണ്ടിക്കൂലി മാത്രമല്ലേയുളളു നഷ്‌ടം.
ദാസ് പറഞ്ഞു.
എനിക്കീ നിലയെല്ലാമുണ്ടാകാൻ കാരണം മത്തായിച്ചനാണ്. മത്തായിച്ചന്റെ മകൻ അറിഞ്ഞുകൊണ്ട് ഒരപകടത്തിലേക്കു ചാടുമ്പോൾ അത് പിടിച്ചുനിർത്തേണ്ട ചുമതല എനിക്കുണ്ട്. അതുകൊണ്ട് പറയുന്നതാണ്.
ബാബു ഒരു വാദപ്രതിവാദം നടത്തണമെന്ന് ഒട്ടും ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ, താനൊരു വ്യവസായം തുടങ്ങുന്നു എന്ന ആശയം കേൾക്കുന്ന നിമിഷംമുതൽ എല്ലാവരും പറയുന്ന വാക്കുകൾ, താനെന്തോ വലിയ അപകടത്തിലേക്ക് എടുത്തുചാടാൻ പോകുന്നു എന്ന മട്ടിലായിരുന്നു. ദാസിന് അനവധി കമ്പനികളും വ്യവസായങ്ങളുമായി പരിചയമുണ്ട്. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് പ്രായോഗികരൂപത്തിൽ തനിക്ക് ഉപയോഗിക്കാൻ പറ്റുന്നതരം ഉപദേശങ്ങൾ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. മാത്രമല്ല ദാസിന് എറണാകുളത്തെ വ്യവസായപ്രമുഖരുമായി വ്യക്തിബന്ധങ്ങൾ ഉളളതുകൊണ്ട് പല കാര്യങ്ങളിലും സഹായം ലഭിച്ചേക്കുമെന്ന ആശയും ഉണ്ടായിരുന്നു.
കേരളത്തിലെ ഔദ്യോഗികതലത്തിൽ കാര്യങ്ങൾ സാധിച്ചുകിട്ടുന്നതിനെക്കുറിച്ച് ഒരു വലിയ നേതാവ് തന്റെ അനുഭവത്തിൽനിന്നും പറഞ്ഞ വാക്കുകൾ ബാബു ഓർത്തിരുന്നു.
ഉന്നതരുമായുളള വ്യക്തിബന്ധം, പിടിപാട്-അതുണ്ടെങ്കിൽ കാര്യങ്ങൾ സാധിച്ചുകിട്ടാൻ മദ്യവും പണവും മറ്റ് ആകർഷണീയതകളും ഒട്ടും ആവശ്യമില്ല ഈ നാട്ടിൽ.
ദാസിന് തീർച്ചയായും പിടിപാടുണ്ട്. വ്യവസായങ്ങളിലും സർക്കാരിലും മിക്കവാറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്. ബിർളാഗ്രൂപ്പിന്റെ പ്രധാനികളായ ഉദ്യോഗസ്ഥരിൽ വളരെ അപൂർവമായേ മലയാളികൾ ഉണ്ടാകാറുളളൂ. എല്ലാ രാഷ്‌ട്രീയ, സാമൂഹ്യ, സാമുദായികനേതാക്കൻമാർക്കും ബിർളയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. അവിടെയെല്ലാം മലയാളികളായ നേതാക്കൻമാർക്ക് അത്താണിയായിരുന്നത് ദാസായിരുന്നു. ദാസിന് നേരിട്ട് ടെലിഫോൺ ചെയ്‌തു സംസാരിക്കാവുന്ന തരം സുഹൃത്തുക്കളായിരുന്നു, കേരളത്തിലെ എല്ലാ രാഷ്‌ട്രീയ-സാമൂഹ്യ നേതാക്കൻമാരും. അത്തരമൊരു ശക്തിയെ തന്റെയൊപ്പം പിടിച്ചുനിർത്താനുളള പദ്ധതികൾ ആവിഷ്‌കരിക്കുക എന്നതായിരുന്നു ബാബുവിന്റെ ലക്ഷ്യം.
അതുകൊണ്ട് ദാസ് തന്റെ ഉദ്യമത്തിൽനിന്നും പിന്തിരിപ്പാൻ ശ്രമിച്ചെങ്കിലും ബാബു വകവയ്‌ക്കാതെ പറഞ്ഞു.
അങ്കിൾ, അങ്കിളുതന്നെ പറയൂ നമ്മുടെ നാട്ടിൽ അങ്കിളു പറയുന്നപോലെ അനവധി പ്രശ്‌നങ്ങളുണ്ട്. പക്ഷേ, പ്രശ്‌നങ്ങളുണ്ട് എന്നുവച്ച് തോറ്റോടിപ്പോകാനൊക്കുമോ? അതു ശരിയാണോ? എന്നെപ്പോലുളള ആളുകൾ ഒരു ശ്രമം നടത്തിയില്ലെങ്കിൽ അതല്ലേ കൂടുതൽ തെറ്റ്? എനിക്ക് വേണമെങ്കിൽ ഒന്നു ശ്രമിച്ചാൽ വിസ കിട്ടും. യാതൊരു അല്ലലുമില്ലാതെ മുപ്പതിനായിരമോ നാല്‌പതിനായിരമോ രൂപ വിദേശരാജ്യങ്ങളിലെവിടെയെങ്കിലും ശമ്പളം കിട്ടുന്ന ജോലി സമ്പാദിക്കാം പക്ഷേ, അതിലെന്താ അങ്കിൽ ഒരു ചലഞ്ച്?
ദാസ് ബാബുവിന്റെ കണ്ണുകളിലേക്കുതന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ആ കണ്ണുകളിൽ കണ്ട ആവേശം. പെട്ടെന്ന് ദാസിനോർമവന്നു. ദാസ് പലപ്പോഴും അതു കണ്ടിട്ടുണ്ട്.
ബീഹാറിലെ ഛോട്ടാ നാഗ്‌പൂർ പ്രദേശത്ത് ആദിവാസികളെ അവരുടെ നൂറ്റാണ്ടുകളായി അനുഭവിച്ചുവന്ന പാരതന്ത്ര്യത്തിൽനിന്ന് മോചിപ്പിക്കാൻ ശ്രമം നടത്തുന്നതിനിടയിൽ പോലീസിന്റെയും സമൂഹത്തിന്റെയും മാഫിയയുടെയും എതിർപ്പുകൾക്കിടയിലും തളർന്നു വീഴാതെ തലപൊക്കി തന്നോട് വാദിക്കാൻ വന്ന ചെറുപ്പക്കാരിയുടെ കണ്ണിൽ.
മഹാരാഷ്‌ട്രയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ പരമ്പരാഗതമായി കൈത്തറിനെയ്‌ത്ത് തങ്ങളുടെ കൂരകളിൽ നടത്തി യൗവനത്തിനുമുമ്പു തന്നെ വാർധക്യം ബാധിച്ചിരുന്ന അനേകായിരം ജീവിതങ്ങളെ രണ്ടു കാലിലും എഴുന്നേറ്റുനിന്ന് ബോംബെയിലെ നൂൽ ഏജന്റുമാരെ നേരിടാൻ ധൈര്യം പകർന്നുകൊണ്ടിരുന്ന ആ ചെറുപ്പക്കാരന്റെ കണ്ണുകളിൽ.
പുതിയ ഒരു കൂറ്റൻ കടലാസുമില്ല് വിന്ധ്യൻ കാടുകൾക്കു നടുവിൽ സ്ഥാപിക്കാനായി ചെന്നപ്പോൾ അവിടത്തെ വൃക്ഷങ്ങൾക്കുവേണ്ടി പൊരുതാൻ വന്ന് പരാജയപ്പെട്ട ഒരുകൂട്ടം ചെറുപ്പക്കാരുടെ കണ്ണുകളിൽ.
ദാസ് പറഞ്ഞു.
ബാബു, നീ പറഞ്ഞതു ശരിയാണ്.
ഞാൻ ഒരു വൃദ്ധന്റെ ചിന്തയിലൂടെ പറഞ്ഞതാണ്. അതിനെ കാര്യമാക്കണ്ട. യൂ ഗോ എഹേഡ്. ഐ വിൽബി വിത്ത് യു.
ബാബു പറഞ്ഞു.
എന്നാൽ, അങ്കിൾ ഈ കടലാസുകളൊക്കെയൊന്നു നോക്കൂ എന്റെ ചില ഐഡിയകളാണ്.
ബാബു സൈഡിലിരുന്ന ഡയറിക്കകത്ത് വച്ചിരുന്ന കവറെടുത്ത് തുറന്ന് അതിൽ മടക്കിവച്ചിരുന്ന ടൈപ്പുചെയ്‌ത ഷീറ്റുകൾ ദാസിന്റെ കൈയിൽ കൊടുത്തു.
ദാസ് കണ്ണടയുടെ ഗ്ലാസ് കർച്ചീഫുകൊണ്ട് തുടച്ചു. കടലാസ് ഉയർത്തി വായിക്കാൻ തുടങ്ങി.
Generated from archived content: privatelimited2.html Author: klm_novel