അമ്പി, എന്നു വന്നു?
ഇന്നലെ.
എപ്പോൾ പോകും?
നാളെ.
ഇപ്പോൾ അവിടെ എറണാകുളത്തുതന്നെയല്ലേ?
അതെ.
അടുത്ത ചോദ്യത്തിനു കാത്തുനില്‌ക്കാതെ മുത്തുമണി നടന്നു. ഒരു സിഗരറ്റ് വലിക്കാം; പടിഞ്ഞാറെ കുന്നിന്റെ മുകളിൽ കണ്ട കറുത്ത മേഘം മഴ വീഴ്‌ത്തിയില്ലെങ്കിൽ കുറുപ്പുസാറിന്റെ വീടുവരെ പോകാം, അവിടെ ബിസിനസ് ടൈംസ് വരുത്തുന്നുണ്ട്. മൂന്നുമണിയാകുമ്പോഴേക്കെത്തും. വായിക്കാം എന്നുദ്ദേശിച്ച് ഇറങ്ങിയതാണ്. അമ്പലത്തിന്റെ മൂലയ്‌ക്കുളള മുറുക്കാൻകടയുടെ മുന്നിലെ ബഞ്ചിൽനിന്നായിരുന്നു ചോദ്യം.
വേണ്ട, നടക്കാം.
ജംഗ്‌ഷനിൽനിന്ന് സിഗരറ്റു വലിക്കാം. അവിടെ കടയിൽ തിരക്കുകാണും. ചോദ്യങ്ങൾ പലപ്പോഴും ഒരു ചിരിയിൽ ഒതുങ്ങും.
അമ്പലപ്പറമ്പിൽ ക്രിക്കറ്റ് ഗംഭീരമായി നടക്കുന്നുണ്ട്. എട്ടുപത്തുകുട്ടികളുണ്ട്. പാഡുകെട്ടിയ ബാറ്റ്‌സ്‌മാൻ. മിക്കവരുടെ കാലിലും ബൂട്ട്‌സുണ്ട്. മുണ്ടു മടക്കിക്കുത്തിയ മെല്ലിച്ച പയ്യന്റെ പാദങ്ങളും ക്യാൻവാസ് ഷൂവിനുളളിലാണ്. ഗ്ലൗസില്ല, ബാറ്റ്‌സ്‌മാന്. വിക്കറ്റ്‌കീപ്പറുടെ കൈയിൽ തടിച്ച ഗ്ലൗസ്. ഇപ്പോൾ ടെന്നീസ് ബോളല്ല. ശരിക്കും ക്രിക്കറ്റ് ബോൾ. നല്ല റഗുലർ ബാറ്റ്. വിക്കറ്റുകൾ.
ഏഴു വർഷമായി-ബി.കോം. കഴിഞ്ഞ് സി.എ.യ്‌ക്ക് ആർട്ടിക്കിൾഡ് ക്ലാർക്കായി ചേർന്ന കാലം. ഓണത്തിനു വരുമ്പോൾ ക്രിക്കറ്റ് ടൂർണമെന്റ് നടത്തി. ടെന്നീസ് ബാൾ ക്രിക്കറ്റ്. അന്ന് ആകെക്കൂടി ഒരു ക്രിക്കറ്റ് ബാറ്റേ ഉണ്ടായിരുന്നുളളൂ. പാഡും ഗ്ലൗസുമൊന്നും ആവശ്യമായി ആരും കരുതിയിരുന്നില്ല.
മുത്തുമണി പത്തു നിമിഷം കളി കണ്ടുകൊണ്ടു നിന്നു. ആരുംതന്നെ ശ്രദ്ധിക്കാത്തതിൽ വിഷമം തോന്നി.
ഇടവഴി ഈയിടെ ടാർ ചെയ്‌തതേയുളളൂ. ഇന്നലെ രാത്രി ഈരാറ്റുപേട്ടയിൽനിന്ന് ഓട്ടോറിക്ഷ പിടിച്ച് വരുമ്പോൾ, മെയിൻ റോഡിൽനിന്നു തിരിയുന്ന ജംഗ്‌ഷനിൽവച്ച് കേൾക്കാറുളള പല്ലവി കേട്ടില്ല. ഇനി വണ്ടി അങ്ങോട്ടു പോകില്ല. ടയറ്. അപ്പോഴാണോർത്തത്, കഴിഞ്ഞ എഴുത്തിൽ അമ്മ എഴുതിയിരുന്നു. നമ്മുടെ വഴിയെല്ലാം ടാർചെയ്‌തു. ഇപ്പോൾ നീ കാറ് മേടിച്ചാൽ യാതൊരു വിഷമവുമില്ലാതെ വീട്ടുമുറ്റത്തു കൊണ്ടുവരാം. അമ്മയ്‌ക്ക് തമിഴ് വരില്ല. സംഭാഷണത്തിലും എഴുത്തിലും. അപ്പാവ് അങ്ങിനെയല്ല. തമിഴ്‌ചുവയില്ലാതെ മലയാളം പറയാൻ വയ്യ; അപ്പാവിന്റെ നാലു തലമുറ മുമ്പുമുതൽ ഇതേ തറവാട്ടിലായിരുന്നു താമസമെങ്കിലും.
അപ്പാവ് ഒരിക്കലേ തമിഴ്‌നാട് കണ്ടിട്ടുളളൂ. മധുര, രാമേശ്വരം വഴി തിരുപ്പതി ചുറ്റിവരുന്ന ഒരു തീർത്ഥാടനട്രിപ്പിൽ അംഗമായിട്ട്. രണ്ടുവർഷം മുമ്പാണ്. അന്ന് മദ്രാസിൽ മൂന്നു ദിവസം തങ്ങിയത്രേ. മദ്രാസിനെക്കുറിച്ച് അപ്പാവിന് നല്ല അഭിപ്രായം മുമ്പും ഇല്ലായിരുന്നു. ഈ ട്രിപ്പ് കഴിഞ്ഞപ്പോൾ അഭിപ്രായം ഒന്നുകൂടി സ്ഥിരീകരിച്ചു. വൃത്തിയും മെനയും കുറവ്. തമിഴ്‌നാട് പൊതുവെ. പക്ഷേ, അഭിപ്രായങ്ങളെല്ലാം പറഞ്ഞതും, കേരളത്തെ പുകഴ്‌ത്തിയതും മലയാളത്തിലല്ല. തമിഴിലാണെന്നുമാത്രം.
മെയിൽ റോഡിലേക്കുളള കയറ്റം കയറുമ്പോൾ മുത്തുമണി ഒന്നു സംശയിച്ചു. മഴക്കാറ് പെട്ടെന്ന് ഓടിവരികയാണ്. നല്ല കാറ്റ്. അതുകൊണ്ടു ചിലപ്പോൾ മഴ പെയ്യുന്നതിനുമുമ്പുതന്നെ കിഴക്കെ മലയിടുക്കിലേക്കു ചെന്നെത്താനും മതി.
തിരികെ വീട്ടിലേക്കു പോയാലോ?
എറണാകുളത്തെ സ്‌നേഹിതൻ ബാങ്ക് മാനേജർ ഷെട്ടി രഹസ്യമായി വായിക്കാൻ ബാങ്കിലെ ഫയലിൽനിന്നും എടുത്തുതന്ന മൂന്നു പ്രോജക്‌ട് റിപ്പോർട്ടുകളും തുറന്നു നോക്കിയിട്ടില്ല. എല്ലാം ബാങ്ക് ലോൺ അനുവദിച്ച കേസുകളാണ്. മദ്രാസിലെ സോണൽ ആഫീസിലെ ഭൂതക്കണ്ണാടി വച്ചു നോക്കി കേരളത്തിൽനിന്ന് ചെല്ലുന്ന ലോൺകേസുകളിൽ തെറ്റുകണ്ടുപിടിച്ച് വായ്‌പ നിരാകരിക്കുന്ന കുറുക്കന്മാരെ അതിജീവിച്ച സ്‌കീമുകളാണ്. ശ്രദ്ധിച്ചു പഠിക്കണം. മറ്റന്നാൾ രാവിലെ ബാങ്ക് തുറക്കുമ്പോഴേക്ക് എത്തിക്കാമെന്നുളള കണ്ടീഷനിൽ മാത്രം തന്നതാണ്.
ബാബുവാണ് ഐഡിയ തന്നത്.
മണീ, നീ ഒരു കാര്യം ചെയ്യ്. നീ സി.എ.ക്കു പഠിക്കുമ്പോൾ വല്ല ബാങ്ക് ഓഡിറ്റും നടത്തീട്ടുണ്ടോ? അന്നത്തെ വല്ല പരിചയക്കാരനും, ഏതെങ്കിലും ബാങ്കിൽ മാനേജരായിട്ട് കാണാതിരിക്കുകയില്ല. നീ ഒന്നന്വേഷിക്ക്. നാഷണലൈസ്‌ഡ് ബാങ്ക് വേണ്ട. അല്ലാതില്ലേ? അല്‌പസ്വല്‌പം വിട്ടുവീഴ്‌ചക്കു സൗകര്യമുളളത്. അതിൽ ആരെയെങ്കിലും പിടിക്ക്. എന്നിട്ട് അവിടെ പാസായ ലോൺകേസുകളുടെ, കിട്ടുന്നത്രയും പ്രോജക്‌ട് റിപ്പോർട്ടുകൾ നീ നോക്ക്. അതാണ് ഏറ്റവും ബെസ്‌റ്റ്.
അങ്ങിനെയാണ് ഷെട്ടിയെ പിടികൂടിയതും എറണാകുളം നഗരപ്രാന്തത്തിലുളള മൂന്നു വ്യവസായങ്ങളുടെ പ്രോജക്‌ട് റിപ്പോർട്ടുകൾ വായിക്കാൻ കിട്ടിയതും.
സംശയിച്ചുനിന്നതു കണ്ടായിരിക്കും, ഗോതമ്പുപൊടിക്കുന്ന മില്ലിലെ ഗോപാലൻ, പച്ചച്ചിരി ചിരിച്ച് ചോദിച്ചു.
എന്നാ കൊച്ചുസ്വാമീ, വിശേഷം?
ഗോപാലനെ പണ്ടേ പേടിയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ്; ഈ നാട്ടിലെ ആദ്യത്തെ വ്യവസായസംരംഭമായ ശ്രീ അയ്യപ്പാ നെല്ലുകുത്തുമിൽ സ്ഥലത്ത് ഉദ്‌ഘാടനം ചെയ്യപ്പെട്ടത്.
ഒരു പകൽ നീണ്ടുനിന്ന ഭഗവതിസേവയ്‌ക്കും പൂജകൾക്കും ശേഷം ഒരു സ്വിച്ച് താഴേക്കു വലിച്ചപ്പോൾ മുരളിക്കൊണ്ട് ഓടാൻ തുടങ്ങിയ ബെൽറ്റ്. കാണികൾക്ക് വിതരണം ചെയ്‌ത പ്രസാദത്തിലെ തേങ്ങാപ്പൂളുകൾ. ഓർമയുണ്ട്. ഗോപാലനായിരുന്നു അന്നത്തെ മാന്ത്രികൻ. സ്വിച്ചിട്ട് ബെൽറ്റ് കറക്കിയ സാങ്കേതികവിദഗ്‌ധൻ.
നെല്ലുകുത്തുമില്ല് പലതവണ കൈമാറി. ശ്രീ അയ്യപ്പാ മിൽസ്, വെങ്കിടേശ്വരാ ഓയിൽ മിൽസ് ആയി, സെന്റ് ജോർജ് ഇൻഡസ്‌ട്രീസ് ആയി, പിന്നെ ഇപ്പോൾ സുവർണാ ഫ്‌ളോർ മിൽസ് ആയി. പക്ഷേ, ഈ എല്ലാ പരിവർത്തനങ്ങൾക്കും രൂപാന്തരങ്ങൾക്കുമിടയ്‌ക്കും ഗോപാലനും എഞ്ചിന്റെ ബെൽറ്റും യാതൊരു മാറ്റവുമില്ലാതെ തുടർന്നു. മില്ലിന്റെ വാതിൽക്കൽ ചെന്ന് ആ അദ്‌ഭുതദൃശ്യം കാണാനായി ഒളിഞ്ഞു നോക്കുമായിരുന്നു അപ്പോഴൊക്കെ ഗോപാലൻ കണ്ണുരുട്ടി പേടിപ്പിച്ച് വായിൽ വരുന്ന തെറിവാക്കുകൾ യാതൊരു ശങ്കയുമില്ലാതെ ഓടാൻ തുടങ്ങുന്ന കുട്ടികളുടെ പിന്നാലെ എറിയുമായിരുന്നു.
ആ ഭയം ഇപ്പോഴും വിട്ടുമാറിയിട്ടില്ല.
അതുകൊണ്ടു പറഞ്ഞു.
ഓ, വിശേഷമൊന്നുമില്ല.
നേരെ നടന്നു. മില്ല് നിശ്ചലമായിരുന്നു. പണിയില്ലാത്തതോ കറന്റ് പോയതോ? ചോദിക്കാൻ നിന്നില്ല.
മഴക്കാറ് കിഴക്കോട്ടു നീങ്ങി. ഇനി പെയ്യില്ല. കിഴക്കൻമലയുടെ പളളയിൽ മഞ്ഞു കൂടിനില്‌ക്കുന്നതിന് കൂണിന്റെ ആകൃതിയാണ്. ഒരു വലിയ കുട വിരിച്ചതുപോലെ. മഴമേഘങ്ങൾ ആ ശുഭ്രതയിൽ ലയിക്കുന്നതും കാത്ത് പണ്ട് സ്‌കൂൾ ഗ്രൗണ്ടിൽ നാഴികകൾ ഇരുന്നിട്ടുണ്ട്.
എന്താ, പട്ടരുകുട്ടീ, ആലോചിക്കുന്നത്?
കുറുപ്പുസാറിന്റെ ചോദ്യം. കുറുപ്പുസാറ് സ്‌നേഹംവരുമ്പോൾ പട്ടരുകുട്ടീ എന്നാണു വിളിക്കുക. കുറുപ്പുസാറ് പറയുമായിരുന്നു; അമ്പി മിടുക്കനായി പഠിച്ച് വലിയ ഉദ്യോഗസ്ഥനാകണം. ഐ.എ.എസുകാരനാകണം. കളക്‌ടർ, സെക്രട്ടറി; എൻജിനീയറിംഗ് എൻട്രൻസിന് എഴുതി, കിട്ടിയില്ല. ബി.കോമിനു ചേർന്നപ്പോൾ കുറുപ്പുസാർ സമാധാനിപ്പിച്ചു. സാരമില്ല. പഠിച്ച് സി.എ.ക്കാരനാകണം. ചാർട്ടേഡ് അക്കൗണ്ടന്റ്. ഇനിയുളള കാലത്ത് സി.എ.ക്കാർക്കാണു വില. ഇപ്പോഴൊക്കെ പ്രൈവറ്റ് കമ്പനിയിൽ വലിയ ഉദ്യോഗസ്ഥന്മാർക്ക് എന്താ ശബളമെന്നോ? ഐ.എ.എസുകാരൻ റിട്ടയറാകുമ്പോൾ കിട്ടുന്ന ശബളമാണ് തുടക്കം, പ്രൈവറ്റ് കമ്പനിയിൽ! അപ്പാവിന് സമാധാനമായില്ല. ബി.കോം. പരീക്ഷയ്‌ക്ക് ക്ലാസുകിട്ടി. എറണാകുളത്ത് ഒരു ചാർട്ടേഡ് അക്കൗണ്ടറിന്റെകൂടെ ആർട്ടിക്കിൾഷിപ്പ്. ഞാൻ പറഞ്ഞില്ലേ, എന്ന മട്ടിൽ കുറുപ്പുസാറ് അഭിമാനിച്ചു.
കുറുപ്പുസാറാണ് ഹിന്ദു അല്ലാതുളള ഇംഗ്ലീഷ് പത്രങ്ങളെക്കുറിച്ചു പറഞ്ഞുതന്നത്. ഇംഗ്ലീഷ് പത്രങ്ങളിൽ സ്‌പോർട്‌സ് പേജുകൾ അല്ലാതുളള താളുകളിലും വാർത്തയുണ്ട്, വിജ്‌ഞ്ഞാനമുണ്ട് എന്ന വസ്‌തുതയും മനസ്സിലാക്കിത്തന്നത്.
മുറുക്കാൻകടയിൽ നല്ല തിരക്ക്. പക്ഷേ, ചോദിക്കേണ്ടിവന്നില്ല. സരസൻ സിഗററ്റ് പായ്‌ക്കറ്റെടുത്തു നീട്ടി. ചിരിച്ചു. തൊട്ടപ്പുറത്ത് മൂലയ്‌ക്കായി എപ്പോഴും കത്തുന്ന ചെറിയ ചിമ്മിനിവിളക്കും സിഗരറ്റ് പായ്‌ക്കറ്റ് കത്രിച്ച തിരികളുമുണ്ട്. വിൽസ് പായ്‌ക്കറ്റ്. സരസനറിയാം. ഒരു സിഗററ്റെടുത്ത് പായ്‌ക്കറ്റ് തിരിച്ചുകൊടുത്ത് മൂലയ്‌ക്കു നോക്കി. ചിമ്മിനിവിളക്കിന്റെ ആസ്ഥാനം ശൂന്യം. ഇനി തനിക്കു തെറ്റിയതാണോ, കടയുടെ മറ്റേ ഭാഗത്താണോ, എന്നു സംശയിച്ചു തിരിഞ്ഞപ്പോൾ അടുത്തുനിന്നയാൾ തൂണിനോടുമ്മവച്ച് സിഗരറ്റ് കത്തിക്കുന്നു.
സ്വിച്ചമർത്തി; അതിലോലമായ കമ്പി പഴുത്ത ശോണിമ.
സിഗററ്റ് കത്തിച്ചു.
പെട്ടെന്നു ഗോപാലനെയാണോർത്തത്.
ഗോപാലൻ മില്ലിലെ യന്ത്രം കറക്കാനിടുന്ന സ്വിച്ച്.
എത്രയാ?
ബസ്‌സ്‌റ്റോപ്പിൽനിന്നും യാതൊരു ദാക്ഷിണ്യവുമില്ലാതെ, നാളെനാളെ, കേരള, മറ്റന്നാൾ മാതൃഭൂമി, അഞ്ചുലക്ഷം, ബമ്പർ ഇരുപത്തഞ്ചു ലക്ഷവും മാരുതികാറും വിളികൾ ഭാഗ്യത്തിലേക്കുളള പാത തുറന്നുകാട്ടുന്നതിനിടയിൽ സരസൻ ശ്രദ്ധിച്ചില്ല.
അഞ്ചുരൂപാനോട്ടെടുത്തുകൊടുത്തു.
അപ്പോഴാണു കണ്ടത്. അത്‌ഭുതം തോന്നി. താനെന്തേ നേരത്തേ ശ്രദ്ധിച്ചില്ല. ബസ്‌സ്‌റ്റോപ്പിലെ വയസ്സൻ പുളിമരത്തിന്റെ സ്ഥാനത്ത് പുതിയ മൂന്നു മുറി നീളൻ കെട്ടിടം. വയസ്സൻ പുളിമരമായിരുന്നു നാട്ടിലെ വൃദ്ധൻ. ഹൈസ്‌കൂളിന്റെ ഗേറ്റിലെ മിനുസമുളള കരിങ്കല്ലിൽ, ഈ സ്‌കൂൾ പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ച വർഷം കൊത്തിയിട്ടുണ്ട്. കൊല്ലവർഷം 1082-ൽ. എം.ഇ.1082 എന്ന് ഇംഗ്ലീഷിലും. അന്നും പുളിമരം വയസ്സനായി ഉണ്ടായിരുന്നത്രേ. എത്രയെത്ര തലമുറകളാണ് മനുഷ്യരും കിളികളും ഈ പുളിയുടെ മധുരം നുണഞ്ഞിറക്കിയത് എന്ന് ഒരിക്കൽ ലേശം വികാരധീനനായി കുറുപ്പുസാർ പറഞ്ഞത് ഓർക്കുന്നുണ്ട്. അന്ന് പുളിമരത്തിന്റെ രണ്ടു കൊമ്പുകൾ കൊടുങ്കാറ്റിൽ ഒടിഞ്ഞുവീണ സമയമായിരുന്നു. പുളിമരം ഒന്നായി ചരിഞ്ഞത്, കഴിഞ്ഞ കാലവർഷത്തിനായിരുന്നു. ആറ് കരകവിഞ്ഞൊഴുകിയ ഒരു രാത്രിയിൽ. അന്ന് യാദൃശ്ചികമായി നാട്ടിലുണ്ടായിരുന്നു. പാലായിൽ റോഡിൽ മലവെളളം കയറി. എറണാകുളത്തിനുളള യാത്ര മാറ്റിവച്ചു. അന്നു രാത്രിയിലായിരുന്നു പുളിമരം വീണതും, അമ്പലക്കടവിൽ കാട്ടുപോത്തിന്റെ ശവം ഒഴുകി അടിഞ്ഞതും.
മൂന്നുമുറി കെട്ടിടത്തിന്റെ നടുവിലെ മുറിയേ തുറന്നിട്ടുളളൂ. അടുത്തു ചെന്നപ്പോഴാണ് ബോർഡ് വായിക്കാൻ പറ്റിയത്. ശ്രീഹരിഹരസുത സഹായം വീഡിയോ ലൈബ്രറി. അകത്ത് ഗ്ലാസ്‌കേസുകളും ഭഗവാൻ അയ്യപ്പന്റെ പടവും. ചുറ്റും അനവധി ചിത്രങ്ങളുടെ പരസ്യങ്ങളും വീഡിയോ കാസറ്റുകളും. കഷ്‌ടിച്ച് പത്തോ അമ്പതോ മാത്രം. ഗ്ലാസ്‌മേശയ്‌ക്കു പിന്നിൽ ഒരു ചെറുപ്പക്കാരൻ വലിയ ഗമയിൽ ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ എന്ന മട്ടിൽ ഗൗരവത്തോടെ മുത്തുമണിയെ നോക്കി.
വേണ്ട, ഇതിലും ഭേദം കുറുപ്പുസാറിന്റെ വീട്ടിലേക്കു പോകുകയാണ്.
ബിസിനസ് ടൈംസ് വന്നുകാണും.
പക്ഷേ, ഒരു അപകടമുണ്ട്. പത്രം വായിക്കാൻ സൗകര്യം ലഭിച്ചു എന്നുവരില്ല. കണ്ടാലുടൻ സാറ് ലാത്തി തുടങ്ങും.
സാറിന്റെ ഉപദേശവും ലക്‌ചറും എത്ര പെട്ടെന്നാണ് താൻ, വിജ്ഞാനത്തിന്റെ ഉറവിടം എന്നതിൽനിന്നു ലാത്തിയിലേക്കു തരംതാഴ്‌ത്തിയത്. അതോർത്തപ്പോൾ മുത്തുമണിക്കു തന്നോടുതന്നെ അമർഷം തോന്നി.
ഇന്നു രാവിലെ എന്തോ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, അതെ, സംഗീതത്തെക്കുറിച്ചായിരുന്നു. ഏറ്റവും ഇളയ അനിയൻ പിച്ചു പറഞ്ഞു.
ഉനക്ക് ഒന്നും തെരിയാതെ. യൂ ആർ ആൾ ടൂ ഓൾഡ് ടു അണ്ടർ സ്‌റ്റാൻഡ് മ്യൂസിക്.
പിച്ചുവിന് പതിമൂന്നു വയസ്സേ ആയിട്ടുളളൂ. അവൻ കോട്ടയത്ത് മാമിയുടെ കൂടെ താമസിച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിക്കുന്നു. എട്ടാം ക്ലാസിൽ ആയതേയുളളു.
ഐയാം ടൂ ഓൾഡ്?
യെസ്.
അവൻ സ്‌കൂളിൽ പോയി പറയുമായിരിക്കും. എന്റെ എൽഡർ ബ്രദറുണ്ട്. കൊച്ചിയിൽ. ലാത്തി, ബോറൻ.
മുത്തുമണി ഇറക്കം ഇറങ്ങി കുറുപ്പുസാറിന്റെ വീട്ടിലേക്കുളള ഇടവഴിയിലൂടെ നടന്നു.
സാറിന്റെ ലക്‌ചർ സഹിക്കാനുളള സഹിഷ്‌ണുതയില്ലെങ്കിൽ, ഞാൻ പിച്ചുവിനോട് ഒന്നും സംസാരിക്കാൻ അർഹനല്ല.
സാറിന്റെ വർത്തമാനം ഇന്നു മുഴുവൻനേരവും സഹിക്കും. ഒരു വാശി. പിച്ചുവിനോടുളള വാശി.
സാറിന്റെ സംഭാഷണം ലാത്തിയായി തോന്നിയിട്ട് മൂന്നുനാലു വർഷമേ ആയിട്ടുളളൂ. സാറ് അന്നൊക്കെ കാണുമ്പോഴെല്ലാം പറയുന്നത് നാട്ടുകാര്യങ്ങളെക്കുറിച്ചായിരുന്നു. ഈ നാട് നന്നാകാത്തതിനെക്കുറിച്ച്. എന്തൊക്കെ സൗകര്യമുളള ഗ്രാമമാണ്. മലനാടിന്റെ മധ്യം. അധ്വാനശീലരായ മനുഷ്യർ. പ്രകൃതി കനിഞ്ഞുനൽകിയ പച്ചപ്പും വളക്കൂറുളള മണ്ണും. മഴക്കാലത്തൊഴികെ സ്‌ഫടികജലമൊഴുകുന്ന മീനച്ചിലാറിന്റെ കൈവഴി. പുണ്യനദിയാണ്. എന്നിട്ടും! മുത്തുമണിയെപ്പോലുളള ചെറുപ്പക്കാർ നാടുവിട്ട് പട്ടണങ്ങളിൽ സ്ഥിരമായി പാർക്കാൻ പോകുന്നതാണ് തകരാറ്.
കുറുപ്പുസാറ് ജനിച്ചതും വളർന്നതും ഇതേ ഗ്രാമത്തിലാണ്. സാറിന്റെ ശ്രീമതി ഭവാനിടീച്ചറും ജനിച്ചതും പഠിച്ചതും വളർന്നതും ഇതേ ഗ്രാമത്തിൽതന്നെ.
സാറിന്റെ അമ്മാവന്റെ ഏകമകളായിരുന്നു ഭവാനിടീച്ചർ. ഇരുവരും ഒരേ ക്ലാസ്സിൽ സ്‌കൂൾവിദ്യാഭ്യാസം നടത്തി. ഈ ഗ്രാമത്തിലെ ചുറ്റുപാടിന് ഒട്ടും മോശമല്ലാത്ത രീതിയിൽ ഫസ്‌റ്റ് ക്ലാസിനടുത്ത് മാർക്ക് വാങ്ങി ഇരുവരും പത്താംക്ലാസ് പാസായി. പ്രീഡിഗ്രിക്ക് അവർ പാലായിൽ കോളജിൽ ചേർന്നു. ഒരാൾ ആൺകുട്ടികളുടെ കോളജിലും മറ്റെയാൾ പെൺകുട്ടികളുടെ കോളജിലും. വ്യത്യസ്‌ത കോളജുകളിലായിരുന്നെങ്കിലും ഇരുവരും ഫസ്‌റ്റ് ഗ്രൂപ്പെടുത്തത്, അന്യോന്യം നോട്ടുകൾ കൈമാറാനും കംബെയിൻഡ് സ്‌റ്റഡിക്കും അവസരം നൽകി. അന്നാണ് അവർ തമ്മിൽ പ്രേമം തുടങ്ങിയത്. ബി.എസ്‌സി.ക്ക് സാറ് കണക്കും ടീച്ചർ കെമിസ്‌ട്രിയുമെടുത്തു. ബി.എഡിന് പക്ഷേ അവർക്ക് ഒരേ കോളജിൽ പഠിക്കാൻ സാധിച്ചു. മലബാറിലുളള ഒരു കോളജായിരുന്നതുകൊണ്ട് അവർ ഒന്നിച്ച് ബസ്സുയാത്രകൾ നടത്തി. പ്രേമം വർധിച്ചു. അവർ തങ്ങളുടെ അനുരാഗനദിക്കു വിഘ്‌നം കാത്തെങ്കിലും അതുണ്ടായില്ല. അവർ ഒരേ ദിവസം സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചു. ഒരേ പ്രായം. നാളുപോലും ഒന്നാണ്-ഭരണി. സാറ് കൃത്യം രണ്ടു മാസത്തിനു മാത്രം മൂത്തത്. പേരിന്. അതുകൊണ്ട് സാറ് സീനിയറായി. ടീച്ചർക്കതിൽ പരിഭവവുമില്ല.
കുറുപ്പുസാറിന്റെ സ്ഥിരം തമാശയാണ്.
ഞങ്ങളുടെ കല്യാണവും ഒരേ ദിവസമാണു നടന്നത്.
മുത്തുമണി പടി കടന്നു വരുന്നതു കണ്ടയുടൻ കുറുപ്പുസാറ് അകത്തേക്കു നോക്കി ഉറക്കെപ്പറഞ്ഞു.
“നമ്മുടെ അമ്പി വരുന്നുണ്ട്.”
ഭവാനിടീച്ചറിന്റെ പുഞ്ചിരി ഡ്രോയിംഗ്‌റൂമിന്റെ വാതിൽ നിറഞ്ഞുനിന്നു.
“അമ്പിയോടു ചോദിക്കാം. അമ്പി സി.എ.ക്കാരനല്ലേ? സി.എ.ക്കാർക്കറിയാവുന്നത്രേം എന്തായാലും ചേട്ടന് അറിയാൻ പറ്റുകേലല്ലോ.”
അകത്തേക്കു കയറി, ചോദിച്ചു.
“എന്താ പ്രശ്‌നം?”
കുറുപ്പുസാർ പറഞ്ഞു.
“ഇവൾക്ക് പഴേ ഒരു ഫിക്‌സഡ് ഡെപ്പോസിറ്റുണ്ടായിരുന്നു. അത് മെച്ച്വർ ആയി. ഇരുപത്തയ്യായിരത്തോളം രൂപയുണ്ട്. ഞാൻ പറഞ്ഞു, വല്ല ഷെയറിലുമിടാമെന്ന്. പക്ഷേ, ഏതു ഷെയറിലാ? ഞങ്ങളീ പത്രങ്ങള് മുഴുവൻ അരിച്ചു നോക്കി. ദാ, എന്നിട്ട് തയ്യാറാക്കിയതാ ഈ ലിസ്‌റ്റ്. അമ്പി നോക്ക്. വിച്ച് ഈസ് ദി ബെസ്‌റ്റ്?”
ഇതുതന്നെ നല്ല അവസരം. പറഞ്ഞുഃ
“ഒന്നിലും ഇടേണ്ട.”
“ങേ?”
“അത് സാറിനോടു പറയാൻകൂടിയാ ഞാനിന്നു വന്നത്?”
“എന്ത്?”
“ഞാൻ ജോലി രാജിവച്ചു.”
“ഗുഡ്. വിസ ശരിയായോ? എവിടേയ്‌ക്ക്?”
ഭവാനിടീച്ചർ പറഞ്ഞു.
“നന്നായി. ഇവിടെ നാട്ടിൽ കിടന്നാൽ നാലു കാശുണ്ടാക്കാനൊക്കുകേല. എങ്ങോട്ടാ? സൗദീലാണോ അതോ…?”
“എങ്ങുമല്ല.”
“പിന്നെ?”
“ഞാനൊരു വ്യവസായം തുടങ്ങാൻ പോകുകയാണ്. ഒരു കമ്പനി. എറണാകുളത്ത്. ആദ്യം പ്രൈവറ്റ് ലിമിറ്റഡ്. പിന്നെ പബ്ലിക് ആക്കും.”
“വ്യവസായം? നാട്ടില്?”
“അമ്പിക്കെന്താ കിറുക്കുണ്ടോ?”
ഒരു കിറുക്കനെ ദർശിക്കുന്ന ദൃഷ്‌ടികളോടെ കുറുപ്പുസാറും ഭവാനിടീച്ചറും മുത്തുമണിയെ നോക്കി.
(തുടരും…)
Generated from archived content: privatelimited1.html Author: klm_novel
Click this button or press Ctrl+G to toggle between Malayalam and English