കൈമളുടെ ഫാക്‌ടറി ലീസിനെടുക്കാം പത്തു കൊല്ലത്തേക്ക്, എന്നു നിർദ്ദേശിച്ചു. നിങ്ങൾക്കായതുകൊണ്ട് നാലഞ്ചുകൊല്ലത്തേക്ക്, അത്ര നിർബന്ധമുണ്ടെങ്കിൽ വാടകയ്‌ക്കുതരാം എന്നു വരെ കൈമൾ സമ്മതിച്ചു.
നിബന്ധനകൾ ഒന്നും കാര്യമായിട്ട് ഇല്ല. വാടക നമുക്ക് തീർച്ചപ്പെടുത്താവുന്നതേയുളളു. എന്താണുത്‌പാദനം നടത്തുന്നതെന്ന് ആദ്യം നിങ്ങൾ തീരുമാനിക്കുക. ഒരു സമയബന്ധിത പരിപാടി തയ്യാറാക്കുക. ഫാക്‌ടറിയിലെ ഇപ്പോഴുളള സൗകര്യങ്ങൾ പൂർണ്ണമായും ഉപയോഗിക്കാം. മെഷിനറികൾ ഉൾപ്പെടെ. അഞ്ചുകൊല്ലത്തിനകം, നിങ്ങൾ പച്ച പിടിച്ചു വരുന്നതനുസരിച്ച് പുതിയ സ്ഥലം കണ്ട് അവിടേക്ക് സാവധാനം പ്രവർത്തനങ്ങൾ മാറ്റൂ.
ബാലചന്ദ്രനായിരുന്നു ഏറ്റവും സന്തോഷം.
ഫാക്‌ടറി തുടങ്ങാൻ നമ്മൾ സ്ഥലം കണ്ടുപിടിക്കുമ്പോഴാണ് ആദ്യത്തെ നിരാശബോധം നമ്മളെ പിടികൂടുന്നത്. യാതൊരു പ്രകോപനുമില്ലാതെ, നാം ഒറ്റപ്പെടുന്നത്. ജോലിക്ക് എടുക്കേണ്ട ആൾക്കാരെ തീർച്ചപ്പെടുത്താൻ ബാഹ്യശക്തികൾ പ്രവേശിക്കുന്നത്. മണ്ണിന്റെ മക്കൾ, അതു കഴിഞ്ഞാൽ കെട്ടിടം പണിഞ്ഞവർ, കോൺട്രാക്‌ട് തൊഴിലാളികൾ… ഇവരിൽ കുറെ പേരെ എടുക്കാം. ഏതായാലും ജോലിക്ക് ആൾക്കാരെ നിയമിക്കണം. അപ്പോൾ നാട്ടുകാർ തന്നെ ആകുന്നതല്ലേ, നല്ലത്. ശരിയാണ്. പക്ഷേ, ഉടൻ രാഷ്‌ട്രീയം രംഗപ്രവേശം ചെയ്യും. ഇടതും വലതും നടുക്കുമുളള എല്ലാ രാഷ്‌ട്രീയപാർട്ടികൾക്കും ട്രേഡ് യൂണിയനുകളുണ്ട്. ജാതിപ്പാർട്ടികൾക്കും അവരുടെയൊക്കെ അനുപാതങ്ങൾ, ശക്തിപ്രദർശിപ്പിക്കൽ എല്ലാം നമ്മുടെ നേരെയാണ്. ഫാക്‌ടറി പ്രവർത്തനം തുടങ്ങാൻ സാങ്കേതികമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യേണ്ട സമയം, ഈ രാഷ്‌ട്രീയം തൊഴിലാക്കിയ ഛോട്ടാ നേതാക്കൻമാരുടെ പിന്നാലെ നടക്കേണ്ടിവരും.
ഏതായാലും അതൊഴിഞ്ഞു കിട്ടി.
ഭാഗ്യമുണ്ട്.
കൈമള്‌സാറ് ഫാക്‌ടറികെട്ടിടം വാടകയ്‌ക്കു നൽകുന്ന ദിവസം മുതൽ, ഫാക്‌ടറി പ്രവർത്തനം തുടങ്ങിയാലും ഇല്ലെങ്കിലും ഒരാളെ മാത്രം ജോലിക്കു വയ്‌ക്കണം.
ബാബു പറഞ്ഞുഃ
അതൊരു പ്രശ്‌നമേയല്ല, സാറെ. റിസപ്‌ഷനിസ്‌റ്റ് സൗമിത്രയുടെ കാര്യമല്ലെ? ഞങ്ങൾക്കും ഈ ചുറ്റുപാട് അറിയാവുന്ന ഒരു വ്യക്തി വേണം. പഴയതുമായി ഒരു കണ്ണി.
സൗമിത്രഡേ, ഒരു ബംഗാളിഡേയുടെ പുത്രിയാകാനാണ് സാധ്യത എന്നായിരുന്നു, ബാബു, അവളെ കണ്ട് പിരിഞ്ഞ രാത്രി, ഏറെ നേരം ആലോചിച്ചു തീർച്ചപ്പെടുത്തിയത്. ഒരു ബംഗാളിലുക്കുണ്ട് ആ പെണ്ണിന്, അല്ലേ, എന്ന് അമ്പിയോടു ചോദിക്കുകയും ചെയ്‌തു. അമ്പി ഒരു ബിസ്‌ക്കറ്റ് നിർമാണവ്യവസായശാലയുടെ പ്രോജക്‌റ്റ്‌റിപ്പോർട്ട് ശ്രദ്ധാപൂർവം പഠിക്കുകയായിരുന്നു. മരച്ചീനി അടിസ്ഥാനഘടകമാക്കി ബിസ്‌ക്കറ്റ്. മരച്ചീനിയാകുമ്പോൾ അസംസ്‌കൃത വസ്‌തുക്കൾക്ക് ബുദ്ധിമുട്ടുണ്ടാകുകയില്ല. പ്രോജക്‌ട് കുഴപ്പമില്ല. റിപ്പോർട്ട് രഹസ്യമായി വയ്‌ക്കാൻ നൽകിയ ബാങ്ക് മാനേജർ ഷെട്ടി പറഞ്ഞിരുന്നു.
വായിച്ചു നോക്ക്, നല്ല പ്രോജക്‌ടാണ്. ഈ ഫാക്‌ടറി വേണമെങ്കിൽ നിങ്ങൾക്കു വാങ്ങിക്കാം. ഇതിന്റെ പാർട്ടി ഇത് വിൽക്കാൻ തയ്യാറാണ്.
ഫാക്‌ടറി പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടേയുളളൂ. ആദ്യം ഉത്‌പാദനം പേരിനേ ഉണ്ടായിരുന്നുളളൂ. ഒരു മാതിരി സ്‌ട്രീംലൈൻ ചെയ്‌ത്, കഴിഞ്ഞ ഓണത്തിന് കെങ്കേമമായി ഒരു ലാഞ്ചിന് പരിപാടിയിട്ടതായിരുന്നു. ബിസ്‌ക്കറ്റുകൾ തയ്യാറായി. പരസ്യം പത്രത്തിൽ വന്നു. എല്ലാം റെഡി. പക്ഷേ, ബിസ്‌ക്കറ്റിന്റെ കൂടുകൾ അത്യാകർഷകമായി സംവിധാനം ചെയ്‌ത ലേബലുകൾ, കൃത്യസമയത്ത് എത്തിയിട്ടില്ല. ആദ്യം ശരിയായി അടിച്ചു വന്നതിൽ തെറ്റ്. എല്ലാം വീണ്ടും റീഡിസൈൻ ചെയ്യേണ്ടിവന്നു. അത് രണ്ടാമത് അടിക്കാൻ ഏൽപ്പിച്ച പ്രസ്സിൽ ഓണസമരം. സ്‌കാൻ ചെയ്‌ത നെഗറ്റീവുകൾ അകത്തായിപ്പോയി. എന്തിന്, കഷ്‌ടകാലം എന്നേ പറയാൻ പറ്റൂ. ഓണത്തിന് രണ്ടു ദിവസം മുമ്പാണ് പാക്കിംഗ് തുടങ്ങിയത്. ആകെ അപ്‌സറ്റ് ആയി. ലാഞ്ച് ഭീമമായ പരാജയമായി. ഓണത്തിന്റെയന്ന് പ്രൊപ്പ്രൈറ്റർക്ക് നെഞ്ചുവേദന. ചെറിയ ഹാർട്ട് അറ്റാക്ക്. ആൾ ആശുപത്രിയിലായി. കാര്യങ്ങൾ നോക്കാനാരുമില്ല.
വേണമെങ്കിൽ ഈ ഫാക്‌ടറി വാങ്ങാൻ ലാഭത്തിന് സൗകര്യമുണ്ടാക്കിത്തരാം.
ഷെട്ടിക്കെന്താ ഇതിൽ ഗുണം?
ഞങ്ങളുടെ ബാങ്ക്‌ലോണല്ലേ? അയാൾ ഇനി പഴയതുപോലെ ഊർജ്ജസ്വലനായി പ്രവർത്തിക്കുകയില്ല. അപ്പോൾ പിന്നെ, ഞങ്ങളുടെ ലോൺ പ്രശ്‌നമാകും.
അമ്പി പോജക്‌ട് പഠിക്കുകയായിരുന്നു. അതിനിടയിലാണ് ബാബുവിന്റെ ചോദ്യം.
എന്താ നീ ചോദിച്ചത്?
ആ പെണ്ണിന് ഒരു ബംഗാളിലുക്ക് ഉണ്ട്, അല്ലേ? ആ സൗമിത്രാ ഡേയ്‌ക്ക്.
ആർക്ക്? ആ സുമിത്രാദേവിക്കോ? ഉണ്ട് നന്നായിട്ടുണ്ട്. കണ്ണടച്ചു കിടന്നുറങ്ങ്, ശല്യമുണ്ടാക്കാതെ. ഞാനിതൊന്ന് തീർക്കട്ടെ.
പെട്ടെന്ന് ബാബുവിനു സംശയം തോന്നി.
സൗമിത്ര ഡേ, സുമിത്രാദേവി.
കൈമള്‌സാറ് സുമിത്രാദേവിയുടെ പേരിന് അല്‌പം ഗമ വരുത്തിയതാണെന്ന്, സുമിത്ര പിന്നീട് കാര്യങ്ങൾ പറഞ്ഞപ്പോഴേ ബാബു വിശ്വസിച്ചുളളൂ.
എങ്കിലും സുമിത്രയ്‌ക്ക് ഒരു ബംഗാളിലുക്കുണ്ട് എന്ന് പറയുകയും ചെയ്‌തു.
രണ്ടാമത്തെ നിബന്ധന കൈമൾ സൂചിപ്പിച്ചത്, പൂന്തോട്ടത്തെയും ചുറ്റുപാടും വച്ചു പിടിപ്പിച്ച മരങ്ങളെയും കുറിച്ചായിരുന്നു. വളരെ ലാളിച്ച് വളർത്തിക്കൊണ്ടുവന്നവയാണ്. എന്റെ കുഞ്ഞുങ്ങളെപ്പോലെയാണവ. അത് നശിപ്പിക്കരുത്.
എ.പി. ദാസിന് സന്തോഷമായി
കൈമള്‌സാറ് നോക്കിക്കോ. ഒരു കൊല്ലം. ഇവിടെ ഇനി വരുമ്പോൾ സാറ് തന്നെ അത്ഭുതപ്പെട്ടു പോകും. ഈ ലാൻഡ്‌സ്‌കേപിന് തന്നെ ഞാനൊരു മാറ്റം വരുത്തും. ഈ ചെടികളും മരങ്ങളും വളർത്തുന്നതിൽ ഞാനൊരു സ്‌പെഷ്യലിസ്‌റ്റായിരുന്നു. ബിർളായിൽ വച്ച്. സാറിനറിയാമോ?
അറിഞ്ഞുകൂടാ.
എന്നെ കൽക്കട്ടയ്‌ക്കു കൊണ്ടുപോകാൻ കാരണം തന്നെ അതായിരുന്നു.
കൈമളുമായി മൂന്നാം റൗണ്ട് ഡിസ്‌ക്കഷൻ നടത്താൻ എ.പി.ദാസും ബാബുവും കൂടി വന്നപ്പോഴായിരുന്നു ഈ കഥ പറഞ്ഞത്. കൈമളുടെ ചേംബറിൽ സൗമിത്രയും ഷോർട്ട് ഹാൻഡ് ബുക്കുമായി കാത്തിരുന്നു.
ബാബു സൗമിത്രയെ നോക്കി കണ്ണിറുക്കി. ഇനി കഥ കേൾക്കാൻ തയ്യാറായിക്കോ എന്ന മട്ടിൽ.
ദാസ് പറഞ്ഞു.
മധ്യേന്ത്യയിലെ ഒരു ചെറിയ പട്ടണം. അവിടെ ബിർളയുടെ ഒരു ഫാക്‌ടറിയുണ്ട്. ചില എൻജിനീയറിംഗ് ഉത്‌പന്നങ്ങളാണ് ഉണ്ടാക്കുന്നത്. റയിൽവേട്രാക്ക് ലൈനും, വളരെ ദൂരെയല്ലാതെ എപ്പോഴും വെളളം കിട്ടുന്ന നർമദയും. മറ്റു സൗകര്യങ്ങളൊന്നുമില്ല. ചെറിയ ഒരു എയർ സ്‌ട്രിപ്പുണ്ട്. അത്യാവശ്യം ഉപയോഗിക്കാവുന്നത്. പണ്ട്, രണ്ടാം ലോകമഹായുദ്ധകാലത്ത് നിർമിച്ചതാണ് അത്. ഒരു ആയുധശേഖരവും അത് കാത്തു സൂക്ഷിക്കുന്ന റെജിമെന്റും ഇവിടെയായിരുന്നു. ഇന്ത്യ സ്വതന്ത്രമായതിനുശേഷം എയർസ്‌ട്രിപ്പ് ഉപയോഗിക്കാതെയായി. ആയുധശേഖരം മാറ്റി. ബിർളാ ഇവിടെ ഫാക്‌ടറി തുടങ്ങിയപ്പോൾ ആദ്യം ശരിയാക്കിയത് എയർ സ്‌ട്രിപ്പാണ്. ഒരു ചെറിയ നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു പണ്ട് ആ പട്ടണം. രാജാവിന്റെ പഴയ കൂറ്റൻ കൊട്ടാരം ബിർളാ വിലയ്‌ക്കു വാങ്ങി. രാജാവ് സ്വിറ്റ്‌സർലാൻഡിന് പോയി. അവിടെവച്ചു മരിച്ചു. ഞാൻ ട്രാൻസ്‌ഫറായി. ആ കൊട്ടാരത്തിന്റെ ചുമതല എനിക്കായിരുന്നു. അന്നത് വി.ഐ.പി. ഗസ്‌റ്റ് ഹൗസാണ്. വെറും വി.ഐ.പി.യല്ല, വി.വി.ഐ.പി. സാധാരണ എം.എൽ.എ.മാർക്കും, എം.പി.മാർക്കുപോലും അവിടെ പ്രവേശനമില്ല. ഉയർന്ന ഉദ്യോഗസ്ഥന്മാർക്കുമില്ല. ബിർളയുടെ തന്നെ കുടുംബാംഗങ്ങൾക്ക്, അല്ലാതെ ഒന്നോ രണ്ടോ ഏറ്റവും തലപ്പത്തുളളവർക്ക്. പിന്നെ കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ആ ലെവലിൽ ഉളളവർക്ക്. ആണ്ടിൽ മൂന്നോ നാലോ അതിഥികൾ വന്നാലായി. അത്രമാത്രം. അവിടെ പരിസരം നിറയെ ചെടികളും വൃക്ഷങ്ങളുമായിരുന്നു. ഞാൻ അന്നാണതിന്റെയൊക്കെ പേരറിയുന്നതു തന്നെ. എനിക്ക് പ്രത്യേകമായി ഈ ചെടികളിൽ താല്‌പര്യമില്ലായിരുന്നു. പക്ഷേ, ഒരു ദിവസം…..
കൈമൾക്ക് എ.പി.ദാസിനെ ഇഷ്‌ടമായിരുന്നു. സാധാരണ ഗതിയിൽ ഇഷ്‌ടമാകേണ്ട കാര്യമില്ല. കൈമൾ ഡൽഹിയിലെയും ഇംഗ്ലണ്ടിലെയും ഹോളണ്ടിലെയും കാര്യങ്ങൾ പറയുമ്പോൾ ഡോളറുകളുടെ കണക്കുകൾ മില്യനിൽ വിളമ്പുമ്പോൾ എ.പി.ദാസ് അതിലും ഉയരത്തിൽ ബിർളയുമായി ബന്ധപ്പെടുത്തി കോടികളുടെ കണക്കുകൾ പറയും. പക്ഷേ, ബാബു ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അമ്പിയോട് പറയുകയും ചെയ്‌തു.
കൈമൾസാറ് ബുദ്ധിമാനാണ്. അവനവന്റെ അറിവിനെക്കാൾ, അറിവില്ലായ്‌മയെക്കുറിച്ച് ബോധമുളളവനാണ്. അങ്ങിനെയുളളവരാണ് ബിസിനസ് കാര്യങ്ങളിൽ വിജയിക്കാറ്. ദാസ് അങ്കിൾ നേരെ തിരിച്ചാണ്. അറിവില്ലായ്‌മയെ പരിഗണിക്കാതെ, അറിവിനെ മാത്രം പെരുപ്പിച്ച് കാട്ടുക. ഈ സ്വഭാവം കാരണം, ദാസ്‌അങ്കിൾ നിർദ്ദോഷിയും പാവവുമായ ഒരു എതിരാളിയായിരിക്കും തനിക്ക്, എന്ന് കൈമള്‌സാറിനറിയാം. അതായിരിക്കും ഇഷ്‌ടത്തിന് കാരണവും.
ബാബുവിന്റെ നിഗമനം ശരിയായിരുന്നു.
സൗമിത്രയും കൈമളും ആകാംക്ഷയോടെ കഥയിൽ മുഴുകി.
ദാസ് പറഞ്ഞുഃ
ഒരു ദിവസം ഞങ്ങളുടെ ടോപ്പ് ബോസ്, എന്നു പറഞ്ഞാൽ, എഞ്ചിനീയറിംഗ് സ്ഥാപനങ്ങളുടെയെല്ലാം ചീഫായ ബാബുജി സ്ഥലത്ത് വന്നു. ഫാക്‌ടറി തുടങ്ങിയിട്ട് ആദ്യമായാണ് അദ്ദേഹം അവിടെ വരുന്നത്. ആ സ്ഥലവും ഫാക്‌ടറിയും സന്ദർശിക്കുന്ന ബിർളാഗ്രൂപ്പിലെ ഏറ്റവും ഉന്നതനായ വ്യക്തിയായിരുന്നു ബാബുജി.
അപ്പോൾ ബിർളാകുടുംബത്തിലെ ആരും വരാറില്ലേ?
എന്തിന്? അവർക്ക് വേറെ എന്തൊക്കെ പണിയുണ്ട്. നൂറുക്കണക്കിന് ഫാക്‌ടറികൾ. ട്രസ്‌റ്റുകൾ. അമ്പലങ്ങൾ. ലോകത്തിലെല്ലായിടവും.
പിന്നെ, എങ്ങിനെ ഇത്രയും വലിയ സാമ്രാജ്യം…?
എല്ലാ ആഴ്‌ചയും എല്ലാ കമ്പനികളുടെയും സാമ്പത്തികനില കാണിക്കുന്ന ഒരു പ്രത്യേക റിപ്പോർട്ട് തയ്യാറാക്കിയിരിക്കും. അത് നോക്കിയാൽ മതി. രണ്ടു പേജ്. മാർവാടി അക്കൗണ്ടിംഗ് സിസ്‌റ്റത്തിലാണ്. എവിടെയാണ് തകരാറ്, എവിടെയാണ് മെച്ചം എന്നറിയാൻ പറ്റും. ഉടൻ ഓർഡർ വരും; അതു പോരേ?
ആ റിപ്പോർട്ടിൽ എന്തൊക്കെയുണ്ട്…?
എനിക്ക് കൃത്യമായി അറിഞ്ഞുകൂടാ… എങ്കിലും ചില കാര്യങ്ങൾ പ്രധാനമാണ്. ഒന്ന്, പ്രൊഡക്‌ഷൻ എഫിഷ്യൻസിയുടെ ശതമാനം. മെഷിനുകളുടെ ഉപയോഗം. പിന്നെ. സ്‌റ്റോക്ക്. അസംസ്‌കൃത സാധനമായാലും ഉത്‌പന്നമായാലും മിനിമം സ്‌റ്റോക്കേ കാണാവൂ. പിന്നെ ചരക്കു ഗതാഗതത്തിൽപ്പെട്ട സ്‌റ്റോക്കിന്റെ ശതമാനം. പലിശ നിരക്കുകളുടെ വ്യത്യാസങ്ങൾ വരുത്തുന്ന ലാഭ നഷ്‌ടം. വളരെ സിംപിൾ ആണ്. പക്ഷേ, ബിസിനസിന്റെ മർമ്മം. അതു മതി. അവർ എന്തിനാണ് ഫാക്‌ടറി കാണാൻ വരുന്നത്.
ശരി. എന്നിട്ട് ബാബുജി വന്നു.
അതെ.
ബാബുജിയുടെ വരവ് പ്രമാണിച്ച് വൈകിട്ട് ഫാക്‌ടറിയിലെ എല്ലാവർക്കും കുടുംബാംഗങ്ങൾക്കും സദ്യ ഉണ്ടായിരുന്നു. ബാബുജി തന്നെ സ്വന്തം കൈകൾ കൊണ്ട് ഒരു പന്തിയിൽ ലഡ്‌ഡു വിളമ്പി. എല്ലാം തീർന്നു സന്തുഷ്‌ടനായി കൊട്ടാരത്തിൽ വിശ്രമിക്കാൻ വന്നു. രാവിലെ ഒമ്പതിന് എയർസ്‌ട്രിപ്പിൽ കാത്തുകിടക്കുന്ന ചെറിയ ആവ്‌റോയിൽ നാഗപ്പൂരിലേക്കു പോകണം. അതിരാവിലെ കുളിച്ചു റെഡിയായി ഞാൻ ആറുമണിക്ക് കൊട്ടാരവളപ്പിൽ എത്തിയപ്പോൾ ബാബുജി മുറ്റത്ത് ഉലാത്തുകയാണ്. എന്നെ കണ്ടയുടൻ ചോദിച്ചു.
ദാസ് ബാബു, ഈ മാവ് എന്തു തരമാണ്?
മുറ്റത്തിനരികെ ഒരു വൃദ്ധമാവുണ്ട്. എനിക്കു സത്യത്തിൽ അറിഞ്ഞു കൂടായിരുന്നു. ഏതു തരം മാവാണെന്ന്. അതുകൊണ്ട് ഞാൻ മിണ്ടാതെ ഒപ്പം നടന്നു.
ബാബുജി രണ്ടു ചാൽ നടന്നു. എന്നിട്ട് മാവിലേക്ക് സൂക്ഷിച്ചു നോക്കി.
രജ്ജത് മാമ്പഴം എന്നു കേട്ടിട്ടുണ്ടോ?
ഞാൻ മൗനം.
ങാ അതാണിത്. വളരെ അപൂർവമായ മാമ്പഴമാണ്.
ഞാൻ തലയാട്ടി.
ബാബുജി രണ്ടു ചാൽകൂടി നടന്നു.
എന്നിട്ട് പിറകെ നടക്കുകയായിരുന്ന എന്റെ നേരെ തിരിഞ്ഞു.
ദാസ്‌ബാബു, എഴുതിക്കോളൂ.
ഞാനെപ്പോഴും ചെറിയ നോട്ട്‌ബുക്കും പേനയും പോക്കറ്റിൽ വച്ചിരിക്കും.
ഞാൻ ബുക്കെടുത്തു എഴുതി.
രജ്ജത് മാവ് പൂത്തു തുടങ്ങി. ഇപ്പോൾ പത്തിരുപതു കുലയേ ഉളളൂ. ഈ അമൂല്യമായ മാവ് സംരക്ഷിക്കേണ്ട ചുമതല ദാസ്‌ബാബുവിനായിരിക്കും. പൂക്കളും, അവയാകുമ്പോൾ കണ്ണിമാങ്ങയും നശിക്കാതിരിക്കാനായി വേണ്ട ഏർപ്പാടുകൾ ചെയ്യുക. മാങ്ങ വിളഞ്ഞ് പഴുത്താൽ, അതിന്റെ അണ്ടി സൂക്ഷിച്ച് പാകി വളർത്തി, അവ നമ്മുടെ ഇന്ത്യയിലെയും, വിദേശത്തേയും ഗസ്‌റ്റ്‌ഹൗസുകളിലും നടാൻ ഏർപ്പാടുചെയ്യുക. ഈ പരിപാടിയുടെ പ്രോഗ്രസ്സ് റിപ്പോർട്ട് എല്ലാ തിങ്കളാഴ്‌ചയും കമ്പി വഴി ഹെഡ്‌ക്വാർട്ടേഴ്‌സിൽ അറിയിക്കണം.
എന്നിട്ട് ഗൗരവത്തിൽ പറഞ്ഞു.
നിങ്ങളുടെ മിടുക്ക് ഇവിടെയാണ് കാണേണ്ടത്, ദാസ്‌ബാബു.
ബാബു പറഞ്ഞു.
ഈ കഥ ഞാൻ കേട്ടിട്ടില്ലല്ലോ. അങ്കിൾ, എന്നിട്ടെന്തുണ്ടായി?
ഞാൻ നാലു പാട്ടകൊട്ടുകാരെ നിയമിച്ചു. മൂന്ന് ഷിഫ്‌റ്റ്. അണ്ണാനെയും കിളികളെയും മാവിന്റെ അയലത്തുവരാൻ സമ്മതിക്കില്ല. ഫാക്‌ടറിയിലെ പണിയെക്കാൾ പ്രധാനം ഇതല്ലേ! മാവിനെക്കുറിച്ചും മാങ്ങയെക്കുറിച്ചും പഠിച്ചു. മറ്റു ചെടികളെക്കുറിച്ചും. കൃത്യമായി തിങ്കളാഴ്‌ചകളിൽ ടെലിഗ്രാം. എഴുപത്തിരണ്ടു കണ്ണിമാങ്ങകൾ. എല്ലാം നല്ല കണ്ടീഷൻ. കഴിഞ്ഞാഴ്‌ച അഞ്ചു കണ്ണിമാങ്ങയുളള ഒരു കുല കാറ്റിലൊടിഞ്ഞു. കാറ്റിന് വേഗത എഴുപതു മൈൽ. അണ്ണാൻമാർ വഴി നഷ്‌ടം പൂജ്യം. ഈ രീതിയിൽ എല്ലാ ആഴ്‌ചയും. അവസാനം?
അവസാനം എന്താ? ഇന്ന് കുറഞ്ഞതു പത്തമ്പതു രജ്ജത് മാവുകളെങ്കിലും ഇന്ത്യയിലും വിദേശത്തും ബിർളാ ഗസ്‌റ്റ്‌ഹൗസിന്റെ പൂന്തോട്ടത്തിൽ കാണും. എന്നെ ഈ എഫിഷ്യൻസി പരിഗണിച്ച് കൽക്കട്ടായ്‌ക്ക് കൊണ്ടുപോയി. അവിടുത്തെ മാവുകളെക്കുറിച്ച് ഒരു റിപ്പോർട്ട് കൊടുക്കാൻ.
കൈമൾസാറിന് സന്തോഷമായി.
അദ്ദേഹം പറഞ്ഞുഃ
നന്നായി. രാജ്യത്തിന്റെ വികസനത്തിന് വ്യവസായം വേണം. ആരോഗ്യത്തിന് പ്രകൃതിയും വേണം. ഇവ രണ്ടും കൂടി ഒന്നിച്ചുകൊണ്ടു പോകുക എന്നതാണ് ഏറ്റവും വിഷമം പിടിച്ച ദൗത്യം.
ഒരു ചലഞ്ച്. അല്ലേ?
അതെ.
കൈമള്‌സാറ് പറഞ്ഞുഃ
ഒറ്റക്കാര്യമേയുളളൂ. ബാക്കിയുളള അടിസ്ഥാന ആവശ്യങ്ങൾ. വൈദ്യുതി, വെളളം എല്ലാം നിങ്ങൾ നോക്കൂ. ഓ.കെ.യെങ്കിൽ ഐയാം ഗെയിം. യൂകാൻ ടേക്ക് ഓവർ ആൻഡ് സ്‌റ്റാർട്ട്.
Generated from archived content: privatelimited11.html Author: klm_novel