എന്റെ സുഹൃത്ത്, റിട്ടയേർഡ് പോലീസ് ആഫീസർ, ഇന്നലെ വീണ്ടും വിളിച്ചു.
വർമ്മാജി, ഒരു നോവലെഴുതണം. ഞങ്ങളെപ്പറ്റി. ഞങ്ങളെ സമൂഹത്തിന്റെ നിലനിൽപ്പിന് ആവശ്യമായ ഒരു ഘടകമായി ആരും കാണുന്നില്ല. എല്ലാവരും കുറ്റം ചെയ്യുന്നവർ എന്ന മട്ടിലാണ് ഞങ്ങളെ നോക്കി കാണുന്നത്. അതു ശരിയല്ല.
കേരളീയസമൂഹത്തെ ബാധിക്കുന്ന പല വിഷയങ്ങളെയും പശ്ചാത്തലമാക്കി ഞാൻ നോവലുകൾ എഴുതിയിട്ടുണ്ട്. അതാണ് സുഹൃത്ത് പോലീസിനെപ്പറ്റി എഴുതാൻ നിർദ്ദേശിച്ചത്.
എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്.
രാജൻ കേസിനെക്കുറിച്ച് കഴിഞ്ഞ ഇരുപതു വർഷമായി ഇടയ്‌ക്കിടയ്‌ക്ക് വാർത്തകൾ വരുമ്പോൾ ഇക്കാര്യം ഞാൻ പലരോടും ചർച്ച ചെയ്യാറുമുണ്ടായിരുന്നു.
തിരുനെല്ലിയിൽ വച്ച് വറുഗീസിന്റെ ഓർഡർപ്രകാരം തെൻ്ര നേരെ ചൂണ്ടിയ തോക്കിന്റെ ഓർമ്മകളുമായി ജീവിക്കുന്ന ഒരു പാവം പൂജാരിയുടെ കണ്ണിൽ ഇന്നും ഒളിച്ചിരിക്കുന്ന ഭയം ഞാൻ നേരിൽ കണ്ടിട്ടുണ്ട്. വറുഗീസിന് ആരെയും കൊല്ലാം. വറുഗീസിനെ ആർക്കും കൊല്ലാൻ പാടില്ല.
തത്വശാസ്‌ത്രങ്ങളുടെ ആകർഷകമായ മുദ്രാവാക്യങ്ങളിൽ ആകൃഷ്‌ടരാകുക എക്കാലവും ചെറുപ്പക്കാരുടെ അവകാശമാണ്. സമൂഹത്തെക്കുറിച്ച് തങ്ങൾക്കുളള അപര്യാപ്‌തമായ അറിവ് അവർ ഒരിക്കലും സമ്മതിക്കുകയില്ല. ഇത്തരം ആദർശവാദികളെയാണ് സാധാരണയായി ബുദ്ധിയുളള നേതാക്കന്മാർ തങ്ങളുടെ ചട്ടുകമാക്കുന്നത്. തങ്ങൾ കാട്ടുന്നത് ജനനന്മയാണെന്ന ധാരണയോടുകൂടി മനഃപൂർവം അവർ കൊലപാതകങ്ങൾക്കുപോലും തയ്യാറാകുന്നു. ഇത്തരം വിപ്ലവക്കാരുടെ ക്രൂരതയെ രക്തസാക്ഷിത്വം നൽകി പൂജിക്കുന്ന മാനസികാവസ്ഥ നമ്മുടെ സമൂഹത്തിനുണ്ട്. അവരെ ആ കർമ്മത്തിൽ നിന്നും തടുക്കാൻ നിയോഗിക്കപ്പെട്ട പോലീസാണ് സംഭവത്തിൽ അവസാനം കുറ്റക്കാരാകുന്നത്.
ആരാണ് ഇന്നത്തെ സമൂഹത്തിൽ കുറ്റക്കാർ?
കുറ്റക്കാർ ആരാണെന്നു നിശ്ചയിക്കപ്പെടുന്നത് എപ്പോഴും ഒരു യുദ്ധത്തിന്റെ അന്ത്യത്തിലാണ്. യുദ്ധം മൂന്നു കൂട്ടർ തമ്മിലാണ്.
കുറ്റം ചെയ്‌തവർ. കുറ്റം കണ്ടുപിടിക്കേണ്ട പോലീസ്. കുറ്റം ചെയ്‌തില്ല എന്നു കോടതിയിൽ വാദിക്കുന്ന വക്കീൽ. ഈ മൂന്നു കൂട്ടരുടെയും യുദ്ധത്തിൽ ജയിക്കുന്നത് കുറ്റം ചെയ്‌തവന്റെ പണവും പിടിപാടും, വക്കീലിന്റെ ബുദ്ധിയുമാണ്. നീതിവ്യവസ്ഥയ്‌ക്ക് ആഗ്രഹമുണ്ടായാൽത്തന്നെ ഈ മൂന്നു കൂട്ടരുടെയും യുദ്ധത്തെ മറി കടന്ന് ഒന്നും ചെയ്യാൻ പറ്റുകയില്ല.
അവസാനം കുറ്റം ചെയ്‌തവൻ കുറ്റവാളി ആകാതെ മിസ്‌റ്റർ ക്ലീൻ ആയി സമൂഹത്തിന്റെ ആരാധ്യനായി മാറുമ്പോൾ കുറ്റക്കാർ പോലീസുകാരായി മാറുന്നു.
ജയലളിതാമ്മയും കരുണാനിധിയേട്ടനും തമ്മിൽ തമിഴകത്തെ ചൊല്ലിയുളള കുടുംബവഴക്കിലും കുറ്റക്കാരൻ പോലീസാണ്.
കൂത്തുപറമ്പിൽ രാഷ്‌ട്രീയമുതലെടുപ്പിനു വേണ്ടി ഒരേ തൂവൽപക്ഷികൾ നടത്തിയ കുടുംബവഴക്കിലും അവസാനം കുറ്റക്കാർ പോലീസുകാരായി മാറി.
എന്റെ സുഹൃത്ത് ആവേശത്തോടെ പറഞ്ഞുഃ
കൊച്ചുകുഞ്ഞിന്റെ നഴ്‌സറി സ്‌ക്കൂൾ അഡ്‌മിഷൻ മുതൽ മണ്ണെണ്ണക്കാർഡിനും, ആശുപത്രിയിൽ ഡോക്‌ടർ നോക്കുന്നതിനും വരെ ഒരു പരാതിയുമില്ലാതെ കൈക്കൂലി കൊടുക്കാൻ മടിയ്‌ക്കാത്ത സമൂഹമാണ് പോലീസ് കൈക്കൂലിക്കാരാണെന്ന് ഒരു ചമ്മലുമില്ലാതെ പറയുന്നത്.
പോലീസിന് വേറൊരു മുഖമില്ലേ?
നമുക്ക് ഓരോരുത്തർക്കും നിയമത്തെ മറി കടക്കണമെന്നുണ്ട്. അതിന് ബാധയായി നിൽക്കുന്ന പോലീസ് നമ്മുടെ ശത്രുവാണ്. പക്ഷെ മറ്റുളളവർ നിയമത്തെ മറികടക്കുമ്പോൾ അതിനെ നേരിടാൻ നമുക്കു പോലീസ് വേണം. അപ്പോൾ പോലീസ് നമ്മുടെ ബന്ധുവാണ്.
ഞാൻ സുഹൃത്തിനോട് പറഞ്ഞു.
എഴുതേണ്ടതാണ്, പോലീസ് കഥ.
Generated from archived content: police.html Author: kl_mohanavarma
Click this button or press Ctrl+G to toggle between Malayalam and English