പതിമൂന്ന്‌

കൈമള്‌സാറിന്റെ ഫാക്‌ടറിയും പരിസരവും അഞ്ചുവർഷത്തെ പാട്ടത്തിന്‌ എടുക്കാൻ തീർച്ചപ്പെടുത്തി. മാസവാടക കൂടാതെ കൈമള്‌സാറിന്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയിൽ ഇരുപതു ശതമാനം ഓഹരിയും.

കൈമള്‌ സാറ്‌ പറഞ്ഞിരുന്നു.

ജന്റിൽമാൻസ്‌ വേർഡ്‌ഃ ഞാൻ കമ്പനിയുടെ ഒരു പ്രവർത്തനത്തിലും ഇടപെടുകയില്ല. അമേരിക്കൻ കമ്പനികളുടെ രീതിയുണ്ടല്ലോ. ഉടമസ്ഥൻ ഒരിക്കലും കമ്പനി നടത്തിപ്പിനെക്കുറിച്ചന്വേഷിക്കാത്ത സെറ്റപ്പ്‌. ഉടമസ്ഥൻ വേറെ, കമ്പനി നടത്തിപ്പുകാർ വേറെ. ആകെ കൂടി അന്വേഷിക്കുന്നത്‌, എന്താ തന്റെ ഓഹരിക്ക്‌ മാർക്കറ്റ്‌ വില സ്‌റ്റോക്ക്‌ വിപണിയിൽ കുറയുന്നത്‌? അല്ലെങ്കിൽ കൂടാത്തത്‌? അത്രമാത്രം. ഞാൻ അതുപോലും അന്വേഷിക്കുകയില്ല. ഇടയ്‌ക്കിടെ വരും. ഈ ചുറ്റുപാടും ഞാൻ നട്ട മരങ്ങളും ചെടികളും. അവയുമായി എനിക്കുളള ബന്ധം വിച്ഛേദിക്കാൻ മനസ്സുവരുന്നില്ല.

ബാബു തമാശയായി പറഞ്ഞു.

പണ്ട്‌ ദാസ്‌അങ്കിൾ ചെയ്‌തതുപോലെ ആഴ്‌ചതോറും പ്രോഗ്രസ്‌ റിപ്പോർട്ട്‌ അയയ്‌ക്കാൻ പറയാം. സൗമിത്ര ഡേയെ നമ്മുടെ കമ്പനിയിൽ ഏതായാലും എടുക്കുന്നുണ്ടല്ലോ. അവളുടെ പ്രധാന പണി അതായിക്കൊളളട്ടെ.

കൈമള്‌സാറ്‌ അപ്പോൾ മൂളിക്കേട്ടെങ്കിലും പിന്നീട്‌, തനിച്ചുകിട്ടിയപ്പോൾ ബാബുവിനോട്‌ പറഞ്ഞുഃ

സൗമിത്രയും എനിക്ക്‌ എന്റെ ചെടികളെപ്പോലെയാണ്‌. സൂക്ഷിച്ചുകൊളളണം.

ബാബു ഒന്നും മറുപടി പറഞ്ഞില്ല. കൈമള്‌സാറ്‌ സാധാരണയായി സംസാരിക്കുന്ന രീതിയിൽനിന്ന്‌ വിഭിന്നമായിട്ടായിരുന്നു ഈ താക്കീത്‌.

വെറും ചെടിയെപ്പോലല്ല. അവൾ ഈ ചുരുങ്ങിയ ജീവിതത്തിനിടയിൽത്തന്നെ നാലഞ്ചു മനുഷ്യായുസ്സുകൾക്ക്‌ നിറയ്‌ക്കാവുന്നത്ര വേദന അനുഭവിച്ചു കഴിഞ്ഞു. ഇനിയും അവൾക്കു വേണ്ടത്‌ അൽപം ആശ്വാസം, സന്തോഷം അതാണ്‌.

സാറ്‌ പറയുന്നത്‌ എനിക്കു മനസ്സിലായില്ല.

ഇഷ്‌ടം എപ്പോഴും വേദനയിലേ കലാശിക്കൂ എന്നില്ലേ? അതുകൊണ്ടു പറഞ്ഞതാണ്‌.

അതിനുശേഷം സൗമിത്രയെ കണ്ടപ്പോഴൊക്കെ ബാബുവിന്‌ കൈമള്‌ സാറിന്റെ വാക്കുകളുടെ അർത്ഥം എന്തായിരുന്നു എന്നായിരുന്നു ചിന്ത.

സൗമിത്രക്കും അത്ഭുതം തോന്നി. ബാബുവിന്റെ കളിയാക്കലുകളും തമാശയും അൽപം തെറിചേർത്തുളള സംസാരവും സൗമിത്രക്ക്‌ ഇഷ്‌ടമായിരുന്നു. പക്ഷേ, ഈയിടെയായി തന്നെ കാണുമ്പോൾ, എന്തോ, വല്ലാത്ത ഗൗരവം. എന്താ കാരണം, ഈ മാറ്റത്തിന്‌ എന്നറിയുവാൻ ആഗ്രഹം തോന്നി. പക്ഷേ, ചോദിച്ചില്ല. ആഗ്രഹം ഉളളിലടക്കി. വികാരങ്ങൾ പുറത്തുകാട്ടിയപ്പോഴൊക്കെ അപകടങ്ങളല്ലേ സംഭവിച്ചിട്ടുളളൂ ജീവിതത്തിൽ! ഇനിയും അത്‌ ആവർത്തിക്കരുത്‌.

മൂന്നു മാസത്തെ സമയമുണ്ട്‌, കൈമള്‌സാറ്‌ ഫാക്‌ടറിയുടെ സ്ഥലം കൈമാറാൻ. അതിനിടയ്‌​‍്‌ക്ക്‌ കമ്പനി രജിസ്‌റ്റർ ചെയ്യുക; എന്ത്‌ വ്യവസായമാണ്‌ തുടങ്ങേണ്ടത്‌ എന്ന്‌ തീരുമാനമെടുക്കുക; പണവും മെഷിനറിയും ജോലിക്കാരും, മാർക്കറ്റിംഗ്‌ സംവിധാനവും ശരിയാക്കുക. വളരെയേറെ പണിയുണ്ട്‌.

എല്ലാവരും തിരക്കിലായിരുന്നു.

ഓമനാനായർക്കായിരുന്നു കമ്പനിയുടെ പേര്‌ തെരഞ്ഞെടുക്കാനുളള ചുമതല കൊടുത്തിരുന്നത്‌. കമ്പനി രജിസ്‌റ്റർ ചെയ്യുവാനുളള അപേക്ഷ സമർപ്പിക്കുന്നതിലെ ആദ്യത്തെ പടി കമ്പനിയുടെ പേര്‌ അംഗീകരിപ്പിക്കുക എന്നതാണ്‌. പേരുകൾ, ഒന്നോ, അതിലധികമോ നാലെണ്ണം വരെ കണ്ടുപിടിച്ച്‌ കമ്പനി രജിസ്‌ട്രാർക്ക്‌ നൽകണം. അവിടെനിന്ന്‌ ആ പേരിന്‌ ക്ലിയറൻസ്‌ കിട്ടിയാലേ അടുത്ത പരിപാടികൾ തുടങ്ങാൻ പറ്റൂ. ഇവിടെ പല പ്രശ്‌നങ്ങളുമുണ്ട്‌. ലക്ഷക്കണക്കിന്‌ കമ്പനികൾ ഇന്ത്യയിൽ പ്രൈവറ്റ്‌ ലിമിറ്റഡായും പബ്ലിക്‌ ലിമിറ്റഡായും, രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. അവയിൽ പലതും പ്രവർത്തിക്കുന്നില്ലെങ്കിൽ പോലും അവ കമ്പനി രജിസ്‌ട്രാറുടെ കണക്കുകളിൽ ഉണ്ട്‌. അതുകൊണ്ട്‌ പുതുതായി ആരംഭിക്കുന്ന കമ്പനികൾക്കാണ്‌ കുഴപ്പം. തെരഞ്ഞെടുക്കുന്ന പേരിന്‌ ഇന്ത്യയിലെ രജിസ്‌റ്റർ ചെയ്‌തിട്ടുളള മറ്റൊരു കമ്പനിയുടേയും പേരുമായി സാമ്യം പാടില്ല. ഒന്നോ രണ്ടോ അക്ഷരങ്ങൾ മാറ്റിയാൽപോലും അത്‌ അനുവദനീയമല്ല. അതുമല്ല, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുളളതോ മഹാൻമാരുടെ പേരുമായി ബന്ധപ്പെട്ടതോ ആയ പേരുകളും കമ്പനി രജിസ്‌ട്രാർ തളളിക്കളയും. പണ്ടൊക്കെ പേരുകൾ ലഭിച്ചാൽ അത്‌ ഡൽഹിയിൽ പോയി അവിടെയുളള രജിസ്‌റ്ററിൽനിന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും ലഭിച്ചിട്ടുളള പേരുകളുമായി താരതമ്യപ്പെടുത്തി മാത്രമേ ക്ലിയറൻസ്‌ ലഭിക്കുമായിരുന്നുളളു. മൂന്നും നാലുംമാസം കാത്തിരുന്ന്‌ അവസാനം ലഭിക്കുന്ന മറുപടി താങ്കൾ സമർപ്പിച്ച നാലു പേരുകളും നേരത്തെ രജിസ്‌റ്റർ ചെയ്‌ത കമ്പനികളാണ്‌ എന്നതാകും. വീണ്ടും പേരിനു തെരച്ചിൽ. ഇപ്പോൾ കംപ്യൂട്ടറിൽ എളുപ്പം ചെക്കുചെയ്യുവാനുളള സംവിധാനമുണ്ട്‌. പേരുകൾ കൊടുത്താൽ ദിവസങ്ങൾക്കകം തന്നെ ഫലം അറിയാം.

ഓമനയ്‌ക്ക്‌ വീട്ടിൽ പോലും പുതിയ പേരുകളെ കുറിച്ചായിരുന്നു ചിന്ത. എന്നും നാലഞ്ചെണ്ണം കണ്ടു പിടിയ്‌ക്കും. പക്ഷേ ആഫീസിലെത്തിയാൽ അമ്പി ലിസ്‌റ്റ്‌ ഒന്ന്‌ കണ്ണോടിച്ചു പറയും.

ഓമനേ! ഇതെല്ലാം ഞാൻ നേരത്തെതന്നെ കേട്ടിട്ടുളള പേരുകളാണല്ലോ. ഓമന വീണ്ടും പേരുകൾ തേടി. ഗ്രീക്ക്‌, റോമൻ ദൈവങ്ങളുടെ പേരുകൾ- ജൂപ്പിറ്റർ, അപ്പോളോ, മാർസ്‌, മെർക്കുറി, നെപ്‌ട്യൂൺ, പ്ലേറ്റോ, ക്യൂപ്പിഡ്‌, ഈറോസ്‌, ഡയാന, അഥീന, മിനർവ, നൈക്‌, വീനസ്‌, വെസ്‌റ്റാ, എന്തിന്‌ സാറ്റൺ പോലും കമ്പനികളായി കഴിഞ്ഞിരുന്നു. ഇന്ത്യൻ ദൈവങ്ങളാണെങ്കിൽ ഗണപതി, സൂര്യാ, സോമ, വരുണ, വായു, അഗ്‌നി, ബുദ്ധ, കൽക്കി, കൃഷ്‌ണാ, വാമനാ, ജഗന്നാഥാ, ദുർഗാ, ഗൗരി, കാളി, ലക്ഷ്‌മി, പാർവതി, ഉമ, ഉഷ, സന്ധ്യാ, ഒരു രക്ഷയുമില്ല. ഷേക്‌സ്‌പിയറുടെ ശബ്‌ദവിജ്ഞാനകോശങ്ങളിൽനിന്നും വാക്കുകൾ അന്വേഷിച്ചു.

ഒരു പ്രഭാതം.

പത്തരമണിയായി.

ആഫീസ്‌ ഇപ്പോഴും ലോഡ്‌ജിലെ മുറിയിൽത്തന്നെയാണ്‌. ഓമനാ നായർ ടൈപ്പ്‌ റൈറ്ററിൽ നാലഞ്ചു പേരുകൾ അടിച്ച കടലാസിൽ നോക്കി ചിന്താമഗ്നയായി ഇരിക്കുകയായിരുന്നു. ആഫീസിൽ സാധാരണയായി അമ്പിയോ ബാബുവോ എപ്പോഴും കാണും. ഇന്ന്‌ പക്ഷേ, അമ്പി, രാവിലെ ബാങ്കിലേക്ക്‌ പോയി. ബാബു മോട്ടോർസൈക്കിളുമെടുത്ത്‌ കൈമള്‌ സാറിന്റെ ഫാക്‌ടറിയിലേക്ക്‌ പോയിരിക്കുകയാണ്‌. ബാലചന്ദ്രൻ വരുമ്പോൾ പതിനൊന്നുമണിയാകും. പത്തരമണിക്ക്‌ ഭക്ഷണവും കഴിച്ചിട്ടാണ്‌ ബാലചന്ദ്രൻ വരിക. ഉത്തരേന്ത്യൻ രീതിയാണ്‌. രണ്ടുനേരം ഭക്ഷണം. പ്രാതലില്ല. പത്തരയ്‌ക്കും, വൈകിട്ട്‌ ആറിനും. എ.പി.ദാസ്‌ വരുമ്പോൾ മൂന്നു മണിയാകും. ആറുമണിവരെ ആഫീസിലിരിക്കും. പിന്നെ ക്ലബ്ബിലേയ്‌ക്കു പോകും. ഒമ്പത്‌ പത്തുമണി. ഡ്രൈവറുണ്ട്‌. അതുകൊണ്ട്‌ രാത്രിയിൽ ഒരു ലാർജ്‌ കുടിച്ചാലും കുഴപ്പമില്ല. ഇപ്പോൾ ഒരു റിട്ടയേർഡ്‌ ലൈഫല്ലേ, എന്നു സമാധാനിക്കും.

പ്രവീൺമേനോൻ മുറിക്കകത്തു കയറി വന്നത്‌ ഓമന അറിഞ്ഞില്ല. തൊട്ടുമുന്നിൽ വന്ന്‌ നിന്ന്‌ ‘ഗുഡ്‌മോർണിംഗ്‌ എന്ന്‌ പറഞ്ഞപ്പോൾ ഓമന ഞെട്ടിപ്പോയി.

പ്രവീൺമേനോൻ പറഞ്ഞുഃ

എന്നെ ധ്യാനിച്ചുകൊണ്ടിരിക്കുകയായിരുന്നു അല്ലേ? ദാ, പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഈ ടെലിപ്പതി, ടെലിപ്പതി എന്ന്‌ വച്ചാൽ അറിയുമോ?

ഓമന ഗൗരവത്തിൽ അല്‌പം പുഞ്ചിരി കലർത്തി, ടൈപ്പ്‌റൈറ്റർ കീയിൽ വിരലമർത്തി.

പ്രവീൺമേനോൻ കസേര വലിച്ചിട്ട്‌ അടുത്തിരുന്നു.

ഞാൻ രാവിലെ എക്‌സ്‌ചേഞ്ചിലേക്കു പോകുന്നവഴിയാ. ഇതിലേ കടക്കുമ്പോൾ പെട്ടെന്ന്‌ ആരോ പിടിച്ചു വലിക്കുന്നതുപോലെ കാറ്‌ മുന്നോട്ട്‌ നീങ്ങുന്നില്ല. അവിടെയാണെങ്കിൽ നോ പാർക്കിംഗ്‌. പിന്നെ യൂടേണെടുത്ത്‌ ദാ, വണ്ടി ഇവിടെ താഴെ കൊണ്ടുവന്നിട്ടു. ആരോ എന്നെ ഇങ്ങോട്ടു വിളിക്കുന്നതുപോലെ ഒരു തോന്നൽ. ഓമന എന്നെ കുറിച്ച്‌ ഓർക്കുകയായിരുന്നോ?

ഓമന തലയാട്ടി. അവളുടെ വിരലുകൾ ഇതിനിടയിൽ ഒരു ലൈൻ അടിച്ചുകഴിഞ്ഞിരുന്നു.

പ്രവീൺ എഴുന്നേറ്റ്‌, സൈഡിൽ വന്ന്‌ എത്തിനോക്കി.

എന്തായിത്‌? പ്രവീൺ ഇൻഡസ്‌ട്രിയൽസ്‌?

എന്താ, നല്ല പേരല്ലേ?

പേര്‌ കൊളളാം. പക്ഷേ…

എന്താ പക്ഷേ?

ഇത്‌ കൽക്കത്തയിലോ, പാറ്റ്‌നയിലോ ലിസ്‌റ്റ്‌ ചെയ്‌തിട്ടുളള കമ്പനിയാണല്ലോ. എന്താ, ഓമന ഇതിൽ ഷെയറെടുത്തിട്ടുണ്ടോ?

അപ്പോൾ അതും പോയി.

ഏതെങ്കിലും കമ്പനിയുടെ പരസ്യം കണ്ടാലുടൻ അതിന്റെ ഷെയറെടുക്കാനായി പണം മുടക്കരുത്‌. ആദ്യം എന്നോടൊന്നു ചോദിക്കരുതായിരുന്നോ?

ഓമന ചിരിച്ചു.

അതല്ല, സാറെ! ഞാന്‌…

നോ നോ. എന്നെ സാറെന്ന്‌ വിളിക്കണ്ട. പ്രവീൺ; മിസ്‌റ്റർ പ്രവീൺ.

ഓമന പറഞ്ഞുഃ

സാറ്‌… അല്ല മിസ്‌റ്റർ പ്രവീൺ സാറ്‌…

പ്രവീൺമേനോൻ ചിരിച്ചു.

ഓമന ചിരിക്കുമ്പോൾ നല്ല ഭംഗിയുണ്ട്‌. പ്രത്യേകിച്ചും ആ കണ്ണുകൾ ഇടയ്‌ക്കൊന്നു ചിമ്മുക കൂടി ചെയ്യുമ്പോൾ. പ്രവീൺ ഓമനയുടെ ചിരിയെക്കുറിച്ച്‌ നല്ലതു രണ്ടു പറയാൻ വാചകം ആലോചിച്ചു.

പക്ഷേ, പറയാൻ പറ്റിയില്ല.

ഓമന ടൈപ്പ്‌റൈറ്ററിൽനിന്നും കടലാസ്‌ ഊരിയെടുത്തു കാട്ടി.

അഞ്ചു പേരുകൾ. ഒന്നും ശരിയാകുന്നില്ല. ഞാൻ സാറിനെ, അല്ല, മിസ്‌റ്റർ പ്രവീൺസാറിനെ കണ്ടപ്പോൾ, പ്രവീൺ ഇൻഡസ്‌ട്രിയൽസ്‌ എന്നാണെങ്കിൽ നല്ല പേരായിരിക്കും എന്ന്‌…

പ്രവീൺ കടലാസിലെ ടൈപ്പ്‌ ചെയ്‌ത അക്ഷരങ്ങളിലേക്കുതന്നെ സൂക്ഷിച്ചു നോക്കുകയായിരുന്നു. പത്തുനിമിഷം, പ്രവീൺ മെല്ലെ മുഖമുയർത്തി ഓമനയെ നോക്കി. പക്ഷേ എന്തോ, ഒരു വ്യത്യാസം. തന്റെ നേരെയാണു നോക്കുന്നതെങ്കിലും പ്രവീണിന്റെ ദൃഷ്‌ടികൾ മറ്റെവിടെയോ ആണ്‌, തീർച്ച. പ്രവീണിന്റെ മനസ്സിൽ മറ്റെന്തോ ആണ്‌ തീർച്ച. ഓമനക്ക്‌ ലേശം ഭയം തോന്നി. പ്രവീൺ മേനോൻ നോർമലല്ലേ? എന്താ ഇങ്ങനെ നോക്കുന്നത്‌! അതും ഈ ചിരി! ഓമനയ്‌ക്ക്‌ അല്‌പം മുമ്പ്‌ തോന്നിയിരുന്നു മുറിയിലേക്ക്‌ ആരും ഇപ്പോൾ വരരുതേയെന്ന്‌. പക്ഷേ ഇപ്പോൾ ആരെങ്കിലും ഉടൻ വരണേ എന്ന്‌ പ്രാർത്ഥിക്കാൻ ശ്രമിച്ചു.

അതിന്‌ സമയം കിട്ടിയില്ല.

ഒരു ഞൊടിയിടയിൽ എല്ലാം കഴിഞ്ഞു.

പ്രവീൺമേനോൻ കൈപ്പത്തികൊണ്ട്‌ ഓമനയുടെ കവിളിൽ തലോടി, താടിയ്‌ക്ക്‌ മെല്ലെ അമർത്തി പറഞ്ഞു.

യൂ ആർ ഗ്രേറ്റ്‌, ഗ്രാൻഡ്‌.

ഓമനയ്‌ക്ക്‌ പരിഭ്രമം അധികരിക്കുകയാണുണ്ടായത്‌. അവൾ തുറന്നു കിടക്കുന്ന കതകിലേക്കു നോക്കി. ആരും വരുന്ന ലക്ഷണമില്ല. പ്രവീൺ മേനോന്റെ ദൃഷ്‌ടികളിൽ തന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത ആവേശം.

പ്രവീൺമേനോൻ പറഞ്ഞു.

എന്റെ ഓമനേ! യൂ ആർ റിയലി ഗ്രേറ്റ്‌. ഓമന തന്ന ഈ ഐഡിയ കാരണം ഞാനിനി എത്ര രൂപയാ ഉണ്ടാക്കാൻ പോകുന്നതെന്നറിയാമോ? രൂപയല്ല. ഡോളർ, യെൻ, ലക്ഷങ്ങൾ. താങ്ക്യൂ. മൈ ഡിയർ ഗേൾ.

ഓമനയ്‌ക്ക്‌ ഒന്നും മനസ്സിലായില്ല.

പ്രവീൺ പറഞ്ഞു.

ഈ പണം ഉണ്ടാക്കുന്ന വിദ്യ ഓമനയ്‌ക്കറിയാമോ? ഇല്ല. അതെന്താണെന്നോ? പടിയെടുക്കുകയല്ല. ഐഡിയാ. നിമിഷം. ഏത്‌ പുതിയ ആശയം കിട്ടിയാലും ഏത്‌ സാധാരണ സംഭവം കണ്ടാലും അതിൽ പണം ഉണ്ടാക്കാൻ മാർഗ്ഗം. ഉടനെ അത്‌ തെരയണം. അതു കണ്ടുപിടിക്കാൻ ഒരു തരം ദൈവദത്തമായ കഴിവ്‌ വേണം. കഴിവുകൊണ്ട്‌ പിടിക്കുകമാത്രമല്ല, അത്‌ പ്രയോഗിക്കുകയും ചെയ്യുന്നവർ, അവരാണ്‌ പണം ഉണ്ടാക്കുന്നവർ. മനസ്സിലായോ?

ഇല്ല, എനിക്കൊന്നും മനസ്സിലായില്ല.

വേണ്ട, മനസ്സിലാക്കേണ്ട.

പ്രവീൺ കസേരയിൽ ചാരിയിരുന്ന്‌ എന്തൊക്കെയോ ആലോചിക്കുകയായിരുന്നു. ഓമനയെ ശ്രദ്ധിച്ചതേയില്ല. ഓമനയ്‌ക്ക്‌ അല്‌പം വിഷമം തോന്നി.

അല്‌പം കഴിഞ്ഞ്‌ ബാലചന്ദ്രൻ വന്നപ്പോഴാണ്‌ പ്രവീൺമേനോൻ തന്റെ വെളിപാട്‌ വിസ്‌തരിച്ചത്‌. അത്ഭുതത്തോടെ ഓമന എല്ലാം ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്നു.

ഞാൻ കുറച്ചുമുമ്പ്‌ ഇവിടെ വന്നപ്പോൾ ഓമന നമ്മുടെ പുതിയ കമ്പനിയുടെ പേരു കണ്ടുപിടിക്കാനുളള ശ്രമം നടത്തുകയായിരുന്നു. എന്നെ കണ്ടപ്പോൾ ഉടൻ ഒരു പേര്‌ ടൈപ്പുചെയ്യുകയും ചെയ്‌തു. പ്രവീൺ ഇൻഡസ്‌ട്രിയൽസ്‌. അപ്പോഴാണ്‌ എനിക്ക്‌ ഐഡിയ വന്നത്‌. എനിക്ക്‌ നൂറുശതമാനം ഷുവറാണ്‌. ക്ലിക്ക്‌ ചെയ്യും. പണം വരാൻ പോകുന്ന വഴി എനിക്കറിയാം. ഒരു സിക്‌സ്‌ത്ത്‌ സെൻസ്‌.

എന്താ വിദ്യ?

സിംപിൾ, ഇന്ത്യയിലേക്ക്‌ പുതിയ സാമ്പത്തിക വ്യാവസായിക നയങ്ങൾ കാരണം കമ്പനികൾ മുറയ്‌ക്ക്‌ വരാൻ തുടങ്ങും. സാങ്കേതിക വൈദഗ്‌ദ്യം ഇത്ര കുറഞ്ഞ വിലയ്‌ക്ക്‌ കിട്ടുന്ന ഒരു രാജ്യവും ലോകത്തില്ല. പിന്നെ മറ്റു അടിസ്ഥാന ഘടകങ്ങൾ. റോ മെറ്റീരിയൽസ്‌- കൽക്കരി, സ്‌റ്റീൽ, നല്ല കമ്മ്യൂണിക്കേഷൻസ്‌ സിസ്‌റ്റം. ഉറച്ച ഭരണകൂടം. ആധുനിക സുഖസമ്പത്തുക്കൾ തേടുന്ന ജനം. നാൽപതുകൊല്ലത്തിനകം ചൈനയേയും കടത്തിവെട്ടി ലോകത്തിലെ ഏറ്റവും ജനസംഖ്യയുളള രാഷ്‌ട്രമാകാൻ പോകുന്ന നാട്‌. ഇതിൽ കൂടുതൽ എന്തുവേണം?

ശരി അതുകൊണ്ട്‌?

നമ്മൾ പത്തുമുപ്പതു കമ്പനികൾ രജിസ്‌റ്റർ ചെയ്യുക. എല്ലാം ലോകത്തിലെ, ഇതുവരെ ഇന്ത്യയിൽ വിപണനം നടത്താത്ത കമ്പനികളുടെ പേരുകൾ ഉപയോഗിച്ച്‌. എന്താ? എന്നിട്ട്‌ ആ പേരുകളുടെ ട്രേഡ്‌മാർക്ക്‌ രജിസ്‌റ്റർ ചെയ്യുക. ഇന്ത്യയിൽ പിന്നെ ആ വിദേശക്കമ്പനികൾക്ക്‌ പ്രവർത്തനം നടത്തണമെങ്കിൽ, ആദ്യം നമ്മുടെ കമ്പനികൾ അവർ വിലയ്‌ക്കു വാങ്ങണം. നമുക്ക്‌ അപ്പോൾ കമ്പനി വില്‌ക്കാം. നല്ല വിലയ്‌ക്ക്‌. എന്നാൽ, ഏറ്റവും കുറഞ്ഞത്‌, എന്റെ കണക്കുകൂട്ടലിൽ, ഒരു കമ്പനിയുടെ ട്രേഡ്‌മാർക്കു രജിസ്‌റ്റർ ചെയ്‌തുകിട്ടാൻ നമ്മൾ പതിനായിരം രൂപ മുടക്കിയാൽ മതി. വിൽക്കാൻനേരം വില, ആകാശം മുട്ടെയായിരിക്കും. ഒന്നിന്‌ അഞ്ചുലക്ഷം ഒട്ടും കൂടുതലായിരിക്കുകയില്ല.

പത്തിരുപതു പേരുകൾ, അമേരിക്കയിലേയും ജപ്പാനിലേയും കൊറിയയിലേയും, ട്രേഡ്‌മാർക്ക്‌ പേരുകൾ, പ്രശസ്‌തമായവ, പ്രവീൺ ടൈപ്പുചെയ്‌ത കടലാസിൽ എഴുതി, ഓമനയുടെ കയ്യിൽ കൊടുത്തു.

പന്ത്രണ്ടു മണിയായി. ഞാൻ എക്‌സ്‌ചേഞ്ചിൽ പോയിട്ട്‌ വൈകിട്ട്‌ വരാം. ഓമന കുറെക്കൂടി പേരുകൾ കണ്ടു പിടിക്കൂ.

എന്നിട്ട്‌ കണ്ണിറുക്കി, പതുക്കെ പറഞ്ഞു.

നമ്മൾ ഇരുവരും ഇടയ്‌ക്കിടക്ക്‌ കണ്ടുമുട്ടിയാൽ ഇതുപോലെ ഐഡിയകൾ ഇനിയും വരും അല്ലേ?

ഓമന, ബാലചന്ദ്രൻ കേട്ടോ എന്നു ഭയപ്പെട്ടു.

Generated from archived content: privatelimited13.html Author: klm_novel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here