കേരളീയതയ്‌ക്ക്‌ നിരക്കാത്തത്‌

മഹാബലി തന്നെ കീഴടക്കാൻ വന്ന വാമനനോട്‌ പറഞ്ഞു. എന്താ അങ്ങേയ്‌ക്കു വേണ്ടത്‌? ചോദിച്ചു കൊളളൂ. എന്തും തരാം.

മഹാബലിക്ക്‌ സ്വന്തം നാടും പ്രജകളും പോലും അന്യമായി. ആണ്ടുതോറും ഓണക്കാലത്തുളള വരവിൽ അദ്ദേഹം തൃപ്‌തനായി. ഇന്നും അദ്ദേഹം തന്നെ കബളിപ്പിച്ച വാമനനോട്‌ വൈരം വച്ചു പുലർത്തുന്നില്ല. നാമും. അതാണ്‌ കേരളം. കേരളീയത. ചീനനും, അറബിയും കച്ചവടത്തിനു വന്നു. ജൂതൻ തങ്ങളെ കൊല്ലാൻ കാത്തിരിക്കുന്ന മതഭ്രാന്തരിൽ നിന്ന്‌ രക്ഷപ്പെടാൻ കുഞ്ഞുകുട്ടി പരാതീനവുമായി കടൽ താണ്ടി വന്നു. മാള. സ്ഥലപ്പേരുപോലും പഴയ ഹീബ്രുവിൽനിന്നു നാം ഉൾക്കൊണ്ടു. മാള എന്നാൽ അഭയസ്ഥാനം എന്നാണ്‌ ജൂതരുടെ ഭാഷയിൽ അർത്ഥം. മതങ്ങളുടെയും പുതിയ ദൈവങ്ങളുടെയും വരവിനെയും നാം സ്വന്തമാക്കി. ഒരു വൈമനസ്യവും കൂടാതെ. ബുദ്ധനും മഹാവീരനും യേശുക്രിസ്‌തുവും നബിയും നമ്പൂതിരി കൊണ്ടുവന്ന പുതിയ ഹിന്ദുദൈവങ്ങളും എല്ലാം ഒരു പ്രശ്‌നവും കൂടാതെ നമ്മുടെ സമൂഹത്തിൽ സ്ഥാനം ഉറപ്പിച്ചു. കുരുമുളകു തേടി വന്ന പോർട്ടുഗീസും ഡച്ചും പരന്ത്രീസും ബ്രിട്ടീഷും നമുക്ക്‌ പ്രശ്‌നമായിരുന്നില്ല. കേരളത്തിന്റെ ആത്മാവിൽ, നമ്മുടെ സമൂഹത്തിന്റെ ആർദ്രമായ മനസ്സിൽ പോറലേൽപ്പിക്കാൻ ഒരിക്കലും അവർക്കു കഴിഞ്ഞില്ല.

പക്ഷെ ഇന്ന്‌ ചരിത്രത്തിൽ ആദ്യമായെന്നു തന്നെ പറയാം; കേരളീയന്റെ ഈ പരസ്‌പരസ്‌നേഹത്തിനും വിശ്വാസത്തിനും നിരക്കാത്ത ചില ചലനങ്ങൾ സമൂഹത്തിൽ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്‌ നാം കണ്ടില്ല എന്നു നടിക്കരുത്‌. ഞാൻ മാറാടു സംഭവത്തെക്കുറിച്ചാണ്‌ സൂചിപ്പിക്കുന്നത്‌. സ്വാതന്ത്ര്യലബ്‌ധിക്കുശേഷം തന്നെ ഇന്ത്യയിൽ മുന്നൂറോളം ഹിന്ദുമുസ്ലീം ലഹളകൾ ഉണ്ടായിട്ടുണ്ട്‌. അവയിൽ ഒട്ടുമുക്കാലും ഉത്തരേന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമായിരുന്നു പൊട്ടിപ്പുറപ്പെട്ടിട്ടുളളത്‌. തീരെ നിസ്സാരമായ കാരണങ്ങൾ, ഒരു പശുവിനെ മുസ്ലീം യുവാവ്‌ ഓടിച്ചിരുന്ന ബൈക്ക്‌ തട്ടിയതും മുസ്ലീം പെൺകുട്ടിയെ ഹിന്ദു യുവാവ്‌ കമന്റടിച്ചതും പോലും ലഹളകൾക്കു കാരണമായിട്ടുണ്ട്‌. മതഭ്രാന്തിനെക്കാളേറെ ഗുണ്ടായിസമായിരുന്നു മിക്ക ലഹളകളുടെയും കാതൽ. കേരളം ഇക്കാലത്തെല്ലാം ഇത്തരം സംഘർഷങ്ങളിൽ നിന്നെല്ലാം പൂർണ്ണമായും മുക്തമായിരുന്നു. നാം അതിൽ അഭിമാനവും കൊണ്ടിരുന്നു. ആ അഭിമാനം മാറാട്‌ ഇല്ലാതാക്കി. സ്‌റ്റാറ്റിസ്‌റ്റിക്‌സിലെ ഒരു നമ്പർ എന്ന നിലയിൽ മറ്റു സംസ്ഥാനങ്ങളിൽ നടന്ന ലഹളകളുമായി താരതമ്യപ്പെടുത്തി ഇതിനെ ഒരു ക്രമസമാധാനപ്രശ്‌നമായി മാത്രം കാണുന്നത്‌ തികച്ചും ബാലിശമാണ്‌. മാറാട്‌ കമ്മീഷനു മുന്നിൽ എം.വി.വാസുദേവൻനായർ പറഞ്ഞ വാക്കുകൾ ഇത്തരുണത്തിൽ ഒരു ഭവിഷ്യവാണിയായി കാണേണ്ടതാണ്‌. ഒരു പ്രശ്‌നത്തിന്‌ പരിഹാരം തേടുമ്പോൾ അതുണ്ടായ വിവിധ സമൂഹങ്ങളുടെ പ്രത്യേകതകൾ നാം കാണേണ്ടതാണ്‌. വിദ്യാഭ്യാസവും സാമ്പത്തികനിലയും വിവേചനശക്തിയും വീക്ഷണവും എല്ലാം ഇതിലുൾപ്പെടും. മാറാട്‌ കടലോരത്തെ സമൂഹത്തിന്റെ മാനസിക ശക്തിയുടെ പ്രത്യേകതകളെ ഉൾക്കൊളളാത്ത ഒരു പരിഹാരവും സ്ഥിരമായിരിക്കില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞതിന്റെ പൊരുൾ. അയൽപക്കങ്ങൾ തമ്മിലുളള സൗഹൃദം ഉത്തരേന്ത്യയിലെ ലഹളകളിൽ ഒരിക്കലും ഇല്ലാതായിരുന്നിട്ടില്ല. ഇവിടെ കേരളത്തിൽ ആദ്യത്തെ ഈ ലഹളയിൽ അത്‌ സംഭവിച്ചു. വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയം അതിന്റെ എല്ലാ വൈരൂപ്യത്തോടും കൂടി ശക്തമായ നടപടി എടുക്കുന്നതിൽ നിന്ന്‌ ഭരണകൂടത്തെ പിടിച്ചു പിന്നിലേക്കു വലിക്കുകയാണ്‌.

നാം കേരളീയർ ഏറ്റവും ഗൗരവമായി കാണേണ്ട സാമൂഹ്യപ്രശ്‌നമാണിത്‌. കൈവിരലിലെണ്ണാവുന്ന ക്രൂരമനസ്സുകളുടെ ഭ്രാന്തിന്‌ ചങ്ങലയിട്ട്‌ കേരളത്തെ രക്ഷിക്കാൻ നാം തയ്യാറാകണം.

Generated from archived content: editorial_sept28_06.html Author: kl_mohanavarma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here