പതിനഞ്ച്‌

കുറുപ്പുസാറിന്‌ എറണാകുളത്ത്‌ രണ്ടു പരിപാടികളായിരുന്നു. ആദ്യത്തേത്‌ രാവിലെ പതിനൊന്നിന്‌ ടി.ഡി.എം.ഹാളിൽ കല്യാണത്തിനു സംബന്ധിക്കുക. രണ്ടാമത്തെത്‌, അമ്പിയുടെ അഡ്രസ്സ്‌ തേടിപ്പിടിച്ച്‌ പണം നിക്ഷേപിക്കുന്ന കാര്യത്തിന്‌ ഒരു തീർപ്പുവരുത്തുക.

ആദ്യത്തെ പരിപാടി അപ്രതീക്ഷിതമായിരുന്നു. കല്യാണത്തിനു ക്ഷണക്കത്തു വന്നപ്പോൾ ആദ്യം ഒന്നു ശങ്കിച്ചു. ആരുടെയാണിത്‌? പിന്നെയാണ്‌ ഭവാനിടീച്ചറും ഒത്ത്‌ രാത്രിയിൽ കുലങ്കഷമായി ചിന്തിച്ചപ്പോൾ പിടികിട്ടിയത്‌, ഇത്‌ നമ്മുടെ രാമകൃഷ്‌ണന്റെ മകളുടെ കല്യാണമാണല്ലോയെന്ന്‌. രാമകൃഷ്‌ണൻ, കുറുപ്പുസാറിന്റെ ശിഷ്യനായിരുന്നു. എട്ടും ഒമ്പതും ക്ലാസുകളിൽ. സാറിനേക്കാൾ വളരെയധികം പ്രായക്കുറവൊന്നുമുണ്ടായിരുന്നില്ല. രാമകൃഷ്‌ണൻ എട്ടാംക്ലാസിൽ വലിഞ്ഞുകയറിയെത്തിയപ്പോൾ. ക്ലാസിലെയെന്നല്ല, സ്‌കൂളിലെതന്നെ മുതിർന്ന കുട്ടികൾക്കെല്ലാം എല്ലാ ചീത്ത സ്വഭാവങ്ങൾക്കും ഗുരുവായിവർത്തിച്ചിരുന്ന രാമകൃഷ്‌ണനെ എളുപ്പം സ്‌കൂൾ വിട്ടുപോകട്ടെ എന്ന ലക്ഷ്യത്തോടുകൂടി മാത്രമാണ്‌ കുറുപ്പുമാസ്‌റ്റർ എട്ടാംക്ലാസിൽനിന്ന്‌ ആദ്യവർഷംതന്നെ പ്രൊമോഷൻ കൊടുത്തത്‌.

ഇന്ന്‌ ടി.ഡി.എം. ഹാളിൽ നേരത്തെ എത്തിയ കുറുപ്പുമാസ്‌റ്ററെ സ്വീകരിച്ച്‌ പഴയ കാലത്തെക്കുറിച്ച്‌ ഓർമ്മകൾ അയവിറക്കിയ പത്തുനിമിഷത്തെ കുശലത്തിനിടയിൽ രാമകൃഷ്‌ണൻ സൂചിപ്പിച്ചതും അതായിരുന്നു.

സാറാണ്‌ എനിക്കൊരു ആത്മവിശ്വാസം തന്നത്‌. ഒരു ക്ലാസിൽ രണ്ടോ മൂന്നോ വർഷമെങ്കിലും പഠിക്കാതെ പാസാകാൻ പറ്റാത്ത എനിക്ക്‌ എന്റെ കഴിവിനെക്കുറിച്ചു ബോധ്യം വന്നത്‌ എട്ടിൽനിന്ന്‌ ജയിച്ചപ്പോഴാണ്‌.

ഗംഭീരകല്യാണം, എതിരെയുളള ഡർബാർഹാൾ ഗ്രൗണ്ട്‌നിറയെ കാറുകൾ. അവിടെ സ്ഥിരം ക്രിക്കറ്റ്‌ കളിക്കാൻ വരുന്ന കുട്ടികൾ നേരത്തെ കളിനിർത്തി.

രാമകൃഷ്‌ണൻ ദുബായിലാണ്‌. ദുബായിലാണോ, ബോംബെയിലാണോ എന്നു സംശയം. എന്തൊക്കെയാണ്‌ ബിസിനസ്സ്‌ എന്നു ചോദിച്ചതിന്‌ നാലുമടക്കുളള വിസിറ്റിംഗ്‌ കാർഡ്‌ മറുപടിയായി ലഭിച്ചു. അതിൽ ചെറിയ ഭംഗിയുളള അക്ഷരങ്ങളിൽ അനവധി കമ്പനികളുടെ പേരുകൾ, ടെലിഫോൺ നമ്പർ തുടങ്ങിയവ. സാറിന്‌ ഒന്നും മനസ്സിലായില്ല.

രാമകൃഷ്‌ണന്‌ നാട്ടിലേക്കു വരണം. പണ്ട്‌ ഒമ്പതാംക്ലാസിൽ പഠിക്കുമ്പോൾ, ചേച്ചിയുടെ സ്വർണ്ണമാലയും എടുത്ത്‌ (മോഷ്‌ടിച്ചു എന്ന വാക്ക്‌ ഇപ്പോൾ രാമകൃഷ്‌ണനെക്കുറിച്ച്‌ ആരും ഉപയോഗിക്കാറില്ല.) രായ്‌ക്കുരാമാനം നാടുവിട്ടപ്പോൾ പ്രത്യേകലക്ഷ്യമൊന്നുമുണ്ടായിരുന്നില്ല. ഈ നശിച്ച നാട്ടിൽനിന്ന്‌ രക്ഷപ്പെടണം എന്നു മാത്രം. ഇപ്പോൾ വലിയ പണക്കാരനായി ബോംബെയിൽ വിരാജിക്കുമ്പോൾ നാട്ടിൽത്തന്നെ തിരിച്ചു വരണമെന്നായി ആഗ്രഹം. അതിന്റെ തുടക്കമായിരുന്നു, മകളുടെ കല്യാണം എറണാകുളത്തുവച്ചു നടത്തിയത്‌.

അപൂർവ്വം ചിലർക്കേ രാമകൃഷ്‌ണനെ നേരിട്ട്‌ പരിചയമുളളൂ. അതും മിക്കവരും ബോംബെ, ദുബായ്‌ വാസികൾ.

എന്നിട്ടും എത്രയാൾക്കാരാണ്‌ കല്യാണത്തിനു പങ്കുകൂടിയതെന്ന്‌ അത്ഭുതത്തോടെ ഉച്ചയ്‌ക്ക്‌ അമ്പിയോട്‌ വിശദീകരിക്കുമ്പോൾ ബാബു പറഞ്ഞു.

അതിനെന്താ? ടെലിഫോൺ ഡയറക്‌റ്ററി നോക്കി ക്ഷണക്കത്തുകളയയ്‌ക്കുക. പകുതി പേരെങ്കിലും വരും. തീർച്ചയാണ്‌.

ബാബു ചിരിച്ചുകൊണ്ട്‌ സുഹൃത്തിന്റെ കഥ പറഞ്ഞു. ബാബുവിന്റെ സ്‌നേഹിതൻ. ആകെ അയാൾക്ക്‌ അന്തസ്സിന്റെ ഭാഗമായി പറയാനുണ്ടായിരുന്നത്‌ എറണാകുളം ടെലിഫോൺ ഡയറക്‌റ്ററിയിൽ സ്വന്തമായുളള ടെലിഫോൺ നമ്പർ ഉണ്ടെന്നുളളതാണ്‌. അതിൽ വീട്ടഡ്രസ്സുമുണ്ട്‌. ഒരു സുപ്രഭാതത്തിൽ അയാൾക്ക്‌ ഒരു വിവാഹക്ഷണക്കത്ത്‌ വരുന്നു. അതിപ്രശസ്‌തനായ ഒരു നേതാവിന്റെ മകന്റെ കല്യാണം. നേതാവ്‌ അഖിലേന്ത്യാ മാത്രമല്ല. ആഗോളപ്രസിദ്ധനാണ്‌. നേതാവിന്റെ പരിചയവലയത്തിൽ താനുംപെട്ടു എന്നത്‌ സ്‌നേഹിതന്‌ ആദ്യം അത്ഭുതമുണ്ടാക്കി. നോക്ക്‌ ബാബു ആരുടെയാ ഇൻവിറ്റേഷൻ എന്ന്‌. കൈ സോപ്പിട്ട്‌ കഴുകി തുടച്ചതിനുശേഷം മാത്രമേ തൊടാൻ ധൈര്യംവരൂ. അത്ര വിലപിടിച്ച ക്ഷണപത്രിക. സ്വർണ്ണപ്പൊടികൾ നാലുപാടും പറക്കും ഒന്നുകുടഞ്ഞാൽ. ബാബു പറഞ്ഞു. സത്യമായിട്ടും അസൂയതോന്നി. എത്ര കുറഞ്ഞാലും അമ്പതുരൂപ വിലവരും, അക്കാലത്ത്‌ ഒരു ക്ഷണക്കത്ത്‌ ഈ തരത്തിൽ ശരിയാക്കണമെങ്കിൽ. അതും ക്ഷണിച്ചിരിക്കുന്നതോ സമുന്നതനായ വിശ്വപ്രസിദ്ധൻ. പിന്നീടാണറിഞ്ഞത്‌, അദ്ദേഹത്തിന്‌ ക്ഷണിച്ചവരിൽ തൊണ്ണൂറ്റിയൊൻപതു ശതമാനം ആൾക്കാരെയും പരിചയമില്ലായിരുന്നു. സമൂഹത്തിലെ ഉന്നതർക്ക്‌ ടെലിഫോൺ ഡയറക്‌റ്ററിയിൽ അഡ്രസ്സില്ലാതിരിക്കുകയില്ലല്ലോ. അതുകൊണ്ട്‌ അദ്ദേഹം ഞൊടിയിടയിൽ വലിയ സുഹൃദ്‌വലയം സൃഷ്‌ടിച്ചു. അതിൽ, പക്ഷേ; തമാശ, ബാബു ചിരിക്കുന്നതിനിടയിൽ പറഞ്ഞു, ബാബുവിന്റെ സ്‌നേഹിതന്‌ പറ്റിയ അപകടമായിരുന്നു. കല്യാണത്തിന്റെ തലേദിവസം. സ്‌നേഹിതന്‌ സ്‌കൂട്ടർ അപകടം. മുട്ടിനു ഫ്രാക്‌ചർ, കൈക്കു ക്ഷതം, ശരീരത്തിൽ മുറിവ്‌, ആശുപത്രിയിൽ കൈയും കാലും ശരീരവുമടച്ചു കെട്ടി തൂക്കിയിട്ട മട്ടിൽ നിരാലംബനായി കിടക്കുന്ന സ്‌നേഹിതനെ സന്ദർശിക്കാൻ ചെന്നപ്പോൾ സ്‌നേഹിതന്‌ ആകെ ശരിക്കുപയോഗിക്കാവുന്ന അവയവം നാക്കായിരുന്നു. സ്‌നേഹിതൻ പറഞ്ഞു.

എന്റെ ബാബു, ദാ, ഇപ്പോൾ അവിടെ കല്യാണമുഹൂർത്തമാ. എടാ, ഞാൻ ചെന്നില്ലെങ്കിൽ അദ്ദേഹത്തിന്‌ എന്തു തോന്നും? ശ്ശെ! മോശമായിപ്പോയി.

ശരീരത്തേക്കാൾ പാവം, മനസ്സിന്റെ വേദന നിയന്ത്രിക്കാനാവാതെ ദുഃഖിതനായി.

സദ്യ കഴിഞ്ഞ്‌ യാത്രപറയുമ്പോൾ, കുറുപ്പ്‌സാറ്‌ രാമകൃഷ്‌ണനോട്‌ വിവരിച്ചു.

നമ്മുടെ പുത്തൂർമഠത്തിലെ സ്വാമിയെ രാമകൃഷ്‌ണന്‌ ഓർമ്മയുണ്ടോ? ആ സ്വാമിയുടെ മകൻ മുത്തുമണി മിടുക്കനാണ്‌. സി.എ.യും ഒക്കെ പാസായി ഇവിടുണ്ട്‌. സ്വന്തമായി ഇൻഡസ്‌ട്രി തുടങ്ങിയിരിക്കുകയാ. നല്ല ജോലിയുണ്ടായിരുന്നു. അതു കളഞ്ഞിട്ടാണെങ്കിലും പയ്യൻ ധൈര്യമായിട്ടിറങ്ങി. അയാളെയും ഒന്നു കണ്ടിട്ട്‌ വൈകിട്ടത്തെ ബസ്സിനു മടങ്ങണം.

രാമകൃഷ്‌ണൻ സാറിനെ തൊഴുതു.

എനിക്ക്‌ നല്ല ഒരു ചാർട്ടേഡ്‌ അക്കൗണ്ടിനെ വേണമായിരുന്നു, സേർ. വിശ്വസ്‌തൻ, നമ്മുടെ നാട്ടുകാരിലും ഇപ്പോൾ സി.എ.ക്കാരുണ്ടെന്ന്‌ ഞാനറിഞ്ഞില്ല. സാറ്‌ ആ കൊച്ചുസ്വാമിയുടെ അഡ്രസ്സ്‌ ഒന്നു തരൂ. ഞാൻ ഒരാഴ്‌ച ഇവിടെ നാട്ടിലുണ്ടാകും. അല്ലെങ്കിൽ വേണ്ട, ഞാനിവിടെ ഹോട്ടലിൽത്തന്നെയാണു താമസം. എന്നെ ഒന്നുവന്ന്‌ കാണാൻ പറയൂ.

ഹോട്ടലിന്റെ പേര്‌ പറഞ്ഞു.

ടി.ഡി.എം.ഹാളിലെ ചടങ്ങുകൾക്കുശേഷം തേടിപ്പിടിച്ച്‌ അമ്പിയുടെ ഓഫീസ്‌ കം റസിഡൻസ്‌ ലോഡ്‌ജിലെത്തിയപ്പോൾ കുറുപ്പുസാറിന്‌ നിരാശ തോന്നി.

ഇതാണോ ഓഫീസ്‌! ശ്ശെ!

ഭവാനിടീച്ചറുടെ പേരിലുണ്ടായിരുന്ന ഫിക്‌സഡ്‌ ഡെപ്പൊസിറ്റ്‌ കാലാവധി തീർന്നു പിന്നെയും നാല്‌പത്തിയാറു ദിവസത്തിനു കൂടി നീട്ടി. ആ തീയതിയും അടുത്തു. ഇനി അമ്പിയോട്‌ കൃത്യമായി ചോദിക്കാം. എന്താണ്‌ ചെയ്യേണ്ടത്‌? എന്നുകൂടി ഉദ്ദേശ്യമുണ്ടായിരുന്നു ഈ വരവിന്‌. പക്ഷേ, അമ്പിയുടെ ഓഫീസും അന്തരീക്ഷവും കണ്ടപ്പോൾ പണത്തിന്റെ കാര്യം മിണ്ടാതിരിക്കുകയാണ്‌ ബുദ്ധി എന്ന്‌ കുറുപ്പുസാർ തീർച്ചപ്പെടുത്തി.

അമ്പി, ഇവിടെയടുത്ത്‌ വലിയ ഒരു ഫാക്‌ടറി മേടിച്ചെന്നും ഉടനെ അവിടെ പ്രവർത്തനം തുടങ്ങുമെന്നും നാട്ടിലൊക്കെ പരസ്യമായിക്കഴിഞ്ഞു. എവിടെയാ ഫാക്‌ടറി? പിന്നെ ഓഫീസ്‌ ഇവിടെ വച്ചിരിക്കുന്നത്‌…?

അമ്പി പറഞ്ഞു.

ഫാക്‌ടറി വാടകയ്‌ക്ക്‌ എടുക്കുകയാണ്‌. മറ്റു പ്രവർത്തനങ്ങൾ നടക്കുന്നതേയുളളൂ. കമ്പനി രജിസ്‌റ്റർ ചെയ്യുന്നതുമുതൽ പണികൾ തുടങ്ങാനിരിക്കുന്നതേയുളളൂ. പിന്നെ പണവും ശരിയാകേണ്ടേ?

കുറുപ്പുസാറിന്‌ തന്നെ അമ്പി മനഃപൂർവം കബളിപ്പിച്ച മട്ട്‌. ഇത്രയും ചെറിയ ഓഫീസും വാടകയ്‌ക്കൊരു ഫാക്‌ടറിക്കെട്ടിടവുമായിരുന്നെങ്കിൽ അമ്പിയുടെ അപ്പാവ്‌ എന്നും വൈകിട്ട്‌ അമ്പലപ്പറമ്പിൽ നിന്ന്‌ മകന്റെ ഇൻഡസ്‌ട്രിയെക്കുറിച്ച്‌ ഖ്യാതി അടിക്കേണ്ട കാര്യമൊന്നുമില്ല. അപ്പാവിന്റെ പ്രസംഗം കേട്ടാൽ തോന്നും, മകൻ ടാറ്റായായി മാറിക്കഴിഞ്ഞെന്ന്‌.

അമ്പിയെ രാമകൃഷ്‌ണന്റെ വിസിറ്റിംഗ്‌ കാർഡ്‌ കാട്ടി. അമ്പിയെ കാണാൻ അയാൾ ആഗ്രഹിക്കുന്ന കാര്യവും പറഞ്ഞു.

സാറിന്‌ കാപ്പിവരുത്തിക്കൊടുത്തു.

സാറ്‌ ഓമനയുമായി നാട്ടുവർത്തമാനങ്ങൾ പറഞ്ഞു. അമ്പിയും അമ്പിയുടെ ഫാക്‌ടറിയും നാട്ടിന്‌ അഭിമാനമായിമാറിയിരിക്കുകയാണെന്ന്‌ ആവർത്തിച്ചു.

പോകാനിറങ്ങിയപ്പോൾ അമ്പി പണത്തിന്റെ കാര്യം സൂചിപ്പിച്ചു.

ഏതു രൂപ?

അന്ന്‌ സാറ്‌ പറഞ്ഞില്ലേ, ടീച്ചറുടെ ഫിക്‌സഡ്‌ ഡെപ്പോസിറ്റ്‌ മെച്വർ ആകുമ്പോൾ ആ പണം ഏതെങ്കിലും കമ്പനിയിൽ നിക്ഷേപിക്കുന്ന കാര്യം.

ഓ, അതോ! അത്‌ ശരിയായില്ല. അതു നമ്മുടെ തൊട്ടുതാഴെയുളള സ്ഥലം മേടിക്കാനായിട്ട്‌ അഡ്വാൻസ്‌കൊടുത്തു.

അമ്പി പറഞ്ഞു.

സാരമില്ല.

എറണാകുളത്ത്‌ നിന്നു ബസ്സിലിരുന്ന്‌ കുറുപ്പുസാർ ആലോചിച്ചതും, സന്ധ്യകഴിഞ്ഞ്‌ വീട്ടിലെത്തി, കഴിഞ്ഞ പകലിലെ ഓരോ നിമിഷത്തിന്റെയും ദൃക്‌സാക്ഷിവിവരണം ഭവാനിടീച്ചറോടു പതിവുരീതിയിൽ പറഞ്ഞുകേൾപ്പിച്ചുകഴിഞ്ഞ്‌ അത്ഭുതപ്പെട്ടതും ഒരേ പോയിന്റിനെക്കുറിച്ച്‌ ആയിരുന്നു. പഠിക്കാൻ മിടുമിടുക്കനായിരുന്ന അമ്പി; പഠിത്തത്തിൽ ഏറ്റവും ഉഴപ്പനായിരുന്ന രാമകൃഷ്‌ണൻ. ഇവർ രണ്ടുപേരും ചെന്നെത്തിയത്‌ ബിസിനസ്സിൽ. എന്നിട്ടെന്തേ, രാമകൃഷ്‌ണന്റെ അയൽപക്കത്തുപോലും അമ്പിക്കെത്താൻ പറ്റാത്തത്‌?

ഭവാനിടീച്ചർ പറഞ്ഞുഃ

എനിക്കു തോന്നുന്നത്‌ ഈ ബിസിനസ്സിലും വ്യവസായത്തിലും ഒക്കെ വേണ്ടത്‌ ധൈര്യമാണെന്നാണ്‌. അറിവും ബുദ്ധിയുമല്ല പ്രധാനം. ഒരു കഥ കേട്ടിട്ടില്ലേ? രാജാവിന്റെ ഉദ്യാനത്തിൽ ഒരു സിംഹം വന്നുകയറി. സിംഹത്തെ കൊല്ലണം. ആരാണതിനു തയ്യാർ? ഉദ്യാനത്തിലിറങ്ങി സിംഹത്തെ നേരിട്ടാലേ കൊല്ലാൻ പറ്റൂ. രാജാവ്‌ വിളംബരം ചെയ്‌തു. സിംഹത്തിനെ കൊല്ലുന്നവന്‌ രാജ്യത്തിന്റെ പകുതിയും നൽകും. ആരും മുന്നോട്ടുവന്നില്ല. എല്ലാവരും ബുദ്ധി ഉപയോഗിച്ച്‌ മാർഗ്ഗങ്ങൾ ആരാഞ്ഞു. യാതൊരു പഴുതുമില്ലാതെ പൂർണ്ണവിജയത്തിലെത്തിക്കാവുന്ന ഒരു മാർഗ്ഗവും അവർക്ക്‌ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അവസാനം കോടാലിയും തോളിൽവച്ച്‌ പാട്ടുപാടിനടക്കുന്ന ഗ്രാമീണൻ രാജാവിന്റെയടുത്തുചെന്നു പറഞ്ഞു. ഞാൻ സിംഹത്തെ കൊല്ലാം, തിരുമേനീ. മഠയനാണെങ്കിലും തന്റെ പ്രജയായ ഈ പാവത്തിനെ സിംഹത്തിനു ഭക്ഷണമായി കൊടുക്കാൻ അദ്ദേഹത്തിന്‌ മനസ്സുവന്നില്ല. രാജാവ്‌, സിംഹത്തെ നേരിടുമ്പോഴുണ്ടാകുന്ന അപകടങ്ങൾ വർണ്ണിച്ച്‌ അയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അയാൾക്കൊന്നേ പറയാനുണ്ടായിരുന്നുളളൂ. രാജാവേ, അവിടുത്തേക്ക്‌ എന്താ ആവശ്യം? സിംഹത്തെ കൊല്ലണം. അല്ലേ? എന്റെ കൈയിൽ കോടാലിയുണ്ട്‌. സിംഹത്തിന്റെ കൈയിൽ കോടാലിയുണ്ടോ? ഇല്ല. രാജാവ്‌ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. അയാൾ കോടാലിയുമായി സിംഹത്തെ നേരിട്ടു.

എന്നിട്ട്‌? സിംഹത്തിനെ കൊന്നോ?

അയാളെപ്പോലെ പത്തുപേർ സിംഹത്തിനിരയാകും. പക്ഷേ, പതിനൊന്നാമൻ സിംഹത്തെ കൊല്ലും. പാതിരാജ്യത്തിന്റെ ഉടമയാകും. ബുദ്ധിയും ചിന്തയുമായി ഇരുന്നവർ ഉദ്യാനത്തിലേക്കിറങ്ങുകയേ ഇല്ല.

നീ പറയുന്നതിലും ശരിയുണ്ട്‌. രാമകൃഷ്‌ണൻ വിജയിച്ചിടത്ത്‌ മുത്തുമണിക്ക്‌ വിജയസാധ്യത കുറവാണ്‌.

രണ്ടു ദിവസത്തിനുശേഷം, അമ്പി രാമകൃഷ്‌ണനെ കാണാൻ ചെന്നപ്പോൾ രാമകൃഷ്‌ണൻ വളച്ചുകെട്ടില്ലാതെ പറഞ്ഞതും ഇതുതന്നെയായിരുന്നു.

അമ്പീ! അമ്പിയെ, ദാ, ഇത്രേമുളളപ്പോൾ ഞാൻ കണ്ടിട്ടേയുളളൂ. എങ്കിലും ഇപ്പോൾ കണ്ടപ്പോൾ നമ്മള്‌ സ്വന്തക്കാരാണെന്ന്‌ ഒരു തോന്നൽ. നാട്ടുകാരാണെന്ന്‌ ഒരു തോന്നൽ. നാട്ടുകാരു മാത്രമല്ല, ഒരു അമ്പലത്തിനേം, സ്‌കൂളിനേം, ആറ്റുകടവിനേംചുറ്റി വളർന്നവർ. നമ്മളൊക്കെ സ്വന്തക്കാരല്ലെങ്കിൽ പിന്നെയാരാ സ്വന്തക്കാർ? അതുകൊണ്ടു പറയുന്നതാ.

അമ്പിക്ക്‌ രാമകൃഷ്‌ണനെ ഇഷ്‌ടപ്പെട്ടു. തുറന്ന ചിരി. ആത്മാർത്ഥത നിറഞ്ഞ വാക്കുകൾ.

എന്റെ സ്വന്തക്കാരനായതുകൊണ്ടു പറയുകയാ. അമ്പിയെപ്പോലുളളവര്‌ സ്വന്തമായി ബിസിനസ്സും വ്യവസായവും നടത്താനിറങ്ങരുത്‌. നിങ്ങൾക്ക്‌ ബുദ്ധിയുണ്ട്‌. വരുംവരാഴികകളൊക്കെ ആലോചിക്കും. അപകടം നേരത്തേ കാണും. നിങ്ങൾക്ക്‌ പേടികൂടും. ഈ അറിവും പഠിത്തവും കൂടുന്തോറും പേടി കൂടിക്കൂടിവരും. ജീവിതത്തോടുതന്നെ പേടി. റിസ്‌ക്കെടുക്കുകയില്ല. വിസയില്ലാതെ, അല്ലെങ്കിൽ കളളവിസേല്‌ ഗൾഫിൽ പോകാൻ അമ്പിക്ക്‌ ധൈര്യം വരുമോ? ഇല്ല. കളളസർട്ടിഫിക്കറ്റ്‌ ഉണ്ടാക്കി എൻജിനീയറാകാൻ അമ്പിക്ക്‌ പറ്റുമോ? ഇല്ല. പക്ഷേ, എനിക്കുപറ്റും.

അമ്പി സമ്മതിച്ചു.

ശരിയാണ്‌; എനിക്ക്‌ ബസ്സിൽ കാലിയാണെങ്കിലും സ്‌ത്രീകൾക്കുളള സീറ്റിൽ ഇരിക്കാൻപോലും ഭയമാണ്‌.

രാമകൃഷ്‌ണൻ പറഞ്ഞുഃ

ഞാൻ ഒരു കാര്യംചെയ്യാം, അമ്പീ! ഞാൻ നാട്ടിൽ ബിസിനസ്സു തുടങ്ങാൻ പോകുകയാണ്‌. അമ്പി അതിന്റെ ഫൈനാൻസിന്റെ ചീഫ്‌. ദുബായിലെ റേറ്റിൽ ഇവിടെ രൂപയിൽ ശമ്പളം. എൻജിനീയറായി അമ്പിയുടെ കൂട്ടുകാരനെയും എടുക്കാം. എന്താ? സമ്മതമാണെങ്കിൽ ദാ, എന്നെ ബോംബെയിൽ അറിയിച്ചാൽ മതി.

അനവധി മടക്കുകളുളള വിസിറ്റിംഗ്‌ കാർഡുമായി മടങ്ങുമ്പോൾ, അമ്പിയുടെ മനസ്സിൽ ഒരാശയം പൊട്ടിമുളച്ചു. അത്‌ ബാബുവിനും ഇഷ്‌ടമായി.

പ്ലാനിൽ, രാമകൃഷ്‌ണനെക്കൊണ്ട്‌ നമ്മുടെ സംരംഭത്തിനു പണം മുടക്കിക്കുക. മറ്റു തരത്തിൽ മൂലധനത്തിനു പ്രശ്‌നം വരികയാണെങ്കിൽ.

Generated from archived content: privatelimited15.html Author: klm_novel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here