രണ്ടായിരത്തിയഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗ്രീസിലെ അഥേനിയന്‍ കുന്നുകളുടെ താഴ്വാരത്തില്‍ കൂടിയിരുന്ന ആള്‍ക്കൂട്ടത്തില്‍ നിന്നായിരുന്നു ജനാധിപത്യ ഭരണരീതിയുടെ തുടക്കം. ഒരു ഗ്രാമത്തിലെ എല്ലാ പൗരന്മാര്‍ക്കും ഒന്നു പോലെ അഭിപ്രായം പറയാനുള്ള അവകാശം. ഭൂരിപക്ഷത്തിന്റെ അഭിപ്രായം ന്യൂനപക്ഷവും അംഗീകരിക്കുന്ന വ്യവസ്ഥിതി. പക്ഷെ, ഈ രീതി യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ പോലും പ്രാവര്‍ത്തികമാക്കാന്‍ വളരെയേറെ നൂറ്റാണ്ടുകള്‍ പിന്നിടേണ്ടി വന്നു. മിക്ക രാഷ്ട്രങ്ങളിലും ഒരു സായുധ വിപ്ലവത്തിന്റെ പിന്തുണയോടുകൂടി മാത്രമേ ജനാധിപത്യ രീതി ഉള്‍ക്കൊള്ളാന്‍ സമൂഹത്തിനു കഴിഞ്ഞുള്ളു. അവിടേയും ഒരു രാഷ്ട്രം എന്ന നിലയില്‍ എല്ലാവരേയും ഒരുമിപ്പിച്ചു കൊണ്ടു പോകാന്‍ ഏതെങ്കിലും ബാഹ്യമായ ഏകത്വം ഉണ്ടാകുന്നു. ഭാഷ, മതം, ഭൂപ്രദേശത്തിന്റെ കിടപ്പ്, പൊതുശത്രു, തുടങ്ങി എന്തുമാകാം. ഉദാഹരണത്തിന് ബ്രിട്ടണിലെ ജനാധിപത്യരീതിയില്‍ ഒന്നിച്ചു നിര്‍ത്താന്‍ പ്രേരകമായത് കടുത്ത തണുപ്പ് പങ്കുവയ്ക്കുന്ന ഒറ്റയാന്‍ ദ്വീപ് എന്ന ഭൂമിശാസ്ത്രവും , പ്രൊട്ടസ്റ്റന്റ് മതവിശ്വാസവും അവസാനമായി ഫ്രാന്‍സിസിനോടുള്ള അസൂയയും ശത്രുതയും ഇതുപോലെ എല്ലാം ജനാധിപത്യ രാഷ്ട്രങ്ങള്‍ക്കും പൊതുവായ ബാഹ്യപ്രേരക ശക്തികളുണ്ടായിരുന്നു.
ഇന്ത്യയെക്കുറിച്ച് 1948 – ല്‍ ജനറല്‍ ആക്കിന്‍ലെക്ക് എഴുതി: ബ്രട്ടീഷ്ഗവണ്മെന്റ് ഇന്ത്യന്‍ ഭൂവിഭാഗത്തിലെ നൂറുകണക്കിന് ചെറുരാഷ്ട്രങ്ങളെ ഒന്നാക്കാന്‍ ശ്രമിച്ചു. പക്ഷെ, ഇന്ത്യ ഒരിക്കലും ഒന്നാകുകയില്ല ലോകപ്രസിദ്ധനായ ആല്‍ഡസ് ഹക്സ് ലിയും 1961 -ല്‍ എഴുതി: ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലശേഷം ഇന്ത്യയില്‍ പട്ടാളഭരണമേ ഉണ്ടാവുകയുള്ളു. ഇത്രയധികം സ്വതന്ത്രസംസ്ക്കാരമുള്ള ഒരു രാഷ്ട്രത്തില്‍ പട്ടാളത്തിന് മാത്രമേ കേന്ദ്രീകൃതമായ ഭരണം നടത്താന്‍ പറ്റുകയുള്ളൂ. ലണ്ടന്‍ ടൈംസ് എന്ന ലോക പ്രസിദ്ധ പത്രം 1967 -ല്‍ ഇന്ത്യയുടെ നാലാം പൊതുതെരെഞ്ഞെടുപ്പ് സമയത്ത് എഴുതി ഇന്ത്യയെ ഒരു ജനാധിപത്യ സംവിധാനത്തിനു മുന്‍പില്‍ കൊണ്ടുവരാനുള്ള വലിയ പരീക്ഷണം പരാജയമായി. ഈ നാലാം പൊതുതെരഞ്ഞെടുപ്പ് ആയിരിക്കും ഇന്ത്യയിലെ അവസാനത്തെ തെരെഞ്ഞെടുപ്പ്.
മേല്‍പ്പറഞ്ഞ എല്ലാ വിദഗ്ദ്ധരുടേയും ഉപരിപ്ലവതയെ ചോദ്യം ചെയ്യുന്ന മട്ടില്‍ ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി നിലനില്‍ക്കുന്നു. ഇന്ത്യയേ ക്കാള്‍ മതപരമായോ വര്‍ഗ്ഗപരമായോ പ്രശ്നങ്ങളില്ലാത്ത അയല്‍ രാജ്യമായ ചൈന ജനാധിപത്യത്തിലെ വ്യക്തിസ്വാതന്ത്ര്യം എന്ന അടിസ്ഥാന മേഖലയില്‍ പോലും എത്തിയിട്ടില്ല. പാര്‍പ്പിടം മാറാന്‍ പോലും സര്‍ക്കാറിന്റെ അനുവാദം വേണ്ട ഗതികേടാണ് ചൈനീസ് പൗരന് ഇന്ന്. ഗൂഗിള്‍ എന്ന ഇന്റെര്‍നെറ്റ് സെര്‍ച്ചിംഗ് വഴി വാര്‍ത്തകളും വിജ്ഞാനങ്ങളും തേടാന്‍ ഇന്നും ചൈനീസ് പൗരന് സെന്‍സര്‍ഷിപ്പുണ്ട്.
എന്താണ് ഇന്ത്യക്ക് ഇത്രയധികം വ്യത്യസ്തമായ ജാതിവര്‍ഗ്ഗങ്ങളും ഭാഷകളും ഉണ്ടായിട്ടും ഒന്നിച്ച് ഒരേതരത്തിലുള്ള ജനാധിപത്യ സംവിധാനത്തിനുള്ളില്‍ കഴിയാനുള്ള ശക്തിയുണ്ടായത്? ഇതിന്റെ തുടക്കം ഗാന്ധിജി ദീര്‍ഘവീക്ഷണത്തോടെ 1920 – ല്‍ തന്നെ ഇന്ത്യയുടെ വൈവിദ്ധ്യത്തെ ഏകരൂപമാക്കാന്‍ തുടക്കമിട്ടു. അദ്ദേഹം കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ സംസ്ഥാന ഘടകങ്ങള്‍ ഭാഷാപരമായ അതിര്‍ത്തിക്കുള്ളില്‍ ആയിരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഇന്ത്യ സ്വതന്ത്രയായതിനു ശേഷം ഇതേ ആശയം ഭരണപരമായ തലത്തിലും കോണ്‍ഗ്രസ്സ് പാര്‍ട്ടി നയിച്ച സര്‍ക്കാറിന് കൊണ്ടുവരാന്‍ സാധിച്ചു. രണ്ടാമത് ഗാന്ധിജിസ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുക്കുമ്പോള്‍ അതില്‍ ഏറ്റവും പ്രാധാന്യം കൊടുത്തത് ഇന്ത്യയിലെ രണ്ടു പ്രധാന മതവിഭാഗങ്ങളെ അവ്വിധം തന്നെ അംഗീകരിച്ചുകൊണ്ടായിരുന്നു. ഹിന്ദുക്കള്‍ക്കും മുസ്ലീംകള്‍ക്കും പ്രത്യേക ഏരിയ സൃഷ്ടിക്കുന്ന പ്രവര്‍ത്തനശൈലിയല്ല കൊണ്ടുവന്നത് . ഒരിക്കലും മതവിശ്വാസികളുടെ എണ്ണമോ അനുപാതമോ സമരരംഗത്ത് പ്രകടമാക്കാന്‍ അനുവദിച്ചില്ല. സഹകരണവും ഒത്തൊരുമയും മതപരമായ വേര്‍തിരിവുകളെ അപ്രസക്തമാക്കി. ഈ ശൈലിയില്‍ നിന്നാണ് ഇന്ത്യന്‍ ഭരണഘടന രൂപപ്പെട്ടത്. ഇന്ത്യയും പാക്കിസ്ഥാനുമായുള്ള വിഭജനം ഗാന്ധിജിക്ക് തടുത്തു നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ഈ പരാജയം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും ഇന്ത്യയെ ഒരു മതേതര സ്വതന്ത്രജനാധിപത്യ രാഷ്ട്രമാക്കി രൂപപ്പെടുത്താന്‍ വാശി ഉണ്ടാക്കി. ഇന്ത്യ ഒരിക്കലും ഒരു ഹിന്ദുപാക്കിസ്ഥാന്‍ ആയില്ല എന്നുള്ളതാണ് പ്രധാനം. സ്വാഭാവികമായും ഈ ഒരു ശക്തിയാണ് എല്ലാ പ്രവാചകന്മാരുടേയും കണക്കു കൂട്ടലുകള്‍ തെറ്റിച്ച് ജനാധിപത്യ സംവിധാനത്തിന്റെ ലോകത്തിലെ ഏറ്റവും ഉത്തമ ദൃഷ്ടാന്തമായി ഇന്ത്യ ഇന്ന് പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനു കാരണം. മദ്ധ്യവര്‍ത്തി സമൂഹത്തിന് താഴെയുള്ള ജനങ്ങളില്‍ ജനാധിപത്യ രീതിയിലുള്ള തെരെഞ്ഞെടുപ്പുകളില്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന ശതമാനം വോട്ട് രേഖപ്പെടുത്തുന്ന രാജ്യം ഇന്ത്യയാണെന്നറിയുമ്പോള്‍ ഗാന്ധിജിയുടെ അദൃശ്യമായ സാന്നിദ്ധ്യം നമ്മുടെ അടുത്ത് ഇപ്പോഴുമുണ്ടെന്ന് നമുക്ക് അഭിമാനപ്പെടാം.
കടപ്പാട് : പൂര്‍ണ്ണശ്രീ
Generated from archived content: essay1_jan14_12.html Author: kl_mohanavarma