ഉയരങ്ങള്‍ കീഴടക്കുന്ന എഴുത്തുകാരന്‍

മനുഷ്യന്‍ തന്റെ പല സ്വകാര്യസ്വപ്നങ്ങളും തേടാന്‍ ഭയക്കുന്നു. കാരണം താന്‍ അത് അര്‍ഹിക്കുന്നില്ല എന്ന് അവന് പൂര്‍ണ്ണവിശ്വാസമാണ്. ഈ വിശ്വാസത്തില്‍ നിന്നും ഒരിക്കലും മുക്തനാകാന്‍ അവനു കഴിയില്ല. അതിന് കാരണം പലതാകാം. ഞാന്‍ ദരിദ്രനായി പിറന്നു. നിറം, ജാതി,ആരോഗ്യം, പശ്ചാത്തലം,ആചാരം ഇവയൊക്കെ എന്നെ ഞാനാക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു.എനിക്ക് സ്വപ്നം തേടാനുള്ള അവസരം നിഷേധിക്കുന്നു. അന്തസ്സ്, മാനം, അധികാരം,ധനം എല്ലാം കൂച്ചുവിലങ്ങുകളാണ്. ഞാന്‍ പെണ്ണായിട്ടാണ് പിറന്നതെങ്കില്‍ പിന്നെ പറയുകയും വേണ്ട്. ശാരീരികമായിത്തന്നെ ഞാന്‍ ദുര്‍ബലയായിക്കഴിഞ്ഞു. ശിലായുഗം മുതല്‍ സ്ത്രീക്ക് പുരുഷനെ ആശ്രയിക്കാതെ നിവര്‍ത്തിയില്ലാത്ത വ്യവസ്ഥയായിരുന്നു. സ്ത്രീക്ക് വിദ്യ അഭ്യസിക്കാനോ വ്യാപാരം ചെയ്യാനോ ജോലിയെടുക്കാനോ അനുവാദമില്ല.കുഞ്ഞിനെ പ്രസവിക്കുക, മുലയൂട്ടി വളര്‍ത്തുക രണ്ടും പുരുഷന് ചെയ്യാന്‍ പറ്റില്ല. തനിക്കും കുഞ്ഞിനും ആഹാരം നല്‍കാന്‍ പ്രായോഗികമായ ഒരു സാമൂഹ്യ സംവിധാനത്തിലേക്ക് നാം എത്തിച്ചേരുകയാണുണ്ടായത്. സ്ത്രീപുരുഷബന്ധത്തിന് വൈകാരികതക്കപ്പുറം കുടുംബം എന്നത് അനിവാര്യമാണെന്ന ആശയം സംസ്ക്കാരങ്ങളും നാഗരികതയും മതങ്ങളും അടിവരയിട്ട് പഠിപ്പിച്ചു. വിവാഹം സ്വര്‍ഗ്ഗത്തിലാണ് നടക്കുന്നതെന്ന് വിശ്വസിപ്പിച്ചു. മനുഷ്യന്‍ ശാരീരികമായി ഒരു ഇണയില്‍ മാത്രം ഒതുക്കപ്പെടാ ന്‍ ‍പ്രകൃതി നിര്‍ദ്ദേശിക്കുന്നില്ല. ഇണചേരുവാനുള്ള ആവേശത്തിന് മറ്റു ജീവികളേപ്പോലെ ഒരു ഹീറ്റ് പീരിയേഡും പ്രകൃതി മനുഷ്യനു നല്‍കിയിട്ടില്ല. പക്ഷേ മനുഷ്യന്‍ ഈ കുടുംബ സംവിധാനത്തിന്റെ നിലനില്പ്പിനും വളര്‍ച്ചക്കും വേണ്ടി നിയമങ്ങളും ശരിതെറ്റുകളും സൃഷ്ടിച്ചു.

ചരിത്രാതീതകാലം മുതല്‍ നിലനിന്നിരുന്ന ഈ വ്യവസ്ഥിതിക്ക് ഒരു കാര്യമായ ഉലച്ചില്‍ ഉണ്ടായത് ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തോടു കൂടിയാണ്. ഇക്കാലത്തുണ്ടായ ശാസ്ത്രത്തിന്റെ അദ്ഭുതാവഹമായ വളര്‍ച്ച വ്യക്തികളുടെ ശാരീരിക മാനസികഭാവങ്ങളില്‍ വരുത്തിക്കൊണ്ടിരുന്ന വിപ്ലവം പ്രവചനങ്ങള്‍ക്ക് അപ്പുറമായിരുന്നു. ആ ഉലച്ചില്‍ മാനവസമൂഹത്തിന്റെ ഒരിക്കലും ഇളക്കം തട്ടില്ലെന്നു നമ്മെ വിശ്വസിപ്പിച്ചിരുന്ന പ്രമാണവടവൃക്ഷങ്ങളുടെ ചില്ലകളെ ആട്ടുന്ന കാറ്റാക്കിക്കഴിഞ്ഞിരുന്നു. കാറ്റ് അനുദിനം ശക്തിയാര്‍ജ്ജിച്ച് വലുതാകുകയാണ്.അത് കൊടുങ്കാറ്റായി മാറും. ഈ കൊടുങ്കാറ്റില്‍ എത്ര കൊമ്പുകളാണ് പൊട്ടിവീഴാന്‍ പോകുന്നതെന്നറിഞ്ഞു കൂട. വടവൃക്ഷങ്ങള്‍ തന്നെ പിഴുതെറിയപ്പെടാനും മതി.

ഈ കാറ്റ് നല്‍കിയ സ്വാതന്ത്യത്തില്‍ തങ്ങളുടെ സ്വപ്നങ്ങള്‍ തേടിയ ഏതാനും മനുഷ്യരുടെ കഥയാണ് സി.പി കൃഷ്ണകുമാര്‍ എന്ന മലയാള സാഹിത്യരംഗത്ത് അത്ര നവാഗതനല്ലാത്ത എഴുത്തുകാരന്‍ ‘ഉയരങ്ങളിലേക്ക്’ എന്ന നോവലിലൂടെ പറയുന്നത്. ഈ എഴുത്തുകാന്റെ തട്ടകം സാധാരണ മലയാളി എഴുത്തുകാരന്റെയല്ല. കാഴ്ചപ്പാടും വ്യത്യസ്തമാണ്. കോര്‍പ്പറേറ്റ് ഭീമന്മാരുടെ മാര്‍ക്കറ്റിംഗ് യുദ്ധഭൂമിയില്‍ മുംബൈയിലും സിംഗപ്പൂരിലും ദുബായിലും മദ്ധ്യപൂര്‍വേഷ്യന്‍ നാടുകളിലും വാളെടുത്ത് പട വെട്ടി ജീവിതം നയിച്ച് ചെറുപ്പക്കാരന്‍. ദിവസത്തിന്റെ ഇരുപത്തിനാലു മണിക്കൂറും കഴിഞ്ഞ് തളര്‍ന്ന മനസ്സ് ആര്‍ത്തിയോടെ പിടിച്ചെടുക്കുന്ന ഞൊടിയിടകളില്‍ കഥ പറയാനുള്ള സിദ്ധി ഗൃഹാതുരത്വത്തിന്റെ മിന്നലുകളില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നു. ‘സ്വത്വം’ എന്ന ഒരു നോവലും ‘സല്യൂട്ട്’ എന്ന ഒരു കഥാസമാഹാരവും ഈ മിന്നലുകളുടെ ഫലമായി മലയാളത്തിന് ലഭിച്ചു. ‘ഉയരങ്ങളിലേക്ക്’ ഈ എഴുത്തുകാരന്റെ മൂന്നാമതെ കൃതിയാണ്.

ലളിതമായ ശൈലി.ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ നിര്‍ബന്ധിതമാക്കുന്ന സംഭവപരമ്പര. ഇത് സംഭാവ്യമാണോ എന്നു സംസയം തോന്നിപ്പിക്കുമ്പോഴും സത്യമാണ് എന്ന് വായനക്കാരനെ ബോദ്ധ്യപ്പെടുത്തുന്ന പശ്ചാത്തലസൃഷ്ടി. ഇതിനിടയില്‍ നാമറിയാതെ ഒരുപാട് അറിവുകളൂം ചിന്താശകലങ്ങളും.

ഒരു നല്ല കഥക്ക് ഇതിലധികം എന്താണ് വേണ്ടത്?

ശ്രീ പാര്‍വ്വതി ശ്രീ പരമേശ്വരനോട് പറഞ്ഞു: എനിക്ക് ഒരു കഥ പറഞ്ഞു തരു. ആര്‍ക്കുമറിയാന്‍ പാടില്ലാത്തത്. സരസമായത്. നടന്നിട്ടില്ലാത്തത്. പക്ഷേ നടന്നു എന്നു തോന്നുന്നത്. ശ്രീ പരമേശ്വരന്‍ അങ്ങനെ ആദ്യത്തെ കഥ രചിച്ചു എന്നാണ് ഭാരതീയ പുരാണം. വിദ്യാധരന്മാരുടെ കഥ. ആ കഥ ഒളിഞ്ഞു നിന്നുകേട്ട പുഷ്പദന്തന്‍ എന്ന ഭൂതഗണപ്രധാനിയെ ശ്രീപാര്‍വതി ശപിച്ചു. ഒപ്പം അയാള്‍ക്കുവേണ്ടി ശുപാര്‍ശ നടത്തിയ ശിവപാര്‍ഷദന്‍ മാല്യവാനേയും. അവരാണ് ശാപമോക്ഷത്തിന്റെ ഭാഗമായി കാണഭൂതി എന്ന പേരില്‍ പിശാചുകളുടെ രാജാവായി ജന്മമെടുത്ത സുപ്രതീകന്‍ എന്ന യക്ഷനില്‍ നിന്നും ഈ കഥകള്‍ കേള്‍ക്കുന്നത്.

മാല്യവാന്റെ അവതാരമായ ഗുണാഡ്യനാണ് കഥകള്‍ക്ക് രൂപം നല്‍കിയത്. ഏഴുവര്‍ഷം കൊണ്ട് ഏഴുലക്ഷം കഥകള്‍. ഇലകളായിരുന്നു കടലാസ്. ചുള്ളിക്കമ്പുകള്‍ പേന, സ്വന്തം രക്തമായിരുന്നു മഷി. ഗുണാഡ്യന്റെ കഥകള്‍ കേള്‍ക്കുവാന്‍ ദേവന്മാര്‍ ആകാശത്തുവന്നു കാത്തുനിന്നു. കഥകള്‍ക്ക് രാജസദസ്സില്‍ അംഗീകാരം കിട്ടിയില്ല. ദു:ഖിതനായ ഗുണാഡ്യന്‍ ഒരു ലക്ഷം ഗ്രന്ഥം ശിക്ഷ്യന്മാര്‍ക്കു വേണ്ടി മാറ്റിവച്ച് ആറുലക്ഷം ഗ്രന്ഥങ്ങളും ഓരോ പത്രവും വായിച്ച് തീയില്‍ ഹോമിച്ച് തുടങ്ങി. ഈ കഥകള്‍ കേള്‍ക്കാന്‍ വന്യമൃഗങ്ങള്‍ ഭക്ഷണം ഉപേക്ഷിച്ച് കാത്തുനിന്നു. മരച്ചില്ലകള്‍ നിശ്ചലങ്ങളായി. പ്രകൃതിയില്‍ ഒരു ചരാചരങ്ങളും അനങ്ങിയില്ല.

ആയിരൊത്തൊന്നു രാവുകളില്‍ പറഞ്ഞ കഥ ഷെഹര്‍സാദയും മറ്റൊന്നല്ല നമുക്കു കാട്ടിത്തന്നത്.

കഥയുടെ മര്‍മ്മം അത് വായനക്കാരന്‍ ആവേശത്തോടെ കഥയില്‍ മുഴുകി വായിക്കുന്നതാകണം. സം വേദനക്ഷമമാകണം. ഈ നോവലിലെ ഭാഷയും ശൈലിയും കഥാകഥനരീതിയും ഏതു തരം വായനക്കാരനേയും ഒപ്പം കൂട്ടും എന്നതിന് ഒരു സംശയവുമില്ല. ഈ കഥ വായനക്കാരന്റെ സ്വപ്നത്തിന് നിറമേറ്റുകയും ചെയ്യും.

ഇന്ത്യ്യില്‍ സ്വപ്നം വിളയിക്കാന്‍ ഏറ്റവും നല്ല മഴയും വിത്തും ലഭിക്കുന്നത് മുംബയിലാണ്. ഗാന്ധിജിക്കുശേഷം ഇന്ത്യ ലോകത്തെമ്പാടുമുള്ള വെറും സാധാരണക്കാരുടെ ലോകത്ത് അറിയപ്പെട്ടത് സ്ലംഡോഗ് മില്യണയറിലൂടെയാണെന്നത് നമുക്ക് ഒരു അപ്രിയ സത്യമാണ് .പക്ഷെ നമുക്ക് ആ സത്യം അംഗീകരിക്കാതെ നിവൃത്തിയില്ല. രണ്ടും സ്വപ്നങ്ങളാണ്. പക്ഷേ, രണ്ടും സമാന്തരമായി അന്യോന്യം തൊടാതെ മുന്നോട്ടു പായുന്നവയല്ല. രണ്ടും പൂരകങ്ങളാണ്.

മിറാന്‍ഡാ ചാള്‍. ഉയരങ്ങള്‍ തേടാനല്ല, വെറും ജീവിക്കുക എന്ന പ്രാഥമിക ലക്ഷ്യവുമായാണ് ഈ നോവലിലെ നായകനായ ആനന്ദ് മേനോന്‍ എന്ന നാടന്‍ യുവാവ് ബോംബയിലേക്ക് ( അന്ന് മുംബൈ ആയിട്ടില്ല)എന്തെങ്കിലും ജോലി തേടി യാത്ര തിരിക്കുന്നത്. പോക്കറ്റില്‍ സുകുമാരമ്മാവന്‍ തന്റെ സുഹൃത്ത് മിറാന്‍ഡ ചാളില്‍ താമസിക്കുന്ന രാമചന്ദ്രവാര്യര്‍ക്ക് എഴുതിയ പരിചയപ്പെടല്‍ കത്തും മനസുനിറയെ വ്യക്തതയുള്ള വിഹ്വലതകളും വ്യക്തതയില്ലാത്ത സ്വപ്നങ്ങളും മാത്രമേ കൂട്ടിനുണ്ടായിരുന്നുള്ളു. ട്രയിനില്‍ വച്ചു പരിയപ്പെടുന്ന ഒരു മലയാളിയാണ് ഇങ്ങനെ ജീവിതം തേടുന്ന ആരുടേയും ആദ്യ സഹായി. ഇത് മലയാളിയുടെ സൈക്കോയുടെ ഭാഗമാണ്. ഭാഷയുടെ രകതബന്ധം. അങ്ങനെ ഒരാള്‍ ആനന്ദിനെ മിറാന്‍ഡാചാളിലേക്കു കൂട്ടിക്കൊണ്ടു വന്നു. ആനന്ദ് നിമിഷം കൊണ്ട് ബോംബെ മലയാളിയായി. രാമചന്ദ്രവാര്യര്‍ രാമേട്ടനായി. ചാളിന്റെ ദുര്‍ഗന്ധം മണമായി. അച്ചുവേട്ടന്‍ ബയോഡേറ്റ ടൈപ്പു ചെയ്തു. ജോലി തേടല്‍. മാറി മാറി ഗുമസ്തപ്പണി. ലോക്കല്‍ ട്രയിനിലെ സ്ഥിരം യാത്രികരുമായി പുഞ്ചിരിയുടെ ഗുഡ്മോര്‍ണിംഗ് സൗഹൃദം. അക്കൂട്ടത്തിലെ മംഗേഷ് ഗാംഗറെയിക്ക് ട്രയിനിലെ തിര‍ക്കിനിടയില്‍ കൈമാറുന്ന ഷിപ്പിംഗ് ലൈന്‍ കമ്പനിയിലേക്കുള്ള ജോലിക്കപേക്ഷ. ആ തിരക്കില്‍ തന്നെ രണ്ടു ദിവസം കഴിഞ്ഞ് കിട്ടുന്ന ഇന്‍റര്‍വ്യൂ കാര്‍ഡ്.

ഒരു പക്കാ ബോംബേ മലയാളിയായ ആനന്ദ് മേനോന്റെ സ്വപ്നങ്ങള്‍ക്ക് വ്യക്തത ലഭിക്കുവാന്‍ തുടങ്ങി.

മിറാന്‍ഡാ ചാള്‍. ഇവിടെ പഗഡിയിലുള്ള വീടിന് മാന്യസ്ഥാനമാണ്. തുണിമില്ലില്‍ ജോലിയുള്ള രാജപ്പന്‍ ചേട്ടനും ഭാര്യ ജാനുവമ്മയും പഗ്ഡിയിലുള്ള വീട്ടുകാരാണ്. രണ്ടു മക്കള്‍ പഠിക്കാന്‍ മിടുക്കിയായ സുഭദ്രയും ഹരീഷും. പന്ത്രണ്ടാം ക്ലാസ്സില്‍ സുഭദ്ര ഉന്നത വിജയം നേടിയപ്പോള്‍ അയല്പക്കത്തെ എല്ലാവരും ആ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു. സുഭദ്രക്ക് കൊമേഴ്സിന് അഡ്മിഷന് ഏറ്റവും മെച്ചപ്പെട്ട കോളേജിലേക്ക് ഫോറം വാങ്ങിക്കൊണ്ടുകൊടുത്തത് ആനന്ദ് മേനോനാണ്. തുണിമില്ലുകളില്‍ ഏറെക്കാലം നീണ്ടുനിന്ന സമരം.രാജപ്പന്‍ ചേട്ടന്റെ മില്ലു പൂട്ടി. രാജപ്പന്‍ ചേട്ടന് ജോലി തേടല്‍. ചെറിയ ജോലി. സാമ്പത്തിക പ്രശ്നം. കടം വാങ്ങല്‍. ഒരു സായാഹ്നത്തില്‍ ഈവനിംഗ് ക്ലാസ്സു കഴിഞ്ഞ് മടങ്ങിയെത്തിയ ആനന്ദ് മേനോന്‍ കൂലിത്തല്ലുകാരുടെ അടിയേറ്റ് നിലത്തു കിടക്കുന്ന രജപ്പന്‍ ചേട്ടനെയാണ് കണ്ടത്. കത്തിയുയര്‍ത്തി കുത്താന്‍ ശ്രമിച്ച അക്രമിയില്‍ നിന്നും രാജപ്പന്‍ ചേട്ടനെ രക്ഷിക്കാന്‍ ശ്രമിച്ച് ആനന്ദ് മേനോന്റെ പുറത്ത് കുത്തുകള്‍ വീണു. മരണം വരെ മായാത്ത തൊലിപ്പുറത്തു നിന്ന് തുടങ്ങിയ ആ മുറിവുകളുടെ തുടക്കം അവിടെ നിന്നായിരുന്നു. സുഭദ്രയുമായുള്ള അടുപ്പം, പ്രേമം, വിവാഹം, കുട്ടികള്‍, ചാളില്‍ നിന്ന് ഫ്ലാറ്റുകള്‍,പടവുകള്‍ കയറുമ്പോഴുണ്ടാകുന്ന വഴുതലുകള്‍.

തികച്ചും യാദൃശ്ചികവും അപ്രതീക്ഷിതങ്ങളുമായ ചില സംഭവങ്ങളാണ് സുഖമമായി ഒഴുകുന്ന സാധാരണ ജീവിതങ്ങളെ ആകെ മാറ്റി മറിക്കുന്നത്. അവ സന്തോഷ സൗഭാഗ്യങ്ങളിലേക്കോ, വേദനയുടെ അഗാധചുഴിക്കയത്തിലേക്കോ ജീവിതങ്ങളെ കൊണ്ടെത്തിക്കാം. ഭാഗ്യമെന്നും നിര്‍ഭാഗ്യമെന്നും നാം അതിനെ നമ്മുടെ ദൃഷ്ടി കോണിലൂടെ വ്യാഖ്യാനിക്കുന്നു. ഒരു നിമിഷത്തിന്റെ വൈകാരികതയല്ല ,മറിച്ച് വളരെയേറെ ചിന്തിച്ച് തികച്ചും ശരി എന്നു തോന്നുന്ന പ്രവൃത്തികള്‍ പോലും ഈ യാദൃച്ഛികതയുടെ മിന്നലില്‍ ‍തെറ്റായി മാറുന്നു. ഒരു പ്രഹേളികയായി, നിഴലായി സന്തതസഹചാരിയായി നമ്മോടൊപ്പം കൂടുന്നു.

ഇത്ര മാത്രമേ ,സിംഗപ്പൂരിലെ മുന്നിരയിലുള്ള ഷിപ്പിംഗ് കമ്പനിയില്‍ അതിന്റെ വളര്‍ച്ചയോടൊപ്പം അതിവേഗം ഔദ്യോഗികതലത്തില്‍ ഉന്നത സ്ഥാനത്തെത്തിയ ആനന്ദ് മേനോന്റെയും, മുംബയിലെ സാധാരണ ബാങ്കിംഗ് ജോലിയില്‍ നിന്ന് കഠിനമായ പരിശ്രമവും അത്ഭുതാവഹമായ ബുദ്ധിസാമര്‍ഥ്യവും കൊണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവുമാദരിക്കപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധയായി മാറിയ സുഭദ്രാമേനോനും സംഭവിച്ചുള്ളു.

സ്ത്രീയോട് അനുവര്‍ത്തിക്കപ്പെടുന്ന ഏറ്റവും വലിയ പാതകം വിവാഹമാണെന്നാണ് പറയുന്നത്. പുരുഷനും സ്ത്രീയും ഏക ഇണയാല്‍ ഒതുങ്ങുന്ന പ്രകൃതക്കാരല്ല. മനശാസ്ത്രപരമായി അവര്‍ ബഹുഭാര്യത്വവും ബഹുഭര്‍ത്തൃത്വവും കാംഷിക്കുന്നവരാണ്. എന്നാല്‍ നൈസര്‍ഗ്ഗികതക്ക് വിപരീതമായി അവര്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. പക്ഷെ ഉയരങ്ങളിലേക്കുള്ള പ്രയാണത്തില്‍ സ്ത്രീയും പുരുഷനും സ്വന്തം ലൈംഗികതക്ക് ഒട്ടും പ്രാധാന്യം നല്‍കാന്‍ പറ്റാത്ത മാനസികാവസ്ഥയിലേക്ക് എത്തുന്ന ദൃശ്യമാണ് നാം കാണുന്നത്.

വിവാഹത്തേക്കാള്‍ അനൗപചാരികവും രഹസ്യവുമായിരുന്നു ആനന്ദ് മേനോന്റെയും സുഭദ്രാമേനോന്റേയും ഇരുപതു വര്‍ഷത്തിനുശേഷമുള്ള വിവാഹമോചനവും

അനവധി അനവധി കഥാപത്രങ്ങള്‍ വിവിധ സംസ്ക്കാരങ്ങള്‍.

എല്ലാവരും വൈകാരികതയുടെ ലോകം വിട്ട് അന്യോന്യം അംഗീകരിക്കുന്നു. എന്താണിതിനു കാരണം?

കഥാകൃത്ത് തന്റെ കഥാപാത്രങ്ങളുടെ രേഖാചിത്രങ്ങളിലൂടെ ഇതിന് ഉത്തരം പറയാന്‍ ശ്രമിക്കുന്നു.

ഇന്ന് ലോകം ഒരു വലിയോരു പൊട്ടിത്തെറിയുടെ വക്കിലാണ് നിലകൊള്ളുന്നത് യുദ്ധത്തിന്റെ പൊട്ടിത്തെറിയല്ല. അതിനേക്കാള്‍ വലിയ, മാനവസമൂഹം ഇന്നുവരെ സ്വപ്നം കണ്ടിട്ടുപോലുമില്ലാത്ത ഒരു സ്ഫോടനം. പരമ്പരാഗത രീതിയിലുള്ള അക്രമവും മത്സരവും പോലും ഇല്ലാതാക്കുന്ന തരത്തില്‍ ശാസ്ത്രവും സാങ്കേതികരംഗത്തെ കണ്ടുപിടിത്തങ്ങളും മാനവസമൂഹം ഇന്നുവരെ അചഞ്ചലമെന്നു കരുതിയിരുന്ന എല്ലാ സമവാക്യങ്ങളെയും തൂത്തെറിഞ്ഞുകൊണ്ടിരിക്കുകയാണ്. തത്ത്വശാസ്ത്രം, സാമ്പത്തികശാസ്ത്രം,രാഷ്ടീയം, നീതിവ്യവസ്ഥ,സാമൂഹ്യശാസ്ത്രം, എന്നു വേണ്ട ഭാഷയും കണക്കും കലയും പോലും ഇന്നനുദിനം പുതിയ അര്‍ഥതലങ്ങളിലേക്കൂം രൂപങ്ങളിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്. രാഷ്ടങ്ങളുടെ അതിര്‍ത്തികള്‍ മായുന്നു. മതങ്ങള്‍ക്കുപോലും ഏറിയാല്‍ രണ്ടോ നാലോ ദശകങ്ങള്‍ക്കപ്പുറം ശാസ്ത്രം നല്‍കുന്ന അറിവിനേയും സ്വാതന്ത്യത്തേയും തടഞ്ഞുനിര്‍ത്തി അസ്തിത്വം നിലനിര്‍ത്താനാകില്ല. വെബ്സൈറ്റുകളും മെഡിക്കല്‍ ടെക്നോളജിയുംകൊണ്ടുവരുന്ന സുതാര്യതയും സ്വാതന്ത്ര്യവും സമൂഹത്തില്‍ ശാരീരികമായും മാനസികമായും ആത്മീയമായും പുതിയ സമവാക്യങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. മാനവസമൂഹത്തിന്റെ നിലനില്പ്പിന്റെയും പുരോഗതിയുടേയും അടിസ്ഥാനശിലയായിരുന്ന കുടുംബം എന്ന സങ്കല്പ്പത്തിന് ഇന്നു മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ശരിതെറ്റുകള്‍ക്കും നന്മതിന്‍മകള്‍ക്കും പുതിയ രൂപങ്ങള്‍ വരികയാണ്.

ചരിത്രത്തിന്റെ തുടക്കം മുതല്‍ മാനവസമൂഹത്തിന്റെ നമുക്കറിയാവുന്ന അടിസ്ഥാനപരമായ സാമൂഹികേകകം കുടുംബമാണ്. കുടുംബം നല്ലതും ചീത്തയുമാണ്. അത് വംശസംരക്ഷണത്തിന് ഒരു സഹായമാണ്. അതേ സമയം അത് മനുഷ്യമനസ്സിനെ ദുഷിപ്പിക്കുകയും ചെയ്തു. പക്ഷെ,പകരം വയ്ക്കാവുന്ന മറ്റൊന്ന് ഉണ്ടായിരുന്നില്ല. കുടുംബം അതുകൊണ്ട് ഒരു അനിവാര്യമായ തിന്മയാണ്. വലിയ ശതമാനം ദമ്പതികള്‍ക്കും കുടുംബം സുഖത്തേക്കാള്‍ ദു:ഖം നല്‍കുന്നു എന്നത് വെറും സത്യമാണ്. മനശാസ്ത്രവിശാരദന്‍മാരോട് ചോദിച്ചാല്‍ അവര്‍ പറയും എല്ലാ വിധ മനോരോഗങ്ങള്‍ക്കും കാരണം കുടുംബമാണെന്ന്.

കുടുംബം എന്ന ഈ കടമ്പയെ മറികടക്കാന്‍ ശ്രമിച്ചവരായിരുന്നു വാസ്തവത്തില്‍ ആനന്ദ് മേനോനും സുഭദ്രാമേനോനും.അവര്‍ അതില്‍ വിജയിച്ചു എന്ന് പറയാനാവില്ല. അന്തിമമായി,ജീവിതത്തില്‍ വിജയത്തിന് ഒരു അളവുകോല്‍ ഇന്നുവരെ നാം കണ്ടുപിടീച്ചിട്ടില്ലല്ലോ.

ഈ നോവലിന്റെ പ്രത്യേകതയായി ഞാന്‍ കാണുന്നത് ഇതിന്റെ വിശാലമായ ക്യാന്‍വാസും അതില്‍ നിറഞ്ഞു നില്‍ക്കുന്ന ഓരോ കഥാപാത്രങ്ങളുമാണ്.

പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം നിയന്ത്രിക്കുന്ന വാണിജ്യവ്യവസായ പ്രമുഖന്‍ കമലേഷ് ത്രിപാഠി. ഭര്‍ത്താവിന്റെ സുഭദ്രാമേനോനുമായുള്ള അടുപ്പം അംഗീകരിച്ച് അതിനെ തന്റെ കുടുംബത്തിന്റെ ശക്തിയാക്കി മാറ്റിയ അദ്ദേഹത്തിന്റെ ഭാര്യ കമലാജി. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ സുഭദ്രാമേനോനെ അമ്മേ എന്നു വിളിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ച കമലേഷിന്റെ മകന്‍ കമ്പനിയുടെ ചെയര്‍മാന്‍ അക്ഷയ് ത്രിപാഠി.അച്ഛന്‍ മരിച്ചെന്നു കേട്ടപ്പോള്‍ ദു:ഖമുണ്ട് പക്ഷെ, ജോലിത്തിരക്കുകാരണം പാരീസ് വിടാന്‍ പറ്റില്ലെന്നു പറയുന്ന,അച്ഛന്‍ എവിടെ വച്ചാണ് മരിച്ചത് എന്നു പോലും അന്വേഷിക്കാന്‍ മെനക്കെടാത്ത സുഭദ്രാമേനോന്റെ മകന്‍ പ്രതീക്.

അച്ഛനെ കണ്ട ഓര്‍മ്മ എന്നേ വിട്ട മകള്‍ ഐഎഎസ് ഒന്നാം റാങ്കുകരിയായ സുനിത. സിംഗപ്പൂരില്‍ ആനന്ദ് മേനോന്റെ ലോകത്ത് ചാന്‍ലൈവായും, വടിവേലുവും , ബോറിസ്ഗ്രോമാനും, ശെല്‍വനും ഇതിലെല്ലാം ഉപരിയായി വൈകാരിക ബാധ്യത ഒരു ഇക്കിളുപോലെ ശേഷിപ്പിച്ച് തന്റെ ഇണയായി മാറിയ മാനേജിംഗ് ഡയറക്ടര്‍ ജൂലി ചാനും. പിന്നെ ,ആനന്ദ് മേനോന്‍ വേണ്ടെന്നു വച്ചാലും അതു വകവയ്ക്കാതെ ഇടക്കു തികട്ടി വരുന്ന ഭൂതകാല സ്മരണകളിലെ അമ്മയും നാടന്‍ ബന്ധുമിത്രാദികളും.

ഇവരുടെ കഥ പറയുന്ന കൃഷ്ണകുമാര്‍ ഒരു വാചകത്തില്‍ മാത്രം ഒതുക്കിനിര്‍ത്തിയ ചില കഥാപാത്രങ്ങളുണ്ട്. വായനക്കാരന് രസകരമായ രീതിയില്‍ ആ കഥാപാത്രത്തിന്റെ ജീവിതം ഒരു ഞൊടുങ്ങു വിദ്യയിലൂടെ അവതരിപ്പിക്കുന്ന രീതി ക്രാഫ്റ്റിന്റെ മേലുള്ള രചയിതാവിന്റെ കണ്‍ട്രോള്‍ കാട്ടുന്നുണ്ട്. ഒരു ഉദാഹരണം.

നാട്ടില്‍ ശരണം ചാരറ്റബിള്‍ ട്രസ്റ്റ് നടത്തുകയാണ് ആനന്ദ് മേനോന്റെ അവസാനകാലത്തെ ആശ്രയമായി മാറിയ ബാല്യകാലസുഹൃത്ത് ഡോ. ഗോപാലകൃഷ്ണന്‍. ന്യൂയോര്‍ക്കിലെ തിര‍ക്കേറിയ ഒരു ഡോക്ടറായി ഇരുപത്തഞ്ചു വര്‍ഷം കൊണ്ട് ഗോപാലകൃഷ്ണന്‍ ഉണ്ടാക്കിയത് സമ്പത്തിന്റെ വലിയ കൂമ്പാരം. സൂര്യന്റെ ഉദയാസ്തമയങ്ങള്‍ക്ക് തന്റെ ദിനചര്യയില്‍ സ്ഥാനമില്ലാതാക്കിയ ആതുരസേവനത്തിന്റെ ദൈര്‍ ഘ്യമേറിയ നാളുകള്‍. ഇരുപതു വര്‍ഷം മുന്‍പ് അയാളോടൊടൊപ്പം അമേരിക്കയില്‍ ചെന്നപ്പോള്‍ ഇംഗീഷ് അറിയാതിരുന്ന ഗ്രാമീണയായ ഭാര്യ ഇന്ന് ന്യൂയോര്‍ക്കിലെ ഒരു വെള്ളക്കാരിയോടൊപ്പം സ്വവര്‍ഗ്ഗരതിയുടെ സുഖം ആസ്വദിക്കുന്നു. പുരുഷത്വം നഷ്ടപ്പെട്ടവനെന്നും ലൈംഗീക ബന്ധത്തിന് അയോഗ്യനെന്നും അയാള്‍ക്ക് നിര്‍വചനവും.

മിസ്സിസ് ഗോപാലകൃഷ്ണനെ, നമുക്ക് ഒരു ജീവനുള്ള, നമ്മുടെ മനസ്സിനെ മഥിക്കുന്ന കഥാപാത്രമായി മാറ്റുന്നു ഈ നോവലില്‍. ഈ മദ്ധ്യവയസ്ക്കയായ മലയാളി വീട്ടമ്മ ഈ നോവലില്‍ മറ്റൊരിടത്തും പ്രത്യക്ഷപ്പെടുന്നില്ല.

ഈ രീതി നോവലിന്റെ മേന്മയായി എടുക്കാം. അല്ലാതേയും എടുക്കാം. എന്തെന്നാല്‍ കഥയെഴുത്തിന് നൂറായിരം നിയമങ്ങളും ഉപദേശങ്ങളും കാലാകാലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഒരു എഴുത്തുകാരനും അതിലൊന്നും ഉപയുക്തമാകണമെന്നില്ല .കഥാസങ്കേതങ്ങളും ധാരണകളും മൂല്യങ്ങളും അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പ്രായോഗികവും കൂടുതല്‍ അനുവാചകരുമായി സംവദിക്കാന്‍ പറ്റുന്നതും തനിക്കു സുപരിചിതമായ തട്ടകത്തില്‍ നിന്ന് കാലവും സ്ഥലവും കഥാപാത്രങ്ങളെയും മെനയുക എന്നതാണ്. ഇവിടെ സി.പി കൃഷ്ണകുമാര്‍ ചെയ്തിരിക്കുന്നതും അതുതന്നെയാണ്. ഒരു ബൃഹത്തായ ആഖ്യായികയുടെ അയ്യായിരം പേജില്‍ തീരാത്ത കഥാതന്തുവാണ് ഇവിടെ ചുരുക്കെഴുത്തിന്റെ സ്പീഡില്‍ പറഞ്ഞു തീര്‍ത്തത്. വായനക്കാരന് തന്റേതായ ഭാവനയില്‍ നിറയ്ക്കാവുന്ന മൗനങ്ങള്‍ ഏറെയാണ്.

കഥ പറയാനുള്ള കഴിവ് കാട്ടുന്ന സി.പി കൃഷ്ണകുമാറിന് ഈ രണ്ടാം നോവല്‍ ഉറച്ച ഒരു പടിയാകട്ടെ, ഉയരങ്ങളിലേക്കുള്ള പ്രയാണത്തില്‍ എന്ന് ഞാന്‍ ആശംസിക്കുകയാണ്. ആദ്യത്തെ നോവലായ സ്വത്വത്തിന്റെ രചനാവൈഭവത്തില്‍ നിന്നും വളരെയേറെ മുന്നോട്ടുവന്നിരിക്കുന്ന ഈ എഴുത്തുകാരന് മലയാള കഥാരംഗത്ത് ഏറെ സംഭാവനകള്‍ നല്‍കാന്‍ കെല്പ്പുണ്ട്. തന്റെ സിദ്ധിയുടെ നൂറു ശതമാനവും സാധനയുടെ നൂറുശതമാനത്തിലൂടെ വളര്‍ത്താനുള്ള സാഹചര്യവും ദൈവാനുഗ്രഹവും ഈ എഴുത്തുകാരന് ഉണ്ടാകട്ടെ എന്ന പ്രാര്‍ഥനയോടു കൂടി സി.പി കൃഷ്നകുമാറിന്റെ ഉയരങ്ങളിലേക്ക് എന്ന ഈ നോവല്‍ ഏറെ അഭി മാനത്തോടും സന്തോഷത്തോടും കൂടി ഞാന്‍ മലയാളിവായനക്കാരുടെ കൈകളിലേക്ക് സമര്‍പ്പിക്കുകയാണ്.

Generated from archived content: vayanayute40.html Author: kl_mohanavarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here