പ്രൈവറ്റ്‌ ലിമിറ്റഡ്‌

പ്രവീൺ മേനോന്‌ ലേശം ഭയം തോന്നി. അയാൾ അതു പുറത്തുകാട്ടാതെ, ഗിയർ മാറ്റി, ആക്‌സിലെറേറ്റർ മുന്നോട്ടാക്കി അമർത്തി. സ്‌പീഡ്‌ ബോട്ട്‌ അതിവേഗം മുന്നോട്ട്‌ കുതിച്ചുപാഞ്ഞു.

വേമ്പനാട്ട്‌ കായലിലെ ഓളങ്ങൾക്ക്‌ പെട്ടെന്നാണ്‌ മാറ്റം ദൃശ്യമായത്‌. മൂന്നരമണിക്ക്‌ കിഴക്കെക്കരയിലെ ഹോളിഡേറിസോർട്ടിന്റെ ജെട്ടിയിൽ നിന്നും തിരിക്കുമ്പോൾ കായൽപ്പരപ്പ്‌ വെളളിവിരിച്ച ഒരു വിശാലമായ പുതപ്പുകൊണ്ട്‌ മൂടിയിരിക്കുകയായിരുന്നു. അല്‌പം പടിഞ്ഞാറ്‌ പത്തു പന്ത്രണ്ടു വളളങ്ങൾ നിശ്ചലമായി നിൽക്കുന്നു. ഇടയ്‌ക്കിടക്ക്‌ ചെറിയ കറുത്തപൊട്ടുപോലെ ഒരു തല വെളളത്തിനടിയിൽനിന്നും ഉയരും. അഞ്ചു നിമിഷം വളളത്തിന്റെ സൈഡിൽ പിടിച്ച്‌ ഒരു കുലുക്കം.

കിംലി എന്ന ചെറുപ്പക്കാരൻ ബൈനോക്കുലേഴ്‌സിലൂടെ രണ്ടുമണിക്കൂർ മുമ്പ്‌ ഏറെ നേരം ഈ പ്രക്രിയ വീക്ഷിക്കുകയായിരുന്നു. കായൽക്കരയിലെ രണ്ടു തെങ്ങിൽ വലിച്ചുകെട്ടിയ ഹാമോക്കിൽ കിടന്ന്‌ ഊഞ്ഞാലാടുന്നതിനിടയിലും കൊറിയക്കാരൻ ചെറുപ്പക്കാരന്റെ ദൃഷ്‌ടികൾ വളളങ്ങൾക്കരികിൽ നടക്കുന്ന ഈ ദൃശ്യത്തിലായിരുന്നു.

എന്തായിത്‌? എന്താണിവർ ചെയ്യുന്നത്‌? മുത്തുപെറുക്കുകയാണോ?

അല്‌പമകലെ തണലത്ത്‌ മടക്കാവുന്ന ചാരുകസേരയിൽ സൺഹാറ്റ്‌ കണ്ണിലേക്ക്‌ താഴ്‌ത്തി മയങ്ങാൻ തുടങ്ങുകയായിരുന്ന കൈമൾസാറ്‌ ഞെട്ടിയുണർന്നു.

എന്താ, എന്താ?

കൊറിയക്കാരന്റെ ഇംഗ്ലീഷ്‌ ഉച്ചാരണം തന്നെ ശരിക്കു പിടികിട്ടിയില്ല. ഈ പയ്യനാണെങ്കിൽ കൊറിയയുമല്ല, അമേരിക്കയുമല്ല എന്ന മട്ടാണ്‌. ഹാർവാഡിൽ പഠിച്ച പയ്യൻ. അമേരിക്കൻ സ്‌റ്റൈലാണെന്ന മട്ടിലാണ്‌ സംസാരം. പക്ഷെ ഇടയ്‌ക്കെവിടെയോ ആരോ പിടിച്ചു ക്ലിപ്പിട്ടമാതിരി ചില അക്ഷരങ്ങൾക്ക്‌ അവ്യക്‌ത, പുതിയ ഈണം. ബാബുവിനാണെങ്കിൽ കഷ്‌ടിച്ച്‌ ഇവന്റെ ഉച്ചാരണം മനസ്സിലാകും.

ബാബുവിനെ നോക്കി. അകലെ ഏതോ പഴയ തറവാട്ടിൽനിന്ന്‌ പൊക്കിയെടുത്തുകൊണ്ടുവന്ന്‌ സ്ഥാപിച്ച പൂമുഖവും അറയും ചേർത്ത കോട്ടേജിന്റെ വരാന്തയിൽ ബാബുവിനെ കാണാം. ഫയൽ നോക്കുകയാണ്‌.

കൈമൾക്ക്‌ ഇന്നലെ ഇവിടെ വന്നപ്പോൾ മുതൽ തോന്നുന്നതാണ്‌. ഈ പുതിയ തലമുറക്ക്‌ എന്തുപറ്റി? സംതിംഗ്‌ ഈസ്‌ സീരിയസിലി റോംഗ്‌ വിത്ത്‌ ദെം.

ഫാക്‌ടറി പ്രവർത്തനം തുടങ്ങുന്നതിനുമുമ്പുളള അന്തിമമായ ചർച്ചകളുടെ ടെൻഷൻ. അതിനിടക്ക്‌ ഒന്നു റിലാക്‌സ്‌ ചെയ്യാമെന്നു കരുതി. കൊറിയക്കാരനെ കൂട്ടി രണ്ടു ദിവസത്തേക്ക്‌ വന്നതാണ്‌. സൗമിത്രയെ മനഃപൂർവം ഒപ്പംവരാൻ നിർബന്ധിച്ചതാണ്‌. ഒരു തമാശ, രസം, ബാബുവിന്‌ സൗമിത്രയെ ഇഷ്‌ടമാണെന്നറിയാം. തിരിച്ചും. ഇരുവർക്കും അല്‌പംകൂടി സ്വൈരമായി അടുക്കാൻ പറ്റിയ അന്തരീക്ഷം കിട്ടുമല്ലോ എന്നു കരുതി പറഞ്ഞു. സൗമിത്ര കൂടെവരൂ. കൊറിയക്കാരന്‌ വല്ലതും ഡിക്‌റ്റേഷൻ തരാനുണ്ടെങ്കിൽ, ഹോളിഡെ റിസോട്ടിൽ സ്‌റ്റെനോഗ്രാഫിക്‌ സേവനം കിട്ടിയില്ലെങ്കിൽ! നമ്മൻ എന്തിനും തയ്യാറായിരിക്കേണ്ടേ?

സൗമിത്ര വന്നു.

ചർച്ചകൾ ഇതുവരെ ഉണ്ടായില്ല.

എന്നാൽ ബാബു ഫയലുകളിൽനിന്നു വിട്ട്‌ സൗമിത്രയെ ശ്രദ്ധിക്കുന്നമട്ടേ പ്രദർശിപ്പിച്ചില്ല.

ശ്ശെ! ഈ പുതിയ തലമുറക്ക്‌ എന്തു സംഭവിച്ചു! എന്തോ അസ്വഭാവികത ഉണ്ട്‌, തീർച്ച.

കൈമൾ, കിംലി ചൂണ്ടിക്കാട്ടിയിടത്തേക്ക്‌ നോക്കി. ശബ്‌ദത്തേക്കാൾ കാര്യങ്ങൾ തിരിച്ചറിയാൻ നല്ലത്‌ ആംഗ്യമാണ്‌. കഥകളിഭാഷക്ക്‌ രാജ്യങ്ങളുടെ അതിർവരമ്പില്ല.

എഴുന്നേറ്റു, അരികെ സ്‌റ്റൂളിൽ വച്ചിരുന്ന പൈപ്പെടുത്തു കത്തിക്കാൻ നോക്കി. പടിഞ്ഞാറൻ കാറ്റിന്‌ നേരിയ തണുപ്പ്‌. ശക്തിയും ഏറിയിട്ടുണ്ട്‌.

പറഞ്ഞു.

അത്‌ കക്കാ വാരുകയാണ്‌. ഇവിടെ മുത്തുകളില്ല.

അകലേക്കു ചൂണ്ടിക്കാട്ടി.

ഒരു സിമന്റ്‌ ഫാക്‌ടറിയുണ്ട്‌. കക്കയിൽ നിന്ന്‌ സിമന്റ്‌ ഉണ്ടാക്കും. പണ്ട്‌ കുടിൽവ്യവസായമായിരുന്നു. കക്ക നീറ്റി ചുണ്ണാമ്പാക്കുക. കുമ്മായത്തിൽ ചേർക്കാൻ.

കൊറിയക്കാരൻ, ഒരു ട്രപ്പീസ്‌ കലാകാരന്റെ വൈദഗ്‌ധ്യത്തോടെ, ഹാമോക്കിൽനിന്നും താഴേക്കുചാടി പറഞ്ഞു.

നമുക്കിവിടെ അവരുടെയടുത്തു വരെ പോകാം. എന്താ?

ഓ, ഷുവർ.

അവിടെയായിരുന്നു, തുടക്കം. എല്ലാറ്റിനും അതിന്റേതായ സമയമുണ്ട്‌. നമ്മൾ എത്ര ബദ്ധപ്പെട്ടിട്ടും ബഹളം കൂട്ടിയിട്ടും കാര്യമില്ല. അതിനെ ദൈവാനുഗ്രഹമെന്നോ, ഭാഗ്യമെന്നോ എന്തും പറയാം. ഒരു നിശ്ചിതമായ നിമിഷം. എല്ലാം അച്ചട്ടാണ്‌. ആ നിമിഷംവരുമ്പോൾ കൃത്യംകൃത്യമായി കാര്യങ്ങൾ നടക്കും.

ദാസ്‌ പറഞ്ഞത്‌ ശരിയാണ്‌ എന്ന്‌ കൈമൾക്ക്‌ തോന്നി.

നമ്മൾ, ഭാരതീയർ, എന്നും പ്രകൃതിശക്തികളെ ആരാധിക്കുന്നവരായിരുന്നു. നമ്മുടെ ദേവൻമാർ, പുരാതന പാശ്ചാത്യസംസ്‌കാരങ്ങളിലും അതുപോലെ തന്നെയാണ്‌, ഗ്രീക്ക്‌ ദേവൻമാർ, പ്രകൃതിശക്തികളുടെ മനുഷ്യരൂപങ്ങളായിരുന്നു. ഇന്ദ്രനും അഗ്നിയും വരുണനും സൂര്യനും ചന്ദ്രനും നവഗ്രഹങ്ങളും. ഇവയ്‌ക്കെല്ലാം ശേഷമാണ്‌ ബ്രഹ്‌മാവും, വിഷ്‌ണുവും, ശിവൻപോലും പുരാണത്തിൽ രംഗപ്രവേശം ചെയ്യുന്നത്‌. അക്കാലംമുതൽതന്നെ പ്രകൃതിദേവതകളെ ആരാധിച്ച്‌ അവരുടെ അനുഗ്രഹം വാങ്ങുകയെന്നത്‌ ഏതു കർമ്മത്തിന്റെയും ആദ്യത്തെപ്പടിയായിരുന്നു. പ്രകൃതി ദേവതകൾക്ക്‌ അനുഗ്രഹിക്കാൻ കാലമുണ്ട്‌, സമയമുണ്ട്‌. നല്ല സമയം, നല്ല മുഹൂർത്തം. ബിർളായെപ്പോലുളള ഉത്തരേന്ത്യൻ ബുർഷാ വ്യാപാരി വ്യവസായികളാരും മുഹൂർത്തം നോക്കാതെ ഒരു പുതിയ പ്രവർത്തനത്തിനും ഹരിശ്രീ ചെയ്യുകയില്ല. ജാതകവശാൽ നല്ലകാലമല്ലെങ്കിൽ കാത്തിരിക്കും, നിഷ്‌ക്രിയരായി. നമ്മളതൊന്നും നോക്കാറില്ല. നല്ലനാളും, മുഹൂർത്തവും, ശകുനവും ഒന്നും. അത്‌ നോക്കണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ എന്തുകാര്യത്തിലും അദൃശ്യമായ ഒരു ശക്തി തന്നെ നയിക്കുന്നുണ്ട്‌ എന്നു വിശ്വസിക്കുന്നത്‌ നല്ലതാണ്‌. നമുക്ക്‌ അഹങ്കാരം കുറയും. അല്‌പം പേടി. ഒന്നുകൂടി ആലോചിക്കാനുളള സമയം. എടുത്തുചാട്ടത്തിന്‌ ഒരു കടിഞ്ഞാൺ.

ശരിയായിരുന്നു.

ഏറെ മാസങ്ങളായി, എത്രയെത്ര ചർച്ചകൾ നടന്നു. എത്രയെത്ര പുതിയ ആശയങ്ങൾ വന്നു, എന്നിട്ടൊന്നും ഒരു രൂപത്തിലെത്തിയില്ല.

പക്ഷെ, പെട്ടെന്ന്‌, ഒരുദിവസം,

മൂന്നാഴ്‌ചമുമ്പാണ്‌.

അന്നുമുതൽ എല്ലാ കാര്യങ്ങളും യാതൊരു വിഘ്‌നവും കൂടാതെ അതിവേഗത്തിൽ പുരോഗമിക്കുകയാണ്‌.

ഡേവി ഇൻഡസ്‌ട്രീസ്‌ എന്ന പേര്‌ കമ്പനിക്ക്‌ നൽകാം എന്ന ക്ലിയറൻസ്‌ കമ്പനി രജിസ്‌ട്രാറിൽനിന്നും ലഭിച്ചു. നാലുമാസമായി അപേക്ഷ പലയിടത്തും ചുറ്റിക്കറങ്ങുകയായിരുന്നു. കംപ്യൂട്ടർവത്‌ക്കരിക്കപ്പെട്ട സിസ്‌റ്റത്തിലേക്ക്‌ പഴയ പേരുകൾ മാറ്റുന്ന പരിപാടി നടന്നുകൊണ്ടിരുന്ന ഇടവേളയിൽ സ്വാഭാവികമായും പല പ്രശ്‌നങ്ങളും ഉണ്ടായി. കൃത്യമായി പരിശോധന അസംഭവ്യമായി. പക്ഷെ ഒരിക്കൽ പേരുകൾ കംപ്യൂട്ടറിലെത്തി, ഡൽഹിയിൽനിന്നും ഓ.കെ. വന്നപ്പോൾ, പിന്നെ എല്ലാം എളുപ്പമായി.

രണ്ടു ദിവസം. ക്ലിയറൻസ്‌ കിട്ടി.

സമയത്തിന്റെയാണ്‌. അല്ലെങ്കിൽ സതീഷും മിനുവും കൂടി കൊച്ചിയിൽ വരണോ? യാദൃച്ഛികമായി ഹോട്ടലിലെ റിസപ്‌ഷനിൽ വച്ച്‌ മിനു, സൗമിത്രയെ കാണണോ! സൗമിത്ര ആദ്യമായിട്ടാണ്‌ എറണാകുളത്ത്‌ താജിന്റെ പുതിയ ഹോട്ടലിൽ പോകുന്നത്‌. അതും ആ ദിവസം! ആ നിമിഷം!

സതീഷ്‌ ഹിം ഗൊരാനി ഹോംഗ്‌കോംഗ്‌ ആധാരമാക്കി ബിസിനസ്സ്‌ നടത്തുന്ന ഒരു വിദേശ ഇന്ത്യക്കാരനാണ്‌. തെക്കും, തെക്കുകിഴക്കും ഏഷ്യയിലെ മിക്ക പ്രധാന നഗരങ്ങളിലും സതീഷിന്‌ ഓഫീസുകൾ. എല്ലാ രാജ്യങ്ങളി​‍ും അയാൾക്ക്‌ ബിസിനസ്സ്‌ ബന്ധമുണ്ട്‌. ജപ്പാൻ, തെക്കൻകൊറിയ, തായ്‌വാൻ, ഫിലിപ്പൈൻസ്‌, തായ്‌ലന്റ്‌, ഇൻഡോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, എവിടെയും ബിസിനസ്സ്‌ സർക്കിളിൽ കോക്ക്‌ടയിൽ പാർട്ടികൾ നടക്കുമ്പോൾ അവിടെ കൂടിയിരിക്കുന്നവരിൽ നല്ല ഒരു ശതമാനം ആൾക്കാരും സതീഷിനെ അറിയുന്നവരായിരിക്കും. ആറടി ഉയരം, സുമുഖൻ, അല്‌പം കൂർത്ത നാസിക, അലസമായി നെറ്റിയിലേക്ക്‌ വീണ മുടി, ക്ലീൻഷേവ്‌ ചെയ്‌ത തുടുത്ത മുഖം, ആരെയും ആകർഷിക്കുന്ന കണ്ണുകൾ, കൈയിൽ പാതി നിറഞ്ഞ ഗ്ലാസ്‌. സതീഷ്‌ ഗ്ലാസ്‌ കൈയിൽ വയ്‌ക്കുകയല്ലാതെ, ആദ്യത്തെ പെഗ്‌ കഴിഞ്ഞാൽ ഒരിക്കലും പാർട്ടിക്കിടയിൽ ഗ്ലാസ്‌ മൊത്താറില്ല. ഒരു പെഗ്ഗിന്‌ മണം നൽകാനുളള ശക്തിയുണ്ട്‌. പക്ഷെ തലച്ചോറിലെ സെല്ലുകളെ കീഴടക്കാനുളള ശക്തിയില്ല. അതുകൊണ്ട്‌ എന്റെ ജോലിയിൽ എനിക്ക്‌ ഒരു പെഗ്‌ മതി. ഒരു പെഗ്‌ വേണം താനും. അതും മറ്റൊന്നും വേണ്ട. സ്‌കോച്ച്‌ മാത്രം.

സതീഷ്‌ ഹിം ഗൊരാനി എന്ത്‌ ബിസ്സിനസ്സാണ്‌ ചെയ്യുന്നതെന്ന്‌ ചോദിച്ചാൽ കൃത്യമായി ആർക്കും പറയാൻ സാധിക്കുകയില്ല. പക്ഷെ ഏതു ബിസിനസ്സാണ്‌ ചെയ്യാത്തതെന്നു ചോദിച്ചാലും അതിനുത്തരം പറയാൻ കഴിയുകയില്ല. തായ്‌ലന്റ്‌ ഗവൺമെന്റിന്‌ പുതിയ റോഡ്‌ പണിയിൽ വിദഗ്‌ധരായ കോൺട്രാക്‌റ്റിംഗ്‌ കമ്പനിയെ വേണം. പുതിയ തായ്‌വാൻ കമ്പനിക്ക്‌, ജപ്പാൻ കമ്പനിയെ തോൽപ്പിച്ച്‌ ഇന്ത്യൻ മാർക്കറ്റിൽ കയറാൻ പറ്റിയ ഏജൻസി വേണം- വാർത്ത പുറത്തുവന്നാൽ മതി, സഹായിക്കാനായി സതീഷ്‌ എത്തും. സതീഷ്‌ ഒരു കമ്മീഷൻ ഏജന്റല്ല. ആരേയും കബളിപ്പിക്കുകയുമില്ല. താൻ നൽകുന്ന സഹായത്തിന്‌ പകരമായി പണമായോ, മറ്റുതരത്തിലോ, ആനുകൂല്യങ്ങൾ വാങ്ങും. അത്ര മാത്രം. പല രാജ്യങ്ങളിലും വിപ്ലവകാരികൾക്കും, അവരെ അടിച്ചമർത്താൻ സർക്കാരിനും, പഴയ രീതിയിലുളള ആയുധങ്ങൾ നൽകുന്ന ഇടപാടും അതിരഹസ്യമായി സതീഷ്‌ ചെയ്യാറുണ്ട്‌. അദ്ദേഹത്തിന്‌ തത്ത്വശാസ്‌ത്രമില്ല. സ്‌നേഹിതരില്ല. ശത്രുക്കളില്ല. പക്ഷെ എല്ലാവർക്കുമറിയാം ആൾ വിശ്വസ്‌തനാണ്‌.

സതീശ്‌ ഒരു വലിയ ജാപ്പനീസ്‌ ഗ്രൂപ്പിനുവേണ്ടി, കേരളം സന്ദർശിക്കാൻ വന്നതായിരുന്നു. കേരളവും ഗോവയുമാണ്‌ കാശ്‌മീരിന്റെ അഭാവത്തിൽ വിനോദസഞ്ചാരികളുടെ പ്രധാനകേന്ദ്രമായി മാറുന്നത്‌. ഇവിടെ ഏതെല്ലാം വിധത്തിലുളള ടൂറിസ്‌റ്റ്‌ ആകർഷണങ്ങൾ സംവിധാനം ചെയ്യാൻ പറ്റും എന്ന ഒരു അന്വേഷണം നടത്തുകയായിരുന്നു ലക്ഷ്യം. ഇന്ത്യൻ ഗ്രൂപ്പുകളുമായി ചേരാനും വിരോധമില്ലാത്തവരായിരുന്നു ജാപ്പാനീസ്‌ ഗ്രൂപ്പ്‌.

കൊച്ചിയിൽ വന്നതിന്റെയന്ന്‌ വൈകിട്ടായിരുന്നു, മിനു, സൗമിത്രയെ കണ്ടത്‌.

മിനു, സതീഷിന്റെ പ്രൈവറ്റ്‌ സെക്രട്ടറി, സൗമിത്ര, ബോംബെയിലായിരുന്ന കാലത്ത്‌ രണ്ടുവർഷം കോളേജിൽ ഒന്നിച്ചു പഠിച്ചിട്ടുണ്ട്‌. മിനുവിന്റെ അച്ഛൻ ഹോംഗ്‌കോംഗിലെ ഒരു ബിസിനസ്സുകാരനാണ്‌. അമ്മ മലയാളിയും. കറുത്ത അഴകുളള മലയാളിക്കണ്ണുകളും കറുത്തു ചുരുണ്ട മുടിയും അമ്മയിൽനിന്ന്‌ മിനുവിന്‌ കിട്ടിയിരുന്നു. അച്ഛനിൽനിന്ന്‌ പഴുത്ത ഗോതമ്പിന്റെ തിളങ്ങുന്ന വർണവും, ചെമന്ന ചുണ്ടുകളും. കോളജ്‌ ബ്യൂട്ടിയായിരുന്നു, മിനു.

ഹോട്ടലിലെ ലോബിയിൽവച്ച്‌ യാദൃച്ഛികമായി കണ്ടപ്പോൾ ആദ്യം ഇരുവരും ഒന്നു സംശയിച്ചു. പെട്ടെന്ന്‌ അവർ തിരിച്ചറിഞ്ഞു. സതീഷിനോടൊപ്പം പുറത്തേക്കുപോകാൻ കാത്തിരിക്കുകയായിരുന്നു മിനു. സതീഷ്‌ വരാൻ താമസിച്ചു. അതു നന്നായി.

കൈമൾ പിന്നീട്‌ ദാസിനോടു പറഞ്ഞു.

സാറ്‌ പറഞ്ഞത്‌ ശരിയാണ്‌. അല്‌പം നേരത്തെ, സതീഷ്‌ വന്നിരുന്നെങ്കിൽ, സതീഷും മിനുവുംകൂടി പുറത്തുപോയേനെം. മിനു, സൗമിത്രയെ കാണുകയുമില്ല. ദാ, ഈ പരിപാടി ഒന്നും നടക്കുകയുമില്ല.

അന്ന്‌ വൈകിട്ട്‌ വെറുതെ ഒരു ഡ്രിംക്‌സിന്‌ എന്നുപറഞ്ഞ്‌ കൈമൾ സതീഷിനെ ക്ഷണിച്ചു. വൈകിട്ട്‌ കായലിൽ ഒരു കറക്കം. ദാസും, ബാബുവും ഒപ്പം വന്നു. സൗമിത്രയും മിനുവും അവരുടെ പഴയ കോളേജ്‌ ദിനങ്ങളിലേക്ക്‌ അതിവേഗം പാഞ്ഞു.

മിനുവിന്റെ അച്ഛനും അമ്മയും തമ്മിലുളള വിവാഹബന്ധം നേരെത്തേതന്നെ അസ്വാരസ്യത്തിന്റെ ചരടുകളിൽ മാത്രം തൂങ്ങിക്കിടക്കുകയായിരുന്നു. മിനു, സൗമിത്രയോടൊപ്പം പഠിച്ചിരുന്ന കാലത്താണ്‌ മാതാപിതാക്കളുടെ വിവാഹമോചനം നടന്നത്‌.

മിനു പറഞ്ഞു.

അച്ഛൻ ഹോംഗ്‌കോംഗിലുണ്ട്‌. അമ്മ ബോംബെയിലും. ഞാൻ കോൺടാക്‌ട്‌ ചെയ്യാറില്ല. അവർ എനിക്ക്‌ ബെർത്ത്‌ഡേ കാർഡും ക്രിസ്‌മസ്‌ ഗ്രീറ്റിംഗസും അയയ്‌ക്കുമായിരുന്നു. രണ്ടുമൂന്നുവർഷമായി അതും നിന്നു.

ആർ യു ഹാപ്പി?

തീർച്ചയായും.

നീ?

ഞാൻ സതീഷിന്റെ കൂട്ടുകാരികൂടിയാണ്‌. കംപാനിയൻ. ഭാര്യയെക്കാളും അയാൾക്കാവശ്യം എന്നെയാണ്‌. സതീഷിന്‌ പൗവർ ഉണ്ട്‌. ശക്തി, അതിലൊരു ഭാഗം എനിക്കുമുണ്ട്‌. ഐ ലൈക്കിറ്റ്‌.

ബോട്ട്‌, കായലിലെ ഒരു ചെറിയ ദ്വീപിനെ വലംചുറ്റുകയായിരുന്നു. അഴിയിൽനിന്നും പൈലറ്റ്‌ബോട്ടിനു പിന്നാലെ കപ്പൽച്ചാലിലൂടെ, തീപ്പെട്ടിക്കൂടുകൾ അടുക്കിവച്ചതുപോലെ കണ്ടെയിനറുകൾ നിരത്തിയ ഒരു കൂറ്റൻ കപ്പൽ മെല്ലെ ഒഴുകിവരുന്നു.

മിനു പറഞ്ഞു.

നിനക്കറിയാമോ, ഇപ്പോൾ ഞങ്ങൾ വിചാരിച്ചാൽ സൗത്ത്‌ ഏഷ്യയിലെ രണ്ടുമൂന്നു രാജ്യങ്ങളിലെങ്കിലും ഭരണമാറ്റം നടത്തിക്കാൻ സാധിക്കും.

സൗമിത്ര ചിരിച്ചു.

അതൊന്നും വേണ്ട. നീ ഒരു കാര്യം ചെയ്‌തു തന്നാൽമതി. ഞങ്ങളുടെ പ്രോജക്‌ടിനു പറ്റിയ ഒരു വിദേശപാർട്ടിയെ കണ്ടുപിടിച്ചുകൊണ്ടുത്തരൂ. അതു നിന്നെക്കൊണ്ടാകുകില്ലേ?

തീർച്ചയായും.

അവിടെയായിരുന്നു, തുടക്കം. അതായിരുന്നു മുഹൂർത്തം.


Generated from archived content: private_limited29.html Author: klm_novel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here