ഗോൾ

ജീവിതത്തിന്റെ സമസ്‌ത മേഖലകളും വിപണിവത്‌കരിക്കപ്പെട്ടു. കായികരംഗം പരസ്യക്കമ്പനികളുടെയും മുതലാളിത്തത്തിന്റെയും കൈപ്പിടിയിലമർന്നതിന്റെ ദുരവസ്‌ഥയാണ്‌ കെ.എൽ. മോഹനവർമ്മ ‘ഗോൾ’ എന്ന നോവലിൽ പറയുന്നത്‌. പാദചേതങ്ങളുടെ കണക്കുകൾ മാത്രം ചർച്ച ചെയ്യുന്ന മേഖലയായി കായികരംഗം മാറി. ക്രിക്കറ്റ്‌ താരങ്ങളും ഫുട്‌ബോൾ താരങ്ങളും മാർക്കറ്റ്‌ തേടിയുളള യാത്രയിലാണ്‌. എന്തനേറെ, ക്രിക്കറ്റ്‌രംഗത്തെ മിടുക്കന്മാർ കോഴക്കേസ്സിലും മറ്റും ഉൾപ്പെടുന്നതിന്റെ വാർത്തകളാണല്ലോ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്‌. നരേൻ കിസ്‌നാ, രാഹുൽ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ നാം വായിക്കുന്നത്‌, മാർക്കറ്റ്‌ നമ്മുടെ കളിസ്‌ഥലങ്ങളെ ഭീകരമായി കീഴ്‌പ്പെടുത്തിക്കളഞ്ഞതിന്റെ കഥയാണ്‌.

വാർത്താപ്രാധാന്യം മാത്രമുളള ഒരു വിഷയമാണ്‌ മോഹനവർമ്മ നോവൽരചനയ്‌ക്ക്‌ തിരഞ്ഞെടുക്കുന്നത്‌. ഏതു വിഷയവും നോവലിൽ പ്രയോജനപ്പെടുത്താം. എന്നാൽ അത്‌ അവസാനിക്കുമ്പോൾ നോവലായി മാറണമെന്ന്‌, പണ്ടേ ലൂക്കാസ്‌ പറഞ്ഞുവച്ചിട്ടുണ്ട്‌. കായികരംഗത്തെ അനുഭവങ്ങൾ എന്ന മട്ടിൽ ‘ഗോൾ’ വായിച്ചുപോകാനവും. എന്നാൽ രസനീയതയ്‌ക്കപ്പുറം ഇതിൽ ഒരനുഭവലോകമില്ല. കായികരംഗത്തെ സംബന്ധിച്ച ചില ഇൻഫർമേഷനുകൾ ഈ നോവലിൽ ലഭ്യമാണ്‌.

‘ഗോൾ’ എന്ന കൃതിയുടെ രൂപംതന്നെ നോക്കുക. നൂറിനു താഴെ പേജുകൾ. പോപ്പുലർ കളികളായ ക്രിക്കറ്റ്‌, ഫുട്‌ബോൾ എന്നിവയുമായി ബന്ധപ്പെട്ട ആർക്കും സ്വീകാര്യമായ പ്രമേയം. ഭാഷയാകട്ടെ സാമാന്യവും തരളവും. വിറ്റഴിക്കാൻ വേറെന്തു വേണം. കമ്പോളം ലക്ഷ്യമാക്കുന്ന ഉത്‌പാദനവസ്‌തുപോലെയായി, മലയാളത്തിലെ നോവൽരൂപങ്ങൾ എന്ന്‌ ‘ഗോൾ’ എന്ന കൃതിയെ മുൻനിർത്തി പറയാൻ കഴിയും.

ബാലചന്ദ്രൻവടക്കേടത്ത്‌

ഇന്ത്യാടുഡേ

ഡി.സി. ബുക്‌സ്‌, കോട്ടയം, വില. 30.00

Generated from archived content: goal.html Author: kl_mohanavarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here