എ.പി.ദാസ് ഓഫീസിലെത്തിയപ്പോൾ മണി നാലര കഴിഞ്ഞു. എന്നും കൃത്യം മൂന്നുമണിക്കു വരാറുളളയാളെ നാലുമണിയായിട്ടും കാണാഞ്ഞപ്പോൾ ഓമന അല്‌പം ഉറക്കെ ആത്മഗതം ചെയ്‌തു.
ബിർളാസാറിനെക്കണ്ടില്ലല്ലോ! വല്ല അസുഖവും…? സാറ് വരില്ലെങ്കിൽ വിളിച്ചു പറയാറുണ്ട്.
ദാസിന് ഓഫീസെന്നു വച്ചാൽ പഴയ ചിട്ടയുണ്ട്. മാർവാറിപ്പാരമ്പര്യത്തിൽ ഓഫീസിലെ ജോലിക്കാരനും, വീട്ടിലെ ഗൃഹനാഥനും ഒന്നാണ്. ഓഫീസിൽ പണിയുണ്ടെങ്കിലും ഇല്ലെങ്കിലും വീടിന്റെ ഒരു എക്‌സറ്റൻഷനാണ് ഓഫീസ്. മറിച്ചും ആകാം. വീട്ടിലെ മിക്ക പ്രശ്‌നങ്ങളും ബാബുജിക്ക് അറിയാം. ബാബുജി ഓഫീസിലെ മേലുദ്യോഗസ്ഥൻ മാത്രമല്ല, വീട്ടിലെ കാര്യങ്ങളിൽ ശ്രദ്ധാലുവായ കാരണവർ കൂടിയാണ്. ഓണത്തിന് ഫാക്‌ടറിയിൽ അവധിയില്ല.
ഓണം എന്ത് ഉത്സവമാണ്, ദാസ്‌ബാബു? ഉത്സവം ആഘോഷിക്കുന്നത് നിങ്ങളുടെ കേരളത്തിലല്ലേ? അതിന് ഇവിടെയെന്തു പ്രസക്തി?
ബാബുജി, ഇതങ്ങനെ ഒരു ഉത്സവമല്ല. ദാ ഇംഗ്ലീഷ് വാരികയിലെ ലേഖനം വായിച്ചുനോക്കൂ. മഹാവിഷ്‌ണുവിന്റെ ദശാവതാരങ്ങളിൽ ആദ്യത്തെ പൂർണ്ണമനുഷ്യരൂപമായ വാമനാവതാരമില്ലേ? അതിന്റെ കഥയാണ്. ശ്രീരാമനും, ശ്രീകൃഷ്‌ണനും മുമ്പ്.
എനിക്കറിയാം, ദാസ്‌ബാബു.
ബാബുജി, അദ്ദേഹം ഞങ്ങളുടെ നാട്ടിലെ അന്നത്തെ രാജാവിനെ, മഹാബലിയെ, പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തി. മഹാബലിയായിരുന്നു ബാബുജി, ശ്രീരാമഭഗവാനു മുമ്പ് രാമരാജ്യം സ്ഥാപിച്ചത്.
ശ്രീരാമജിക്കും മുമ്പ് രാമരാജ്യമോ? നിങ്ങള് മദ്രാസികള്, എന്തും കഥയുണ്ടാക്കും.
അല്ല, ബാബുജി. ഇത് മദ്രാസിലെ കഥയല്ല. കേരളം കേരള.. സഹ്യാദ്രിക്കു പടിഞ്ഞാറ് പരശുരാമൻ മഴുവെറിഞ്ഞപ്പോൾ സമുദ്രം ദാനം ചെയ്‌ത ഭൂമി.
ദാസ്‌ബാബൂ, വോ കൈസേ? അതെങ്ങനെയാ? വാമനാവതാരം കഴിഞ്ഞല്ലേ, പരശുരാമൻ അവതരിച്ചത്? പരശുരാമന് ദാനം കിട്ടിയതാണ് നിങ്ങളുടെ കേരളമെങ്കിൽ, അവിടെ വാമനൻ വരാനിടയില്ലല്ലോ.
ബാബുജി, പുരാണത്തിൽ ചോദ്യമില്ല.
മദ്രാസികൾക്കെന്തു പുരാണം?
അങ്ങനെയല്ല ബാബുജി. വാമനപൂജയുണ്ട്.
വാമനപൂജയോ?
അതെ.
ബാബുജിക്ക് അത് പുതിയ അറിവായിരുന്നു.
പൂജയുണ്ടെങ്കിൽ അതു നമുക്കും വേണം.
ഓണത്തിന് അങ്ങനെ അവധി കിട്ടിയില്ലെങ്കിലും പൂജ വേണമെന്ന് തീരുമാനിച്ചു. ആഘോഷമായി പൂജ, വാമനന്. ദാസിന്റെ വീട്ടിനുളളിലെ ഓണം ഫാക്‌ടറിയിലേക്കും ഓഫീസിലേക്കും പ്രവേശിച്ചു.
ഓഫീസും വീടുമായി വ്യത്യാസമില്ലാതായി ദാസിന്.
ആ ചിട്ടയാണ്. താമസിച്ചാൽ ഓഫീസിൽ വരാൻ പറ്റാത്ത ചുറ്റുപാടായാൽ ടെലിഫോണിൽ വിളിച്ചു പറയും.
ബാലചന്ദ്രൻ പറഞ്ഞു.
വരും. വഴി ബ്ലോക്കായിരിക്കും. ഇന്ന് വല്ല പ്രകടനവുമുണ്ടോ?
പത്രത്തിലൊന്നും കണ്ടില്ല.
പ്രകടനങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണ്. പണ്ടത്തെപ്പോലെയല്ല. നല്ല ചെലവാണ്. പണ്ടായിരുന്നെങ്കിൽ ആദർശത്തിന്റെ പേരിൽ ആൾക്കാർ ഇറങ്ങിയേനേം. ഇന്ന് ബുദ്ധി എല്ലാ തുറകളിലേക്കും വ്യാപിച്ചുകഴിഞ്ഞു. രൊക്കം കാഷ്, വണ്ടി, ഭക്ഷണം, ഡ്രസ്സ്. ബന്താണ് എളുപ്പം. പ്രകടനം വേണ്ട, പരസ്യം വേണ്ട. നാലു പോസ്‌റ്ററുകൾ, പത്രമോഫീസുകളിലേക്ക് ഓരോ കുറിമാനവും. പത്രങ്ങൾ വാർത്തകളിലൂടെ വേണ്ടത്ര പരസ്യം നൽകിക്കൊളളും. റേഡിയോയും ടി.വിയും ബന്തിനെതിരായി, ബന്തിനെ തോൽപ്പിക്കാനായി സർക്കാരെടുക്കുന്ന നടപടികളെക്കുറിച്ചുളള വാർത്ത എല്ലാവരെയും അറിയിക്കും. ചെലവില്ലാതെ ബന്തിനു പരസ്യം. സർക്കാരിനും, ജനങ്ങൾക്കും, ബന്ദു നടത്തുന്നവർക്കുമറിയാം എന്താണു സംഭവിക്കാൻ പോകുന്നതെന്ന്. ജനങ്ങളുടെ പ്രതികരണശേഷിയില്ലായ്‌മയെ പൂർണ്ണമായും മുതലെടുക്കാം. ബന്ത് കഴിഞ്ഞാൽ ബന്ത് നടത്തിയവർ അതു പൂർണ്ണവിജയമെന്നും സർക്കാർ അതു പൂർണ്ണപരാജയമെന്നും പ്രസ്‌താവനകളിറക്കും. അവയും പത്രങ്ങൾ പ്രസിദ്ധീകരിക്കും. ജനത്തിന് യാതൊരു വികാരവുമില്ല. അവർ വീട്ടിലിരിക്കും. ഒഴിഞ്ഞ നിരത്തിന്റെ പുതിയ ഫോട്ടോ പത്രത്തിൽ വരും. അതുകൊണ്ട് ബന്താണ് ലാഭം. ചെലവ് കുറവ്. പ്രകടനത്തിന് സംഘടനാശേഷി വേണം. ബന്തിന് അതും വേണ്ട. നാലു പോസ്‌റ്റർ. നാലു കത്ത്.
ഇന്ന് ചേട്ടൻ ആകെ ചൂടായിട്ടാണല്ലോ, എന്താ കാര്യം?
ഏയ്, ഒന്നുമില്ല.
ബാലചന്ദ്രന് അമർഷം ഉണ്ടായിരുന്നു. പക്ഷേ, അതു തന്നോടുതന്നെയായിരുന്നു. അതാണ് പ്രശ്‌നം.
കഴിഞ്ഞയാഴ്‌ച ഔപചാരികമായി ഒരു യോഗം കൂടി. കമ്പനി രജിസ്‌റ്റർ ചെയ്‌തിട്ടില്ലെങ്കിലും എല്ലാവരും എന്നും അന്യോന്യം കാണുന്നുണ്ടെങ്കിലും പ്രധാന തീരുമാനങ്ങളെടുക്കാൻ ആഴ്‌ചതോറും എല്ലാ വെളളിയാഴ്‌ചയും വൈകിട്ട് നാലുമണിക്ക് ഔപചാരികമായി ഒരു മീറ്റിംഗ്. എ.പി.ദാസിന്റെ നിർദ്ദേശമായിരുന്നു. ചർച്ചകളും നിർദ്ദേശങ്ങളും എന്നും എപ്പോഴും ഉണ്ടാകും. പക്ഷേ, തീരുമാനങ്ങൾ. അത് കൂട്ടായിവേണം. ഔപചാരികതയും ആവശ്യമാണ്.
ബാബുവും അമ്പിയുമല്ലാതെ ദാസും ബാലചന്ദ്രനും. അനൗദ്യോഗികമായിട്ടാണ് പ്രവീൺ മേനോൻ വരുന്നത് എന്നാണ് സങ്കൽപ്പമെങ്കിലും ഏറ്റവുമധികം സംസാരിക്കുന്നതും, പലപ്പോഴും കോമൺസെൻസുളള അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതും പ്രവീണാണ്. പ്രവീണിനെയും അതുകൊണ്ട് മീറ്റിംഗിൽ ഉൾപ്പെടുത്തും. കൈമള്‌സാറിനെ ക്ഷണിച്ചിട്ടും അദ്ദേഹം വന്നില്ല. ഞാൻ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഞാനീ സംരംഭത്തിൽ നേരിട്ടിടപെടുകയില്ലയെന്ന്. അദ്ദേഹം മിലിട്ടറിച്ചിട്ടയിൽ സമാധാനിപ്പിച്ചു.
ഫാക്‌ടറിയിൽ ഒരു ഉത്‌പാദനവ്യവസായം തുടങ്ങണമെങ്കിൽ ആ ഉത്‌പന്നത്തെക്കുറിച്ചും അതിന്റെ നിർമ്മാണത്തിലെ പ്രക്രിയകളെക്കുറിച്ചും അടിസ്ഥാനപരമായ അറിവുളളവർ തലപ്പത്തുണ്ടായിരിക്കണം.
ദാസാണ് പറഞ്ഞത്.
നമുക്കിവിടെ രണ്ട് എഞ്ചിനീയർമാരുണ്ട്. ബാലചന്ദ്രനും ബാബുവും. ബാബു ഇൻഡസ്‌ട്രിയൽ എഞ്ചിനീയറിംഗിൽ ബിരുദധാരി. കൂടുതലും മെറ്റീരിയൽസ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ഏതുതരം ഉത്‌പന്നമായാലും പ്രത്യേകതയില്ലാത്ത കോഴ്‌സല്ലേ? എനിക്കു തോന്നുന്നത് ബാലചന്ദ്രനായിരിക്കും ഉത്‌പന്നം തെരഞ്ഞെടുക്കാൻ ബെറ്റർ. മെറ്റലർജിയല്ലേ? പിന്നെ പ്രവൃത്തിപരിചയവുമുണ്ടല്ലോ. നമുക്കു മെറ്റൽ ബേസ്‌ഡോ, അല്ലെങ്കിൽ അതുമായി സാമ്യമുളളതോ ആയ ഉത്‌പന്നം തെരഞ്ഞെടുക്കാം. എന്തു പറയുന്നു?
ബാലചന്ദ്രൻ സമ്മതിച്ചു. അടുത്ത മീറ്റിംഗിൽ തന്റെ പ്രപ്പോസൽ വിശദമായി തയ്യാറാക്കി കൊണ്ടുവരാം എന്ന് വാക്കും നൽകി.
ഇന്ന് വ്യാഴം. നാളെ വൈകീട്ടാണ് മീറ്റിംഗ്. ഇതുവരെ ഏതാണ് ഉത്‌പന്നം എന്ന് തീർച്ചയാക്കാൻ പറ്റിയിട്ടില്ല. കഴിയുന്നത്ര യന്ത്രവൽക്കൃതമായ വ്യവസായമായിരിക്കണം. ഉത്‌പന്നത്തിന് റെഡിയായി വിപണിവേണം. അസംസ്‌കൃതസാധനങ്ങൾ എപ്പോഴും ലഭ്യമായിരിക്കണം. സർക്കാരിന്റെ കൺട്രോൾ കഴിയുന്നത്ര കുറഞ്ഞതായിരിക്കണം.
ആറു ദിവസമായിട്ടും ഒരു തീരുമാനത്തിലെത്താൻ കഴിയാത്തതിലുളള അമർഷം വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു.
പക്ഷേ, ബാലചന്ദ്രൻ അതടക്കി.
പ്രവീൺമേനോൻ തമാശയായിട്ടാണെങ്കിലും പറഞ്ഞത് ആലോചിച്ചു നോക്കിയപ്പോൾ തമ്മിൽ ഭേദമായിട്ടു തോന്നി. അതാണേറ്റവും കഷ്‌ടം. നാളെ മീറ്റിംഗിൽ എല്ലാ സാങ്കേതികത്വങ്ങളും കൂലങ്കഷമായി പരിശോധിച്ച് അവസാനതീരുമാനത്തിലെത്തുന്നത് പ്രവീൺ തമാശയായി പറഞ്ഞതായാൽ! അതോർക്കുമ്പോഴാണ് കൂടുതൽ അമർഷം.
പ്രവീൺ പറഞ്ഞുഃ
എന്റെ ചേട്ടാ, കേരളത്തിലെ ഏറ്റവും വലിയ വ്യവസായമായി വരാൻ പോകുന്നത് ടൂറിസമാണ്. ഉത്തരേന്ത്യയിൽ കാശ്‌മീരിലുളള ടൂറിസ്‌റ്റുകൾക്ക് ഏകദേശം അത്രയും ആകർഷകമാകാനിടയുളള ഭൂവിഭാഗം നമ്മുടെതേയുളളൂ. ആനമുടിയിൽ മഞ്ഞുകട്ടയില്ലെങ്കിലും മഞ്ഞുമേഘങ്ങളുണ്ട്. ഹോട്ടൽ, ഗോൾഫ്, ജലോത്സവങ്ങൾ. പിന്നെ മലയും സമതലവും കടലും ഇത്രയടുത്ത് അപൂർവമായേ കിട്ടൂ. അപ്പോൾ അടുത്ത വർഷങ്ങളിൽ ടൂറിസ്‌റ്റ് വ്യവസായം വളരും. അപ്പോഴവർക്കു കുടിക്കാൻ കളളുവേണ്ടേ? ടൂറിസ്‌റ്റുകൾ വെളളം കുടിക്കുകില്ല. മിനറൽവാട്ടർപോലും വേണ്ടാത്തവരാണധികവും. അപ്പോൾ? നമ്മൾ കേരളീയരാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട ഉപഭോക്താക്കൾ. ഏതിലാണ്? അരിയിലോ, മുട്ടയിലോ, പാലിലോ, പഴവർഗ്ഗങ്ങളിലോ അല്ല. പിന്നെ? മദ്യത്തിൽ, ഇന്ത്യയുടെ മുപ്പതിലൊന്ന് ജനസാന്ദ്രതയുളള നമ്മളാണ് ഇന്ത്യയിൽ ആകെ ചെലവാകുന്ന വിദേശമദ്യത്തിന്റെ നാലിലൊന്നും കുടിക്കുന്നത്. നമുക്കിതിലെ നന്മതിന്മകളും ശരിതെറ്റുകളും വിടാം. നമുക്ക് ഈ നമ്മുടെ മദ്യാസക്തിയും ടൂറിസ്‌റ്റ് വ്യവസായങ്ങളുംകൂടി ചേർത്തിട്ട് ഒരു പ്രോഡക്‌ട് കണ്ടുപിടിക്കാം.
പ്രവീൺ എല്ലാവരെയും മാറിമാറി നോക്കി ചിരിച്ചു. ബിയർ ക്യാൻ നിർമ്മിക്കുക. എന്താ? ബിയറിനു മാത്രമല്ല. പുതിയ കോളാ പാനീയങ്ങൾക്കും ആവശ്യമാകും. ഏറ്റവും ആകർഷണീയമായ ഡിസൈനുകളിൽ. ഡിസ്‌റ്റിലിറികൾക്കു നേരിട്ട് സപ്ലൈ. ഒരിക്കലും പേടിക്കേണ്ട മാർക്കറ്റിന്. എന്താ?
ദാസ് ചിരിച്ചു.
എനിക്ക് പ്രവീൺ പറയാൻ തുടങ്ങിയപ്പോഴേ തോന്നി മദ്യവുമായി ബന്ധപ്പെട്ട പരിപാടിയിലായിരിക്കും അവസാനിക്കുന്നത് എന്ന്.
പ്രവീൺ കൈമലർത്തി.
ഞാൻ കാര്യം പറഞ്ഞു. ഇനി ബാലചന്ദ്രൻചേട്ടൻ തീർച്ചപ്പെടുത്തട്ടെ. ഒന്നു തീർച്ചയാണ്, മാർക്കറ്റ് യാതൊരു സംശയവുമില്ല. നാരങ്ങാവെളളവും സർബത്തും മാടക്കടകളിൽനിന്ന് ഔട്ടാകും. അപ്പൂപ്പൻ പറയുമായിരുന്നു. പണ്ടൊക്കെ വഴിവക്കിൽ രണ്ടും മൂന്നും മൈലു കഴിഞ്ഞാൽ വലിയ ഒരു ചുമടുതാങ്ങിയും അടുത്തുതന്നെ തണ്ണീർപ്പന്തലും കാണുമായിരുന്നു എന്ന്. ആ പ്രദേശത്തെ ജന്മികൾ അവിടെ സംഭാരം കൊടുക്കുന്ന പതിവുണ്ട്. ചുമടെടുത്തു ക്ഷീണിച്ചു വരുന്നവർക്ക് തലയുടെ ഉയരത്തിൽ ചുമടിറക്കി വയ്‌ക്കാൻപാകത്തിൽ കല്ലിൽ തീർത്ത ചുമടുതാങ്ങി. അടുത്തു എരിവും ഉപ്പും പുളിയും നാരകത്തിലയുടെ മണവും ചൊടിയും ഉളള സംഭാരം. വിശപ്പും ദാഹവും ക്ഷീണവും മാറും. ചുമടും ചുമടുതാങ്ങിയും പോയപ്പോൾ തണ്ണീർപ്പന്തലും സംഭാരവും പോയി, എന്നെന്നേക്കുമായി. നാരങ്ങാവെളളം, സിന്തറ്റിക് സർബത്തുകൾ ഗ്ലാസിൽ, മാടക്കടകൾ. വെറ്റിലമുറുക്ക് അതിവേഗം സിഗററ്റിനും ബീഡിക്കും വഴിമാറി. അതുപോലെ അടുത്ത അഞ്ചാറുവർഷം. നാരങ്ങാവെളളം ഔട്ട്. സർബത്തുകൾ ഔട്ട്. ഗ്ലാസും സ്‌ട്രോയും ഔട്ട്. കുപ്പികളിൽ വരുന്ന പാനീയങ്ങൾപോലും മാർക്കറ്റിൽനിന്ന് തിരോധാനം ചെയ്യും. ആദ്യം ടിൻകൊണ്ടുളള ക്യാനുകളായിരിക്കും. ടിന്നിന്റെ വിലയും ലഭ്യതക്കുറവും കാരണം ഇപ്പോൾത്തന്നെ മാർക്കറ്റിൽ പുതിയ ആൾട്ടർനേറ്റീവ്‌സ് ഇറങ്ങിത്തുടങ്ങി. കടലാസ്, പ്ലാസ്‌റ്റിക് ക്യാനുകൾ. എത്ര പെട്ടെന്നാണ് നാം ട്രെയിനിലെ കടലാസുകപ്പുകളുമായി പരിചയമായിക്കഴിഞ്ഞത്. നമുക്കതുകൊണ്ട് ക്യാനുകൾ നിർമ്മിക്കാം. കടലാസോ പ്ലാസ്‌റ്റിക്കോ ടിന്നോ അല്ലെങ്കിൽ വേറെ ഏതെങ്കിലും പുതിയ മെറ്റീരിയലോ! ഒന്ന് നിസ്സംശയം പറയാം. മാർക്കറ്റിംഗിന് യാതൊരു പ്രശ്‌നവുമുണ്ടാകുകയില്ല. പുതിയ പുതിയ ഡിസൈനുകൾ. നമുക്ക് ഏതെങ്കിലും വിദേശക്കമ്പനികളുമായി കൂട്ടുകെട്ട് ഉണ്ടാക്കാനും ഏറെ സാധ്യതയുണ്ട്. ആദ്യം ബിയർ ക്യാൻ. പിന്നെ കോളായ്‌ക്ക്. പഴസത്തുകൾക്ക്. കരിക്കിൻവെളളത്തിനുപോലും. കരിക്കിന്റെ അതേ ഗുണമുളള ഡ്രിംഗ്‌സ് സിംതെറ്റിക് ചേരുവകളിലൂടെ തീർച്ചയായും അടുത്തുതന്നെ മാർക്കറ്റിൽ ഇറങ്ങും. അപ്പോൾ അതു കുടിക്കാൻ കരിക്കുപോലെ ആഴ്‌ചകൾ സൂക്ഷിച്ചാലും കേടുവരാത്തമട്ടിൽ, ക്യാനുകൾ. എന്റെ ചിന്തകൾ കാടുകയറുകയല്ല.
ബാലചന്ദ്രൻ പ്രവീണിന്റെ വാക്കുകൾക്ക് അതിന്റേതായ ഗൗരവം നൽകി.
ഏറ്റവുമെളുപ്പം ടിൻകൊണ്ട് ക്യാനുകൾ നിർമ്മിക്കുക എന്നതാണ്. പക്ഷേ അവിടെ കൂടുതൽ തൊഴിലാളികൾ വേണം. അവിദഗ്‌ധർക്കാണ് മുൻതൂക്കം. പ്രശ്‌നങ്ങൾ.
നാളേയ്‌ക്ക് എന്തെങ്കിലും തീർച്ചപ്പെടുത്തണം.
ബാലചന്ദ്രന് കൂടുതൽ ആലോചിക്കാൻ സാവകാശം കിട്ടിയില്ല. എ.പി.ദാസ് ധൃതിയിൽ കടന്നുവന്നു.
ദാസിനു പത്തുനിമിഷം വേണ്ടിവന്നു, ശ്വാസം കിട്ടാൻ. മുറിയുടെ നടുവിൽനിന്ന് എല്ലാവരെയും നോക്കി ദാസ് ചിരിച്ചു.
കുറച്ച് താമസിച്ചുപോയി.
എന്താ വഴിയിൽ ബ്ലോക്കായോ?
നോ നോ; വീട്ടിൽത്തന്നെ ബ്ലോക്കായി.
എന്നിട്ട് അദ്ദേഹം തന്റെ കസേരയിൽ ഇരുന്നു. ബ്രീഫ്‌കേസ് ഇതിനിടയ്‌ക്ക് ഡ്രൈവർ കൊണ്ടുവന്നിരുന്നു. ബ്രീഫ്‌കേസ് തുറന്ന് ടൗവലെടുത്തു കഴുത്തും മുഖവും തുടച്ചു.
ബാബു ചോദിച്ചു.
എന്തുപറ്റി, അങ്കിൾ? ആന്റി ഇന്ന് നല്ല മൂഡിലല്ലായിരുന്നോ?
നോ നോ. അതല്ല.
എന്നിട്ട് എല്ലാവരെയും മാറിമാറി നോക്കി.
അദ്ദേഹം പറഞ്ഞു.
നമുക്ക് ഇവിടെനിന്ന് ഓഫീസ് മാറ്റണം.
അതെന്തിനാ അങ്കിൾ? നമ്മളൊന്ന് ഇരുന്നിട്ട് കാലുനീട്ടിയാൽ പോരേ?
എടോ, ഇവിടെ, നാട്ടിൽ, ഇരിക്കാതെയും കാലുനീട്ടാം.
അദ്ദേഹം ബാലചന്ദ്രനെ നോക്കി.
നമ്മുടെ പ്രോഡക്‌ട് കണ്ടുപിടിച്ചോ?
ബാലചന്ദ്രൻ തലയാട്ടി.
ഇല്ലെങ്കിൽ ഞാനൊരു ഐഡിയാ തരാം.
എന്താ?
മെഷിനറി നിർമ്മാണം.
എന്തു മെഷിനറി?
എന്തായാലും കുഴപ്പമില്ല. അല്‌പം അസാധാരണത്വമുളള സാധനങ്ങൾ നിർമ്മിക്കുന്നതിനു വേണ്ട യന്ത്രം.
അതുതന്നെയല്ലേ, കൈമള് സാറ് ചെയ്‌തതും.
അതെ. പക്ഷേ നമുക്ക് അല്‌പം വ്യത്യാസം വരുത്താം. ഇപ്പോൾ അന്ന് പ്രവീൺ പറഞ്ഞ ബിയർക്യാൻ നിർമ്മാണമാണെന്നിരിക്കട്ടെ. നമുക്ക് ക്യാൻ നിർമ്മിക്കുന്ന യന്ത്രങ്ങൾ ഉണ്ടാക്കുകകൂടി ചെയ്യുക. രണ്ടുതരം നിർമ്മാണം. ട്രയൽ ആൻഡ് എറ്റിൽ ക്വാളിറ്റി നമുക്ക് നിലനിർത്താം.
ഇപ്പോൾ അങ്കിളിന് ഈ ഐഡിയാ?
അതല്ല ശരിക്കും ഐഡിയാ. ഇത് ഒരു ബൈ പ്രോഡക്‌ട്, അത്രെയുളളു.
പിന്നെ?
അതല്ലേ, ഞാൻ വരാൻ താമസിച്ചത്.
എന്തുണ്ടായി.
അതു പറയാം. അതിനു മുമ്പ് ഒരു ചോദ്യം. എന്നോട് ഒരു ചെറുപ്പക്കാരനും അയാളുടെ അച്‌ഛനും കൂടിവന്ന് അല്‌പംമുമ്പ് ചോദിച്ചതാണ്.
പറയൂ.
നിങ്ങളുടെ കമ്പനിയിൽ ജോലിയിലെടുക്കാൻ എത്രരൂപയാണ് റേറ്റ്?
എനിക്കാദ്യം പെട്ടെന്ന് മറുപടി പറയാൻ പറ്റിയില്ല. ഉച്ചയ്‌ക്ക് ഭക്ഷണം കഴിഞ്ഞ് ഞാനെന്റെ പതിവ് മയക്കത്തിലായിരുന്നു. സാധാരണയായി ആര് ആ സമയത്ത് വിളിച്ചാലും ശ്രീമതി എന്നെ ശല്യപ്പെടുത്തുകയില്ല. പേരക്കുട്ടികൾക്കുപോലും എന്റെ ഈ സ്വഭാവം അറിയാം. അതുകൊണ്ട് എന്നെക്കാണാനായി രണ്ടുപേർ അരമണിക്കൂറായി കാത്തുനില്‌ക്കുന്നു എന്ന വിവരം ശ്രീമതി ഞാനുണർന്നു കഴിഞ്ഞാണ് പറഞ്ഞത്. മുഖം കഴുകിച്ചെന്നപ്പോൾ ഒരു ചെറുപ്പക്കാരനും അയാളുടെ അച്‌ഛനും. അച്‌ഛൻ റിട്ടയേർഡ് ഉദ്യോഗസ്ഥനാണ്. എനിക്ക് പരിചയമില്ല. പക്ഷേ, എന്നെക്കുറിച്ച് കേട്ടിട്ടുണ്ട്. ഞാൻ ഇരിക്കാൻ പറഞ്ഞു ചായ കൊടുത്തു.
അവർക്ക് ഒറ്റ ചോദ്യമേയുളളൂ. നിങ്ങളുടെ കമ്പനിയിൽ ജോലിയിലെടുക്കാൻ എത്രയാ റേറ്റ്?
എനിക്ക് അത്ഭുതം തോന്നിയില്ല ചോദ്യം കേട്ടിട്ട്. പക്ഷേ എനിക്ക് അത്ഭുതം തോന്നിയത് മറ്റൊരു കാര്യത്തിലാണ്. ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. ഞങ്ങൾ ജോലിക്കാരെ എടുക്കാൻ തീർച്ചപ്പെടുത്തിയിരിക്കുന്നത് വെറും കഴിവും അറിവും മാത്രം അടിസ്ഥാനമാക്കിയാണ്. പണം വേണ്ട. അവർക്ക് വിശ്വാസം വന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. ആ ചെറുപ്പക്കാരനെക്കാൾ കൂടുതൽ പണം തരാൻ തയ്യാറുളളയാൾക്കാർ നമ്മുടെ കൈയിലുണ്ടെന്നും അതുകൊണ്ടാണ് ഞാൻ റേറ്റ് പറയാത്തതെന്നുമാണ് അവർ ഇപ്പോഴും വിശ്വസിച്ചിരിക്കുന്നത്.
പാർട്ടികള് പോയോ?
പോയി. പക്ഷേ, എനിക്ക് അവരെ വിശ്വസിപ്പിക്കാൻ കഴിഞ്ഞില്ല. എന്റെ ഒന്നരമണിക്കൂർ വേസ്‌റ്റ്. എന്നാലും ഒരു ഗുണമുണ്ടായി.
എന്താ അത്?
കേരളത്തിൽ വ്യവസായസ്ഥാപനങ്ങൾ വിജയകരമായി ഉണ്ടാകാത്തതിന്റെ ഒരു പ്രധാനകാരണം എനിക്ക് പിടികിട്ടി.
എല്ലാവരും ആകാംക്ഷയോടെ ദാസിനെ നോക്കി.
ദാസ് ചിരിച്ചു.
കഥ പറയാൻ തുടങ്ങി.
Generated from archived content: privatelimited16.html Author: klm_novel