രാഷ്‌ട്രീയനേതാക്കന്മാർക്ക് അടുത്ത തെരഞ്ഞെടുപ്പും അതിൽ വിജയിക്കുമ്പോൾ തങ്ങൾക്കു നേതൃത്വം ലഭിച്ചിരിക്കണം എന്നതുമാണ് പ്രധാനം. അതിന് വിഘാതം വരാത്ത എന്തുതരം സഹായവും അവർ എപ്പോഴും ചെയ്യാൻ തയ്യാറാണ്. അതിൽകൂടുതൽ നമ്മൾ അവരിൽനിന്നും പ്രതീക്ഷിക്കരുത്.
ജനനേതാക്കളോ?
പാർലമെന്ററി ഡെമോക്രസിയിൽ ജനനേതാക്കൾ പുറന്തളളപ്പെടും. അല്ലെങ്കിൽ അത്രയധികം ഉയർന്ന വ്യക്തിത്വവും തന്റെ സ്വന്തം പ്രതിച്‌ഛായകൊണ്ടുമാത്രം ഭരണഭൂരിപക്ഷം നേടാൻ കഴിവുളള വ്യക്തിയുമായിരിക്കണം. അവിടെ തത്ത്വശാസ്‌ത്രവും രാഷ്‌ട്രീയപ്പാർട്ടിയും അപ്രസക്തമാണ്. ആ ജനനേതാവാണ് പ്രധാനം. അങ്ങിനെയുണ്ടെങ്കിൽ അദ്ദേഹത്തിന് ധൈര്യമായി, നമ്മെ സഹായിക്കാൻ പറ്റും. മറ്റുളളവരുടെ അഭിപ്രായം നോക്കേണ്ട. ചെപ്പടിവിദ്യപോലെ ജനക്ഷേമകരം എന്ന് തോന്നിക്കുന്ന മാജിക്കുകൾ കാണിക്കേണ്ട.
കൈമള് സാറ് പറയുന്നത് ശരിയാണ്.
ഞാൻ എന്റെ അനുഭവത്തിൽനിന്ന് പറയുന്നതാണ്. കഴിയുന്നതും രാഷ്‌ട്രീയനേതാക്കൻമാരിൽനിന്നും ഒഴിഞ്ഞുമാറിനിൽക്കുക. അവരിൽനിന്നു സഹായം കിട്ടിയേ തീരൂ എന്ന നില വരികയാണെങ്കിൽ, അവർക്കും ഞാൻ പറഞ്ഞ പാരതന്ത്ര്യം ഉണ്ടെന്ന് മനസ്സിലാക്കുക. എങ്കിൽ നിരാശ വരില്ല. പക്ഷേ, എന്റെ അഭിപ്രായത്തിൽ നിങ്ങൾക്ക് സ്വയം ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ഇത്തരം ബാഹ്യമായ സഹായങ്ങൾ തേടാതിരിക്കുകയാണ് ഉത്തമം.
കൈമള് സാറ് സ്വന്തം അനുഭവം വിവരിച്ചു.
പണ്ടാണ്, ഫാക്‌ടറി തുടങ്ങിയ സമയം. പലതരം പ്രശ്‌നങ്ങൾ. പ്രശ്‌നങ്ങൾ ചെറുതാണ്. പക്ഷേ, ഓരോന്നും അത്താഴം മുടക്കാൻ പറ്റിയത്. ഇതിനിടയ്‌ക്ക് ഈ ഫാക്‌ടറിയോടു ചേർന്നുളള കുറെ സ്ഥലം സർക്കാർവക ഭൂമിയാണ്. തരിശ്. നമ്മുടെ അതിരിനോട് ചേർന്നാണ്, ഫാക്‌ടറി വലുതാക്കാൻ എന്നെങ്കിലും ഉദ്ദേശമുണ്ടെങ്കിൽ ആ ഭൂമികൂടി കിട്ടിയേ പറ്റൂ. ഒരിക്കൽ മന്ത്രി ഇവിടം സന്ദർശിക്കാൻ വന്നു. മന്ത്രി തൊട്ടടുത്ത നിയോജകമണ്‌ഡലത്തിലെ എമ്മെല്ലേയാണ്. നേരത്തേ പരിചയമുണ്ട്. മുഖപരിചയം. മന്ത്രി നല്ലവനാണ്. വ്യക്തിപരമായി അഴിമതിക്കാരനേയല്ല. ഇലക്‌ഷൻ സമയത്ത് അയ്യായിരം രൂപാ പാർട്ടിക്ക് തെരഞ്ഞെടുപ്പുഫണ്ടിലേക്കു നല്‌കിയതും ചെക്കായി മതി എന്ന് പറഞ്ഞയാളാണ്. എതിർഗ്രൂപ്പിന് ചെക്കു വേണ്ട, കാഷ്‌മതി എന്നു പറഞ്ഞ സമയത്താണ് എന്നോർക്കണം. ചുരുക്കത്തിൽ നല്ലവൻ. നമ്മുടെ ഫാക്‌ടറി കണ്ട് എന്നെ അനുമോദിച്ചു. അദ്ദേഹംതന്നെ നിർദ്ദേശിച്ചതാണ്. കൈമള്‌സാറ് ഒരു ആപ്ലിക്കേഷൻ തരൂ. ഈ തൊട്ടുകിടക്കുന്ന ഭൂമിയും പൊന്നിൻവിലയ്‌ക്കു തരാൻ ഏർപ്പാടാക്കാം. വ്യവസായം കൂടുതൽ വലുതാക്കൂ. എന്നിട്ട് രഹസ്യമായി പറയുകയും ചെയ്‌തു. അടുത്ത തെരഞ്ഞെടുപ്പിന് ഞാൻ ഈ ഏരിയയിലേക്ക് മാറിയാലോ എന്ന് ചിന്തിക്കുന്നുണ്ട്. നിങ്ങളുടെയൊക്കെ സഹായം ആവശ്യമുണ്ട്. എനിക്ക് സന്തോഷമായി. ഞാൻ അപേക്ഷ കൊടുത്തു. പല ഡിപ്പാർട്ടുമെന്റുകളും ആഫീസുകളും കറങ്ങി, തിരിഞ്ഞ് മറിഞ്ഞ് അപേക്ഷ അവസാനം മന്ത്രിയുടെയടുത്തെത്തി. വെറും നാലുമാസം കൊണ്ട്. എനിക്കത്ഭുതം തോന്നി. നമ്മുടെ ബ്യൂറോക്രസി വേണമെന്ന് വച്ചാൽ അതിവേഗം തീരുമാനങ്ങളെടുക്കാനും കഴിയുന്നവരാണ്. പക്ഷേ എന്തുകൊണ്ടോ ഫയലിന്റെ നീക്കം നിലച്ചു. അഞ്ചാറാഴ്‌ചകളായി നീങ്ങിയില്ല. ഞാൻ കൂടുതൽ അന്വേഷിക്കാൻ പോയില്ല. ഇവിടെ ഫാക്‌ടറിയിലെ രണ്ടാമത്തെ സമരം തുടങ്ങുന്നതിന് അല്‌പം മുമ്പാണ്. ഞാൻ ആദ്യം നിർമ്മിച്ച ഒരു വലിയ മെഷിനറിക്ക് ട്രബിൾ. വാങ്ങിയ ആൾക്കാർ ആകെ പരിഭ്രമത്തിൽ. എന്റെ സാങ്കേതികമായ വിശ്വാസ്യതയ്‌ക്ക് കോട്ടംവന്നാൽ എല്ലാം കുഴയും. എത്രപണം ചെലവാക്കിയാലും. മെഷിനറി ശരിയാക്കാനായി ഞാനും എഞ്ചിനീയർമാരും രാവും പകലും പണിയെടുക്കുന്നു. ആകെ പ്രോബ്‌ളം. രണ്ടാമത്തെ മെഷീനറിയുടെ ഡെലിവറി ഡേറ്റ് അടുത്തു. സമരമുണ്ടായാൽ അത് പറഞ്ഞ തീയതിക്ക് കൊടുക്കാൻ പറ്റുകയില്ല. എനിക്ക് ശരിക്കും ഉറക്കമില്ല. അപ്പോഴാണ് ഒരു ടെലിഗ്രാം. മന്ത്രിയുടെ സെക്രട്ടേറിയേറ്റിൽനിന്ന്. തിങ്കളാഴ്‌ച ഉച്ചയ്‌ക്കു മൂന്നുമണിക്ക് താങ്കളുടെ അപേക്ഷയെക്കുറിച്ച് ചർച്ചയ്‌ക്കായി തിരുവനന്തപുരത്ത് എത്തണം. ശനിയാഴ്‌ചയാണ് കമ്പി കിട്ടിയത്. എനിക്ക് ഒരു നിമിഷംപോലും ഇവിടെ നിന്ന് മാറിനില്‌ക്കാനുളള ധൈര്യമില്ലായിരുന്നു. എങ്കിലും പോകാതിരിക്കാൻ പറ്റുമോ? മന്ത്രിക്ക് എന്റെ നൂറിരട്ടി തെരക്ക് കാണും. അന്നേയ്‌ക്കു വച്ചിരുന്ന തൊഴിലാളിയൂണിയനുകളുമായുളള ചർച്ച, ചൊവ്വാഴ്‌ചയ്‌ക്കു മാറ്റാമോ എന്നു ചോദിച്ചു. മന്ത്രിയുടെ പാർട്ടിയുടെ യൂണിയൻ സമ്മതിച്ചില്ല. ഒരു കൺസഷനെന്ന മട്ടിൽ അവസാനം വിട്ടുവീഴ്‌ച ചെയ്‌തു. തിരുവനന്തപുരത്തുനിന്നും രാത്രി ഒമ്പതിന് തിരിച്ചെത്താൻ പറ്റും, മന്ത്രിയുടെ അടുത്തുനിന്ന് മൂന്നുമണിക്കുളള മീറ്റിംഗ് കഴിഞ്ഞ ഉടൻ തിരികെപ്പോന്നാൽ മതി. തിങ്കളാഴ്‌ച രാത്രിയിൽ ചർച്ച. പത്തുമണിമുതൽ. ഞാൻ സമ്മതിച്ചു. വേറെ നിവൃത്തിയില്ലായിരുന്നു.
ഞാൻ രണ്ടുമണിക്ക് തിരുവനന്തപുരത്തെത്തി. കാറിലാണ് പോയത്. ഉടൻ തിരിച്ചെത്തണമല്ലോ. ഒരു ഹോട്ടലിൽ മുറിയെടുത്തു. ഫ്രഷ് ആയി മൂന്നടിക്കാൻ പത്തുമിനിട്ടുളളപ്പോൾ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയിലെത്തി. അയാൾക്കെന്നെ അറിയാം. ഞാൻ ഫോർമൽ ഡ്രസിലായിരുന്നു. സൂട്ടും ടൈയും, പിന്നെ കൈയിൽ ഈ സ്‌കീമിനെ സംബന്ധിച്ച എല്ലാ കടലാസുകളുമുളള ബ്രീഫ്‌കേസും. പ്രൈവറ്റ് സെക്രട്ടറി ചായ വരുത്തി. ലോഹ്യം പറഞ്ഞു. അദ്ദേഹം വിളിച്ചുപറഞ്ഞവരിൽ രണ്ടുപേർക്ക് ജോലിനൽകിയതിന് നന്ദി പറഞ്ഞു. മന്ത്രിക്ക് കുറച്ച് സന്ദർശകരുണ്ട്. ഇപ്പോൾ പോകും. മൂന്നുമണി എന്നു പറഞ്ഞാൽ, അല്‌പം താമസിച്ചാലും ഇനി സാറിന്റെയാണ് അടുത്ത അപ്പോയ്‌ന്റ്‌മെന്റ്. ഞാൻ കാത്തിരുന്നു. രാത്രിയിൽ തിരിച്ചെത്തിയിട്ട് ലേബറുമായി ചർച്ചയുണ്ട്. അക്കാര്യം സൂചിപ്പിച്ചു. പ്രൈവറ്റ് സെക്രട്ടറി സഹതാപപൂർവ്വം ചിരിച്ചു.
പത്തുമിനിട്ട്, ഇരുപതുമിനിട്ട്, അരമണിക്കൂർ. ഞാൻ അസ്വസ്ഥനായി. ഇതിനിടയിൽ പലരും അകത്തേക്ക് കയറുന്നുണ്ട്. തിരിച്ചുവരുന്നുമുണ്ട്. പ്രൈവറ്റ് സെക്രട്ടറിക്കാണെങ്കിൽ ഫോൺബെല്ലുകളുടെ ശബ്‌ദത്തിനിടയിൽ ഒന്നും ശ്രദ്ധിക്കാൻ സാവകാശമില്ല.
മൂന്നേമുക്കാലായപ്പോൾ ഞാൻ പറഞ്ഞു.
പ്ലീസ്, ഒന്നു നോക്കൂ. എനിക്ക്….
പ്രൈവറ്റ് സെക്രട്ടറി അകത്തേയ്‌ക്ക് പോയി.
അല്‌പം കഴിഞ്ഞ് തിരിച്ചുവന്നു.
മന്ത്രിക്കറിയുമോ ഞാൻ കാത്തിരിക്കുന്ന കാര്യം?
പ്രൈവറ്റ് സെക്രട്ടറി ചിരിച്ചു.
അറിയാം.
പിന്നെ?
അദ്ദേഹത്തിന്റെ നാട്ടുകാര് കുറച്ചുപേര് വന്നിട്ടുണ്ട്. അവർ പോയിക്കഴിഞ്ഞാൽ… ഉടൻ പോകും.
സ്വന്തം പാർട്ടിക്കാരായിരിക്കും.
പ്രൈവറ്റ് സെക്രട്ടറി വീണ്ടും ചിരിച്ചു.
നാലുമണി, നാലേകാൽ, ഇതിനിടയ്‌ക്ക് ചായയും പലഹാരങ്ങളും അകത്തേയ്‌ക്കു പോയി. എനിക്കും ഒരു ചായകൂടി കിട്ടി. ഇനി ചായ കുടിക്കഴിഞ്ഞേ വിളിക്കലുണ്ടാകുകയുളളൂ. ഞാൻ കാത്തിരുന്നു.
ചായക്കപ്പുകൾ തിരികെപ്പോയിട്ടും എന്നെ വിളിച്ചില്ല. പ്രൈവറ്റ് സെക്രട്ടറിയോട് ഞാൻ അപേക്ഷിച്ചു.
ഒന്നു പോയിനോക്കൂ.
അദ്ദേഹം അകത്തേക്കു കയറി, പെട്ടെന്ന് തിരിച്ചുവന്നു…
അല്‌പസമയം. ഉടൻ വിളിക്കാമെന്ന് പറഞ്ഞു.
ഞാൻ കാത്തിരുന്നു. ഇടയ്‌ക്കു ആഫീസ് ഫയലുകളുമായി പല ഉദ്യോഗസ്ഥരും ചേംബറിനകത്തേക്കു പോകുന്നു. വരുന്നു.
അഞ്ചുമണി അഞ്ചേകാൽ.
എനിക്ക് ദേഷ്യം വന്നു. ഞാൻ തിരിച്ചെത്തുമ്പോഴേക്കും മണി പത്തു കഴിയും. തീർച്ച. യൂണിയൻകാരാണെങ്കിൽ ഈ താമസത്തിന് മന്ത്രിയാണ് കാരണക്കാരനെന്നു പറഞ്ഞാൽ വിശ്വസിക്കുകയില്ല. സൂട്ടും ടൈയുംകാരണം വിയർപ്പ് കൂടുകയും ചെയ്യുന്നു.
അഞ്ചര കഴിഞ്ഞിട്ടും മന്ത്രി കനിയുന്ന മട്ട് കാണാഞ്ഞപ്പോൾ, എന്റെ ദൈന്യത കണ്ടാകണം പ്രൈവറ്റ് സെക്രട്ടറി പറഞ്ഞു.
സാറ് അകത്തേക്ക് കയറിച്ചെല്ല്. ഫയല് മേശപ്പുറത്തുതന്നെയുണ്ട്.
ഞാൻ നന്ദിപറഞ്ഞ് ചേംബറിന്റെ കതകുതുറന്നു.
വിശാലമായ മുറി. മന്ത്രിയുടെ അഭിമുഖമായി അഞ്ചുവരിയിൽ ഏഴെട്ടുകസേരകൾവീതം. ആദ്യത്തെ വരിയിലുളള കസേരകളിൽ ആരും ഇരിക്കുന്നില്ല. രണ്ടാമത്തെ വരിമുതൽ ആൾക്കാർ ഉണ്ട്. പ്രൈവറ്റ് സെക്രട്ടറി പറഞ്ഞ നാട്ടുകാരാണ്, എന്നു തീർച്ച.
മന്ത്രി ഗൗരവത്തിൽ ഒരു ഫയൽ നോക്കുകയാണ്. തൊട്ട സൈഡിലായി ഭവ്യതയോടെ ഒരു മധ്യവയസ്‌കൻ. ഏതോ അണ്ടർ സെക്രട്ടറിയോ, ഡെപ്യൂട്ടി സെക്രട്ടറിയോ ആണ്.
മന്ത്രി എന്നെ കണ്ടു എന്നു തീർച്ച. പക്ഷേ, അദ്ദേഹം മുഖമുയർത്തിയില്ല. കണ്ട ഭാവം നടിച്ചുമില്ല. കസേരയിലിരുന്ന നാട്ടുകാർ എന്നെ ശ്രദ്ധിച്ചു. ചിലർക്ക് എന്നെ മനസ്സിലായിട്ടുണ്ട്. അവർ അന്യോന്യം എന്തോ സ്വരം താഴ്‌ത്തിപറയുന്നുണ്ട്.
ഞാൻ കസേരകളുടെ മുൻവരിക്കടുത്തുചെന്നു നിന്നു.
മന്ത്രി മുഖമുയർത്തിയില്ല.
ഞാൻ അദ്ദേഹം അപ്പോൾ നോക്കിക്കൊണ്ടിരിക്കുന്ന ഫയൽ മടക്കുന്നതുവരെ കാത്തുനിന്നു. കൈയിൽ ബ്രീഫ്‌കേസുമായി, എല്ലാവരും ഇരിക്കുമ്പോൾ നിൽക്കുക. ഞാൻ സൂട്ടിലും ടൈയിലും. മറ്റുളള എല്ലാവരും സാധാരണ നാടൻ വേഷം. മന്ത്രിയുൾപ്പെടെ. ആകെ പാന്റ്‌സുകാരൻ, ആ ഉദ്യോഗസ്ഥൻ മാത്രമേയുളളൂ. അയാൾ എന്റെ നേരെ നോക്കാതെ അടുത്ത ഫയൽ തുറന്ന് മന്ത്രിയുടെ മുന്നിൽ വച്ചു.
ഞാൻ ഒന്നു ചുമച്ചു.
മന്ത്രി കേട്ടതായി ഭാവിച്ചില്ല.
എനിക്ക് സത്യത്തിൽ ദേഷ്യം വന്നു. എന്റെ പിന്നിൽ എന്റെ ഓരോ ചലനങ്ങളും സൂക്ഷ്‌മമായി വീക്ഷിച്ചുകൊണ്ട് ഇരിക്കുന്ന എന്റെ നാട്ടുകാരാണ്. ഞാൻ ദേഷ്യം അടക്കി.
രണ്ടുമൂന്നുമിനിട്ടുകൂടി ഞാൻ കാത്തു.
എന്നിട്ടു പറഞ്ഞു.
സേർ മേ ഐ…
ഞാൻ മുന്നിലെ കസേരയിൽ ഇരിക്കാൻ തുടങ്ങുകയായിരുന്നു. ബ്രീഫ്‌കേസ് മേശപ്പുറത്തു വച്ചു.
ഉടൻ മന്ത്രി തലയുയർത്തി.
ങ്‌ആ. മിസ്‌റ്റർ കൈമളല്ലേ! ഞാൻ പറഞ്ഞിരുന്നല്ലോ, സെക്രട്ടറിയോട്. വിളിക്കാമെന്ന്.
ഇരിക്കാൻ തുടങ്ങിയ ഞാൻ ഇരുന്നില്ല. എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ ഞാൻ കുഴങ്ങി.
പെട്ടെന്ന് മന്ത്രി മുന്നിലിരുന്ന നാട്ടുകാരെ നോക്കി പറഞ്ഞു.
അറിയില്ലേ, കൈമള്? അവിടെ ഫാക്‌ടറി തുടങ്ങിയിട്ടുണ്ട്. എങ്ങിനുണ്ട്, ഫാക്‌ടറി?
അവർ അന്യോന്യം നോക്കി കാണും. ചിലർ എന്തെങ്കിലും പറഞ്ഞേക്കും. എനിക്ക് ദേഷ്യം വന്നു.
മന്ത്രി എന്നോട് ഇരിക്കാൻ പറഞ്ഞില്ല.
അദ്ദേഹം പറഞ്ഞു.
ഫാക്‌ടറി വലുതാക്കണമെന്നും പറഞ്ഞാണ്. നമ്മുടെ നാടിന്റെ കാര്യമല്ലേ? ഈ കൈമളുടെ കുടുംബം, അറിയാമല്ലോ? പണ്ട് കൊല്ലും കൊലയും ഉണ്ടായിരുന്ന ആൾക്കാരാ? ഇയാളുടെ വല്യപ്പൂപ്പൻ പണ്ട്…
എനിക്കു ദേഷ്യം വന്നു.
സേർ, ഞാനിവിടെ വന്നത്… താങ്കൾ വിളിച്ചിട്ടാണ്. മൂന്നുമണിക്കായിരുന്നു ടൈം. ഇപ്പോൾ മണി അഞ്ചര കഴിഞ്ഞു… ഐ കാണ്ട്…
ഇംഗ്ലീഷിലായിരുന്നു വാക്കുകൾ. പെട്ടെന്ന് മന്ത്രി പറഞ്ഞു.
ഞാൻ തന്നെ വിളിക്കാമെന്ന് പറഞ്ഞതല്ലേ? ഞാനിവിടെ വളരെ തിരക്കിലാണ് എന്നു കണ്ടുകൂടെ? എന്റെ ഈ നാട്ടുകാർ….
എന്നിട്ട് അവരുടെ നേരെ നോക്കി ചിരിച്ചു.
ഈ കൈമളുടെ വല്യപ്പൂപ്പൻ പണ്ട്…
എനിക്ക് ശരിക്കും ദേഷ്യം വന്നു.
അറിയാതെ വാക്കുകൾ പുറത്തേക്കു ചാടി. ഇംഗ്ലീഷിലായിരുന്നു പറഞ്ഞത്.
മൂന്നു മണി മുതൽ കാത്തുനിൽക്കുകയാണ്. എനിക്കെന്താ വേറെ പണിയില്ലേ? എന്നിട്ട് നിങ്ങൾ ഇരിക്കാൻ പോലും പറയുന്നില്ല. എനിക്ക് നിങ്ങളുടെ ഔദാര്യമൊന്നും വേണ്ട. ഫാക്‌ടറിയും വേണ്ട, വികസനവും വേണ്ട. ഇതിലൊന്നും എന്റെ അപ്പൂപ്പൻ വരേണ്ട കാര്യവുമില്ല. ഇനി ജീവനുണ്ടെങ്കിൽ ഞാനീ കെട്ടിടത്തിന്റെ പടികടക്കുകയില്ല.
തിരിഞ്ഞുനോക്കാതെ ഞാൻ കതകു തളളിത്തുറന്ന് പുറത്തേക്കു വന്നു. രംഗം പ്രൈവറ്റ് സെക്രട്ടറി ഊഹിച്ചിരിക്കണം. അയാൾ എന്നെ സഹാതാപപൂർവം നോക്കി.
കഥ തീർന്നപ്പോൾ ബാലചന്ദ്രൻ ചോദിച്ചു.
എന്നിട്ട്?
എന്നിട്ടെന്താ, രാത്രി പതിനൊന്നുമണിക്ക് ഞാൻ തൊഴിലാളികളുമായി മീറ്റിംഗിലിരിക്കുമ്പോൾ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോൺവന്നു. ആ സ്ഥലം ഈ ഫാക്‌ടറിയുടെ വികസനത്തിനായി അലോട്ട് ചെയ്‌തിരിക്കുന്നുവെന്ന്. പുതിയ ഫാക്‌ടറിയുടെ തറക്കല്ലിടൽ എന്നാണെന്ന് നേരത്തെ അറിയിച്ചാൽ മന്ത്രിക്കു വരാൻ സന്തോഷമായിരിക്കുമെന്നും.
പിന്നെ, ആ പെരുമാറ്റം?
അദ്ദേഹത്തിന്റെ നിലനിൽപ്പ്. നാടകം. മുതലാളി പഴയ ബൂർഷ്വ. അയാളെ, ദാ നിങ്ങളുടെ പ്രതിനിധി വരയ്‌ക്കു നിർത്തിയിരിക്കുന്നു എന്ന് അവരെ ബോധ്യപ്പെടുത്തിയില്ലേ? പക്ഷേ, ആ മന്ത്രി ഇപ്പോൾ എന്റെ അടുത്ത സുഹൃത്താണ്. അയാള് പാർട്ടിയിൽനിന്നു തെറ്റി. സ്വന്തമായി പാർട്ടിയുണ്ടാക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു. ഇടയ്‌ക്കിടയ്‌ക്ക് എന്നെ കാണാൻ വരാറുണ്ട്.
സാറ് പിന്നെ സെക്രട്ടറിയേറ്റിൽ പോയിട്ടില്ലേ?
ഇല്ല. അന്ന് ഞാൻ തീർച്ചപ്പെടുത്തിയതാണ്. സർക്കാരും തൊഴിലാളികളും എത്രയും കുറച്ച് ഉപയോഗപ്പെടുന്ന വ്യവസായമേ ഇന്നത്തെ അന്തരീക്ഷത്തിൽ ഇവിടെ ജീവിക്കുകയുളളൂ.
ആ മന്ത്രി ഈ സ്ഥലം അലോട്ട് ചെയ്‌തതിന് എന്തെങ്കിലും…?
ഒന്നുമില്ല. അതല്ലേ രസം? അപൂർവ്വം ആൾക്കാരെ വ്യക്തിപരമായി അഴിമതിക്കാരാകൂ. ഇവരുടെ അഴിമതി, അടുത്ത തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയുളളതും അതിൽ ജയിച്ച് കൂടുതൽ ഉയർന്ന നേതാവാകുന്നതിനെച്ചൊല്ലിയുളളതും മാത്രമാണ്. അതു ശരിയായാൽ അവർ നാടിന്റെയും, നാട്ടുകാരുടെയും നന്മ മാത്രമേ കാംക്ഷിക്കുകയുളളൂ.
ബാലചന്ദ്രൻ ചിന്താമഗ്നനായിരുന്നു.
Generated from archived content: privatelimited12.html Author: klm_novel