എന്റെ ഗാന്ധിജി

പ്രവേശനകവാടം കടന്ന്‌ ആദ്യം കാൽ വച്ചപ്പോൾതന്നെ കുറെ ഉയരത്തിൽ ഭംഗിയായി എഴിതിയിരിക്കുന്ന ബോർഡ്‌.

സമാധാനത്തിനുളള ആദ്യത്തെ പടി തുടങ്ങേണ്ടത്‌ കുട്ടികളിൽ നിന്നാണ്‌.

മഹാത്മാഗാന്ധി.

അമേരിക്കയിലെ വാഷിംഗ്‌ടൺ നഗരം ഇന്ന്‌ ലോകതലസ്ഥാനമാണ്‌. അവിടുത്തെ ലോകപ്രസിദ്ധമായ കുട്ടികളുടെ മ്യൂസിയം കാണാൻ ഞാൻ കയറിയതാണ്‌.

അല്‌പനേരം തരിച്ചു നിന്നുപോയി.

ഇവിടെയും ഗാന്ധിജി. എന്റെ, നമ്മുടെ പ്രിയപ്പെട്ട മഹാത്മജി.

ഇത്‌ പരസ്യമാണോ! അമേരിക്കയിൽ എന്തും പരസ്യത്തിലൂടെയേ നമുക്ക്‌ അറിയാൻ പറ്റൂ. ഗാന്ധിജിയും പരസ്യത്തിന്റെ ഭാഗമാണോ?

എന്റെ ഏഴാം വയസ്സിലാണ്‌ ഗാന്ധിജി ശക്തനായ ഒരു പോരാളിയായി എന്റെ ജീവിതത്തിലേക്കു കടന്നുവന്നത്‌.

ഞങ്ങളുടെ ഭവനത്തിൽ മഹാത്മാഗാന്ധി നേരത്തെ തന്നെ ആരാധ്യനായ അംഗമായിരുന്നു. അഡ്വക്കേറ്റായിരുന്ന അച്‌ഛന്റെ ആഫീസ്‌ മുറിയിൽ ഗീതോപദേശം നൽകുന്ന ശ്രീകൃഷ്‌ണനോടൊപ്പം കുരിശ്ശിലേറിയ യേശുക്രിസ്‌തുവിന്റെയും ചർക്ക തിരിക്കുന്ന മഹാത്മജിയുടെയും ചിത്രങ്ങൾ ഉണ്ടായിരുന്നത്‌. എന്റെ അച്‌ഛൻ ഗാന്ധിജിയുടെ ചിന്തകളെ അടിസ്ഥാനമാക്കി മൂന്നു പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ബ്രഹ്‌മചര്യം. ഗാന്ധിസം. നമ്മുടെ സോഷ്യലിസം. വീട്ടിലെ ലൈബ്രറിയിൽ നിറയെ ഗാന്ധിസാഹിത്യമാണ്‌. എനിക്കതിൽ വിരോധമില്ലായിരുന്നു. എനിക്ക്‌ വായിക്കാൻ പറ്റിയ കഥാപുസ്‌തകങ്ങളും കുറ്റാന്വേഷണ ഗ്രന്ഥങ്ങളും പാട്ടുപുസ്‌തകങ്ങളും എന്തിന്‌ ഭഗവദ്‌ഗീതയുടെ ഗാന്ധിയൻ വ്യാഖ്യാനമായ അനാസക്തിയോഗം മുതൽ മല്ലൻ പിളളയെ ആന കുത്തിക്കൊന്ന പാട്ടുവരെ ആഫീസിലെ ലൈബ്രറി അലമാരകളിലുണ്ട്‌.

അച്‌ഛൻ എന്റെ ഏഴാം പിറന്നാൾ ദിവസം ഒരു പരന്ന ചർക്ക എനിക്കായി സമ്മാനിച്ച്‌ പറഞ്ഞു. ഇനി മുതൽ എന്നും രാവിലെ എന്തെങ്കിലും കഴിക്കുന്നതിനുമുമ്പ്‌ അര മണിക്കൂർ ഈ ചർക്കയിൽ നൂലു നൂൽക്കണം. മനസ്സിലായോ? എന്തിനാ ഇത്‌? ഗാന്ധിജി പറഞ്ഞിട്ടായിരിക്കും എന്നെനിക്കു തീർച്ചയാണ്‌.

ആയിരത്തിത്തൊളളായിരത്തി നാൽപ്പത്തിമൂന്നിലാണ്‌.

എന്നെക്കാൾ ഒരു മൂന്നു വയസ്സു പ്രായം കൂടിയ എല്ലാ കുട്ടികളുടെയും ഹീറോ അക്കാലത്ത്‌ നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌ മാത്രമായിരുന്നു.

പക്ഷെ പറഞ്ഞിട്ടെന്തു ഫലം? അച്‌ഛൻ ഗാന്ധിജിയുടെ ആളാണ്‌. ഞാൻ നൂൽനൂൽക്കാൻ തുടങ്ങി. രാവിലെയുളള ഭക്ഷണം ആയിരുന്നു സത്യത്തിൽ മോട്ടീവേറ്റിംഗ്‌ ഫാക്‌റ്റർ.

അമ്പതു വർഷത്തിനുശേഷം പോർബന്ദറിലെ ഇടുങ്ങിയ തെരുവുകൾക്കു നടുവിലെ വിഷ്‌ണുക്ഷേത്രത്തിനരികെയുളള കീർത്തിമന്ദിരത്തിൽ പ്രദർശനഹാളിന്റെ നടുവിൽ ആ ചർക്ക ഞാൻ കണ്ടു. ഗാന്ധിജി ജനിച്ച ഭവനത്തിലെ രണ്ടാം നിലയിലാണ്‌ ഹാൾ. എനിക്കു ദുഃഖം തോന്നി.

ആ ചർക്കയിൽ ചരടില്ലായിരുന്നു.

ഗാന്ധിജിയെപ്പോലെ ചർക്കയും ഒരു പ്രദർശനവസ്‌തുവായി മാറിക്കഴിഞ്ഞിരുന്നു.

നിലത്തു ചടഞ്ഞിരിക്കുകയാണ്‌ ഗാന്ധിജി. മുട്ടുവരെയെത്തുന്ന ധോത്തിമാത്രമാണ്‌ വസ്‌ത്രം. വില കുറഞ്ഞ സാധാരണ കണ്ണട. കൈയിൽ ഒരുപിടി കടലാസുകൾ. വളരെ ശ്രദ്ധയോടെ വായിക്കുകയാണ്‌ അദ്ദേഹം. മുന്നിൽ പഴയ രീതിയിലുളള ചർക്ക. മിനുങ്ങുന്ന കടലാസിൽ ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ മിഴിവും കാട്ടുന്ന ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ചിത്രം. ചിത്രത്തിന്റെ മുകളിൽ ഇടത്തെ മൂലയ്‌ക്ക്‌ സപ്‌തവർണ്ണങ്ങളിൽ ആപ്പിളിന്റെ ചെറിയ മൊണ്ടാഷ്‌. എന്നിട്ട്‌ താഴെ രണ്ടു വാക്കുകളും.

തിംക്‌ ഡിഫറന്റ്‌.

ആപ്പിൾ എന്ന ഭീമൻ കമ്പനിയുടെ പരസ്യമാണ്‌.

ഒറ്റവാക്കിൽ ഏറ്റവും ശക്തിയായി നന്മയുടെയും സത്യത്തിന്റെയും വ്യത്യസ്‌തമായ ചിന്തയുടെയും സന്ദേശം ഉപഭോക്താക്കളിൽ എത്തിക്കാവുന്ന പരസ്യമായി മാറിയിരിക്കുകയല്ലേ, ഇന്ന്‌ മഹാത്മാഗാന്ധി.

മഹാത്മാഗാന്ധി റോഡില്ലാത്ത ഒരു നഗരവും ഇന്ന്‌ ഇന്ത്യയിലില്ല. അതുപോലെ മഹാത്മാഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളില്ലാത്ത ഒരു നഗരവും ഇന്ത്യയിലില്ല. അക്കത്തിൽ കുറഞ്ഞ തുകയ്‌ക്ക്‌ ആ ആശുപത്രികളിൽ കയറുന്ന ഒരു രോഗിയ്‌ക്കും ജീവനോടെയോ അല്ലാതെയോ രക്ഷപ്പെടാൻ സാധ്യമല്ല. അക്കം പോയിട്ട്‌ ദാരിദ്ര്യരേഖയ്‌ക്കു താഴെയുളളവർക്കായി പ്രത്യേകം അനുവദിച്ച ഒരു കിലോ അരി വാങ്ങാൻ നൽകേണ്ടുന്ന രൂപ പോലും കൈയിലില്ലാത്ത പാവപ്പെട്ട ഇന്ത്യൻ ഗ്രാമീണർ. അവന്റെ ആരോഗ്യത്തിന്‌ ഈ സൂപ്പർ സ്‌പെഷ്യാലിറ്റികൾ ഉതകുകയില്ല.

അവന്റെ കിഡ്‌നികൾ ഇവിടെ വിൽക്കാം. കിഡ്‌നികൾ വാങ്ങേണ്ട പ്രശ്‌നം അവന്റെ കേസിൽ ഉദിക്കുന്നതേയില്ല.

അനാരോഗ്യത്തിൽ നിന്നും ഭാരതത്തിലെ കോടിക്കണക്കിന്‌ ദരിദ്രജനങ്ങളുടെ മോചനമാർഗ്ഗമായി ഗാന്ധിജി കണ്ടു പിടിച്ചത്‌ കൂറ്റൻ ആശുപത്രികളോ വിലപിടിച്ച മരുന്നുകളോ അല്ല. ഒമ്പതിഞ്ചു നീളമുളള അറ്റം കൂർത്ത ഒരു കമ്പ്‌. പരിശുദ്ധങ്ങളായ നദിക്കരകളും ഗ്രാമപരിസരവും മനുഷ്യവിസർജ്ജ്യം മൂലം ഈച്ചകളുടെയും രോഗങ്ങളുടെയും താവളങ്ങളായി മാറുന്നു. ഈ കമ്പുപയോഗിച്ച്‌ മണ്ണിൽ ഒരു ചെറിയ കുഴിയുണ്ടാക്കി അതിൽ വിസർജ്ജിക്കുക; എന്നിട്ട്‌ മണ്ണിട്ടു മൂടുക. ദിവസങ്ങൾക്കുളളിൽ അത്‌ അമൂല്യമായ വളമായി മാറും. രോഗങ്ങളിൽ നിന്ന്‌ ജനങ്ങൾക്കു മോചനവും ലഭിക്കും.

ഇന്ത്യയിലെ ദരിദ്രരുടെ ആദ്യത്തെ പ്രതിനിധിയായിരുന്നു, കുചേലൻ. അദ്ദേഹം ജനിച്ചതും പോർബന്ദറിലാണ്‌. ഗാന്ധിജി ജനിച്ച കീർത്തിമന്ദിരത്തിന്‌ ഒരു വിളിപ്പാടകലെ.

കുചേലൻ അക്കാലത്തെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം തേടി ഉജ്ജയിനിയിലെ സാന്ദീപനി ആശ്രമം വരെ പോയി തിരികെ വന്നു. ഗാന്ധിജി കടൽ കടന്ന്‌ ബിലാത്തിയിൽ പോയി പഠിച്ചു തിരികെ വന്നു.

ഇരുവർക്കും അശരണനായ അനഭ്യസ്‌തരായ അസ്വതന്ത്രരായ ഭാരതീയരെക്കുറിച്ച്‌ ബോധമുണ്ടായിരുന്നു.

കുചേലൻ പക്ഷെ പോർബന്ദർ വിട്ടുപോയില്ല. തന്റെ സതീർത്ഥ്യൻ ശ്രീകൃഷ്‌ണൻ രാജാവായി അടുത്തുളള ദ്വാരകാപുരിയിൽ വന്നു വാഴുന്നതുവരെ കാത്തിരുന്നു. സഹസ്രാബ്‌ദങ്ങൾക്കുശേഷം പോർബന്ദറിൽ ജനിച്ച ഗാന്ധിജി ശ്രീകൃഷ്‌ണഭഗവാനു വേണ്ടി കാത്തിരുന്നില്ല. അദ്ദേഹം ബാല്യകാലത്തിനുശേഷം ഭാരതം മുഴുവൻ തന്റെ പ്രവർത്തനമേഖലയാക്കി.

ഗാന്ധിജി ഇന്ത്യയുടെ നേതൃത്വം വഹിക്കാൻ വെമ്പുന്ന ചെറുപ്പക്കാരോട്‌ പറഞ്ഞു.

ഞാൻ നിങ്ങൾക്കൊരു രക്ഷ കെട്ടിത്തരാം. നിങ്ങൾ സംശയഗ്രസ്‌തനാകുമ്പോഴോ അഹന്ത നിങ്ങളിൽ അതിരു കവിയുമ്പോഴോ ഈ ഉപായം പരീക്ഷു നോക്കിയാൽ മതി. നിങ്ങൾ കണ്ടിട്ടുളളതിൽ വച്ച്‌ ഏറ്റവും ദരിദ്രനായ നിസ്സഹായനായ മനുഷ്യന്റെ മുഖം സങ്കൽപ്പിച്ചു നോക്കൂ. എന്നിട്ട്‌ നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന കാര്യം അയാൾക്കെന്തെങ്കിലും രീതിയിൽ പ്രയോജനപ്പെടുമോ എന്ന്‌ സ്വയം ചോദിച്ചു നോക്കൂ. അതുകൊണ്ട്‌ അയാൾക്കെന്തെങ്കിലും നേട്ടമുണ്ടാകുമോ? അതയാൾക്ക്‌ അയാളുടെ ജീവിതഭാഗധേയങ്ങളുടെമേൽ എന്തെങ്കിലും ഒരു നിയന്ത്രണം ഉണ്ടാക്കിക്കൊടുക്കുമോ? മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ നാട്ടിൽ ആദ്ധ്യാത്മികമായും ഭൗതികമായും പട്ടിണി കിടക്കുന്ന കോടിക്കണക്കിന്‌ ആൾക്കാർക്ക്‌ ആ പട്ടിണി മാറ്റാൻ അത്‌ സഹായകമാകുമോ? അപ്പോൾ സംശയങ്ങൾ ഇല്ലാതാകുന്നതായും അഹന്ത അലിഞ്ഞുപോകുന്നതായും നിങ്ങൾക്ക്‌ അനുഭവപ്പെടും.

ചെറുപ്പക്കാർ നേതൃത്വത്തിന്റെ കവറായി ഈ ഉപദേശത്തിനു പകരം വെളള ഖദർ വസ്‌ത്രങ്ങൾ ധരിച്ചു.

വിപ്ലവകാരികളും ബുദ്ധിജീവികളും കാവി ഖദർ വസ്‌ത്രങ്ങൾ തങ്ങളുടെ യൂണിഫോറമാക്കി.

എല്ലാവരും ഇന്ന്‌ ഗാന്ധി ഭക്തൻമാരാണ്‌. എല്ലാവരും ഗാന്ധിജിയെ പിടിച്ച്‌ ആണയിടും. ഇക്കണക്കിന്‌ പോയാൽ ഏറെ താമസിയാതെ ഗാന്ധിക്ഷേത്രങ്ങളും അവിടെയെല്ലാം പൂജയും ഉത്സവവും പൂജാരികളും ഉണ്ടാകും.

എന്റെ ചിന്തകൾ പതറി. ഞാൻ മ്യൂസിയത്തിന്റെ കവാടത്തിൽ നിന്നും മെല്ലെ നടന്നു.

എന്നോടൊപ്പം ഉണ്ടായിരുന്ന വാഷിംഗ്‌ടണിലെ ഒരു പഴയ മലയാളിയായ സുഹൃത്ത്‌ ചോദിച്ചു.

എന്തു പറ്റി?

ഞാൻ ബോർഡ്‌ ചൂണ്ടിക്കാട്ടി.

എന്തുകൊണ്ട്‌ കേരളത്തിലെ ചെറുപ്പക്കാരുടെ ഇടയിൽ നിന്ന്‌ ഗാന്ധിജി അകന്നുപോയി?

എന്റെ യൗവനകാലത്ത്‌ ഇടതുപക്ഷത്തിനിടയിൽ പ്രബലമായിരുന്ന ഗാന്ധിവിരോധവും ഗാന്ധിസത്തോടുളള പുച്ഛവും അതോടൊപ്പം ഇ.എം.എസ്‌ മുതൽ എം.ഗോവിന്ദൻ വരെയുളളവരുടെ ഏകപക്ഷീയവും നിഷേധാത്മകവുമായ ഗാന്ധിയൻ വിലയിരുത്തലുകളുടെ സ്വാധീനവും ഞങ്ങളെ ഏറെ സ്വാധീനിച്ചിരുന്നു.

ഞാൻ സുഹൃത്തിനോടു പറഞ്ഞു.

മലയാളത്തിൽ ഈയിടെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്‌തകം ഏതാണെന്നറിയാമോ?

സുഹൃത്ത്‌ കണക്കു കൂട്ടി.

ബൈബിൾ… ഖുറാൻ… രാമായണം..

ഞാൻ പറഞ്ഞു.

അല്ല. എന്റെ സത്യാന്വേഷണപ്പരീക്ഷണങ്ങൾ. മഹാത്മജിയുടെ ആത്മകഥ. മൂന്നുലക്ഷം കോപ്പികൾ.

മൈ ഗോഡ്‌!

സുഹൃത്ത്‌ ഞെട്ടി.

പക്ഷെ അത്‌ എത്രപേർ പൂർണ്ണമായും വായിച്ചിട്ടുണ്ട്‌ എന്നു ചോദിച്ചാൽ എനിക്ക്‌ ഒരു ഊഹം പറയാൻ പോലും ഭയമാണ്‌.

എന്തെന്നാൽ ഭാരതത്തിൽ ഏറ്റവുമധികം പ്രതിശീർഷ മദ്യപാനം കേരളത്തിലാണ്‌.

വിദ്യാഭ്യാസമേഖലയിൽ (അദ്ധ്യാപകനും വിദ്യാർത്ഥിക്കും) കോഴ ഒരു അംഗീകൃതഭാഗമായിട്ടുളളത്‌ ഇവിടെ മാത്രമാണ്‌.

സ്വന്തം വീടിന്റെ പരിസരം വൃത്തിയാക്കി വയ്‌ക്കുന്നത്‌ തങ്ങളുടെയല്ല, പ്രത്യുത, സർക്കാരിന്റെ ചുമതലയാണെന്ന്‌ ഇവിടെ ഏവരും വിശ്വസിക്കുന്നു.

സത്യാഗ്രഹം എന്ന ഗാന്ധിജിയുടെ മഹത്തായ സമരായുധത്തെ ഇത്രയധികം വ്യഭിചരിക്കുന്നവർ അപൂർവ്വമാണ്‌. (പത്തു മണി മുതൽ നാലുമണി വരെ നിരാഹാരസത്യാഗ്രഹം സെക്രട്ടേറിയറ്റ്‌ പടിക്കലെ സാധാരണ സംഭവമാണ്‌. അതിന്റെ ഉദ്‌ഘാടനവും സമാപനവും ആഘോഷമാക്കി നടത്തുന്നത്‌ നമുക്ക്‌ ടിവിയിൽ കാണാം.)

സത്യാന്വേഷണപ്പരീക്ഷകൾ ഒരിക്കലെങ്കിലും ശ്രദ്ധാപൂർവ്വം വായിച്ചിട്ടുളളവർ എന്തായാലും ഇക്കൂട്ടരിൽ പെടാൻ ഇടയില്ലല്ലോ.

റിച്ചാർഡ്‌ ആറ്റൻബറോ നിർമ്മിച്ച ഗാന്ധി എന്ന സിനിമയിലൂടെ ഗാന്ധിജിയെ പരിചയപ്പെട്ടിട്ടുളളവർപോലും ഇക്കൂട്ടരിൽ കാണുമോ എന്ന്‌ സംശയമാണ്‌.

ഗാന്ധിജി ഇനി വരുംകാലം ഇന്ത്യൻ സമൂഹത്തിലെ ശക്തമായ ഒരു സ്വാധീനമായിരിക്കുമോ?

എനിക്കു തീർച്ചയില്ല.

കാരണം തികഞ്ഞ ഗാന്ധിയനും അതിബുദ്ധിമാനും ഇന്ത്യയുടെ ആദ്യത്തെ ഇന്ത്യൻ ഗവർണർ ജനറലുമായിരുന്ന സി.രാജഗോപാലാചാരി ഈ വിഷയത്തെക്കുറിച്ച്‌ പറയുകയായി.

ആധുനിക സാങ്കേതികവിദ്യകൾ നൽകുന്ന സുഖസൗകര്യങ്ങളും, പണവും, അധികാരവും സൃഷ്‌ടിക്കുന്ന ആകർഷണവലയത്തിൽ നിന്ന്‌ രക്ഷപ്പെടാൻ ആർക്കും കഴിയുകയില്ല. ലളിതമായ സമൂഹത്തിലെ ലളിതമായ ജീവിതം ഇനിയുളള കാലത്ത്‌, തികഞ്ഞ ഗാന്ധിയൻമാർക്കുപോലും സാധ്യമാകുമെന്ന്‌ എനിക്കു തോന്നുന്നില്ല.

പക്ഷെ ഈ സുഖസൗകര്യങ്ങൾക്കും സാങ്കേതിക ഔന്നത്യത്തിനും നടുവിലും അതിന്റെ ഏറ്റവും ശക്തമായ സിംബലിനു താഴെ സമാധാനത്തിനുവേണ്ടിയുളള ദാഹത്തിൽ വാഷിംഗ്‌ടണിലും ലോകം കണ്ടെത്തിയത്‌ ഗാന്ധിജിയെയാണ്‌.

എനിക്ക്‌ ഭാരതീയനായി ജീവിച്ചതിൽ ഗർവ്വു തോന്നി.

എന്റെ ഗാന്ധിജിക്കു നന്ദി. പ്രണാമം.

Generated from archived content: essay4_may10_06.html Author: kl_mohanavarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English