ഫുട്‌ബോൾ വേൾഡ് കപ്പിനുശേഷം കേരളത്തിനെ ആകെ പ്രകമ്പനം സൃഷ്‌ടിച്ച വാക്കാണ് സ്വാശ്രയം. ദിവസവും നേരം പുലർന്നാൽ മുതൽ ടിവിയിൽ നിർത്താതെ മുഖം വീർപ്പിച്ച് വലിയ വാക്കുകൾ പറയുന്ന ബുദ്ധിരാക്ഷസന്മാരുടെ ചർച്ച. പത്തുമണി കഴിഞ്ഞാൽ വിദ്യാർത്ഥികളും പോലീസുമായി അഭിമുഖം. അടി തത്സമയം. ഉച്ചയ്‌ക്ക് സംഘർഷത്തെക്കുറിച്ച് വൈദികരുടെയും രാഷ്‌ട്രീയ നേതാക്കൻമാരുടെയും ഗിരി പ്രസംഗം. വൈകിട്ട് ഹൈക്കോടതിക്കേസുകളുടെ താത്‌ക്കാലിക വിധികൾ. വക്കീലന്മാരുടെ ക്ലോസപ്പ്. ഭാഗ്യം. ഏഴു മണിയോടെ സീരിയലുകൾ കരയാൻ തുടങ്ങുമ്പോഴേക്ക് എല്ലാം തീരും. ഇനി സ്വാശ്രയം നാളെ രാവിലെ മതി.
എന്താണ് സ്വാശ്രയം? ഫിഫ്‌റ്റി, ഫിഫ്‌റ്റി. ലക്ഷങ്ങൾ. മണിപ്പാലിനും കോയമ്പത്തൂരിനും പോകുന്ന തലവരിക്കോടികൾ തിരിച്ചു പിടിക്കാനുളള കേരളമണ്ണിന്റെ ശ്രമം. എൻ.ആർ.ഇ ക്വോട്ടാ. ന്യൂനപക്ഷം. ആകെ എന്തോ രസമുളള പരിപാടിയാണ് എന്നേ സാധാരണജനത്തിന് സംഭവം അറിയാവൂ.
മണ്ഡൽ കമ്മീഷൻ റിപ്പോർട്ടും പിന്നീടുണ്ടായ വിദ്യാർത്ഥിസമരവും ആയുധമാക്കി വി.പി.സിംഗ് തന്റെ ബോസായിരുന്ന രാജീവ് ഗാന്ധിയെ മാറ്റി ഇന്ത്യൻ പ്രധാനമന്ത്രിയായി. അതിനുശേഷമുളള ആദ്യത്തെ പാർലമെന്റ് സമ്മേളനത്തിന്റെ തലേദിവസം കോൺഗ്രസ് പാർലമെന്ററി പാർട്ടി കൂടുന്നു. രാജീവ്‌ജി എല്ലാ നേതാക്കൻമാരെയും അഭിമുഖീകരിച്ച് സ്വല്‌പം കുറ്റബോധം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു. ഈ സെഷനിൽ നാം മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെത്തന്നെ ആയുധമാക്കി സർക്കാരിനെ രാഷ്‌ട്രീയമായി നേരിടണം. പക്ഷെ എനിക്കൊരു പ്രശ്‌നം. എനിക്കിതുവരെ ഈ റിപ്പോർട്ട് ശരിക്കും വായിക്കാൻ സമയം കിട്ടിയിട്ടില്ല. അതുകൊണ്ട് ഇത് അറിയാവുന്ന ആരെങ്കിലും പത്തു മിനിട്ട് ഇതേക്കുറിച്ച് ഒന്നു വിശദീകരിച്ചു തന്നാൽ എല്ലാവർക്കും പ്രയോജനമാകും. അദ്ദേഹം ഇരുന്നു. ചുറ്റും നോക്കി. പൂർണ്ണ നിശ്ശബ്‌ദത. ഒരു മിനിട്ട്. ആരും മിണ്ടുന്നില്ല, എന്നു മാത്രമല്ല രാജീവ്‌ജിയുടെ ദൃഷ്‌ടികളിൽ പെടാതിരിക്കാൻ എല്ലാവരും തലതാഴ്‌ത്തുന്നു. രാജീവ്‌ജി യുവത്വത്തിന്റെ നർമ്മബോധവും ധൈര്യവും നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു. ഫൈൻ. ഇതിന്റെയർത്ഥം അവരിലും ആരും ഈ റിപ്പോർട്ട് വായിച്ചിട്ടില്ല എന്നതാണ്. കമോൺ, വീ കാൻ ഫൈറ്റ്.
സ്വാശ്രയത്തിൽ നാം മനസ്സിലാക്കുന്ന നെറ്റ് റിസൽട്ട് എന്താണ്?
വിദ്യാഭ്യാസ ബിസിനസ് നടത്തുന്ന പ്രബലർ കോഴ വാങ്ങി ഇഷ്‌ടമുളളവരെ അദ്ധ്യാപകരായി നിയമിക്കുകയും അവർക്ക് ശമ്പളം കൊടുക്കാനുളള ബാദ്ധ്യത സർക്കാർ, അതായത് പാവപ്പെട്ട ജനം, ഏറ്റെടുക്കുകയും ചെയ്യണമെന്ന ലളിതവും ക്രൂരവും ലോകത്തു മറ്റൊരിടത്തുമില്ലാത്തതുമായ കാട്ടുനീതിയുടെ ഒരു തുടർച്ച ആയിരിക്കും ഇതും.
കേരളത്തിലെ ഏറ്റവും പ്രബലരായ സമുദായങ്ങളിലെ പണക്കാരാണ് ന്യൂനപക്ഷം എന്ന പീഡിതരായ നിസ്സഹായർ.
അറേബ്യൻ മരുഭൂമിയിൽ പണിയെടുത്ത് എറണാകുളത്ത് സാധാരണ കിട്ടാവുന്ന ശമ്പളം വാങ്ങുന്ന പാവം എൻ.ആർ.ഇയുടെ മക്കൾക്ക് എറണാകുളത്തുകാരന്റെ അഞ്ചിരട്ടി ഫീസു കൊടുക്കണം.
കണക്കിന് പൂജ്യം മാർക്കു കിട്ടിയ കുട്ടിക്കും കേരളത്തിൽ എഞ്ചിനീയറിംഗിന് പ്രവേശനം കിട്ടണം. രക്ഷകർത്താവിന് കൈക്കൂലി വാങ്ങിയോ, കളളക്കടത്തു നടത്തിയോ, കൊന്നോ, പിടിച്ചുപറിച്ചോ പണം ഉണ്ടായിരിക്കണം എന്ന സിംപിൾ വ്യവസ്ഥ മാത്രം.
സർക്കാർ സ്‌ക്കൂളുകളിൽ അദ്ധ്യാപകരുടെ എണ്ണം കൂടുകയും കുട്ടികളുടേത് കുറയുകയും ചെയ്യുന്നു. അതിന്റെ റിവേഴ്‌സ് വിദ്യയാണ് സ്വാശ്രയത്തിൽ സംഭവിക്കുന്നത്. അദ്ധ്യാപകരുടെ എണ്ണം കുറയും. കുട്ടികളുടേത് കൂടും.
വാദപ്രതിവാദങ്ങളുടെ ആകർഷണീയതയിൽ നാം അങ്ങു ദൂരെ മാറി നിൽക്കുന്ന പാവപ്പെട്ട മിടുക്കനായ കുട്ടിയെ കാണാൻ ശ്രമിക്കണം. അവനെ പഠിപ്പിച്ച് നാടിന് നന്മ നൽകാൻ പ്രാപ്‌തനാക്കണം. അതായിരിക്കണം നമ്മുടെ സ്വാശ്രയം.
Generated from archived content: editorial_july28_06.html Author: kl_mohanavarma