കേരളത്തിന്റെ തനതു ടൂറിസം

സ്വീഡനിൽ നിന്നു വന്ന എന്റെ സുഹൃത്തിന്റെ ലക്ഷ്യം കേരളം കാണുക എന്നതു മാത്രമായിരുന്നു.

ടൂറിസ്‌റ്റിന്‌ വിനോദസഞ്ചാരി എന്നാണ്‌ മലയാളപരിഭാഷ. ഞാൻ കേരളത്തിൽ കാണേണ്ട സ്ഥലങ്ങൾ, വിനോദങ്ങൾ എല്ലാം ടൂറിസം സാഹിത്യം നോക്കി പറഞ്ഞുകൊടുത്തു.

നാഷണൽ ജ്യോഗ്രഫിക്‌ ട്രാവലർ പുകഴ്‌ത്തിയ കോവളം കടൽത്തീരം, ആനകൾ നീന്തുന്നത്‌ ഭാഗ്യമുണ്ടെങ്കിൽ കാണാൻ സാധിക്കുന്ന തേക്കടി, കായലിലെ കുഞ്ഞോളങ്ങളുടെ തലോടലേറ്റ്‌ ഉറങ്ങാവുന്ന കെട്ടുവളളം പുനർജ്ജന്മമെടുത്ത ഹൗസ്‌ ബോട്ടുകൾ, ആയുർവേദത്തിലൂടെ യൗവനം വീണ്ടെടുക്കാവുന്ന നാടൻ പിഴിച്ചിൽ.

എന്റെ സുഹൃത്തിന്‌ അതൊന്നും വേണ്ട.

ടൂറിസ്‌റ്റ്‌ എന്നാൽ വിനോദം മാത്രം ലക്ഷ്യമാക്കി കൈയിലുളള ഡോളറോ രൂപയോ വാരി വിതറാൻ തയ്യാറായി വരുന്ന ആൾക്കാരാണെന്നാണല്ലോ നമ്മുടെ കണക്കുകൂട്ടൽ. ഒരു കൂറ്റൻ വിമാനത്തിന്റെ കോണിപ്പടികളിറങ്ങി വരുന്ന ആവശ്യത്തിലധികം മേദസ്സുളള മദ്ധ്യവയസ്സു കഴിഞ്ഞ ഒരുകൂട്ടം വെളളക്കാർ. എല്ലാവരുടെയും കഴുത്തിൽ ക്യാമറ. കണ്ണുകളിൽ ലേശം നാടൻ അവിഹിതത്തിനുളള ആവേശം. കൈ നിറയെ നാലുപാടും വിതറാൻ ഡോളർകെട്ട്‌. അല്‌പം ബുദ്ധിമാന്ദ്യമുളള പണക്കാർ എന്ന്‌ നാം രഹസ്യമായി ഇവരെ ഒതുക്കിയിട്ടുമുണ്ട്‌.

സുഹൃത്തു വിശദീകരിച്ചു. അദ്ദേഹത്തിന്‌ കടലും കായലും മലയും വൈദ്യവും മദ്യവും തീറ്റയും അവിഹിതവും ഒന്നും വേണ്ട. അവയെല്ലാം മിക്ക രാജ്യങ്ങളിലും കിട്ടും. ജലക്രീഡയിൽ ഹവായിയെ തോൽപ്പിക്കാൻ നമുക്കു കഴിയുകയില്ല. തായ്‌ലണ്ടിലെ മാസേജിനടുത്ത്‌ നമുക്ക്‌ എത്താൻ കഴിയുമോ?

അദ്ദേഹം ചോദിച്ചു.

കേരളത്തിന്റേതു മാത്രമായ എന്തെങ്കിലുമുണ്ടോ? അതു പറയൂ.

ഞാൻ ഓർത്തു.

തോമാ ശ്ലീഹാ ഒന്നാം നൂറ്റാണ്ടിൽ സ്ഥാപിച്ച ഏഴു ദേവാലയങ്ങളുണ്ടിവിടെ. ലോകത്തിലെതന്നെ ഒന്നാമത്തെ ക്രിസ്‌ത്യൻ പളളി എന്നു വിശേഷിപ്പിക്കാവുന്ന ആരാധനാലയം ഇവിടെയാണ്‌. ജറുസലേമിന്‌ കിഴക്കുളള ആദ്യത്തെ ജൂതപ്പളളിയും ഇവിടെയാണ്‌. ചേരമാൻ പെരുമാൾ മുസ്ലീം ആരാധനാലയം, ദുര്യോധനനും കർണ്ണനും വരെ അമ്പലങ്ങൾ, രോഗങ്ങൾക്കുളള മരുന്നുകൾ മാത്രം പ്രസാദമായി ലഭിക്കുന്ന പടിഞ്ഞാറൻ തീരപ്രദേശത്തെ അനവധി ക്ഷേത്രങ്ങൾ. പണ്ട്‌ ഇവ ബുദ്ധവിഹാരങ്ങളായിരുന്നു. കേരളത്തിന്റെ സ്വന്തം ഇഷ്‌ടദേവതയായ അയ്യപ്പന്റെ പതിനെട്ടു പടികൾ. തൊട്ടടുത്ത്‌ വാവർ എന്ന മുസ്ലീം ഉപദൈവം. വീരമൃത്യു പ്രാപിക്കുന്നവരുടെ തെയ്യങ്ങൾ, നാഗങ്ങൾക്കു മാത്രമായി അമ്പലങ്ങൾ, പതിനായിരക്കണക്കിന്‌ ഹിന്ദുക്ഷേത്രങ്ങളും ക്രിസ്‌ത്യൻ-മുസ്ലീം പളളികളും. കേരളത്തിന്റെയത്രയും ഇത്ര വൈവിദ്ധ്യമുളള ദേവാലയ ടൂറിസത്തിന്‌ സാദ്ധ്യത മറ്റെവിടെയാണ്‌ !

നാഷണൽ ജ്യോഗ്രഫിക്‌ ട്രാവലറിന്‌ വിനോദം വേണ്ടാത്ത സഞ്ചാരികളെ അത്ര പഥ്യമല്ലായിരിക്കണം.

ഈയിടെ അമേരിക്കയിലെ ഒരു യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ ഇന്ത്യ സന്ദർശിക്കാനെത്തിയ സായിപ്പന്മാരുടെ ഒരു സംഘത്തിനെ അഭിസംബോധന ചെയ്‌ത്‌ എനിക്കു രണ്ടു പ്രസംഗങ്ങൾ ചെയ്യേണ്ടിവന്നു. അവർക്ക്‌ അറിയേണ്ടിയിരുന്നതും കേരളത്തിന്റെ ഈ പ്രത്യേകതകളായിരുന്നു. കോവളവും കുമരകവും തേക്കടിയും ലോകത്തിലെ മിക്ക നാടുകളിലും കിട്ടും.

അവർ പറഞ്ഞു.

ഇറ്റീസ്‌ ആൾ വെരി നൈസ്‌. ബട്ട്‌ നോട്ട്‌ യുണീക്‌.

നാം ടൂറിസ്‌റ്റ്‌ എന്ന വാക്കിനു പകരം ട്രാവലർ എന്ന വാക്ക്‌ ഉപയോഗിച്ചു തുടങ്ങണം എന്നാണ്‌ എനിക്കു തോന്നുന്നത്‌.

ഹുസൈന്റെ കല്യാണിക്കുട്ടി ദേവാലയങ്ങളിൽ പോകാൻ തിരക്കു കൂട്ടണം.

Generated from archived content: kerala_tourism.html Author: kl_mohanavarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here