ആഗോളവത്‌കരണത്തിന്റെ ദൃശ്യവും അദൃശ്യവുമായ കരങ്ങൾക്ക് ഒക്‌ടോപ്പസ്സിന്റെ വിരുതും ശക്തിയുമുണ്ടായിരുന്നു. അവ ആഫ്രോ ഏഷ്യൻരാജ്യങ്ങളിലെ സമൂഹത്തിന്റെ എല്ലാ മേഖലകളെയും കൈപ്പിടിയിലൊതുക്കി. മൂന്നാം ലോകം വീണ്ടും പടിഞ്ഞാറൻ സാമ്രാജ്യത്വത്തിന്റെ അടിമയായി.
വിത്തുകൾ, മരുന്നുകൾ, ഭക്ഷണസാധനങ്ങൾ, വേഷം, കുടിവെളളം എന്തിന്, ശുദ്ധവായുപോലും പേറ്റന്റു നിയമങ്ങൾക്കുളളിൽ കൊണ്ടുവന്നാണ് ഈ പ്രക്രിയ സായിപ്പന്മാർ നടപ്പിലാക്കിയത്.
തുളസിയില, വാളൻപുളി, ഉളളിത്തീയൽ, മരച്ചീനി, തോർത്ത്, അരിവാൾ, ജനഗണമന, ഗാന്ധി എന്ന പേര്, ഇവയ്‌ക്കെല്ലാം അമേരിക്കൻ കമ്പനികൾ പേറ്റന്റെടുത്തു.
മാവേലിനാടു വാണീടും കാലം എന്ന പാട്ട് ഓണക്കാലത്തു ചൊല്ലണമെങ്കിൽ അമേരിക്കക്കാരന് പേറ്റന്റു നിയമമനുസരിച്ച് പണം കൊടുക്കണം.
മുല്ലപ്പൂമണത്തിന്റെ അവകാശത്തെക്കുറിച്ച് രണ്ടു കമ്പനികൾ തമ്മിൽ നടന്ന നിയമയുദ്ധത്തിന് രണ്ടാം ലോകമഹായുദ്ധത്തെക്കാൾ വീറും വാശിയുമുണ്ടായിരുന്നു.
മൂന്നാം ലോകം ഇനി ഒരിക്കലും തല പൊക്കില്ല എന്ന് എല്ലാ ബുദ്ധിജീവികളും സെമിനാറുകളിൽ പ്രസംഗിച്ചു.
അങ്ങിനെയിരിക്കെയാണ് ഒരൊറ്റ അടിയിലൂടെ പടിഞ്ഞാറൻ സമൂഹത്തെയാകെ ഒരു ഇന്ത്യക്കാരൻ പയ്യൻ തോൽപ്പിച്ചു തന്റെ വരുതിയാലാക്കിയത്.
അവൻ വിവാഹമോചനത്തിനുളള പേറ്റന്റ് എടുത്തു.
ഇൻസ്‌റ്റന്റ് ഡൈവോഴ്‌സ്.
അര മിനിട്ടിൽ വിവാഹമോചനം.
ലോകത്തിലെ ആദിമമാനവസമൂഹത്തിലൊന്നായ മദ്ധ്യേന്ത്യയിലെ ഗിരിവർഗ്ഗക്കാരായ ഗോണ്ടുവംശജരുടെ വിവാഹമോചനരീതിയുടെ പേറ്റന്റ് കൈവശമാക്കി അവൻ അമേരിക്കയെയും യൂറോപ്പിനെയും വീഴ്‌ത്തി.
ഭർത്താവും ഭാര്യയും പ്രായമുളള രണ്ടു പേരുടെ മുന്നിൽ ചെല്ലുക. ഒരു കലവും അല്‌പം നീളമുളള പുല്ലും കരുതിയാൽ മതി. കലം നിലത്തിട്ടു പൊട്ടിക്കുക. പുല്ല് രണ്ടായി മുറിക്കുക. തീർന്നു. വിവാഹമോചനം ആയി.
അങ്ങിനെ മൂന്നാം ലോകമഹായുദ്ധം ഇല്ലാതെ പടിഞ്ഞാറൻ ലോകം ഭസ്‌മാസുരത്വം കൈവരിച്ചു.
Generated from archived content: patent.html Author: kl_mohanavarma