ഒരു പ്രോബ്‌ളവുമില്ല. ഇപ്പോൾ പണ്ടത്തെപ്പോലെയൊന്നുമല്ല. ഗ്രീൻചാനൽ. കേട്ടിട്ടില്ലേ? ദാ, ഇതുനോക്കൂ.
ചെറുപ്പക്കാരൻ പുഞ്ചിരിച്ചു. മേശയുടെ ഡ്രായർ തുറന്നു. അല്‌പം പരതി. എഴുന്നേറ്റ് പിന്നിലെ ഷെൽഫിൽ വച്ചിരുന്ന കടലാസുകൂനകൾ ധൃതിയിൽ മറിച്ചു. അദ്ദേഹം ഉദ്ദേശിച്ച കടലാസ് കിട്ടിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ പുഞ്ചിരി സാന്ത്വനം നൽകുന്നതായിരുന്നു.
പറഞ്ഞുഃ
കാണാനില്ല. നല്ല പാംഫ്‌ലറ്റ് ആയിരുന്നു. അപ്പോഴെന്താ പറഞ്ഞത്?
ബാബുവിന് തമാശയാണ് തോന്നിയത്. കഴിയുന്നതും സർക്കാരാഫീസുമായി ബന്ധപ്പെടാതെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് കരുതിയത്. പക്ഷേ, നിവൃത്തിയില്ല. താലൂക്കാഫീസ്, പഞ്ചായത്താഫീസ്, ഫാക്‌ടറി ഇൻസ്‌പെക്‌ടർ ആഫീസ്, ഫയർഫോഴ്‌സ്, ടൗൺപ്ലാനിംഗ്, ഹെൽത്ത് ആഫീസർ, ഇലക്‌ട്രിക് ഇൻസ്‌പെക്‌ടർ, ഇലക്‌ട്രിസിറ്റി ബോർഡ്, ലേബർ ഓഫീസ്, പൊള്യുഷൻ കൺട്രോൾ, പിന്നെയും അനവധി സർക്കാർ ആഫീസുകൾ. ഏറ്റവും പ്രശ്‌നം ആരും പൂർണ്ണമായി എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലാക്കിത്തരുന്നില്ല എന്നതാണ്. ഓരോ ഡിപ്പാർട്ട്‌മെന്റിനും ആഫീസുകൾക്കും തങ്ങൾക്കു നിയമപ്രകാരമുളള അധികാരത്തെക്കുറിച്ചും അതെങ്ങനെയാണ് വിനിയോഗിക്കേണ്ടതെന്നതിനെക്കുറിച്ചും പൂർണമായ അറിവുണ്ട്. തങ്ങളുടെ ചുമതല കഴിയുന്നത്ര മറ്റുളളവരുടേതാക്കി മാറ്റാനുളള ഉപാധികളും വശമാണ്. ആഫീസുകളിൽ നിരന്തരമായി കയറിയിറങ്ങാൻ തുടങ്ങിയപ്പോൾ ആദ്യമൊക്കെ ദേഷ്യം തോന്നി. പിന്നെ ദേഷ്യവും അർത്ഥമില്ലാത്തതായി മാറി.
അങ്ങനെയാണ് ഇവിടെയെത്തിയത്.
സിംഗിൾ വിൻഡോ-ഒറ്റ ജനാലയിലൂടെ വ്യവസായവത്‌ക്കരണത്തിന്റെ എല്ലാ വൈതരണികളും ചാടിക്കടക്കാൻ സൗകര്യം.
ബാബു, അമ്പിയോട് പറഞ്ഞിരുന്നു.
ഏതായാലും ഒന്ന് ശ്രമിച്ചുനോക്കുന്നതിൽ തെറ്റില്ലല്ലോ. നമ്മൾ എല്ലാം തുടങ്ങാൻ തയ്യാറായിക്കഴിയുമ്പോൾ നമ്മൾ കേട്ടിട്ടുപോലുമില്ലാത്ത ചില നിയമങ്ങളുമായി അധികാരപ്പെട്ട ആരെങ്കിലും വന്നാലോ?
പല നിയമങ്ങൾക്കും നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. സർക്കാർ എന്നത് കരം പിരിവിനും നിയമപരിപാലനത്തിനും മാത്രമുളള ഒരു സ്ഥാപനമായിരുന്നു പണ്ട്. അദൃശ്യമായ ശക്തിമത്തായ ഒരു സ്ഥാപനം. തലപ്പത്ത് അങ്ങ് മഹാസമുദ്രങ്ങൾക്കും വൻകരകൾക്കുമപ്പുറം ഒരു ചക്രവർത്തി. ഇന്ത്യയുടെ വിഭവസമ്പത്തുകളെ ചൂഷണം ചെയ്യുന്നതിനും കൊളോണിയൽവ്യവസ്ഥ അനുസ്യൂതം നിലനിർത്തുന്നതിനും മാത്രം സഹായകമായ നിയമങ്ങൾ. വ്യവസായവത്‌കരണം, ഗതാഗതസൗകര്യങ്ങൾക്കും അധികാരി വർഗത്തിന്റെ സുഖസൗകര്യങ്ങൾക്കും അത്യാവശ്യം വേണ്ടവിധത്തിൽ മാത്രമേ സർക്കാരിനു വിഭാവനം ചെയ്യാൻ കഴിഞ്ഞുളളൂ. ഇന്ത്യയിൽ അതുകൊണ്ടു ഒരു വ്യവസായിവർഗം ഉദയംചെയ്‌തില്ല. ആകെ ഉണ്ടായത് കച്ചവടക്കാർ മാത്രം. കൽക്കത്തയിലായിരുന്നു തുടക്കം. രാജസ്ഥാനിലെ മാർവാറിൽനിന്നുളള വൈശ്യസമൂഹത്തിന് രക്തത്തിൽ കച്ചവടതന്ത്രമുണ്ടായിരുന്നു. അവർ വെളളക്കാരോട് ഒത്തുനിന്ന് സാവധാനം വാണിജ്യമേഖല കീഴടക്കി. കാർഷികവിളകളെ അല്‌പം സംസ്‌കരിച്ച് കയറ്റുമതിചെയ്യുന്ന വ്യവസായശാലകളായിരുന്നു അക്കാലത്ത് വെളളക്കാർ തുടങ്ങിയത്. ചണം, ചായ, കാപ്പി, പഞ്ഞി. അന്ന് നാട്ടുകാർ പുതിയ മേഖലകളിലിറങ്ങുന്നതിനെ നിരുത്സാഹപ്പെടുത്തുകയും, കൺട്രോൾ ചെയ്യുകയും ചെയ്യുക എന്നത് സർക്കാറിന്റെ നയമായിരുന്നു. ഏകദേശം അതേ ലക്ഷ്യത്തോടുകൂടി ഉണ്ടാക്കിയ നിയമങ്ങളായിരുന്നു ആദ്യമായി വ്യവസായമേഖലയ്‌ക്ക് മാർഗ്ഗനിർദ്ദേശം നൽകിയിരുന്നതും. കേരളത്തിലെ സഥിതി ഒട്ടും വ്യത്യസ്തമായിരുന്നില്ല. പല നിയമങ്ങൾക്കും പഴയ തിരുവിതാംകൂർ രാജ്യം ആവേശത്തോടെ ആക്‌റ്റുകളിലൂടെ തെക്കൻ കേരളത്തിൽ ശക്തി നൽകി. കൊച്ചിയിലും മിക്ക കാര്യങ്ങളിലും മദ്രാസ് പ്രസിഡൻസിയിൽ പ്രചലിതമായിരുന്ന നിയമങ്ങൾ പാലിച്ചു. മലബാറിൽ ബ്രിട്ടീഷ് നിയമങ്ങളായിരുന്നല്ലോ, മദ്രാസ് പ്രസിഡൻസിയുടെ റൂളായതുകൊണ്ട്, പ്രചലിതമായിരുന്നത്.
കേരളത്തിലാണെങ്കിൽ, പ്രത്യേകിച്ചും തിരുവിതാംകൂർ-കൊച്ചി മേഖലയിൽ വ്യവസായവത്‌കരണത്തിന്റെ മുന്നോടിയായ രണ്ടു പ്രധാന കാര്യങ്ങളിൽ അന്തരീക്ഷം വളരെയേറെ സഹായകമായിരുന്നു. വിദ്യാഭ്യാസവും പൊതുജനാരോഗ്യവും.
രണ്ടിലും സർക്കാരിന്റെ സഹായമില്ലാതെ പുരോഗതിയുണ്ടാകാൻ കാരണക്കാർ ക്രിസ്‌ത്യൻ മിഷനറിമാരായിരുന്നു. കേരളത്തിലെ ഹിന്ദുജാതി വ്യവസ്ഥയിൽ, ഹിന്ദുധർമപ്രകാരം വാണിജ്യവ്യവസായങ്ങൾ ചെയ്യാനായി വിധിക്കപ്പെട്ട, കച്ചവടം കുലത്തൊഴിലായ വർഗം, വൈശ്യർ, ഇല്ല. ഹിന്ദുമതത്തിൽ ബ്രാഹ്‌മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ നാലുവർണങ്ങൾ ഉണ്ട്. ഋഗ്വേദകാലത്ത് പുരുഷസൂക്തത്തിൽ വിവരിച്ച ഈ വർണങ്ങളിലാണ് എല്ലാ മനുഷ്യരെയും വിഭജിച്ചിരുന്നത്. കാലക്രമത്തിൽ വർണസങ്കരംകൊണ്ട് അന്തരാളവർണങ്ങൾ ഉദ്‌ഭവിച്ചെങ്കിലും ഇന്നും ഉത്തരേന്ത്യയിൽ വർണങ്ങൾ ഈ വിധം നാലായിത്തന്നെയാണ് നിലനിന്നുപോരുന്നത്. ഇവയിൽ വൈശ്യന് വിധിച്ചിട്ടുളളതാണ് കൃഷി, ഗോരക്ഷണം, വാണിജ്യം, വ്യവസായം, അധ്യയനം, ദാനം ഇവ. ഇന്നത്തെ കാലഘട്ടത്തിലും ഉത്തരേന്ത്യൻ സമൂഹത്തിൽ ഇവയെല്ലാം ചെയ്യുന്നത് കൂടുതലും വൈശ്യസമൂഹമാണ്. ബിർള, അംബാനി, ഗോയങ്ക, മഫത്‌ലാൽ. ഇന്ത്യൻ വ്യവസായവാണിജ്യ മണ്‌ഡലത്തിലെ അനിഷേധ്യനേതൃത്വം ഇപ്പോഴും ഈ സമൂഹത്തിന്റെ കൈയിലാണ്.
കേരളത്തിൽ, പക്ഷേ, വൈശ്യർ എന്നൊരു ജാതിതന്നെ ഹിന്ദുക്കളുടെ ഇടയിൽ ഇല്ലായിരുന്നു. പിൽക്കാലത്ത് കുടിയേറിപ്പാർത്ത അപൂർവം ഉത്തരേന്ത്യൻ കുടുംബങ്ങളുടെയിടയിലല്ലാതെ. പക്ഷേ കേരളത്തിൽ, ഉത്തരേന്ത്യൻ സമൂഹത്തിൽനിന്ന് വ്യത്യസ്‌തമായി ഒരു വർണം സമൂഹത്തിലെ ഈ പ്രധാന മേഖലകളിൽ പ്രവർത്തിക്കാൻ തുടങ്ങി. യൂറോപ്യനും ഇന്ത്യനുമായ പാതിരിമാരുടെ നേതൃത്വത്തിൽ അധ്യയനമേഖലയിൽ തുടങ്ങിയ കർമപരിപാടികൾ കാലക്രമേണ പൊതുജനാരോഗ്യരംഗത്തേക്കും പടർന്നു പിടിച്ചു. സ്‌കൂളുകളും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളും മാത്രമല്ല, മലയാളഭാഷയുടെയും വിജ്‌ഞ്ഞാനത്തിന്റെയും പുരോഗതിക്ക് ശാസ്‌ത്രീയമായ രീതിയിൽ ഒഴുക്കു നൽകിയതും പാതിരിമാരായിരുന്നു. സാക്ഷരത ഉയർന്നു. വിദ്യാഭ്യാസം മേലേക്കിടയിലുളളവരുടേത് എന്ന നിലയിൽനിന്നു വ്യത്യാസം വന്നു. ഒപ്പം വൈദ്യസഹായം ഗ്രാമങ്ങളിൽപ്പോലും ലഭ്യമാക്കുന്ന രീതിയിൽ ആശുപത്രികൾ സ്ഥാപിക്കപ്പെട്ടു. സ്വാഭാവികമായും ഈ വികസനത്തിന്റെ അലകൾ മറ്റു ശക്തമായ സമുദായങ്ങളെയും ഉണർത്തി. അവരും വിദ്യാഭ്യാസരംഗത്തും ആതുരശുശ്രൂഷാരംഗത്തും പ്രവർത്തിക്കാൻ തുടങ്ങി.
സർക്കാരിന് ഇവയെ നിയന്ത്രിക്കാനുളള നിയമങ്ങൾ സൃഷ്‌ടിക്കുകയായിരുന്നു എളുപ്പം. ആവശ്യവും.
വികസനത്തേക്കാൾ നിയന്ത്രണമായിരുന്നു അങ്ങനെ എല്ലാ ആക്‌റ്റുകളുടെയും അന്തർധാര. സർക്കാർ തങ്ങളുടെ അധികാരം ഒട്ടും കുറയാത്ത രീതിയിലുളള നിയമങ്ങൾ മാത്രമേ നിർമ്മിച്ചുളളൂ.
ഉത്തരേന്ത്യയിൽ ബ്രിട്ടീഷ് ഗവൺമെന്റ്, മാർവാഡി സമൂഹം വാണിജ്യം അല്ലാതെ വ്യവസായരംഗത്തേക്ക് കൈവയ്‌ക്കാൻ തുടങ്ങിയപ്പോൾ, അവരെ കർശനമായി വരുതിയിൽനിർത്താനുളള രീതിയിലായിരുന്നു പുതിയ ആക്‌റ്റുകൾ കൊണ്ടുവന്നത്. തിരുവിതാംകൂർ പോലെയുളള സംസ്ഥാനങ്ങൾക്ക് വ്യവസായവത്‌കരണം ഉണ്ടാകുമോ എന്നുപോലും ശ്രദ്ധിക്കാതെ ബ്രിട്ടീഷ് ഇന്ത്യയിലെ നിയമങ്ങൾതന്നെ പകർത്തി ആക്‌റ്റുകൾ നിർമിക്കേണ്ടിവന്നു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ തത്ത്വശാസ്‌ത്രവും വ്യവസായവത്‌ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നില്ല. നമ്മുടെ ആവശ്യങ്ങൾ പരിമിതമാക്കുന്നതാണ്, സംതൃപ്‌തിയുടെയും അവസാനം മോക്ഷപ്രാപ്‌തിയുടെയും ആധാരം എന്ന ആശയം രൂഢമൂലമായ ഒരു സംസ്‌കാരപാരമ്പര്യത്തിൽ പുതിയ ആകർഷകമായ ഉപഭോക്തൃവസ്‌തുക്കൾ അനാവശ്യമായിരുന്നു. കഴിയുന്നത്ര യന്ത്രങ്ങൾ ഉപയോഗിക്കാതിരിക്കുക. വൈവിധ്യമാർന്ന ഇൻഡ്യൻ സമൂഹത്തെ ഒരേ ലക്ഷ്യത്തിലേക്ക് ഏകാഗ്രമാക്കാൻ നേതൃത്വം കണ്ടുപിടിച്ച ഈ നയം ഉദ്ദിഷ്‌ടഫലം നൽകി. പക്ഷേ, സമൂഹത്തിന്റെ ഉത്‌പാദനവ്യവസായത്തോടും, യന്ത്രവത്‌ക്കൃതപ്രവർത്തനങ്ങളോടുമുളള സമീപനത്തിന് സ്വയം കടിഞ്ഞാൺ വീണു.
1933-ലാണ് അഖിലേന്ത്യാ നൂൽനൂൽപ്പ് അസോസിയേഷൻ മഹാത്മജിയുടെ ആഹ്വാനപ്രകാരം ഒരു അഖിലേന്ത്യാ മത്സരം നടത്തി. നൂൽനൂൽക്കുന്ന ചർക്കയ്‌ക്ക് ഒരു പുതിയ രൂപം കൊടുക്കുക. കൂടുതൽ നൂല്, കുറഞ്ഞ ആയാസം, ഇതായിരിക്കണം ലക്ഷ്യം. ഇന്ന് ഭാരതത്തിലെ മെഷീ്ൻ, ട്രാക്‌റ്റർ, എഞ്ചിൻ തുടങ്ങിയ വ്യവസായമേഖലകളിലെ അദീതീയരായ കിർലോസ്‌കർ ഗ്രൂപ്പിന്റെ സ്ഥാപകനായ ലക്ഷ്‌മൺ റാവു എന്ന മെക്കാനിക്കൽ ഡ്രായിംഗ് വിദഗ്‌ധൻ ഒരു പുതിയ ചർക്കയ്‌ക്ക് രൂപംനൽകി. അസോസിയേഷൻ ഒന്നാംസ്ഥാനം ഈ ചർക്കയ്‌ക്കാണ് നൽകിയത്. അവർ പ്രഖ്യാപിച്ചിരുന്ന ഒരുലക്ഷം രൂപയുടെ സമ്മാനവും ലക്ഷ്‌മൺറാവുവിന് നൽകാൻ തീർച്ചപ്പെടുത്തി. പക്ഷേ മഹാത്മജി, ചർക്ക കണ്ടപ്പോൾ പറഞ്ഞുഃ ഇതിന് കൂടുതലും യന്ത്രത്തിന്റെ സ്വഭാവമാണ്. നിരക്ഷരനായ ഇന്ത്യൻ ഗ്രാമീണന് ഇതു മനസ്സിലാകുകയില്ല. ലക്ഷ്‌മൺറാവുവിന് സമ്മാനം കിട്ടിയില്ല.
വാർദ്ധാ ആശ്രമത്തിൽ മഹാത്‌മജി ഗോതമ്പുപൊടിക്കാൻ പഴയ രീതിയിലുളള അരകല്ലും കസേരയുടെ സ്ഥാനത്ത് ചൂടിക്കട്ടിലും മാത്രമേ ഉപയോഗിച്ചിരുന്നുളളൂ.
ഈ വീക്ഷണത്തിന്റെ പ്രത്യേകതയും ബ്രിട്ടീഷ് സർക്കാരിനെയും നാട്ടുരാജ്യങ്ങളെയും വ്യവസായവത്‌കരണത്തെ പ്രോത്സാഹിപ്പിക്കുന്നവിധത്തിലുളള നിയമനിർമാണങ്ങളിൽനിന്ന് പിടിച്ചുനിർത്തി.
പക്ഷേ, 1930-കൾക്കുശേഷം ഉത്തരേന്ത്യയിലെ വൈശ്യസമൂഹം വാണിജ്യത്തിനു സമാന്തരമായി സാവധാനം വ്യവസായമേഖലയിലേക്ക് കാല്‌വച്ചപ്പോൾ, കേരളത്തിൽ കാര്യമായി ഒരു മാറ്റവും സംഭവിച്ചില്ല. വ്യവസായത്തിൽ മുൻകൈയെടുത്ത് ഇറങ്ങേണ്ടിയിരുന്ന കേരളത്തിലെ ക്രിസ്‌ത്യൻ സമൂഹംപോലും അതിൽനിന്ന് അറച്ചുനിന്നു. മലബാറിലെ അചുംബിതവനങ്ങളിൽ പുതിയ നാണ്യവിളകൾ തേടിയുളള ഒരു കാർഷികവിപ്ലവം മാത്രമേ സമൂഹത്തിലുണ്ടായുളളൂ. കാർഷികരംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ ത്വരിതപ്പെടുത്തിയ നിയമനിർമാണങ്ങൾക്കിടയിൽ രാഷ്‌ട്രീയപാർട്ടികളും സമൂഹവും, വ്യവസായമേഖലയെ മറന്നു. മാനസികമായി ഒരു വ്യവസായ മനോഭാവം വളർത്താൻ പ്രാപ്‌തരായിരുന്ന ക്രിസ്‌ത്യൻ സമൂഹത്തിനുപോലും ഉത്തരേന്ത്യയിലെ വൈശ്യസമൂഹം കാട്ടിയ പാതകളിലൂടെ മുന്നേറാൻ ഭയമായിരുന്നു.
സമൂഹവും രാഷ്‌ട്രീയപ്പാർട്ടികളും പ്രാധാന്യം നൽകാത്ത ഒരു മേഖലയിൽ പഴയ നിയമങ്ങൾ ശക്തിയാർജിച്ചതിൽ അത്ഭുതമില്ല. പുതിയ ചിന്തകൾ, അഭ്യസ്‌തവിദ്യരായ തൊഴിലാളികളും, അസംസ്‌കൃത വിഭവങ്ങളുടെ ദൗർലഭ്യവും ഭൂമിയുടെ പരിമിതിയും ഉളള ഒരു ഭൂവിഭാഗത്തിനു വേണ്ടുന്ന രീതിയിലുളള വ്യവസായനയം രൂപീകരിച്ച് അവയെ നിയമമാക്കി മാറ്റാനുളള ദീർഘവീക്ഷണവും നൂതനാശയങ്ങളും ഒരിടത്തുനിന്നും ഉണ്ടായില്ല. രാഷ്‌ട്രീയവും, സാമുദായികവും, സാമൂഹ്യവുമായി കേരളം അതുകൊണ്ട് വ്യവസായികരംഗത്ത് സ്വാതന്ത്ര്യലബ്‌ധിക്കുമുമ്പുളള ചട്ടക്കൂട്ടിൽത്തന്നെ നിൽക്കുന്നു.
ആദ്യം പോയത്, വില്ലേജാഫീസിലായിരുന്നു. കൈമൾസാറിന്റെ ഫാക്‌ടറി ഏറ്റെടുത്ത് പുതിയ ഏതെങ്കിലും ഉത്‌പന്നം ഉണ്ടാക്കാം എന്ന് ഏകദേശ ധാരണയായപ്പോൾ, ബാബു വില്ലേജാഫീസിൽ പോയി. കൈമള്‌സാറാണ് പറഞ്ഞത് ഏറ്റവും സൂക്ഷിക്കേണ്ടത് പഞ്ചായത്തുകാരെയാണ്. അവരുടെ കൈവശം നമുക്ക് ഒരിക്കലും ഊഹിക്കാൻപോലും പറ്റാത്തത്ര ശക്തിയുണ്ട്.
പണ്ട് ബ്രിട്ടീഷ് ഭരണകാലത്ത്, പട്വാരി, അഥവാ കോൽക്കാരൻ ആയിരുന്നു സർക്കാർ. സാധാരണ ഗ്രാമീണർ കാണുന്ന ദൈവം. ചക്രവർത്തിയുടെ പ്രതിപുരുഷൻ. സൃഷ്‌ടിസ്ഥിതിസംഹാരകൻ. പട്വാരി കനിഞ്ഞില്ലെങ്കിൽ നിങ്ങളുടെ നിലം നാളെ മറ്റൊരാളുടേതാകും. കരം നിശ്ചയിക്കുന്നതിന്റെയും, വസൂലാക്കുന്നതിന്റെയും അന്തിമാധികാരി അദ്ദേഹമാണ്.
അത് പട്വാരിയെക്കുറിച്ച് ചർച്ചവന്നപ്പോൾ ദാസ് പറഞ്ഞുഃ
എന്റെ ഒരു സ്‌നേഹിതനുണ്ടായിരുന്നു. ഒരു ശർമ്മാജി. നാഗ്‌പൂരിന് കിഴക്ക് പഴയ സെൻട്രൽ പ്രോവിൻസിലെ ഒരു സ്ഥലത്ത്. ഇന്ത്യ സ്വതന്ത്രയായി ഇരുപത്തഞ്ചുകൊല്ലം കഴിഞ്ഞുളള സംഭവമാണ്. ശർമ്മാജി എന്നെ അദ്ദേഹത്തിന്റെ ഗ്രാമത്തിൽ കൊണ്ടുപോയി. അന്ന് ആ ഗ്രാമത്തിലേക്ക് ഒരു ബസ്സേ ഉളളൂ. ഒറ്റ ട്രിപ്പ് ബസ്സ് വരുന്നതുകാണാൻ കാത്തുനിൽക്കുന്ന കുട്ടികൾ. ബസ്സിനെ കണ്ടാലുടൻ തൊഴുന്ന മനോഭാവം. നമ്മുടെ ഒരു മിനിബസ്സിന്റെ വലിപ്പം മാത്രമുളള പാട്ടവണ്ടി. ഞാനവിടെ പോയി. ഒരു രാത്രി ആ ഗ്രാമത്തിൽ കഴിച്ചുകൂട്ടി. ശർമ്മാജി ഡൽഹിയിലാണ്. ഉദ്യോഗസ്ഥൻ. ശർമ്മാജിയുടെ ഒരു അമ്മാവൻ ഹൈക്കോടതി ജഡ്‌ജിയാണ്. മറ്റൊരമ്മാവൻ പട്വാരിയും. പഴയ ശമ്പളമായ പതിനഞ്ചു രൂപയാണ് അന്നു ശമ്പളം. അന്ന് ജഡ്‌ജിയും നാട്ടിലുണ്ടായിരുന്നു. ജഡ്‌ജിയെ ആരും ബഹുമാനിക്കുന്നില്ല. ഭയപ്പെടുന്നില്ല. പട്വാരി. ഞാനത്ഭുതത്തോടെ നോക്കിയിരിക്കുമ്പോൾ അദ്ദേഹം, പാട്‌വാരി, എത്ര പെട്ടെന്നാണെന്നോ അലംഘനീയമായ തീരുമാനങ്ങൾ ഓർഡറുകളായി നൽകുന്നത്. ജഡ്‌ജി അനവധി വക്കീലന്മാരും, നിയമപുസ്‌തകങ്ങളും ഉണ്ടായിട്ടുപോലും പലപ്പോഴും വിധിപറയാൻ കുഴങ്ങും. പട്വാരിക്കു ഒരു പ്രശ്‌നവുമില്ല. ശരിക്കുളള സർക്കാരിനെ ഞാനന്നാണ് കണ്ടത്. റിയൽ കിംഗ്. ഞാനൊരു വൃദ്ധനോട് ചോദിച്ചുഃ ആ ഇരിക്കുന്ന ആളിനെ അറിയാമോ? ഹൈക്കോടതി ജഡ്‌ജിയെ ചൂണ്ടിയാണ് ചോദിച്ചത്. വൃദ്ധൻ പറഞ്ഞുഃ പിന്നെ? അറിയാമോന്ന്. നമ്മുടെ പട്വാരിസാഹബിന്റെ സഹോദരനല്യോ? ഞാൻ വീണ്ടും ചോദിച്ചു. അദ്ദേഹത്തിന് എന്താണ് ജോലി എന്നറിയാമോ? അയാൾക്ക് താത്‌പര്യമില്ല. ആ! പട്ടണത്തിൽ എന്തോ പണിയാണ്.
ബാബുവിന് പഞ്ചായത്താഫീസ് പുതിയ ഒരനുഭവമായിരുന്നു.
പത്തരമണിയായി ആഫീസിലെത്തിയപ്പോൾ. മുറ്റത്തു ചെന്ന് മോട്ടർസൈക്കിൾ സ്‌റ്റാൻഡിൽവച്ച് ചുറ്റും നോക്കി. അല്‌പം ശങ്കിച്ച് തിണ്ണയിൽ കയറി. വലിയ മുറിയിൽ നാലഞ്ചു മേശകളുടെ മുകളിലും അവയുടെ പിന്നിലെ ഷെൽഫുകളിലും നിറയെ ഫയലുകൾ. ഒരു ചെറുപ്പക്കാരൻ ഫയൽ കൊണ്ടുവീശുന്നതിനിടയിൽ എതിരേ നില്‌ക്കുന്ന മൂന്നുപേരോട് സംസാരിക്കുകയാണ്. എന്തൊക്കെയോ സർവേ നമ്പരുകളും പ്രശ്‌നങ്ങളുമുണ്ട്. അടുത്തൊരു മുറിയുണ്ട്. അതിന്റെ കതകേ അടച്ചിരിക്കുകയാണ്. എന്താ ചെയ്യേണ്ടതെന്ന് സംശയിച്ചുനില്‌ക്കുമ്പോൾ, ചുമലിൽ ഒരു സ്‌പർശനം. തിരിഞ്ഞുനോക്കി. ഒരു മെലിഞ്ഞ മധ്യവയസ്‌കൻ വളരെ പരിചിതനെപ്പോലെ ചിരിച്ചു. ബാബുവും ചിരിച്ചു.
അയാൾ ചോദിച്ചു.
എന്താ അളപ്പിക്കാനാണോ? എങ്കിൽ ഉച്ചകഴിയും.
ബാബു പറഞ്ഞു.
അല്ല.
പിന്നെ?
നമ്മൾ ആരാ? മനസ്സിലായില്ല. വില്ലേജാഫീസർ?
അയാൾ ചിരിച്ചു പറഞ്ഞുഃ
വരൂ എല്ലാം ശരിയാക്കിത്തരാം. വില്ലേജാഫീസർ ഇന്ന് ലീവാ. നാളത്തെക്കാര്യം നാളെയേ അറിയാനൊക്കൂ. സാറിനെന്താ വേണ്ടത്?
ഒരു കാര്യം അറിയണം. ഒരു ഫാക്‌ടറിക്കാ. ക്ലിയറൻസ് സംബന്ധിച്ചാണ്.
അയാൾ അല്‌പം ആലോചിച്ചു.
എന്നിട്ട് പറഞ്ഞുഃ
ഫാക്‌ടറി? ഒരു കാര്യം ചെയ്യാം സാറെ, സാറിനെന്താ അറിയേണ്ടതെന്നുവച്ചാൽ…
പെട്ടെന്ന് അകത്തുനിന്നും ചെറുപ്പക്കാരന്റെ ഒച്ചകേട്ടു.
എന്താ, കുരിയച്ചാ? ആരാ?
ബാബുവിന് സന്തോഷംതോന്നി. കുരിയച്ചൻ എന്ന മധ്യവയസ്‌കൻ. ബാബുവിനെയുംകൂട്ടി അകത്തേക്കു കയറി.
ഈ സാറിന് ഫാക്‌ടറിക്ക് ലൈസൻസ് വേണം.
ചെറുപ്പക്കാരൻ ബാബുവിനെ അടിമുടി നോക്കി. ചിരിച്ചു.
ഇന്ന് ആഫീസറുമില്ല. ഡീലുചെയ്യുന്നയാളുമില്ല. നാളെ വരാമോ?
കുരിയച്ചൻ ചോദ്യം ആവർത്തിച്ചു.
നാളെ സാറ് വരുമോ?
ചെറുപ്പക്കാരൻ ഗാഢമായി ആലോചിച്ചു.
നാളെ വേണ്ട. മറ്റന്നാൾ… മറ്റന്നാൾ ശനിയാഴ്‌ച. വേണ്ട തിങ്കളാഴ്‌ച വരൂ. എല്ലാവരും കാണും.
തൊഴുതു പുറത്തിറങ്ങിയപ്പോൾ കുരിയച്ചൻ പറഞ്ഞു…
സാറ് വരണമെന്നില്ല. ഒരാപ്ലിക്കേഷൻ എഴുതിത്തന്നാൽ ഞാൻ…
നിങ്ങൾ, ഇവിടെ ജോലിക്കാരനാണോ?
കുരിയച്ചൻ ചിരിച്ചു.
എന്ന് ചോദിച്ചാൽ! അല്ല. എന്നാൽ, അല്ലിയോ? അതെ. എനിക്ക് സർക്കാര് ശമ്പളം തരുന്നില്ല. പക്ഷേ, ഞാനില്ലാതെ ഇവിടെ കാര്യങ്ങൾ നടക്കാൻ വിഷമമാണ്.
ബാബു നന്ദി പറഞ്ഞ് രക്ഷപ്പെട്ടു.
അടുത്ത തിങ്കളാഴ്‌ച രാവിലെതന്നെ വില്ലേജ് ഓഫീസർ സംശയം തീർത്തു. കുരിയച്ചന് പുതിയ കക്ഷികളെ കിട്ടിയിരുന്നു.
വില്ലേജാഫീസർ പറഞ്ഞുഃ
ആദ്യം ഇൻഡസ്‌ട്രീസ് ആഫീസിലെ രജിസ്‌ട്രേഷൻ കൊണ്ടുവരൂ. പ്രൊവിഷണൽ രജിസ്‌ട്രേഷൻ. എന്നിട്ടേ, ഞങ്ങൾക്ക് നോക്കാൻ പറ്റൂ.
എന്തേ?
അതാണ് നിയമം.
Generated from archived content: privatelimited18.html Author: klm_novel
Click this button or press Ctrl+G to toggle between Malayalam and English