ബിർളയുടെ ഉത്തരേന്ത്യയിലെ നൂറുകണക്കിന് ഫാക്‌ടറികളിലൊന്നിൽ ലാബോറട്ടറി അസിസ്‌റ്റന്റായി കേറിയ ഒരു വിദ്വാൻ. പേരും ഫാക്‌ടറിയും പ്രസക്തമല്ല. അതുകൊണ്ട് പറയുന്നില്ല. തൽക്കാലം അയാൾക്ക് പേര് രാമകൃഷ്‌ണൻ എന്നു കൊടുക്കാം. ഇരുപതാമത്തെ വയസ്സിൽ പണിയിൽ കയറിയതാണ്. മിടുക്കൻ. രാപകൽ പണിയെടുക്കും. നാല്‌പത്തഞ്ചു വയസ്സായപ്പോഴേക്ക് ടെക്‌നിക്കലായി ഉന്നത പഠനം നടത്തിയിട്ടില്ലാത്ത ഒരാൾക്ക് ഒരു കെമിക്കൽ ഉത്‌പന്നമുണ്ടാക്കുന്ന ഫാക്‌ടറിയിൽ എത്തിച്ചേരാവുന്നതിന്റെ ഏറ്റവും ഉയർന്ന ലാവണത്തിലെത്തിക്കഴിഞ്ഞു, രാമകൃഷ്‌ണൻ. ഏഴുവർഷമായി ക്വാളിറ്റി സൂപ്പർവൈസർ പദവിയിലാണ്. അയാളുടെ മേലുദ്യോഗസ്ഥൻ ഐ.ഐ.റ്റി.യിൽ നിന്ന് മാസ്‌റ്റേഴ്‌സ് ബിരുദമെടുത്ത് രണ്ടുവർഷം പല ഫാക്‌ടറികളിൽ ഇൻ-പ്ലാന്റ് ട്രെയിനിംഗ് നടത്തിയ ഇരുപത്തിയഞ്ചുകാരൻ. പണ്ടൊക്കെ അദ്ദേഹത്തിന്റെ മേലധികാരികൾ ബിരുദങ്ങളില്ലാത്ത, തന്നെപ്പോലെ എളിയ ജോലിയിൽനിന്നുയർന്നു വന്നവരായിരുന്നു. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനറിയില്ലാത്ത ഉത്തരേന്ത്യക്കാർ. രാമകൃഷ്‌ണന് അവരെ പുച്ഛമായിരുന്നു. അതിനുശേഷം ബിരുദങ്ങളും ഫോറിൻ ട്രെയിനിംഗും മറ്റുമായി ചെറുപ്പക്കാർ അയാളുടെ മേലധികാരികളായി വന്നു. അവരെയും രാമകൃഷ്‌ണന് പുച്ഛമായിരുന്നു. കൊച്ചുപയ്യൻമാർ! ഏതോ പരീക്ഷകൾ എങ്ങനെയോ കാണാതെ പഠിച്ചു പാസായി എന്നു വച്ച്! എന്തുകാര്യത്തിനും അവർക്ക് സംശയങ്ങളാണ്. രാമകൃഷ്‌ണജി, മിസ്‌റ്റർ രാമകൃഷ്‌ണൻ… എപ്പോഴും വിളിയാണ്. രാമകൃഷ്‌ണൻ എന്നും അസന്തുഷ്‌ടനായിരുന്നു. തന്നേക്കാൾ ഏതുതരത്തിലും കഴിവുകുറഞ്ഞവർ മാത്രമേ തന്റെ മേലധികാരികളായി വരുന്നുളളൂ എന്നയാൾ പൂർണ്ണമായും വിശ്വസിച്ചു.
ദാസ് കഥപറയാൻ തുടങ്ങിയപ്പോഴേക്ക് പ്രവീൺമേനോൻ ഓഫീസിലെത്തിയിരുന്നു. സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽനിന്ന് മൂന്നരമണിക്കിറങ്ങി. സ്വന്തം ഓഫീസിലൊന്നു കയറി. ധാരാളം പണിയുണ്ടായിരുന്നു, അവിടെ. പക്ഷേ, ജോസുകുട്ടി കാത്തിരിക്കുന്നുണ്ടായിരുന്നു. ജോസുകുട്ടി പഴയ ഓതറൈസ്‌ഡ് അസിസ്‌റ്റന്റാണ്. കുറച്ചുകാലം ഭേദപ്പെട്ടരീതിയിൽ പണിചെയ്‌തു. അല്‌പം പണമുണ്ടാക്കി. അപ്പോൾ സ്വന്തമായി കാർഡു വാങ്ങാൻ തീർച്ചപ്പെടുത്തി. കൈയിലുണ്ടായിരുന്ന പണവും, വീട്ടിൽനിന്നും സ്‌നേഹിതരിൽനിന്നും സ്വരൂപിച്ചതുംകൊണ്ട് പതിനഞ്ചുലക്ഷം മുടക്കി എക്‌സ്‌ചേഞ്ചിൽ മെമ്പറായി. രണ്ടുമൂന്ന് വലിയ ഇടപാടുകളിൽ വിജയിച്ച് പത്തിരുപതു ലക്ഷം രൂപ രണ്ടുമാസത്തിനുളളിൽ ഉണ്ടാക്കിയപ്പോൾ താൻ അജയ്യനാണെന്നും, ബുദ്ധിരാക്ഷസനാണെന്നും പൂർണ്ണമായി വിശ്വസിച്ചു. ഹർഷദ് മേത്തയുടെയും കൂട്ടരുടെയും കാലം. ജോസുകുട്ടി വലിയതോതിൽ ഊഹക്കച്ചവടം തുടങ്ങി. രണ്ടുമാസം വീണ്ടും കഴിഞ്ഞു. സ്‌കാമിനുശേഷം പൊട്ടിത്തകർന്ന ബ്രോക്കർമാരിൽ പ്രധാനിയായിരുന്നു ജോസുകുട്ടി. സ്‌റ്റോക്‌എക്‌സ്‌ചേഞ്ചുമായി തർക്കം. ഇടപാടുകാരുമായി തർക്കം. ഒടുക്കം നാട്ടിലെ പറമ്പ് വിറ്റു. എറണാകുളത്തു വാങ്ങിയ വീടും, കാറും വിറ്റു. കാർഡ് വിറ്റു. ഒരുമാതിരി തലപൊക്കി നടക്കാമെന്നായി. എങ്കിലും താൻ അജയ്യനാണെന്നും, അതിബുദ്ധിമാനാണെന്നുമുളള വിശ്വാസത്തിന് ഇളക്കം തട്ടിയില്ല. നിർഭാഗ്യം. നഷ്‌ടം വരാം. ഇനിയും ഞാൻ ട്രേഡിംഗ് നടത്തും. കളികളിക്കും. പ്രവീൺമേനോൻ പഴയരീതിയിൽതന്നെ ഓതറൈസ്‌ഡ് അസിസ്‌റ്റന്റാക്കണം. അതാണ് ലക്ഷ്യം. മിക്ക ദിവസവും വരും. ബോറടിയാണ്. എന്തെങ്കിലും പറയാനൊക്കുമോ?
പ്രവീൺമേനോൻ ജോസുകുട്ടിയെ കണ്ടയുടൻ പറഞ്ഞുഃ
ജോസുകുട്ടി, ഇന്നു ഞങ്ങളുടെ പുതിയ കമ്പനിയുടെ ഒരു ചർച്ചായോഗമുണ്ട്. ഞാൻ പോകുകയാണ്. വരുന്നോ?
ജോസുകുട്ടിക്ക്, ഷെയറുകളും ഇ.പി.എസ്.റേഷ്യോയും ബുക്ക് ക്ലോഷറും ബദ്‌ലാ റേറ്റും ഉൾപ്പെടാത്ത യാതൊരു സംഭാഷണത്തിലും പങ്കുചേരാൻ കഴിയുകയില്ല എന്ന് പ്രവീണിനറിയാം. അതുകൊണ്ട് നിർബന്ധിച്ചു.
ജോസുകുട്ടി വരു.
ജോസുകുട്ടി നന്ദി പറഞ്ഞു. വന്നില്ല.
രാമകൃഷ്‌ണന്റെ കഥ ദാസ് വിസ്‌തരിക്കുമ്പോൾ പ്രവീൺമേനോൻ ഓർക്കുകയായിരുന്നു.
ജോസുകുട്ടിയും ഏകദേശം അതുപോലെയാണ്. തന്നേക്കാൾ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നവരെല്ലാം തന്നേക്കാൾ മോശക്കാരണെന്ന വിശ്വാസം. അവർക്ക് ആകെയുളളത് ഭാഗ്യം മാത്രം. തനിക്കില്ലാത്തതും അതാണ്-ഭാഗ്യം.
ദാസ് പറഞ്ഞുഃ
നമുക്കൊക്കെ ഇടക്കാലത്തുണ്ടാകുന്ന ഒരു വികാരമാണ്, ഇത്. ഒറ്റവാചകത്തിൽ പറഞ്ഞാൽ നമ്മുടെ മേലധികാരി നമ്മേക്കാൾ മഠയനാണ്. കഴിവുകുറഞ്ഞവനാണ്. അയാൾ ഒരു പണിയും ചെയ്യുന്നില്ല. എല്ലാം നാമാണ് ചെയ്യുന്നത്. അയാൾ വെറും ഭാഗ്യംകൊണ്ട് ആ സ്ഥാനത്തിരിക്കുന്നു. കൂടുതൽ സമ്പാദിക്കുന്നു. നമ്മെ ബോസ് ചെയ്യുന്നു. ച്ഛെ! എന്തനീതി! ഈ വികാരം കുഴപ്പമില്ല. പക്ഷേ, ഇത് പൂർണ്ണമായി സ്വയം വിശ്വസിച്ചാൽ നമുക്ക് ഏതു സമയവും ദുഃഖിക്കാനേ നിമിഷങ്ങളുണ്ടാകൂ. ബർട്രൻഡ് റസ്സൽ പറയുംഃ ബുദ്ധിയുളളവർക്കൊക്കെ ഏതു തുറയിലും ഉണ്ടാകുന്ന ദുഃഖത്തിന് ഇതാണ് കാരണമെന്ന്. അദ്ദേഹം ഉപദേശിക്കും, ഭയപ്പെടേണ്ട, നമ്മുടെ മേലധികാരിയും നമ്മെപ്പോലെ തന്നെ ദുഃഖിതനാണ്. ഇതേ കാരണത്താൽ അദ്ദേഹത്തിന്റെ വിചാരം അദ്ദേഹത്തിന്റെ ബോസ്, മാനേജിംഗ് ഡയറക്‌ടർ തന്നേക്കാൾ എത്രയോ കഴിവുകുറഞ്ഞവനാണെന്നാണ്. അവിടെയും സമാധാനിക്കാം. മാനേജിംഗ് ഡയറക്‌ടറും അസ്വസ്ഥനും, ദുഃഖിതനുമാണ്. തന്നേക്കാൾ കഴിവുകുറഞ്ഞ ഒരു സർക്കാരുദ്യോഗസ്ഥൻ, സെക്രട്ടറിയുടെ മുറിയിൽ കയറണമെങ്കിൽപോലും എത്രനാൾ കാത്തിരിക്കണം. ഫാക്‌ടറിയോ, ബിസിനസ്സോ എന്തെന്നറിയാത്ത ഒരു സർക്കാരുദ്യോഗസ്ഥൻ. ഛെ! പേടിക്കണ്ട. സർക്കാരുദ്യോഗസ്ഥൻ സെക്രട്ടറിക്ക് മന്ത്രിയെക്കുറിച്ചും, മന്ത്രിക്ക് പ്രധാനമന്ത്രിയെക്കുറിച്ചും, പ്രധാനമന്ത്രിക്ക് അമേരിക്കൻ പ്രസിഡന്റിനെക്കുറിച്ചും ഇതേ അഭിപ്രായമാണ്. പക്ഷേ, ലോകത്തെ ഏറ്റവും ശക്തിമാനും, അധികാരം കൈയാളുന്നവനുമായ അമേരിക്കൻ പ്രസിഡന്റും ദുഃഖിതനായിരിക്കും. നെപ്പോളിയനെ ഓർത്ത്. നെപ്പോളിയൻ അജയ്യനായ അലക്‌സാണ്ടർ ദി ഗ്രേറ്റിനെ ഓർത്ത്. അലക്‌സാണ്ടറും ദുഃഖിതനായിരുന്നു. ഹെർക്കുലിസിനെ ഓർത്ത്. റസ്സൽ സമാധാനിപ്പിക്കും. ഹെർക്കുലിസ് എന്നയാൾ പാവം, ഒരു കാല്‌പനികസൃഷ്‌ടിയായിരുന്നു.
ദാസ് പറഞ്ഞുഃ
അവസാനം ഇത്തരം കേസുകളിൽ ഉണ്ടാകുന്നതു സംഭവിച്ചു. താനില്ലെങ്കിൽ ബിർളയുടെ കെമിക്കൽഫാക്‌ടറിപ്രവർത്തനം നിന്നുപോകും എന്നുവരെ അയാൾ വിശ്വസിച്ചു. ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പർവ്വതീകരിച്ചു. ചെറുപ്പക്കാരനായ മേലുദ്യോഗസ്ഥനെ മറ്റുളളവരുടെ മുന്നിൽ വച്ച് ദ്വയാർത്ഥം വരുന്ന സംസാരത്തിലൂടെ കളിയാക്കി. എന്തിന്? ഒരുദിവസം, ഫാക്‌ടറിമാനേജ്‌മെന്റിനെ ഒരു പാഠം പഠിപ്പിച്ചിട്ടേ അടങ്ങൂ എന്ന മട്ടിൽ രാജികൊടുത്തു. രാമകൃഷ്‌ണൻ പൂർണ്ണമായും വിശ്വസിച്ചു. രാജിക്കത്ത് കണ്ടയുടൻ ഫാക്‌ടറി ജനറൽ മാനേജർ തന്നെ വിളിച്ച് സ്‌നേഹപൂർവ്വം ശാസിച്ച് കത്തു കീറിക്കളയും. നിനക്ക് നീ വളർത്തിവലുതാക്കിയ സ്ഥാപനത്തിനോട് സ്‌നേഹമില്ലേ എന്നു ചോദിക്കും. നീയില്ലെങ്കിൽ ആര് ഇപ്പോൾ നീ ചെയ്യുന്ന സേവനം ഇത്ര ആത്മാർത്ഥമായി അനുഷ്‌ഠിക്കും എന്നൊക്കെ. പക്ഷേ, ഒന്നുമുണ്ടായില്ല. സാധാരണ അവധിക്കപേക്ഷയുടെ ലാഘവത്തോടെ രാജി സ്വീകരിച്ചു.
എന്നിട്ട്?
എന്നിട്ടെന്താ? ആദ്യം ഷോക്കായിരുന്നു. എന്തു വിഡ്‌ഢിത്തരമാണിവര് കാണിച്ചത് എന്ന മട്ടിൽ. രാമകൃഷ്‌ണനില്ലാതെ ഈ ഫാക്‌ടറിയോ! പക്ഷേ, ഒരു മാസത്തിനകം രാമകൃഷ്‌ണനു സ്ഥലംവിടേണ്ടിവന്നു. അപ്പോൾ വാശിയായി, തന്റെ അറിവും പക്വതയും ഒരു എതിരാളിക്കു നൽകി ഈ ഫാക്‌ടറിയെ മുട്ടുകുത്തിക്കുക. അതിനുളള ശ്രമം അഞ്ചാറുമാസം നടത്തി. ഫരീദാബാദിൽ, ബോംബെയിൽ, കൽക്കത്തയിൽ. ബിർളയിൽനിന്ന് പിരിഞ്ഞ ജോലിക്കാരനെ ആർക്കും വേണ്ട. ബിർളയിൽനിന്ന് ജോലി വിടുക എന്നാൽ അതിനർത്ഥം അയാൾ എന്തെങ്കിലും തിരിമറിനടത്തി എന്നാണെന്നു പൊതുവെ ഇന്ത്യൻ കമ്പനികൾക്കറിയാം. പോരാത്തതിന് രാമകൃഷ്‌ണന് ടെക്‌നിക്കിൽ ബിരുദങ്ങളൊന്നുമില്ലതാനും. കൈവശമുണ്ടായിരുന്ന പണമെല്ലാം തീരാറായപ്പോൾ അവസാനം രാമകൃഷ്‌ണൻ നാട്ടിലെത്തി. ഒരു ഫാക്‌ടറി തുടങ്ങുക. ബിർളാഫാക്‌ടറിയുടെ അതേ മോഡലിൽ. എന്നട്ടിവരെ തോല്‌പിക്കുക. രാമകൃഷ്‌ണന്റെ ആകെയുളള വിജ്‌ഞ്ഞാനം, അയാൾ ഇരുപത്തഞ്ചു വർഷം പണിയെടുത്ത ഫാക്‌ടറിയിലെ മെഷിനറികളും, സൗകര്യങ്ങളും ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ മാത്രമായിരുന്നു. പക്ഷേ, അത് പരിമിതിയായി മനസ്സിലാക്കാൻ അയാൾക്ക് കഴിഞ്ഞില്ല.
അവസാനം?
അവസാനമായില്ല. തുടക്കമേ ആയുളളൂ. കെമിക്കൽ വ്യവസായത്തിലെ സാങ്കേതികവിദഗ്‌ധർ എന്ന ഖ്യാതിമാത്രമേയുളളു കൈവശം. പക്ഷേ, നാട്ടിൽ നല്ല പേരായിരുന്നു. അതുകൊണ്ടെന്താ? എളുപ്പം ഒരു കൂട്ടുസംരംഭം തുടങ്ങി. നാട്ടിലെ ഒരു ജന്മിയുടെ മരുമകനെ പാർട്ട്‌ണറാക്കി. ഫാക്‌ടറിക്ക് സ്ഥലം അയാളുടെ വക. ബാങ്ക് വഴി യന്ത്രങ്ങൾക്ക് ഓർഡർ ചെയ്‌തു. ഇരുപതുവർഷം മുമ്പുതന്നെ കാലഹരണപ്പെട്ട മോഡലിന്റെ. വിൽക്കാൻ പ്രയാസമായിരുന്ന മോഡലായിരുന്നു, യന്ത്രങ്ങൾ. രാമകൃഷ്‌ണന്റെ കൈവശം പണമില്ല. ഇൻഡസ്‌ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽനിന്ന് ലോൺ സംഘടിപ്പിക്കാൻ ശക്തിയുളള ഒരു പുതിയ പാർട്ട്‌ണർ വന്നു. അദ്ദേഹം പെട്ടെന്ന് ഈ സംരംഭത്തിന് ഒരു പുതിയ മുഖം കൊടുത്തു. പത്രത്തിൽ വലിയ പരസ്യം. മന്ത്രിയെക്കൊണ്ട് ശിലാസ്ഥാപനം. വ്യവസായശാലയുടെ ശിലാസ്ഥാപനകർമ്മം അതിഗംഭീരമായി നടന്നു. അപ്പോഴേക്ക് ഭാഗ്യത്തിന് യന്ത്രങ്ങളുടെ ആദ്യത്തെ കൺസൈൻമെന്റ് എത്തിയിരുന്നു. ശിലയ്‌ക്കരികിൽ തുറക്കാത്ത വലിയ പാക്കേജുകൾ. ഗംഭീരപ്രസംഗങ്ങൾ. നാടിന്റെ ഛായ മാറ്റാനിറങ്ങിയ ദൈവദൂതനായി രാമകൃഷ്‌ണൻ വിശേഷിപ്പിക്കപ്പെട്ടു. ഇതുപോലെ അനവധി സാങ്കേതികവിദഗ്‌ധർ കേരളത്തിനു പുറത്തുണ്ടെന്നും അവരെയൊക്കെ ഇവിടെ കൊണ്ടുവന്ന് കേരളം വ്യവസായകേരളമാക്കുമെന്നും മന്ത്രി ശ്രോതാക്കളെ സമാശ്വസിപ്പിച്ചു.
ഫാക്‌ടറി തുടങ്ങിയോ?
എന്തിന്? അടുത്ത ദിവസം മുതൽ ആൾക്കാരുടെ തിരക്കായി, ജോലിക്ക്. അക്കാര്യം പുതിയ പാർട്ടണർ തീർച്ചയാക്കി. അദ്ദേഹം പറഞ്ഞു. ഏറ്റവും താഴ്‌ന്നജോലിക്കായാലും ഏറ്റവും കൂടിയ ജോലിക്കായാലും ഞങ്ങൾ ഈ സാങ്കേതിക വൈദഗ്‌ധ്യം കൈമാറുകയാണ്. നാളെ നിങ്ങൾ ഇവിടംവിട്ട് മറ്റൊരു ഫാക്‌ടറിയിൽ പോയാൽ ഇവിടെ നിന്ന് നേടിയ അറിവുകൊണ്ടുതന്നെ നിങ്ങൾക്ക് ഇരട്ടി ശമ്പളം കിട്ടും. അതുകൊണ്ട് ആർക്കായാലും ശരി, ജോലി വേണമെങ്കിൽ പൈസ ഡെപ്പോസിറ്റായി തരണം. ഡെപ്പോസിറ്റ്, തിരിച്ചു തരുമോ? പകുതി, പലിശയില്ലാതെ, ജോലി വിടുമ്പോൾ. ന്യായമായ കാര്യം. ജോലി കിട്ടണമെങ്കിൽ ഏതു തുറയിലും കൈക്കൂലിയും, ഡൊണേഷനും കേരളത്തിലെ സമൂഹത്തിൽ എല്ലാവരും അംഗീകരിച്ച വസ്‌തുതയായതുകൊണ്ട് ആൾക്കാർക്ക് യാതൊരു എതിർപ്പുമില്ല. ക്ലാർക്കിന് ഒരു ലക്ഷം രൂപ ഡെപ്പോസിറ്റ്. ആയിരം രൂപ ശമ്പളം. ഏകദേശം അതേ തോതിൽ മറ്റു ജോലികൾക്കും. ഡെപ്പോസിറ്റിന്റെ ബാങ്ക് പലിശ ശമ്പളമായി കൊടുക്കും. എന്നിട്ടും ആൾക്കാരുടെ ബഹളമായിരുന്നു.
അമ്പി ചിരിച്ചു. ബാബു അമ്പിയെ നോക്കി.
നമ്മൾക്കും പരിപാടിനോക്കിയാലോ എന്നാണോ അമ്പി വിചാരിക്കുന്നത്?
അല്ല. ഇതിനീം ബിർളാഅങ്കിള് നമ്മുടെ ഫാക്‌ടറിയെക്കുറിച്ച് ഒരു സജഷനായി തരുന്നതാണോ?
എന്നാൽത്തന്നെയെന്താ? ഒരു ലക്ഷം രൂപാ ഡെപ്പോസിറ്റ് പലിശയ്‌ക്ക് വാങ്ങി കൊടുക്കുക. എന്തായാലും ഓപ്പൺ മാർക്കറ്റിൽ നാലു ശതമാനം തീർച്ചയാണോ? മാസം നാലായിരം രൂപ. ഇല്ലെങ്കിൽ പോകട്ടെ. മൂവായിരം. പാർട്ടിക്ക് രണ്ടായിരം രൂപ വരെ ശമ്പളം കൊടുത്താലും നമുക്ക് നഷ്‌ടമില്ല. നമുക്കീനാട്ടിൽ പറ്റിയ ബിസിനസ് ഇതുതന്നാ, വെറുതെ യന്ത്രങ്ങളും പ്രോഡക്‌ടുകളും, അല്ലേ, ഓമനേ?
ഓമന പറയും വീഡിയോക്കടയാ നല്ല ബിസിനസ് എന്ന്.
ഓമന ഒന്നും മിണ്ടിയില്ല.
പ്രവീൺമേനോൻ പറഞ്ഞുഃ
ദാസ് അങ്കിളിന്റെ കഥ തീർന്നില്ലല്ലോ. ആരാ പാർട്ടി? വാട്ട് ഹാപ്പൻസ് ടു രാമകൃഷ്‌ണൻ?
മന്ത്രിയെക്കൊണ്ട് ഉദ്‌ഘാടനം നടത്തിച്ച നേതാവാണ് ഡെപ്പോസിറ്റ് വാങ്ങുകയും ജോലികൊടുക്കുകയും ചെയ്‌തത്. കുറഞ്ഞത് പത്തു നാല്‌പതുലക്ഷമെങ്കിലും പിരിച്ചുകാണും.
ആള് മുങ്ങി?
ഇല്ല. അദ്ദേഹം നാട്ടിൽത്തന്നെയുണ്ട്. മിടുക്കനായി.
പിന്നെ?
രാമകൃഷ്‌ണൻ നാടുവിട്ടു. എവിടെയ്‌ക്കാണ് പോയതെന്നറിഞ്ഞുകൂടാ. എല്ലാവരും, നേതാവുൾപ്പെടെ, കുറ്റം പറയുന്നത് രാമകൃഷ്‌ണനെയാണ്. നേതാവ് കൈമലർത്തി. നമ്മുടെ നാടിനൊരു നല്ല കാര്യം വരുന്നതല്ലേ എന്നു കരുതി ഞാൻ അങ്ങേരെ സഹായിക്കാൻ കൂട്ടിനു നിന്നു. ഫാക്‌ടറിയെക്കുറിച്ച് എനിക്കെന്തറിയാം? പുളളിക്കാരന് കൈയിൽ നാട്ടുകാരുടെ കുറച്ചു പൈസ കിട്ടിയപ്പോൾ…പാവം, രാമകൃഷ്‌ണൻ. ജോലിക്കുവേണ്ടി പണം കൊടുത്തവർക്ക് അപ്പോയ്‌ന്റ്‌മന്റ് ഓർഡർ കൊടുത്തു. പക്ഷേ, ഫാക്‌ടറി പ്രവർത്തനം തുടങ്ങിയില്ല.
എന്തേ?
പൊട്ടക്കണ്ണൻ ആനയെക്കണ്ടതുപോലെയായിരുന്നു. തന്റെ അറിവിന്റെ പരിമിതി സ്വയം സമ്മതിക്കാൻപോലും അയാൾ തയ്യാറായിരുന്നില്ല.
നാട്ടുകാർ അയാളെ പെരുമാറി അല്ലേ?
നേതാവ് നാട്ടുകാരെ സമാധാനിപ്പിച്ചു. ഡെപ്പോസിറ്റിൽ പകുതി വീതം തിരികെ കൊടുത്തു. അപ്പോൾ അവർക്ക് സന്തോഷമായി.
മെഷനറി?
അതു ബാങ്കിന്റെ തലയിലെഴുത്ത്. ഓവർ ഇൻവോയ്‌സ് ആയതുകൊണ്ട് ആകെ നഷ്‌ടം ബാങ്കിനുംനാട്ടാർക്കും.
ശില?
അതിപ്പോഴും അവിടെയുണ്ട്.
Generated from archived content: privatelimited17.html Author: klm_novel
Click this button or press Ctrl+G to toggle between Malayalam and English