സാധാരണക്കാരനായ ഇന്ത്യൻ പൗരന്റെ പോട്ടോ

താഡയെക്കാൾ ഭേദമാണ്‌ പോട്ടോ എന്ന്‌ ഒരു മാതിരി എല്ലാ രാഷ്‌ട്രീയപ്പാർട്ടികളുടെയും നിയമോപദേശങ്ങർ വിധി എഴുതിയപ്പോൾ ഇതേക്കുറിച്ചൊന്നും വലിയ വിവരമില്ലാത്ത സാധാരണ ഇന്ത്യൻ പൗരന്‌ ആകെ പറയാൻ ഒന്നേയുളളു.

എന്റെ നേരെയാണെങ്കിൽ മിസയും താഡയും പോട്ടോയും ഒന്നും വേണ്ട. കുറ്റവാളികൾക്കെതിരെ ആണെങ്കിൽ ഒട്ടും തരക്കേടില്ല. അത്‌ ആവശ്യമാണ്‌ താനും. കുറച്ചുകൂടി കർശനമാക്കിയാലും വേണ്ടില്ല.

വാണിജ്യ മന്ത്രി മുരശ്ശൊളിമാരനും പറഞ്ഞത്‌ ഇതു തന്നെയാണ്‌.

പണ്ട്‌ ഞാൻ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത്‌ മിസയെ അനുകൂലിച്ചു. പക്ഷെ മിസ നിയമം ആയിക്കഴിഞ്ഞ്‌ അതനുസരിച്ച്‌ ആദ്യമായി അറസ്‌റ്റു ചെയ്യപ്പെട്ട കൂട്ടരിൽ മുമ്പൻ ഞാനായിരുന്നു.

മുരശ്ശൊളിമാരന്റെ ദ്രാവിഡമുന്നേറ്റകഴകം കേന്ദ്രത്തിലെ ഭരണപ്പാർട്ടിയാണെങ്കിലും പോട്ടോയെ എതിർക്കുന്നത്‌ ഇന്ത്യക്കാരന്റെ സ്വാതന്ത്ര്യത്തിലുളള കൂച്ചുവിലങ്ങായി പോട്ടോ മാറും എന്ന വിശ്വാസത്തിലെ ആത്മാർത്ഥത കൊണ്ടു മാത്രമായിരിക്കില്ല, ജയലളിതാജിയെ പേടി ഉളളതുകൊണ്ടും കൂടിയാണ്‌ എന്നു നമുക്കറിയാം. ജയലളിതാജിയാണെങ്കിൽ പോട്ടോ വളരെ ആവശ്യമാണ്‌ എന്ന മട്ടിൽ ഒട്ടും ചമ്മലില്ലാതെ തങ്ങൾ എതിർക്കുന്ന ബി.ജെ.പിയെ ഇക്കാര്യത്തിൽ ആവേശത്തോടെ പിന്താങ്ങുകയും ചെയ്യുന്നു.

അപ്പോൾ സംഭവം വളരെ ലളിതമാണ്‌.

നിയമമല്ല, എതിർക്കേണ്ടത്‌. അതിന്റെ ഉപയോഗമാണ്‌.

താഡയുടെ ഉപയോഗത്തെക്കുറിച്ച്‌ പ്രധാനമന്ത്രി ബാജ്‌പൈജി പ്രതിപക്ഷനേതാവ്‌ സോണിയാജിയോട്‌ വിശദീകരിച്ചതായി വാർത്ത വായിച്ചു.

താഡ ഉപയോഗിച്ച്‌ ജമ്മു കാശ്‌മീറിന്‌ വെളിയിൽ അറസ്‌റ്റു ചെയ്യപ്പെട്ടവരിൽ വെറും നാലരശതമാനമേ ന്യൂനപക്ഷസമുദായത്തിൽ പെട്ടവരുളളൂ. ഇതിൽ ബോംബെ സ്‌ഫോടനത്തിൽ അറസ്‌റ്റു ചെയ്യപ്പെട്ടവരും ഉൾപ്പെടുന്നു.

പത്രക്കാർ പറയുന്നു.

പോട്ടോ പ്രകാരം ഇരുപത്തിമൂന്ന്‌ സംഘടനകളെയാണ്‌ ഭീകരായി പ്രഖ്യാപിച്ചിരുന്നത്‌. അതിൽ ആറെണ്ണമേ ജമ്മു കാശ്‌മീറിലേതുളളു. അവ 1967 ൽത്തന്നെ ഉയാപ്പാ വഴി നിരോധിച്ച സംഘടനകളാണ്‌. പഞ്ചാബിലെ നാല്‌, മണിപ്പൂരിൽ ആറ്‌, ആസാമിലും ത്രിപുരയിലും ഈരണ്ട്‌ തുടങ്ങിയ സംഘടനകളിൽ പലതിനും കൃത്യമായ മെമ്പർഷിപ്പോ രേഖകളോ ഇല്ലാത്തവയാണ്‌. അതുകൊണ്ട്‌ ലോക്കൽ നിയമപാലകർ വിചാരിച്ചാൽ ആരെയും പോട്ടോയുടെ പരിധിയിൽ കൊണ്ടുവരാം.

സിമിയും ദീൻദാർ അൻജുമാനും എൽ ടി ടി ഇയും പോട്ടോയിൽ വന്നു. പക്ഷെ ആന്ധ്രയിലും മദ്ധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും ബീഹാറിലും ഗ്രാമങ്ങളെ വിറപ്പിക്കുന്ന (ചില ഏരിയകളിൽ സമാന്തരഭരണം നടത്തുന്നു എന്നുപോലും റിപ്പോർട്ടുളള) പീപ്പിൾസ്‌ വാർ ഗ്രൂപ്പ്‌ പോട്ടോയിൽ ഇതുവരെ പെട്ടിട്ടില്ല. അതും വന്നേക്കാം.

പോട്ടോ നിയമത്തിലെ ചില കാര്യങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച്‌ (പ്രത്യേകിച്ചും പത്രപ്രവർത്തകർ വിവരം നൽകേണ്ടതിനെക്കുറിച്ചും സാക്ഷിമൊഴികൾ തെളിവായി എടുക്കേണ്ടതിനെക്കുറിച്ചുളളതും) നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിൽ രാഷ്‌ട്രീയനേതൃത്വം മാറ്റിയെടുക്കും എന്നതിനും സംശയമില്ല. ഈ നിയമം അടുത്തു വരുന്ന തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ടാണ്‌ എന്ന വാദവും അത്ര ഗൗരവമായി ആരും പറയുന്നില്ല.

നിയമത്തിന്റെ ആവശ്യകതയെക്കുറിച്ചല്ല പ്രത്യത ഭരിക്കുന്നവരുടെ ഉദ്ദേശശുദ്ധിയെക്കുറിച്ചേ ഭരണം കൈവശമില്ലാത്ത മറ്റു രാഷ്‌ട്രീയകക്ഷികൾക്ക്‌ സംശയമുളളു എന്നത്‌ നാം സാധാരണക്കാർ ഗൗരവമായി എടുക്കേണ്ടതാണ്‌. പാർലമെന്റിനെക്കാളും, ജൂഡീഷ്യറിയെക്കാളും, ശക്തി എക്‌സിക്യൂട്ടീവ്‌ കൈവരിക്കും എന്ന ഭയം മാത്രമാണ്‌ പോട്ടോയെ എതിർക്കുന്നവരിൽ മിക്കവർക്കും ഉളളത്‌. ഇതിൽ രാഷ്‌ട്രീയമായ വൈരം തീർക്കാൻ പോട്ടോ ഉപയോഗിച്ചേക്കും എന്ന ഭയമാണ്‌ പാർട്ടികൾക്ക്‌. അങ്ങിനെ വരാനിടയുളളള പഴുതുകൾ അടയ്‌ക്കുന്നതിലാണ്‌ ഏവരുടെയും ശ്രദ്ധ. വെറും ഒറ്റപ്പെട്ട, പണമോ പിടിപാടോ ഇല്ലാത്ത സാധാരണക്കാരനെ എത്രത്തോളം ഇത്തരുണത്തിൽ നാം മുന്നിൽ കാണുന്നു എന്നത്‌ ആലോചിക്കേണ്ട വസ്‌തുതയാണ്‌.

ടെററിസ്‌റ്റ്‌ എന്നതിന്റെ നിർവചനത്തിലോ നിയമം ദുരുപയോഗപ്പെടുത്താതിരിക്കാൻ ഉൾപ്പെടുത്തിയിട്ടുളള നിബന്ധനകളിലോ വന്നിരിക്കുന്ന നേരിയ വ്യത്യാസങ്ങളെക്കുറിച്ച്‌ ചർച്ച നടത്തുമ്പോഴും എനിക്കു തോന്നുന്നത്‌ എന്തോ അടിസ്ഥാനപരമായ വഴുക്കലുകൾ നമ്മുടെ നീതിവ്യവസ്ഥയിലുളളതിനെ നാം കാണാൻ ശ്രമിക്കുന്നില്ല എന്നാണ്‌.

ഇന്ത്യൻ നീതിനിയമവ്യവസ്ഥയ്‌ക്ക്‌ അയ്യായിരം കൊല്ലത്തെയെങ്കിലും രേഖയുളള ചരിത്രമുണ്ട്‌. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ ഒരു കൊളോണിയൽ ന്യായവ്യവസ്ഥ അന്നുവരെയുളള രീതി പ്രാകൃതമെന്നുപോലും കണക്കാക്കാതെ തിരസ്‌ക്കരിച്ച്‌ ഇന്ത്യൻ ഗ്രാമീണനെ മനസ്സിലാക്കാത്ത വെസ്‌റ്റ്‌ മിനിസ്‌റ്റർ നിയമങ്ങൾ നമ്മുടെ തലയിൽ കെട്ടി വച്ചു. അതിന്റെ ഭാരത്തിലാണ്‌ ഇന്നും നാം. ഇന്ന്‌ ഇന്ത്യ ഭരിക്കുന്ന മദ്ധ്യവർത്തി സമൂഹം, ഈ ലേഖനങ്ങൾ എഴുതുന്നവരും വായിക്കുന്നവരുമായ നാമെല്ലാം ഉൾപ്പെടുന്ന സമൂഹം, ഒരിക്കലും ഈ വെസ്‌റ്റ്‌ മിനിസ്‌റ്റർ നിയമവ്യവസ്ഥയിൽനിന്ന്‌ പാവപ്പെട്ട ഇന്ത്യാക്കാരന്‌ സ്വാതന്ത്ര്യം നൽകാൻ യാതൊരു ശ്രമവും നടത്തുന്നില്ല. കുറ്റവാളിയെന്ന്‌ അയൽക്കാരനും സമൂഹത്തിനും വ്യക്തമായി അറിയാവുന്ന സാമൂഹ്യദ്രോഹികൾക്കുപോലും ശിക്ഷ നൽകാൻ തെളിവുകളുടെ ശരിതെറ്റുകളിൽ മാത്രം വിധി നിർണ്ണയിക്കാൻ അധികാരമുളള വെസ്‌റ്റ്‌ മിനിസ്‌റ്റർ സിസ്‌റ്റം പിന്തുടരാൻ നിർബന്ധിതരായ നമ്മുടെ ജുഡീഷ്യറിക്കു കഴിയുന്നില്ല. സാമൂഹ്യനീതിക്കുവേണ്ടി നിയമങ്ങളെ വ്യാഖ്യാനിക്കാൻ കഴിവും ധൈര്യവുമുളള ധിഷണാശാലികളായ ന്യായാധിപർക്കുപോലും ഈ ചട്ടക്കൂട്ടിൽ നിന്ന്‌ മിക്കപ്പോഴും പുറത്തേക്കു കടക്കാൻ കഴിയുന്നില്ല.

കുറ്റം ചെയ്യാത്തവർ ശിക്ഷിക്കപ്പെടാൻ പാടില്ല. അതുകൊണ്ട്‌ നൂറു കുറ്റവാളികൾ രക്ഷപ്പെട്ടാലും സാരമില്ല, ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്‌ എന്ന പ്രശസ്‌തമായ വാക്കുകളുടെ മഹനീയത വാഴ്‌ത്തി നാം നമ്മുടെയിടയിലെ മിക്ക കുറ്റവാളികളെയും വെറുതെ വിടാൻ ജൂഡീഷ്യറിയെ നിർബന്ധിതരാക്കുന്നു. തെളിവ്‌ കൊണ്ടു വരേണ്ടത്‌ വാദിയുടെ ചുമതല മാത്രമായിരിക്കുമ്പോൾ തെളിവ്‌ വരുത്താതിരിക്കാനും ഇല്ലാതാക്കാനും ശക്തനായ പ്രതിക്ക്‌ എളുപ്പമാണ്‌. നിയമത്തിന്റെ നൂലാമാലകളിൽ വിദഗ്‌ദ്ധരായ ബുദ്ധിശാലികളായ അഭിഭാഷകരെ വിലയ്‌ക്കു കിട്ടാൻ പ്രത്യേകിച്ചും വളരെ എളുപ്പമായ നമ്മുടെ വ്യവസ്ഥയിൽ അല്‌പം ബുദ്ധിയും ധാരാളം പണമോ പിടിപാടോ ഏതെങ്കിലുമുളള മിക്ക കുറ്റവാളികളും ജൂഡീഷ്യറിയുടെ മുന്നിൽ നിന്നും അനിഷേധ്യമായ തെളിവുകളുടെ അഭാവത്തിൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടുക വെറും സാധാരണ സംഭവമാണ്‌. ഉദാഹരണങ്ങൾക്ക്‌ ദൂരെയെങ്ങും പോകേണ്ട. ചുറ്റും നോക്കിയാൽ മതി.

ഈ ചുറ്റുപാടിൽ പോട്ടോയെ കാണേണ്ടത്‌ ഒരു പുതിയ കാഴ്‌ചപ്പാടിലൂടെ ആകണം.

ഭീകരവാദം അന്തർരാഷ്‌ട്ര സമൂഹം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നേരിടാൻ പോകുന്ന ഏറ്റവും ശക്തനായ പോരാളിയാണ്‌. ഇന്ത്യയ്‌ക്ക്‌ ഈ ശത്രുവിനെ ആദ്യം തന്നെ എതിരിടേണ്ടി വന്നിട്ടുണ്ട്‌. കഴിഞ്ഞ പതിനഞ്ചു വർഷത്തിൽ അമ്പത്തിനാലായിരം നിരപരാധികളായ സാധാരണക്കാരാണ്‌, സ്‌ത്രീകളും കുട്ടികളുമുൾപ്പെടെ ഇന്ത്യയിൽ ഭീകരവാദികളുടെ ആക്രമണത്തിനിരയായി ജീവൻ വെടിഞ്ഞത്‌. ശാസ്‌ത്രവും സാങ്കേതികജ്‌ഞ്ഞാനവും അനുദിനം നൽകിക്കൊണ്ടിരിക്കുന്ന പുതിയ പുതിയ അറിവുകളും ആയുധങ്ങളും കൈവശമാക്കി സമൂഹത്തിന്റെ നിലനിൽപ്പിനെപോലും അപകടത്തിലാക്കുന്ന ഭീകരവാദം അനുദിനം വളർന്നു കൊണ്ടിരിക്കുകയാണ്‌. മനുഷ്യജീവനോ ഇന്നുവരെ നാം ശരിയെന്നു കരുതിയിരുന്ന തത്വങ്ങൾക്കോ യാതൊരു വിലയും നൽകാത്ത ഒരു അൾട്രാ ഫാസിസ്‌റ്റ്‌ ചിന്താഗതി ഈ ഭീകരവാദം വളർത്തിക്കൊണ്ടു വരുന്നുമുണ്ട്‌. ഈ ചിന്താഗതിയുടെ ഏറ്റവും കർക്കശമായ ദുര്യോഗം അനുഭവക്കേണ്ടി വരുന്നത്‌ ഇന്ത്യയെപ്പോലെ ഇന്നും അഭിപ്രായസ്വാതന്ത്ര്യവും വോട്ടു ചെയ്‌ത്‌ ഭരണാധികാരികളെ തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യവുമുളള രാഷ്‌ട്രങ്ങൾക്കാണ്‌. ഇവിടെ ശക്തമായ നിയമവ്യവസ്ഥകൾ ഈ ചിന്താഗതി വികസിപ്പിക്കുന്നവർക്കെതിരായി വന്നില്ലെങ്കിൽ അത്‌ യാതൊരു സംശയവുമില്ലാതെ നമ്മെ വിനാശത്തിൽ എത്തിക്കും.

പൗരസ്വാതന്ത്ര്യം പൗരന്മാർക്കു വേണ്ടിയാണ്‌. മനുഷ്യാവകാശം മനുഷ്യർക്കു വേണ്ടിയാണ്‌. ഇത്‌ രണ്ടും ഭീകരവാദികൾക്കും നൽകണമെന്ന്‌ തങ്ങളും ഭീകരവാദികളുടെ ഒരു തത്വദീക്ഷയുമില്ലാത്ത ആക്രമണങ്ങൾക്ക്‌ വിധേയരായേക്കാമെന്ന്‌ ഓർക്കുന്ന ഒരു മനുഷ്യാവകാശപ്രവർത്തകനും സമ്മതിക്കുമെന്ന്‌ എനിക്കു തോന്നുന്നില്ല. ചാരുകസേര ക്രിട്ടിസിസം തോക്കും ചൂണ്ടി വരുന്ന ഭ്രാന്തന്മാരോട്‌ എത്രത്തോളം പ്രായോഗികമാകാനാണ്‌? പുതിയ പുതിയ ശത്രുക്കളെ നേരിടാൻ നിയമങ്ങൾ മാറ്റിയേ തീരു.

പോട്ടോ ആ രീതിയിൽ ഒരു ശരിയായ കാൽവയ്‌പാണ്‌. പോട്ടോ ദുരുപയോഗപ്പെടുത്താതിരിക്കേണ്ടത്‌ ഭരണാധികാരികളാണ്‌. ദുരുപയോഗപ്പെടുത്താൻ സാധ്യതയുളള, സാധാരണത്വത്തിലേക്ക്‌ കൂപ്പു കുത്തുന്ന ഭരണാധികാരികളെ ഭരണം ഏൽപ്പിക്കാതിരിക്കാൻ നമുക്ക്‌ അവകാശമുണ്ട്‌.

അപ്പോൾ അന്തിമമായി നമുക്ക്‌ ഈ നിഗമനത്തിലെത്താം. ഇനിയുളള കാലത്ത്‌ പോട്ടോ ആവശ്യമാണ്‌. അത്‌ ശരിയായി ഉപയോഗിക്കാൻ കഴിവുളള ഭരണാധികാരികളെ മാത്രമേ നാം ആ ചുമതല ഏൽപ്പിക്കാവൂ താനും.

Generated from archived content: poto.html Author: klm_novel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English