പത്തൊമ്പത്‌

എല്ലാറ്റിനും ഒരു ജന്മസിദ്ധമായ കഴിവുവേണം. ആ കഴിവില്ലെങ്കിൽപ്പിന്നെ എത്ര പഠിത്തവും ട്രെയിനിംഗും നല്‌കിയാലും വിജയിക്കുകയില്ല. ഇപ്പോൾ അഭിനയത്തിന്റെ ഉദാഹരണംതന്നെയെടുക്കാം. മുഖത്തെ മാംസപേശികളിൽ, കൈയിലെ വിരലുകളിൽ, നടത്തയുടെ രീതിയിൽ, സംഭാഷണത്തിന്റെ നേരിയ വ്യത്യാസങ്ങളിൽ, ഇവയിലെല്ലാം പൊടുന്നനേ മാറ്റംവരുത്താൻ കഴിയാത്ത നടനോ നടിയോ എത്ര അഭിനയക്ലാസുകളിൽ പഠിച്ചാലും വല്ല വിശേഷവുമുണ്ടോ? ഇല്ല. എന്നാൽ അഭിനയത്തിന്‌ ദൈവം നല്‌കിയ കഴിവുളളവരാണെങ്കിലോ, അവർക്ക്‌ ട്രെയിനിംഗും, പഠിത്തവും നൽകണം. വിജ്ഞാനം നേടാനുളള സൗകര്യംകൊടുക്കണം. അപ്പോഴാണ്‌ അവർ വിജയിക്കുന്നത്‌. അതുപോലെയാണ്‌ വ്യവസായവും ബിസിനസും എല്ലാം. ഒരാൾ എൻജിനീയറിംഗ്‌ പരീക്ഷ പാസായി എന്നുവച്ച്‌ അയാൾക്ക്‌ എൻജീനിയറിംഗുമായി ബന്ധപ്പെട്ട വ്യവസായം നടത്താൻ കഴിവു ലഭിക്കുമോ? ഇല്ല. മാനേജ്‌മെന്റ്‌, വ്യവസായ മാനേജ്‌മെന്റ്‌, ബിനിസന്‌ മാനേജ്‌മെന്റ്‌, എല്ലാം പഠിത്തംകൊണ്ടു ലഭിക്കുകയില്ല. പണം ഉണ്ടായതുകൊണ്ടും ലഭിക്കുകയില്ല. ജന്മദത്തമായ കഴിവ്‌, ഒരു ബിസിനസ്‌ കൾച്ചർ, വ്യവസായരക്തം ഉണ്ടായിരിക്കണം. അങ്ങനെയുളളവർക്കേ നല്ല വ്യവസായികളാകാൻ പറ്റു.

ഓഫീസർ ആദ്യമായി ഒന്നു പുഞ്ചിരിച്ചു. ഇദ്ദേഹത്തിന്‌ ചിരിക്കാൻ കഴിയുമോ എന്ന്‌ ബാബുവിന്‌ ശങ്കയുണ്ടായിരുന്നു. സന്തോഷം തോന്നി. ബാബുവും ചിരിച്ചു.

ഞാനും എഞ്ചിനീയറാണ്‌. പക്ഷേ എനിക്ക്‌ വ്യവസായ പാരമ്പര്യമില്ല.

ഞാൻ നിങ്ങളെ ഉദ്ദേശിച്ചല്ല പറഞ്ഞത്‌. അങ്ങനെ ധരിക്കരുത്‌. നമ്മുടെ നാട്ടിൽ ആർക്കാണ്‌ വ്യവസായപാരമ്പര്യമുളളത്‌? കൈവിരലിലെണ്ണാവുന്നവർക്ക്‌ മാത്രമേയുളളു.

സിംഗിൾ വിൻഡോ സിസ്‌റ്റത്തിലെ വിവരങ്ങൾ ശേഖരിക്കാൻ ചെന്ന ബാബുവിന്‌ ഒരാഗ്രഹമുണ്ടായിരുന്നു. വ്യവസായവകുപ്പിലെ ഏതെങ്കിലും ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഓഫീസറുമായി സംസാരിക്കണം. ഈ സർക്കാർ നൂലാമാലകളിൽനിന്ന്‌ മോചനം ലഭിക്കാനുളള കുറുക്കുവഴി, നിയമത്തെ മറികടക്കാതെ, എന്നാൽ കൈക്കൂലി കൊടുക്കാതെ, കണ്ടു പിടിക്കണം.

ചെറുപ്പക്കാരനോട്‌ പറഞ്ഞു.

എനിക്ക്‌ ഗ്രീൻ ചാനൽ എന്ന്‌ പറഞ്ഞാൽ എയർപോർട്ടിലെ ഗ്രീൻ ചാനലേ അറിയാവൂ. നമ്മളെത്ര ശ്രമിച്ചാലും, ഒരു സർക്കാർ ഡിപ്പാർട്ട്‌മെന്റും, അവർക്ക്‌ നിയമങ്ങളിലൂടെ തലമുറകളായി ലഭിച്ച ഒരധികാരവും വിട്ടുകൊടുക്കില്ല. തീർച്ച. അല്ലേ?

ചെറുപ്പക്കാരൻ സമ്മതിച്ചു.

യു ആർ കറക്‌ട്‌. ആക്‌ടുകൾ അമെൻഡുചെയ്യണം. അതിനുളള നീക്കങ്ങൾ ശക്തമായി നടക്കുന്നുണ്ട്‌.

അതുവരെ?

ചെറുപ്പക്കാരൻ പറഞ്ഞു.

എല്ലാം ശരിയാകും. പണ്ടൊക്കെ എത്രവർഷം കഴിഞ്ഞാലാണ്‌ ഓരോ കടലാസും നീങ്ങിക്കിട്ടുന്നത്‌? ഇപ്പോൾ ഗ്രീൻചാനൽ വന്നതിനുശേഷം, കേസ്‌ എന്തുകൊണ്ടു താമസിച്ചു എന്നതിന്‌ കാരണം പറയണം. നല്ല കാരണം കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കിൽ, പ്രതിമാസമീറ്റിംഗിൽ കളക്‌ടർ പിടികൂടും.

അനവധി സർക്കാർ ഡിപ്പാർട്ടുമെന്റുകളുടെ ലൈസൻസും അനുവാദവും റിപ്പോർട്ടും കിട്ടിയാലേ ഒരു വ്യവസായം തുടങ്ങാനാകൂ. സിംഗിൾ വിൻഡോ, ഗ്രീൻചാനൽ തുടങ്ങിയ പേരുകളിൽ എല്ലാ പ്രശ്‌നങ്ങളും ഒരേയൊരു സ്ഥാപനംതന്നെ ഒരേ ജനലിൽകൂടി എളുപ്പം തീർത്ത്‌ വ്യവസായസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്‌ ഓരോ ജില്ലയുടെയും കളക്‌ടർ അധ്യക്ഷനായ സമിതിയുണ്ട്‌.

പക്ഷേ, തലമുറകൾക്കുമുമ്പ്‌ സർക്കാറിന്റെ നയം വെറും കരംപിരിവിനും നിയമപരിപാലനത്തിനുംവേണ്ടി മാത്രമായിരുന്നപ്പോഴുണ്ടായിരുന്ന ആക്‌ടുകളിലാണ്‌ ഇന്നും ഓരോ ഡിപ്പാർട്ടുമെന്റുകളുടെയും അടിസ്ഥാനഅധികാരങ്ങൾ. ആ ആക്‌ടുകളിൽ അല്‌പംപോലും വിട്ടുവീഴ്‌ച ചെയ്യാൻ നിയമസഭയ്‌ക്കേ കഴിയൂ. അവ മാറിയാലും കാലമേറെയെടുക്കും. പാരമ്പര്യാവകാശങ്ങളും, അധികാരങ്ങളും ഓരോ ഡിപ്പാർട്ട്‌മെന്റും വിട്ടുകൊടുക്കാൻ.

ബാബു പറഞ്ഞു.

എനിക്ക്‌ കാര്യവിവരവും, പ്രവർത്തന പരിചയവും അതേസമയം നൂതനമായ വീക്ഷണവുമുളള ഒരാഫീസറെ പരിചയപ്പെടുത്തൂ. എനിക്ക്‌ അദ്ദേഹത്തിൽനിന്നു പലതും ചോദിച്ചറിയാനുണ്ട്‌.

ലഘുലേഖകളെക്കാൾ നന്നായി, ഓഫീസറെ കണ്ടുകിട്ടിയത്‌.

ഓഫീസർ പറഞ്ഞു.

ഞാനും ഒരെഞ്ചിനീയറാണ്‌. ഏറെ വർഷങ്ങളായി ഈ ഡിപ്പാർട്ട്‌മെന്റിൽ. ആദ്യംമുതൽതന്നെ എന്റെ അധികാരപരിധിയിൽ വരുന്ന സ്ഥലത്ത്‌ വ്യവസായങ്ങൾ, ചെറുകിടയായാലും മീഡിയം സ്‌കെയിലിലായാലും, കൊണ്ടുവരാൻ ആത്മാർത്ഥമായി ശ്രമിക്കുകയും അതിൽ പരാജയപ്പെടുകയും ചെയ്‌ത ആളാണ്‌ ഞാൻ. അനിയന്‌ വിഷമം തോന്നരുത്‌. ഞാനാദ്യം അത്ഭുതപ്പെട്ടിട്ടുണ്ട്‌. പാലക്കാട്ടും, കഞ്ചിക്കോട്ടും അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കുംവേണ്ടി യാതൊരു വിട്ടുവീഴ്‌ചാമനോഭാവവുമില്ലാതെ അനവധി വ്യവസായസംരംഭകരെ തോൽപ്പിച്ച അതേ തൊഴിലാളി തൊട്ടപ്പുറത്ത്‌ കോയമ്പത്തൂരും പൊളളാച്ചിയിലും ഇതിന്റെ പകുതി വേതനത്തിൽ യാതൊരു മടിയുമില്ലാതെ അടിമയെപ്പോലെ പണിയെടുക്കുന്നു. ഇതായിരിക്കും ഇവിടെ വ്യവസായങ്ങൾ വിജയിക്കാത്തതെന്ന്‌ ഞാൻ സംശയിച്ചു. പക്ഷേ, ശരിയല്ല എന്നെനിക്കു തോന്നുന്നു. ബോംബെയിലെ ഒരു സ്വതന്ത്ര തൊഴിലാളി സംഘടന നടത്തുന്ന സമരമുറകളുമായി തട്ടിച്ചു നോക്കിയാൽ നമ്മുടെ തൊഴിലാളികൾ എത്രയോ ഭേദം! പിന്നെ? നമുക്കൊരു ബിസിനസ്‌ മാനേജ്‌മെന്റ്‌ സംസ്‌കാരം ഇല്ല.

മനസ്സിലായില്ല.

ഓഫീസർക്ക്‌ ബാബുവിനെ ഇഷ്‌ടപ്പെട്ടു. ബാബു ആദ്യംതന്നെ പറഞ്ഞു.

എനിക്ക്‌ പഠിത്തമുണ്ട്‌. എന്റെ കൂട്ടുകാർക്കും. പണം, മൂലധനം ഞങ്ങൾ എങ്ങനെയെങ്കിലും സംഭരിക്കാം. ഇപ്പോൾ കൈയിലൊന്നുമില്ല. പക്ഷേ ശരിയാക്കാം എന്ന്‌ ധൈര്യമുണ്ട്‌.

പിന്നെ?

ഒരു ആവേശമുണ്ട്‌. അർപ്പണമനോഭാവവുമുണ്ട്‌.

അദ്ദേഹം ചിരിച്ചു. ചായ വരുത്തി.

ഞാൻ മുമ്പ്‌ പറഞ്ഞതുതന്നെ. നമുക്കൊരു വ്യവസായ സംസ്‌കാരം ഉണ്ടായാൽമതി.

അദ്ദേഹം കഥ പറഞ്ഞു.

ഇന്ത്യയിൽ കച്ചവടക്കാരാണ്‌ വ്യവസായികളായി മാറിയത്‌. നൂറുവർഷത്തിലേറെ മുമ്പ്‌ അതു തുടങ്ങി എന്ന്‌ കേട്ടിട്ടുണ്ട്‌. പക്ഷേ കേരളത്തിൽ ഇന്നും ആ മാറ്റം തുടങ്ങിയിട്ടില്ല. ഏറ്റവും നല്ല ഉദാഹരണം ഗോയങ്കാ, ബിർളാ തുടങ്ങിയ ഫാമിലികളുടെതാണ്‌. ഞാൻ പറയും.

1568-ലാണ്‌ ആദ്യത്തെ ബ്രിട്ടീഷ്‌ കച്ചവടക്കാർ ഇന്ത്യയിൽ ബിസിനസിനായി വന്നത്‌. ഫ്രിറ്റ്‌സ്‌, ന്യൂബർഗ്‌ എന്ന രണ്ടു സായിപ്പന്മാർ. അവർക്കു മുമ്പുതന്നെ ഇവിടെയെത്തിയ ഫ്രഞ്ചും പോർട്ടുഗീസും വ്യാപാരികളുടെ ലാഭത്തോത്‌ കണ്ട്‌ ആകൃഷ്‌ടരായാണവർ വന്നത്‌. ബ്രിട്ടിഷുകാർ മെല്ലെ ഇന്ത്യയിൽ ആധിപത്യം നേടി. 1757 ആയപ്പോഴേക്ക്‌, ബ്രിട്ടനിൽനിന്നുളള കച്ചവടക്കാരുടെ പറുദീസയായി മാറി ഇൻഡ്യ. സ്വന്തംരീതിയിലുളള കരം ചുമത്തൽ, ഫാക്‌ടറികളും ഗോഡൗണുകളും സ്വന്തമാക്കൽ, സിൽക്ക്‌, സുഗന്ധദ്രവ്യങ്ങൾ, രത്‌നങ്ങൾ തുടങ്ങിയവയിൽ കുത്തകവ്യാപാരം ഇത്യാദി കാരണം അവർ വളരെ ശക്തരായി. പക്ഷേ ഒരു വലിയ പ്രശ്‌നം അവർക്കു നേരിടേണ്ടിവന്നു. ഇന്ത്യയുടെ ലക്ഷക്കണക്കിന്‌ ഗ്രാമങ്ങളിൽനിന്നാണ്‌ അവരുടെ ഉത്‌പന്നങ്ങൾ ലഭിക്കുന്നത്‌. ഈ ഗ്രാമങ്ങളുമായി നേരിട്ട്‌ ബന്ധം സ്ഥാപിക്കാൻ അവർക്ക്‌ സാവകാശവും, വൈദഗ്‌ധ്യവും ഇല്ലായിരുന്നു. പിന്നെ, അവർക്ക്‌ തുറമുഖത്തോടടുത്ത്‌ പാണ്ടികശാലകൾ കേന്ദ്രമാക്കി കച്ചവടം നടത്തുന്നതായിരുന്നു സുരക്ഷിതം. കൽക്കത്തയായിരുന്നല്ലോ അന്ന്‌ ബ്രിട്ടീഷ്‌ ഇന്ത്യയുടെ തലസ്ഥാനവും, പ്രധാന തുറമുഖവും. ഇന്ത്യയിലെ വാണിജ്യകേന്ദ്രമായി കൽക്കത്ത വളർന്നു.

ആയിടയ്‌ക്കാണ്‌ ഒരു വലിയ മധ്യവർത്തി വൈശ്യസമൂഹം ഇന്ത്യൻ വ്യാപാരത്തിലേക്കിറങ്ങിയത്‌. ഉത്തരേന്ത്യയുടെ നാനാഭാഗത്തുനിന്നും കുതിരപ്പുറത്തും, ഒട്ടകപ്പുറത്തും, കാളവണ്ടികളിലും കൽക്കത്തയിലേക്ക്‌ കയറ്റുമതിവസ്‌തുക്കൾ പ്രവഹിക്കാൻ തുടങ്ങി. അതോടൊപ്പം അനവധി പുതിയ ഇന്ത്യൻ വ്യാപാരികൾ കമ്മീഷൻ ഏജന്റുകളായും, ദല്ലാൾമാരായും ബ്രിട്ടീഷ്‌ കച്ചവടക്കാരെ സഹായിക്കാനായി കൽക്കത്തയിലെത്തി. ബ്രിട്ടീഷുകാർക്ക്‌ ഗ്രാമങ്ങളുമായുളള ബന്ധം ഈ വ്യാപാരികൾ വഴിയായി. അവർ ഉത്‌പന്നങ്ങൾ ആവശ്യാനുസരണം ശേഖരിക്കുക, ചരക്കുഗതാഗതം നിയന്ത്രിക്കുക, കയറ്റുമതിക്കപ്പൽ വരുന്നതുവരെ സൂക്ഷിക്കുക തുടങ്ങിയ എല്ലാ പണികളും ഏറ്റെടുത്തു. സ്വാഭാവികമായും, ബ്രിട്ടീഷ്‌ വ്യാപാരികൾ ഇറക്കുമതി ചെയ്‌ത സാധനങ്ങൾ വിൽക്കാനും ഇതേ വൈശ്യസമൂഹത്തെ ഏല്‌പിച്ചു. അവർക്ക്‌ കമ്മീഷനിൽകൂടിത്തന്നെ ലക്ഷക്കണക്കിന്‌ രൂപ സമ്പാദിക്കാനും കഴിഞ്ഞു.

ഗോയങ്ക, ബിർള തുടങ്ങിയ കുടുംബങ്ങൾ അക്കാലത്ത്‌, ഏകദേശം നൂറിൽപ്പരം വർഷങ്ങൾക്കുമുമ്പ്‌, ഇവ്വിധം കൽക്കത്തയിൽ ബിസിനസ്‌ തുടങ്ങി. ചണം, തേയില തുടങ്ങിയവയിലായിരുന്നു ലാഭം ഏറ്റവും കൂടുതൽ. മാർവാഡികൾ, സാധാരണയായി ആൺമക്കളെ പത്തുവയസ്സാകുമ്പോൾതന്നെ അച്ഛനോടൊപ്പം വ്യാപാരത്തിലിരുത്തുന്ന സമ്പ്രദായമായിരുന്നു. പക്ഷേ, സർ ബദരീനാഥ്‌ ഗോയങ്കയെപ്പോലുളളവർ സയൻസിലും എൻജിനീയറിംഗിലും പ്രതിപത്തി കാട്ടി.

ഇന്ത്യൻ സ്വാതന്ത്ര്യസമരമാണ്‌ ഒരുകണക്കിൽ, ഈ വ്യാപാരികുടുംബങ്ങളിൽ പലരേയും വ്യവസായ മേഖലയിലേക്ക്‌ അവരറിയാതെ തിരിച്ചത്‌. ഈ മാർവാഡി വ്യാപാരികളുടെ ബിസിനസ്‌ മുഴുവൻ വെളളക്കാരുമായി ചേർന്ന കയറ്റുമതി ബിസിനസിലായിരുന്നതുകൊണ്ട്‌, സ്വാതന്ത്ര്യസമരത്തിന്റെ അലകൾ ഒന്നാം ലോകമഹായുദ്ധകാലത്തുതന്നെ വീശാൻ തുടങ്ങിയപ്പോൾ, വെളളക്കാർ ഏറ്റവും വിശ്വസ്‌തനായ ഇന്ത്യക്കാരനെപ്പോലും സംശയത്തോടെ നോക്കാൻ തുടങ്ങി. കച്ചവടബുദ്ധിയിൽ ഇതിനിടെ അഗ്രിമസ്ഥാനം നേടിയിരുന്ന ഈ കുടുംബങ്ങൾ സാവധാനം വ്യവസായമേഖലയിലേക്ക്‌ കടക്കുകയായിരിക്കും നല്ലതെന്ന്‌ തീർച്ചപ്പെടുത്തി. ബ്രിട്ടീഷുകാർ മാർവാഡികളെ പ്രീണിപ്പിക്കാനായി മൊണ്ടേഗു-ചെംസ്‌ ഫോർഡ്‌ പരിഷ്‌കാരങ്ങളുടെ കൂട്ടത്തിൽ മാർവാഡി സമൂഹത്തിന്‌ ഇന്ത്യൻ ദേശീയനിയമസഭയിൽ പ്രത്യേകസ്ഥാനംപോലും നൽകാൻ തയ്യാറായി. പക്ഷേ, പലരും സാവധാനം വ്യവസായമേഖലയിലേക്ക്‌ മാറി. അസംസ്‌കൃത സാധനങ്ങളുടെ ഉറവിടവും, വിൽക്കേണ്ട മാർക്കറ്റും പരിചയമുളള ഒരു സമൂഹം ഇവർ മാത്രമായിരുന്നു. ഉത്‌പന്നങ്ങളുടെ വൈശിഷ്‌ട്യം, ദരിദ്രരാഷ്‌ട്രമായിരുന്ന ഇന്ത്യയിലെ പൗരന്മാർക്ക്‌ നിർബന്ധമുളള കാര്യമായിരുന്നില്ല. ആദ്യം ഈവിധം വ്യവസായികളായത്‌, കൽക്കത്തയിൽ ബിർളയും, കാൺപൂരിൽ സിംഗാനിയയും കുടുംബങ്ങളാണ്‌. ഗോയങ്കയെപ്പോലുളളവരും താമസിയാതെ പിന്തുടർന്നു. ഇതിനെത്തന്നെ, ജപ്പാനിലെയോ അമേരിക്കയിലെയോ എന്തിന്‌, ഇംഗ്ലണ്ടിലെ തന്നെയോ, വ്യവസായസംസ്‌കാരവുമായി താരതമ്യപ്പെടുത്താൻ പറ്റുകയില്ല. ഇന്ത്യയുടേത്‌ ഈ വ്യാപാരികളുടെ വ്യവസായസംസ്‌കാരമാണ്‌. പക്ഷേ, കേരളത്തിൽ, നമുക്ക്‌ അതുപോലുമില്ല.

ജന്മദത്തമായി വ്യവസായമാനേജ്‌മെന്റ്‌ കഴിവ്‌ ഇവിടെ കുറവാണെന്നാണോ സാറ്‌ പറയുന്നത്‌?

തീർച്ചയായും. അങ്ങനെയൊരു സംസ്‌കാരം പല തലമുറകളിലൂടെയേ വളരൂ. ഇപ്പോൾ നോക്കിക്കൊളളൂ. ഞാൻ, എന്റെയടുത്തു വന്നതിനുശേഷം, വ്യവസായം തുടങ്ങി, പലരീതിയിലും നിരാശരായവരേയും അല്ലാത്തവരെയും കുറിച്ച്‌ ഒന്ന്‌ അനലൈസ്‌ ചെയ്‌തു. അതിന്റെ ഫലം എനിക്കുപോലും അത്ഭുതമുണ്ടാക്കിയതായിരുന്നു.

പറയൂ.

ഇവിടെ വ്യവസായം തുടങ്ങാൻ ഇറങ്ങിയിട്ടുളളവരിൽ ഭൂരിപക്ഷവും, സാമാന്യം ഭേദപ്പെട്ടരീതിയിൽ സർപ്ലസ്‌മണി കൈയിൽവന്നവരാണ്‌. ഓഹരി കിട്ടിയ കൃഷിയിടങ്ങൾ വിറ്റ പണം, അല്ലെങ്കിൽ വിദേശത്തു ജോലിയായിരുന്നപ്പോൾ സമ്പാദിച്ച പണം. ഈ പണവും മറ്റുവിധത്തിൽ ഈ പണത്തിന്‌ കിട്ടാവുന്ന പലിശയെക്കാൾ കൂടുതൽ ലാഭം കിട്ടണമെന്ന ആശയും, പിന്നെ വലിയ വ്യവസായി എന്ന്‌, സമൂഹത്തിലറിയാനുളള ആഗ്രഹവും-ഇത്രയുമേ മിക്കവർക്കും കൈമുതലായി കാണുകയുളളു. ആദ്യത്തെ അപകടത്തിൽത്തന്നെ ഭയക്കും. ആദ്യം തീരുമാനം എടുക്കുമ്പോൾതന്നെ പതറും. സമൂഹം ഇവരെ അസൂയയോടെ മാത്രം നോക്കുന്നതുകൊണ്ട്‌ സമൂഹത്തിന്റെ മുന്നിൽ തോൽവി സമ്മതിക്കാൻ പേടി. അതുകാരണം വീണ്ടും വീണ്ടും അപകടത്തിലേക്കു ചാടും. ഇവരിൽ ഭൂരിപക്ഷവും പഴയ ഫ്യൂഡൽരീതികളോ, വിദേശരാജ്യത്തെ കർശനമായ തൊഴിലാളി വ്യവസ്ഥകളോ മാത്രം അനുഭവിച്ചറിഞ്ഞിട്ടുളളവരാണ്‌. കേരളത്തിൽ അവർ വ്യവസായരംഗത്ത്‌ വിജയിച്ചാലാണത്ഭുതം.

ഓഫീസർ ചിരിച്ചു.

എന്റെയടുത്ത്‌ ഇപ്പോഴും ആൾക്കാർ മുറയ്‌ക്ക്‌ വരുന്നുണ്ട്‌. ആദ്യത്തെ ചോദ്യം ഇതാണ്‌.

സർ, എന്റെ കൈവശം ഇത്രലക്ഷം രൂപയുണ്ട്‌. ഒരു വ്യവസായം തുടങ്ങണം.

എവിടെ?

നാട്ടിൽ, എന്റെ നാട്ടിൽത്തന്നെ ആയാൽ നന്ന്‌. ഇല്ലെങ്കിൽ…എറണാകുളം, കോഴിക്കോട്‌…

എന്തു വ്യവസായം?

എന്തായാലും മതി. സാറിന്റെ സജഷൻ എന്താണ്‌?

ആദ്യമൊക്കെ ഞാൻ എന്റെ കൈവശമുളള അഞ്ഞൂറിലേറെ വ്യവസായ സംരംഭങ്ങളുടെ വിവരങ്ങൾ കൊടുക്കും. അതിൽനിന്ന്‌ അവർക്കുതകുന്നത്‌ തെരഞ്ഞെടുക്കാൻ സഹായിക്കും.

ഇപ്പോൾ?

അതിന്‌ അദ്ദേഹം മറുപടി പറഞ്ഞില്ല.

പക്ഷേ, ഓഫീസർ ഒരു കാര്യം വ്യക്തമാക്കി. നമുക്ക്‌ കേരളത്തിൽ ചെറിയ രീതിയിലുളള വ്യവസായമേ വിജയിക്കൂ. അതും ഉപഭോക്തൃ ഉത്‌പന്നങ്ങൾ, നേരിട്ട്‌ സാധാരണക്കാരന്റെ കൈയിലെത്തുന്നത്‌. ബാബു, നിങ്ങൾ അത്തരം എന്തെങ്കിലും തുടങ്ങൂ. ഞാൻ നിങ്ങളെ സഹായിക്കാം.

എന്നിട്ടദ്ദേഹം ദക്ഷിണേന്ത്യയിലെ ഏറ്റവും വിജയകരമായി പ്രവർത്തിച്ചുവരുന്ന ഒരു വ്യവസായകുടുംബത്തിന്റെ ശൈലി വിവരിച്ചു. ഇന്ന്‌ കൺസ്യൂമർ ഉത്‌പന്നങ്ങളുടെ അനവധി ചെറിയ പ്രൊഡക്‌ഷൻ യൂണിറ്റുകൾ-കിച്ചനിലെ പാത്രങ്ങൾ, തുണി, റെഡിമെയ്‌ഡ്‌ വസ്‌ത്രങ്ങൾ, അച്ചടി, പാക്കേജിംഗ്‌, കെമിക്കൽസ്‌ ഈ മേഖലകളിലെല്ലാം പ്രവർത്തിക്കുന്ന ഈ കുടുംബം 1960-വരെ വിദേശക്കമ്പനികളുടെ ഉത്‌പന്നങ്ങൾ വിൽക്കുന്ന ഏജന്റുമാർ മാത്രമായിരുന്നു. ഭാരതസർക്കാരിന്റെ വ്യവസായനയം സ്‌റ്റീൽ, ഫെർട്ടിലൈസർ തുടങ്ങിയ അടിസ്ഥാനവ്യവസായങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുമ്പോൾ വലിയതോതിൽ പുതിയ മേഖലകളിൽ വികസനം അസാധ്യമായിത്തീർന്നു. പക്ഷേ, സാവധാനം കൺസ്യൂമർ ഉത്‌പന്നങ്ങളിലേക്ക്‌ നയത്തിന്‌ മാറ്റം വന്നപ്പോൾ, പ്രത്യേകിച്ചും 1980കളിൽ, ഈ ഗ്രൂപ്പിന്‌, സ്വന്തമായി ഉത്‌പന്നങ്ങൾ നിർമിക്കാൻ ധൈര്യം ലഭിച്ചു. മാർക്കറ്റ്‌ അവരുടെ കൈയിൽ നേരത്തെ ഉണ്ടായിരുന്നതുകൊണ്ട്‌ വിദേശനിർമ്മിതസാധനങ്ങൾക്കുപകരം, നാട്ടിൽ അവ സ്വന്തമായി നിർമ്മിക്കാൻ തുടങ്ങി, അത്രമാത്രം.

ബാബുവിന്‌ ഒരു ചോദ്യം മാത്രമേ ചോദിക്കാനുണ്ടായിരുന്നുളളൂ.

സർ, വ്യവസായം തുടങ്ങി അല്‌പം മുന്നോട്ടുപോകുമ്പോൾ മാനേജ്‌മെന്റ്‌ ലവലിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാൽ അവയ്‌ക്ക്‌ പരിഹാരം നല്‌കാൻ, ഉപദേശിക്കാൻ, സർക്കാരിൽനിന്ന്‌ എന്തെങ്കിലും സംവിധാനമുണ്ടോ?

ട്രെയിനിംഗ്‌, യൂമീൻ? അതുണ്ട്‌. അതിനായി പ്രത്യേകം….

അതല്ല സേർ?

പിന്നെ?

കഷ്‌ടകാലത്തിന്‌, വിവരക്കേടുകൊണ്ടാകാം, ജീവിതത്തിലെ ആകെയുളള സമ്പാദ്യം മുടക്കി ഒരാൾ ഇവിടെ വ്യവസായം തുടങ്ങി. അയാൾക്ക്‌ വ്യവസായപാരമ്പര്യമില്ല. വലിയ കഴിവുമില്ല. പക്ഷേ, അക്കാര്യങ്ങൾക്ക്‌ പ്രാധാന്യം നല്‌കാതെ നിങ്ങളും ബാങ്കുകളും മറ്റും അയാളെ പ്രോത്സാഹിപ്പിച്ചു. അയാൾ വ്യവസായം തുടങ്ങി. ആകെ തകർച്ചയിലായി. അയാളെ മാനേജ്‌മെന്റ്‌ രംഗത്ത്‌ സഹായിക്കാൻ എന്തെങ്കിലും സംവിധാനം ഉണ്ടോ?

ഓഫീസർ അല്‌പനേരം ചിന്താമഗ്നനായി ഇരുന്നു. പിന്നെ പറഞ്ഞുഃ

ഗുഡ്‌ ക്വസ്‌റ്റ്യൻ. ഇല്ല.

അപ്പോൾ? അപ്പോൾപ്പിന്നെ എങ്ങനെയാണ്‌ സർ, പുതുതായി വ്യവസായികൾ ഇവിടെ ഉണ്ടാകുന്നത്‌? കൊച്ചുകുഞ്ഞിനോട്‌ എങ്ങനെയാണ്‌ നടക്കേണ്ടത്‌ എന്നു പറഞ്ഞുകൊടുത്ത്‌ അവൻ നടക്കാൻ തുടങ്ങുമ്പോൾ അബദ്ധത്തിൽ കാലിടറി വീണാൽ, അവന്റെ കൈയ്‌ക്കു പിടിക്കാൻ ആരെങ്കിലും വേണ്ടേ?

വേണം.

എങ്കിലല്ലേ ഇനി വരുന്നവർക്ക്‌ ഒരു ധൈര്യമുണ്ടാകുകയുളളു. ഞങ്ങളെപ്പോലുളളവർക്കും.

ഗ്രീൻചാനലിന്റെ പുതിയ ലഘുലേഖകളുമായി ചെറുപ്പക്കാരൻ വന്നപ്പോൾ ബാബു നന്ദി പറഞ്ഞ്‌ എഴുന്നേറ്റു.

Generated from archived content: privatelimited19.html Author: klm_novel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English