പതിനാല്‌

പ്രേമിച്ചിട്ടുണ്ടോ എന്നോ? മൈ ഗോഡ്‌? മെനി ടൈംസ്‌. എനിക്ക്‌ കൊച്ചിലേതന്നെ നേച്ചർ അങ്ങിനെയായിരുന്നു. ആൺകുട്ടികളെ സ്‌നേഹിതരും കാമുകരും ആയി അതിർ വരമ്പിട്ട്‌ നിർത്താൻ കഴിയുമായിരുന്നു.

ഇത്തവണ മൈ ഗോഡ്‌ എന്ന്‌ പറഞ്ഞത്‌ ബാബുവായിരുന്നു.

റിയലി?

ഞാനെന്തിനാ സാറിനോട്‌ കളളം പറയുന്നത്‌. സാറ്‌ ചോദിച്ചതുകൊണ്ട്‌ പറഞ്ഞു എന്നേയുളളൂ. ഞാൻ കുറെ കെട്ടിച്ചമച്ച്‌ കഷ്‌ടപ്പാടിന്റെയും കണ്ണീരിന്റേയും കഥ പറഞ്ഞാൽ സാറ്‌ അതിൽ വീണ്‌ എനിക്ക്‌ നൂറോ, അഞ്ഞൂറോ ശമ്പളം കൂട്ടിത്തരുമെന്ന്‌ വിശ്വസിക്കാൻ മാത്രം മഠയിയല്ല ഞാൻ. സാറിനെപ്പോലുളളവർക്ക്‌ നെല്ലും പതിരും തിരിച്ചറിയാനുളള കഴിവുണ്ടെന്ന്‌ എനിക്കറിയാം. അപ്പോൾപ്പിന്നെ ഞാനെന്തിനാ സാറെ കളളം പറയുന്നത്‌? ടെൽ മീ.

സൗമിത്ര ഡേ കണ്ണുചിമ്മി. കണ്ണു ചിമ്മിയപ്പോൾ ഒപ്പം പുഞ്ചിരിയുടെ മിന്നൽ. നുണക്കുഴി. ബാബു അസ്വസ്ഥനായി.

ബാബു രാവിലെ പതിനൊന്ന്‌ മണിക്ക്‌ കൈമൾസാറിന്റെ ഫാക്‌ടറിയിൽ എത്തിയതാണ്‌. അമ്പിയോട്‌ ഫാക്‌ടറിയിലേക്ക്‌ കൂടുതൽ വൈദ്യുതി ലഭിക്കാൻ മാർഗ്ഗമുണ്ടോയെന്ന്‌ അന്വേഷിക്കാൻ പോകുകയാണ്‌ എന്നാണ്‌ പറഞ്ഞത്‌. ഫാക്‌ടറിയുടെ ഏരിയായിലെ അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയറെക്കാണണം. പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കണമെങ്കിൽ അതിന്റെ ചെലവ്‌, കാലതാമസം എല്ലാം അന്വേഷിക്കാം.

എഞ്ചിനീയറെ കണ്ടു. പറഞ്ഞുവന്നപ്പോൾ അവർക്കിരുവർക്കും പല കോമൺ സ്‌നേഹിതരുമുണ്ടായിരുന്നു. അതുകൊണ്ട്‌ ഔദ്യോഗിക മുഖംമൂടി മാറ്റി എഞ്ചിനീയർ കാര്യം പറഞ്ഞുഃ

റൂളും നിയമവും പ്രകാരം ഇറ്റീസ്‌ ഇംപോസിബിൾ. പുതിയ വ്യവസായങ്ങൾക്ക്‌ വൈദ്യുതി നൽകാനുളള നിബന്ധനകൾ നിയമപ്രകാരം കടക്കാൻ ഞങ്ങൾക്ക്‌ വിഷമമാണ്‌. പിന്നെ ഗാർഹിക കണ ക്‌ഷൻ പുതുതായി കൊടുക്കാതിരിക്കാനൊക്കുകയില്ല. വൈദ്യുതി ഉത്‌പാദനം കുറഞ്ഞുവന്നാലും ഗാർഹികകണക്‌ഷനുകൾ എല്ലാ ദിവസവും പുതുതായി കൊടുത്തുകൊണ്ടിരിക്കും. അത്‌ നേരിട്ട്‌ ജനങ്ങളെ ബാധിക്കുന്നതല്ലേ? പിന്നെ വോട്ടും.

വ്യവസായിക്കാണെങ്കിൽ വോട്ടില്ലല്ലോ. അല്ലേ?

ഏതെങ്കിലും വ്യവസായിയുടെ കീഴ്‌ജീവനക്കാരോ തൊഴിലാളികളോ പോലും അവർക്ക്‌ ജോലി നൽകുന്ന വ്യവസായത്തിന്റെ നിലനിൽപ്പിനെയും വളർച്ചയേയും അടിസ്ഥാനമാക്കി വോട്ട്‌ ചെയ്യുമോ?

ഇല്ല.

വ്യവസായം നടത്തേണ്ടതും, അത്‌ വളർത്തേണ്ടതും വ്യവസായിയുടെ കടമയാണ്‌ എന്ന മട്ടാണ്‌ നമുക്കെല്ലാവർക്കും.

അപ്പോൾ?

ബാബുവിന്റെ ഫാക്‌ടറി തുടങ്ങി, അതിനാവശ്യമായ വൈദ്യുതി സംഘടിപ്പിക്കേണ്ട ചുമതല പൂർണ്ണമായും ബാബുവിനാണ്‌. ജനങ്ങൾക്കല്ല. ബാബുവിന്റെ വ്യവസായത്തിന്‌ വൈദ്യുതി ശരിയാക്കിക്കൊടുക്കാൻ മുൻകൈയെടുക്കുന്ന ഭരണകൂടമായിരിക്കണം നമുക്ക്‌ എന്ന്‌ ജനങ്ങൾ ചിന്തിക്കുകയേയില്ല. അവർക്ക്‌ പ്രധാനം വീട്ടിലെ കണക്‌ഷനാണ്‌, അതുകൊണ്ട്‌ വീടുകളിൽ വൈദ്യുതി കുറഞ്ഞ ചെലവിൽ നൽകാമെന്ന്‌ എല്ലാ പാർട്ടികളും പ്രകടനപത്രികയിൽ പറയുന്നു. അതായത്‌…..

താൻ തന്റെ വഴിനോക്കിക്കോ അല്ലേ? അതിരിക്കട്ടെ, കൈക്കൂലി…

കൈക്കൂലി ഇന്ന്‌ ഒരുമാതിരി അംഗീകരിച്ചു കഴിഞ്ഞ ഒരു ചെലവിനം അല്ലേ? പക്ഷേ, പരിചയം, സ്‌നേഹബന്ധങ്ങൾ, അന്യോന്യം സഹായിക്കുന്നതിനുളള സാഹചര്യം-ഇവ പലപ്പോഴും കൈക്കൂലിയെക്കാൾ ഇഫക്‌ടീവാണ്‌.

ലോക്കൽ രാഷ്‌ട്രീയക്കാർ….?

അതു അപകടമാണ്‌. പണ്ട്‌ അറബിക്കഥയിലെ കിഴവന്റെ കൂട്ടാകും. കഴുത്തിൽ നിന്നിറങ്ങുകയില്ല. കഴിവതും അവോയ്‌ഡ്‌ ചെയ്യുക.

രാഷ്‌ട്രീയക്കാരെ മാത്രമല്ല, സർക്കാരുദ്യോഗസ്ഥരേയും അല്ലേ?

ശരിയാണ്‌. പക്ഷേ താഴേക്കിടയിലുളളവരെ, രണ്ടു കൂട്ടരിലും, നക്കാപ്പിച്ച കൊടുത്ത്‌ സന്തോഷിപ്പിച്ചു നിർത്തിക്കൊളളണം. അല്ലെങ്കിൽ ചെറിയ ചെറിയ പിൻ പ്രിക്ക്‌സ്‌. നിങ്ങൾക്ക്‌ എപ്പോഴും അതിന്റെ പിറകേ നടക്കാനേ സമയം കാണു.

നന്ദി പറഞ്ഞ്‌ ഇറങ്ങി. പോരുമ്പോൾ എഞ്ചിനീയർ ഉപദേശിച്ചു. ഏതെങ്കിലും ഉന്നതനായ നേതാവിനെ ഡൽഹിയിൽ നിന്നായാലും മതി, അതില്ലെങ്കിൽ പ്രതിപക്ഷത്തിന്റെയായാൽ പോലും കുഴപ്പമില്ല, ഉന്നതനായിരിക്കണം. സമുന്നതർ. അയാളെക്കൊണ്ട്‌ ഒരു ടെലിഫോൺ- മതി ബാക്കി റൂളും നിയമവുമെല്ലാം താനെ ഉണ്ടായിക്കൊളളും.

തിരികെ വരുന്ന വഴി ഫാക്‌ടറിയിൽ കയറി.

കൈമള്‌സാറ്‌ സ്ഥലത്തില്ല. എറണാകുളത്തിന്‌ പോയിരിക്കുകയാണ്‌. കളക്‌ടറേറ്റിൽ യോഗം. ഇൻഡസ്‌ട്രിയെ സംബന്ധിച്ച്‌. എന്തോ പരിപാടിയാണ്‌. ഒരു മണികഴിയും വരാൻ. ചിലപ്പോൾ നാലുമണിയാകും.

ബാബുവിന്‌ സന്തോഷമാണുണ്ടായത്‌ എന്ന്‌ അത്ഭുതത്തോടെ ഓർത്തു. സൗമിത്രാ ഡേയുമായി അല്‌പനേരം സ്വൈരമായി വർത്തമാനം പറയാമല്ലോ. ഇപ്പോൾ പല പ്രാവശ്യമായി തമ്മിൽ കാണുന്നു. എന്തെങ്കിലും തമാശയായി, രണ്ടോ മൂന്നോ വാക്കുകൾ- അതിലേറെ അടുക്കാൻ ഇതുവരെ സൗകര്യം കിട്ടിയിട്ടില്ല.

കൈമള്‌സാറിനോട്‌ അത്യാവശ്യമായി ചിലത്‌ ഡിസ്‌ക്കസ്‌ ചെയ്യാനുണ്ടായിരുന്നു. എറണാകുളത്ത്‌ എവിടെക്കാണും?

കളക്‌ടറേറ്റിൽ പന്ത്രണ്ടുവരെ ഉണ്ടാകും. അതു കഴിഞ്ഞ്‌, എനിക്കറിഞ്ഞുകൂടാ.

ലഞ്ച്‌.

ഫ്രണ്ട്‌സ്‌ വല്ലവരും ഉണ്ടെങ്കിൽ അവിടെ എവിടെയെങ്കിലും ആകും. സാറ്‌ മിക്ക ക്ലബ്ബിലും മെമ്പറാ. അതുകൊണ്ട്‌ ലഞ്ച്‌ ക്ലബ്ബിലേ ആകുകയുളളൂ. ഹോട്ടലിലോ വീട്ടിലോ ആകുകയില്ല.

ഫ്രണ്ട്‌സിനെക്കണ്ടില്ലെങ്കിൽ?

ഇവിടെ വരും എങ്കിൽ ഒരു മണിയോടുകൂടി ഇവിടെയെത്തും.

സൗമിത്രയോട്‌ ഒന്നും കൃത്യമായി പറഞ്ഞിട്ടില്ലേ?

ഇല്ല.

ദെൻ ഐ വിൽ വെയിറ്റ്‌.

സൗമിത്ര ചിരിച്ചു. വെൽക്കം.

ബാബു പറഞ്ഞു.

എനിയ്‌ക്ക്‌ ഈ ഫാക്‌ടറടിയുടെ അടിസ്ഥാനപരമായ സൗകര്യങ്ങൾ ഡീറ്റയിലായിട്ട്‌ അറിയണം. യുകാൻ ഹെൽപ്പ്‌ മീ.

ഷുവർ. പറയൂ, സാറിന്‌ എന്താണറിയേണ്ടത്‌? വെളളം, വൈദ്യുതി, സ്‌റ്റോറേജ്‌, ലേബർ സൗകര്യങ്ങൾ, സെക്യൂരിറ്റി, കമ്മ്യൂണിക്കേഷൻസ്‌, മെഡിക്കൽ സൗകര്യങ്ങൾ, ക്വാർട്ടേഴ്‌സ്‌ ഇതെല്ലാം അന്ന്‌ സാറിന്‌ കോപ്പിതന്ന റിപ്പോർട്ടിൽ വിശദമായുണ്ടല്ലോ.

ബാബു ചിരിച്ചു.

ഈ സൗമിത്രാ ഡേ എന്ന പേര്‌ ശരിക്കും ഉളളതാണോ?

സൗമിത്ര ഇത്തരം ഒരു ചോദ്യം നേരത്തേതന്നെ പ്രതീക്ഷിച്ചിരുന്നു എന്നു തോന്നി. അവൾ ചിരിച്ചു.

എന്റെ പേര്‌ സുമിത്രാ ദേവി എന്നാണ്‌ അച്‌ഛനിട്ട പേര്‌. ഈ സൗമിത്ര ഡേ ഒരു സ്‌പെല്ലിംഗ്‌ മിസ്‌റ്റേക്ക്‌ ആണ്‌.

സ്‌പെല്ലിംഗ്‌ മിസ്‌റ്റേക്ക്‌?

അതെ.

ബാബുവിന്‌ വിസ്‌മയം തോന്നിയില്ല. തമാശ പറയാൻ സൗമിത്രയ്‌ക്ക്‌ കഴിവുണ്ടെന്ന്‌ താൻ നേരത്തേ കണ്ടുപിടിച്ചിട്ടുണ്ടല്ലോ.

ആരാ മിസ്‌റ്റേക്ക്‌ ചെയ്‌തത്‌?

എന്റെ ഹസ്‌ബൻഡ്‌.

ഹസ്‌ബൻഡോ? സൗമിത്ര, അല്ല, സുമിത്ര മാരീഡാണോ?

ആയിരുന്നു. ഞാനിപ്പോൾ ഡൈവോഴ്‌സിയാണ്‌.

മൈ ഗോഡ്‌! ഞാനറിഞ്ഞില്ല.

സാറ്‌ ചോദിച്ചില്ലല്ലോ.

ശരിയാണ്‌ ചോദിച്ചില്ല.

അന്തരീക്ഷത്തിന്‌ ആകെക്കൂടി മാറ്റം. പലതവണ കണ്ടു. സംസാരിച്ചു. ഏറ്റവും അടുപ്പമുളള മട്ടിൽ പെരുമാറി. എന്നിട്ടും സുപ്രധാനമായ ഈ കാര്യം എന്തേ അറിഞ്ഞില്ല? ദാസ്‌ അങ്കിൽ പറയുന്നത്‌ ശരിയാണ്‌. നിങ്ങൾ ഒറ്റത്തലമുറകൊണ്ടുതന്നെ മണ്ണിനോടുളള ബന്ധം വിടർത്തിക്കളഞ്ഞു. യൂറോപ്പിൽ നാലും, അഞ്ചും നൂറ്റാണ്ടുകൾക്കൊണ്ട്‌ സമൂഹത്തിൽ വന്ന മാറ്റം നിങ്ങൾ വെറും ഇരുപത്തഞ്ചു വർഷം കൊണ്ട്‌ ഇവടെ, നാട്ടിൽ, കേരളത്തിൽ വരുത്തിക്കഴിഞ്ഞു. ശരിയാണ്‌, ദാസ്‌ അങ്കിൾ ആരേ പരിചയപ്പെട്ടാലും ആദ്യം അന്വേഷിയ്‌ക്കുംഃ നാടേതാണ്‌? വീട്‌ എവിടെയാണ്‌? അച്‌ഛൻ, അമ്മ, സഹോദരങ്ങൾ, ബന്ധുക്കൾ. എന്തിന്‌? മിനിട്ടുകൾക്കകം ബാഹ്യമായ ഒരു കണ്ണി, ഇരുവരേയും തമ്മിൽ കൊളുത്താനായി കണ്ടുപിടിക്കും. ബാബുവിനെ പരിചയപ്പെട്ടാൽ ആദ്യം ചോദിക്കുന്ന ചോദ്യങ്ങളുടെ രീതി ഓർത്തു.

എവിടെയാ സ്ഥലം?

ചെന്നിത്തല.

ഓ, ചെന്നിത്തല, എനിക്കറിയാം, അമ്പലപ്പാട്ട്‌ ആശാൻ. അതെയതെ.

പിന്നെ അവിടൊരു സിദ്ധനുണ്ടായിരുന്നു. ഓർമ്മയുണ്ടോ? ഇപ്പോൾ? ങ്‌അഃ ഇപ്പോൾ ഒരു യുവനേതാവുമുണ്ടല്ലോ? രാഷ്‌ട്രീയത്തിൽ, അവിടെ നിന്ന്‌. പണ്ട്‌ ഞാനതിലേ ഒരിക്കൽ കടന്നുപോയിട്ടുണ്ട്‌. മാന്നാർ സ്‌ക്കൂൾ ഗ്രൗണ്ടിൽ, ഒരു ഫുട്‌ബോൾ ടൂർണമെന്റിന്‌. അച്ഛന്റെ പേര്‌?

മത്തായി.

മത്തായി? ഞാൻ അറിയുമല്ലോ. മത്തായി; ഓ!

ബാബുവിന്റെ അച്ഛൻ ദാസിന്റെ സ്‌നേഹിതനായതു നന്നായി. അല്ലെങ്കിൽ ഇവ്വിധം സ്‌നേഹിതനാക്കിയേനേ.

ദാസ്‌ അങ്കിൾ പറയുംഃ നിങ്ങൾക്ക്‌ ആരുടേയും പശ്ചാത്തലവും പൈതൃകവും അന്വേഷിക്കാൻ സാവകാശമില്ല.

ഒരു കണക്കിൽ അതു നല്ലതാണ്‌. പാരതന്ത്ര്യമില്ലല്ലോ. പക്ഷേ, പലപ്പോഴും അതിന്‌ ഒരു ചീത്ത വശം കൂടിയുണ്ട്‌. നമ്മുടെ ഏറ്റവും അടുത്ത്‌ പ്രവർത്തിക്കുന്ന ആളിനേക്കുറിച്ചുപോലും നമുക്കൊന്നും അറിയാൻ വയ്യ എന്നത്‌.. അങ്കിൾ, ആലോചിച്ചു നോക്കൂ.

ശരിയാണ്‌. പക്ഷേ, ഇന്നത്തെ സമൂഹത്തിൽ ജീവിതങ്ങളെല്ലാം സമാന്തരമായി ഒഴുകുകയാണ്‌. അന്യോന്യം കാണും എപ്പോഴും. പക്ഷേ, ഒരേ അകലത്തിൽ. അകലം കുറയുകയുമില്ല, കൂടുകയുമില്ല. അവ ഒന്നിച്ചാകുന്ന പ്രശ്‌നമേയില്ല. നമ്മൾ എന്നും കാണുന്ന ബസ്സിലെ കണ്ടക്‌ടർ, പോസ്‌റ്റുമാൻ, പത്രം ഏജന്റ്‌ ജോലിക്കാർ- എത്രയെത്ര വ്യക്തികൾ. നമ്മുടെ ജീവിതവുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്നവർ. ആരെയെങ്കിലും ഒരു വ്യക്തി എന്ന നിലയിൽ നാം അറിയുന്നുണ്ടോ?

എന്താ സാറ്‌ ആലോചിക്കുന്നത്‌, എന്ന്‌ സുമിത്ര ചോദിച്ചപ്പോഴാണ്‌ തിരികെ എത്തിയത്‌. ബാബു ചിരിച്ചു.

നമ്മുടെ ദാസ്‌ സാറില്ലേ, ബിർള അങ്കിൾ, അദ്ദേഹം പറയും. നമ്മുടെ തലമുറ ബന്ധങ്ങൾക്ക്‌ ഒരു പുതിയ രൂപം നൽകിയെന്ന്‌. ശരിയാണ്‌ എന്ന്‌ ഇപ്പോൾ മനസ്സിലായി. അതോർക്കുകയായിരുന്നു.

സുമിത്രയും ചിരിച്ചു.

ബാബു ചോദിച്ചു.

എന്തേ, ഡൈവോഴ്‌സ്‌ ആകാൻ? പഴ്‌സണൽ ആണ്‌ എങ്കില്‌, ചോദിക്കുന്നതിൽ തെറ്റുണ്ടെങ്കിൽ ഉത്തരം നൽകേണ്ട.

എന്ത്‌ തെറ്റ്‌? എനിക്ക്‌ അയാളെ ഇഷ്‌ടമല്ലായിരുന്നു. ഡൈവോഴ്‌സ്‌ ചെയ്‌തു.

ഇഷ്‌ടമല്ലായിരുന്നു?

അതെ.

പിന്നെ എന്തിന്‌ കല്യാണം കഴിച്ചു?

അത്‌… വലിയ കഥയാണ്‌; ബോറടിക്കും സാറിന്‌.

ഇല്ല പറയു.

ഞങ്ങൾ വടക്കേയിന്ത്യയിലായിരുന്നു. പെട്ടെന്ന്‌ അച്‌ഛൻ മരിച്ചു. അമ്മയും ഞാനും മാത്രം. ഞാൻ ഒറ്റമകളാണ്‌. ഇവിടെ നാട്ടിൽ വന്നു. എനിക്ക്‌ ജോലി കിട്ടി. കല്യാണം വേണം. ആൺതുണ. എനിക്കാണെങ്കിൽ ഒരുപാട്‌ സ്‌നേഹിതർ. ഞാൻ അമ്മയോട്‌ പറഞ്ഞു. അമ്മയ്‌ക്കിഷ്‌ടമുളളയാളെ തെരഞ്ഞെടുക്കൂ. ഞാൻ റെഡി. കല്യാണം നടന്നു. ആള്‌ മറ്റു കുഴപ്പമൊന്നുമില്ല. എനിക്കെന്തോ ഇഷ്‌ടപ്പെടാൻ പറ്റിയില്ല.

കല്യാണത്തിനു മുമ്പ്‌ നേരത്തേ തമ്മിൽ കണ്ടില്ലേ?

ഉം. അന്നേരം കുഴപ്പമില്ല എന്ന്‌ തോന്നി. ഇഷ്‌ടമൊന്നും ഉണ്ടായില്ല. എങ്കിലും ദേഷ്യം തോന്നിയില്ല.

എന്നിട്ട്‌?

എന്നിട്ടെന്താ? ഞാൻ കുറെ ശ്രമിച്ചു നോക്കി. ഇംപോസിബിൾ. അതുകൊണ്ട്‌ ഡൈവോഴ്‌സ്‌ ചെയ്‌തു.

അപ്പോഴാണ്‌ ബാബു ചോദിച്ചത്‌.

സുമിത്ര ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?

സുമിത്രയുടെ മറുപടി കേട്ട്‌ ബാബു തരിച്ചിരുന്നുപോയി.

ബാബു പറഞ്ഞു.

സോറി, കേട്ടോ, ഞാൻ പെട്ടെന്ന്‌ വല്ലാതായത്‌ മറ്റൊന്നും കൊണ്ടല്ല. ഞാനിപ്പോഴും ബേസിക്കലി, ഒരു നാടനാണ്‌. ഡൈവോഴ്‌സ്‌ എന്നൊക്കെ കേൾക്കുമ്പോൾ ആദ്യം ഒരു അമ്പരപ്പ്‌ ഉണ്ടാകും. സോറി.

അതിനെന്താ സാറെ, ഞാൻ സാറിന്റെ ഒരു എംപ്ലോയി അല്ലേ? എന്റെ പണി നന്നായാൽ സാറിനു തൃപ്‌തിയാകും. ഞാനെങ്ങിനെയാണ്‌ എന്നുളളത്‌ അപ്രധാനമാണ്‌. അല്ലേ? സാറിനു അത്തരം മേഡേൺ തിങ്കിംഗ്‌ ആണ്‌ എന്നെനിക്കറിയാം. അല്ലേ സേർ?

ആണെന്നോ അല്ലെന്നോ പറയാൻ ബാബുവിന്‌ ധൈര്യമില്ലായിരുന്നു.

Generated from archived content: privatelimited14.html Author: klm_novel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English